പൂമുഖം COLUMNSഫീച്ചർ സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം: പഠനവും രാഷ്ട്രീയവും (ഭാഗം 2)

സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം: പഠനവും രാഷ്ട്രീയവും (ഭാഗം 2)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പരാജയപ്പെട്ട കുടിയിറക്കല്‍

ആ കാലത്ത് ചെറുവണ്ണൂര്‍ ആയടത്തില്‍ നാരായണക്കുറുപ്പെന്നു പറഞ്ഞ ഒരു വന്‍ ജന്മിയുണ്ട്. അവരുടെ പറമ്പില്‍ തലമുറയായി പാര്‍ത്തു വരുന്ന ഒരു അടിമകുടുംബമുണ്ട്. അതില്‍ അന്നത്തെ ആള്‍ ഇല്ലത്തെ കേളപ്പന്‍. ഒരു ചെറ്റയില്‍ താമസിച്ച് അടിമപ്പണിയെടുത്ത് മുഴുപ്പട്ടിണിയായി കഴിയുകയാണ്. നാട്ടില്‍ കമ്മ്യൂണിസം വന്നപ്പോള്‍ ജന്മിക്കൊരു പേടി. പറമ്പ് ഒഴിഞ്ഞു തന്നില്ലെങ്കിലോ എന്ന്. അങ്ങനെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചു. ഒഴിഞ്ഞില്ല. ഒരു ദിവസം രാത്രി ചെറ്റക്ക് കാര്യസ്ഥന്മാര്‍ വന്ന് തീ കൊടുത്തു. വിവരം കേളപ്പനും ആള്‍ക്കാരും ആദ്യം അറിഞ്ഞിരുന്നു. അതിലും വിവരം ചോർത്തിക്കൊടുക്കാന്‍ ഒറ്റുകാരുണ്ട്. രാത്രി അപ്പുക്കുട്ടിയേട്ടനും മറ്റുള്ളവരും തയ്യാറായി. രക്ഷപ്പെടുത്താന്‍ രാത്രി തന്നെ ചെറ്റ കെട്ടി അവിടെ പാര്‍പ്പിച്ചു. അന്നാണ് ജ്യേഷ്ഠന്‍റെ ആദ്യത്തെ ജയിലില്‍ പോക്ക്. ഒന്നരക്കൊല്ലം ജയിലില്‍ കിടന്നു. പിന്നത്തെ പോക്ക് പത്തുമാസം കിടന്നു. അത് നേരിട്ട് ഹാജരായതാണ്. വെസ്റ്റ്ഹില്ലില്‍ ആണ് അന്നത്തെ M.S.P കേമ്പ്. അവിടെയായിരുന്നു എന്‍റെ ഭര്‍ത്താവും. M.S.P വന്ന് എന്‍റെ വീട് വളഞ്ഞു. എന്‍റെ കല്യാണം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ. ഭര്‍ത്താവിന്‍റെ കൂടെയുള്ള ആള്‍ക്കാരാണ് എന്‍റെ വീട് വളഞ്ഞത്. വാതിലില്‍ മുട്ടി വാതില്‍ തുറക്കാന്‍ പറഞ്ഞു. അമ്മക്ക് ഇല്ലിമുള്ള് കൊണ്ടിട്ട് പഴുത്ത് എഴുന്നേല്‍ക്കാന്‍ വയ്യ. ചെരുപ്പിടാത്ത കാലം. അമ്മ എന്‍റെ അനുജത്തിയെ വിളിച്ചു. വാതില്‍ തുറക്കാന്‍. അവള്‍ മഹാ മടിച്ചിയാണ്. ഉണര്‍ന്നതായി ഭാവിക്കില്ല. അപ്പോള്‍ M.S.P പറഞ്ഞു “വാതില്‍ തുറക്കാനാണ് പറഞ്ഞത് ജാനുവെ വിളിക്കണ്ട.” അമ്മ പറയുന്നു ‘എന്‍റെ കാല് സുഖമില്ലാഞ്ഞിട്ടാണ് ജാനുവെ വിളിക്കുന്നത് നിങ്ങളെ പേടിച്ചിട്ടല്ല. എനിക്കറിയാം നിങ്ങളും എന്നെപ്പോലുള്ള മനുഷ്യരാണെന്ന്.’ ജാനു വാതില്‍ തുറന്നു. അവര്‍ അകത്ത് കടന്ന് അട്ടത്തെല്ലാം ടോര്‍ച്ചടിച്ചു നോക്കി. ആകെ മൂന്നകമുള്ള കട്ടപ്പുര. പടിഞ്ഞാറെ അകത്ത് വാതില്‍ തുറന്നപ്പോള്‍ ആട്ടിന്‍കുട്ടികള്‍ തുള്ളി പുറമെ വന്നു. അത് അവര്‍ തന്നെ പിടിച്ചിട്ടു. അടുക്കളയും പരിശോധിച്ചു. വന്നിട്ട് അമ്മയോട് ചോദിച്ചു ശങ്കരന്‍ നമ്പ്യാര്‍ എവിടെ പോയെന്ന്. മകളുടെ വീട്ടില്‍ പയറ്റിന് പോയെന്ന് കള്ളം പറഞ്ഞു. അപ്പുക്കുട്ടി നേരിട്ട് ഹാജരാകാൻ കോഴിക്കോട് എന്‍റെ മകളുടെ ഭര്‍ത്താവിന്‍റെ അടുത്ത് പോയെന്ന് പറഞ്ഞു. അത് സത്യം. അയാളുടെ പേര് എന്തെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍. അമ്മയുടെ മറുപടി. അപ്പോള്‍ ചുമരിന്മേല്‍ എന്‍റെ ഭര്‍ത്താവിന്‍റെ ഫ്രെയിം ചെയ്യാത്ത ഫോട്ടോ കണ്ടു. ഇതാരാണെന്ന് ചോദിച്ചപ്പോള്‍ മകളുടെ ഭര്‍ത്താവാണെന്ന് മറുപടി. ഇവര്‍ അവിടുന്ന് വന്നവരാണ്. ഫോട്ടോ എടുത്തവര്‍ കീശയിലിട്ടു. സുഹൃത്തിന്‍റെ ഭാര്യവീട്ടില്‍ സര്‍ച്ച് ചെയ്തതിന്‍റെ തെളിവിന് വേണ്ടി ചെയ്ത പണി. പുറത്തു കടന്ന് സൗഹാര്‍ദ്ദപരമായി പറഞ്ഞു” വാതില്‍ അടച്ചിട്ട് വേണം ഞങ്ങള്‍ക്ക് പോകാന്‍ “. ജാനു വാതില്‍ അടച്ചു. എന്നെ അപ്പുറം മാവിലപ്പാടി എന്ന കോണ്‍ഗ്രസുകാരുടെ വീട്ടിലേക്ക് മാറ്റിയതാണ്. 18 വയസ്സ് പ്രായം. M.S.P കിരാതന്മാരാണ് അതുകൊണ്ട് വീട്ടില്‍ നിര്‍ത്താഞ്ഞതാണ്.

