പൂമുഖം LITERATUREലേഖനം ശ്രദ്ധിക്കുക, ശരിയായ സമരങ്ങളെ വഞ്ചിക്കുകയാണ് അവര്‍

ശ്രദ്ധിക്കുക, ശരിയായ സമരങ്ങളെ വഞ്ചിക്കുകയാണ് അവര്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മുഹമ്മദ്‌ ഗോറിയെ പരാജയപ്പെടുത്തിയ അടിമ കുത്തബ്-ഉദ്-ദിന്‍ സ്ഥാപിച്ച കുത്തബ് മിനാറിനു താഴെ സഹസ്രാബ്ദങ്ങളോളം ദില്ലി എന്ന തലസ്ഥാന നഗരം ഭരണ സ്ഥിരതയെക്കാള്‍ അസ്ഥിരതയെ നട്ട് നനച്ച് വളര്‍ത്തി . സിന്ധു നദീ തടം മുതല്‍ ബംഗാള്‍ വരെ കീഴടക്കിയ ദില്ലി സുല്ത്താന്‍ ഇല്ത്തുത്മിഷിന്‍റെ സമ്പൂര്‍ണ്ണത ഉത്തരേന്ത്യന്‍ ഭരണം മംഗോളിയന്‍ വാള്‍ത്തലപ്പിനു മുന്നില്‍ പിടഞ്ഞത് കഷ്ടിച്ച് പത്ത് വയസ്സിനു മേല്‍ ആയുസ്സുള്ളപ്പോള്‍. അവിടുന്നിങ്ങോട്ട് ബ്രിട്ടീഷുകാരുടെ ഭരണം വരെ സിംഹാസനങ്ങളുടെ മലക്കം മറിച്ചിലുകളായിരുന്നു ദില്ലിയില്‍. അതിനിടെ ദില്ലിക്കാര്‍ എന്നൊന്ന് ഇല്ലാതെ പോയി. ഇന്ത്യയുടെ നാനാ പ്രദേശങ്ങളില്‍ നിന്ന് പല ജനപഥങ്ങള്‍ താണ്ടി എത്തിയവര്‍ ദില്ലിക്കാര്‍ ആയി. ബംഗാളികള്‍, പഞ്ചാബികള്‍, ബീഹാറികള്‍, അങ്ങിനെ ഇന്ത്യയുടെ പരിച്ഛേദം തങ്ങളുടെ സാംസ്കാരിക ഭാഷാ തനിമകള്‍ കാത്ത് ദില്ലിക്കാര്‍ എന്ന് മേനി നടിച്ച് സര്‍ക്കാര്‍ ലാവണങ്ങളിലും മറ്റു ഓഫീസുകളിലും ഫയലുകള്‍ക്കും കമ്പ്യുട്ടറുകള്‍ക്കും ഇടയില്‍ തലപൂഴ്ത്തി ദിനവും പാനിപ്പൂരിയും ജിലേബിയും റൊട്ടിയും പരിപ്പും കഴിച്ചു രാത്രിയും ജീവിച്ചു തീര്‍ക്കുന്നു.

ദില്ലിയുടെ പൊതു സ്വഭാവം മുകുന്ദന്‍റെ ദില്ലി കഥയില്‍ എന്നതുപോലെ പ്രതികരണരാഹിത്യമാണ് അല്ലെങ്കില്‍ നിസ്സംഗത. അവനവനിലേക്ക്‌ ഒതുങ്ങുന്ന ജീവിതങ്ങള്‍, മധ്യവര്‍ഗ്ഗത്തിന് വലിയ മുന്‍‌തൂക്കം. ചേരികളില്‍ കഴിയുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ നിന്ന് ആരെങ്കിലും ശബ്ദമുണ്ടാക്കുന്നുണ്ട് എങ്കില്‍ അത് മൂന്നാം ലിംഗസമൂഹം മാത്രമാണ്. താന്‍ നടത്തുന്നതിനു മേലെ നടക്കുന്നതെല്ലാം എതിര്‍ക്കപ്പെടേണ്ടുന്ന അഴിമതി എന്ന് കണക്കു കൂട്ടി ജീവിക്കുന്നവര്‍. സത്യത്തില്‍ ഒരു എന്‍ ജി ഒ പ്രവര്‍ത്തനത്തിന് പറ്റിയ മണ്ണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഈ കുറിപ്പ് പുന:പ്രസിദ്ധീകരണത്തിനു കൊടുക്കുന്നത് എന്‍റെ രാഷ്ട്രീയ പ്രവചനശേഷി പ്രകടിപ്പിക്കാന്‍ അല്ല. പകരം ഇന്ത്യയെ ബാധിച്ചിരിക്കുന്ന ഹിന്ദുത്വമെന്ന ഭൂതത്തിന് വേണ്ടത് ഇന്നത്തെ ആപ്പ് രാഷ്ട്രീയമല്ല എന്ന് പറയാനാണ്. ആപ്പ് രാഷ്ട്രീയം മധ്യവര്‍ഗ്ഗ ദേശീയതയെ ഉണര്‍ത്തി അഴിമതിയെന്ന ഭൂതത്തെ കാട്ടി പേടിപ്പിക്കുന്ന എന്‍ ജി ഒ ശൈലിയുടെ രാഷ്ട്രീയ രൂപമാണ്. ദേശീയ പതാകയെ അതിലും നന്നായി വീശിയ ബി ജെ പി ദേശീയതയെ ആപ്പിന്‍റെ കൈയില്‍ നിന്ന് കവര്‍ന്നെടുത്തു. നോട്ടു നിരോധനമെന്ന അഴിമതി വിരുദ്ധ പുകമറ കൊണ്ട് അവര്‍ കേജ്രിവാളിന്‍റെ എന്‍ ജി ഒ ഇമേജിനെ മറച്ചു പിടിച്ചു… ദില്ലിയില്‍ ആപ്പ് തകര്‍ന്നു.. പറയാന്‍ ഉദ്ദേശിക്കുന്നത് ഒരേ ഒരു കാര്യമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തു കടക്കാന്‍ രാജ്യത്തിന് ആവശ്യം പ്രതിരോധമാണ്. ഇത്തരം കടലാസ് പുലികള്‍ അല്ല. പ്രതിരോധത്തിന്‍റെ ഒരു കടല്‍ അടിക്കേണ്ടതുണ്ട്. ഒന്നുകില്‍ പാര്‍ശ്വവല്‍കൃത ജനതയില്‍ നിന്ന് – അല്ലെങ്കില്‍ ഹിന്ദുവിനകത്ത് നിന്ന്.

