കെ. വി മോഹൻ കുമാറിൻ്റെ ‘ഉല’ എന്ന നോവലിൻ്റെ വായന
എൻ്റെ ദേശത്ത് ഞാൻ ജനിച്ചു വളർന്ന വീടിൻ്റെ അയൽപക്കങ്ങളിൽ പല ജാതിയിലും മതത്തിലും ജനിച്ച് പല പല വേലകളിൽ ഏർപ്പെട്ടിരുന്ന ആളുകൾ ഉണ്ടായിരുന്നു. കൽപ്പണി ചെയ്യുന്ന ഒരു കുടുംബമായിരുന്നു തൊട്ടയലത്തു താമസം. എന്നും കാലത്ത് പണിക്ക് പോകുന്നതിനു മുൻപായി കല്ലുളികൾ ഉലയിലിട്ട് മൂർച്ച കൂട്ടുന്ന അയൽക്കാരനെ കുഞ്ഞായിരുന്നപ്പോൾ മുതൽ അല്പം ഭയത്തോടെയാണ് കാണുക. അയാളുടെ മുഖത്തെ കല്ലിച്ച ഭാവവും കണ്ണുകളിലെ ചോരച്ചുവപ്പും എങ്ങുമല്ലാതെയുള്ള കൂർത്ത നോട്ടവും ഒക്കെ അന്നേ ഒരു ചിത്രമായി മനസ്സിൽ പതിഞ്ഞതാണ് . കറങ്ങുന്ന ചക്രം വീർപ്പിച്ച തുകൽസഞ്ചി തുപ്പിവിടുന്ന കാറ്റിൽ ആളുന്ന, കൽക്കരിക്കനൽത്തുണ്ടുകളിൽക്കിടന്ന് അയാളുടെ കല്ലുളികൾ ചുവന്ന് പഴുക്കും . അവയെ ഓരോന്നായി നീണ്ട കൊടിൽ കൊണ്ട് തോണ്ടിയെടുത്ത് അരികത്തെ മൺചട്ടിയിലെ തണുത്ത വെള്ളത്തിൽ മുക്കി അടിച്ചു കൂർപ്പിക്കുമ്പോൾ അയാളുടെ ബീഡിക്കറ പുരണ്ട ചുണ്ടുകളും അതിനൊത്ത് കൂർത്തു വരും. കനത്ത കൊട്ടി കൊണ്ട് വയം പോലെ തല്ലിയൊതുക്കി വീണ്ടും വീണ്ടും ഉലയിൽ പഴുപ്പിച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കേണ്ട അമ്പ് എന്നപോലെ അയാൾ പല വലുപ്പത്തിലുള്ള കല്ലുളികളെ ഒരുക്കും. ആളുന്ന കനൽത്തീയിൽ നിന്നും എമ്പാടും പറക്കുന്ന തീപ്പൊരികൾ അയാളുടെ കണ്ണിൽ നിന്നാണ് വരുന്നത് എന്ന് അപ്പോൾ തോന്നാറുണ്ട് .
പിന്നീട് രസതന്ത്രം ഐച്ഛികവിഷയമായ പഠനത്തിന്റെ ഭാഗമായി പലതരം ഉലകളെക്കുറിച്ചും ചൂളകളെക്കുറിച്ചും പഠിക്കുകയും പലതും നേരിട്ട് കാണുകയും ഉണ്ടായി. അകത്തെ ഉയർന്ന താപത്തിൽ ലാവ പോലെ തിളച്ചു മറിയുന്ന ലോഹക്കൂട്ടുകൾ ഉള്ള ഭീമാകാരത്തിലുള്ള ഫർണസ്സുകൾ. അവയിൽ പെരുമാറുന്ന യന്ത്രക്കൈകളെയും അവയുടെ യാന്ത്രികവൃത്തികളെയും ഞാൻ അവിടെ വെച്ചു തന്നെ മറന്നിരുന്നു. പിന്നീട് മോഹൻകുമാറിൻ്റെ ‘പ്രണയത്തിൻറെ മൂന്നാം കണ്ണ് ‘എന്ന നോവൽ വായിക്കുമ്പോൾ ആദ്യമായി ഞാൻ അന്നത്തെ എൻ്റെ അയൽക്കാരനെ മറ്റൊരു രൂപത്തിൽ കണ്ടു. ഒരു ലോഹപ്പണിക്കാരിയായി. പണിയാലയിരുന്ന് തൻ്റെ ലക്ഷ്യത്തിലേക്കുള്ള അമ്പിൻ്റെ മുന കൂർപ്പിക്കുകയായിരുന്നു അവൾ. ‘ഉല’ എന്ന പേരിൽ കെ.വി. മോഹൻകുമാറിൻ്റെ നോവൽ വായനക്കായി മുന്നിലെത്തിയപ്പോൾ ഈ രണ്ടു ലോഹപ്പണിക്കാരും വീണ്ടും ഒരിക്കൽ കൂടി മനസ്സിൽ ആവർത്തിച്ചു. ‘ഉല’ വായിച്ചു തുടങ്ങിയപ്പോൾ ഒരു വേള ഇത് പ്രണയത്തിൻറെ മൂന്നാം കണ്ണിൻ്റെ തുടർച്ചതന്നെ എന്ന് തോന്നുകയും ചെയ്തു.

