പൂമുഖം LITERATUREകവിത ഒളിച്ചുകളി

ഒളിച്ചുകളി

ഞങ്ങൾ ഉറുമ്പുകളാണ്.
ഞങ്ങൾക്കെവിടെയും
ഒളിഞ്ഞും തെളിഞ്ഞുമിരിക്കാം.
ഗതിമുട്ടിയാൽ ഒരു കടിമാത്രമാണ്
ഞങ്ങളുടെ ഹീറോയിസം.

ഞങ്ങൾ
തേനുറുമ്പുകൾ, നെയ്യുറുമ്പുകൾ
കട്ടുറുമ്പുകൾ കുനിയനുറുമ്പുകൾ
തീൻ മേശയിലും രസസഞ്ചാരികൾ.
ഞങ്ങൾ കൂട്ടം തെറ്റിയാലും
പിരിഞ്ഞു പോകാത്ത തെരുവ്കുട്ടികളാണ്.

വിശപ്പിന്റ നിഗൂഢമായ
ഒളിവ് യുദ്ധങ്ങളിൽ
ഞങ്ങളുടെ കറുത്ത അമ്മമാർ
ഗർഭപാത്രത്തിലെ
ഏഴാമത്തെ യാത്രയിൽ വെച്ച്
വായിലേക്ക് മണ്ണുരുട്ടി തന്നിരുന്നു .
ഞങ്ങൾ
മലയിടുക്കുകളിൽ ഒളിച്ചുകളിക്കുകയും
വേരുകൾക്കിടയിൽ പമ്മിയിരിക്കുകയും
വിശന്ന വയറുമായി ചക്രവാളത്തീയിലേക്ക്
എടുത്തുചാടുകയും ചെയ്യുന്ന
വാനരക്കുട്ടികളെപ്പോലായിരുന്നു.

ഞങ്ങൾ
കറുത്ത ഉറുമ്പുകൾ
കറുത്ത അമ്മമാരുടെ
കറുത്ത മെല്ലിച്ച കുട്ടികൾ.
ഞങ്ങൾക്ക് ചരനിറത്തിലിരുണ്ട
വലിയ ആകാരമുള്ള ചേരിയുണ്ടായിരുന്നു.
ഒരു ദിനം
കഴുത്തിൽ സ്വർണമാലയിട്ട
വലിയ തലയുള്ള തടിച്ച സർപ്പം
ഞങ്ങൾക്കൊപ്പം സെൽഫി എടുക്കുകയും
മുട്ടായി തരുകയും
പിറ്റേന്ന് ഞങ്ങളെ ഒഴിപ്പിച്ച്
ചേരി വിലയ്ക്ക് വാങ്ങുകയും ചെയ്തു.

ഞങ്ങൾ ഒളിച്ചു കളിക്കുന്ന
പ്രായമുള്ള ഉറുമ്പുകളാണ്.
തെരുവ് കുട്ടികൾ.
പത്താം മാസത്തിൽ
പ്രസവത്തിനിടെ മരണപ്പെട്ട
കറുത്ത അമ്മമാരുടെ
ഇരുണ്ട കുട്ടികൾ.
ഞങ്ങളാരെയും നമ്പിയിട്ടില്ല,
ഞങ്ങൾക്ക് പ്രസ്ഥാനങ്ങളില്ല
ഗ്രുപ്പില്ല,
ഗ്രുപ്പിസവും.

ഞങ്ങൾ വെറും ഉറുമ്പുകളാണ്.
പാൽപ്പല്ലിനിയും ഇളകിപ്പോയിട്ടില്ല.
ഞങ്ങൾക്കെപ്പോഴും ആർത്തി
വിശപ്പിലാണ്
അതിനാൽ തന്നെ കട്ടുതിന്നുന്നതിന്റെ
പേരിൽ ഞങ്ങൾ ക്രൂരമായി
നിരന്തരം കൊല്ലപ്പെടുന്നു
ഞങ്ങൾ നിങ്ങളുടെ
തുടുത്ത കുട്ടികളെപ്പോലെയല്ലല്ലോ.
ഞങ്ങൾക്ക് ചേരി തിരിച്ചുവേണം
അത് ഞങ്ങളുടെ അമ്മമാരുടെതാണ്
ഞങ്ങൾക്കെന്ത് ചെയ്യാൻ കഴിയും?
അല്ലെങ്കിൽ നിങ്ങൾക്കോ ?

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like