പൂമുഖം LITERATUREകഥ ഭ്രാന്തിമാന്‍

ഭ്രാന്തിമാന്‍

രക്തബന്ധത്തിലുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ ഈ ലോകത്തെ ഒരു മുഖവും മറ്റൊരു മുഖം പോലെയല്ല എന്നായിരുന്നു ഒരു കാലത്തെ വിശ്വാസം. രണ്ട് കണ്ണും രണ്ട് ചെവിയും ഒരു മൂക്കും ഒരു വായും വെച്ച് ഇങ്ങനെ അവസാനിക്കാത്ത രൂപഭേദങ്ങള്‍ ഉണ്ടാക്കുന്ന ശക്തിയെ കുറിച്ച് അന്ന് തോന്നിയ മതിപ്പ് ഇന്നും കുറഞ്ഞിട്ടില്ല.

അപരിചിതമുഖങ്ങളെ ഗവേഷണബുദ്ധിയോടെ കാണാനാരംഭിച്ചത് അങ്ങനെയാണ്. എന്താണ് അവയോരോന്നിനേയും വ്യത്യസ്തമാക്കുന്നത് എന്നറിയണം.

അന്വേഷണങ്ങള്‍ക്കിടെ ഒരു വസ്തുത വെളിപ്പെട്ടുകിട്ടി:

വിരലടയാളം പോലെ, ക്യു ആര്‍ കോഡ് പോലെ, അത്ര സമാനതകള്‍ ഇല്ലാത്തവയല്ല സത്യത്തില്‍, മുഖങ്ങള്‍!

ഓരോ മുഖത്തിനും ഒരു അപരമുഖമെങ്കിലും തിരഞ്ഞുനടന്നാല്‍ കണ്ടെത്താനാവും – ഒന്നുകൂടി ഉത്സാഹിച്ചാല്‍ അതിലധികവും!

കൃത്യം പകര്‍പ്പല്ല – രൂപത്തില്‍, ഭാവത്തില്‍, ‘ശരീരഭാഷ’യില്‍ ശക്തമായ ഓര്‍മ്മപ്പെടുത്തലുകളുടെ വഴി തുറന്നിടുന്ന അന്യമുഖങ്ങള്‍ –

അതേവരെയുണ്ടായിരുന്ന വിശ്വാസത്തില്‍ വെള്ളം ചേര്‍ന്നുതുടങ്ങി. അത്തരം അനുഭവങ്ങള്‍ പതുക്കെപ്പതുക്കെ പെരുകി. കാഴ്ചപ്പുറത്ത് വരുന്ന ഓരോ മനുഷ്യനും മുന്‍പ് കണ്ടിട്ടുള്ള ആരെയോ ഓര്‍മ്മപ്പെടുത്തുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു സംഗതികള്‍.
ഇത് എന്‍റെ മാത്രം അനുഭവമായിരിക്കില്ല എന്നറിയാം.

പുതുതായി ആരെ കണ്ടാലും കഴിയുന്നത്ര വേഗം, അയാളുമായി ചേര്‍ത്തുപിടിക്കാവുന്ന മറ്റൊരാളെ മനസ്സിലെ മുഖചിത്ര-ആല്‍ബത്തില്‍ അന്വേഷിച്ചുകണ്ടെത്തുക എന്നത് അങ്ങനെ പ്രിയപ്പെട്ട ഒഴിവുസമയവിനോദമായി.
ഒന്നോ രണ്ടോ മിനുട്ട് –
അതിലപ്പുറം പോകാറില്ല.
ജയസാദ്ധ്യത നൂറ് ശതമാനമാണ്.

യൂറോപ്പിലേയും അമേരിക്കയിലേയും വെളുത്തതും കറുത്തതുമായ മുഖങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഇണകള്‍ സ്വാഭാവികമായും ഉണ്ടാവില്ലെന്ന് കരുതിയിരുന്നു –

തിരിച്ചും!