എ കെ ജിയുടെചിത്രവും നാരായണിക്കുട്ടിയും

ഒരു ദിവസം നാരായണി നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പകല്‍ M.S.P വന്നു. വേറൊരു കള്ളക്കേസില്‍ ഏട്ടനെ പിടിക്കാന്‍. ചുമരിന്മേല്‍ A.K.G യുടെ ഫോട്ടോ. ഈ ഫോട്ടോ എവിടന്നു കിട്ടി എന്ന് അലറി ചോദിച്ചു. ഫോട്ടോ കണ്ടുകൂടാത്ത കാലം. അമ്മ ബുദ്ധിപൂര്‍വ്വം കള്ളം പറഞ്ഞു. അത് കുട്ടിക്ക് എവിടെ നിന്നോ കിട്ടിയിട്ട് കൊണ്ടുവന്നതാണ്. (സത്യത്തിൽ അത് കൊഴക്കോടൻ നാരായണൻ നായർ വരച്ച ചിത്രമായിരുന്നു). കുട്ടി എവിടെ? എന്ന ചോദ്യം. തെറ്റത്ത് സ്കൂളില്‍ നാലാം ക്ലാസ്സിലാണെന്നു അമ്മയുടെ മറുപടി. വിട്ടില്ല, അവിടെ പോയി അവളെ വിളിച്ചു എവിടുന്ന് കിട്ടിയെന്ന് ചോദ്യം. എനിക്ക് വഴിയില്‍ നിന്ന് കിട്ടിയതാണെന്ന് കള്ളമായ മറുപടി. ആരുടേതാണെന്ന് അറിയാമോ? അറിയില്ല എന്ന കള്ളമായ മറുപടി. കേവലം എട്ട് വയസ്സുള്ള കുട്ടിക്ക് ഇന്ന് ഇങ്ങനെ പാര്‍ട്ടിക്ക് വേണ്ടി സത്യം മറയ്ക്കുവാന്‍ കഴിയുമോ? ഇല്ല. അതാണ് അന്നത്തെ കാലം. മേനവന് ആവള ഒരു വീടുണ്ട്. അവിടെ വെള്ള വീശുവാനാക്കും പണിക്കാരുടെ കൂടെ ജ്യെഷ്ടനെ. കേസ് നിലവിലുണ്ട്. പിടിക്കാതിരിക്കാന്‍. മാനവന്‍റെ വീട്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാവില്ലല്ലോ.