ൂര്‍ഷ്വകളും പെറ്റി ബൂര്‍ഷ്വകളും ഒക്കെ ചേര്‍ന്ന്‍ തോല്പ്പി ച്ച വിപ്ലവ ചരിത്രങ്ങളില്‍ ഈ കുറിപ്പ്‌ തുടങ്ങാവുന്നതാണ്. പക്ഷെ ലോക കമ്യുണിസ്റ്റ്‌ ചരിത്രത്തില്‍ ഇന്ത്യന്‍ സമൂഹം കൈയ്യൊപ്പ് ചാര്‍ത്തിയത് തികച്ചും വ്യത്യസ്തമായ ഒരു രീതിയിലാണ് – തോക്കിന് പകരം കൈവിരലില്‍ സര്‍ക്കാര്‍ ഗുമസ്ഥന്‍ പതിക്കുന്ന നീല മഷിയില്‍ തങ്ങളുടെ രാഷ്ട്രീയ ബോധവും വിശ്വാസവും അര്‍പ്പിക്കുന്ന ജനാധിപത്യ രീതിയില്‍ എന്നതുകൊണ്ട് ഇന്ത്യയുടെ കഥ പറയുമ്പോള്‍ എന്തിനു അനുഭവങ്ങള്‍ കടം കൊള്ളണം? സ്വാതന്ത്ര്യത്തിന്‍റെ മധുരം ദില്ലിയില്‍ രാഷ്ട്രീയ നേതാക്കളും ഇന്ത്യയില്‍ അന്നത്തെ ജനങ്ങളും പങ്കിട്ട ആ രാത്രിയില്‍, കല്‍ക്കത്തയിലെ ചോര മണക്കുന്ന തെരുവുകളിലേയ്ക്ക് മറ്റാരെയും അയക്കാന്‍ ഇല്ലാതെ മൗണ്ട്ബാറ്റന്‍ ഗാന്ധിയെ പറഞ്ഞയച്ച ആ രാത്രിയില്‍, പഞ്ചാബിലേക്ക് അല്ലെങ്കില്‍ പഞ്ചാബില്‍ നിന്നും ചോരയിറ്റുന്ന തീവണ്ടി മുറികള്‍ പാളങ്ങളില്‍ സീല്‍ക്കാരങ്ങള്‍ ഉയര്‍ത്തി പാഞ്ഞ രാത്രിയില്‍ അല്ലെങ്കില്‍ ആ ദിവസങ്ങള്‍ക്ക് ശേഷം “ഇന്ത്യ” എന്ത് ചെയ്യുകയായിരുന്നു എന്ന് ആലോചിക്കാതെ ഈ കുറിപ്പ് തുടങ്ങാന്‍ വയ്യ. ഇന്ത്യ അന്ന് സ്വയം തിരിച്ചറിയുക യായിരുന്നു. ഞാനും നീയുമായി വഴി പിരിയുകയായിരുന്നു.
