പൂമുഖം LITERATUREലേഖനം ഒത്തുതീർപ്പുകളോ’ടെ അഷിത.

ഒത്തുതീർപ്പുകളോ’ടെ അഷിത.

 

ാലപംക്തിക്കാലം മുതല്‍ നമ്മള്‍ അറിയുമായിരുന്നല്ലോ എന്നായിരുന്നു അഷിതയുടെ ആദ്യത്തെ കത്തിനുള്ളില്‍ എനിക്കായി ഒളിപ്പിച്ച വിസ്മയം. എന്‍റെ ‘മടങ്ങിപ്പോകുന്നവര്‍’ നമ്പൂതിരിച്ചിത്രത്തോടെ അച്ചടിച്ചുവന്ന എണ്‍പതിലെന്നോ ആയിരുന്നു അത്. ഞങ്ങളെ രണ്ടുപേരെയും അറിയുന്ന മറ്റൊരു സുഹൃത്ത് ഇതിനിടയിലുണ്ടായിരുന്നെന്ന് പിന്നീടാണ്‌ ഞാനറിയുന്നതുപോലും. ഒരു കഥയ്ക്കുശേഷം പൊടുന്നനെ വരുന്ന ഒരു കത്ത് അക്കാലത്തെ ചില കുഞ്ഞുകുഞ്ഞുസന്തോഷങ്ങളിലൊന്നായിരുന്നു. പിന്നെ, ചെറിയ ഇടവേളകളില്‍ ഓര്‍ക്കാനേരം ഒരു കത്ത്. കത്തുകളില്‍ വായിച്ച പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. പുതുതായിക്കിട്ടുന്ന സൗഹൃദങ്ങളെക്കുറിച്ചെഴുതും.

നെറ്റിയില്‍ കലയുള്ള കൃഷ്ണകലി എന്ന പശുക്കിടാവും ഹൈദ്രു എന്ന നായക്കുട്ടിയും അതിരുകളില്ലാതെ കളിച്ചുനടക്കുന്നതിന്‍റെ ആദ്യവസാനവര്‍ണ്ണനയാണ്‌ ഒരു കത്തിലെങ്കില്‍, മറ്റൊന്നില്‍ സുജാതട്ടീച്ചറിന്‍റെ ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ തമാശകളാവും. ചിലപ്പോള്‍. Richard Bach നെക്കുറിച്ചും, ക്ലേശകരമാകുന്ന പൊതുജീവിതത്തെക്കുറിച്ചും, ഒത്തിരി പറന്നുതളരുമ്പോള്‍ ചിറകൊതുക്കി തന്‍റെ മാത്രം സ്വകാര്യതയിലേയ്ക്ക് പറന്നിറങ്ങി വിശ്രമിക്കുന്ന സ്വപ്നത്തെക്കുറിച്ചും…. അങ്ങനെയങ്ങനെ മനസ്സില്‍ കയറിക്കൂടുന്ന എന്തിനെക്കുറിച്ചും എനിക്കെഴുതി.

‘കൂടെ ഒരേകാന്തത എപ്പോഴും എന്‍റെ വിരല്‍ത്തുമ്പിലുണ്ട്.” എത്രകാലം മുമ്പേ ഞാനതു കേട്ടതാണ്‌. ഇപ്പോല്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ വര്‍ത്തമാനത്തിലും ആ പഴയ കുട്ടിയെ ഞാന്‍ കണ്ടു. സ്വകാര്യതയിലേയ്ക്ക് കൂപ്പുകുത്താന്‍ കാത്തിരിക്കുന്ന ആ ഒറ്റയെഴുത്തുകാരി. ‘മറഞ്ഞിരിക്കുന്നതിലാണ്‌ ഞാന്‍ എന്‍റെ സ്വാതന്ത്ര്യം കണ്ടെത്തുന്നത്’ എന്നു പറഞ്ഞ ജലാലുദ്ദീന്‍ റൂമിയെ ഓര്‍മ്മിപ്പിക്കുന്ന ചില ഒളിച്ചുകളികള്‍.

അര്‍ജന്‍റീനിയന്‍ എഴുത്തുകാരനായ എര്‍ണെസ്തൊ സബാറ്റോ (Ernesto Sabato) യുടെ നോവെലുകളായ ദ ടണലും (The Tunnel), ഓണ്‍ ഹീറോസ് ആന്‍റ് ടൂംസും (On Heroes and Tombs) എന്നെ വായിപ്പിച്ചത് അഷിതയാണ്‌. തലസ്ഥാനമായ ബൊയ്നെസ് ഏയ്‌റിസി (Buenos Aires) ന്‍റെ നഗരജീര്‍ണ്ണതകള്‍ അതിനാല്‍ത്തന്നെ എത്ര മുമ്പേ ഞാന്‍ വായിച്ചറിഞ്ഞു.

