പൂമുഖം TRAVEL മണ്ണിനെ പ്രണയിച്ച നദികള്‍ – ബീഹാര്‍ (രണ്ടാം ഭാഗം)

മണ്ണിനെ പ്രണയിച്ച നദികള്‍ – ബീഹാര്‍ (രണ്ടാം ഭാഗം)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മണ്ണിനെ പ്രണയിച്ച നദികൾ

നദികൾ കുതിച്ചുപായുന്ന മത്സ്യങ്ങളെപ്പോലെയാണ്. ഗ്രാമങ്ങളെ വളഞ്ഞ് കൂട്ടിപ്പിടിച്ച് അവിടത്തെ അലങ്കാരമായി ഗ്രാമീണരുടെ അഹങ്കാരമായി ഈ നദികളൊഴുകുന്നു. ബീഹാറിൽ പുഴകളുടെ യാത്രകൾ വിവിധ കാലങ്ങളിൽ വിവിധ നിറങ്ങളിലാണ്. തണുപ്പേറുന്ന നവംബർ മുതൽ നിഗൂഢമായ മൂടൽമഞ്ഞിന്‍റെ പുതപ്പിൽ ചില്ലിൻ കൂട്ടിലെന്നോണം നിശബ്ദമായി ബുദ്ധന്റെ കണ്ണ് പോലെ ശാന്തമായി ചലനമില്ലാതെ നിദ്രകൊള്ളുന്നവൾ.

വസന്തത്തിന്‍റെ മാർച്ച് മാസങ്ങളാകട്ടെ പൂക്കളുടെയും ചെടികളുടെയും കിളികളുടെയും പ്രണയത്തിന്‍റെയും കലമ്പലാണ്. ചൂട് കൂടിവരുന്ന മെയ് ജൂൺ മാസങ്ങളിൽ പക്ഷി പ്രാണികൾക്കും കുട്ടികൾക്കും ആശ്വാസം പകരുന്ന തുള്ളി വെള്ളങ്ങളാണ്. ജൂലൈ മാസത്തോടെ ആകാശം കനത്ത് ഭീതിയുടെ കർഷകന്‍റെ രോഗികളുടെ കഷ്ടപ്പാടിന്‍റെ തുടക്കമാണ്. ജൂലൈ മദ്ധ്യത്തോടെയാരംഭിക്കുന്ന മഴക്കാല പ്രളയജാലകങ്ങൾ തുറന്നിടുന്നത് നിസ്സഹായമായ ഒറ്റപ്പെടലിന്‍റെ ലോകത്തേക്കാണ്.

നേപ്പാളിൽ മഴപെയ്യുമ്പോൾ പകച്ചുപോകുന്ന നദികൾ കൊണ്ടു വരുന്ന അധികജലം വടക്കൻ ബീഹാറിന്റെ ഗ്രാമങ്ങളെ വെള്ള പോലെ പുതപ്പിക്കുന്നു. ചിലപ്പോൾ പ്രളയങ്ങളായി ചിലപ്പോൾ സന്തോഷങ്ങളായി. ഗോതമ്പിൻ പൂവിന്‍റെ നിറമുള്ള നിലാവിൽ രാത്രികൾക്ക് നദിയെ പ്രണയമാണ്.

