പൂമുഖം LITERATUREകഥ കഥാവാരം – ഭാഗം 28

കഥാവാരം – ഭാഗം 28

പുതിയ പുസ്തകങ്ങൾ പലപ്പോഴും വായിച്ചു പൂർത്തിയാക്കാൻ പറ്റാത്ത വിധം വിരസമാണ് എന്ന വിധത്തിൽ എം ടി പറഞ്ഞ അഭിപ്രായം സാഹിത്യത്തിന്റെ സൈബറിടത്തിൽ വമ്പൻ ചലനമുണ്ടാക്കിയിരിക്കുന്നു. എംടിയുടെ അഭിപ്രായത്തോട് യോജിക്കാം, വിയോജിക്കാം. ‘പുസ്തകങ്ങൾ’ പലതും വായിച്ച് പൂർത്തിയാക്കാൻ പറ്റുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. നൂറ് മുതൽ നാനൂറു വരെ പേജുകളുള്ള ബൃഹത് ഗ്രന്ഥങ്ങൾ ആകും മിക്കതും. മലയാള സാഹിത്യത്തിൽ ഒരു കാലഘട്ടം തന്നെയായിരുന്ന, അതും പേജുകൾ ഏറെയുള്ള പുസ്തകങ്ങളുടെ സൃഷ്ടാവായ എം ടിയുടെ ഇത്തരമൊരു അഭിപ്രായം ഇവിടെ ഭൂകമ്പം ഉണ്ടാക്കി എങ്കിൽ, കഴിഞ്ഞവാരം വന്ന കഥകളിൽ പലതും പകുതിക്ക് വച്ച് നിർത്താൻ തോന്നിയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ എന്റെ അവസ്ഥ എന്താകും!

അതിനാൽ പ്രിയപ്പെട്ട വായനക്കാരേ, എല്ലാ വാരവും എന്നതുപോലെ ഈ വാരവും, വളരെ സന്തോഷത്തോടെ, അതിൽപരം കൗതുകത്തോടെ, അതിലേറെ ആനന്ദത്തോടെ വായിക്കുകയും തദ്വാരാ ആത്മസംതൃപ്തിയുടെ പരകോടിയിൽ കഥാവായന കൊണ്ട് ഞാൻ എത്തിപ്പെടുകയും ചെയ്തു എന്ന് മാത്രം നിങ്ങളോട് പറഞ്ഞുകൊള്ളട്ടെ.

ഇപ്രാവശ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പി എഫ് മാത്യൂസിന്റെ ദയ എന്ന കഥയുണ്ട്.

വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ വേണ്ടി ഏർപ്പാടാക്കിയ ഹോം നേഴ്സുമാരെപ്പറ്റി പറയുന്ന കഥകൾ നാം വിരളമായിട്ടല്ല കേട്ടിട്ടുള്ളത്. സമ്പന്നതയുടെ പളപളപ്പിൽ ബന്ധങ്ങളുടെ മാനുഷികത മിക്കപ്പോഴും ഒരു ചോദ്യചിഹ്നം പോലെയായിട്ടായിരിക്കും. ആ കഥകൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ശുശ്രൂഷിക്കാൻ വരുന്ന ഹോംനേഴ്സും വൃദ്ധ മാതാവും/ പിതാവും തമ്മിലുള്ള ഊഷ്മളമായ ഒരു ബന്ധത്തെ കഥാകൃത്ത് കാണിച്ചിട്ടുണ്ടാകും. പക്ഷേ ആ വൃദ്ധരുടെ മക്കൾക്ക് അവരോട് അത്രകണ്ട് സ്നേഹമുണ്ടായിക്കൊള്ളണമെന്നില്ല. മിക്കപ്പോഴും സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾ തന്നെ ആയിരിക്കും. മക്കളെക്കാൾ അധികം സ്നേഹം കാണും ഈ ഹോംനേഴ്സുമാർക്ക് അവരോട്. ആ സ്ഥായീവികാരം ‘ദയ’ എന്ന കഥയിലുമുണ്ട്. പക്ഷേ കഥാകൃത്ത് പി എഫ് മാത്യൂസ് ആയതിനാൽ തന്നെ, അതിനകത്ത് വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും കാണും എന്ന് അന്വേഷിച്ചു കൊണ്ടേയിരിക്കുമല്ലോ നമ്മൾ. “കുറുമ്പൻ കുട്ടികളെപ്പോലെ സംസാരിക്കുന്ന” ഡോക്ടറും, ”വലിയവരെ പോലെ പുകവലിക്കുന്ന എസ്തറും” ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യമെന്താണ് എന്ന് നമ്മൾ ആവർത്തിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, ആ ജിജ്ഞാസയെ തീർത്തുകളയാൻ ഉതകുന്ന സൂചനകൾ ഒന്നും തന്നെ കഥയിൽ കാണുന്നുമില്ല.