ഞാന്‍ അബുദാബിയിലുള്ളപ്പോള്‍, ദുബായ് സത്‌വയിലെ പതിന്നാലാം ബ്ലോക്കിലെ എണ്‍പത്തൊമ്പതാമത്തെ വീട്ടില്‍ പോയി നിഷിതയെ കാണണമെന്ന് ഓര്‍മ്മിപ്പിച്ചു. വിലാസം ശരിയാണോ എന്നറിയില്ലെന്നും നിഷിയുടെ കൈയ്യക്ഷരം മനുഷ്യരുടെ തലയിലെഴുത്തിനേക്കാള്‍ മോശമാണെന്നും ചേച്ചി. ചെറിയ അത്ഭുതങ്ങളെ ഇഷ്ടപ്പെടുന്നവരാണ്‌ ഞങ്ങള്‍ സഹോദരങ്ങളെന്ന് ഒരു സ്നേഹപ്പൊതിയലും.

മറ്റൊരു കത്തുവരുമ്പോഴേയ്ക്കും കൃഷ്ണകലി വലുതാകുകയും കണ്ണുകള്‍ കൊണ്ട് വര്‍ത്തമാനം പറയാന്‍ പഠിക്കുകയും ചെയ്തിരുന്നു. ഹൈദ്രുവിനപ്പോള്‍ ആറുമാസം. അറബിക്കുട്ടികള്‍ക്ക് ഉണ്ണിയേശുവിന്‍റെ രൂപമാണെന്നെഴുതിയ ഈ സുരേഷ് ആരാണെന്ന് ജാം നഗറിലെ 49- എയര്‍ ഡിഫെന്‍സിലെ ഓഫീസര്‍ ജൈനേന്ദ്രകുമാര്‍ ചോദിച്ചിരുന്നതായി ഒരു കത്തില്‍. കൂടെ മഹാരാജാസിന്‍റെ ചുവരില്‍ കോറിയിട്ട ഒരു സ്വന്തം കവിതയും.

”പഠിപ്പുകഴിഞ്ഞ് ഒരാളെ കൂട്ടിനുവിടാന്‍ അച്ഛനുമമ്മയും തിരക്കുപിടിക്കുന്നു. ഞാന്‍ അതൊരു തമാശയായി നോക്കിക്കാണുകയാണ്‌. ഒരുപക്ഷേ അങ്ങനെയൊരാള്‍ വരുമ്പോള്‍ നീയുള്‍പ്പെടുന്ന എല്ലാ സൗഹൃദങ്ങളും ഞാന്‍ ഉപേക്ഷിക്കുമായിരിക്കും. കഥയും കവിതയും ചിത്രങ്ങളും സംഗീതവും പോലും!”

മാര്‍ക്സും റസലും എത്രവായിച്ചിട്ടും അഷിതയുടെ പിന്നില്‍ നിന്നു മന്ദഹസിച്ചിരുന്നത് ഈശ്വരനായിരുന്നു. പരസ്പരം അവര്‍ക്കിടയില്‍ വലിയ വിശ്വാസങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഏതെങ്കിലും ഒരു തോളില്‍ ചായേണ്ടേ എന്നായിരുന്നു അതിനുള്ള ന്യായം. താമരകള്‍ പൂക്കുന്ന കുളക്കരയിലെ കാറ്റും, തേക്കുപൂക്കുന്ന കാടും, രാത്രിയിലെ ചില ഒറ്റനക്ഷത്രങ്ങളും ആ അദൃശ്യസാന്നിദ്ധ്യമാണ്‌ഓര്‍മ്മയില്‍ കൊണ്ടുവരുന്നതെന്നും. പുസ്തകങ്ങളും മൃഗങ്ങളുമല്ലാതെ മനുഷ്യനു കൂട്ടില്ലെന്ന്‌ വന്നിരിക്കുന്നു – അവള്‍ എത്രമുമ്പേ എഴുതി.

