പൂമുഖം LITERATUREകവിത വീട് വരയ്ക്കുന്ന കുട്ടി

വീട് വരയ്ക്കുന്ന കുട്ടി

വീഡിയോയിൽ
ഒരു കൊച്ചുകുട്ടി വീടിന്റെ ചിത്രം വരയ്ക്കുകയാണ്
(അവന് എട്ടോ പത്തോ വയസായിക്കാണും)

അവന് പിന്നിൽ യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടം
അതവന്റെ പഴയവീടായിരിക്കാം

അവൻ വരയ്ക്കുന്ന വീട്ടിൽ ധാരാളം മുറികളുണ്ട്
ആ വീടിന് നല്ല വൃത്തിയുള്ള ഒരു അടുക്കളയുണ്ട്
അവന്റെ അമ്മ അവിടെ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുകയാകും

മറ്റൊരു മുറിയിൽ അവന്റെ ഇളയ സഹോദരി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടാകും

അമ്മൂമ്മ ഹാളിലിരുന്ന് ടി വി യിൽ ഏതോ പഴയ സിനിമ കാണുകയാകും
മൂത്ത സഹോദരി ആപ്പീസ് മുറിയിലിരുന്ന് ഗൃഹപാഠം ചെയ്യുകയായിരിക്കും

വീടിന്റെ പിന്നിലുള്ള ഉദ്യാനത്തിൽ പൂച്ചെടികളെ പരിചരിക്കുകയാകാം അച്ഛൻ
ദൃശ്യത്തിൽ ഇല്ലെങ്കിൽ പോലും കുട്ടി വരയ്ക്കുന്ന ചിത്രത്തിൽ നിന്ന് നമുക്ക് ജീവിതം കണ്ടെടുക്കാൻ കഴിയുന്നുണ്ട്

വീടിന് മുകളിൽ ഒന്നും വരയാതെ ഒഴിച്ചിട്ട ഭാഗത്ത് ആകാശം കാണാനാകും
സൂക്ഷിച്ചു നോക്കിയാൽ അവിടെ സൂര്യപ്രകാശം കാണാം
വേണമെങ്കിൽ ആകാശത്തിൽ തിങ്കളും താരകളുമുണ്ടാക്കി
രാത്രിയുണ്ടാക്കാം
ആകാശം മേഘാവൃതമാക്കി മഴ പെയ്യിക്കാം
ഏഴ് നിറത്തിൽ മഴവില്ല് സൃഷ്ടിക്കാം

ഒരു കുട്ടി ചിത്രം വരയ്ക്കുന്ന കാഴ്ചയിൽ പ്രപഞ്ചത്തെ പലമാറ്റങ്ങൾക്ക് വിധേയമാക്കാൻ നമുക്ക് കഴിയുന്നു

യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ വീഡിയോ കാണുമ്പോൾ
അവിടെ ഒരു സാധ്യതയും അവശേഷിക്കുന്നില്ല
ഒരു വിലാപയാത്രയും
മരണം നട്ടു നനച്ച ശ്മശാനവുമല്ലാതെ
ദയവ് ചെയ്ത് ജീവിക്കുന്ന കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കാണിക്കൂ
ജീവിക്കാനുള്ള സാധ്യതകളാണ് ഞാൻ തേടുന്നത്.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.