പൂമുഖം LITERATUREലേഖനം ദില്ലിയിൽ ആപ് തകരുന്നില്ല – മിഥ്യകൾക്ക് മറുപടി

ദില്ലിയിൽ ആപ് തകരുന്നില്ല – മിഥ്യകൾക്ക് മറുപടി

സാധാരണ രാഷ്ട്രീയ പാർട്ടികളെ പോലെയല്ല ആം ആദ്മി പാർട്ടി എന്നത് എതിർ കക്ഷികളടക്കം എല്ലാവരും ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന വസ്തുതയാണ്. ശാക്തിക ചേരികൾ സൃഷ്ടിച്ചും ബലാബലം പരീക്ഷിച്ചും അവക്കായി കുതന്ത്രങ്ങൾ വരെ മെനഞ്ഞും പ്രയോഗിച്ചും ബാലറ്റ് പെട്ടിയിൽ എണ്ണം വർദ്ധിപ്പിക്കുക എന്നതല്ല ആം ആദ്മി പാർട്ടിയുടെ രീതി. അതിനാൽ തന്നെ ഒരു ഇലക്ഷനിലെ പരാജയം ആം ആദ്മിയെ ഭയപ്പെടുത്തുന്നില്ല. ഇതാ, മലയാളനാട്ടിൽ ജയഹരി എഴുതിയ “ദില്ലിയിൽ ആപ് തകരുമ്പോൾ” എന്ന ലേഖനത്തിനുള്ള ഒരു ചുരുങ്ങിയ മറുപടി.

 

aap2

 

ല്ലാ വിപ്ലവങ്ങളും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഉണ്ടായിട്ടുള്ളത് എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. സ്വാതന്ത്ര്യത്തിലൂടെ ചൂഷണത്തെ നിർമ്മാർജ്ജനം ചെയ്യാമെന്നും സമത്വം സ്ഥാപിക്കാമെന്നും ഉള്ള അഥവാ ഉണ്ടായിരുന്ന വിശ്വാസമാണ് അത്തരം പല വിപ്ലവങ്ങൾക്കും സാധുത നൽകുന്നത്. എന്നാൽ ഭൗതിക സമത്വമെന്നത് തികച്ചും താൽക്കാലികം മാത്രമായ ഒരവസ്ഥയാണ് എന്നും അവസരസമത്വമാണ് കുറേക്കൂടി സ്ഥായിയായിട്ടുള്ളത് എന്നും ലോകം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. അവസരസമത്വം നിയമത്തിന്റെ നിതാന്തജാഗ്രതയിൽ കൂടിയും പൗരന്മാരുടെ മാനസിക ബൗദ്ധിക വളർച്ചയിൽ കൂടിയും നിലനിർത്താനാകും, ആകണം.

ലേഖനത്തിൽ രണ്ടിടത്തായി പറഞ്ഞരിക്കുന്നത് നോക്കുക.
ഒന്ന്: “ആദ്യത്തെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഉപയോഗിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആയുധം അവരുടെ അഴിമതി ആയിരുന്നു എന്ന് മാത്രം. അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ആം ആദ്മി പാര്‍ട്ടി അത് തലങ്ങും വിലങ്ങും ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.”

രണ്ട്: “ആം ആദ്മി പാര്‍ട്ടിയും, കേജ്രിവാളും മുന്നോട്ടു വെക്കുന്നത് അഴിമതിക്കെതിരെ ഉള്ള നിയമനിര്‍മ്മാണങ്ങളും ശക്തമായ നിയമം നടപ്പാക്കലും ആണ്. വിവരാവകാശനിയമം, ജനലോക്പാല്‍ പോലെയുള്ള നിയമങ്ങള്‍ തുടങ്ങിയവ അവര്‍ മുന്നോട്ടുവെക്കുന്നു – അതേ സമയം ഈ നിയമങ്ങള്‍ നടപ്പാകുന്ന സംവിധാനങ്ങളിലേക്ക് എത്താന്‍ പോലും പറ്റാത്ത ഒരു പാര്‍ശ്വവല്‍കൃതജനതയെ അവര്‍ മറക്കുന്നു. ഇവിടെയാണ് മധ്യവര്‍ഗ്ഗ മോഹങ്ങളില്‍ നിറം പടര്‍ത്തി അതില്‍ നിന്നും രാഷ്ട്രീയലാഭം ഉണ്ടാക്കുക മാത്രമാണ് ടീം കേജ്രിവാളിന്‍റെ ലക്ഷ്യം എന്ന് തിരിച്ചറിയപ്പെടുന്നത്.”