ജീവിതത്തിന്റെ രസമറിയാത്തവര്‍

ബഹാദൂര്‍ തന്‍റെ ചായപ്പാത്രം അടുപ്പില്‍ വെച്ച് ചെളി കലർന്ന വെള്ളം തിളപ്പിക്കുമ്പോള്‍ ഒരു കഷണം ഇഞ്ചി ചതച്ചിടാന്‍ മറന്നില്ല. സമയം രാവിലെ ആറുമണി ആകുന്നതേയുള്ളൂ. അപ്പോൾ കറന്ന പാലിന്‍റെ ചൂടുള്ള മണമുള്ള പാൽപ്പാത്രം രാം നാരായണ്‍ യാദവിന്‍റെ ചെറിയ കുട്ടി ബഹദൂറിന് നേരെ നീട്ടി. പുറംപോക്കില്‍ കെട്ടിയ പശുവിനെ രാവിലെ തന്നെ കറന്ന പാലുമായി തൻറെ മകൾ ലക്ഷ്മിയെ പറഞ്ഞയച്ചതാണ് രാംനാരായണ്‍. വീട്ടില്‍ അടുപ്പ് പുകയാത്തത് കൊണ്ട് ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ മൂന്നു പേർക്കുള്ള ചായയും വാങ്ങി ലക്ഷ്മി നടന്നകന്നു. ലക്ഷ്മിയുടെ കുടുംബം കഴിഞ്ഞ രണ്ടുമാസമായി ഈ ഹൈവേയിലാണ് താമസം. ഒരു ചെറിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ജീവിതങ്ങള്‍. ഇനിയും കുറെ ദിവസമെടുക്കും ഗ്രാമത്തില്‍ വെള്ളം കുറയാന്‍. അതുവരെ ഇവിടെ തന്നെ കഴിയണം. രാം നാരായണിനെപ്പോലെ ഇവർക്കാർക്കും ഇതൊന്നും പുതിയതല്ല. എല്ലാ വര്‍ഷവും ജീവിതം അങ്ങോട്ടുമിങ്ങോട്ടും… ബഹാദൂര്‍  പറഞ്ഞു നിര്‍ത്തി.

അടുപ്പിന്‍റെ തീ കൂട്ടിയും കുറച്ചും പാല്‍ പാര്‍ന്ന ഇഞ്ചിചായ തിളപ്പിച്ച്കൊണ്ടിരിക്കുമ്പോള്‍ ബഹാദൂര്‍ ഏതോ ചിന്തയില്‍ മുഴുകി. കടുപ്പമുള്ള മധുരം കൂടിയ ചായ നീട്ടി ബഹാദൂര്‍ തുടർന്നു. “ഞങ്ങള്ക്കിതേ വിധിച്ചിട്ടുള്ളൂ. എന്‍റെ കൃഷിസ്ഥലം വെള്ളത്തിലാണ്. എല്ലാം നശിച്ചുപോയി. കിട്ടിയത് കെട്ടിപ്പെറുക്കി കുടുംബത്തോടൊപ്പം ഗ്രാമംവിട്ട് ഇവിടെ വന്നപ്പോള്‍ തുടങ്ങിയതാണീ ഗുമിട്ടിപീടിക. എന്നെപ്പോലെ എത്രയോ പേര്‍  ഇങ്ങിനെ ജീവിതം തീര്‍ക്കുന്നു. ഓരോ വർഷവും മൂന്നാല് മാസം ഞങ്ങൾക്ക് ജീവിതം അങ്ങോട്ടുമിങ്ങോട്ടുമുള്ള പറിച്ചുനടലാണ്. ആയുസ്സിൽ കാണാത്ത സമരത്തിന്‍റെ പത്തുപതിനഞ്ച് വര്‍ഷങ്ങള്‍. പിന്നെ ഇത് തന്നെയാണ് ജീവിതം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളെ നോക്കാനാരും വരില്ല എന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നു.

കഴിഞ്ഞ മുപ്പത് വര്ഷങ്ങളായി വടക്കൻ ബീഹാറിലെ ഈ ഗ്രാമങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഒതുക്കിയും മടക്കിയും കൊണ്ടുപോകുന്നു. വെള്ളം വന്നാൽ അതിനടിയിലാകുന്ന ജീവിതങ്ങൾ. തൻറെ ബാക്കിയുള്ള സമ്പാദ്യമായ ആട്ടിൻകുട്ടികളെയും പശുവിനെയും കൊണ്ട് ജീവിതം വാട്ടുന്നവർ. അനില് വിളിച്ചപ്പോഴാണ് ചിന്തയില് നിന്നുണര്ന്നത്. ചായയുടെ പൈസ കൊടുത്ത് ബാക്കി വാങ്ങാതെ പുറത്തിറങ്ങി. കറുത്തിരുണ്ട ആകാശം. ഇന്നലെ രാത്രി പെയ്ത മഴയുടെ മണം മണ്ണിലലിഞ്ഞിരിക്കുന്നു. ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് അവിടെ ഒരു കമ്പിൽ തൂക്കിയിട്ട റേഡിയോ പറയുന്നതു കേട്ടു. ഞങ്ങൾ യാത്ര തുടര്‍ന്നു.

ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി സത്യാഗ്രഹ സമരം പരീക്ഷിച്ച പശ്ചിമചമ്പാരൻ ഉൾനാടുകളിലൂടെ നീങ്ങുമ്പോൾ സിസ്റ്റർ എലീസ് പറഞ്ഞു. ഇവിടെയാരും വരാറില്ല. ആരും വരേണ്ടതുമില്ല. ആർക്കെന്ത് ചേതം? ഞങ്ങളുടെ വണ്ടി തേഞ്ഞു തീർന്ന പാതകളിലൂടെ മുന്നോട്ടു പോയി. ഭൂരി ഗണ്ഡകിനും ഗണ്ഡകിനും ഇടയ്ക്കുള്ള ജീവിതം ദുഷ്കരമാണ്. അതൊരു പോരാട്ടം കൂടിയല്ല. പോരാട്ടമില്ലാത്ത പാവപ്പെട്ടവരുടെ പ്രതീക്ഷയില്ലാത്ത കണ്ണുകളുടെ നോട്ടങ്ങളാണ് മൂക്കിളകളാണ് എല്ലു പുറത്തേക്കുന്തിയ ആട്ടിൻകുട്ടികളാണ്.

നദികളെ തളച്ചിട്ടത് കൊണ്ട് എങ്ങോട്ടും ഒഴുകാൻ പറ്റാത്ത വഴി.  പലയിടങ്ങളിലും പോയി. കേറിയിറങ്ങി തിരിച്ചിറങ്ങി നഗരപ്രാന്തങ്ങളിലും വീടുകളിലും അടുക്കളയിലും വന്നിറങ്ങുന്ന നദികളുടെ നിസ്സഹായാവസ്ഥ സങ്കടകരമാണ്.

ഗണ്ടകിന്‍റെ യാത്രയും ജീവിതവും

ഹിമാലയത്തിന്‍റെ ഉത്ഭവത്തിനു മുൻപ് തന്നെ ഗണ്ടക് നദിയുണ്ടായിരുന്നെന്ന് ചരിത്രം പറയുന്നു. ധൗളഗിരി അന്നപൂർണ എന്നീ പർവതങ്ങൾക്കിടയിലൂടെ ലോകത്തിൽ തന്നെ ഏറ്റവും ആഴം കൂടിയ ചെങ്കുത്തായ മലനിരകളിലൂടെയാണ് ഗണ്ഡകിയുടെ യൗവ്വനയാത്ര. 1025 ഓളം മഞ്ഞുമലകളും 338 ഓളം തടാകങ്ങളും കൂടിചേര്‍ന്ന്‍ ടിബറ്റില്‍ ജനിച്ച ഗണ്ഡകി, മഞ്ഞിന്‍ പാളികളിലൂടെ കടഞ്ഞെടുത്ത നീരുറവകളുടെ അത്ഭുതമാണ്. നേപ്പാളിൽ കാളിഗണ്ഡകി എന്നും നാരായണി എന്നും വിളിക്കുന്ന ഗണ്ടക് നീണ്ടുനിൽക്കുന്ന മഞ്ഞുവർഷങ്ങളുരുകി കിനിഞ്ഞിറങ്ങി തുള്ളിയായിറ്റിവീണ് ചെറിയ ഓളങ്ങളായരുവികളായി നേപ്പാളെന്നോ തിബത്തെന്നോ ഇന്ത്യയെന്നോ വേര്‍തിരിവില്ലാതെ തൊട്ടുതലോടി ബീഹാറിലെ പശ്ചിമചമ്പാരൻ ജില്ലയിലെ വാല്മീകി നഗറിൽ പ്രവേശിക്കുന്നു. ഉത്തരകോണിലെ അതിരിൽ സത്താർഘട്ടിനടുത്ത് വന്നുചേരുന്നു. ഗണ്ടക്, സോനാ, പഞ്ചാഡ് എന്നീ നദികളുടെ ത്രിവേണി സംഗമഭൂമികൂടിയാണ് വാല്മീകിനഗർ.