A.K.G യുടെ ചിത്രം വരച്ച കൊഴക്കോടന്‍ നാരായണന്‍ നായര്‍

എന്‍റെ കഥ

എന്‍റെ കഥ പിന്നെയും മറക്കുന്നു. ആവള സ്കൂളില്‍ 5 വരെ പഠിച്ച് ജയിച്ചു. ചെറുവണ്ണൂര്‍ സ്കൂളില്‍ ആറില്‍ ഗോപാലേട്ടനും ഞാനും ഒന്നിച്ചെത്തി. 3 വയസ്സ് വ്യത്യാസമുള്ള ഞങ്ങള്‍ ഒന്നിച്ചായത് ജ്യേഷ്ടന്‍ മടി കാരണം തോറ്റതല്ല. വീട്ടുജോലിക്ക് അമ്മയെ സഹായിക്കുന്നത് ഗോപാലേട്ടനാണ്.മൂത്തയാളല്ല. മൂപ്പരെ എല്ലാവരും ലേശം ഉയര്‍ന്ന പദവി കൊടുത്തു. ഞാന്‍ ആണെങ്കില്‍ 9 വയസ്സുണ്ടെങ്കിലും കൂറ പോലെയാണ്. പണിയെല്ലാം എടുക്കും. അടങ്ങിയിരിക്കില്ല. പക്ഷെ വലിയ പണി ജ്യേഷ്ടന്‍ തന്നെ എടുക്കണം. അതുകൊണ്ട് പഠിക്കാന്‍ സൗകര്യം കുറഞ്ഞുപോയി.

ആറില്‍ നിന്ന് ഞങ്ങള്‍ രണ്ടാളും ഏഴിലേക്ക് ജയിച്ചു. എഴില്‍ നിന്ന് ഗോപാലേട്ടന്‍ തോറ്റു. ഞാന്‍ എട്ടിലേക്ക് ജയിച്ചു. ജ്യേഷ്ഠൻ ഏഴിലും ഞാന്‍ എട്ടിലും. എനിക്ക് സങ്കടം കൊണ്ട് പോവാന്‍ പറ്റുന്നില്ല. ജ്യേഷ്ടന്‍ എനിക്ക് വേണ്ടി ഒഴിഞ്ഞ് ഒരു കാലം വരെ വീട്ടിലും പറമ്പിലും അമ്മയെ സഹായിക്കാന്‍ നിന്നു. അന്ന് സാമാന്യം വലിയ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് E.S.L.C യാണ്. S.S.L.C അന്നില്ല. പരീക്ഷ കൊയിലാണ്ടിയില്‍ വെച്ചാണ്. എട്ടില്‍ ഒറ്റൊരു ക്ലാസ്സ്. ഡിവിഷനൊന്നുമില്ല. പെണ്‍കുട്ടികള്‍‍ 3. ഞങ്ങള്‍ നടന്ന് തിക്കോടിക്കാരന്‍ ഒരു ചാത്തുമാസ്റ്റരുടെ കൂടെ പരീക്ഷക്ക് കൊയിലാണ്ടിയില്‍ എത്തി. പരീക്ഷ എഴുതി. മാസ്റ്ററുടെ വീട്ടില്‍ ഭക്ഷണം, ഉറക്കം, നടന്ന് പോക്ക് പയിസ ചിലവില്ല. ആകെ അച്ഛന്‍ ഒരു ക. എന്‍റെ വശം തന്നത് ഞാന്‍ ചിലവാക്കിയതെങ്ങനെയാണെന്നല്ലെ: നടന്ന് പയ്യോളി എത്തിയപ്പോള്‍ ഒരു പീടികയുടെ മുകളില്‍ ഒരു തുന്നല്‍ക്കാരന്‍‍ ഒരു ചെറിയ പാവാട തുണി തൂക്കിയിട്ടിരിക്കുന്നു. ഞാന്‍ എന്‍റെ മനസ്സില്‍ എന്‍റെ നാരായണിക്കുട്ടിയെ ഓര്‍ക്കുന്നു. ചാത്തുമാസ്റ്ററെ സമീപിക്കുന്നു. പാവാടക്ക് വില ചോദിക്കുന്നു. കേവലം 12 അണക്ക് പാവാട വാങ്ങുന്നു ഞാന്‍ പരീക്ഷ വരെ ഉടുത്തത് തോര്‍ത്ത് ‌ മുണ്ടാണ്, ബ്ലൌസും. അധികാരിയുടെ കൊച്ചുമകള്‍ക്ക് പാവാടയാണ് ഡ്രസ്സ്. എനിക്ക് പൂതിയില്ലഞ്ഞിട്ടല്ല മനസ്സില്‍. അച്ഛനെ വേദനിപ്പിച്ചുകൂടല്ലോ. അതുകൊണ്ട് പറഞ്ഞില്ലെന്നു മാത്രം. പരീക്ഷയ്ക്ക് പോകുവാന്‍ വേണ്ടി എന്‍റെ കാലീന്ന് വെള്ളിയുടെ പാദസരം ഉള്ളത് വിറ്റിട്ട് അടുത്ത വീട്ടിലെ ലക്ഷ്മിക്കുട്ടിയുടെ പാവാട വാങ്ങിയാണ് ഉടുത്തത്. അവള്‍ വാങ്ങിയിട്ട് ഒരു ദിവസം ഉടുത്തിട്ടെയുള്ളൂ. പഠിപ്പ് നിര്‍ത്തിയത് കൊണ്ട് പാവാട എനിക്ക് വിറ്റതാണ്. വീട്ടില്‍ അന്ന് പാവാട ഉടുക്കില്ല. അതാണ് അന്നത്തെ ചരിത്രം. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ വാങ്ങിയ പാവാടയാണ് ഒന്നര വയസ്സ് മാത്രമുള്ള നാരായണി ആദ്യമായി ഉടുക്കുന്നത്.

