പൂമുഖം TRAVEL മണ്ണിനെ പ്രണയിച്ച നദികള്‍ – ബീഹാര്‍ (മൂന്നാം ഭാഗം)

മണ്ണിനെ പ്രണയിച്ച നദികള്‍ – ബീഹാര്‍ (മൂന്നാം ഭാഗം)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നദികളുടെ പ്രണയപ്രകൃതികള്‍

നദികള്‍ മണ്ണിനെ ചുംബിക്കുമ്പോള്‍ മാരിവില്ലുകള്‍ പൂത്തിറങ്ങുന്നു. പ്രണയത്തിന്‍റെ ഓരോ തുള്ളിയും മണ്ണിനോടെന്താകും പറഞ്ഞിട്ടുണ്ടാവുക. ചമ്പാരൻ സീതാമാഡി മധുബനി സുപ്പോൾ അരാരിയ കിഷൻഗഞ്ജ്. നേപ്പാളിന്‍റെ സ്നേഹസ്പർശം. അതിന്കീഴെ മുസഫർപൂർ ദർഭംഗ സഹർസ മധേപുര പൂർണിയ കതിഹാർ. നദികളെ മരുമകളായി കാണുന്നയിടങ്ങൾ. പിന്നീട് ഇതിനെയെല്ലാം ആവാഹിക്കുന്ന ഗംഗയോട് ചേർന്ന് സിവാൻ സരൺ വൈശാലി സമസ്തിപൂർ ബേഗുസരായി ഖഗാഡിയ മുംഗേർ. നദികളുടെ ജീവിതം ബീഹാറിന്‍റെയും ജീവിതമാണ്.

ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ ജനിക്കുന്ന ഭൂമിയുടെ സിരകളായ ഗണ്ടകും ബാഗ്മതിയും കമലയും ബലാനും സപ്തകോശിയും പിന്നെ മഹാനന്ദയും റംസാനും സ്വന്തം ബൂരിഗണ്ടകും. വേനലില്‍ മഞ്ഞുരുകുന്നതോടെ സജീവമാകുന്ന ജലവിസ്മയങ്ങള്‍. പിന്നാലെ തുടങ്ങുന്ന മഴഹര്‍ഷങ്ങള്‍. നദികളുടെ ജീവിതം പൂക്കുന്ന കാലം. വെള്ളമില്ലാതെ വരണ്ടും ഉണങ്ങിയും കിടന്നിരുന്ന ചൌര്‍ (ചെറിയ വെള്ളക്കെട്ടുകള്‍, തടാകങ്ങള്‍, കുളങ്ങള്‍, ജലഭരണികള്‍). തണുപ്പും വസന്തവും കൊടുംവേനലും കടന്ന് ജൂലൈ മാസത്തോടെ ശാന്തമായുറങ്ങിക്കിടക്കുന്ന നദികളെ തൊട്ടുണര്‍ത്തി പരന്നുകിടക്കുന്ന കൃഷിപ്പാടങ്ങളിലേക്ക് കുടിലുകളിലേക്ക് പാഞ്ഞെത്താന്‍  മണിക്കൂറുകള്‍ വേണ്ട. മനുഷ്യൻ നിർമിച്ച തടയണകളിൽ തട്ടി തളംകെട്ടുന്ന നദികള്‍.

ബൂരി ഗണ്ഡക് – ബീഹാറിന്‍റെ സ്വന്തം നദി

തുടക്കവും ഒടുക്കവും ബീഹാറിൽ തന്നെ നെയ്ത ബൂരിഗണ്ടക് (Burhi Gandak). “ബീഹാറില്‍ ഇത്രയും കുടിലതയുള്ള മറ്റൊരു നദിയില്ല’ എന്നാണ് ഹവൽദാർ ത്രിപാഠി തന്‍റെ ‘ബീഹാറിലെ നദികളുടെ’ പുസ്തകത്തിൽ പറയുന്നത്. പ്രായമായ എന്നർത്ഥം വരുന്ന ബുഡി ഗണ്ടക് നേപ്പാളില്‍ നിന്നു വരുന്ന ഗണ്ടക് നദിക്ക് സമാന്തരമായി ചമ്പാരനിൽ നിന്ന് തന്നെ തുടങ്ങുന്നു. ചെറുജലാശയങ്ങളെ ഒന്നിച്ചുകൂട്ടി സമ്പന്നമായ മണ്ണും കൊണ്ടിറങ്ങിവരുന്ന ബൂരിഗണ്ടക് വടക്ക് സിക്രഹാന എന്നും അറിയപ്പെടുന്നു.