പറയുന്നതത്രയും ഒരു ചരിത്രരേഖ പോലെ ഉള്ളിൽ പതിയുന്ന ആഖ്യാനമാണെങ്കിലും ഉലയെ ഒരു ചരിത്രനോവലായി വായിച്ചെടുക്കേണ്ടതില്ല. സഞ്ചാരികൾ പലരും ചെറിയ സൂചനകളായി രേഖപ്പെടുത്തിയതോ, വെറും കേട്ടുകേൾവികളെ യാത്രക്കുറിപ്പുകളായി എഴുതിവെച്ച് ചരിത്രമാക്കേണ്ടതില്ല എന്നു കരുതി മനപ്പൂർവം വിട്ടതോ( നോവലിൻ്റെ തുടക്കത്തിൽ തന്നെ എഴുത്തുകാരൻ അത് ബോധ്യപ്പെടുത്തുന്നുണ്ട് ) ആയ ചൂർണ്ണിയാറിനു തെക്കു ദേശങ്ങളിലെയും ചേരത്തെയും ബൗദ്ധന്മാരെക്കുറിച്ച്, കേരളത്തിൻ്റെ ബൗദ്ധപ്പഴമയെക്കുറിച്ച് പറയാൻ ഇത്തരം ചില നിശ്ശബ്ദതകളും സൂചനകളും ഉലയിൽ പലപ്പോഴായി സംഭവങ്ങളിലേക്ക് വികസിക്കുന്നുണ്ട്. ചരിത്രത്തിലും ഇതൊക്കെ സംഭവ്യമാണല്ലോ എന്ന് എഴുത്തു മനസ്സിനോടൊപ്പം വായനാമനസ്സും അതിനൊപ്പം അനുനാദപ്പെടുന്നു എന്നിടത്താണ് ‘ഉല’ എന്ന നോവൽ വിജയിക്കുന്നത്.
തെക്കുംദേശത്തൊരിടത്ത് പുറത്തേക്കെഴുന്നള്ളിച്ച തേവരുടെ ബിംബത്തെ ഒളിഞ്ഞു നോക്കി എന്ന കുറ്റത്തിന് മേൽജാതിക്കാർ കണ്ണുചൂഴ്ന്നെടുത്ത ഒരു കീഴാളൻ്റെ നിലവിളി അക്കാലത്തെ ഒരു സഞ്ചാരിക്ക് ബുദ്ധപ്പഴമയിലേക്ക് വെളിച്ചം വീശുന്ന ഒന്നായി മാറി . ‘എവിടെപ്പോയൊളിച്ചു ബൗദ്ധൻമാർ?’എന്ന അയാളുടെ അന്വേഷണത്തിൻ്റെ ഉത്തരം കാലത്തിന്റെ കറുത്ത തിരശ്ശീലക്കപ്പുറം ഉയരുന്ന — അയ്യോ, അയ്യയ്യോ, എന്റെയ്യോ — എന്ന അലമുറയിൽ നിന്നും സഞ്ചാരിക്കു ലഭിച്ചു . ‘തെക്കും ദേശത്തേ ബുദ്ധന്മാരെ ഒടുവിലിതാ കണ്ടെത്തി’ എന്ന് തൻ്റെ ദിനാന്ത്യക്കുറിപ്പുകളിൽ അന്ന് ആ സഞ്ചാരി എഴുതി.