ഒരു കണക്കിന് ശരിയെന്ന്‍ തോന്നിയേക്കാവുന്ന ഈ രണ്ടു ടിപ്പണികളും പരിശോധിക്കുക. ഒന്നാമതായി, ആം ആദ്മി പാർട്ടി കാണുന്ന അഥവാ നേടാൻ ഉദ്ദേശിക്കുന്ന “രാഷ്ട്രീയനേട്ടം” ഇതര രാഷ്ട്രീയ കക്ഷികളുടേത് പോലുള്ളതല്ല. മറിച്ച് രാഷ്ട്രത്തെ അഴിമതിയിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടിയാണ്. അതിനാൽ ഒരു സാമാന്യ രാഷ്ട്രീയ കക്ഷി നേടുന്ന “രാഷ്ട്രീയലാഭം” കണക്ക് അതിനെ അപ്രസക്തമായി കാണിക്കുന്നതിൽ അപാകതയുണ്ട്.അതായത്, അഴിമതിയിൽ നിന്ന് ഭരണക്രമത്തെ മോചിപ്പിക്കുവാനായി ഏറ്റവും ഉചിതമെന്ന് തോന്നുന്ന നിയമവ്യവസ്ഥയും സംവിധാനവും സൃഷ്ടിക്കുവാൻ വേണ്ടിയാണ്.അല്ലാതെ അധികാര കച്ചവടം മനസ്സിൽ കണ്ടു കൊണ്ടല്ല.

രണ്ടാമതായി, ആം ആദ്മി പാർട്ടി കാലേകൂട്ടി വിഭാവനം ചെയ്യുകയും ദില്ലിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന “സ്വരാജ്”, എല്ലാ വിഭാഗം ജനങ്ങളിലേക്കും എല്ലാ അർത്ഥത്തിലും അധികാരം എത്തിക്കുവാൻ ഉതകുന്ന സംവിധാനമാണ്. ഓരോ പഞ്ചായത്തിന്‍റേയും വാർഡ് തലത്തിൽ വരെ ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി സ്വയം തീരുമാനമെടുക്കാനുള്ള അവകാശവും സാഹചര്യവും സംവിധാനവും ഒരുക്കുന്ന വ്യവസ്ഥയാണ് സ്വരാജ്. അതിനായി ഉതകുന്ന തരത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതും ആം ആദ്മി പാർട്ടിയുടെ ദൗത്യങ്ങളിൽ പെടുന്നു.

“അഴിമതിയെക്കാള്‍ രാജ്യം നേരിടുന്ന സാമൂഹ്യ/സാമ്പത്തിക അസന്തുലിതാവസ്ഥയെ പറ്റി ആം ആദ്മി പാര്‍ട്ടിക്ക് വലിയ വ്യാകുലതകള്‍ ഇല്ല. സാമൂഹ്യ സാമ്പത്തിക അസന്തുലിതാവസ്ഥകള്‍ പരിഹരിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അഴിമതി കുറയുമെന്ന സത്യത്തെ മറച്ച് പിടിക്കാന്‍ ഉള്ള ബോധപൂര്‍വമായ നിലപാടുകള്‍ അവര്‍ എടുക്കുന്നുമുണ്ട്.” സാമൂഹ്യമായും സാമ്പത്തികമായും ഉന്നതശ്രേണികളിൽ ഉള്ളവർ അഴിമതിയിൽ നിന്ന് മുക്തരാണോ എന്നാലോചിച്ചാൽ മതി ഈ അവധാരണയുടെ പൊള്ളത്തരം മനസ്സിലാക്കാൻ .അവർ അഴിമതി കാട്ടുന്നില്ലെങ്കിൽ ലേഖകൻ സമർത്ഥിക്കുന്നത് ശരിയാണ്. എന്നാൽ നാം കാണുന്നത് ഇതിന് നേർവിപരീതമാണ്. ഈയടുത്ത് കേരളം ഏറെ ശ്രദ്ധിച്ച ജിഷ്ണു പ്രണോയ് കേസിൽ പ്രതിഭാഗത്ത് നീൽക്കുന്നവർ ആരും ആകട്ടെ, തിരുവനന്തപുരത്തെ ലോ അക്കാദമിയിലെ ലക്ഷ്മിനായരാകട്ടെ ഇവരാരും തന്നെ സാമൂഹികമായോ സാമ്പത്തികമായോ പരാധീനത അനുഭവിക്കുന്നവർ ആയത് കൊണ്ടാണോ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നത്? നിയമവ്യവസ്ഥയെ മറികടന്നും സാമ്പത്തികസ്ഥിരതയും സാമൂഹ്യമാന്യതയും മനുഷ്യനെ സത്യസന്ധനാക്കും എന്ന വളരെ ദുർബലമായ ആ വാദം ആർക്കും അംഗീകരിക്കാൻ പറ്റില്ല തന്നെ.