ചെറു നദികളാൽ സൃഷ്ടിച്ച ബൂരിഗണ്ടക് ധാര, താപൻ ഹരഹാ മസാൻ എന്നിവയെ ചേര്ത്ത് മുന്നോട്ടൊഴുകി ചുരഹാ ഗ്രാമത്തിനടുത്ത് സിംഗ്ഹാ നദിയെയും കൂട്ടി കാപ്പൻ, ബാൽഗംഗ, പണ്ടയീ, മണിയറി, ഉരിയ, തെലാവേ, കണ്ടഹാ, പസാദ് എന്നിങ്ങനെ ഏകദേശം മുപ്പത്തിരണ്ടോളം നദികളുടെ ചിമ്മുന്ന കണ്ണുകളോടെ മുംഗേറിനടുത്ത് ഗംഗയിൽ ഒഴുകിത്തീരുന്നു.

ബാഗ്മതി

നേപ്പാൾ ജീവിതത്തിന്‍റെ പുണ്യനദിയെന്ന് കരുതപ്പെടുന്ന ബാഗ്മതി ബീഹാറിൽ കോശിയിലേക്ക് ലയിച്ചിറങ്ങുമ്പോൾ അവളൊരു സുന്ദരിയായി മാറുന്നു. സപ്തകോശിയുടെ ഭാഗമായ ബാഗ്മതി ഗണ്ഡകിനോടും ബൂരിഗണ്ഡകിനോടും കുശലം പറഞ്ഞ് പ്രണയിച്ച് ഒന്നിച്ച് ഗംഗയിൽ ചേരുന്നതിന് മുന്നേ എത്ര ഗ്രാമങ്ങളെ നനയിച്ചും കിന്നരിച്ചും കരയിച്ചും സ്നേഹിച്ചിരിക്കും.

ലഹേരിയ സരായിൽ ബാഗ്മതിയും ബൂരിഗണ്ടകും ഒന്നിച്ച് കാണുമ്പൊൾ തങ്ങളൊന്നല്ല എന്ന സത്യം തിരിച്ചറിഞ്ഞു വഴിപിരിയുന്നു. ദര്‍ഭംഗ കാ രാജയുടെ കോട്ടകൊത്തളങ്ങൾക്ക് പിന്നിലൂടെ രാജരഹസ്യങ്ങൾ ഒപ്പിയെടുത്ത് ബാഗ്മതി സമസ്തിപൂർ ബേഗുസരായികളെ തൊട്ടുണര്ത്തി ശബ്ദമില്ലാത്ത വേഗത്തില്‍ ഗംഗയിലേക്കൊഴുകിത്താഴുന്നു.

കോശിയാകട്ടെ കാഞ്ചന്ഗംഗയുടെ കുളിരുമായി തന്‍റെ ഏഴു സുന്ദരികളെയും ചേര്ത്തുപിടിച്ച് ബീഹാറിന്‍റെ സമതലങ്ങളിലേക്ക് ഒഴുകിയെത്തുമ്പോള്‍  ഗണ്ടകും ബാഗ്മതിയും ഉമ്മവെക്കുന്നു. ബാഗ്മതി കോശിയുടെ ഒരു കൈ ചേര്‍ത്തു പിടിക്കുമ്പോള്‍ കമലാനദി ബലാനെ പ്രണയിച്ച് നക്ഷത്രങ്ങളെ വിളയിക്കുന്നു. ഇതില്‍ നിന്നെല്ലാം മാറിനടന്ന മഹാനന്ദ ഒരു റെബലായി ഗംഗയില്‍ ആത്മാഹൂതി ചെയ്യുന്നു.

വടക്കൻ ജീവിതത്തിന്‍റെ നദീനിറങ്ങൾ

രാവിലെ വണ്ടിയുടെ ഹോണടി കേട്ടാണ് പുറത്തേക്ക് നോക്കിയത്. അനിൽ തയ്യാറായിരിക്കുന്നു. ചമ്പാരൻ മേഖലയോട് യാത്രപറയുന്നു. ചെരിഞ്ഞും മറിഞ്ഞും പെയ്യുന്ന മഴയും കറുത്ത ആകാശവും യാത്രയുടെ ആവേശത്തെ തെല്ലൊന്ന് കെടുത്തി. പക്ഷെ പോകാതിരിക്കാൻ പറ്റില്ലായിരുന്നു. സിസ്റ്റര്‍  എലീസ് കതകില്‍ മുട്ടി. ഞാന് ബാഗെടുത്തിറങ്ങി. എലീസിനോടും അവിടത്തെ അന്തേവാസികളോടും യാത്രപറഞ്ഞു. അനില്‍ വണ്ടി സ്റ്റാര്ട്ട് ചെയ്തു.

കുറെ ദൂരം ചെന്നപ്പോൾ കെസാരിയയിലെ ബുദ്ധസ്‌തൂപം മുന്നിലേക്ക് വന്നു. തകർന്നുകൊണ്ടിരിക്കുന്ന സ്തൂപത്തിന്‍റെ അവശിഷ്ടങ്ങൾ മഴയിൽ കുതിർന്നിരിക്കുന്നു. ബുദ്ധൻ സമ്മാനിച്ച ഭിക്ഷാപാത്രംകൊണ്ട് വൈശാലിയിലെ ലിച്ചവി രാജാക്കന്മാർ നിർമ്മിച്ച ഈ സ്തൂപം ബുദ്ധനെപ്പോലെ തന്നെ വിസ്മൃതിയിലാഴുന്നു. കറുത്ത ആകാശം അതിനുമേലെ ആരോ വലിച്ചു കെട്ടിയിരിക്കുന്നു.