മറ്റൊരാളാവട്ടെ,പൂണൂലന്മാർ തുരത്തിയോടിച്ച ജൈനന്മാരേയും ബുദ്ധന്മാരേയും കുറിച്ച് പൂണൂലിട്ട വിടന്മാരായ കാർമുകന്മാർ വർണ്ണിച്ചറിഞ്ഞതും, ദാസിപ്പുരകളിലടച്ച പുത്തരച്ചിമാരുടെ ഉടൽവടിവിനെക്കുറിച്ച്, കേട്ടു മാത്രം അറിഞ്ഞതും ആയ കൂട്ടക്കുരുതികളെക്കുറിച്ച് എഴുതേണ്ടതില്ല എന്ന് ഉറപ്പിക്കുന്നുമുണ്ട്. ഈ സൂചനകളിൽ നിന്നും മൗനങ്ങളിൽ നിന്നും – അയ്യോ അയ്യയ്യോ എൻ്റെയ്യോ എന്ന അലമുറകളിൽ നിന്നും ഉടഞ്ഞ ബുദ്ധക്കല്ലുകളിൽ നിന്നുമൊക്കെ – ഉലയുടെ കഥാകാരൻ കണ്ടെടുക്കുന്നത് നമ്മുടെ ദേശത്തിൻ്റെ ബുദ്ധപ്പഴമയുടെ ചരിതം മാത്രമല്ല, ചരിത്രത്താളുകളിൽ തെളിയാതെ പോയ അധിനിവേശങ്ങളേയും പലായനങ്ങളേയും അരുംകൊലകളേയും കൂടിയാണ്. അതിലുപരി ഒരെഴുത്തിലും ഇടം നേടാതെ പോയ അക്കാലങ്ങളുടെ പെൺ പ്രതിരോധങ്ങളുടെ കഥകൾ കൂടിയാണ്.
എഴുതപ്പെട്ട ചരിത്രം സംശയിക്കപ്പെടേണ്ടതാണ് എന്നും ചരിത്രരചനകൾ പലതും പൊളിച്ചെഴുതപ്പെടേണ്ടവയാണ് എന്നുമുള്ള തിരിച്ചറിവും, എഴുതിച്ചവരുടെ ഭാവനയ്ക്കൊത്തു വളച്ചെടുത്ത ചരിത്രത്തിൽ തെളിഞ്ഞു വരുന്ന നേർത്ത വിടവുകളിൽ നിന്ന് എഴുതപ്പെടാതെ ചെളിയിലും ചതുപ്പിലും പൂഴ്ത്തിക്കളഞ്ഞ മറ്റൊരു ചരിത്രം കഥയായെങ്കിലും ഉയർന്നു വരേണ്ടതുണ്ട് എന്ന ബോധ്യവുമാവണം ‘ഉല’ യ്ക്കുള്ള കാരണബീജം. കാലദേശങ്ങളുമായി കൂട്ടിയിണക്കാതെ കഥയായി അത് അവതരിപ്പിക്കുമ്പോൾ ആ ചരിതങ്ങൾക്ക് പുതിയ തുറവികൾ ഉണ്ടാവുന്നു. അവിടെ അടിച്ചമർത്തപ്പെട്ടവരും തുരത്തപ്പെട്ടവരും അരുംകൊലചെയ്യപ്പെട്ടവരും അരികുവൽക്കരിക്കപ്പെട്ടവരും അവരവരുടെ ജീവിതം പറഞ്ഞു തുടങ്ങുന്നു. ഒട്ടും സംസ്കരിച്ചുയർത്താത്ത അവരവരുടെ ഭാഷയിൽതന്നെ. (നോവലിലെ ഈ ഭാഷ തന്നെ ഒരു ബൃഹത് പ്രബന്ധത്തിനുള്ള വിഷയമാണ് ).