പി എഫ് മാത്യുസ്

അതിനേക്കാൾ പ്രാധാന്യത്തോടെ പറയേണ്ടിയിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. തേർഡ് പേഴ്സൺ നരേറ്റിവിൽ പറഞ്ഞുകൊണ്ടിരിക്കുന്ന കഥ, ഒരിടത്ത് ഉത്തമ പുരുഷനിലേക്ക് – ഫസ്റ്റ് പേഴ്സണിലേക്ക് – കടന്നുകയറുന്നു.

“നേരു പറഞ്ഞാൽ എനിക്കിത്തിരി സങ്കടമൊക്കെ വന്നിരുന്നു. ഞാനാ കണ്ണീരു മറച്ചു പിടിക്കാനൊന്നും പോയില്ല.” അവൾ, അഥവാ എസ്തർ എന്ന കഥാപാത്രം എങ്ങനെയാണ് പെട്ടെന്ന് ‘ഞാൻ’ ആയി മാറുക? പുതുതലമുറ എഴുത്തുകാർ തീർച്ചയായിട്ടും ഒരു ടെക്സ്റ്റ് പുസ്തകംപോലെ കാണുന്ന പ്രതിഭാധനനായ സീനിയർ എഴുത്തുകാരനിൽ നിന്നും എഴുത്തുകാരോ വായനക്കാരോ പ്രതീക്ഷിക്കുന്നതല്ല ഇത്തരം ഗുരുതരമായ പാളിച്ചകൾ.

അർജുൻ കെ വിയുടെ ‘പൂർവ്വകല്യാണീ സുകൃതം’ എന്ന കഥയാണ് സമകാലിക മലയാളം വാരികയിൽ. തങ്കമണിയും മകൾ അംബികയും കല്യാണി എന്ന പശുവും കഥാപാത്രങ്ങൾ. തങ്കമണിക്ക് വളർത്തു പശുവിനോട് വല്ലാത്തൊരു ഇഷ്ടമാണ്. അതൊരു പ്രാവശ്യം പ്രസവിച്ച നേരം കുഞ്ഞ് കഴുത്ത് ഒടിഞ്ഞ് ചത്തുപോകുന്നു. അടുത്ത തവണ ഊണും ഉറക്കവുമില്ലാതെ തങ്കമണി അതിന് കാവൽ നിൽക്കുന്നു. സുഖപ്രസവം. തങ്കമണിയുടെ മകളാണ് അംബിക. അവൾ ആണെങ്കിൽ പ്രസവിക്കുന്നതേയില്ല. ഉള്ളിൽ പക്ഷേ വേറൊന്ന് വളരുന്നുണ്ടത്രേ. അതിന്റെ അങ്കലാപ്പിൽ, തളർന്ന് കിടപ്പിലായി മരിച്ചുപോയ അച്ഛൻ കിടന്ന അതേ ദ്രവിച്ച കട്ടിലിൽ കിടന്ന് ആകാശത്തെ ഒറ്റനക്ഷത്രം നോക്കുന്ന അംബികയിൽ കഥ അവസാനിക്കുന്നു. കല്യാണിയും തങ്കമണിയും തമ്മിലുള്ള അനിർവചനീയമായ സ്നേഹത്തിന്റെ കഥയാണോ, പ്രസവിക്കാൻ കഴിയാതായി പോകുന്ന, അതിനുപകരം ഉള്ളിലൊന്ന് വളരുന്ന (ചിലപ്പോൾ ക്യാൻസർ ആകാം ഗർഭാശയമുഴയാകാം) അംബികയുടെ കഥയാണോ, തളർവാതം പിടിച്ച് മരിച്ചുപോയ അച്ഛന്റെ കഥയാണോ, ജീവനുള്ളതും ഇല്ലാത്തതുമായ സകലതിനും എന്തെങ്കിലും ഒരു പേര് വിളിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണോ എന്നൊക്കെ വായനക്കാരൻ കവടിനിരത്തി കണ്ടെത്തി കൊള്ളണം.