പുറംനാടുകളിലെ റെസ്റ്റോറന്‍റുകളിലും റെയില്‍വേ കോച്ചുകളിലും ഏറെ നേരം ഒരേ കൂട്ടം അപരിചിതരോടൊപ്പം ഇരിക്കേണ്ടി വന്നപ്പോള്‍ അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞു.
ലണ്ടനിൽ മകളുടെ വീട്ടിനടുത്തുള്ള പാർക്കിൽ നടക്കാൻ വന്നിരുന്ന മദാമ്മയ്ക്ക് പണ്ട് ഒലവക്കോട് റെയില്‍വേ കോളനിക്കടുത്ത് കട നടത്തിയിരുന്ന ടെയ് ലര്‍ മുകുന്ദന്‍റെ അതേ മുഖം.

മുകുന്ദനുമുണ്ടായിരുന്നു വെള്ളാരംകണ്ണ്!

മദാമ്മയ്ക്കും ഉണ്ട് ഉള്ളില്ലാത്ത, ഒരു മേല്‍മീശ!

അവിടെത്തന്നെ അടുത്തുള്ള മാർക്കറ്റിൽ പൂച്ചെടിക്കടയിലെ കാഷ് കൌണ്ടറില്‍ പതിവായി കാണാറുള്ള കറമ്പന്‍ ചെറുപ്പക്കാരന്‍, ആ നിറം തുടച്ചുകളഞ്ഞ് ഒരു മുണ്ടും റൌക്കയും എടുത്തിട്ടാല്‍ വെളിച്ചപ്പാട് രാഘവന്‍ നായരുടെ അമ്മയുടെ മുറിച്ച മുറി!

മുഖഛായകള്‍ ആള്‍ക്കാര്‍ തമ്മില്‍ത്തന്നെയാകണമെന്നില്ല എന്ന് കണ്ടെത്തിയത് ഒരു വല്ലാത്ത അനുഭവമായിരുന്നു:

ഇടയ്ക്കെപ്പോഴെങ്കിലും ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമ്പോള്‍ ചെന്നു കാണാറുള്ളത് ഡോക്റ്റര്‍ കൊച്ചനിയനെയാണ്. ഒരു തവണ വ്യത്യസ്ത ചികിത്സാരീതികളെ കുറിച്ച് പറയുന്നതിനിടെ ഡോക്റ്റര്‍ പല്ല് പുറത്തുകാണിക്കാതെ ചിരിച്ചു.
ഞാന്‍ ഞെട്ടി.
അയല്‍ വീട്ടിലെ റെനി എന്ന പൂച്ചയാണ് സ്റ്റെതസ്കോപ്പും കഴുത്തിലിട്ട് മുന്നില്‍ ഇരിക്കുന്നത്!

ഇന്നുച്ചയ്ക്ക് ഹോട്ടലിലായിരുന്നു ഭക്ഷണം. നേരെ എതിരെ മേശക്കിരുവശവും ഇരുന്ന് സംസാരിച്ചിരുന്നത് കോളേജില്‍ എന്നെ ഡിഫറന്‍സ്യേഷനും ഇന്‍റഗ്രേഷനും പഠിപ്പിച്ച (അന്നത്തെ) മരിക്കാര്‍കുട്ടി മാഷും കുട്ടിക്കാലത്ത് ഗ്രാമത്തിലെ പോസ്റ്റ്മാനായിരുന്ന (എന്നോ മരിച്ചുപോയ) ശിവനുമായിരുന്നു.

ജീവിച്ചിരിപ്പില്ല എന്ന് അറിയാമായിരുന്നതു കൊണ്ടാവാം ശിവനെ കണ്ടുപിടിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു.

ഇങ്ങനെ മുന്നില്‍ വന്നുപെടുന്ന കഥാപാത്രങ്ങളുടെ സംഭാഷണം അവരെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ സങ്കല്‍പ്പിക്കാനും ശ്രമിക്കാറുണ്ട്.

ഭക്ഷണം കഴിച്ച്, സ്ഥലം വിടുന്നതുവരെ മാഷും ശിവനും സംസാരിച്ചതത്രയും ഊഹിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞു!