കൊണാങ്കി മൂപ്പൻ പറഞ്ഞ എടങ്ങേറ് പിടിച്ച കാലത്തിന്റെ കഥയിലെ വീറുറ്റ പെണ്ണായ അഴലിയിൽ തുടങ്ങുന്നു തദ്ദേശീയരായ സ്ത്രീകളുടെ ചെറുത്തു നില്പിൻ്റെ ചരിതങ്ങൾ. വടക്കുനിന്ന് വന്ന കോടാലിരാമന്മാരുടെ, കടലിൽ നിന്നുള്ള ഭൂമി വീണ്ടെടുപ്പിന്റെ കേരളോല്പത്തിക്കഥയുടെ സ്ഥാനത്ത് കാട്ടിലേക്കു മഴുവെറിഞ്ഞ് കാടും കണ്ടലും പൊന്തയും വെട്ടിനിരത്തിയാണ് ഭൂമി വീണ്ടെടുത്തത് എന്ന പുരാവൃത്തം അവരെ പറഞ്ഞു കേൾപ്പിച്ചത് ഒരു പെണ്ണായിരുന്നു. അവളെ ആദ്യം കണ്ട കമ്മാളരുടെ ദൃഷ്ടിയിൽ തിരുച്ചാരണത്തെ ബുദ്ധപ്പള്ളിയിലെ പത്തിനി (പത്മാവതി) യുടെ രൂപമായിരുന്നു അവൾക്ക്. പെണ്ണായിപ്പിറന്ന ശിവപെരുമാളെന്നും പെൺബുദ്ധനെന്നും അവർ അവളെ കണ്ടു.
ഹീനജാതി എന്നൊന്നില്ലെന്നും ബുദ്ധരിൽ കീഴാളരോ മേലാളരോ ഇല്ലെന്നും ആർക്കും ബുദ്ധനാവാമെന്നും മാത്രമല്ല ‘നേർക്കേണ്ടവരെ നേർക്കാൻ’ ആവശ്യമെങ്കിൽ അഹിംസ കൈവെടിയാമെന്നും അവൾ അവരോട് പറയുന്നുണ്ട്. കൊല്ലേണ്ടിവന്നാൽ കൊല്ലണം എന്നുതന്നെ. ബുദ്ധൻ്റെ അഹിംസാമാർഗ്ഗവും നിയോഗിയുടെ ഹിംസാത്മകമായ അഭിപ്രായങ്ങളും തമ്മിലുള്ള ചേർച്ചക്കുറവിനെച്ചൊല്ലിയുള്ള മൂപ്പൻ്റെ നൈതിക ആശങ്കകളെ കാറ്റിൽ പറത്തുന്ന വാഗ്മിതയുള്ള പെണ്ണ് ബുദ്ധ ധർമ്മത്തെയും പാരമ്പര്യത്തെയും അപനിർമ്മിക്കുന്ന മട്ടിലുള്ള ഉപദേശം നൽകുകയും അതിന് ശ്രമണമാർഗ്ഗത്തിൽ നിന്ന് തന്നെ തെളിവുകൾ നിരത്തുകയും ചെയ്യുന്നുണ്ട്. ധാർമികതയെ മാത്രം അടിസ്ഥാനമാക്കിയുള്ള ചര്യകൾക്കോ അതിന്റെ ശരിതെറ്റുകളെ കുറിച്ചുള്ള പുനർവിചിന്തനങ്ങൾക്കോ ഒന്നും അവൾക്കായി മാറ്റി വെച്ച കർമ്മത്തിന്റെ വഴിയിൽ പ്രസക്തിയില്ല. സ്വകർമ്മാനുഷ്ഠാനത്തിൻ്റെ ലക്ഷ്യം തികച്ചും പവിത്രമായ ഒന്നാണെന്നുള്ള തിരിച്ചറിവ് മാത്രമായിരുന്നു അത് പ്രാവർത്തികമാക്കാനുള്ള വഴിയിൽ അവളെ മുന്നോട്ട് നയിച്ചതും . സ്വകർമം സാമാന്യമായ ഒന്നല്ല സവിശേഷമാണെന്നിരിക്കെ അതിൻ്റെ നൈതികതയും പ്രത്യേകം തന്നെയായിരിക്കും എന്നതായിരിക്കണം നിയോഗിയുടെ തികച്ചും ഋജുവായ ചിന്താപദ്ധതി. ഇതു തന്നെയാണല്ലോ ‘ബുദ്ധനും ഞാനും നരിയും’ എന്ന ഇടശ്ശേരിക്കവിതയിൽ,ബുദ്ധൻ്റെ കൽപ്രതിമ യെ ഉപയോഗിച്ച്, അതായത് ബുദ്ധനെത്തനെ നിരാകരിച്ചും അതേസമയം ആശ്രയിച്ചും, സ്വജീവനെടുക്കാൻ തയ്യാറായിനിന്ന നരിയെ അതിലെ സാധാരണ മനുഷ്യൻ നേർക്കുന്നതിന് അടിസ്ഥാനമായ ചിന്തയും.
