പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം – ഒരു ഉത്തരം

ഒരു ചോദ്യം – ഒരു ഉത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം:
പിഎം ശ്രീ യിൽ ചേരാൻ ഉള്ള ധാരണാപത്രത്തിൽ കേരളത്തിലെ ഇടതു സർക്കാർ ഒപ്പുവച്ചത് ശക്തമായ എതിർപ്പിന് പാത്രീഭവിച്ചു. അത് NEP യി ൽ ചേരാനുള്ളതിന്റെ ആദ്യത്തെ ഉടമ്പടി ആണെന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടു പദ്ധതികളുടെയും ഏകദേശ രൂപരേഖ ഏറെക്കുറെ ഇതിനകം പുറത്തുവരികയും ചർച്ചയാവുകയും ചെയ്തു. ഇടതു സർക്കാർ അതിന്റെ ഇതുവരെയുള്ള നിലപാടുകൾ വിട്ടു ഹിന്ദുത്വ അജണ്ടക്ക് വഴങ്ങി എന്ന് പരക്കെ ആക്ഷേപം ഉയർന്നു. ഈ വാദത്തിൽ കഴമ്പുണ്ടോ?

തുടർന്ന് സംസ്ഥാനം പദ്ധതിയിൽ നിന്നു പിൻവാങ്ങാനുറച്ചതിനെ കുറിച്ചു എന്താണ് പറയാനുള്ളത്?

ഉത്തരം:
കെ ബി വേണുഗോപാൽ

ഇതിനകത്ത് മുഖ്യമായ ഒരു വിഷയം എന്താണെന്ന് വെച്ചാൽ, ഇപ്പോഴത്തെ അവസ്ഥയിൽ വിദ്യാഭ്യാസ രംഗത്ത് ആശയരൂപീകരണം, ആസൂത്രണം, ആവിഷ്കരണം എന്നിവക്ക് NCERT, SCERT എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ ഉണ്ട്. കരിക്കുലം, സിലബസ്, എന്നിവയുടെ design, content എന്നിവ തീരുമാനിക്കാനുള്ള സംവിധാനങ്ങൾ ആണവ. അതൊക്കെ മാറിയിട്ട് ഒരു National education commission കൊണ്ടുവരാനാണ് NEP യുടെ പദ്ധതി. പിന്നീട് ദേശവ്യാപകമായിട്ട് അവരാണ് ഈ സംഗതികളൊക്കെ നോക്കുക. വേറൊരു കാര്യം യുജിസി, എഐസിടിഇ എന്നിവയൊക്കെ ഇല്ലാതാവും. അവയ്ക്ക് പകരം പുതിയതായി ദേശീയമായി ഒരേ ഒരു സ്ഥാപനം കൊണ്ടുവരും. Higher Educatin Commission.

സത്യത്തിൽ എന്താണ് ഇവിടെ സംഭവിക്കുക? ഒരു ഭരണസംവിധാനത്തെ കൂടുതൽ വികേന്ദ്രീകരിക്കുകയും കൂടുതൽ വിഭാഗങ്ങൾ (wings) ഉണ്ടാക്കുകയും ചെയ്യുന്നത് കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ ആണ്. കേന്ദ്രീകരിക്കുമ്പോൾ കാര്യക്ഷമത കൂടുമോ കുറയുമോ എന്ന് ആലോചിച്ചാൽ തന്നെ മനസ്സിലാകും. Efficiency കൂട്ടുക എന്നതല്ല ഇവിടുത്തെ വിഷയം. ഒരേയൊരു കേവല മാതൃകയെ (stereo type )നെ ഉണ്ടാക്കുക എന്നാണ് ഉദ്ദേശം. അത് ഒരുതരം സാംസ്കാരിക ദേശീയതയെ ( Cultural nationalism) വളർത്തുവാൻ വേണ്ടിത്തന്നെയാണ്.അങ്ങനെ Cultural nationalisam ത്തിനെ ശക്തിപ്പെടുത്താനുള്ള ശ്രമം എന്ന് പറയുന്നത് ഇത്രയും വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും . ഇത് സത്യമാണ്. അതങ്ങനെ നടന്നുപോകുമെന്ന് വിചാരിക്കുന്നത് വലിയ അബദ്ധമാണ്. മനുഷ്യരുടെ മനസ്സിനെ മനസ്സിലാക്കാത്തത് കൊണ്ടാണ്. ജനത്തിന്റെ മനസ്സിനെ മനസ്സിലാക്കാത്തവർക്ക് മാത്രമേ അങ്ങനെ എല്ലാം ശരിക്ക് നടന്നു പോകുമെന്ന് വിചാരിക്കാൻ പറ്റൂ.

