പൂമുഖം ചുവരെഴുത്തുകൾ ഒരു ഇടശ്ശേരി അനുസ്മരണം (2020)

ഒരു ഇടശ്ശേരി അനുസ്മരണം (2020)

വലിയ സാഹിത്യാഭിനിവേശം ഉണ്ടായിരുന്ന കൌമാരയൌവനങ്ങളാണ് എനിക്കുണ്ടായിരുന്നത്. എനിക്ക് ഇടശ്ശേരിയോടുള്ള ആരാധനക്കുള്ള പ്രധാനകാരണം ആ ആരംഭദശയിൽ എൻ്റെ വിനീതമായ സാഹിത്യജീവിതത്തെയും അത് വഴി ജീവിതത്തെത്തന്നെയും നിര്‍ണ്ണയിച്ച പഞ്ചമഹാകവികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നതാണ്. അദ്ദേഹത്തിന്‍റെ കവിതകളില്‍ നിന്ന് കൂടിയാണ് എന്നില്‍ രാഷ്ട്രീയാവബോധം ഉണ്ടാകുന്നത്. അദ്ദേഹത്തിൻ്റെ മൂല്യമണ്ഡലത്തിൻ്റെ അന്ത്യദര്‍ശനം നേടാന്‍ ഭാഗ്യമുണ്ടായ ഒരാള്‍ എന്ന നിലയില്‍ ഒരു എഴുത്തുകാരൻ്റെ ധര്‍മ്മനിഷ്ഠയും മാനവികതയും സാമൂഹ്യബോധവും എത്ര ഉയരത്തില്‍ ആയിരിക്കണം എന്ന് അദ്ദേഹം തൻ്റെകവിതകളിലൂടെ എന്നെ ഓര്‍മ്മപ്പെടുത്തി. അദ്ദേഹത്തിന്‍റെ പുത്രന്മാരായ ഹരികുമാറും മാധവനും ഡോ. ദിവാകരനും ആയുള്ള യൌവനാരംഭം മുതലുള്ള അടുപ്പം മൂലം ഇടശ്ശേരിയുടെ വ്യക്തി ജീവിതത്തിലെ ഒരിക്കലും പിഴവ് വരാത്ത സ്വഭാവ ദാര്‍ഢ്യത്തിൻ്റെയും ആദര്‍ശശുദ്ധിയുടെയും ആസ്തികതയുടെയും പ്രതിഫലനമാണ് അദ്ദേഹത്തിൻ്റെ കവിത എന്ന് എനിക്ക് ബോദ്ധ്യമായി.

ഇടശ്ശേരിക്ക് ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നു. പക്ഷെ ഇടശ്ശേരിക്കവിതയുടെ ഗഹനത അളക്കാന്‍ എത്രയോ സർവകലാശാലാ ഗവേഷണപ്രബന്ധങ്ങള്‍ മലയാളത്തില്‍ ഉണ്ടായി! വിശാലമായ മാനവികതയുടെ അതതു കാലത്തെ ജൈവപ്രതികരണം എന്ന നിലയില്‍ ആദ്യകാല കവിതകളിലൂടെ തന്നെ അദ്ദേഹം ദേശീയവാദിയായി. ‘പണിമുടക്കം’, ‘ചകിരിക്കുഴികള്‍’, ‘കുടിയിറക്കൽ’, ‘പുത്തന്‍ കലവും അരിവാളും’ എന്നീ രചനകളിലൂടെ സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റും ഒക്കെ ആയി. ലോകത്തില്‍ മനുഷ്യർ എവിടെവിടെയൊക്കെ കുടിയിറക്കപ്പെടുന്നുണ്ടോ, എവിടെവിടെയൊക്കെ അവരുടെ ചട്ടികള്‍ പുറത്തെറിയപ്പെടുന്നുണ്ടോ ആ ഇടങ്ങളെ ഒക്കെ കൂട്ടി ചേര്‍ത്ത് ഒരു ഭൂപടം വരക്കണമെന്ന് ഉള്ള അന്തര്‍ദേശീയ വീക്ഷണം ‘കുടിയിറക്കല്‍’ എന്ന കവിതയിലൂടെ മുക്കാൽ നൂറ്റാണ്ട് മുൻപ് ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്! ‘പെങ്ങളു’ടെയും ‘ നെല്ലുകുത്തുകാരി പാറു’വിൻ്റെയും ദൈന്യ കഥകൾ എഴുതുകവഴി ആദ്യകാല സ്ത്രീവാദി ആയി. ’കുറ്റിപ്പുറം പാലം’ എഴുതുക വഴി വികസനമാത്രമായ പുരോഗമനസങ്കല്‍പ്പത്തെ അക്കാലത്തു തന്നെ അദ്ദേഹം സംശയിച്ചു. ’ഇസ്ലാമിലെ വന്‍മല’ പോലെ മലയാളത്തിലെ ഏറ്റവും സവിശേഷമായ മതേതരകാവ്യങ്ങളിൽ ഒന്ന് രചിച്ചു. ‘പൂതപ്പാട്ടും’ ‘കാവിലെപ്പാട്ടും’ ഉൾപ്പടെയുള്ള രചനകളിലെ ദ്രാവിഡമായ ആദിരൂപങ്ങളുടെ മൗലികതയെ കുറിച്ചുള്ള ചർച്ചകൾ എത്രയെങ്കിലും ഉണ്ടായിട്ടുണ്ട്. ഇത്രയും സമഗ്രമായ മാനവികതക്ക് ഉടമയായിട്ടും താനേതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തോടോ പ്രത്യയശാസ്ത്രത്തോടോ ബദ്ധനാനെന്നു ഇടശ്ശേരി അവകാശപ്പെട്ടിട്ടില്ല.