തുക്കിടി മുതല്‍ തൈശ്യന്‍ വഴി താഴോട്ടോ ഇടത് വലത്തോട്ടോ ഒക്കെ സര്‍ക്ക്ളും, അങ്ങത്തും, ഏഡും, കോല്‍ക്കാരനും ഒക്കെ അടങ്ങുന്ന അന്നത്തെ മദ്ധ്യവര്‍ഗ്ഗം സ്വാതന്ത്ര്യത്തിന്‍റെ ആദ്യ ദിനങ്ങളില്‍ നിരാശരായിരുന്നു. സ്വാതന്ത്ര്യം എന്താണ് എന്ന് പോലും അറിയാത്ത അന്നത്തെ പാര്‍ശ്വവല്‍കൃത ജനത ബസ്സിലും, തീവണ്ടിയിലും ഒക്കെ ടിക്കറ്റ്‌ എടുക്കാതെ കയറി യാത്ര ചെയ്തു, അവരെയൊക്കെ ആരൊക്കെയോ പിടിച്ചിറക്കി. സ്വാതന്ത്ര്യം തങ്ങള്‍ കരുതിയതൊന്നും അല്ലെന്നു അവര്‍ തിരിച്ചറിഞ്ഞ ആ ദിനങ്ങളില്‍ മധ്യവര്‍ഗ്ഗം വലിയ വ്യത്യാസം ഒന്നുമില്ലാത്ത പുലരികള്‍ കണ്ടു. പ്രാഞ്ചിയേട്ടനിലെ മേനോന്‍ പറഞ്ഞ പോലെ ബ്രിട്ടീഷുകാരെ തിക്കും തിരക്കും കൂട്ടി ഓടിച്ചതില്‍ വിഷമിച്ച വര്‍ഗ്ഗം പക്ഷെ വല്യ വ്യത്യാസമൊന്നും തങ്ങള്‍ക്ക് വരാനില്ല എന്ന് തിരിച്ചറിഞ്ഞ നാളുകള്‍. ഇന്ത്യ കണ്ട ഒന്നാമത്തെ അഴിമതി വാര്‍ത്തയില്‍ വി കെ കൃഷ്ണമേനോന്‍ കൈയൊപ്പ് ചാര്‍ത്തു ന്നത് ആ കാലത്താണ് – 1948ല്‍. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ അഴിമതി കഥ (“കുംഭകോണം” എന്ന ഇരട്ടപ്പേര് അന്നില്ലായിരുന്നു). അന്ന് തൊട്ടിന്നോളം രണ്ട് ഇന്ത്യകള്‍ ഒരേ സമയം വളര്‍ന്ന്‍ വന്നു. ആദ്യം അതൃപ്തരായി എങ്കിലും പിന്നീട് പാതി തൃപ്തിയോടെ ജീവിച്ച മദ്ധ്യവര്‍ഗ്ഗം. സ്വാതന്ത്ര്യം എന്തെന്ന് അറിയാതെ പോയവരും, ഇന്ത്യ എന്തെന്ന് അന്നും ഇന്നും അറിയാത്തവരുമായ മറ്റൊരു വര്‍ഗ്ഗം – അവരുടെ രാജ്യങ്ങളായി എന്നും ഇന്ത്യ രണ്ടായി തന്നെ ജീവിച്ചു.
പാര്‍ശ്വവല്‍കൃത ഇന്ത്യക്കായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച വിപ്ലവ മനസ്സുകള്‍ വിജയന്‍റെ ‘മധുരം ഗായതിയിലെ’ ജീവ ബിന്ദുക്കള്‍ പോലെ ഇടയില്‍ വഴി പിരിഞ്ഞു. ഇന്ത്യന്‍ വിപ്ലവത്തിന്‍റെ വിത്തുകളും പൂവും മൊട്ടും തളിര്‍ത്ത വംഗഭൂമിയെ ആകെ (ഒരുപക്ഷെ) ഞെട്ടിച്ച ആ പ്രബന്ധാവതരണത്തോടെ അവരുടെ വഴികള്‍ വെവ്വേറെയായി. തോക്കുമായി ഒരു വിഭാഗം ഗോദാവരിതടത്തില്‍ സമത്വ സാമ്രാജ്യങ്ങള്‍ പടുക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടു, ബാലറ്റ് പെട്ടിയില്‍ വീണ കടലാസുകളിലെ നീല സ്വസ്തിക ചിഹ്നങ്ങളുടെ അംഗഗണിതങ്ങളില്‍ മറ്റൊരു വിഭാഗം ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ ഇറങ്ങിത്തിരിച്ചു. പിരിഞ്ഞ വഴികളില്‍ ഒരിക്കലും കൂട്ടിമുട്ടാതെ അവര്‍ അന്നുമുതല്‍ അകന്നുകൊണ്ടേ ഇരുന്നു.
ഇന്ത്യയും അഴിമതിയും
സ്വതന്ത്ര ഇന്ത്യയ്ക്ക്‌ ഒരു വയസ്സ് തികയുമ്പോള്‍ ആണ് ആദ്യത്തെ വലിയ അഴിമതി വിവാദം ഉണ്ടാകുന്നത്. മലയാളി കൂടി ആയ വി കെ കൃഷ്ണമേനോന്‍റെ കൈയൊപ്പ് പതിഞ്ഞ ജീപ്പ്‌ വിവാദം ആയിരുന്നു അത്. 80 ലക്ഷത്തിന്‍റെ കരാര്‍ ഒപ്പിട്ടത് ചട്ടങ്ങള്‍ എല്ലാം മറികടന്നായിരുന്നു – 66 വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ആ തുക ഇന്ന് അനേകം കോടികള്‍ക്ക് സമാനമാണ്. അവിടുന്നു തുടങ്ങി ഇങ്ങോട്ട് വന്‍ അഴിമതിക്കഥകള്‍ ഇല്ലാത്ത ഒരു പഞ്ചവത്സരങ്ങളും ഇന്ത്യക്ക്‌ ഉണ്ടായിട്ടില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഉപയോഗിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആയുധം അവരുടെ അഴിമതി ആയിരുന്നു എന്ന് മാത്രം. അറുപതു വര്‍ഷ ങ്ങള്‍ക്കിപ്പുറം ആം ആദ്മി പാര്‍ട്ടി അത് തലങ്ങും വിലങ്ങും ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.
