നദികളുടെ യാത്രകൾ
“കിത്നി പുരാണീ ധാരാ സുഖയീ…കിത്നി പുരാണീ ധാരാ ബദൽ ഗയീ”
എത്ര നീരുറവകള്‍ വറ്റിവരണ്ടു…എത്ര നീരുറവകള്‍ മാറിയേ പോയി.
എന്‍ ഡി ടി വി പ്രൈം ടൈമിൽ രവീഷ് കുമാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ എന്നെയത് ബീഹാറിന്റെ ഓര്‍മകളിലേക്ക് കൊണ്ടുപോയി . യാത്ര ചെയ്താല്‍ തീരാത്ത ഗ്രാമങ്ങള്‍. ചമ്പാരനും ദര്‍ഭംഗ സഹര്‍സയും സുപോലും കഗാഡിയയയും ഭഗല്‍പൂരും. അതിന്റെയോരം ചേർന്ന് വളഞ്ഞും പുളഞ്ഞും പ്രണയിക്കുന്ന ബാഗ്മതിയും ഗണ്ടകും കോശിയും ബൂരി ഗണ്ടകും അങ്ങിനെ എത്ര ജലാശയങ്ങൾ. വെള്ളപ്പൊക്കത്തിന്റെ മനുഷ്യജീവിതത്തിന്റെ കഷ്ടപ്പാടിന്റെ വിഫലമായ പൊരുതലിന്റെ കാഴ്ചകള്‍.
രവീഷ് കുമാര്‍ തുടര്‍ന്നു. ബീഹാറിന്റെ നദികളുടെ ചരിത്രം എഴുതിയ ഹവല്‍ദാര്‍ ത്രിപാഠിയുടെ മൂന്നു പുസ്തകങ്ങളുടെ ഒരു പരിചയപ്പെടുത്തലായിരുന്നില്ല അത് മറിച്ച് ബീഹാറിന്റെ പ്രളയജീവിതത്തിലൂടെ നനഞ്ഞ മണ്ണിലൂടെ നദികളോടൊന്നിച്ചുള്ള ഒരുരുമ്മി നടത്തം തന്നെയായിരുന്നു.
നദികള്‍ സംസ്കാരമാണ് ജീവിതമാണ് നിര്‍ത്താതെ ഒഴുകലാണ്. അത് ജലത്തിന്റെ കുമ്പിളാണ്. നമ്മള് നടന്നു തുടങ്ങുന്ന കാലം മുന്‍പെ തന്നെ നദികള്‍ സ്വച്ഛന്ദമായി ഇഷ്ടംപോലെ വഴിമാറി, വളഞ്ഞു തിരിഞ്ഞു തനിക്ക് തോന്നിയത് പോലെ ഒഴുകിയിരുന്നു. ഈ ഒഴുക്കിലായിരുന്നു സ്നേഹവും പ്രണയവും സംഗീതവും തോളോട് തോളുരുമ്മി നടന്നിരുന്നത്.
ബീഹാറിന്റെ ഭൂമിയെ സൃഷ്ടിച്ചത് പരന്നുകിടക്കുന്ന ജലഭരണികളായ ഈ നദികളാണ്. അതില്‍ ഭൂരിഭാഗവും തിബറ്റിലും നേപ്പാളിലും ജനിച്ച് ഉത്തര ബീഹാറില്‍ അതിഥികളെപ്പോലെ വന്നിറങ്ങുന്നവളാണ്. പിന്നീട് ബീഹാറിന്റെ ദേവിയും മകളും ജനനവും മരണവും ഒക്കെ ആവുകയാണ്. അതുപോലെ ബീഹാറിന്റെ നെഞ്ചിലൂടെ ഒരു വര വരച്ച് പടിഞാറ് നിന്ന് കിഴക്കോട്ടൊഴുകുന്ന ഗംഗ കൂടുതൽ ദക്ഷിണ ബീഹാറിനെ പുതപ്പിക്കുന്നു. ഗംഗയ്ക്കു വടക്കും തെക്കും ജീവിതങ്ങള്‍ രണ്ടും രണ്ടാണ്.