റോഡിന്നിരുവശങ്ങളിലും ജീവിതത്തെ ഷീറ്റ്കൊണ്ട് മറച്ച് കഴിയുന്നവര്‍. കുട്ടികളും വൃദ്ധരും ആടും പശുകളും കോഴികളും. കത്താത്ത വിറകില്‍  പുകയുണ്ടാക്കുന്ന സ്ത്രീകള്‍. വെള്ളപ്പൊക്കത്തിലെല്ലാം നഷ്ടപ്പെട്ടവര്‍.

ഗണ്ഡക് നദിയില്‍ നിന്ന് കുതറിയോടുന്ന വെള്ളത്തിന്‍റെ തിളക്കം. മോത്തിഹാരി കഴിയുമ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. പൂര്‍വ ചമ്പാരന്‍ ജില്ലയുടെ ആസ്ഥാനമാണ് മോത്തിഹാരി. അനിലിന്‍റെ വിദഗ്ദമായ ഡ്രൈവിംഗ്. ഏത് ഭുപരിസരത്തും അനായാസേന വണ്ടിയോടിക്കുന്ന അനിൽ അധികം സംസാരിക്കാറില്ല. പാൻമസാലയെടുത്ത് പല്ലിനിടയിൽ വെച്ചാൽ നിശ്ശബ്ദൻ. പശ്ചാത്തലത്തിൽ ഭോജ്പൂരി സംഗീതത്തിന്‍റെ ചടുലത വണ്ടിയുടെ വേഗത്തിന് താളംകൂട്ടി.

അറിവിന്‍റെ തീരങ്ങള്‍

മുസഫർപൂർ എത്താറായി. ലിച്ചിപ്പഴങ്ങളുടെ തലസ്ഥാനം. ബൂരിഗണ്ടകും ബാഗ്മതിയും ഒന്നായി ചേരുന്നിടം. പാറ്റ്ന കഴിഞ്ഞാൽ ബീഹാറിന്റെ വാണിജ്യകേന്ദ്രം. എനിക്ക് ബേണിപൂർ ഗ്രാമത്തിലേക്ക് പോണം. രാം ബൃക്ഷ് ബേണിപൂരിയുടെ കഥകളെ പോരാട്ടങ്ങളെ ഓര്‍മകളെ തൊടണം.

1934 ലെ ഭൂകമ്പസമയത്ത് മഹാത്മാഗാന്ധി ബേണിപൂർ സന്ദർശിച്ചപ്പോൾ ഇവിടത്തെ ജലഭരണികൾ നിറഞ്ഞു കവിഞ്ഞിരുന്നു. ഭരണികൾ പിന്നെയും നിറഞ്ഞു. കൃഷികൾ സമ്പന്നമായി. നദികൾ സ്നേഹത്തിന്‍റെ  ജലപ്രവാഹങ്ങളായി പക്ഷിക്കൂട്ടങ്ങളായി. ഈ നദികളുടെ തീരത്തായിരുന്നു എത്രയോ ജന്മങ്ങൾ സോഷ്യലിസ്റ്റുകൾ കവികൾ യാത്രികർ ജ്ഞാനദൃഷ്ടികൾ കർഷകർ അങ്ങിനെ പരശ്ശതം ജീവിതങ്ങൾ ജനിച്ചു വളർന്നയിടം.

പ്രശസ്ത സാഹിത്യകാരനും സ്വാതന്ത്ര്യസമര പോരാളിയും അതിലുപരി മനുഷ്യസ്‌നേഹിയുമായിരുന്ന രാംവൃക്ഷ് ബേണിപൂരി ബീഹാര്‍  സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കോണ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും സ്ഥാപകനേതാവായിരുന്നു. അഖിലേന്ത്യാ കിസാൻസഭയുടെ സ്ഥാപകാംഗവും പേര്കേട്ട എഴുത്തുകാരനും ആയിരുന്നു ബേണിപ്പൂരി തന്‍റെ ജാതിവാൽ മുറിച്ചുമാറ്റി ജനനഗ്രാമമായ ബേണിപൂരിയെ കൂടെ ചേർത്ത മഹാനായിരുന്നു. നാടകവും കവിതകളും ഉപന്യാസങ്ങളും ചെറുകഥകളും എഴുതി സമ്പന്നമാക്കിയ ജീവിതം.