അന്യോന്യം കടന്നുകയറാതെ സ്വന്തം കഥകള്‍ മാത്രം പറഞ്ഞുകൊണ്ടുള്ള വര്‍ത്തമാനം പറച്ചിലാണത്. ചോദ്യോത്തരങ്ങളോ കൊടുക്കല്‍ വാങ്ങലുകളോ ഇല്ലാതെയൊരു കുശലപ്രശ്നം! മാഷ് കാല്‍ക്കുലസിനെ കുറിച്ചും ത്രികോണമിതിയെ കുറിച്ചും മാത്രം സംസാരിക്കുന്നു! ശിവന്‍ നാളെ ഹെഡ്പോസ്റ്റ് ഓഫീസില്‍ നിന്ന് ഇന്‍സ്പെക്ഷന് എത്തുന്ന മേലുദ്യോഗസ്ഥനെ കുറിച്ച് മാത്രവും! തര്‍ക്കങ്ങളില്ലാതെ, ജയാപജയങ്ങളില്ലാതെ എപ്പോള്‍ വേണമെങ്കിലും നിര്‍ത്താവുന്ന – എത്ര നേരം വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാവുന്ന – സൌഹൃദപാരസ്പര്യങ്ങള്‍ –
കൂട്ടിമുട്ടാതെ പോകുന്ന സമാന്തര സംഭാഷണറെയില്‍പ്പാളങ്ങള്‍.

ലോകത്തെ സംഘര്‍ഷഭരിതമായ വര്‍ത്തമാനസാഹചര്യങ്ങളില്‍ പരീക്ഷിച്ചുനോക്കാവുന്ന ഒരു സമാധാനവഴിയായി എനിക്കത് തോന്നാറുണ്ട്!

പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോള്‍, ചിരിച്ചുകൊണ്ട് മുന്നിൽ വന്നുനിന്ന ചെറുപ്പക്കാരന്‍ ഒരു ഫയല്‍ ബോര്‍ഡ് നീട്ടി:

“ഒരു ഫീഡ്ബാക്ക് ഫോം ആണ് സര്‍. ഞാന്‍ സെയ്ദ് – സെയ്ദ് മുഹമ്മദ്!”

ചെറുപ്പക്കാരന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേര് പറഞ്ഞു.

“എനിക്കായി ഒരഞ്ച് മിനുട്ട് തരാമോ ? വൈകുന്നേരമാവുമ്പോഴേയ്ക്ക് സിറ്റിയുടെ പല ഭാഗങ്ങളില്‍ നിന്നായി കുറേയേറെ പേരെ കൂടി കാണേണ്ടതായുണ്ട്.”

ഫോം ഓടിച്ചൊന്നു വായിച്ചുനോക്കാന്‍ തുടങ്ങുകയായിരുന്നു.
ഹോട്ടലിന് മുന്നില്‍, തൊട്ടടുത്ത് നിന്ന കാറിന്‍റെ വാതില്‍ തുറന്നുപിടിച്ച് അയാൾ ക്ഷണിച്ചു.

“അകത്ത് തണുപ്പിൽ സ്വസ്ഥമായിരുന്ന് എഴുതാം, സർ! ബുദ്ധിമുട്ടിക്കുന്നതിന് ക്ഷമ ചോദിക്കുന്നു.”

സെയ്ദ് ചിരിച്ചു –

മോണ മുഴുവന്‍ കാണിച്ചുകൊണ്ടുള്ള ആ ചിരി ആരുടേതാണ്? ഞാന്‍ മനസ്സില്‍ മുഖചിത്ര-പുസ്തകത്തിന്‍റെ താളുകള്‍ മറിച്ചു.
ആലോചിക്കാന്‍ അവസരം തരുന്നില്ല ചെറുപ്പക്കാരന്‍.

“സര്‍”

കുഴപ്പമില്ല. ഗൃഹപാഠമായി അത് മനസ്സില്‍ കാത്തിരുന്നോളും. ആ ചിരിയുള്ള മറ്റൊരു മുഖം ഓര്‍മ്മയില്‍ വന്ന് തട്ടിത്തിരിയുന്നുണ്ട്.
പോക്കറ്റില്‍ നിന്ന് കണ്ണടയെടുക്കാന്‍ മുതിരവേ, വെയിലില്‍ കണ്ണ് ചുളിച്ച്, വീണ്ടും ഫീഡ് ബാക് ഫോമിലെ ചെറിയ അക്ഷരങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിച്ചു.