ജീവിതത്തില്‍ മുക്കാൽ പങ്കും ദരിദ്രനായി ജീവിച്ചിട്ടുള്ള ഇടശ്ശേരി വ്യക്തിജീവിതത്തില്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ക്ക് ജീവിതത്തെ കൂടുതൽ ജീവത്താക്കുന്നതിനുള്ള കഴിവിനെ കുറിച്ച് സദാ ബോധവാനായിരുന്നു.

അദ്ദേഹത്തിൻ്റെ ഷഷ്ട്യബ്ദപൂർത്തിയുടെ ഘട്ടത്തില്‍ ആണെന്ന് തോന്നുന്നു, ആ കവിതകളെ നിരൂപണം ചെയ്തു കൊണ്ട് ‘ക്രൂരതയാണ് ഇഷ്ടദേവത’ എന്നൊരു ലേഖനം വായിച്ചതായി ഓര്‍ക്കുന്നു. ബഹുമാനപ്പെട്ട കവി മാധവന്‍ അയ്യപ്പത്തായിരുന്നു നിരൂപകന്‍ എന്നാണ് ഊഹം. കാൽപ്പനികതാസ്പര്‍ശമില്ലാത്ത ക്രൂരവും പരുഷവുമായ യാഥാര്‍ഥ്യബോധമാണ് ഇടശ്ശേരി കവിതയുടെ മുഖമുദ്ര എന്ന് സ്ഥാപിക്കുന്ന ആ ലേഖനം എനിക്ക് എക്കാലത്തും വളരെ സാര്‍ഥകമായി തോന്നിയിട്ടുണ്ട്.. ചങ്ങമ്പുഴയും വള്ളത്തോളും ഉള്‍പ്പടെ നിരവധി പേരുടെ കാൽപ്പ നികത മലയാളത്തെ ഭരിക്കുന്ന കാലത്താണ് പരുഷമായ ഈ വിമതസ്വരമുയരുന്നത്. ‘ഹാ, രക്ഷക്കാത്മധര്‍മ്മം ശരണം, ഇതരമില്ലില്ല മാപ്പെന്ന ഗീരിന്‍ ക്രൂരത്വത്താല്‍ ഉയർത്തപ്പെടുക പിന്നെയും പിന്നെയും നീ ‘എന്ന് ആഹ്വാനം ചെയ്യുന്ന ‘മാപ്പില്ല’ എന്ന കിടയറ്റ മുക്തകത്തിലും ‘പൂജാപുഷ്പം’ എന്ന കവിതയിലും ഒക്കെ ഇടശ്ശേരി ക്രൂരതയെന്ന തൻ്റെ ഇഷ്ടദേവതയെ ഉപാസിക്കുന്നുണ്ട്.

ജീവിതമെന്ന പരുഷയാഥാര്‍ഥ്യത്തെ കുറിച്ച് നിരന്തരം പറയുമ്പോഴും പേലവതയുടെ പ്രകാശനങ്ങളും ഇടശ്ശേരിക്കവിതയില്‍ ധാരാളം ഉണ്ട്. ‘ഇടക്ക് കണ്ണീരുപ്പ് പുരട്ടാതെന്തിനു ജീവിത പലഹാരം?’എന്ന് ജീവിതത്തിലെ സുഖദുഃഖസമ്മിശ്രതയെ ഇടശ്ശേരി എപ്പോഴും ചൂണ്ടിക്കാട്ടുന്നു. ‘ഉണ്ണികൃഷ്ണനോട്‌’, ‘അശോകമഞ്ജരി’, ‘ഒരു ഗന്ധര്‍വന്‍ പാടുന്നു’, ‘പൂതപ്പാട്ട്’ എന്നിങ്ങനെ എത്രയോ കവിതകളില്‍ ഇടശ്ശേരി വാല്‍സല്യത്താലോ പ്രണയത്താലോ തരളിതനാവുന്നുമുണ്ട്.