ഉലയിലെ പുരുഷേതര കഥാപാത്രങ്ങളിൽ പ്രധാനപ്പെട്ടവർ ഏതാണ്ട് എല്ലാവരും തന്നെ നിയോഗിയുടെ ഈ ഒരു പോരാട്ടവീര്യം ഉള്ളിൽ പേറുന്നവരാണ്. പുരുഷാധിപത്യ സമൂഹം നിർമിച്ചിരിക്കുന്ന ചില പൊതു ബോധങ്ങൾക്ക്, സ്ത്രൈണം എന്ന് വിവക്ഷിതമായ ലോലവികാരങ്ങൾക്കും വിചാരങ്ങൾക്കും പ്രവൃത്തികൾക്കും ഒക്കെ മറുപുറം നില്ക്കുന്നവർ ആണ് അവരിൽ ഏറിയകൂറും. അത്തരത്തിൽ നോക്കുമ്പോൾ ഈ നോവലിൻ്റേത് ഒരു പെൺപക്ഷപ്രമേയം കൂടിയാണ്. അതുവഴി കഥയിലൂടെ, ചരിത്രത്തിലെ ചില തമസ്കരണങ്ങളിൽ നിന്നുള്ള വീണ്ടെടുപ്പിൻ്റേതു കൂടിയായി ഉല എന്ന നോവലിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യാനാവും.
നിയോഗിയിൽ തുടങ്ങി ഉലയിലെ കഥാപാത്രമായ ഒരു പെണ്ണും ചരിത്രത്തിൻ്റെ അടിക്കുറിപ്പുകളിൽ നിന്നു പോലും അപ്രത്യക്ഷരാവേണ്ടവരല്ല. ധൈഷണികതയിലും കായികക്ഷമതയിലും വിപദിധൈര്യത്തിലും നൈസർഗ്ഗികസൗന്ദര്യസമൃദ്ധിയിലും പുരുഷന്മാരെക്കാൾ എത്രയോ മുന്നിട്ടുനിൽക്കുന്നവരാണ് അവരൊക്കെയും. തീണ്ടിക്കൂടായ്മയുടെ നിയമങ്ങൾ വിളംബരം ചെയ്യാനെത്തിയ മഴു രാമനോട് “ഇതാർക്കട നിശ്ചയം….?” എന്ന മറുകേഴ്‌വി കേട്ട, ‘കഞ്ഞി കുടിച്ചാൽ ഞാറല്ല വീറാണ് തൂറുക ‘ എന്ന് വരത്തന്മാരുടെ കോയ്മയെ വേരോടെ തള്ളിപ്പറഞ്ഞ,മരണത്തിന് കീഴടങ്ങിയിട്ടും മഴുരാമൻമാരോട് പകപോക്കാനായി മാത്രം കലാകാലങ്ങളിൽ ചതുപ്പിറങ്ങി അലയുന്ന അഴലി. കൊറ്റവേയുടെ ആൾക്കോലം പൂണ്ടവൾ . മൂത്ത കമ്മാളൻ്റെ കഥയിലൂടെ അടുത്തറിഞ്ഞ്, നിയോഗിയുടെ നാഡി ഞരമ്പുകളിലൂടെ ഒഴുകിപ്പടർന്നവൾ. നിയോഗിയുടെ ജീവകലകൾ തോറും നിറഞ്ഞവൾ. മറ്റൊരാൾ മൈത്രേപി, ഉലയിലെ മൂന്നാംലിംഗ പ്രതിനിധി. ഉടലുകളുടെ കേവലമായ കൂടിച്ചേരലിനപ്പുറം ഓരോ ജീവകലയുടെയും പൂത്തുലയലായി മൈഥുനത്തെ അറിഞ്ഞ് ആസ്വദിച്ചയാൾ, സമൃക്കായ മനസ്സോടെ രതിയേയും ധ്യാനമാക്കിയയാൾ, പ്രണയത്തിലൂടെ നിർവാണത്തിലേക്ക് എത്താമെന്ന് കണ്ടെത്തി നിയോഗിയെ ആ അനുഭവത്തിലേക്ക് നയിച്ചയാൾ. നിയോഗി ചെന്നു ചേർന്ന മൂന്നാം യാനവഴിയിലെ പെൺകൂട്ടത്തിന്റെ നേതാവായിരുന്നു മൈത്രേപി. അഴലിയുടെ ചങ്കുറപ്പും വീറും മൈത്രേപിയുടെ നിർവാണസങ്കല്പവും രതിദർശനവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിയോഗി സ്വാംശീകരിച്ചു. മേൽ ജാതിക്കാർ തീണ്ടിപ്പെഴപ്പിച്ച പറയപ്പെണ്ണിൻറെയും പനിപിടിച്ച് അനാഥമരണം വരിച്ച തലപ്പുലയന്റെയും ചുടലച്ചാരം മേലാളനിയമങ്ങളേയും ശാസനകളെയും അതിലംഘിച്ച് ശരണത്രയീ മന്ത്രങ്ങളുടെ അകമ്പടിയോടെ സധൈര്യം കടലിനു കൊടുക്കാൻ അവൾ മുതിർന്നെങ്കിൽ അവിടം മുതൽ തുടർന്നുള്ള അവളുടെ പ്രവൃത്തികൾക്കെല്ലാം പിൻബലമായി വർത്തിച്ച പല അനുഗ്രഹങ്ങളിൽ ഇക്കണ്ടതും കേട്ടതുമായ ചാവുകളും വാഴ്വുകളും കൂടി ഉണ്ടായിരിക്കണം. അവ അവളെ ആതിച്ചഗുരു അനുഗ്രഹിച്ചയച്ച നിയോഗിയിൽ നിന്ന് കുറേക്കൂടി ഉരം വെച്ച മറ്റൊരു നിയോഗിയാക്കി മാറ്റിയ ചിത്രമാണ് ഉല പിന്നീട് തരുന്നത്. അതാകട്ടെ ചരിത്രാധിഷ്ഠിതമായ ഒരു വിരസകഥാഖ്യാനത്തിനപ്പുറത്തേക്ക് ഭാഷ കൊണ്ടും ആഖ്യാന ശൈലികൊണ്ടും ഒരു സസ്പെൻസ് ത്രില്ലർ പോലെ വായനക്കാരെ പിടിച്ചിരുത്തുന്നതുമാണ് എന്ന് പറയാതെ വയ്യ.
ബുദ്ധപ്പഴമയുടെ കടവേരിളകും മുൻപേ മൂന്നാം യാനത്തിന്റെ,വജ്രയാനത്തിൻ്റെ ബൗദ്ധവഴിയിലേക്ക് അടിയാളന്മാരും കീഴാളന്മാരുമാക്കപ്പെട്ട ബൗദ്ധരെ ആകമാനം തിരികെ കൊണ്ടുവരാൻ നിയോഗിക്കപ്പെട്ടവൾ ആയിരുന്നു കീർത്തിനി എന്ന നിയോഗി. ചീതയും ചെറുക്കിയും ചിരുതേവിയും അടങ്ങുന്ന ഉള്ളാടപ്പെൺക്കൂട്ടത്തെയും ഒളിഞ്ഞിരിക്കുന്ന ചതിയുടെ വലുപ്പം അറിയാതെ മേലാളർക്കു തോണി പണിയുന്ന ആൺകൂട്ടത്തെയും നിയോഗി തൻറെ സത്യവാക്കുകൾ കൊണ്ട് വശത്താക്കുന്നുണ്ട്. കോടാലിയെ കോടാലി കൊണ്ട് നേർക്കേണ്ട ആവശ്യം മാത്രമല്ല, വാക്കു പാലിക്കുക എന്നതിലെ നൈതികത നോക്കേണ്ടതില്ല എന്ന് സ്വകർമാനുഷ്ഠാനത്തിന്റെ മാത്രമായ സ്വന്തം നൈതികതയിലേക്ക് അവൾ അവരെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ക്രമത്തിൽ മറ്റു തുരുത്തുകളിലേക്കും തൻ്റെ വജ്രയാനനിയോഗവുമായി നിയോഗി എത്തുന്നു.