അർജ്ജുൻ കെ വി

കഥയിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തോട്, വായനക്കാർക്ക് ഒരുതരത്തിലും ബന്ധം സ്ഥാപിക്കാൻ പറ്റാത്ത തരത്തിലുള്ള എന്തൊക്കെയോ വിവരണങ്ങളുണ്ട് ആദ്യത്തെ ഒന്നും രണ്ടും ഭാഗങ്ങളിൽ. എന്നിട്ട് നമുക്ക് മുമ്പിൽ വെക്കുന്നത് തീരെ ദുർബലമായ ഒരു കഥ. കേവലം ചില രംഗങ്ങളുടെ വർണ്ണനകളോ ചില സീക്വൻസുകളുടെ വിശദീകരണമോ ഒരു എഴുത്തിനെ കഥയാക്കുന്നില്ല.

മാധ്യമം വാരികയിൽ സ്വപ്ന അലക്സിസ് എഴുതിയ കഥയാണ് ‘മാസ്റ്റർ പീസ്.’ സോയൊന്തൻ എന്ന ചിത്രകാരന്റെ കഥ. കൊൽക്കത്തയുടെ തെരുവിൽ ചിത്രം വരച്ചു നടന്നിരുന്ന അയാളെ, ബുർധ്വൻ കലാലയത്തിലെ അധ്യാപകനായ സോമനാഥ് അവിചാരിതമായി കണ്ടുമുട്ടുന്നു. ഇരുപത്തി ഒന്ന് വയസ്സുകാരനിലെ പ്രതിഭ കണ്ടെത്തിയ സോമനാഥ് അയാളെ കലാലയത്തിൽ ചേർക്കുന്നു. വർഷാവസാനം സോയൊന്തൻ വരയ്ക്കുന്ന ചിത്രം അയാളുടെ മാസ്റ്റർ പീസ് ആയി മാറുന്നു. കഥയുടെ തുടക്കത്തിൽ തന്റെ പ്രതിഭയിൽ നൈരാശ്യം തോന്നിയ ഇയാൾ ഗുരുവിനു മുന്നിൽ നിൽക്കുന്നതാണ് രംഗം. കാലം ഇത്രയായിട്ടും താൻ വരച്ച അതേ ചിത്രം തന്നെ ഇപ്പോഴും തന്റെ മാസ്റ്റർപീസ് ആയി ആളുകൾ പരിഗണിക്കുന്നതിനാലും ആ ചിത്രത്തെ കവച്ചുവെക്കുന്ന വേറൊന്ന് തനിക്ക് ചെയ്യാൻ പറ്റാത്തതിനാലും, ഒരു കലാകാരനെന്ന നിലക്ക് തനിക്ക് ഒരു ഉയർച്ചയും സംഭവിച്ചിട്ടില്ല എന്ന നൈരാശ്യമാണ് അയാൾക്ക്. തുടർന്ന് തന്റെ ജീവിതം തീർക്കുന്ന എന്നത് പോലെ അദ്ദേഹം ഒരു ചിത്രം വരക്കുന്നു. എക്സിബിഷൻ ഹാളിനകത്ത് അടഞ്ഞ മുറിയിൽ നിന്നും മനുഷ്യമാംസം കരിഞ്ഞ ഗന്ഥം വരുന്നു. ഇതാണ് കഥയുടെ ചുരുക്കം.