പിന്നെ ഒരു കാര്യം,ഈ പ്രോ ഹിന്ദുത്വ ഏജൻസികളുടെ ഒരു രീതി വളരെ തന്ത്രപരമായി കാര്യങ്ങൾ നീക്കുക എന്നതാണ്. ഒരുപക്ഷേ അവർ പറയും എൻ സി ഇ ആർ ടി, എസ് സി ആർ ടി എന്നീ സ്ഥാപനങ്ങളൊക്കെ തുടർന്നും ഉണ്ടാവും, സംസ്ഥാനങ്ങളുടെ പാഠപദ്ധതികളൊക്കെ അവർ തന്നെ തീരുമാനിക്കും എന്നൊക്കെ. നിലവിൽ വന്നു കഴിയുമ്പോൾ ആണ് ഇതിന്‍റെയൊക്കെ പ്രത്യേകതകൾ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്. നമ്മൾ കണ്ടിട്ടില്ലേ, ഒരു ബില്ല് പാസാക്കി കഴിയുമ്പോൾ ഒരു ആക്ട് ഉണ്ടാവും. പിന്നീട് ചട്ടങ്ങൾ നിർമ്മിക്കും. ചട്ടങ്ങളൊക്കെ ആയി വരുമ്പോഴാണ് നാം അതിന്റെ പ്രത്യേകതകളൊക്കെ മനസ്സിലാക്കുക. എന്ന് പറഞ്ഞതുപോലെ തന്നെ ഇവർ പിടിമുറുക്കാൻ പോകുന്നത് അടുത്തതായി വരുന്ന ഓരോ ഘട്ടങ്ങളിൽ വെച്ചാണ്. അത് വല്ലാത്ത സമ്മർദം ഉണ്ടാക്കും. ഒരു കാര്യവുമില്ലാതെ റെസിസ്റ്റൻസ് ഉണ്ടാവും.

ഇവിടെ നടക്കുന്ന എല്ലാം ശരിയാണെന്നല്ല ഞാൻ പറയുന്നത്. ഒത്തിരി മാറ്റങ്ങൾ ആവശ്യമുള്ള ഒരു മേഖല തന്നെയാണ് വിദ്യാഭ്യാസമേഖല. പക്ഷെ അവിടെ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാവേണ്ടത്. ശരിക്കു പറഞ്ഞാൽ ഇവർ കൂടുതൽ ശാസ്ത്രാഭിമുഖ്യത്തോടു ( scientific temperament ) കൂടി കാര്യങ്ങൾ കാണേണ്ട ഒരു ഘട്ടത്തിൽ നേരെ തിരിച്ചു സഞ്ചരിക്കുന്നതാണ് കാണുന്നത്. മെക്കാളെയെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും, അന്ന് പോലും നമ്മുടെ പാഠ പദ്ധതികളൊക്കെ ഉണ്ടാക്കുന്നത് നമ്മൾ തന്നെയായിരുന്നു. ഓരോരോ സംസ്ഥാനങ്ങളിലും അവിടെയുള്ള വിദ്യാഭ്യാസ വിചക്ഷണന്മാർക്ക് മുഖ്യമായ റോളുകൾ ഉണ്ടായിരുന്നു.