ബൂരി ഗണ്ടക് ഒഴികെ മറ്റെല്ലാ നദികളും നേപ്പാളില്‍ നിന്ന് തെന്നിവീണ് വടക്കന്‍ ബീഹാറിലെ അന്തമില്ലാത്ത പൂർവജനിസ്മൃതികളിലൂടെ സ്ഥലികളിലൂടെ കിതച്ചും കിസ്സ പറഞ്ഞും തുള്ളിച്ചാടിയും കൃഷിയെയും മനുഷ്യനെയും പച്ചയായി നനച്ച് മിഥിലയിലൂടെയും സീതാമഡിയിലൂടെയും ചമ്പാരന്‍ സുപ്പോള്‍ കിഷന്‍ഗഞ്ച് ഗ്രാമങ്ങളിലൂടെ ഗംഗയില്‍ ആഹൂതി ചെയ്യുന്നു എന്ന് ഹവല്‍ദാര്‍ ത്രിപാഠി. എന്നാല്‍ ഒരു നദിയും എവിടെയും ആഹൂതിയോ ആത്മഹത്യയോ ചെയ്യുന്നില്ല. ഈ നദികള്‍ അനേക സിരകളില്‍ നിന്ന് വലിയ സിരകളായി നമ്മിലേക്ക് തന്നെ തിരിച്ചുവരുന്നു. മഴയായും കാറ്റായും തണുപ്പായും പ്രണയമായും ആ ജലകണങ്ങൾ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മയില്‍ പുതപ്പിക്കുന്നു.
നദികള്‍ ബീഹാറിന് കൃഷിയുടെ സന്തോഷമാണ് സമ്പന്നതയാണ് കഷ്ടപ്പാടിൽ കൈക്കുമ്പിളിലെ ചോറാണ്. രാജസ്ഥാനില്‍ നദി ജലത്തിന്റെ അനിവാര്യതയാണ്. കര്‍ണാടകയുടെ കാവേരി തമിഴിന്റെ കൃഷി ജീവിതത്തിലേക്കുള്ള ഒഴുകലാണ്. മലയാളിക്ക് നദികള്‍ ചെറുപുഴകളാണ്. ഗൃഹാതുരതയാണ്. പച്ചവെള്ളത്തിന്റെ തെളിമയും കുളിപ്പടവുകളും ഓര്‍മകളുമാണ്. അതിപ്പോൾ വിഷം കലരുന്ന പെരിയാറുകളാണ് ഡ്രോണ്‍ നോട്ടത്തില്‍ മുഖമൊളിപ്പിക്കുന്ന മണല്ക്കള്ളനാണ്.
ആഫ്രിക്കയ്ക്ക് നദികള്‍ നിധികുംഭങ്ങളാകുമ്പോൾ തന്നെ ദുരന്തങ്ങള്‍ വേട്ടയാടിയ ചോരയൊഴുകിയിരുന്ന വംശജീവിതങ്ങളുടേതാണ്. ചൈനയില്‍ യാങ്ഗ്ട്സീ നദിക്ക് ദുഖത്തിന്റെ നിറമാണെങ്കിൽ ബംഗ്ലാദേശിനത് ഫറാക്കാ കരാർ മാത്രമല്ല ജീവിതം തന്നെയാണ്.
“നീന്തലറിഞ്ഞിരുന്ന ഒരു ജനത ഇന്ന് വെള്ളത്തിൽ മുങ്ങിത്താഴുകയാണ് നമ്മൾ താഴ്ത്തുകയാണ്.” तैरने वाला समाज डूब रहा है എന്ന ലേഖനത്തിൽ അനുപം മിശ്ര പറഞ്ഞത് പോലെ നദികൾ ഒരിക്കലും വെള്ളപ്പൊക്കം ഉണ്ടാക്കിയിട്ടില്ല, അത് നമ്മൾ സൃഷ്ടിച്ചതാണ്.
നദിക്കരയിലും അതിനു ചുറ്റും വാസമാക്കിയ ഗ്രാമങ്ങൾ മനുഷ്യ ജീവിതങ്ങൾ ഒരു കെണി പോലെ വെള്ളത്താൽ മൂടപ്പെടുകയാണ്. നദികൾക്ക് ഒഴുകാൻ പറ്റാതെ കുടിലുകളിലും കൃഷിയിടങ്ങളിലും നിസ്സഹായയായി കേറിയിറങ്ങുകയാണ്.
(തുടരും)…