സ്വപ്ന അലക്സിസ്

താരതമ്യേന ഭേദപ്പെട്ട ഒരു കഥയുടെ ആശയം, വ്യത്യസ്തമായ പ്ലോട്ട്, അത് അവതരിപ്പിച്ച രീതി അത്രത്തോളം നന്നായി എന്ന് പറയാൻ പറ്റില്ല. ഭേദപ്പെട്ടതാണ് ഈ കഥ എന്ന് പറയുമ്പോഴും ചില കാര്യങ്ങൾ പറയാതെ വയ്യ.

ശിഷ്യനോട് ഗുരു പറയുന്ന ഒരു സംഭാഷണം ശ്രദ്ധിക്കുക-

“കുഞ്ഞേ, വൈദ്യശാസ്ത്രം വിധിച്ചത് സംഭവിക്കില്ലെന്ന് ഭംഗി വാക്ക് പറഞ്ഞ് നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. നിന്റെ ഈ വൃദ്ധനായ ഗുരു ജീവിച്ചിരിക്കെ അർബുദം കാർന്ന് തിന്നുന്ന ശരീരവുമായി മരണത്തിലേക്ക് നടക്കാൻ നീ വിധിക്കപ്പെട്ടത് നിയതിയുടെ ക്രൂരമായ തമാശയാണ്. ഈ വൃദ്ധന്റെ ജീവിതം പകരം കൊടുത്തെങ്കിലും നിന്നെ മടക്കി വാങ്ങാൻ സാധിക്കുമായിരുന്നെങ്കിൽ.. “

ഏതൊരു കഥയിലും പറയുന്ന കാര്യങ്ങളും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും സ്വാഭാവികമാകണം. ഈ കഥയിലെ സംഭാഷണങ്ങൾ നോക്കുക; വമ്പൻ കൃത്രിമത്വം. പഴയകാല നാടകങ്ങളിൽ ഉപയോഗിച്ചിരുന്ന ശൈലിയാണിത്. അതിഭാവുകത്വവും കൃത്രിമത്വവുമാണ് ഇത്തരം സംഭാഷണങ്ങളിൽ വായനക്കാർക്ക് കാണാനാവുക.
ഒരു ചിത്രം കാണുന്നതും, ചിത്രത്തെ കുറിച്ചുള്ള വിശദീകരണവും രണ്ടും രണ്ടാണ് എന്നറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ. സോയൊന്തൻ വരച്ച മാസ്റ്റർ പീസ് ചിത്രത്തിന്റെ ആശയം, അതീവദുർബലമാണ്. അവസാനം ക്യാൻസർ ബാധിതനായതിനുശേഷം വരക്കുന്ന ചിത്രത്തിന്റെ വിവരണം, കാണിയുടെ ചിന്തയെ ഉദ്ദീപിക്കുന്നതിന് പകരം നേരെ ചൊവ്വേ കാര്യം പറഞ്ഞു പോകുക എന്നത് മാത്രമാണ്.