ഒരു വലിയ ട്രക്ക് ഞങ്ങളെ കടന്നുപോയി. സമയം രാവിലെ എട്ടു മണി. അതിരാവിലെ ഇറങ്ങിയതാണ്. ഒന്നും കഴിച്ചിട്ടില്ല. അനിൽ വണ്ടി വശത്തോട്ടൊതുക്കി നിർത്തി ആരെയോ ഫോണ്‍ ചെയ്തു. അനിലിന്‍റെ വീട് മുസഫർപൂരിലാണ്. നിറംമങ്ങിയ പല്ലുമായി അനിൽ പറഞ്ഞു ബേണിപൂരിക്ക് ഇപ്പോൾ പോകാൻ പറ്റില്ല. അങ്ങോട്ടുള്ള പാലം തകർന്നിരിക്കുന്നു.

യാത്രകള് മാറിമറിഞ്ഞു. ദര്‍ഭംഗ യാത്രയും നടക്കില്ല. ഞാന്‍ ജയ്നഗറിലെ സുഹൃത്ത് രജീന്ദറിനെ വിളിച്ചു. അവിടെ വെള്ളം താണു കൊണ്ടിരിക്കുകയാണെന്നും യാത്രയ്ക്ക് കാര്യമായ പ്രശ്നമുണ്ടാകില്ല എന്നും വന്നാല്‍ ഗ്രാമത്തിലെ യാത്രയും താമസവും ഏര്‍പ്പാടാക്കാം എന്നും പറഞ്ഞു. ഞങ്ങള്‍ ജയ്നഗറിലേക്ക് പോകാന്‍ തീരുമാനിച്ചു. വണ്ടി വീണ്ടും പുറപ്പെട്ടു. മനസ്സ് പിന്നോട്ട് പാഞ്ഞു.

ദുരന്തത്തിലെ അതിജീവനം

1934

ബീഹാറിന്‍റെ പരിസരം ദുരന്തങ്ങളുടെ പീഠഭൂമിയാണ്. 1934 ലെ ഇന്ത്യ അന്നേവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏറ്റവും വലിയ ഭൂകമ്പം മുംഗേറിനൊപ്പം മുസഫർപൂർ നഗരത്തേയും പൂർണമായും തകർത്തിരുന്നു. മണ്ണും ചളിയും ഭൂമിക്കുള്ളില്‍ നിന്ന് പുറത്തെക്കൊഴുകി. നേപ്പാളിൽ പ്രഭവകേന്ദ്രമായ ആ ഭൂകമ്പത്തിൽ ബീഹാറിൽ മാത്രം ഏഴായിരത്തിന് മേലെ പേര്ക്ക് ജീവന് നഷ്ടപ്പെട്ടു. ചമ്പാരൻ മുതൽ പൂർണിയ വരെയും കൊൽക്കത്ത മുതൽ ബോംബെ വരെയും ദുരന്തത്തിന്‍റെ ഭീതിയറിഞ്ഞു. പ്രഭവകേന്ദ്രത്തില്‍ നിന്നും 650 കിലോമീറ്റര്‍ ദൂരെയുള്ള കല്ക്കത്തയില്‍  സെയ്ന്‍റ് പോള്‍സ് കത്തീഡ്രല്‍ തകര്‍ന്നു വീണു. മധുബനിയിലും സീതാമാഡിയിലും വീടുകളും കുടിലുകളും പൂര്‍ണമായും തകര്‍ന്നു.  ജീവിതം പിന്നേയും വെച്ചുകെട്ടി.

ക്ഷാമകാലങ്ങള്‍

പതിനെട്ടാം നൂറ്റാണ്ടിൽ 1769 മുതൽ 73 വരെയും 1873-74 ലും ഉണ്ടായ കൊടും ഭക്ഷ്യക്ഷാമം. ബീഹാറിനെയും ബംഗാളിനെയും മാറ്റിമറിച്ച ഇരുളടഞ്ഞ സംഭവങ്ങൾ. ബംഗാൾ നവാബിന്‍റെ കീഴിലായിരുന്ന ബീഹാർ ഒറീസ്സ സ്ഥലങ്ങൾ. സുഖലോലുപതയുടെ രാജജീവിതം. 1757ലെ പ്ലാസിയുദ്ധം. മഴ പെയ്യാത്ത ഒരു തുള്ളി വെള്ളം പോലും നിലത്തുറ്റാത്ത കറുത്ത പത്ത് മാസങ്ങൾ. മണ്ണുകൾ വരണ്ടുണങ്ങി. കന്നുകാലികൾ ചത്തൊടുങ്ങി. കൃഷികൾ തീർത്തും നശിച്ചു. പക്ഷിപ്രാണികൾ ഇല്ലാതായി. കഴിക്കാൻ ഒരു നേരത്തെ ആഹാരമില്ലാതെ കര്‍ഷകര്‍ മരിച്ചുവീണു. ബാക്കിയായവര്‍  പലായനം ചെയ്തു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂമിയുടെ ഉടമകളായിരുന്ന ധനികരായിരുന്ന ജന്മികുടുംബം ‘ദർഭംഗ കാ രാജാ’ ഭരിച്ചിരുന്ന മിഥില. ചേര്‍ത്തു വായിക്കേണ്ട പാഠങ്ങള്‍.