കാറിന്‍റെ തുറന്നുപിടിച്ച വാതിലില്‍ നിന്ന് കൈയെടുക്കാതെ ചെറുപ്പക്കാരന്‍ അല്പം ശബ്ദമുയര്‍ത്തി വീണ്ടും ക്ഷണിച്ചു:

‘സർ!’

ഇനിയൊരു തവണ വിളിക്കാന്‍ അവസരം കൊടുക്കാതെ ഞാന്‍ പിന്‍സീറ്റില്‍ കയറിയിരുന്നു.

കത്തുന്ന വെയിലാണ് പുറത്ത്.

അകത്തേയ്ക്ക് നീങ്ങിയിരുന്ന് ഞാന്‍ സെയ്ദിന് സ്ഥലമുണ്ടാക്കി.
മോണ കാട്ടിയുള്ള ചിരി വീണ്ടും!
അത്തരം ചിരികളില്‍ എപ്പോഴും ഒരശ്ലീലച്ചുവ അനുഭവപ്പെടാറുണ്ട്.
മറുവശത്തെ വാതില്‍ തുറന്ന് മറ്റൊരു ചെറുപ്പക്കാരനും കാറില്‍ കയറി.
സെയ്ദ് പരിചയപ്പെടുത്തി :

“പ്രതാപന്‍ – ഞങ്ങള്‍ ഒരേ കമ്പനിയില്‍ ഒരേ ജോലി ചെയ്യുന്നവരാണ്. “

ചുള്ളിജീവിയെ ഓര്‍മ്മിപ്പിക്കുന്ന ശരീരപ്രകൃതമായിരുന്നു പ്രതാപന്. അയാള്‍ തൊഴുതു.
ഞാനും.

പൊടുന്നനെ കാര്‍ മുന്നോട്ട് നീങ്ങി. പരിഭ്രമത്തോടെ പുറമേയ്ക്ക് നോക്കിയ എന്നെ സമാധാനിപ്പിക്കാന്‍ സെയ്ദ് തോളില്‍ തൊട്ടു.

“അടുത്ത തെരുവിലെ പ്രസ്സില്‍ നിന്ന് മെറ്റീരിയല്‍സ് എടുക്കാനുണ്ട്. സര്‍ ഫോം പൂരിപ്പിച്ചുകഴിയുമ്പോഴേയ്ക്ക് നമ്മള്‍ തിരിച്ചെത്തും.“

ഞാന്‍ നീരസം ധ്വനിപ്പിച്ച് ശബ്ദിച്ച നിമിഷം കാറിന് വേഗം കൂടി.

“കാര്‍ നിര്‍ത്തൂ – എനിക്കിറങ്ങണം. ഞാന്‍ ഇവിടെ തണലത്തേയ്ക്ക് മാറിനിന്ന്, ഒരു സിഗററ്റൊക്കെ പുകച്ച്, ഫോം പൂരിപ്പിക്കാം. നിങ്ങള്‍ തിരിച്ചെത്തിക്കഴിഞ്ഞേ പോകൂ.”

ഫയല്‍ ബോര്‍ഡ് തിരിച്ചുവാങ്ങി സെയ്ദ് എന്‍റെ കൈത്തണ്ടയില്‍ ബലത്തില്‍ പിടിച്ചു. മറുവശത്തുനിന്ന് ചുള്ളിജീവിയും.

ചിരിക്കാത്ത മുഖവുമായി സെയ്ദ് സംസാരിച്ചു :

“സര്‍, ഒരാള്‍ ഏല്‍പ്പിച്ചതനുസരിച്ച് ഞങ്ങള്‍ സാറിനെ തട്ടിക്കൊണ്ടു പോകുകയാണ്. ബഹളമുണ്ടാക്കാതെ സഹകരിക്കണം. ഒരു മണിക്കൂര്‍ ദൂരമുണ്ട് സ്ഥലത്തെത്താന്‍. എന്തോ വിവരം ചോദിച്ചറിയാനാണ്. ഭയപ്പെടാന്‍ ഒന്നുമില്ല എന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്.”