കരപ്പുറം ആകെ വന്നു മൂടാനിടയുള്ള വിപത്തിൻ്റെ വലുപ്പം അകക്കണ്ണാൽ അറിഞ്ഞിട്ടും അടിപതറാതെ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിനിടയിൽ നിയോഗിയോട് ശത്രുത പ്രഖ്യാപിക്കുന്നവരും ഉണ്ട്. കരപ്പുറമാകെ കൂടെ നിൽക്കുമ്പോഴും പ്രണയസ്പർദ്ധ പൂണ്ട രണ്ടു പേർ, പവനനും ചെന്തിലയും അവളെ ശത്രു സ്ഥാനത്താണ് കണ്ടത്. ഇതിൽ പവനൻ്റെ ശത്രുത അവനെ കൂട്ടത്തിലെ ഒറ്റുകാരനാക്കി . അത് എത്തിച്ചത് നിയോഗിയുടെ സഫലമാവാത്ത ദൌത്യത്തിൻ്റെ ദാരുണമായ അന്ത്യരംഗത്തേക്കും അതുവഴി ശ്രമണപാരമ്പര്യത്തിൻ്റെ പൂർണ്ണമായ തകർച്ചയിലേക്കും ആയിരുന്നു .
ഇനിയൊരു പോരാളി ഇളവെയിലിയാണ് . മനസ്സുകൊണ്ടും വപുസ്സു കൊണ്ടും ഒരുപോലെ ദാർഢ്യം കൊണ്ട മറ്റൊരു നിയോഗി. ഒരുപക്ഷേ നിയോഗിയിലും നിയോഗി. പെണ്ണിൻ്റെ മനോബലവും ആണിൻ്റെ കായബലവും ഒത്തവൾ. ആണുങ്ങൾ പോലും ‘ മുറിച്ചിട്ടാൽ മുറികൂടുന്നവൾ ‘എന്നു മതിക്കുന്നത്ര വീര്യമുള്ളവൾ, പ്രണയത്തിലും രതിയിലും കൂടെയുള്ള പുരുഷനെ പ്രകോപിപ്പിക്കും മട്ടിൽ തന്നെ മേൽക്കൈയാണ്ടവൾ . രതിയിൽപ്പോലും പ്രകടമാകുന്ന ആൺ കോയ്മയോടുള്ള പെൺ പ്രതിരോധത്തിൻ്റെ ഒരു കാണാച്ചരിതമാണ് നോവലിലെ പുരുഷായിതം എന്ന അദ്ധ്യായം പറയുന്നത്. നോവലിൻ്റെ അവസാനഭാഗത്തോടുപ്പിച്ച് പരാമർശിക്കുന്ന ഇളവെയ്ലിയുടെ ഇടപെടലുകളെല്ലാം തന്നെ ശ്വാസം പിടച്ചു കണ്ട ഒരു സിനിമയുടെ അനുഭവം തരുന്നതായിരുന്നു . അടിമയായി കൈമാറിയ കപ്പലിൽ നിന്നും കണ്ണുവെട്ടിച്ചു ചാടിയവളെക്കുറിച്ചു വായിക്കുമ്പോൾ അതുവരെ ഇളവെയ്ലിയെ വായിച്ചറിഞ്ഞ ആരും ‘അവൾ ഉയിരോടെ ഏതേലും കരക്കടിഞ്ഞു കാണുമോ?” എന്ന്.
മസൂദിയെ പ്പോലെ പ്രത്യാശിക്കാതിരിക്കില്ല.