അഴിമതിക്കെതിരായ സമരങ്ങളുടെ ഇന്ത്യന്‍ ചരിത്രത്തിനു സ്വതന്ത്ര ഇന്ത്യയേക്കാള്‍ പ്രായമുണ്ട് എന്നത് ഒരു തമാശയാണ്. ഇന്ത്യയിലെ ആദ്യത്തെ അഴിമതി വിരുദ്ധ മുന്നേറ്റം ഉണ്ടായത് 1930ലാണ്. സ്വാതന്ത്ര്യ സമര സമയത്ത് തന്നെ അന്നത്തെ സര്‍ക്കാരുകളുടെ അഴിമതിക്കെതിരായി കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദിവാന്മാ‍രുടെയും മറ്റും അഴിമതിയും സ്വജനപക്ഷപാതവും കേരളത്തിലും സമരങ്ങള്‍ക്ക് ‌ കാരണമായിട്ടുണ്ട്. പക്ഷെ അഴിമതിയെക്കാള്‍ ഏറെ സ്വാതന്ത്ര്യമായിരുന്നു അന്നത്തെ മുദ്രാവാക്യം. ഇന്ത്യ സ്വതന്ത്രയാകുന്നതിനും മുമ്പ്‌ – 1947 മാര്‍ച്ചില്‍ Prevention of Corruption Act എന്ന അഴിമതി നിരോധന നിയമം നിലവില്‍ വന്നിരുന്നു. നാമറിയുന്ന എത്രയോ അഴിമതികള്‍ക്കും കുംഭകോണങ്ങള്‍ക്കും എത്രയോ മുന്നേ.
1930ല്‍ അന്നത്തെ കോണ്‍ഗ്രസ് പോലീസിന്‍റേയും മറ്റു കൊളോണിയല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അന്നത്തെ ബ്രിട്ടീഷ്‌ രാജ്യ സേവകര്‍ പറഞ്ഞത് അത് അഴിമതിയല്ല “മാമൂല്‍” ആണെന്നായിരുന്നു – സാധാരണമായ ഒരു ആചാരം. കൈക്കൂലിക്ക് അങ്ങിനെ മനോഹരമായ ഒരു വിളിപ്പേര് വീണു. നാല്‍പ്പത്തി എട്ടില്‍ നിന്നും ഇന്ദിരാ ഗാന്ധിയുടെ, എഴുപതുകളിലെ ഇന്ത്യയിലേക്ക്‌ എത്തുമ്പോള്‍ രാജ്യം അഴിമതിയുടെ പിടിയില്‍ ആയിരുന്നു. വ്യക്തമായി അഴിമതി ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാറിയ രണ്ടു പ്രധാന മുന്നേറ്റങ്ങള്‍ എഴുപതുകള്‍ കണ്ടു – ജയപ്രകാശ്‌ നാരായണന്‍റെ ബീഹാര്‍ മുന്നേറ്റവും, ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് എതിരെ നടന്ന മുന്നേറ്റവും. ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ കൊണ്ട് ഇതിനെ നേരിട്ടുവെങ്കിലും ആ മുന്നേറ്റങ്ങള്‍ ദേശമാകെ പടര്‍ന്ന്‍ – ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാറിനു വഴി വച്ചു.
അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ജനതാ പാര്‍ട്ടി അംഗങ്ങള്‍ ജയപ്രകാശ്‌ നാരായണന്‍റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ എത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി അണ്ണാ ഹസാരെ, സമാനമായ മറ്റൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചു എന്നത് ചരിത്രത്തിലെ വെറും സാദൃശ്യമല്ല. ഗാന്ധി ഇന്നും എത്രകണ്ട് ഇന്ത്യന്‍ മനസ്സുകളെ വശീകരിക്കാന്‍ ഉതകാവുന്ന ഒരു പ്രതീകമായി നിലനില്‍ക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണ്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് തകര്‍ന്നു എന്ന് കരുതിയ നാളുകള്‍, “ബഹുഗുണ പോയി ഗുണവും പോയ്‌, ജഗജീവന്‍ പോയി ജീവന്‍ പോയ്‌” എന്ന് തുടങ്ങുന്ന തരം മുദ്രാവാക്യങ്ങളില്‍ രാഷ്ട്രം അഭിരമിച്ച് പോയ നാളുകള്‍, ഇന്ന് ആം ആദ്മി പാര്‍ട്ടിയിലേക്ക്‌ എന്നപോലെ പലരും ജനതാ പാര്‍ട്ടിയിലേക്ക് ഒഴുകി എത്തിയ നാളുകള്‍, ബീഹാറില്‍ ജയപ്രകാശ്‌ നാരായണന്‍റെ വാക്കുകള്‍ വിശ്വസിച്ച് നക്സലൈറ്റുകള്‍ ആവാതെ ആയുധം താഴെ വച്ച ജനത സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയ നാളുകള്‍.