പറയാനൊത്തിരി ഉണ്ട്. പലരും പലപ്പോഴായി എഴുതിയും പറഞ്ഞും വന്നവ ഞാന്‍ ആവര്‍ത്തിക്കുന്നില്ല. ‘നിലാവിന്‍റെ നാട്ടിലെ’ വാച്ച്‌മാന്‍റെ അസ്വസ്ഥത നിറഞ്ഞ മനസ്സു പറയുന്നതു പോലെ, ചില രൂപവും പേരും കൊണ്ട് അടയാളപ്പെടുത്തുന്ന ശരീരങ്ങള്‍ക്കുള്ളില്‍ ഏതൊക്കെയോ അപരിചിതരല്ലേ താമസിക്കുന്നത്! ഭ്രാന്തന്മാരുടെ കാവല്‍ക്കാരനായ ആ മനുഷ്യന്‍ അടുത്തൂണ്‍ പറ്റി പിരിയുന്നത് മറ്റൊരുതരം ഭ്രാന്തരുടെ ലോകത്തേയ്ക്കാണ്‌. അവിടെ അതിവേഗം ബഹളമുണ്ടാക്കി പായുന്ന വണ്ടികളുണ്ട്. നിരത്തിനു നടുവില്‍ മുറിച്ചുകടക്കാനാവാതെ കഷ്ടപ്പെടുന്ന അമ്മയേയും കുഞ്ഞിനേയും അസഭ്യം പറയുന്ന സ്കൂട്ടറുകാരനുണ്ട്. പെണ്‍കുട്ടിക്കു പിന്നാലെ ഫുട്പാത്തിലൂടെ മോട്ടോര്‍ബൈക്ക് കയറ്റിയോടിക്കുന്ന ചെറുപ്പക്കാരനുണ്ട്. അതു കണ്ടില്ലെന്നു നടിക്കുന്ന പോലീസുകാരനുണ്ട്. സഡന്‍ബ്രെയ്ക്കിടുന്ന ശബ്ദമുണ്ട്. ഗര്‍ഭിണിയുടെ വയറുകീറി പെട്രോളൊഴിച്ചു കത്തിക്കുന്ന ചിത്രമുള്ള പത്രം പറപ്പിച്ചുവരുന്ന കാറ്റുണ്ട്. അതെടുത്ത് കുപ്പത്തൊട്ടിയിലെ ഭക്ഷണം പൊതിയുന്ന പിച്ചക്കാരനുണ്ട്‌. അങ്ങോട്ടുമിങ്ങോട്ടും നോക്കി മാലിന്യം അന്യന്‍റെ പുരയിടത്തിലേയ്ക്ക് വലിച്ചെറിയുന്നവരുണ്ട്. എന്തു മാലിന്യവും വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് എല്ലാ ശുദ്ധജലസ്രോതസ്സും അടച്ചുകളയുന്ന മനുഷ്യന്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ മഴയ്ക്കായി പ്രാര്‍ത്ഥിച്ചുനില്‍ക്കുന്നുണ്ട്. അതെ, ഈ ലോകത്തിനു ഭ്രാന്താണ്‌. ഇവിടെ ജീവിക്കുന്നവര്‍ക്കും. ആ ഭ്രാന്തിന്‍റെ രൂപവും ഭാവവും കാലം മാറ്റിയെടുക്കുന്നെന്നേയുള്ളു.

അഷിത പോകുന്നത് അതിനൊക്കെയപ്പുറത്തേയ്ക്കാണ്‌. തിരക്കുകളില്ലാത്ത, സ്വകാര്യതകളെ ബഹുമാനിക്കുന്ന, സ്നേഹസൗരഭ്യങ്ങളുടെ നാട്ടിലേയ്ക്കാണ്‌.

എഴുത്തൊരു സാധനയാണെന്നും പരസ്യജീവിതത്തിന്‍റെ അധിനിവേശം അതിന്‍റെ താക്കോല്പ്പഴുതുകളുടെ സ്ഥാനം കൃത്യമായി കണ്ടുപിടിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു അഷിതയെ. സ്വകാര്യതയുടെമേലുള്ള എല്ലാ കടന്നുകയറ്റങ്ങളേയും അവര്‍ വെറുത്തു.
അതുകൊണ്ടുതന്നെ ചിലപ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് അവര്‍ നല്‍കുന്ന മറുപടി മൗനങ്ങളാണ്‌.

ഇന്നലെ മാര്‍ച്ച് 27. കഴിഞ്ഞവര്‍ഷം ഇതേദിവസമാണ്‌ എനിക്കയച്ച കത്തുകളില്‍ രണ്ടെണ്ണത്തിന്‍റെ പകര്‍പ്പ് തിരിച്ചയച്ചുകൊടുക്കാമോ എന്ന് എന്നോടു ചോദിച്ചത്. അയച്ചുകൊടുത്തു.

എല്ലാം ഓര്‍മ്മിക്കുന്നുണ്ടെന്ന് ഒരുവരിയില്‍ മറുകുറിപ്പ്.

പിന്നെ ഒന്നും കേട്ടിട്ടില്ല. കാണണമെന്നുണ്ടായിരുന്നു. സ്വകാര്യതകളെ സ്വപ്നം കണ്ടിരുന്ന ഒരു വിലപ്പെട്ട സൗഹൃദത്തിന്‍റെ വാതിലുകളില്‍ മുട്ടാന്‍ തോന്നിയില്ല.

വിട. അകല്‍ച്ചയിലൂടെയും തൊട്ടുനില്‍ക്കാനാവുമെന്ന് കാണിച്ചുതന്ന സൗഹൃദത്തിന്‌. നന്മയുടെ മൊഴിമുത്തുകള്‍ തേടിപ്പിടിച്ച് വിസ്മയങ്ങളുണ്ടാക്കാന്‍ ഇനി ഇതുപോലെ ഒരാള്‍ ഉണ്ടാവില്ലല്ലോ!

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like