മാധ്യമത്തിലെ രണ്ടാമത്തെ കഥ മേഘമൽഹാർ എഴുതിയ ‘ഓർവ്വയാണ്.’ അഞ്ച് ഭാഗങ്ങൾ ആയിട്ട് കഥപറയുന്നു. ഒരു ചെറുകഥയുടെ ഭാവമല്ല ഇതിനുള്ളത്. ഒരിക്കൽ പോസ്റ്റ് ഓഫീസിൽ ജോലിയുണ്ടായിരുന്ന ഗൗതമന്റെയും ഭാര്യ ദീപയുടെയും മകൾ കുഞ്ഞുവിന്റെയും കഥ എന്ന് തോന്നുന്നു ഇത്. ദീപയുടെത് ആക്സിഡന്റൽ പ്രഗ്നൻസി ആയിരുന്നുപോലും. പ്രസവത്തോടുകൂടി മാനസിക നില വിചിത്രമായിപ്പോയ ഒരു സ്ത്രീ. പക്ഷേ കുറച്ചു മാസങ്ങൾക്കകം അവർ സമനില വീണ്ടെടുക്കുന്നു. ഗൗതമന് നല്ല കുടുംബജീവിതം ഉണ്ടാകുന്നു. കുറേക്കാലങ്ങൾക്ക് ശേഷം വിക്ടോറിയ ലൈബ്രറിയിൽ നിൽക്കുമ്പോഴാണ് ഇതൊക്കെ അദ്ദേഹം ഓർമ്മിക്കുന്നത്. ആറോ ഏഴോ പേജ് മാത്രമേ കഥയുള്ളൂ. പക്ഷേ വിവരണങ്ങളുടെ ഘോഷയാത്രയാണ്. അതിൽ പലതും വായനക്കാർ തീരെ ആവശ്യമില്ല എന്ന് കരുതി തള്ളുന്നതും. ഈ വൃഥാസ്ഥൂലത ഏതൊരു കഥയുടെയും രസം കെടുത്തുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

കഥയുടെ അവസാനം വായനക്കാരന്റെ ബോധത്തിന് അസഹ്യമായ വേദന പകർന്നു തരുന്നുണ്ട് എഴുത്തുകാരൻ. അനുഭൂതിയോ ചിന്തയോ പകരാത്ത വായനക്കാരെ ആശയക്കുഴപ്പത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിയുന്നു അവസാനം! ഒരൊറ്റ കഥാപാത്രത്തോടെങ്കിലും ഏതെങ്കിലും തരത്തിലുള്ള അടുപ്പം തോന്നിപ്പിക്കാനുള്ള വിവരണങ്ങളോ പരിചയപ്പെടുത്തലുകളോ കഥാകൃത്തിന്റെ ഭാഗത്തുനിന്നും ഇല്ല. വിരസത മാത്രം സമ്മാനിക്കുന്ന ഒരു സൃഷ്ടി.

ദേശാഭിമാനി വരികയിൽ വിഎസ് അജിത്ത് എഴുതിയ കഥയാണ് ‘സുഗുണന്റെ മകൾ.’ വളരെ നന്നായി എഡിറ്റ് ചെയ്യപ്പെട്ട ഈ കഥയിൽ കാലം കെട്ടുപിണഞ്ഞുകിടക്കുന്നു. വർത്തമാന കാലവും ഭൂതകാലവും മനോഹരമായി സമ്മേളിപ്പിച്ചിട്ടുണ്ട് കഥാകൃത്ത്. വർഷങ്ങൾക്കു മുൻപേ പരിചയപ്പെട്ട, ഹൃദയശാസ്ത്രക്രിയയ്ക്ക് വേണ്ടി ബാംഗ്ലൂരിൽ എത്തിപ്പെട്ട സുഗുണനെ ഇടക്ക് ഓർമിച്ചു പോകുന്നു കഥാനായകൻ. സുഗുണന്റെ മകളുടെ ഒരൊറ്റ മിസ്കോൾ കൊണ്ട് തന്നെ തങ്ങളുടെ അടുപ്പവും സംഭാഷണങ്ങളും ചെലവഴിച്ച സമയവും മനസ്സിലേക്ക് ഓടിയെത്തുന്നത് അതിഭാവുകത്വം തീരെ ഇല്ലാതെ സ്വാഭാവികമായ രീതിയിൽ കഥാകൃത്ത് കാണിക്കുന്നുണ്ട്. നല്ല ഒതുക്കമുള്ള രചന. ആഖ്യാതാവിനെ കുറിച്ച് നമുക്കുള്ള ധാരണയെ തലകീഴായി നിർത്തുന്നു കഥാവസാനം. വായന പൂർത്തിയാകുമ്പോൾ അനുവാചകന്റെ മനസ്സിലേക്ക് വളരെ നനുത്ത സ്പർശം പോലെ ഒരനുഭൂതി കടന്നുവരുന്നു.