അധികാരിയുടെ മകന് സ്വന്തം സ്കൂളുണ്ട്. അന്ന് പഠിച്ചവര്‍ ചുരുക്കം. പെണ്‍കുട്ടികള്‍‍ വളരെ ചുരുക്കം. എനിക്ക് വേണ്ടി ഒരു സീറ്റ് കുഞ്ഞികൃഷ്ണക്കുറുപ്പ് കണ്ടുവെച്ചു. (ആളില്ലാത്ത അന്ന് സീറ്റ് എന്നെ കണ്ടു വെച്ചെന്ന് പറയണം). ഞാന്‍ പോകാന്‍ കൂട്ടാക്കിയില്ല. ഞാന്‍ ചെറുതായത് കൊണ്ട് കുട്ടികള്‍ എന്നെ കളിയാക്കുമെന്ന് ഒരു കാരണവും പറഞ്ഞു. കേവലം ആറു മാസത്തെ ട്രെയിനിംഗ് അതിന് പണം വേണ്ട. സ്കൂള്‍ വക പോയാല്‍ മതി. വടകര ട്രെയിനിംഗ് സെന്‍റര്‍‍. നടന്നു പോക്ക്. ചായ കുടിച്ച് ലേശം ചോറും എടുത്ത് രാവിലെ നടത്തം. വൈകുന്നേരം തിരിച്ചുവരവ്. ഒരു പൈസയും ചിലവില്ല. ജോലി റെഡി. ഈ വിഡ്ഢിയായ ഞാന്‍ അതില്‍ നിന്നൊഴിഞ്ഞു മാറി. ജ്യേഷ്ടന്‍ M.S.P യില്‍ ചേര്ന്ന് തിരിച്ചു വരുമ്പോള്‍ ഒരു കമ്മല്‍ കൊണ്ടത്തന്നു. അതാണ്‌ ആദ്യമായി ഒരു സ്വര്ണ്ണം കാണുന്നത്. അതും പഠിപ്പ് നിര്‍ത്തിയ ശേഷം. പിന്നെ ഫുള്‍ടൈം വീട്ട് ജോലിയായി. രാവിലെ അമ്മ വിളിക്കാതെ എണീക്കും. ഉമ്മറത്തെ വാതില്‍ തുറക്കും. എന്നിട്ട് ആദ്യം മുറ്റം നാലു ഭാഗവും ചാണകം പാറ്റല്‍, മുറ്റമടി. വീണ്ടും ചാണകം പാറ്റണം. ആദ്യം കോല അടിക്കും. പിന്നീട് കിണ്ടി തേച്ച് വെള്ളം വെച്ചു. അച്ഛന്‍റെ മുറുക്കാന്‍ പെട്ടിയില്‍ മുറുക്കാന്‍ എല്ലാം ഉണ്ടോ എന്ന നോട്ടം. അകമെല്ലാം അടിച്ചുവാരല്‍. അമ്മയ്ക്ക് അടുക്കളയില്‍ എല്ലാം എത്തിച്ചു കൊടുക്കല്‍. എന്നിട്ട് എന്‍റെ ലേശം വായന. എളിയ വായന.