പശ്ചിമ ചമ്പാരൻ ജില്ലയിലെ അഞ്ചു ചെറിയ ചെറിയ നദികൾ ഗണ്ഡകിൽ പ്രവേശിച്ച് ബാഗേഹയും ബേത്തിയയും കടന്ന് മോത്തിഹാരിയിൽ പ്രവേശിച്ച് മചാരിയാ, നിസാമത്, തേജപുരയ്ക്കടുത്ത ഗുഞ്ചാർവാലിയ, ബർഹർവ, നഗ്ദഹ, സക്വ ഗ്രാമങ്ങളിലൂടെ തിരിഞ്ഞുപുളഞ്ഞൊഴുകുന്ന ഗണ്ടക്. ഈ നദിക്കരയിൽ സരയ നെവാദ ഗോവിന്ദ്ഗഞ്ച്. ഇതിനിടയിൽ പിപ്രയും ജിത്വാർപൂരും. അത് കഴിഞ്ഞ് സവാദ ഹിജ്‌വ സർഗാമ്പൂർ ഭവാനിപൂർ കെസാരിയ ഡുമേരിയ….ജലങ്ങളുടെ ഉൾനാടൻ ഗ്രാമങ്ങൾ.

നമ്മുടെ നദികളുടെ ഒരു പരിവേഷമല്ല ബീഹാറിലെ നദികൾക്ക്. അത്ര ദൃശ്യചാരുതയോ രൂപമോ ഒന്നും തോന്നണമെന്നില്ല. സൗന്ദര്യം നദിയുടെ ജീവിതത്തിലാണ്. നദി തന്നെ സ്വയം അലങ്കരമായി ആഭരണമായി ഗ്രാമങ്ങളെ ചുറ്റി തനതായ ഒരു സൗന്ദര്യം മെനഞ്ഞെടുക്കുന്നു. ഹിമാലയത്തിൽ ഫലഭൂയിഷ്ഠതയെ മടിശ്ശീലയിലാക്കി ബീഹാറിനെ വളക്കൂറുള്ള മണ്ണാക്കി കൃഷിപ്പാടങ്ങളെ പുതപ്പി ച്ച് കടന്നുവരുന്ന ഗണ്ടക് എന്ത് മനോഹാരിയാണെന്നോ..

മഴയ്ക്ക് മുൻപ് ശാന്തമായൊളിഞ്ഞിരിക്കുന്ന ജലചാരുതകളാണീ നദികൾ. ഇവർ വന്യമായ പ്രണയത്തിന്‍റെ ബാക്കിപത്രങ്ങളെന്നു ചിലപ്പോൾ തോന്നും. സ്‌നേഹിക്കുമ്പോൾ ശക്തമായി സ്നേഹിക്കാനും വെറുക്കുമ്പോൾ അങ്ങേയറ്റം വെറുക്കാനും സാധിക്കുന്ന ഈ നദികൾ ബീഹാറിനോട് ക്ഷോഭിച്ചും പ്രണയിച്ചും ജീവിതം അന്വർത്ഥമാക്കുന്നു.

മോത്തിഹാരിയിലൂടെ ഗണ്ഡകിന്‍റെയും ബൂരീഗണ്ഡകിന്‍റെയും സമതലങ്ങളിലൂടെ നദിക്കരയിലൂടെ ജീവിതത്തിലൂടെ നടക്കുക. അതുവഴി ദർഭംഗയിലും മുസഫർപൂരിലും സീതാമാഡിയുടെ കഷണങ്ങളിലും ബെഗുസരായിലും പിന്നീട് ഗംഗയിലും എത്തുന്നത് വരെ ജീവിതം കാണുക.

മജൂളിയയിലൂടെ…

ഇടുങ്ങിയ പാതയ്ക്കിരുവശവും പുല്ല് കൊണ്ട് മേഞ്ഞ മണ്ണിൽ കെട്ടിയ അസ്ഥികൂടം പോലത്തെ കുടിലുകൾ. അങ്ങോട്ടുമിങ്ങോട്ടും പായുന്ന കെട്ടിയിടാത്ത ആട്ടിൻകുട്ടികളും കന്നൂട്ടികളും. ഇതാണ് മജൂളിയ ഗ്രാമം. എല്ലാ വർഷവും വെള്ളത്തിലാണ്ടു പോവുകയും വീണ്ടും തിരിച്ചു വരികയും ചെയ്യുന്ന ഗ്രാമം. ഈ കുടിലുകൾക്കപ്പുറത്തായി നീണ്ടുകിടക്കുന്ന പാടങ്ങൾ.