ബംഗാൾക്ഷാമം എന്നറിയപ്പെട്ടിരുന്ന ഈ കാലം ചമ്പാരൻ മുതൽ മുംഗേർ വരെ ഒരു ശവപറമ്പായി മാറി. നെല്ലിന് പേര്കേട്ട സ്ഥലം. കൃഷി ചെയ്യാതെ ആളില്ലാതെ ജീവനില്ലാതെ കാടായി ചതുപ്പായി ഭൂമിയുടെ അവസാനത്തിന്‍റെ  നിറംചാലിച്ച സ്ഥലമായി. പിന്നീട് വന്ന 1934 ലെ ഭൂകമ്പവും 1960 കളിലെ വരൾച്ചയും ക്ഷാമവും അതിജീവിക്കാനാകാതെ തകർന്നടിഞ്ഞ ചരിത്രത്തിൽ കാണാതെപോയ എത്രയോ മനുഷ്യര്‍. ഇങ്ങിനെ ജീവിതം കീറിയും പറിഞ്ഞും തുന്നിയും കൂട്ടിയുമാണ് ബീഹാറിന്‍റെ ഗ്രാമങ്ങള്‍ അതിജീവിച്ചത്.

മുന്നിലൂടെ ഒരു കുട്ടി കടന്നുപോയി. വണ്ടി ഏറെദൂരം മുന്നോട്ട് പോയതറിഞ്ഞിരുന്നില്ല. ദർഭംഗയുടെ വഴിയും കടന്ന് സക്രി എത്താനായിരിക്കുന്നു. റോഡിന് കുറുകെ നദികളുടെ പാലത്തിന് മേലേ എത്തിനോക്കുന്ന വെള്ളത്തിന്‍റെ കുപ്പിച്ചില്ലുകള്. നദികൾ നിറഞ്ഞൊഴുകുന്നു. ശ്രീ അടൽബിഹാരി വാജ്പേയ് തുടങ്ങിവെച്ച ഈസ്റ്റ് വെസ്റ്റ് കോറിഡോറിലൂടെയാണ് പോവുന്നത്. കുറേക്കൂടി മുന്നോട്ട് പോയാൽ കോശി മഹാസേതു. അതിന് സമാന്തരമായി പുതുതായി പണികഴിപ്പിച്ച ഈ സെപ്റ്റംബർ പതിനെട്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച കോശി റെയിൽപാലം. 1887 ൽ ബ്രിട്ടീഷ് കാലത്ത് പണികഴിപ്പിച്ച മീറ്റർഗേജ് റെയിൽപാത 1934 ലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ പ്രളയത്തിലും പൂർണമായും തകർന്നിരുന്നു. കോശിയിലെ നിരന്തരമായ പ്രളയംകാരണം പാലം പണിയാനുള്ള പദ്ധതികളെല്ലാം അടഞ്ഞുപോവുകയായിരുന്നു. പിന്നീടിങ്ങോട്ട് ഈവഴി യാത്രകൾ മുറിഞ്ഞുപോവുകയാണുണ്ടായത്.

നേപ്പാളതിർത്തിയെ ലക്ഷ്യമാക്കി വടക്കോട്ട് പായുന്ന പാത. മധുബനി തുടങ്ങുകയായി. കമലയും ബലാനും പ്രണയിച്ചു ചേരുന്നിടം. കമലാബലാൻ ഉയിര്ക്കുന്ന സ്ഥലം.

കമലാനദിയുടെ ഇഷ്ടസ്ഥലം

മധുബനി വഴി ജെയ്‌നഗറിലേക്കുള്ള യാത്ര കഠിനമായിരുന്നു. വെള്ളം ഇറങ്ങിയും കയറിയും പാതകളില്ലാതായി. മധുബനി ടൌണെത്തുമ്പോൾ സമയം ഉച്ച. കടകളൊക്കെ അടഞ്ഞിരിക്കുന്നു. വെള്ളപ്പൊക്കം കാരണം ജീവിതം നിശ്ചലം. ജെയ്‌നഗർ എത്തുമ്പോഴേക്കും സമയം വൈകുന്നേരമായി. അനിൽ വണ്ടിയോടിച്ച് തളർന്നിരുന്നു. ഞങ്ങൾക്ക് താമസം ഏർപ്പാടാക്കിയ ലക്കി ലോഡ്ജിൽ വണ്ടി നിർത്തി. ഹോട്ടലില് നിന്നു തന്ന സുക്കാറൊട്ടിയും ആലുപടവൽ സബ്ജിയും കഴിച്ചു കിടന്നുറങ്ങി. രാവിലെ ഗ്രാമങ്ങളിലേക്ക് അതുകഴിഞ്ഞ് ബീർപൂരിലേക്കും.