ഗോപാലേട്ടന്‍റെ കൂടെയുള്ള ചെറുപ്പകാല ജീവിതം

ചെറുവണ്ണൂര്‍ സ്കൂളില്‍ ആറില്‍ പഠിക്കുന്ന കാലം. ഗോപാലേട്ടനും ഞാനും കൂടിയാണ് പോക്ക്. കുളിക്കും രാവിലെ. കുട്ടിയേട്ടന്‍ അരി അരച്ചു കൊടുക്കും. അമ്മ പത്തല്‍ ചുടും. അതും ചായയും കുടിച്ചാണ് പോക്ക്. ഉച്ചത്തേക്ക് ഒന്നുമില്ല. ഒരു തോര്‍ത്തു മുണ്ടും, ചെറിയ ബ്ലൌസും, മഴക്കാലത്ത് പനയോല കൊണ്ടുള്ള ഒരു കാക്കുടയും. കടലാസ് വാങ്ങി മൂത്ത ജ്യേഷ്ടന്‍ തുന്നിത്തരും നോട്ടും ബൌണ്ടും, മഷിക്കുപ്പി, സ്റ്റീല്‍ പെന്‍,റബ്ബര്‍,പെന്‍സില്‍, മലയാളം, ഇംഗ്ലീഷ്, സിവിക് സയന്‍സ്, ഭൂമിശാസ്ത്രം, കണക്ക്, എന്നീ വിഷയങ്ങള്‍ മാത്രം, അതിനുമാത്രമുള്ള നോട്ട്. ഒരു ഭാഗം ചോലില്‍ വെച്ച് കൈ കൊണ്ട് താങ്ങും. ഇതാണ് പോക്ക്. നടന്ന് ചെറുവണ്ണൂരേക്ക് പോരും. ധൃതിയില്‍. വഴിക്ക് വെച്ച് രണ്ടു കുട്ടികള്‍ കൂടും. അധികാരിയുടെ മകന്‍ ചിന്നക്കുറുപ്പും കൊച്ചുമകന്‍ ബാലക്കുറുപ്പും, കാരെതാഴപാലം കടക്കുമ്പോള്‍ ജ്യേഷ്ടന്‍ മുമ്പിലാണെങ്കില്‍ അടുത്ത കുട്ടി കൈ പിടിച്ച് പാലം കടത്തുവാന്‍ ശ്രമിച്ചാല്‍ ഞാന്‍ പിന്മാറും. ഗോപാലേട്ടന്‍ വന്ന് കൈ പിടിച്ചാല്‍ മതി. എന്താടാ നിന്നെപ്പോലെയല്ലെ ഞങ്ങള്‍ എന്ന് മറ്റവര്‍, കേവലം പത്തു വയസ്സ് ഉള്ള എനിക്ക് ആണ്‍കുട്ടികളോടുള്ള അകല്‍ച്ച. ഇതാണെ ന്‍റെ സ്വഭാവം. കിണര്‍ ലേശം ദൂരെയാണ്. വെള്ളം കോരുവാനായത് മുതല്‍ രാവിലെ വെള്ളം കോരി വീടിന്‍റെ എല്ലാ ഭാഗത്തും കലത്തില്‍ നിറച്ചു വെക്കും. വിറക് ഇഷ്ടം പോലെയുണ്ടാകും. അത് പാകത്തില്‍ അടുക്കി അടുക്കളയില്‍ വെച്ചു കൊടുക്കും. അനുജത്തി ജാനു മടിച്ചിയും ഉറങ്ങിയാല്‍ മതിയാവാത്ത കക്ഷിയും ആണ്. (സ്വഭാവം). അമ്മയെ സഹായിക്കില്ല. എപ്പഴും അച്ഛന് പുറത്ത് നിന്ന് ഒരാള്‍ വീട്ടില്‍ ലോഹ്യം പറയുവാന്‍ വേണം അപ്പോഴേക്കും ആദ്യം പെട്ടിയില്‍ മുറുക്കാന്‍ ഉണ്ടോ എന്ന് ഞങ്ങള്‍ നോക്കിക്കഴിയും. അടക്ക ഉരിച്ചതില്ലെങ്കില്‍ ഉരിച്ചിടും. അടുത്ത ഊഴം ചായ കൊടുക്കല്‍. ഇതല്ലാം ഞങ്ങള്‍ പാലിക്കേണ്ട ചിട്ടയാണ്. ഞാന്‍ പറഞ്ഞല്ലോ നാരായണിയുടെ ജനനം മുതല്‍ ദാരിദ്ര്യം മാറി. ധാരാളം കൃഷിയായി, പറമ്പായി, അവിടെ പണിയെടുക്കാന്‍ 365 ദിവസും പണിക്കാര്‍. കൂടെ അച്ഛനും. ഗോപാലേട്ടന്‍ എഴില്‍ പഠിത്തം നിര്‍ത്തിയതുമുതല്‍ അച്ഛന്‍റെ കൂടെ പണിയെടുത്തു തുടങ്ങി. അപ്പുക്കുട്ടിയെട്ടനെ അച്ഛനും അമ്മയും ഞങ്ങള്‍ ഇളയവരും ഒരു മാന്യനാക്കി കണക്കാക്കി, മാറ്റി നിര്‍ത്തി, മാറി നിന്ന് ഏട്ടന്‍ എട്ടില്‍ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. പിന്നെ M.S.P യില്‍ ചേര്‍ന്ന് 6 മാസം അവിടെ നിന്ന് ബ്രിട്ടീഷിന്‍റെ ജോലി വേണ്ടെന്നു വെച്ചു, രാജി വെച്ച്‌ ഇറങ്ങിപ്പോയതാണ്, ധീരപുരുഷനായി, ആ മാന്യതയാണ്‌ ഞങ്ങള്‍ ജീവിതത്തില്‍ ഒരു ഘട്ടം വരെ ആ ജ്യേഷ്ടന് കൊടുത്ത പദവി. അതാണ് ഗോപാലേട്ടനെ പണിക്കാരനാക്കിയത്, അമ്മ പശുവിനെ കറന്ന് പാല്‍ പീടികയില്‍ കൊണ്ടുകൊടുക്കുകയാണെങ്കിലും, ചായ കട്ടനാക്കിയാലും ഒരു ഗ്ലാസ് പാല്‍ അപ്പുക്കുട്ടിയേട്ടന് വെക്കും. അത് കുടിക്കാതെ പോയാല്‍ അയ്യോ എന്‍റെ മോന്‍ പാൽ കുടിക്കാതെ പോയല്ലോ എന്ന് സങ്കടപ്പെടും അമ്മ.