ഒരു നിമിഷത്തേയ്ക്ക് വയറിനകത്ത് ഒരു കാളല്‍ അനുഭവപ്പെട്ടു –

“ഈശ്വരാ!”

ഒരു നിമിഷത്തേയ്ക്ക് മാത്രം!
ഇതുപോലൊരു കളി – കളിപ്പിക്കല്‍ പരിപാടി – ടി വി യില്‍ കണ്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ഭയപ്പെടുത്തി, ഭീഷണി പ്പെടുത്തി, ഒടുവില്‍ ക്ഷമ പറഞ്ഞ്, ഒരു ബാഗ് നിറയെ സമ്മാനങ്ങളും തന്ന് യാത്രയാക്കുന്ന പരിപാടി.

മനസ്സ് തണുത്തു. ശാന്തമായി.

‘ഏത് ചാനലില്‍ നിന്നാണ്?’എന്ന് ചോദിച്ച് അവരുടെ മനോവീര്യം നശിപ്പിക്കുന്നതിന് പകരം കളിയെ അതിന്‍റെ വഴിക്ക് വിടാം എന്ന് തോന്നി. ഞാന്‍ പരിഭ്രമം അഭിനയിച്ചു.

“എന്നെ ഉപദ്രവിക്കരുത്. ഞാന്‍ ജോലിയില്‍ നിന്ന് വിരമിച്ച ഒരു പാവം മാഷാണ്! കുടുംബപ്രാരാബ്ദക്കാരന്‍”

മോശമായ ഒന്നും സംഭവിക്കില്ലെന്ന് രണ്ടുപേരും എനിക്ക് ഉറപ്പ് തന്നു.

(‘അതെനിക്കറിയാമല്ലോ! എനിക്കറിയാമെന്ന് നിങ്ങള്‍ക്കറിയില്ല എന്നതാണ് ഇന്നത്തെ കളിയിലെ കളി!’)

ചെറുപ്പക്കാരന്‍ ആവശ്യപ്പെട്ടതനുസരിച്ച് കണ്ണടച്ച് ഞാന്‍ സീറ്റില്‍ ചാരിക്കിടന്നു. നാടകാവതരണത്തില്‍ പിഴവ് വേണ്ട.

ഷെര്‍ലക് ഹോംസിന്‍റെ Engineer’s Thumb എന്ന കഥയില്‍ ഒരാളെ കണ്ണ് കെട്ടി കാറില്‍ കൊണ്ടുപോകുന്നുണ്ട്. ഓര്‍മ്മ ശരിയാണെങ്കില്‍ ഹോംസ് പരാജയപ്പെട്ട കേസുകളില്‍ ഒന്നെന്ന മുഖവുരയോടെയാണ് വാട്ട്സണ്‍ കഥ പറയുന്നത്.
ഇവിടെ, പകല്‍സമയത്ത് ആ നിലയില്‍ എന്നെ കൊണ്ടുപോയി ജനശ്രദ്ധയില്‍ പെടണ്ട എന്ന് തോന്നിക്കാണും, പാവം ‘പ്രാങ്ക’ന്മാര്‍ക്ക്!

ഒറ്റപ്പെട്ട ഒരു അംബരചുംബിയുടെ മുന്നിൽ കാര്‍ നിന്നു. ചെറുപ്പക്കാരനും കൂട്ടുകാരനും ഇറങ്ങി. ഞാനും – ഇടവും വലവും നോക്കാതെ കൂട്ടിൽ അകപ്പെട്ട ജീവിയായി ഞാൻ നടന്നു. ലിഫ്റ്റിൽ എത്രയോ നില മുകളിലെത്തി. പുതിയതെന്ന് തോന്നിച്ച ഫ്ലാറ്റിൽ അവരോടൊപ്പം കയറി. എന്നെ സ്വീകരണമുറിയില്‍ ഇരുത്തി, അവരെ രണ്ടുപേരെയും യാത്രയാക്കി, പുതിയ കഥാപാത്രം, ആതിഥേയന്‍ തിരിച്ചുവന്നു. സുമുഖനായ ഒരാജാനുബാഹു. ഭംഗിയിൽ ചീകിയൊതുക്കിയ, നര കലര്‍ന്ന മുടിയും താടിയും – മുണ്ടും ചന്ദന നിറത്തില്‍ മുട്ടിന് താഴെ വരെ എത്തുന്ന ഫാബിന്‍ഡ്യ ജൂബയും വേഷം.
അരങ്ങ് കീഴടക്കുന്ന ആകാരവടിവ്.