ചോളപ്പാടങ്ങൾക്ക് നടുവിലൂടെ നടന്നു പോകുമ്പോൾ അവിടെയൊരു മുളയുടെ പാലം കാണാം. നാട്ടുകാർ ഉണ്ടാക്കിയതാണ്. ഈ പാലമില്ലായിരുന്നെങ്കിൽ അപ്പുറവും ഇപ്പുറവും ജീവിതങ്ങൾ രണ്ടാകുമായിരുന്നു. ഇവരുടെ ജീവിതം ഇവർ തന്നെ കെട്ടുകയോ അവസാനിപ്പിക്കുകയോ ആണ്.

ഗണ്ടക് നദിയുടെ അരികിലെ ചോളപ്പാടങ്ങൾക്കിടയിലൂടെ നടക്കുമ്പോഴാണ് നിലത്ത് കുനിഞ്ഞിരിക്കുന്ന വൃദ്ധനായ ചക്രബർത്തിയെ കണ്ടത്. ക്രുഷ്‌ണാ ചക്രബർത്തി. പേര് കേൾക്കുമ്പോലെ ബംഗാളിയൊന്നുമല്ല. പേരിൽ ചക്രവർത്തിയാണെങ്കിലും മുസഹർ സമുദായത്തിൽപ്പെട്ടയാളാണ്. തന്‍റെ  അച്ഛൻ സവർണജാതിക്കെതിരെ നടത്തിയ സമരത്തിന്റെ ഭാഗമായി തനിക്കിട്ട പേരാണ് ചക്രബർത്തി. ക്രുഷ്‌ണ തുടർന്നു. പക്ഷെ എനിക്കാ നാട് വിടേണ്ടിവന്നു. ചക്രബർത്തി എന്ന പേരും വെച്ച് എനിക്കവിടെ ജീവിക്കാൻ പറ്റിയില്ല. എന്‍റെ കുടുംബത്തെ അവിടുന്നാട്ടിയോടിച്ചു. അച്ഛന് ശേഷം നാവില്ലതായിപ്പോയ ഞങ്ങളുടെ തലമുറ. അങ്ങിനെയാണ് ഞാനീ പ്രളയപാടങ്ങളിൽ ജീവിതം കഴിച്ചുകൂട്ടേണ്ടി വന്നത്. ചക്രബർത്തിയുടെ കണ്ണിൽ നഷ്ടപ്പെട്ട സൂര്യോദയം.

ഞങ്ങളവിടെ നിന്നിറങ്ങുമ്പോഴേക്കും സന്ധ്യ അതിന്‍റെ മാളങ്ങളിൽ പോയൊളിച്ചിരുന്നു. ഇനിയും പത്തറുപത് കിലോമീറ്റർ താണ്ടിയാലേ ബേത്തിയയിൽ എത്തൂ. അനിൽ വണ്ടി ആഞ്ഞു ചവിട്ടി. ഇടയ്ക്ക് ഒരു കെടാവിളക്ക് പോലെ തോന്നിച്ച ഒരുന്തുവണ്ടിയിൽ നിന്ന് രണ്ട് ലിട്ടിയും കഴിച്ച് യാത്ര തുടർന്നു. രാത്രി പത്ത് മണിയോടെ ഞങ്ങൾ ബേത്തിയയിൽ എത്തി. രാവിലെ വീണ്ടും പോകേണ്ടത് കൊണ്ട് നേരത്തെ ഉറങ്ങാൻ കിടന്നു.

ചരിത്ര തീരങ്ങൾ

ഉറങ്ങാൻ കിടന്നപ്പോൾ ബീഹാറിന്‍റെ ചരിത്രം മുന്നിൽ വന്ന് നൃത്തം ചെയ്യാൻ തുടങ്ങി. ഈ നദികളുടെ തീരങ്ങളിലാണ് വജ്ജിരാജ വംശത്തിലെ ജനകമഹാരാജാക്കന്മാരും വൈശാലിയിലെ ബുദ്ധ ജൈന അറിവുകളും യുദ്ധങ്ങളും സമാധാനങ്ങളും ഉരുത്തിരിഞ്ഞത്.

ലോകത്തിലെ ആദ്യത്തെ ജനാധിപത്യഭരണകൂടമെന്നു പറയപ്പെടുന്ന ലിച്ഛവിയുടെ വൈശാലിയിലെ വിശാൽ രാജാ കാ ഘർ കടന്നുപോകുമ്പോൾ നദികൾ പറഞ്ഞെതെന്തായിരിക്കും?