ജയ്നഗറിന്‍റെ വഴിയില്‍

ജീവിതത്തിന്‍റെ ഒരറ്റമാണ് ജയ്നഗര്‍. ജയിക്കാത്തവരുടെ നാട്. പഴയ മിഥിലയുടെ പ്രധാനഭാഗമായിരുന്ന ഇവിടെനിന്ന് രണ്ടുമൂന്ന് കിലോമീറ്റർ പോയാല്‍ നേപ്പാൾ തൊടാം. വേര്‍തിരിച്ചറിയാന്‍ പറ്റാത്തയിടങ്ങള്‍. ഒരേ കൃഷി ഒരേ മനുഷ്യര് ഒരേ ഭാഷ. ജെയ്‌നഗറിൽ നിന്ന് ജനക്പൂരിലേക്ക് വളരെ പഴയൊരു മീറ്റർഗേജ് റെയിൽപാതയുണ്ട്. ഇപ്പോള്‍  ബ്രോഡ്ഗേജിന്‍റെ പണി നടക്കുന്നു. ഏറ്റവും നല്ല ഉരുളക്കിഴങ്ങും നെല്ലും വിളയുന്ന ജയ്നഗര്‍ മധുബനിയുടെ നേരിന്‍റെ കഷണമാണ്.

രാവിലെതന്നെ കുളിച്ചു റെഡിയായി. പറഞ്ഞത് പോലെ ഭീംസിംഗ് വന്നിരുന്നു. രാജീന്ദര് പറഞ്ഞയച്ചതാണ്. ഞങ്ങള്‍ക്ക് പോകാനുള്ളത് ദൊദ്വാര്‍  എന്ന ഗ്രാമത്തിലേക്കായിരുന്നു. കമലാനദിയുടെ ഓരത്ത്കൂടെ ആറ് കിലോമീറ്ററോളം സഞ്ചരിച്ച് ദൊദ്വാര്‍ ഗ്രാമത്തിലെത്തി. വെള്ളം താണു തുടങ്ങിയതോടെ ഗ്രാമീണര്‍ തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുന്നു, ജീവിതം തിരിച്ചുപിടിക്കുക എന്നൊക്കെ പറയുന്നതിവിടെ കറുത്ത ഫലിതമാണ്. അങ്ങിനെ തിരിച്ചുപിടിക്കാന്‍ മുന്‍പും ഇവര്‍ക്കൊരു ജീവിതം ഉണ്ടായിരുന്നില്ലല്ലോ.

കമലാനദിക്കപ്പുറവും ഇപ്പുറവും പകുത്തിട്ട ജീവിതങ്ങള്‍. വെള്ളക്കെട്ടില്‍  പൊതിര്‍ത്ത ചണച്ചെടികള്‍ അടിച്ചു നാരാക്കുന്ന വൃദ്ധര്‍. കഴുത്തോളം ചെളിയില്‍ താമരക്കായ പറിയ്ക്കുന്ന കുട്ടികള്‍. ജീവിതത്തിന്‍റെ  ഉപ്പുരസത്തില്‍ കുളവാഴയും പിടയ്ക്കുന്ന മീനുകളും. ഒരു ഗ്രാമം എന്നുപോലും വിളിക്കാന്‍ പറ്റാത്ത ഒരിടമാണ് ദൊദ്വാര്‍. ജാതിയുടെ വേലിക്കെട്ടില്‍ ദൂരെ മാറ്റിനിര്‍ത്തപ്പെട്ട മുസഹര്‍ സമൂഹം. ബീഹാറിലെ ഏറ്റവും താഴെക്കിടയിലുള്ള മഹാദളിത് ജീവിതം.

മാറ്റി നിര്‍ത്തപ്പെട്ടയിടങ്ങള്‍ – മുസഹര്‍ ജീവിതം

മുസഹര്‍ ഇന്ത്യയിലെതന്നെ ഏറ്റവും താഴെത്തട്ടിലേക്ക് അകറ്റിനിര്ത്തപ്പെട്ട മഹാദളിത് വിഭാഗങ്ങളിലൊന്നാണ്. ജീവിതം എന്നതിന്‍റെ അര്‍ത്ഥം ഇവിടെയൊക്കെ മാറ്റിയെഴുതേണ്ടിവരും. ബന്‍ബാസി എന്നും വിളിക്കപ്പെടുന്ന ഇവരുടെ മുന്‍ഗാമികള്‍ ഛോട്ടാ നാഗ്പൂര്‍ ഝാര്‍ഖണ്ട് ഭാഗത്തെ ഗോത്രജനവിഭാഗമായ മുണ്ഡ സമുദായത്തില്‍ നിന്നാണെന്ന് പറയപ്പെടുന്നു. മുസഹര്‍ എന്ന പേര് വന്നത് ’മുസ്+അഹര്’ എലികളെ ആഹാരമാക്കുന്നവര്‍ എന്നതില്‍ നിന്നാണെന്ന് ചരിത്രം. ഇന്നും പട്ടിണിയാകുമ്പോള്‍ എലികളെ പിടിച്ച് ചുട്ടുതിന്നേണ്ടുന്ന ഗതികേടില്‍  ഇവരെ ബീഹാറിലെ പലയിടങ്ങളിലും കാണാം.