“ദില്ലിയില്‍ മയക്കുമരുന്ന് കച്ചവടവും, വ്യഭിചാരവും നടത്തുന്ന വെള്ളക്കാരും കറുത്തവരും ഏകദേശം ഒരേ അളവില്‍ ആണെന്നിരിക്കെ, ആം ആദ്മി പാര്‍ട്ടി കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ മനുഷ്യത്വഹീനവും, നഗ്നവുമായ നിയമലംഘനവും ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തി എന്നത് – രണ്ടു സിക്കുകാര്‍ ഇന്ദിരാഗാന്ധിയെ വെടിവച്ചു കൊന്നു എന്ന കാരണത്തിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സിക്ക് വേട്ടയുടെ ചെറുപതിപ്പാണ് – അതിലും അപ്പുറം കറുത്തവന് നേരെയുള്ള സവര്‍ണ്ണരുടെ അവജ്ഞയാണ്.” ഇതാണ് ഏറെ രസകരമായ മറ്റൊരു വാദം. ആം ആദ്മി പാർട്ടി യാതൊരുവിധ ജാതീയമായ വേർതിരിവുകളും അംഗീകരിക്കുന്നില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ശരിയാണ്, ഒരിക്കൽ ദില്ലിയിൽ ഒരിടത്ത് രാത്രി കാലത്തെ നിരന്തരമായ അച്ചടക്കലംഘനവും അസാന്മാർഗിക പ്രവർത്തനവും തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ശ്രീ സോമനാഥ് ഭാരതി അവിടെ പോയിരുന്നു. അവിടെ അക്രമവും മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസുകാരോട് കയർക്കുകയും ചെയ്തിരുന്നു. ആ പ്രദേശത്ത് നിയമം ലംഘിച്ച് മയക്ക്മരുന്ന് വില്പനയും അസാന്മാർഗിക പ്രവർത്തനങ്ങളും നടത്തിയിരുന്നത് ആഫ്രിക്കൻ വംശജരായിരുന്നു; അതിനാൽ സോമനാഥ് ഭാരതിയുടെ വാക്കുകൾ കറുത്ത വർഗ്ഗത്തിനെതിരെ ആയിരുന്നു എന്ന വാദത്തിലേക്ക് സംഭവത്തെ വളച്ച് ഒടിച്ചിരുന്നു. കഷ്ടം, അവിടെ ഉണ്ടായിരുന്നത് വെളുത്തവനോ, കറുത്തവനോ, ഇന്ത്യക്കാരനോ, പരദേശിയോ എന്നതൊന്നുമായിരുന്നില്ല യഥാർത്ഥ വിഷയം. പക്ഷെ, ആം ആദ്മി പാർട്ടിയെ കരിതേച്ച് കാണിക്കാനുള്ള മനസ്സിന് അതൊക്കെയായി മാറി വിഷയം. എന്നാൽ അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞു. ഇന്ന്‍ വരെ വംശീയവിദ്വേഷം പരത്താനുള്ള ശ്രമത്തിന്‍റെ പേരിൽ എന്തുകൊണ്ട് സോംനാഥ് ഭാരതിയുടെ പേരിൽ ഒരു കേസ് പോലും ചാർജ്ജ് ചെയ്തില്ല എന്ന് ആലോചിച്ചാൽ ഈ ആരോപണത്തിന്‍റെ പൊള്ളത്തരം മനസ്സിലാക്കാവുന്നതേ ഉള്ളൂ.

കൂടാതെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ മരണവും, ജെ.എൻ.യു.വിലെ കനയ്യകുമാറും കാശ്മീരി വിദ്യാർത്ഥികളും അടങ്ങുന്നവരുടെ വിഷയവും ആരും മറന്നിട്ടുണ്ടാവില്ല. ദില്ലിയുടെ പിന്നാമ്പുറങ്ങളിൽ ഒരു വീട്ടിൽ ഫ്രിഡ്ജിൽ മാട്ടിറച്ചി സൂക്ഷിച്ചുവച്ചുവെന്ന് ആരോപിച്ച് ഒരു മുസ്ലിം യുവാവിനെയും അച്ഛനെയും ഗോ സംരക്ഷകർ തല്ലിക്കൊന്ന കേസും മറന്നിരിക്കില്ല. ഗുജറാത്തിൽ ദളിതർക്ക് നേരെ സവർണ്ണരിൽ നിന്നുണ്ടായ ആക്രമണങ്ങളിൽ വിഘ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട സംഘർഷവും ലേഖകൻ ഓർമ്മിക്കുന്നുണ്ടാകും. ഈ പറഞ്ഞപോലെ ജാതീയവും, മതപരവും, പ്രാദേശികവും, ഭാഷാപരവും ഒക്കെയായ സാമൂഹ്യമാനങ്ങളുള്ള വിഷയങ്ങളിൽ ആം ആദ്മി പാർട്ടി എന്നും നിലയുറപ്പിച്ചത് പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ കൂടെയാണ്. ഇതൊക്കെ എന്തുകൊണ്ടാണ് ലേഖകൻ കാണാതെ പോകുന്നത് എന്ന സംശയം വായനക്കാർക്ക് ന്യായമായും ഉണ്ടാകാം.

അപ്പോൾ അവസാനമായി ചിലത് പറയാം. ജനാധിപത്യമൂല്യാധിഷ്ഠിതമായ ബോധവൽക്കരണവും നിയമസംവിധാനത്തിന്‍റെ ശാക്തീകരണവും വഴി സ്ഥായിയായ വ്യവസ്ഥിതി മാറ്റം നടത്തുവാനുള്ള ആം ആദ്മി പാർട്ടിയുടെ ശ്രമങ്ങളെ എന്തുകൊണ്ടാകാം ലേഖകൻ നിസ്സാരമായി കാണുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരുപക്ഷെ, ഒരു സമൂഹവിഭാഗം സ്വപ്നത്തിൽ ചിരകാലം കൊണ്ടുനടന്നിരുന്ന ആദർശവിപ്ലവം നടക്കാതെ പോയേക്കുമോ എന്ന ഭയം കൊണ്ടാകാം. അഥവാ തങ്ങൾ വിശ്വസിച്ചുപോന്ന ആദർശത്തിന് വർത്തമാനകാലത്തിൽ വന്നുഭവിച്ച പ്രസക്തിരാഹിത്യം മനസാ അംഗീകരിക്കാനുള്ള പ്രയാസം കൊണ്ടുമാകാം.

എന്നാൽ നേരത്തെ പറഞ്ഞത് പോലെ, ജനാധിപത്യമൂല്യങ്ങളുടെ സാർവത്രികമായ പ്രസരണവും നിയമവ്യവസ്ഥയുടെ ശാക്തീകരണവും ഒക്കെ കണ്ണടച്ച് ഇരുട്ടാക്കി ക്കൊണ്ട് ലേഖകൻ പറയുന്നത് ഒന്ന് ശ്രദ്ധിക്കുക. “സത്യത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ വലിയ പ്രശ്നങ്ങളെ പറ്റി ചിന്തിക്കുന്നതില്‍ നിന്നുപോലും മധ്യവര്‍ഗ്ഗ ബുദ്ധിയെ വിലക്കുന്ന മയക്ക്മരുന്നാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളും നയിക്കുന്ന സമരങ്ങളും”…. കൂടാതെ, “യഥാര്‍ത്ഥ സമരങ്ങളിലേക്ക് നയിക്കാവുന്ന ജനശാക്തീകരണത്തെ തടയുന്ന സാമ്രാജ്യത്വ ചാരപ്രവര്‍ത്തനം” ആണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. ഇങ്ങനെ ലേഖകൻ പറഞ്ഞുവക്കുന്നിടത്ത് എന്തോ പന്തികേടില്ലേ എന്നൊരു തോന്നൽ ആർക്കും ഉണ്ടാകാം; എനിക്ക്‌, തീര്‍ച്ചയായും ഉണ്ട്. .അങ്ങനെ ഒന്നുമില്ലെങ്കിൽ അടിയന്‍റെ പിഴ; പെരുത്തപിഴ…

 

ഡോ. കെ എം ജയഹാരിയുടെ ലേഖനം ഈ ലിങ്കിൽ വായിക്കാം. http://malayalanatu.com/archives/4828

Comments
Print Friendly, PDF & Email

വൈക്കം സ്വദേശി. ബ്രൂണേയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കിൽ സജീവമായി എഴുതുന്നു

You may also like