അരവിന്ദ്‌ കേജ്രിവാള്‍ ദില്ലിയില്‍ നടപ്പാക്കാന്‍ ശ്രമിച്ച അഴിമതി വിരുദ്ധ നടപടികള്‍ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ജനങ്ങളെ ആവേശ ഭരിതരാക്കുന്ന രീതിയില്‍ തന്നെയാണ് മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ ഭരണം തുടങ്ങിയത്‌. അടിയന്തിരാവസ്ഥാകാലത്തും അതിനു മുമ്പും ഉണ്ടായിരുന്ന ക്ഷാമം മാറുകയും വിലക്കയറ്റത്തിനു പകരം വിലയില്‍ വലിയ ഇറക്കം രാജ്യം ദര്‍ശിക്കുകയും ചെയ്തു. കേജ്രിവാള്‍ റിലയന്‍സിനെതിരെ കേസ്‌ ചുമത്താന്‍ ഒരുമ്പെട്ട പോലെ കൊക്കോ കോളയെ ഇന്ത്യയില്‍ നിന്ന് നാട് കടത്തി ജോര്‍ജ്‌ ഫെര്‍ണാണ്ടസ് സോഷ്യലിസ്റ്റ്‌കളെ രോമാഞ്ചമണിയിച്ചു. ആറാം പഞ്ചവത്സര പദ്ധതിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു. പക്ഷെ ബഹുരാഷ്ട്ര കുത്തകകള്‍ പിന്‍വലിയുകയും, സാമ്പത്തിക മാന്ദ്യം ഉടലെടുക്കുകയും, പണപ്പെരുപ്പം മെല്ലെ കൂടുകയും ചെയ്ത കടുത്ത നാളുകള്‍ മുന്നില്‍ കാത്തിരിക്കുകയായിരുന്നു. സാമ്പത്തിക രംഗത്തെ വലിയ മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിരുന്നില്ല ജനതാ സര്‍ക്കാര്‍‍. മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം എങ്ങിനെ നേരിടണമെന്ന് സര്‍ക്കാരിനും അത് ക്ഷമയോടെ നേരിടാന്‍ ജനങ്ങള്‍ക്കും മനസ്സില്ലാതെ പോയി. അന്നും ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച മധ്യവര്‍ഗ്ഗം അക്ഷമരായി. ജനതാ പാര്‍ട്ടിയിലെ അന്ത:സംഘര്‍ഷങ്ങള്‍ ദില്ലിയിലെ ഭരണത്തിന്‍റെ തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ എന്നപോലെ മൂര്‍ച്ഛിച്ചു. അഴിമതി മുന്നില്‍ നിര്‍ത്തി നടത്തിയ ആദ്യത്തെ ദേശീയ പടപ്പുറപ്പാട് തകരുകയായിരുന്നു. തകര്‍ച്ച തന്‍റെ രോഗശയ്യയില്‍ നിന്നും വീക്ഷിച്ച്, ആ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച ജയപ്രകാശ്‌ നാരായണന്‍, മൊറാര്‍ജി ദേശായി രാജിവച്ച് മാസങ്ങള്‍ക്കുള്ളില്‍ ലോകത്തോട് വിടപറഞ്ഞു.
ആം ആദ്മി പാര്‍ട്ടി
ജനതാ സര്‍ക്കാറിന്‍റെ പതനത്തിനു ശേഷം ഇന്ത്യ കണ്ട അഴിമതി വിരുദ്ധ മുന്നേറ്റങ്ങളില്‍ ഏറ്റവും ഗണനീയമായ മുന്നേറ്റങ്ങളില്‍ മറ്റൊരു ഗാന്ധിയന്‍റെ കൈയൊപ്പ് പതിഞ്ഞു – അണ്ണാ ഹസാരെ. തുടക്കത്തില്‍ തന്നെ ഈ മുന്നേറ്റത്തിലും ആദ്യത്തെ ജനതാ സര്‍ക്കാരിലെ ആര്‍ എസ് എസ്സിന്‍റെ ഇടപെടല്‍ പോലെ ഹൈന്ദവ മൂല്യങ്ങളുടെ നിഴലാട്ടങ്ങള്‍ പലരും ദര്‍ശിച്ചു. ഇതെഴുതുമ്പോള്‍ ഇന്ത്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്‍റെ അവസാന രൂപമായ AAP യുടെ ആദ്യത്തെ സംസ്ഥാന മന്ത്രിസഭ രാജിവച്ചിട്ടുണ്ട്. രാജ്യത്ത്‌ ആകമാനം കാലവര്‍ഷമേഘങ്ങള്‍ പോലെ എ എ പി ശക്തി പ്രാപിച്ച് വരുന്നു. ഈ മേഘങ്ങളെല്ലാം കൂടി ഒത്തുചേര്‍ന്ന്‍ മഴയായി പെയ്യാന്‍ ഒരു രാഷ്ട്രീയ ന്യുനമര്‍ദ്ദത്തിനായി ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗത്തില്‍ പലരും കാത്തിരിക്കുന്നു. അരവിന്ദ്‌ കേജ്രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവസാനത്തെ താരോദയമാകുന്നു. എ എ പിയുടെ പരിപാടികളില്‍ ദേശീയ പതാക വീശി അനുയായികള്‍ ഇന്ത്യ എന്നാല്‍ ആ പാര്ട്ടിയാണ് എന്ന് ധ്വനിപ്പിക്കുന്നു. എ എ പിയുടെ ഈ രാഷ്ട്രീയ വളര്‍ച്ചക്ക് അടിത്തറ പാകി ജന്തര്‍ മന്തിറില്‍ നിരാഹാരമിരുന്ന ആ വൃദ്ധ ജന്മം മഹാരാഷ്ട്രയിലെ തന്‍റെ ഗ്രാമത്തില്‍ ഇരുന്നു തനിക്ക്‌ ചുറ്റും നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെ അത്ഭുതത്തോടെ നോക്കുന്നു. ഇന്ത്യന്‍ ഇടത് പക്ഷത്തിന്‍റെ പതാക വാഹകരായ സി പി എം ന്‍റെ‍ ദേശീയ സെക്രട്ടറി പ്രകാശ്‌ കാരാട്ട് മുതല്‍ കോണ്‍ഗ്രസ്സിന്‍റെ നിത്യയുവാവായ നേതാവ് രാഹുല്‍ ഗാന്ധി വരെ എ എ പിയില്‍ നിന്ന് തങ്ങള്‍ക്ക് പഠിക്കാന്‍ ഉണ്ടെന്നു തിരിച്ചറിയുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ആ പാര്‍ട്ടിക്കും കേജ്രിവാളിനും ചുറ്റും കറങ്ങുന്ന രാഷ്ട്രീയ അന്തരീക്ഷം.