ബ്രിട്ടീഷ്കാരുടെ കാലത്ത് കൃഷിയിടങ്ങളില്‍ അടിമകളായി ഇവരെ ഉപയോഗിച്ചിരുന്നു. ഇവരില്‍ മിക്കവരും സ്വന്തമായി ഭൂമിയില്ലാത്തവരും ജന്മിമാരുടെ കൃഷിയിടങ്ങളില്‍ കൂലിവേല ചെയ്യുന്നവരുമാണ്. ക്വാറികളിലും മറ്റും ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന മുസഹര്‍ ജനത തെക്കന്‍  നേപ്പാളിലും ഉത്തര്‍പ്രദേശിന്‍റെ കിഴക്കന്‍ ഭാഗങ്ങളിലും കാണപ്പെടുന്നു. ശരിയായ രാഷ്ട്രീയനേതൃത്വത്തിന്‍റെ അഭാവം ഇവരെ ഇന്നും ജനസമാന്യത്തില്‍ നിന്നും ഏറെയകലെ കുറ്റിയടിച്ചുനിര്‍ത്തിയിരിക്കുന്നു. നിതീഷ്കുമാറിന്‍റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ജെതിന്‍ റാം മാഞ്ഝി മുസഹര്‍ സമുദായത്തില്‍പ്പെട്ടയാളാണ്.

ശ്രുതിദേവി

ഞങ്ങള്‍ ചെല്ലുമ്പോള്‍ ശ്രുതിദേവി തന്‍റെ കുടിലിന് മുന്നില്‍  കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവര്‍ ഈ ഗ്രാമത്തിന്‍റെ പ്രതീക്ഷയും ധൈര്യവുമാണ്. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ ശ്രുതീദേവി നാല്‍പ്പതോളം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന്ന നെല്ലിന്‍ വൈവിധ്യങ്ങളുടെ വിത്തുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ലോകത്തിലെ തന്നെയേറ്റവും നല്ല ഉരുളക്കിഴങ്ങുവർഗം വളരുന്ന ജെയ്‌നഗർ. ഏകദേശം നാല് സെന്ററിൽ 80 കിലോവരെ നെല്ല് വിളയുന്ന മണ്ണ്.

പ്രളയത്തെ അതിജീവിക്കുന്ന നൂതനരീതികളും പരമ്പരാഗത അറിവും ഒന്നിച്ചുചേര്‍ത്ത് പാട്ടത്തിനെടുത്ത നാലേക്കര്‍ ഭൂമിയിലാണ് ശ്രുതിദേവിയുടെ കൃഷി. സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങാനും തങ്ങളുടെ അവകാശങ്ങള്‍  ചോദിച്ചുവാങ്ങാനും പഞ്ചായത്തധികൃതരെ വരച്ചവരയില്‍ നിര്‍ത്താനും ശ്രുതിദേവിക്കറിയാം. അതുകൊണ്ടുതന്നെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇവിടെ വന്ന മാറ്റങ്ങള്‍ അത്ഭുതകരമാണ്. പഴുത്ത മാള്‍ഡ മാങ്ങ ചെത്തി പാത്രത്തിലിട്ടുകൊണ്ട് ശ്രുതിദേവി തുടര്‍ന്നു. ’നിങ്ങള്‍ അടുത്ത തവണ വരുമ്പോഴേക്കും ഞങ്ങളിവിടം ഞങ്ങളുടേതാക്കും’. ആ നിശ്ച്ചയദാർഢ്യത്തിന്‍റെ പ്രകാശം കണ്ടവിടെനിന്നിറങ്ങുമ്പോള്‍ മുന്നോട്ട് പ്രതീക്ഷകള്‍ തന്നെയായിരുന്നു വഴികാട്ടി.

കോശിയുടെ വഴിയില്‍

പ്രളയം ഏറ്റവും കൂടുതൽ ബാധിക്കുന്ന സുപ്പോൾ ഗ്രാമങ്ങളെ കണ്ട് തിരിച്ചിറങ്ങുമ്പോൾ പ്രാചീനമായ കോശിയുടെ ഗംഗയിലേക്കുള്ള യാത്രയുടെ വഴികളിൽ നടക്കുമ്പോൾ നദികൾ രോഷത്തിലായിരുന്നു. സഹർസയിലെ മാൻസിയിൽ എത്തിയപ്പോൾ 1981 ലെ ഇന്ത്യയെ നടുക്കിയ ഏറ്റവും വലിയ തീവണ്ടിയപകടത്തെക്കുറിച്ചും അതിൽ ജീവൻ നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ചും വിലപിക്കുന്ന ബാഗ്മതിയെ കണ്ടു. 800 ന് മേലെ പേർ മരിച്ച ഈ അപകടം ഇന്നും റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം തന്നെ.