“നമുക്ക് നേരെ കാര്യത്തിലേയ്ക്ക് കടക്കാം. ഞാന്‍ ഗംഗാധരന്‍ – സംസാരിക്കാനുള്ള സൌകര്യത്തിന് തത്ക്കാലം അത്രയും മതി.”

മുഴക്കമുള്ള ശബ്ദം –

എതിരെ സോഫയില്‍ ഇരുന്ന് മുഖവുരയൊന്നുമില്ലാതെ അയാള്‍ തുടങ്ങി.

“നവനീത് ഇപ്പോള്‍ എവിടെയുണ്ടെന്ന് പറയാമോ?”

(‘അടുത്ത അഞ്ച് മിനുട്ടിലെ എന്‍റെ പ്രതികരണങ്ങളാണ് ചാനലിന് വേണ്ടതെന്ന് അറിയാവുന്നതു കൊണ്ട് ഞാന്‍ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങി.’)

“മനസ്സിലായില്ല – ഏത് നവനീത്?”

മുഖത്ത് സംശയവും ഭയവും കൊണ്ടുവരാന്‍ ശ്രമിച്ച് ഞാന്‍ ചോദിച്ചു.

ഗംഗാധരന്‍ കണ്ണിമയ്ക്കാതെ എന്നെ നോക്കി. അല്പനേരം നിശ്ശബ്ദമായിരുന്നു.

“താങ്കള്‍ക്കറിയില്ല? കഷ്ടമായിപ്പോയി – പോട്ടെ, മറ്റൊരു കാര്യം ചോദിക്കാം. ശ്രീലക്ഷ്മിയെ അറിയാമോ?”

ഞാന്‍ തലയാട്ടി.

“ഞാന്‍ പരിചയപ്പെടുത്താം. ശ്രീലക്ഷ്മി എന്‍റെ ഇളയ പെങ്ങളുടെ മകളാണ്. ഇപ്പറഞ്ഞ രണ്ടുപേരെയും ഇന്നലെ രാവിലെ മുതല്‍ കാണാനില്ല. കുറെ നാളുകളായി നവനീതിന്‍റെ അമ്മാമന്‍, രാജീവന്‍ സാറിന്‍റെ മേല്‍നോട്ടത്തിലാണ് അവരുടെ കാര്യങ്ങള്‍ നടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഇപ്പോള്‍ അവര്‍ അതേ ആളുടെ സംരക്ഷണയിലാണെന്നും! ബാക്കി പറയൂ.“

“രാജീവന്‍ സാറാരാ?”

“ദാ – എന്‍റെ മുന്നില്‍ ഇരിക്കുന്ന ഈ ആളാണ് ആ രാജീവന്‍ സാര്‍!”

വര: പ്രസാദ് കാനാത്തുങ്കൽ

“അയ്യോ – ഞാന്‍ രാജീവന്‍ സാറല്ല!” – ഞാനെന്‍റെ പേര് പറഞ്ഞു.

“അവര്‍ രണ്ടുപേരും എവിടെയുണ്ടെന്ന് പറഞ്ഞാല്‍ അടുത്ത നിമിഷം നിങ്ങളെ വീടിനടുത്ത് കൊണ്ടുവിടാം. നാടന്‍ ഭാഷയില്‍ ഇതുകൂടി പറയാം. ‘വെളച്ചിലെടുക്കരുത് – നിങ്ങള്‍ ബുദ്ധിമുട്ടും!”

തകര്‍ത്തഭിനയിച്ച് കഥാപാത്രം മുറിയില്‍ നിന്ന് പുറത്തുപോയി വാതിലടച്ചു. ഞാന്‍ ചുറ്റുപാടും നിരീക്ഷിച്ചു.