80 കളുടെ അവസാനത്തിൽ നടന്ന ഒരു സംഗതിയെ കുറിച്ച് പറയാം. യുജിസി ഒരു പാഠ്യപദ്ധതി പരിഷ്കരണം നടത്തി. അത് കേരളത്തിലൊന്നും ഉണ്ടായിട്ടില്ല. അന്ന് കേരളത്തിലെ കോളേജുകളെയൊന്നും യുജിസിയിൽ എടുത്തിട്ടില്ലല്ലോ. ഞാനന്ന് മധ്യപ്രദേശിൽ ഭോപാലിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഓരോ പ്രൊഫസറുടെ കയ്യിലും ധാരാളം പേജുകളുള്ള ഒരു ഡോക്യുമെന്റ് എത്തുകയാണ്. അത് ഒരു ചോദ്യാവലിയാണ്. അതിനകത്തുള്ള കാര്യങ്ങളക്കുറിച്ച് ഓരോ പ്രൊഫസർക്കും ഉത്തരങ്ങളും പ്രതികരണങ്ങളും കൊടുക്കാം. അതൊക്കെ ശേഖരിച്ചു സമാഹരിച്ചിട്ടാണ് അന്ന് യുജിസിയിൽ മാറ്റങ്ങൾ വരുത്തിയത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനൊക്കെ വേണ്ടി തന്നെയാണ് ആ excercise നടത്തിയത്. മറിച്ച്, ഇപ്പോൾ ആരോ എവിടെയോ ഇരുന്നു ഓരോ സാധനം ഇങ്ങോട്ട് ഇറക്കി വിടുകയാണ്. എന്ത് കഷ്ടമാണെന്ന് ഒന്നാലോചിച്ചു നോക്കൂ ഇവിടുത്തെ അധ്യാപകരും ബൗധിക സമൂഹവും ( intelligentia) ഒക്കെ വെറും വിഡ്ഢികളാണോ? ഇവിടുത്തെ ജനങ്ങളോട് എന്തെങ്കിലും പരിഗണന കൊടുക്കുന്നുണ്ടോ? എത്ര നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും അത് എങ്ങനെ ചെയ്തു എന്നതിന് വലിയ വിലയുണ്ട്. ഉണ്ടാവണം. ജനാധിപത്യത്തിന്റെ പ്രാണനാണ് അത്. എത്ര വലിയ തീരുമാനവും എടുക്കാം. പക്ഷേ ജനങ്ങളെ അറിയിച്ചുകൊണ്ട് വേണം അത്.

ഇപ്പോൾ തന്നെ കേരളത്തിൽ എന്താണ് സംഭവിച്ചത്? ജനാധിപത്യത്തിന് തന്നെ തുരങ്കം വെക്കപ്പെടുകയാണ്. ഒരു മന്ത്രിസഭയിൽ മന്ത്രിമാർ അറിയാതെ തീരുമാനമെടുത്തു എന്നു പറഞ്ഞാൽ എങ്ങനെയാണ്? തീരുമാനം ശരിയോ തെറ്റോ എന്നുള്ളത് രണ്ടാമത്തെ വിഷയമാണ്. പക്ഷേ എങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകുന്നു എന്നുള്ളത് വലിയൊരു സംഗതിയാണ്. അതുപോലെ രാജ്യത്ത് പല കാര്യങ്ങളും നടക്കുന്നുണ്ട്. നാഷണൽ എഡ്യൂക്കേഷൻ കമ്മീഷൻ വരുന്നു, ഹയർ എജുക്കേഷൻ കമ്മീഷൻ വരുന്നു. പിന്നെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന് പറഞ്ഞ് ഒന്ന് വരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനപ്പരീക്ഷകൾ ഒക്കെ നടത്താനായിട്ട് ഒരു നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന് കേൾക്കുമ്പോൾ, ഒരുപക്ഷെ നമുക്ക് തോന്നാം, അത് നല്ലതല്ലേ എന്ന്. ഒരു കേന്ദ്രീകൃത ഏജൻസി നടത്തിയാൽ അതിന്റെ design, format എന്നിവ എന്തായിരിക്കും? എങ്ങനെയാവും ഈ ഏജൻസി വർക്ക് ചെയ്യുക എന്ന് നമുക്കറിയാമോ? ഇതിനെയൊക്കെ സംശയത്തോടെ വീക്ഷിക്കുന്നതിന്റെ കാരണം ഇതിന്റെ പിന്നിൽ നിൽക്കുന്നവരുടെ തന്ത്രവും കൗശലവും തന്നെയാണ്. നമുക്ക് അങ്ങനെ ലാഘവത്തോടെ വിശ്വസിക്കാൻ പറ്റിയവർ അല്ല. ഒരു നല്ല ഉപകരണം പോലും കുല്സിതമായ താല്പര്യങ്ങൾ ഉള്ളവരുടെ ( crooked minded people) കയ്യിൽ കിട്ടിയാൽ അവർ അതിനെ വല്ലാതെ നശിപ്പിക്കും. അതൊരു വലിയ വിഷയം തന്നെയാണ്.