തൻ്റെ അടിയുറച്ച ആസ്തികതയുടെ കവിതാവല്‍ക്കരണം ഇടശ്ശേരിക്കവിതയുടെ വളരെ പ്രധാനപ്പെട്ട ഒരു മുഖമാണ്. ഇടശ്ശേരിയുടെ ഹിന്ദുമതം ഗാന്ധിജിയുടെ ഹിന്ദുമതം ആണ്. ഉപനിഷത്തില്‍ തുടങ്ങി ബുദ്ധനിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും വളർന്ന് ഗാന്ധിജിയില്‍ അവസാനിക്കുന്ന ഹിന്ദു മതധാരയിൽ നിന്ന് ഇടശ്ശേരി ഒരു പാട് ഊര്‍ജ്ജം സംഭരിക്കുന്നു. ഹിന്ദുമതത്തെ ഒരു സെമിറ്റിക് മതമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിൻ്റെ നേരെ എതിര്‍ദിശയിലാണ് ഇടശ്ശേരി സഞ്ചരിക്കുന്നത് . മിസ്റ്റിസിസവും കര്‍മ്മോന്മുഖതയും സമ്മേളിക്കുന്ന മലയാളത്തിലെ ഒരു അനന്യമായ കവിതയാണ് ‘അമ്പാടിയിലേക്ക് വീണ്ടും’ എന്നത്. ‘അഭയം തേടി, ഹനുമാൻസേവ, തുഞ്ചന്‍ പറമ്പില്‍’-എന്നിങ്ങനെ ഒരു പാട് കവിതകള്‍ ഇത്തരത്തില്‍ ഉണ്ട്. വളരെ ഋജുവും ലളിതവുമാണ് ഇടശ്ശേരിയുടെ മതേതരത്വം-’ഇസ്ലാമിൻ്റെ വന്മല’ മുഹമ്മദബ്ദുൾറഹിമാൻ എന്നീ കവിതകൾ അത് തെളിയിക്കുന്നു.

പൊതുവേ നമ്മുടെ എഴുത്തുകാര്‍ക്ക് അറുപതു വയസ്സിനു ശേഷം സര്‍ഗ്ഗാത്മകത കുറയുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ഇടശ്ശേരിയുടെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. പ്രായമേറും തോറും അദ്ദേഹത്തിൻ്റെ കവിത കൂടുതല്‍ കൂടുതൽ പക്വമാവുകയായിരുന്നു..അറുപതാം വയസ്സിൽ എഴുതിയ ‘കാവിലെ പാട്ട്’ മുതൽ ഒന്നാം തരം കവിതകളുടെ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയാണ് അദ്ദേഹം. അന്ത്യകാല കവിതകളായ ‘ചന്തപിരിഞ്ഞപ്പോള്‍’, ‘കടത്തുതോണി’ എന്നിവയൊക്കെ അദ്ദേഹത്തിൻ്റെ കാവ്യജീവിതത്തിലെ തത്വചിന്താനിർഭരമായിരുന്ന ഒരു ശാന്തിപര്‍വത്തെയാണ് സൂചിപ്പിക്കുന്നത്. ‘പിന്നിലാവുള്ള രാത്രി’, ‘ഒരു ഗന്ധര്‍വന്‍ പാടുന്നു’, ‘ഒരു പിടി നെല്ലിക്ക’ തുടങ്ങി എത്രയോ കവിതകള്‍ അവസാന നാളുകള്‍ വരെ പുഷ്ക്കലമായിരുന്ന ഒരു കവിമനസ്സിനെയാണ് പ്രകടിപ്പിക്കുന്നത്.

അദ്ദേഹം അവസാനം വരെ സൂക്ഷിച്ചിരുന്ന കാവ്യോര്‍ജ്ജത്തെ പരിഗണിക്കുമ്പോള്‍ ഇടശ്ശേരിയുടെത് ഒരു അകാലചരമമായിരുന്നു എന്നു വേണം കണക്കാക്കാന്‍. ക്രുദ്ധയാഥാര്‍ഥ്യങ്ങളുടെ കവിയായ ഇടശ്ശേരി മലയാളകവിത നിലനിൽക്കുമെങ്കിൽ ഇനിയുമേറെക്കാലം പ്രസക്തനായി തുടരും.

Comments
Print Friendly, PDF & Email

You may also like