വി എസ് അജിത്ത്

നല്ലൊരു കഥ എന്ന് പറയുമ്പോഴും മലയാള ഭാഷയിലുള്ള കഥയാണ് വായനക്കാർക്ക് ആവശ്യം എന്ന കാര്യം എഴുത്തുകാരന് ഇപ്പോഴും അറിയില്ലെന്ന് തോന്നുന്നു എന്നത് പറഞ്ഞേ തീരൂ. ഒഴിവാക്കാൻ പറ്റാത്ത ചില സാഹചര്യങ്ങളിൽ അല്ലെങ്കിൽ ചില സംഭാഷണങ്ങളിൽ മറ്റു ഭാഷകൾ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറഞ്ഞുകൂടാ. പക്ഷേ കഥാപാത്രത്തെക്കുറിച്ച് വായനക്കാർക്ക് ബോധ്യം വരുവാൻ വേണ്ടി അവരുടെ ആത്മഗതങ്ങൾ പോലും ഇംഗ്ലീഷിൽ ചിത്രീകരിക്കുന്നത് അത്യാവശ്യം നല്ല ബോറാണ് എന്ന് പറയുന്നില്ല. എഴുത്തുകാരന്റെ ശൈലിയിൽ തന്നെ പറയട്ടെ, ‘നോസ്യേറ്റിങ് ‘ആണത്.

വി വി കെ രമേഷ് എഴുതിയ ‘പറക്കും തളിക’ എന്ന കഥയാണ് ദേശാഭിമാനിയിൽ രണ്ടാമത്തേത്. കഥാപാത്രങ്ങളെയും സന്ദർഭത്തെയും വായനക്കാരുടെ മനസ്സിൽ പതിപ്പിക്കുവാൻ പ്രതിഭാധനരായ എഴുത്തുകാർക്ക് ചുരുക്കം ചില വാചകങ്ങളേ ആവശ്യമുള്ളൂ. എന്നാൽ ഈ കഥയിൽ അതിഭാഷണത്തിന്റെ ദൂഷ്യം കാണാം. കഥാവസാനത്തോടുകൂടി മാത്രം വായനക്കാരിലേക്ക് എത്തിച്ചേരുന്നതാണ് ചില നിരീക്ഷണങ്ങൾ. കഥയിൽ എഴുത്തുകാരൻ സന്നിവേശിപ്പിക്കുന്ന വ്യത്യസ്തമായ ആശയം, ലോകത്തെയും ജീവിതത്തെയും ഒരുവേള മരണത്തെ പോലും സ്വതന്ത്രമായി വായനക്കാരുടെ ചിന്തയിലേക്ക് ഇട്ടുകൊടുക്കുന്ന തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും അതിഭാഷണം കഥയുടെ മുറുക്കം കുറയ്ക്കുന്നുണ്ട്. സർവ്വരാജ്യങ്ങളുടെയും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കുന്ന വസ്തുതകൾ നിഗൂഢമായി കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ചൈന ഒരു അധോലോകം എന്ന രീതിയിൽ കഥയിൽ കാണപ്പെടുന്നു.