എ എ പി എന്ന രാഷ്ട്രീയ കക്ഷി സമാനമനസ്കരായ ഒരു ജനസഞ്ചയത്തില്‍ നിന്നും ഉറവെടുത്ത ഒന്നല്ല. കൂട്ടായ്മയായും, പിന്നീട് സംഘടനയായും പരിണമിച്ചതും അല്ല. പകരം അരവിന്ദ്‌ കേജ്രിവാള്‍ എന്നൊരു മനുഷ്യന്‍ വളരെ ശ്രദ്ധാപൂര്‍വം വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രയത്നം കൊണ്ട് രൂപപ്പെടുത്തിയ ഒന്നാണ് അത്. ഒരു പക്ഷെ തന്‍റെ റെവന്യു സര്‍വീസ് ജീവിതത്തില്‍ അഴിമതിയാണ് ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് മുകളില്‍ പടര്‍ന്ന്‍ കിടക്കുന്ന ഇരുട്ട് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു കാണണം. പിന്നീട് പടിപടിയായി അതിനെതിരെ അദ്ദേഹം ജനങ്ങളെ ഇളക്കി വിട്ടു. പരിവര്‍ത്തന്‍ എന്ന തന്‍റെ ആദ്യ സംരംഭത്തിലൂടെ തന്നെ ദില്ലിയിലെ വ്യാജ റേഷന്‍ കാര്‍ഡ് അഴിമതിയെ അദ്ദേഹം പുറത്തു കൊണ്ടു വന്നു – ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയി ആ ആദ്യ സംരംഭം എങ്കിലും. വിവരാവകാശ നിയമം ആയിരുന്നു അടുത്ത പടി. കേജ്രിവാള്‍ എന്ന വ്യക്തിയെ സമൂഹം തിരിച്ചറിയുന്നത്‌ വിവരാവകാശ നിയമത്തിനായുള്ള സമരങ്ങളിലൂടെയാണ്. പിന്നീട് റലെഗന്‍ സിദ്ധിയില്‍ നിന്നും അണ്ണാഹസാരെയെ ദില്ലിയില്‍ എത്തിച്ചു ജന-ലോക്പാലിനായുള്ള ശക്തമായ സമരം തുടങ്ങി. സമരത്തില്‍ ഹസാരെക്കും മുകളില്‍ വളര്‍ന്ന കേജ്രിവാള്‍ തികച്ചും കൃത്യമായ സമയത്താണ് എ എ പി എന്ന പാര്‍ട്ടി രൂപീകരിക്കുന്നതും. അണ്ണായുടെ സമരത്തിലേക്ക്‌ മനസ്സ്‌ അര്‍പ്പിച്ച് എത്തിയ മിക്കവരും അങ്ങിനെ എ എ പിയില്‍ അവര്‍ പോലും അറിയാതെ എത്തി (ഈ അറിയാതെ എത്തിപ്പെട്ടതു കൊണ്ടാവും രണ്ടു വര്‍ഷ ങ്ങള്‍ക്ക് ഇപ്പുറം ആദ്യകാല എ എ പി അംഗങ്ങളില്‍ പ്രമുഖനായ ചേതന്‍ ഭഗത് ആ പാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഐറ്റം ഡാന്‍സര്‍ എന്ന് വിളിച്ചത്). വീണ്ടും ഇന്ത്യന്‍ മധ്യവര്‍ഗ്ഗം സടകുടഞ്ഞു ആം ആദ്മി പാര്‍ട്ടിയില്‍ അണി ചേരുന്നു. എഴുപതുകള്‍ ആവര്‍ത്തിക്കുന്നു എന്നതുപോലെ ദില്ലി സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആം ആദ്മി പാര്‍ട്ടിയില്‍ അന്ത:സംഘര്‍ഷങ്ങള്‍ ഉടലെടുത്തു.
മൊറാര്‍ജി സര്‍ക്കാരിന് എന്നത് പോലെ പ്രഖ്യാപിച്ച സബ്സിഡികള്‍ എങ്ങിനെ നല്കും എന്ന ഒരു സാമ്പത്തിക രൂപരേഖയും കേജ്രിവാള്‍ സര്‍ക്കാരിനും മുന്നോട്ടു വെക്കാനുണ്ടായിരുന്നില്ല. കൊക്കോ കോളയെയും ഐ ബി എമ്മിനെയും ജനതാ സര്‍ക്കാര്‍ ആക്രമിച്ചതിനു സമാനമായി കേജ്രിവാള്‍ റിലയന്‍സിനെ കടന്നാക്രമിച്ചു. എഴുപതുകളുടെ അനുഭവം മറന്ന ഒരു ജനത വീണ്ടും ആഘോഷം തുടങ്ങിയിരിക്കുന്നു.
അഴിമതിയും അതിന്‍റെ കാരണങ്ങളും – ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്. 
നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ കുറ്റകൃത്യങ്ങള്‍ എന്ന് വിളിക്കാം. അഴിമതി എന്നൊരു വാക്ക്‌ ഉപയോഗിക്കപ്പെടുന്നത് സാമ്പത്തികമായ ഒരു ഗുണഫലം വ്യക്തിക്കോ വ്യക്തികളുമായി അടുത്ത ബന്ധമുള്ള ആളുകള്‍ക്കോ ഒരു നിയമ ലംഘനത്തില്‍ നിന്നും ഉണ്ടാകുമ്പോള്‍ ആണ്. ചരിത്രത്തില്‍ തന്നെ സീസര്‍ മാത്രമല്ല സീസറിന്‍റെ ഭാര്യകൂടി സംശയാതീതയായിരിക്കേണ്ടതുണ്ട് എന്നൊരു ചൊല്ലുണ്ടായത് ജനാധിപത്യം ആദ്യം അതിന്‍റെ പ്രാകൃതമായ രൂപത്തില്‍ എങ്കിലും പരീക്ഷിക്കപ്പെട്ട റോമന്‍ ഭരണ സംവിധാനത്തില്‍ നിന്നാണ്.
