1990 ജൂലൈ 21
യാത്ര പുറപ്പെടേണ്ട ദിവസം. ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോഴാണ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങു ന്നതിനെക്കുറിച്ചോർത്തത്. സത്യത്തിൽ വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് എങ്ങോട്ടോ നാടു വിടുന്നതു പോലെയൊരു തോന്നലായിരുന്നു. കോഴിക്കോട് നിന്ന് പാട്ന എക്സ്പ്രസിലായിരുന്നു ഞങ്ങളുടെ യാത്ര. അതു കൊണ്ട് കൊൽക്കത്തയിൽ നിന്ന് ഗോഹട്ടിക്ക് വണ്ടി മാറി കയറണം. ഞങ്ങളെ യാത്രയാക്കാൻ എന്റെ അനുജൻ ദിനേശ്, സുഹൃത്തായ മധു, പവിത്രന്റെ ജ്യേഷ്ഠൻ ദേവൻ, അളിയൻ ജയപ്രകാശ് എന്നിവരെല്ലാം സ്റ്റേഷനിൽ എത്തിയിരുന്നു. സത്യത്തിൽ ഉള്ളിലൊരു സങ്കടക്കടലിനെ അണകെട്ടി നിർത്തിയായിരുന്നു അവരോടെല്ലാം ഞങ്ങൾ യാത്ര പറഞ്ഞത്.
പരപ്പനങ്ങാടിയിൽ നിന്നു കൊൽക്കത്തയിലെ ജോലി സ്ഥലത്തേക്കു പോകുന്ന റഷീദിനെയാണ് ഞങ്ങൾ ട്രെയിനിൽവച്ച് ആദ്യം പരിചയപ്പെട്ടത്. ‘ഏതായാലും ഹൗറ വരെ ഒരു മലയാളിയെ കിട്ടിയത് നന്നായി’ എന്ന പവിത്രന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് ഞങ്ങൾ അവനുമായി വലിയ സൗഹൃദത്തിലായി. കൊൽക്കത്തയുടെ പ്രത്യേകതകൾ, ഹൗറ സ്റ്റേഷനിലെ തിരക്ക്, അതിനിടയിൽ വിലസുന്ന പോക്കറ്റടിക്കാർ ഇവയെല്ലാം ഇടയ്ക്കിടെയുള്ള അവന്റെ സംസാരത്തിൽ കടന്നു വന്നിരുന്നു. മറ്റൊരു സഹയാത്രികൻ പയ്യന്നൂർക്കാരനായ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. റിട്ടയേർഡ് അധ്യാപകൻ. വിജയവാഡയ്ക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇവർ രണ്ടു പേരും നൽകിയ ഒത്തിരി നിർദേശങ്ങൾ തുടർയാത്രയിൽ ഞങ്ങൾക്കൊരു മുതൽക്കൂട്ടായിരുന്നു.

Credit: Google
അഡ്മിഷനാവശ്യമുള്ള ക്യാഷ് ട്രാവലേഴ്സ് ചെക്കാക്കി മാറ്റിയത് ഊണിലും ഉറക്കത്തിലുമെല്ലാം ഞങ്ങളുടെ അരയിൽ തന്നെ സുരക്ഷിതമായി ഇരുന്നു. പുതിയ പുതിയ കാഴ്ചകൾ സമ്മാനിച്ചു കൊണ്ട് ദിവസങ്ങൾ കടന്നുപോയി. തികച്ചും വ്യത്യസ്തമായ ഗ്രാമങ്ങളും നഗരങ്ങളും. എത്രയെത്ര ജീവിത മുഹൂർത്തങ്ങളാണ് പുറംകാഴ്ചയിൽ മിന്നിമറയുന്നത്. ആന്ധ്രയിലെ വിശാലമായ പാടശേഖരങ്ങൾ, വൈവിധ്യമാർന്ന മറ്റു കൃഷിയിടങ്ങൾ… പല വേഷക്കാരുടെയും ഭാഷക്കാരുടെയും സാന്നിദ്ധ്യം എല്ലാം യാത്രയിൽ പുതിയ അനുഭവം തീർക്കുന്നതായിരുന്നു. നൂറ്റാണ്ടുകളിലൂടെ നിരവധി സാമ്രാജ്യങ്ങളും രാജവംശങ്ങളും ഉയർന്നു വരികയും തകർന്നടിയുകയും ചെയ്ത ചരിത്ര ഭൂമികയിലൂടെയാണല്ലോ ഈ യാത്ര… ഓർത്തെടുക്കാൻ എത്രയെത്ര ചരിത്ര പുരുഷന്മാർ.. സംഭവങ്ങൾ.. രാജ്യതന്ത്രജ്ഞത കൊണ്ട് സൈനിക വിജയങ്ങൾ നേടി നാടുകൾ കീഴടക്കിയവർ.. പുതിയ ദർശനങ്ങളിലൂടെ സമൂഹത്തെ നയിച്ചവർ..
ഒഡീഷയിലേക്കെത്തിയപ്പോൾ ട്രെയിനിലും പ്ലാറ്റ് ഫോമിലുമെല്ലാം ചായവില്പനക്കാരൻ മണ്ണുകൊണ്ടുണ്ടാക്കിയ കുഞ്ഞു ഗ്ലാസുകളുപയോഗിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക് ഏറെ കൗതുകം തോന്നി. “അല്ല ഇത് തിരിച്ചു കൊടുക്കണോ ?” വേണ്ടെന്നറിഞ്ഞപ്പോൾ ബാഗിന്റെ സൈഡ് പോക്കറ്റിൽ തിരുകി വച്ചു.
ചിലയിടങ്ങളിലെ മഴക്കെടുതികളുടെ കാഴ്ച മനസ്സിനെ അലോസരപ്പെടുത്തുന്നതായിരുന്നു. വർഷാവർഷവും ഇവർ അനുഭവിക്കുന്ന ദുരിതങ്ങൾ എത്രയാവും അല്ലേ? എവിടെയാണാവോ ആ പഴയ കലിംഗ രാജ്യം? ചരിത്ര ക്ലാസിൽ അശോക ചക്രവർത്തി കലിംഗ കീഴടക്കിയതും തുടർന്ന് അദ്ദേഹത്തിനുണ്ടായ മാനസാന്തരവുമെല്ലാം വിശദീകരിക്കുമ്പോൾ എന്നും ഒരു പ്രത്യേക ഊർജ്ജം കൈവരുമായിരുന്നു. പലപ്പോഴും കുഞ്ഞുമനസ്സുകളിൽ യുദ്ധ പ്രതിഷേധത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിക്കൊണ്ട് മാത്രമേ അത് അവസാനിപ്പിക്കാറുള്ളൂ.
വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒരിക്കലും പിൻതിരിഞ്ഞോടാൻ മനസ്സില്ലാത്തവരുമുണ്ടായിരുന്നല്ലോ. അന്നുമിന്നും പാർശ്വവൽക്കപ്പെട്ടവരായി കഴിയുന്ന സന്താളർ. കൊൽക്കത്ത ലക്ഷ്യം വച്ചായിരുന്നു അന്ന് ആ പടയാളികൾ മുന്നേറിയത്. അവസാനത്തെയാളും മരിച്ചു വീഴുന്നതുവരെ.