വി വി കെ രമേഷ്

അമേരിക്കയിൽ ഉന്നതസേവനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തുന്ന മനഃശാസ്ത്രജ്ഞനാണ് കഥയുടെ കേന്ദ്രം. മനശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും നിഗമനങ്ങളും കണ്ടെത്തലുകളും തട്ടിയെടുക്കാൻ വേണ്ടി ചൈനക്കാർ അയക്കുന്ന പറക്കും തളിക, നിഗൂഢമായ വിധം ഈ ഡോക്ടർ ചികിത്സിച്ച് കൊണ്ടിരിക്കുന്ന കുട്ടിയെ റാഞ്ചിയെടുക്കുന്നു. അവർ ബഹിരാകാശത്ത് എവിടെയോ സ്വന്തമാക്കി വെച്ചിരിക്കുന്ന സ്പേസ് ത്രീയിൽ പലരെയും ബന്ദികൾ ആക്കിയിട്ടുണ്ട് എന്ന് ഡോക്ടർ മനസ്സിലാക്കുന്നു. ഒരു താമര ഇതൾ വഴി അവിടെയുള്ള എല്ലാവരെയും കീഴ്പ്പെടുത്താം എന്ന സിദ്ധാന്തത്തോടെ, തന്റെ കളി സുഹൃത്തായ രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മനപ്പൂർവ്വം ഈ പേടകത്തിൽ അയക്കുന്നു ഡോക്ടർ. ഭേദപ്പെട്ട കഥയാണിത്. അപ്പോഴും ഒരു നോവൽ എന്നപോലെ പരത്തി എഴുതിയതിനാൽ മുറുക്കം നഷ്ടപ്പെട്ടുപോകുന്നു എന്ന വൻദൂഷ്യമുണ്ട്.

ഭാഷാപോഷിണിയിൽ അഖില കെ എസ് എഴുതിയ ‘ഒരു വേട്ടക്കാരന്റെ ആത്മഹത്യ’ എന്ന കഥ, യഥാതഥത്വവും ഫാന്റസിയും ഇടകലർന്ന ഒന്നാണ്. ഭൂതകാലത്തിൽ തന്നെ സദാ പേടിപ്പിക്കുകയും പിന്തുടരുകയും ചെയ്തിരുന്ന, ആഭിചാര കർമ്മം ചെയ്യുന്ന ഗോവിന്ദനോടുള്ള ജാനകിയുടെ പക വീട്ടിലാണ് കഥ. ജാനകിയുടെ കളിക്കൂട്ടുകാരനായിരുന്നു ഗോവിന്ദൻ. പ്രായത്തിനൊത്ത ബുദ്ധി ഇല്ലെങ്കിലും തന്റെ മുത്തശ്ശിയിൽ നിന്നും മന്ത്ര തന്ത്രങ്ങൾ പഠിച്ചവൻ എന്ന് അമ്മയടക്കമുള്ളവർ പറഞ്ഞതിനാൽ വല്ല ദുരവസ്ഥയും നേരിടേണ്ടി വന്നാൽ ജാനകി ഇവനോടാണ് കാര്യം പറയുക. അതിന് കാരണക്കാരായവരെ തീർത്തു കളയുക മാത്രമാണ് (?) ഗോവിന്ദൻ ചെയ്യുന്നതും. പക്ഷേ അത് വായനക്കാരുടെ തോന്നൽ മാത്രമാണ്. കഥാവസാനം ജാനകി പറയുന്നു നാല് കൊലപാതകങ്ങൾ നടത്തിയ വ്യക്തിയാണ് ഗോവിന്ദൻ എന്ന്. ജാനകിയുടെ പ്രസ്താവന മുഖേന അല്ലാതെ ഇക്കാര്യത്തെക്കുറിച്ച് ഒരു സൂചനയും കഥാകൃത്ത് എവിടെയും നൽകുന്നുമില്ല.

അഖില കെ എസ്

അല്പം മാത്രം പറഞ്ഞ് ബാക്കി അനുവാചകരുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കുന്ന ചില സൃഷ്ടികളുണ്ട്. പതുക്കെ പതുക്കെ കഥയുടെ താഴേക്ക് വായനക്കാരെ വലിച്ചു കൊണ്ട് പോകുന്നവ. അവ്യക്തതയിൽ നിന്നും അടിത്തട്ട് കാണാൻ അനുവാചകരെ പര്യാപ്തരാക്കും വിധം ആവശ്യമായ സൂചകങ്ങൾ അവയിൽ കാണും. ഇക്കഥയിൽ അതുണ്ടെന്ന് തോന്നിയില്ല. അതിനാൽ തന്നെ, ഉടുമ്പിൽ പൊതിഞ്ഞു വെച്ച ഫാന്റസി, കഥയ്ക്ക് ചേരാതെ കല്ലുകടി ഉണ്ടാക്കുന്നു.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like