നോവലുകളും

കഥകളും മാത്രം

വീട്ടിലെ

പുസ്തക

അലമാര നിറച്ചപ്പോഴും

കവിതകൾ

വായിച്ച് തുടങ്ങിയത്

വീട്ടിൽ വച്ച് തന്നെയാണ്.

ദോശമാവുകൊണ്ട്

അച്ഛൻ വട്ടത്തിൽ

വരച്ച കവിത തന്ന

രുചിയുടെ കെട്ട്

ഇന്നും വിട്ടിട്ടില്ല.

മഴുകൊണ്ട്

അമ്മ വെട്ടിച്ചിതറിച്ച

വിറക് കഷ്ണങ്ങൾ

തീ കൂട്ടി ചൂടേകിയ

കവിതകൾ ഇന്നും

ഉള്ളിൽ കിടന്ന്

തിളക്കുന്നുണ്ട്.

യുദ്ധ വിമാനം

പറത്താൻ

കൊതിച്ച

അനിയത്തി,

വൈകുന്നേരങ്ങളിൽ

പാടത്ത്

വിമാനങ്ങളെ

എണ്ണിക്കിടന്നതിനോളം

നിറമുള്ള കവിതകളെ

ഇന്നോളം എവിടെയും

വായിച്ചതേയില്ല.

അല്ലെങ്കിലും

കവിതകളെ

വായിച്ചെടുക്കാൻ

പുസ്തകങ്ങളോ

പുസ്തകശാലകളോ

വേണ്ട.

ചുറ്റുമുള്ള മനുഷ്യരെ

വെറുതേയങ്ങനെ

നോക്കിയിരുന്നാൽ

മാത്രം മതി.