വണ്ടി ബംഗാളിലേക്ക് എത്തിയെന്നറിയിച്ചത് റഷീദായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് ഗോഹട്ടിക്കുള്ള അടുത്ത ട്രെയിൻ ഏതു സമയത്താണ്? ഒന്നും അറിയില്ല. നല്ല തിരക്കുള്ള സ്റ്റേഷനാണിത്. ചായയും മറ്റു ഭക്ഷണസാധനങ്ങളും വിൽക്കുന്നവരുടെയും യാത്രക്കാരുടെയും പോർട്ടർമാരുടെയുമെല്ലാം ഓട്ടവും ബഹളവും. റഷീദ് ഞങ്ങളോട് യാത്ര പറഞ്ഞു. ഇനി തുടർന്നുള്ള യാത്രയുടെ വിവരങ്ങൾ തിരക്കണം. ഞാൻ ബാഗുകളുടെ കാവൽക്കാരനായി ഒരു ഭാഗത്തേക്ക് മാറി നിന്നു. പവിത്രൻ റിസപ്ഷൻ കൗണ്ടർ തിരക്കി പോയി.

“വൈകിയിട്ടേ ട്രെയിനുള്ളു. ഇനി നമുക്ക് തടിയുറപ്പിച്ച് ഇത്തിരി വിശ്രമിക്കാം” അന്വേഷണം കഴിഞ്ഞെത്തിയ പവിത്രൻ ഭായ് പറഞ്ഞു. ഒരു ഹോട്ടൽ കണ്ടെത്തി. ഇവിടുത്തെ വിഭവങ്ങളുടെ പേരൊന്നും പരിചയമില്ലാത്തതിനാൽ മീൽസ് എന്നല്ലാതെ മറ്റെന്താണ് ഈ ഉച്ചയാവാൻ നേരത്ത് പറയുക!ഒരു കപ്പ് പച്ചരിച്ചോറ് വിളമ്പി കൂടെ ദാൽകറിയും. മറ്റെന്തെങ്കിലും വേണോ എന്ന സപ്ലയറുടെ ചോദ്യത്തിനൊപ്പമുള്ള വിശദീകരണത്തിൽ ചിക്കൻ എന്നു കേട്ടതിനാൽ ഓർഡർ ചെയ്തു. ഒരോ ചെറിയ പീസ് ചിക്കൻ കിട്ടി. ബില്ലിന്റെ കഥ പറയുന്നില്ല. ഇനിയെന്തെല്ലാം വരാനിരിക്കുന്നു. ഏതായാലും ഇതൊക്കെയായങ്ങ് പൊരുത്തപ്പെടുക. അത്ര തന്നെ. പിന്നെ കേട്ടറിഞ്ഞ കൊൽക്കത്തയെ ക്കുറിച്ചായിരുന്നു ചിന്ത.
സാഹിത്യം, കല, സിനിമ, രാഷ്ട്രീയം തുടങ്ങി വിവിധ രംഗങ്ങളിലെ എത്രയോ മഹാരഥൻമാരുടെ കർമ്മ മണ്ഡലമെന്ന നിലയിൽ പ്രശസ്തമായ നഗരമാണിത്. ഈ വംഗദേശത്തെ കൃതികൾ പലതും എം.എൻ. സത്യാർഥിയും വി.സാംബശിവനും നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ. വൈദേശികാധിപത്യം ശക്തി പ്രാപിക്കുന്നതിനൊപ്പം വളർന്നുവന്ന ഒരു കച്ചവടകേന്ദ്രം ക്രമേണ ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായി മാറിയതാണ് ഈ നഗരത്തിന്റെ ചരിത്രം. അതുകൊണ്ടു തന്നെ അതിപ്രാചീനമായ ശേഷിപ്പുകളൊന്നും ഇവിടെയില്ലല്ലോ. എല്ലാം ഓർക്കുകയല്ലാതെ കേട്ടറിഞ്ഞതും അതിനപ്പുറവുമുള്ള കാഴ്ചകൾ ആസ്വദിക്കാനും ഉള്ളിൽ കൊൽക്കത്തയുടെ പുതിയ ഒരു ചിത്രം രൂപപ്പെടുത്താനും ഈയവസരത്തിൽ യാതൊരു നിവൃത്തിയുമില്ല. ഇനിയും രണ്ടു ദിവസത്തോളമെടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ.
(തുടരും)
കവര് ഡിസൈന്: സി പി ജോണ്സണ്