പിന്നെ indegenuous knowledge system നെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ വളരെയേറെ അനുഭവിക്കുന്ന സംഗതിയാണ് അത്. ഇവിടെ ആയുർവേദയുണ്ട്, പല ആൾട്ടർനേറ്റീവ് മെഡിസിൻസ് ഉണ്ട്. അവയെ യുക്തി കുറവായിരിക്കും എന്നതുകൊണ്ട് ശാസ്ത്രം എന്ന് പറയേണ്ട, വിജ്ഞാനം എന്ന് പറയാം. അവയെക്കുറിച്ചും പഠിക്കാനും അവയുടെ പ്രസക്തി എന്താണെന്ന് മനസ്സിലാക്കാനും ഒക്കെ സംവിധാനം ഉണ്ടാവണം. ഞാൻ പറയുന്നത് ജ്യോതിഷം പഠിക്കാം. അതിൽ എന്താണ് തെറ്റ്? ജ്യോതിഷത്തിന്റെ രീതികളെ കുറിച്ച് പഠിക്കട്ടെ. അതൊന്നും തെറ്റാണെന്ന് ഞാൻ പറയില്ല. അതൊക്കെ ഫൈനൽ ആണെന്നോ അതിന്റെ പ്രസക്തി എന്താണെന്നോ എന്നുള്ളതല്ല, ഓരോ വിജ്ഞാനശാഖ എന്ന നിലയ്ക്ക് ഓരോന്നിനും പ്രസക്തിയുണ്ട് പക്ഷെ ഇവിടെ പ്രശ്നം അതല്ല. കുറച്ചു കഴിയുമ്പോഴേക്കും ഇവയെല്ലാം ഇവരുടെ വഴിക്ക് കൊണ്ടുപോകാനുള്ള ഉപകാരണങ്ങളാക്കി (tools) മാറ്റും എന്നുള്ളതാണ് കാണേണ്ടത്. അതിന് ഒരു തർക്കവും വേണ്ട, അത് ഉണ്ടാവുക തന്നെ ചെയ്യും. അതെനിക്ക് വലിയ ഒരാശങ്കയുണ്ടാക്കുന്നതാണ്.

ഇത് ഞാൻ പറയുമ്പോൾ ഏതെങ്കിലും പക്ഷങ്ങളെ പ്രതിനിധീകരിച്ച് പറയുകയൊന്നുമല്ല. ശരിയാണ് പലതരത്തിലുള്ള പ്രതിലോമകരമായ ശക്തികൾ ഇവിടെയുണ്ട്. ഇല്ലെന്നൊന്നും അല്ല. അവയെ എങ്ങനെയാണ് നേരിടേണ്ടത് എന്നുള്ളതാണ്. അവയെ നേരിടാൻ വേണ്ടി ഒരു ഹിന്ദുത്വ കൾച്ചറിനെ ഇവിടെ പ്രൊമോട്ട് ചെയ്തു കൊണ്ടുവരിക എന്നൊന്നുമല്ല വേണ്ടത്. എങ്ങും പെടാത്ത, നാലോ അഞ്ചോ പത്തോ തരത്തിലുള്ള ശക്തികൾ ഉണ്ടെങ്കിൽ ആ പത്ത് ശക്തികളിൽനിന്നെല്ലാം അകലം പാലിക്കുന്ന ഒരു സ്വതന്ത്രമായ ഇടം (ഫ്രീ സ്പേസ്) ഉണ്ടായിരിക്കും. ആ ഫ്രീ സ്പേസിൽ ചിന്തിക്കുകയും ആ ഫ്രീ സ്പേസിന് പ്രസക്തി കൊടുക്കുകയും ചെയ്യുന്ന ഒരു ശക്തി ഇവിടെ ഉണ്ടാവണം. ആ ശക്തിയെ ഇവിടെ നിലനിൽക്കാൻ അനുവദിക്കുമ്പോൾ മാത്രമേ നമ്മൾ പുരോഗമനകാംക്ഷികൾ (forward looking) ആണെന്ന് പറയാൻ പറ്റുകയുള്ളൂ. എങ്ങോട്ടെങ്കിലും ചാഞ്ഞാൽ എങ്ങോട്ടെങ്കിലും ചാഞ്ഞത് തന്നെയാണ്. ആ ചായ്‌വ് കൊണ്ട് നാളെ പ്രയോജനം ഉണ്ടാവും എന്ന് പറയുമ്പോൾ നാളെ അപകടവും ഉണ്ടാവും. അതുകൊണ്ട് ഈ ആശങ്കകളൊക്കെ വളരെ വളരെ ഗൗരവമുള്ളവ ആണെന്നാണ് ഞാൻ ചിന്തിക്കുന്നത്. NEP യുടെ വകയായി ഒരു മോറൽ എഡ്യൂക്കേഷൻ, citizen എഡ്യൂക്കേഷൻ component ഒക്കെ ഇവിടെ കൊണ്ടുവരും. അതോടെ ഇവിടെ ഒരു കൊച്ചു ഹിന്ദുതാലിബാൻ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാവും.

പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് നല്ലതുതന്നെ. പക്ഷേ ഇപ്പോൾ സർക്കാരിന് വേറൊരു കാര്യം പറയാൻ പറ്റും. കിട്ടാനുള്ള പണത്തിന്റെ ഒരു വിഷയം. കിട്ടാനുള്ള പണം എന്ന് പറയുന്നത് ഒരു ഔദാര്യം ഒന്നുമല്ല. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾക്ക് അർഹമായ പണം ലഭിക്കേണ്ടതാണ്. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സംസ്ഥാനങ്ങൾക്ക് പണം കൊടുക്കുന്നതിൽ വളരെയധികം വേർതിരിവും, പക്ഷപാതവും കാണിക്കുന്നുണ്ട്. വയനാട്ടിലെ പുനരധിവാസത്തിൽ അത് നമ്മൾ കണ്ടതാണ്. ഇങ്ങനെയുള്ള വിഷയങ്ങൾ ഒരു ഫെഡറൽ സംവിധാനത്തിൽ പരിഹരിച്ച് കിട്ടാൻ വേണ്ട നിയമപരവും രാഷ്ട്രീയവുമായ നീക്കങ്ങൾ ശക്തമായി നടത്തുക എന്നുള്ളതാണ് ചെയ്യാനുള്ളത്. അതിനുള്ള ശക്തിയും ആർജ്ജവവും മാത്രമല്ല ധാർമികമായിട്ടുള്ള ഒരു ബലവും കൂടി സംസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളും നേടേണ്ടതുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയും അതിന്റെ നേതൃത്വവും എപ്പോഴാണോ ധാർമികമായും മറ്റും ദുർബലമാകുന്നത് അപ്പോൾ അവയ്ക്കു മുകളിൽ ഇതുപോലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ മറ്റൊരു ശക്തമായ കക്ഷിക്ക് അധികാരത്തിൽ ഇരിക്കുമ്പോൾ കഴിയും. അതിൽ നിന്നൊക്കെ പാഠം ഉൾക്കൊള്ളണം. പാഠം ഉൾക്കൊള്ളുകയും കൃത്യമായ രീതിയിൽ ശക്തിയാർജ്ജിക്കുകയും വേണം. അതിന് മറ്റു സംസ്ഥാനങ്ങളിൽ ഉള്ള ബിജെപിയിതര സർക്കാരുകളുമായിട്ടൊക്കെ കൂടിയാലോചിക്കണം. വേണ്ടരീതിയിൽ നിലപാട് എടുക്കാൻ കഴിയണം. ഇപ്പോൾ ഒരു നോട്ടം നോക്കിയാൽ നമുക്കൊരു ഇന്ത്യ മുന്നണി ഉണ്ട്. പക്ഷെ അത് എത്രത്തോളം ഫലപ്രദമാണെന്നാലോചിക്കുമ്പോൾ വളരെ നിരാശയാണ്. സാധാരണക്കാർ, ബിജെപിക്ക് കൃത്യമായ ബദൽ എന്ന നിലയ്ക്ക് കാണാൻ ആഗ്രഹിക്കുന്നവർ നോക്കുമ്പോൾ അതിനുള്ള എന്തെങ്കിലും അതിൽ ഉണ്ടെന്ന് തോന്നുന്നില്ല. അതൊക്കെയാണ്‌ ഇപ്പോൾ നമ്മുടെ മുന്നിൽ വിഷയങ്ങളായിട്ടുള്ളത്.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.