ഖഗഡിയയിലേക്ക്

ഖഗാഡിയയിലും മുംഗറിലുമാണ് ബീഹാറിന്‍റെ വടക്കൻ നദികൾ ഗംഗയിൽ വിലയിക്കുന്നത്. മഹാനായ അക്ബറിന്‍റെ കാലത്ത് ധനം കൈകാര്യം ചെയ്തിരുന്ന തോഡര്‍മാല്‍ നടത്തിയ സര്‍വേയില്‍ ഉള്‍പ്പെടുത്താന്‍  സാധിക്കാതിരുന്ന സ്ഥലം. ഇടതിങ്ങിയ കാടുകളും നദികളുടെ കൂടിച്ചേരലുകളും കാരണം അവിടെ പോകുന്നത് ദുഷ്കരമായിരുന്നു. അതിനാല്‍ ഖഗാഡിയയയെ തോഡര്‍മാല്‍ വിശേഷിപ്പിച്ചത് ‘ഫറാകിയ‘ എന്നായിരുന്നു. വ്യത്യസ്ഥമായ വേറിട്ട് നില്‍ക്കുന്ന എന്നൊക്കെ ഉറുദുവില്‍  അര്‍ത്ഥം വരുന്ന. ഇന്ന് നിങ്ങള്‍ക്ക് ഇവിടെ വനമോ ഇടതൂര്‍ന്ന മരങ്ങളോ കാണാന്‍ സാധിക്കില്ല. പക്ഷേ കഷ്ടപ്പെട്ട ദളിത ജീവിതത്തിന്‍റെ ആഴങ്ങള്‍  കാണാന്‍ പറ്റും.

തിരിച്ചു പോരുമ്പോള്‍

ഗംഗയിലൂടെ ഒഴുകാതെ ബീഹാറിലെ യാത്ര പൂർണമാവില്ല. ബീഹാറിനെ രണ്ടായി മുറിച്ച് നെഞ്ചിൻകൂട്ടിലൂടെ ഒഴുകുന്ന ഗംഗ വടക്കൻ ബീഹാറില്‍  നിന്നുവരുന്ന എല്ലാ നദികളെയും തെക്ക് നിന്നെത്തുന്ന സോന്‍ നദിയെയും സ്നേഹത്തോടെയേറ്റുവാങ്ങുന്നു.

സോൻപൂരിനടുത്ത് ഗണ്ടക്നദി ഗംഗയിൽ ചേരുന്നിടം പണ്ട് യുദ്ധഭൂമിയായിരുന്നു. പറ്റ്ന നഗരത്തോട് ചേർന്ന് പോകുന്ന ഗംഗ നഗരത്തിന്‍റെ എല്ലാ മാലിന്യങ്ങളെയും ഏറ്റുവാങ്ങുന്നു. ഗോമുഖിൽ തുടങ്ങിയ തന്‍റെ യാത്രയിൽ തെറ്റുകളെയും ദുഖങ്ങളെയും ഉള്ളിലൊതുക്കി സാഗരത്തിൽ ലയിക്കുമ്പോൾ ഇനി പഴയപോലെ തിരിച്ചു വരാൻ സാധിക്കില്ല എന്ന് നദികളറിയുന്നു. കുറഞ്ഞുവരുന്ന മഴയും കൊടുംവേനലിൽ ഉരുകിത്തീരുന്ന മഞ്ഞും ഇനി മലകളിൽ മഞ്ഞുകണങ്ങളിൽ മണ്ണില്‍ ജനിക്കാനോ ഒഴുകാനോ പ്രണയിക്കാനോ പറ്റില്ല എന്ന് നദികൾ ദുഖിക്കുന്നു.

ഒരു കൊടുങ്കാറ്റ് വരുമ്പോള്‍ ഞാനൊരു മഴവില്ലു തരും എന്ന് പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ നദികള്‍ക്കൊരിക്കലും തിരിച്ചു വരാതിരിക്കാനാവില്ല. അത് നമ്മുടെ ജീവിതത്തില്‍ മഴവില്ലുകളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ബീഹാറിലൂടെ നടക്കുമ്പോൾ ഓരോ നദിയും ഓരോ കുടിലും ഓരോ കഥകളാകുന്നു. എഴുതിയാൽ തീരാത്ത ജീവിതങ്ങൾ. നേരിൽ കണ്ടവരും കാണാത്തവരും ജീവിതത്തോട് പൊരുതിയും സമരം ചെയ്തും നദികളെപ്പോലെ മുന്നോട്ട് പോകും എന്ന് മനസ്സ് പറയുന്നു.

(അവസാനിച്ചു)

Comments
Print Friendly, PDF & Email

You may also like