ആര്‍ഭാടങ്ങളില്ലാത്ത, നാട്യങ്ങളില്ലാത്ത ഭേദപ്പെട്ട മുറി. കുഷനുകളിലും മേശവിരിയിലും കര്‍ട്ടനുകളിലും അലങ്കാരവസ്തുക്കളിലും പതിഞ്ഞ്, ഹൃദ്യമായ അഭിരുചി ഒറ്റ നോട്ടത്തില്‍ അറിയാം.

ഉദ്ദേശം അര മണിക്കൂർ കഴിഞ്ഞ് ഗംഗാധരന്‍ വീണ്ടും വന്നു.

“താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ? “

“ഞാൻ നിങ്ങൾ പറഞ്ഞ രാജീവൻ സാറല്ല.”

“അതല്ലാതെ എന്തെങ്കിലും പറയാനുള്ളപ്പോൾ വിളിക്കൂ. നമുക്ക് സംസാരിക്കാം. കുടിക്കാനുള്ള വെള്ളം കുപ്പിയിൽ നിറച്ചുവെച്ചിട്ടുണ്ട്. അകത്ത് ഒരു പാക്കറ്റ് പാർലെ ജി ബിസ്ക്കറ്റും നാല് മൈസൂർ പൂവൻ പഴങ്ങളും വെച്ചിട്ടുണ്ട്. ഇന്നത്തേയ്ക്ക് അതിൽ നിർത്താം. വീണ്ടും കാണാം-”

ഒന്ന് നിർത്തി, മുഴക്കമുള്ള ശബ്ദത്തില്‍ അയാള്‍ തുടർന്നു:

“ …… നാളെ!”

ചിരിക്കാതെയാണയാള്‍ സംസാരിച്ചത്, ഭയത്തിന്‍റെ ലാഞ്ഛനയില്ലാതെ അത് വരെ കഴിഞ്ഞ എന്‍റെ ഉള്ളൊന്ന് കിടുങ്ങി.

കളി കാര്യമാവുകയാണോ?

ഒച്ചയും അനക്കവുമില്ലാതെ ഞാന്‍ മുറിക്കുള്ളിലിരുന്നു. ഇടയ്ക്ക് എഴുന്നേറ്റ് നടന്നു. ജനലിലൂടെ താഴെ ഭൂമിയിലേയ്ക്ക് നോക്കി. ഉറുമ്പുകളെ പോലെ മനുഷ്യരും വാഹനങ്ങളും നീങ്ങുന്നത് കണ്ടുനിന്നു.

വാതിലടച്ച് അയാൾ പോയിട്ട് ആറ് മണിക്കൂറാവുന്നു. ടി വി ചാനലിന്‍റെ പരിപാടിയല്ലെന്ന് മനസ്സിന് പതിയെപ്പതിയെ ബോദ്ധ്യപ്പെട്ടു. വേനൽ മഴയുടെ അറിയിപ്പുമായി ആർഭാടത്തോടെ വന്ന ഇടിമിന്നലിൽ വൈദ്യുതി ബന്ധം മുറിഞ്ഞ് പരിസരം കൂരിരുട്ടിലാണ്. ആകാശത്ത് എവിടെയോ ഉള്ള ഈ മുറിയില്‍ നിന്ന് ആരെയും വിളിക്കാൻ വഴിയില്ല. കൈയിൽ ഫോണില്ല. വീട്ടിലേതടക്കം ഒരു നമ്പറും ഓർമ്മയിലില്ല. ഈ കെട്ടിടത്തിലോ പരിസരത്തെ വീടുകളിലോ ആൾത്താമസമുള്ളതിന്‍റെ ഒരു സൂചനയും ഇല്ല. മഴ പെയ്തൊഴിഞ്ഞ് രാത്രി നിശ്ശബ്ദയാണ്.

ഞാനിവിടെയാണെന്നും ഏകാന്തതടവിലാണെന്നും കൃത്യമായി അറിയാവുന്ന ഒരാളേയുള്ളു ലോകത്ത്. നാളെ കാണാമെന്ന് പറഞ്ഞു പിരിഞ്ഞ അദ്ദേഹത്തിന്‍റെ ശരീരത്തിനോ മനസ്സിനോ ആ കൂടിക്കാഴ്ച വരെ അഹിതമായതൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായി കാത്തിരിപ്പാണ് ഞാന്‍.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.