ഈ നദി അജാതശത്രുവിന്‍റെയും മഗധ സാമ്രാജ്യത്വത്തിന്‍റെയും അക്രമത്തിലും ചാണക്യതന്ത്രങ്ങളിലും സാക്ഷികളായിരുന്നു.

ലിച്ഛവിക്ക് ശേഷം വന്ന ബുദ്ധനും അനുയായികളും പാഠങ്ങളും പ്രഭാഷണങ്ങളും എല്ലാം ഈ നദിക്കരകളിലായിരുന്നു. ആനന്ദന് മോക്ഷം കിട്ടിയതും ബുദ്ധന്റെ അവസാനത്തെ പ്രഭാഷണവും കുശിനഗരത്തിലേക്കുള്ള യാത്രയും ഇവിടെത്തന്നെ. കെസാരിയയിലെ ബുദ്ധസ്തൂപത്തിനടുത്തുകൂടെ ഗണ്ടക്നദി ഒഴുകുമ്പോൾ കണ്ണ് താനെ അടഞ്ഞു പോകുന്നു.

ബുദ്ധനും ആനന്ദഭിക്ഷുവും ഉപഗുപ്തനും അമ്രപാലിയും ദിഗംബര ജൈനരും സ്പർശംകൊണ്ട നദികൾ ഇവിടങ്ങളിൽ ശാന്തമായൊഴുകുന്നു.

ദർഭംഗയിലേക്ക്

ദർഭംഗ കടുത്ത നിറങ്ങളുടെ ഇടങ്ങളാണ്. ദർഭംഗ കാ രാജയുടെ ഉപേക്ഷിക്കപ്പെട്ട സമതലങ്ങൾ. മിഥിലയുടെ തലസ്ഥാനമായിരുന്ന ബംഗാളിന്‍റെ  വാതിലെന്നറിയപ്പെട്ടിരുന്ന ദ്വാർബംഗ നദികളുടെയും വെള്ളപ്പൊക്കത്തിന്‍റെയും ഗ്രാമ ജീവിതത്തിന്‍റെയും നിസ്സഹായാവസ്ഥയുടെയും നേർകാഴ്ചയാണ്.

രാവിലെത്തന്നെ വെള്ളം ജീവിതത്തിലേക്ക് കടന്നുവന്നു. വെള്ളം മുട്ടോളം എത്തിയപ്പോൾ മനസ്സിലായി ഇവിടെ ഇനി നിൽക്കാൻ പറ്റില്ല എന്ന്. ഞങ്ങൾ മറ്റൊരു ക്യാമ്പിലേക്ക് മാറി. ഒരുയർന്ന പറമ്പിൻമുകൾ. ബീഹാറിന്‍റെ നഗരങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ ആരംഭിക്കുന്നത് ഒരുപക്ഷെ വടക്കൻ ബീഹാറിന്‍റെ ജീവിതം കെടുത്തിയ പ്രളയങ്ങളായിരിക്കാം. മുഹമ്മദ് പാഷ പറഞ്ഞുനിർത്തി. ഞങ്ങൾക്കീ നദിയില്ലാതെ ജീവിതമില്ല. കൃഷിയില്ലാതെ ഞങ്ങളില്ല. പക്ഷെ ഈ ഭൂമിയൊന്നും ഞങ്ങളുടേതല്ല. നദികളും അതുപോലെ തന്നെ. നദിക്കും സ്വന്തമായൊന്നുമില്ല.

തന്‍റെ പതിമൂന്നു വയസ്സുള്ള മകനെ പഞ്ചാബിലെ ഉരുളക്കിഴങ്ങിൻ പാടത്തേക്കയച്ച പാഷ കൽക്കത്തയിൽ സൈക്കിൾ റിക്ഷ ഓടിക്കുന്നു. വെള്ളപ്പൊക്കം വന്നത്കൊണ്ട് ഭാര്യയെയും കൊച്ചുമകളെയും മാറ്റി പാർപ്പിക്കാൻ എത്തിയതാണ് പാഷ.

ഞാനിറങ്ങി നടന്നു. ഗണ്ഡകിൽ നിന്ന് ബൂരി ഗണ്ഡകിലേക്കും ബാഗ്മതിയിലേക്കും കോശി കമലാ ബളാൻ റംസാൻ നദികളിലേക്കും ജീവിതങ്ങളിലേക്കും.

(തുടരും)…

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like