ലോകത്താകമാനം വികസിത വികസ്വര രാജ്യങ്ങളില്‍ എല്ലാം തന്നെ ഏകദേശം സമാനമായ അഴിമതി വിരുദ്ധ നിയമങ്ങള്‍ തന്നെയാണ് നിലവിലുള്ളത് എന്നിരിക്കെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അഴിമതിയുടെ തോത് തികച്ചും വ്യത്യസ്തമായി നിലകൊള്ളുന്നു എന്നത് തന്നെ അഴിമതി സാമൂഹ്യ-ധനകാര്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു പ്രതിഭാസമാണ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.. ഇന്ത്യ എന്ന ഒരു രാജ്യത്ത്‌ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ അഴിമതി പല തീവ്രതയാണ് പ്രകടിപ്പിക്കുന്നത് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അഴിമതിയുടെ തീവ്രതക്ക് സാമൂഹ്യ അസമത്വങ്ങളുമായും, സമൂഹത്തിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക നിലവാരങ്ങളുമായും വലിയ ബന്ധമാണ് ഉള്ളത്. അതോടൊപ്പം അഴിമതി പല വര്‍ഗ്ഗങ്ങളായി തിരിഞ്ഞ സമൂഹത്തിന്‍റെ. പല തലങ്ങളിലും പല തീവ്രതയോടെയാണ് നിലനില്‍ക്കുന്നത്. കൈക്കൂലി വാങ്ങുന്ന മിക്ക ഉദ്യോഗസ്ഥരും കൊടുക്കുന്നയാളുടെ സാമ്പത്തിക നിലവാരം കൂടി നോക്കിയാണ് സാധാരണ തുക നിശ്ചയിക്കുന്നത്. ഒരു കുപ്പി തേനും ഒരു നീണ്ട വണക്കവും കൊടുത്ത്‌ ഒരു വില്ലേജ്‌ ആഫീസില്‍ നിന്നും ആദിവാസി നേടുന്ന കാര്യം, സാധാരണക്കാരന്, ചിലപ്പോള്‍, ആയിരങ്ങള്‍ ചിലവാക്കിയേ നേടാനാകു. ഇവയൊക്കെ സാമാന്യ ഉദാഹരണങ്ങള്‍ ആണ്.
ആം ആദ്മി പാര്‍ട്ടി അഴിമതിയെ മുന്നില്‍ നിര്‍ത്തുന്നതെന്തിന്?
അഴിമതി സാമൂഹ്യ/സാമ്പത്തിക അസമത്വത്തിനു കാരണമാകുന്നു എന്ന സാമാന്യ ധാരണക്ക്‌ വിരുദ്ധമായാണ് ഈ രംഗത്തെ ആഴത്തിലുള്ള പഠനങ്ങളുടെ ഫലങ്ങള്‍. മറിച്ച് സാമൂഹ്യ/സാമ്പത്തിക അസമത്വങ്ങള്‍ അഴിമതിക്ക്‌ വളം വെക്കുന്നു എന്ന് വിശദമായ പഠനങ്ങള്‍ തെളിയിക്കുന്നും ഉണ്ട്. ആം ആദ്മി പാര്‍ട്ടിയും, കേജ്രിവാളും മുന്നോട്ടു വെക്കുന്നത് അഴിമതിക്കെതിരെ ഉള്ള നിയമ നിര്‍മ്മാണങ്ങളും ശക്തമായ നിയമം നടപ്പാക്കലും ആണ്. വിവരാവകാശ നിയമം, ജന ലോക്പാല്‍ പോലെയുള്ള നിയമങ്ങള്‍ തുടങ്ങിയവ അവര്‍ മുന്നോട്ടു വെക്കുന്നു – അതെ സമയം ഈ നിയമങ്ങള്‍ നടപ്പാകുന്ന സംവിധാനങ്ങളിലേക്ക് എത്താന്‍ പോലും പറ്റാത്ത ഒരു പാര്‍ശ്വവല്‍കൃത ജനതയെ അവര്‍ മറക്കുന്നു. ഇവിടെയാണ് മധ്യവര്‍ഗ്ഗ മോഹങ്ങളില്‍ നിറം പടര്‍ത്തി അതില്‍ നിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കുക മാത്രമാണ് ടീം കേജ്രിവാളിന്‍റെ ലക്‌ഷ്യം എന്ന് തിരിച്ചറിയപ്പെടുന്നത്.
അഴിമതിയെക്കാള്‍ രാജ്യം നേരിടുന്ന സാമൂഹ്യ/സാമ്പത്തിക അസന്തുലിതാവസ്ഥയെ പറ്റി ആം ആദ്മി പാര്‍ട്ടിക്ക്‌ വലിയ വ്യാകുലതകള്‍ ഇല്ല. സാമൂഹ്യ സാമ്പത്തിക അസന്തുലിതാവസ്ഥകള്‍ പരിഹരിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അഴിമതി കുറയുമെന്ന സത്യത്തെ മറച്ച് പിടിക്കാന്‍ ഉള്ള ബോധപൂര്‍വമായ നിലപാടുകള്‍ അവര്‍ എടുക്കുന്നുമുണ്ട്.