അവസാനം നല്ല പോലെ ശുശൂഷിച്ചാണ് അമ്മ മരിച്ചത്. മോളോ നല്ല പോലെ പരിചരിച്ചു. മരിച്ചിട്ട് സ്വന്തം സ്ഥലത്ത് ശവം അടക്കിയ മഹാനാണ് അനുജത്തി നാരായണിയുടെ ഭര്‍ത്താവ്. അത്രയും മഹാനാണ് അമ്മ പാല്‍ കുടിപ്പിച്ച മഹാനായ മകന്‍. ഗോപാലേട്ടന് പാല്‍ പോയിട്ട് പകല്‍ വീട്ടില്‍ സ്ഥാനമില്ല. അച്ഛനും പണിക്കാരും സ്വന്തം വയലിലായാലും പറമ്പിലായാലും പണിക്കിറങ്ങുമ്പോള്‍ മൂപ്പരും ഇറങ്ങും പണിയെടുക്കാന്‍. 5 മണിക്കാണ് വീട്ടില്‍ എത്തുന്നത്. സമൂഹമായി ബന്ധപ്പെടാന്‍ സമയം കിട്ടുന്നില്ല.

ഈ കുറിപ്പിന്‍റെ ഓഡിയോ രൂപം കേൾക്കാം. ശബ്ദം നല്‍കിയത് പി എല്‍ ലതിക.

(തുടരും)

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.