പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' മരണശിക്ഷയെ എങ്ങനെ വിലയിരുത്തുന്നു?

വധശിക്ഷയെ സംബന്ധിച്ച നിലപാട് സുനിത ബാലകൃഷ്ണൻ പറയുന്നു: മരണശിക്ഷയെ എങ്ങനെ വിലയിരുത്തുന്നു?

ചോദ്യം : വധശിക്ഷ പ്രാകൃതമാണ്-കുറ്റവാളിയ്ക്ക് സ്വയമോ പരപ്രേരണയാലോ സാദ്ധ്യമാകുമായിരുന്ന തിരുത്തലിന് അവസരം നിഷേധിക്കുന്നു എന്നതിനാല്‍ പ്രകടമായതോ പരോക്ഷമായതോ ആയ ഒരു ഗുണഫലവും ഇല്ലാത്തതാണ്- പരിഷ്കൃത രാജ്യങ്ങളില്‍ പലതും ഭരണകൂടത്തിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കൊലപാതകമായി തള്ളിക്കളഞ്ഞതാണ്- വ്യത്യസ്ത നീതിപീഠങ്ങള്‍ ഒരേ കുറ്റത്തിന് തെളിവുകളുടേയും അഭിഭാഷകരുടെ വാദമുഖങ്ങളുടേയും പശ്ചാത്തലത്തില്‍ വ്യത്യസ്ത ശിക്ഷകള്‍ വിധിക്കുന്ന അവസ്ഥയില്‍, നീതിക്ക് നിരക്കാത്ത മട്ടില്‍ ഏകപക്ഷീയമാണ്.
പകരം, മറ്റുള്ളവരുടെ ജീവനും സ്വസ്ഥതയ്ക്കും നിതാന്ത ഭീഷണിയാവുമെന്ന് തോന്നുന്ന കുറ്റവാളിക്ക് ആജീവനാന്ത ഏകാന്തതടവ് പോലെയുള്ള ശിക്ഷകള്‍ നല്‍കാന്‍ പറ്റിയ മട്ടില്‍ രാജ്യത്തെ നിയമവ്യവസ്ഥ പരിഷ്കരിക്കയാണ് വേണ്ടത്- ഇത്തരത്തില്‍ പൊതുജനാഭിപ്രായം ബലപ്പെട്ടുവരുന്നതായി തോന്നുന്നു
മറുവശത്ത് ഇന്നത്തെ സുപ്രീം കോടതി വിധിക്ക് തൊട്ടുമുമ്പ്, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു, അവര്‍ നാലുപേരും തൂക്കിക്കൊല്ലപ്പെട്ടാലേ നീതി നടന്നതായി തനിക്ക് അനുഭവപ്പെടു എന്ന്‍. പ്രതി മരണശിക്ഷയില്‍ നിന്നൊഴിവായ ദിവസം, സൌമ്യയുടെ അമ്മയും ഇതേ അര്‍ത്ഥത്തില്‍ സംസാരിച്ചു.
മരണശിക്ഷയെ എങ്ങനെ വിലയിരുത്തുന്നു?