ഖാപ്പ്‌ പഞ്ചായത്ത്കളെ അംഗീകരിക്കുക വഴി ആം ആദ്മി പാര്‍ട്ടി ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ സ്വാതന്ത്ര്യം തങ്ങളുടെ അജണ്ടയല്ല എന്ന് തെളിയിച്ചിരിക്കുന്നു. ദില്ലിയില്‍ മയക്കുമരുന്ന് കച്ചവടവും, വ്യഭിചാരവും നടത്തുന്നത് വെള്ളക്കാരും കറുത്തവരും ഏകദേശം ഒരേ അളവില്‍ ആണെന്ന് ഇരിക്കെ, ആം ആദ്മി പാര്‍ട്ടി കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ മനുഷ്യത്വ ഹീനവും, നഗ്നവുമായ നിയമ ലംഘനവും ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തി എന്നത് – രണ്ടു സിക്കുകാര്‍ ഇന്ദിരാ ഗാന്ധിയെ വെടിവച്ചു കൊന്നു എന്ന കാരണത്തിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സിക്ക്‌ വേട്ടയുടെ ചെറു പതിപ്പാണ് – അതിലും അപ്പുറം കറുത്തവന് നേരെയുള്ള സവര്‍ണ്ണ രുടെ അവജ്ഞയാണ്.
ഒരിക്കല്‍ ഒരു സംഭാഷണത്തില്‍ കവി സച്ചിദാനന്ദന്‍ മാഷ്‌ പറഞ്ഞതോര്‍ക്കുന്നു – അഴിമതിപോലുള്ള പ്രശ്നങ്ങള്‍ക്ക് നിയമ നിര്‍മ്മാണം വഴി പരിഹാരം കാണുന്നത് സത്യത്തില്‍ മദ്ധ്യവര്‍ഗ്ഗത്തിനെ മാത്രം സഹായിച്ച്, അഴിമതിക്ക്‌ എതിരെയുള്ള വലിയൊരു സംഘടിത മുന്നേറ്റത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമമായി കാണേണ്ട സാഹചര്യം ഉണ്ട് എന്നായിരുന്നു അത്. ശക്തരായ മധ്യവര്‍ഗ്ഗം ഈ നിയമങ്ങളുടെ ഗുണം അനുഭവിക്കുമ്പോള്‍, ഈ നിയമങ്ങളിലേക്ക് പോലും എത്താന്‍ പറ്റാത്ത പാര്‍ശ്വവല്‍കൃ‍ത ജനതയുടെ സമരത്തെ തമസ്കരിക്കാന്‍ അധികാരശക്തികള്‍ക്ക് അവരുടെ കൂടെ മധ്യവര്‍ഗ്ഗത്തിന്‍റെ പിന്തുണ ലഭിക്കുന്നു. സത്യത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ വലിയ പ്രശ്നങ്ങളെ പറ്റി ചിന്തിക്കുന്നതില്‍ നിന്ന് പോലും മധ്യവര്‍ഗ്ഗ ബുദ്ധിയെ വിലക്കുന്ന മയക്ക് മരുന്നാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍, നയിക്കുന്ന സമരങ്ങള്‍. യഥാര്‍ത്ഥ സമരങ്ങളിലേക്ക് നയിക്കാവുന്ന ജന ശാക്തീകരണത്തെ തടയുന്ന സാമ്രാജ്യത്വ ചാര പ്രവര്‍ത്തനം.
വാല്‍ക്കഷണം : ഒരിക്കലും ഒരു രാഷ്ട്രീയ കക്ഷിക്കും വിശ്വസിക്കാന്‍ പറ്റാത്ത പിന്തുണ ശക്തിയാണ് മദ്ധ്യവര്‍ഗ്ഗം അല്ലെങ്കില്‍ ബൂര്‍ഷ്വാ -പെറ്റി ബൂര്‍ഷ്വാ സമൂഹം. ചരിത്രത്തില്‍ ഇവര്‍ സാമൂഹ്യ മാറ്റങ്ങള്‍ക്ക് തുരങ്കം വച്ച കഥകള്‍ നിറഞ്ഞു നില്ക്കുന്നുണ്ട്. എന്തിനധികം സൂക്ഷിച്ച് നോക്കിയാല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്‍റെ കാരണങ്ങളില്‍ ഒന്ന് ഈ മധ്യവര്‍ഗ്ഗ ഇടപെടലുകള്‍ ആണെന്ന് കാണാം. ജയപ്രകാശ്‌ നാരായണന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തവര്‍, അടിയന്തിരാവസ്ഥ എന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അപമാനത്തിന് കാരണമായ ഇന്ദിരാ ഗാന്ധിയെ ആദ്യം വലിച്ചു താഴെ ഇടുകയും പിന്നീട് തിരിച്ച് പ്രതിഷ്ഠിക്കുകയും ചെയ്തതിനു ശേഷവും അടിയന്തിരാവസ്ഥയെ കുറിച്ച് ഓര്‍ത്ത് നെടുവീര്‍പ്പിടുന്നവര്‍. അതുകൊണ്ട് തന്നെ ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയുടെ നിലവാരത്തിലേക്ക്‌ മെല്ലെ മെല്ലെ സ്വയം നേര്‍ത്ത് നേര്‍ത്ത് വന്നില്ലെങ്കില്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാല്‍ തന്നെ ആം ആദ്മി പാര്‍ട്ടിയെ മധ്യവര്‍ഗ്ഗം തല്ലിക്കൊല്ലും.
Comments
Print Friendly, PDF & Email

You may also like