നോവലിൻ്റെ പേരിൽ ‘ഉല’ എന്നതിന് അനുബന്ധമായി ‘നിയോഗിയുടെ സഞ്ചാരങ്ങൾ മസൂദിയുടേതും’ എന്നതു കൂടിയുണ്ടല്ലോ. വിസ്താര ഭയം കൊണ്ടുമാത്രം, തീർച്ചയായും പ്രതിപാദിക്കേണ്ടവയാണ് എന്ന് ഉറപ്പുണ്ടായിട്ടും കഥയുടെ പ്രധാനപ്പെട്ട പല അടരുകളെയും പരാമർശിക്കാതെ വിട്ട് കടന്നു പോവുകയാണ്. ഒപ്പം മസൂദിയുടെ കപ്പലനുഭവക്കുറിപ്പുകളേയും. എങ്കിലും മസൂദിയുടെ പ്രണയ സഞ്ചാരങ്ങളെ കുറിച്ച് ഒന്ന് പറഞ്ഞു പോകാതെ വയ്യല്ലോ. വിചാരിക്കുമ്പോൾ അവന്റെ മൊഴി നാവിൽ വിളയാടുന്ന നിയോഗിയുടേയും കൂടി സഞ്ചാരമാണല്ലോ അത്.
എങ്കിലും
“ദേശാടകനായ ഈ സഞ്ചാരിയോടവൾക്കു
പ്ര ണയമുണ്ടോ? ഒരിക്കലുമതു
ചോദിച്ചിരുന്നില്ല. ഉള്ളിലെ
പ്രണയം പറഞ്ഞതുമില്ല. ഒന്നു തീർച്ച. ഈ ഭൂമിയിൽ മറ്റാരും അവളെ ഇത്രമേൽ പ്രണയിക്കുന്നുണ്ടാവില്ല. ഉള്ളിൽ അവളോടുള്ള ഇമ്പം എത്ര ആഴത്തിലാണെന്നു ഞാനിതാ അറിയുന്നു. പ്രണയമെന്നൊരു
വാക്ക് അവൾ ഉരുവിട്ടിരുന്നെങ്കിൽ. “
എന്ന് മസൂദിയും
“സഞ്ചാരീ, നിന്റെ വേർപാടിന്റെ തീ എന്റെ ഉള്ളകങ്ങളെ വേവിക്കുന്നു. കാണാദൂരങ്ങളിലേക്ക് നീ അകന്നു പോയല്ലോയെന്ന ആധി
എന്നെ വല്ലാതെയുലയ്ക്കുന്നു. “.
എന്ന് നിയോഗിയും ചിന്തിച്ചിട്ടും
പ്രണയത്തിലൂടെയാണ് നിർവാണത്തിലേക്കുള്ള പാത എന്ന് ശ്രാവകൻമാരോട് പറഞ്ഞ ശാക്യമുനിയുടെ പിന്തുടർച്ചക്കാരി പക്ഷേ ആ വഴിയിലൂടെയല്ല നിർവാണാവസ്ഥയിലേയ്ക്കെത്തുന്നത്. എന്നു മാത്രമല്ല നിർവാണത്തിൻ്റെ ഉറവ് എന്ന് പേരിട്ട അദ്ധ്യായത്തിൽ ജന്മത്തിൻ്റെ തുടക്കത്തിലെ ഉറവുകളോട് , ചതുപ്പിൽ മറഞ്ഞ അവളുടെ ജനയിതാക്കളോട് അവൾ മരിച്ചുചേരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. അതു വഴി അവസാനിച്ചത് ഒരു മതമല്ല മറിച്ച് മഹത്തായ ഒരു ജീവിതചര്യയുടേയും മാനുഷിക സമീപനങ്ങളുടേയും പുനരുജജീവനത്തിനുള്ള ഒടുവിലത്തെ ശ്രമങ്ങൾ കൂടി ആയിരുന്നു എന്നത് കഥയുടെ വേദനാജനകമായ പരിസമാപ്തിയാവുന്നു.
ഒരു കേവലവായനക്കാരി എന്ന നിലയിൽ പെൺ പ്രതിരോധത്തിൻറെ മറ്റൊരു വഴിയ്ക്കുള്ള സാദ്ധ്യത ഉലയുടെ വായനയുടെ ഇടയിലെപ്പോഴോ മനസ്സിൽ കയറിക്കൂടിയിരുന്നു എന്നതു കൊണ്ടാവണം നിയോഗിയുടെ മരണം അപ്രതീക്ഷിതമായ ഒന്നായിരുന്നു എന്നതൊഴിച്ചാൽ എന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വായനാനുഭവമായിരുന്നു ഉല.
കവര്‍: സി.പി. ജോണ്‍സണ്‍