സുനീത ബാലകൃഷ്ണന്‍ : വധശിക്ഷ ആര്‍ക്കും ലഭിക്കുന്ന നീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. മരിച്ചവനോ,  കൊന്നവനോ, അത് നീതിയെത്തിക്കുന്നില്ല. മരണം കാത്തു കിടക്കുന്നവനറിയാം ശ്വാസം പോയിക്കഴിഞ്ഞാല്‍ അവന്‍റെ ദുരിതം തീരുമെന്ന്. കുറെ ആശങ്കകളുടെ ഒടുവില്‍ ആ ചിന്തയില്‍ അവനും അങ്ങനെ ആശ്വാസം കണ്ടേക്കാം, പശ്ചാത്താപം ലവലേശമില്ലാതെ. അപ്പോള്‍ എവിടെയാണ് നീതി?  നഷ്ടപ്പെട്ട ജീവന്‍ അനുഭവിച്ച ദുരിതങ്ങൾക്ക് അതൊരു പരിഹാരമാകുമോ?
മനുഷ്യന്‍റെ ഏറ്റം വലിയ ഭയം ഏതായിരിക്കും? മരണഭീതിയാണോ? അല്ല. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നതിനെക്കുറിച്ചുള്ള ചിന്ത പോലും അതിലും വലിയ ഭീതിയുണ്ടാക്കുമെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. ഏകാന്ത തടവ് – കൊടുംകുറ്റകൃത്യങ്ങള്‍ക്ക് ഏറ്റം യുക്തമായ  ശിക്ഷ അതാവും – ജീവപര്യന്തം ഏകാന്ത തടവ്. പരോളും, മുന്തിയ വക്കീലിന്‍റെ സേവനവും, മനുഷ്യാവകാശപ്രവര്‍ത്തനത്തിന്‍റെ പ്രയോജനങ്ങളുമായി, നിത്യവും ബിരിയാണിസ്സദ്യയുണ്ണുന്ന, ഇന്നാട്ടില്‍ ജീവപര്യന്തം എന്ന് വിളിക്കുന്ന ഗോവിന്ദച്ചാമി സ്റ്റൈല്‍ പ്രഹസനമല്ല. ആജീവനാന്തം, ഇനി ഒരു മനുഷ്യനോടും സമൂഹ്യജീവിയെന്ന നിലയില്‍ ഇടപഴകാനാകാതെ, ഒരു നേരം മിതമായ ആഹാരം മാത്രം കൊടുത്ത് ഇരുട്ടറയില്‍ ശിഷ്ടജീവിതം ഒതുക്കുന്ന ശരിയായ ഏകാന്തവാസം. മനുഷ്യമനസ്സിന്‍റെ വഴികള്‍ അറിയുന്ന വിദഗ്ധര്‍ പറഞ്ഞു കേട്ടിട്ടുണ്ട് ഇതും തികഞ്ഞ ക്രൂരതയാണ് എന്ന്. വധശിക്ഷ ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയല്ലേ? പ്രാകൃതമായ ഒരു കാട്ടുനീതി? അത് കൊണ്ട് എന്ത് closure ആണ് ഉണ്ടാകുന്നത്? മരിച്ചവരുടെ ബന്ധുക്കള്‍ ശരിക്കും ഈ അക്രമത്തിന്‍റെ മറ്റൊരു മുഖം ആവുകയല്ലേ? വധശിക്ഷ ആവശ്യപ്പെടുന്നത് വഴി ഒരു മരണം സൃഷ്ടിച്ച അക്രമം തുടരുകയല്ലേ അവര്‍? വധം എങ്ങനെ ശിക്ഷയാകും? അങ്ങനെയൊന്നുകൊണ്ട് ഇന്നേവരെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ടോ?
മറ്റൊന്ന്: എല്ലാ കൊലപാതകങ്ങള്‍ക്കും, ബലാല്‍സംഗങ്ങള്‍ക്കും  ഒരേ ശിക്ഷയാണോ കോടതികള്‍ കൊടുത്തിട്ടുള്ളത്? ജ്യോതി പാണ്‍ഡെയുടെ കൊലപാതകിക്കു വധശിക്ഷയാണ് കിട്ടിയത്. അതാണ്‌ നമ്മില്‍ ചിലര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. സൗമ്യയുടെ കൊലപാതകിക്കോ? ജിഷയുടെ? നയന സാഹ്നിയുടെ? ബദൌനില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ഘാതകര്‍ക്ക്?  ബില്കിസ് ബാനുവിന്‍റെ മൂന്നുവയസ്സായ മകളെ അവളുടെ കണ്മുന്നില്‍ വച്ച് നിലത്തടിച്ചു കൊന്ന, അവരുടെ കുടുംബത്തിനെ നാമാവശേഷമാക്കിയ, അവരുടെ ശരീരം പിച്ചിചീന്തിയ കുറ്റവാളികള്‍ക്ക് എന്തുകൊണ്ട് വധശിക്ഷ കിട്ടിയില്ല? മറുവശവും പറയാം. ഹേതല്‍ പരേഖിന്‍റെ കൊലപാതകിയെന്ന് പറഞ്ഞു തൂക്കിയ ധനഞ്ജയ് ചാറ്റര്‍ജി ഒരുപക്ഷെ കുറ്റവാളിയല്ലായിരുന്നിരിക്കാം എന്ന് സംശയിക്കത്തക്ക  തെളിവുകള്‍ കിട്ടിയിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. സാഹചര്യത്തെളിവുകള്‍ ആയിരുന്നു ഇയാളുടെ ശിക്ഷാവിധിയ്ക്ക് പിന്നില്‍.  ഗോവിന്ദച്ചാമിക്ക് ഇന്ന് കിട്ടിയ വക്കീലിനെ അന്ന് ചാറ്റര്‍ജിക്ക് കിട്ടിയിരുന്നെങ്കില്‍ ശിക്ഷ മറ്റൊന്നാവുമായിരുന്നോ? പാവപ്പെട്ടവനും, സ്വാധീനമില്ലാത്തവനും കുറ്റവാളിയാവുമ്പോള്‍ ഒരു നിയമം. ഇവര്‍ തന്നെ ഇരയാകുമ്പോള്‍ മറ്റൊരു നിയമം. ഇതില്‍ നീതിയുണ്ടോ? ഇല്ല എന്ന് തോന്നുന്നത് കൊണ്ട് നീതിയേതുമില്ലാത്ത വധശിക്ഷ നിര്‍ത്തലാക്കുക എന്ന് ഞാന്‍ പറയുന്നു. പകരം കൊടുംകുറ്റവാളിയെ ആജീവനാന്തം ഏകാന്തത്തടവിനു വിധിക്കുക. ജീവന്‍ നിലനിര്‍ത്തുവാന്‍ മാത്രം ഭക്ഷണം കൊടുത്ത് ഒറ്റപ്പെടുത്തുക.
ഒന്ന് കൂടി പറയട്ടെ: നിര്‍ഭയയുടെ മരണശേഷം ഇന്ത്യയില്‍ നിലവില്‍ വന്ന നിയമം എഴുതിയുണ്ടാക്കിയ മൂന്നു നിയമവിദഗ്ദ്ധരില്‍ ഒരാളായ (ഇന്നലെ പരേതയായ) ജസ്റ്റിസ് ലീല സേത്ത് അവരുടെ പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെ: ‘ഇനിയൊരാളുടെ ജീവനെടുക്കാന്‍ ഞാന്‍ ആരാണ്? ഞാന്‍ ദൈവമാണോ?’.
നമ്മളാരും ദൈവമല്ല. അത്കൊണ്ട് കൊല്ലാനും നമുക്ക് അധികാരമില്ല.

Comments
Print Friendly, PDF & Email

You may also like