പതിനൊന്ന്
ഉത്തരം കിട്ടാത്ത ഗണിതപ്രശ്‍നം പോലെ കാട് അവരെ കുഴക്കി. പുറപ്പെട്ടയിടത്തു നിന്ന് അധികം ദൂരത്തല്ല തങ്ങളെന്ന് അവർക്കറിയാം. എന്നിട്ടും തിരിച്ചു കയറി രക്ഷപ്പെടാൻ കഴിയുന്നില്ല.
കാട്ടിൽ പെട്ടുപോയ തങ്ങളെ തിരക്കി ആരൊക്കെയോ അലയുന്നുണ്ടാകാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് അസ്ഥാനത്തായതും അവരെ അമ്പരപ്പിച്ചു. ‘അവർക്കു നമ്മളെ വേണ്ടേ?’- ഈ ചോദ്യം രണ്ടുമൂന്നാഴ്ച് ഗിരിയും ഹേമയും സ്റ്റെല്ലയും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. പിന്നെയവർ അക്കാര്യം സംസാരിക്കാതെയായി.
കാട്ടിലെത്തി ഏഴെട്ട് ആഴ്ചകൾ കൊണ്ടുതന്നെ നാല് യുവാക്കളും അസാധാരണമാം വിധം പരിവർത്തനം ചെയ്യപ്പെട്ടു. വിധിയോട് നല്ലയളവിൽ പൊരുത്തപ്പെട്ടു എന്നതാണ് പ്രധാന മാറ്റം. തുടക്കത്തിൽ ഒരു ചെറു കാറ്റടിച്ച് കാട് ഉലയുമ്പോൾ, അസാധാരണമായ ഒരു ഗന്ധം മണ്ണിൽ നിന്നുയരുമ്പോൾ, പരിചിതമല്ലാത്ത നൂറായിരം ജീവികളുടെ ഒച്ച കേൾക്കുമ്പോൾ എല്ലാം ഭയംകൊണ്ട് വിറങ്ങലിച്ചിരുന്നു. കുറച്ചു കാലത്തെ കാട്ടുജീവിതം കൊണ്ട് മരണവും മരണഭയവും രണ്ടാണെന്ന് മനസ്സിലായി. മരണഭയം മാത്രമേ നിലനിൽക്കുന്നുള്ളൂ. മരണം ഒരിക്കലും അനുഭവത്തിൽ വരാത്ത സംഗതിയാണ്. പരസ്പരം അധികം ചർച്ച ചെയ്തില്ലെങ്കിലും ആ തിരിച്ചറിവ് അവർക്ക് കുറച്ച് ശാന്തി നൽകി. അതേസമയം കാട്ടിനു പുറത്തെത്താമെന്ന പ്രതീക്ഷയ്ക്ക് കുറവുണ്ടായി. എങ്കിലും അതിനുള്ള പ്രയത്നം നിറുത്തിയില്ല. തമ്മിൽ സംസാരിക്കുമ്പോൾ തങ്ങൾ കാട്ടിൽ പെട്ടുപോയ മനുഷ്യരാണെന്ന് നല്ലവണ്ണം ഓർമ്മ വരും. അല്ലാത്തപ്പോൾ കൊന്നും കൊല്ലപ്പെട്ടും കാട്ടിൽ ജീവിക്കുന്ന ജീവികളെന്ന തോന്നലിൽ ജീവിക്കും. ക്രമേണ രാജൻ ഒഴികെയുള്ളവർക്കും മരങ്ങളിൽ നിന്ന് പഴങ്ങൾ ശേഖരിക്കുക, ചെറുമൃഗങ്ങളെ വേട്ടയാടി പിടിക്കുക ഇതൊക്കെ കുറേശ്ശെ ചെയ്യാമെന്നായി. കല്ലുരച്ച് തീ ഉണ്ടാക്കുന്നതു മാത്രം രാജന്റെ സ്വന്തം ജോലിയായി തുടർന്നു. ശ്രമിച്ചിട്ടും മറ്റുള്ളവർക്ക് അതിനു സാധിച്ചില്ല. കാട്ടുതീ ഉണ്ടാവാതെ തീ കത്തിക്കുവാൻ രാജനും പഠിച്ചു. രാത്രിയാവുമ്പോൾ അവൻ കരിയിലകൾ കൂട്ടിയിട്ട് തീ കത്തിക്കും. നേരം വെളുക്കുവോളം വെളിച്ചവും ചൂടും അങ്ങനെ ലഭിക്കും.
ഒരു അരുവി കണ്ടെത്തിയതാണ് മറ്റൊരു അനുഗ്രഹമായത്. ദാഹം തീർക്കാനും പ്രാഥമിക കാര്യങ്ങൾക്കും അങ്ങനെ നിവൃത്തിയായി.
നാലുപേർക്കും മാറിമാറി അസുഖങ്ങൾ വന്നു. ഹേമയുടെ ദേഹം ഒരാഴ്ച ചൊറിഞ്ഞു തടിച്ച് വലിയ ബുദ്ധിമുട്ടായി. സ്റ്റെല്ല വയറുകടി വന്ന് എല്ലും തോലുമായി. ഇന്നതെന്ന് പറയാനാകാത്ത പ്രശ്നങ്ങൾ കൊണ്ട് ഗിരിയും വല്ലാതെ വിഷമിച്ചു. രാജന് ഒന്നു രണ്ടു തവണ പനി വന്നു മാറി. ഏറ്റവും കൗതുകകരമായ വസ്തുത ഈ പീഡകൾക്കിടയിലും അവർ നിരാശാഭരിതരായില്ല എന്നതാണ്. നാട്ടിൽ തിരികെ എത്തേണ്ടതിനെക്കുറിച്ചോ അനിശ്ചിതത്വം നിറഞ്ഞ ഭാവിയെക്കുറിച്ചോ അവർ പരിധിവിട്ടു വ്യാകുലരായില്ല. അതിജീവനത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽ ഏറെക്കുറെ അനുഷ്ഠാനമെന്ന നിലയിൽ മുഴുകുക മാത്രം ചെയ്തു.
അവർ സംസാരിക്കുന്ന വിഷയങ്ങളും സംസാരിക്കുന്ന രീതിയും വല്ലാതെ മാറിപ്പോയി. തങ്ങളുടെ ജീവിതവീക്ഷണം വല്ലാതെ മാറുന്നതിനെക്കുറിച്ച് രാജൻ ഒഴികെയുള്ളവർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞു. നാട് അകലെ അകലെയുള്ള ഒരു ലോകമോ കല്പനയിൽ മാത്രമായി നിലനിൽക്കുന്ന ഒരു പ്രപഞ്ചമോ ആയി മാറിത്തുടങ്ങി. കടമകളോ ഉത്തരവാദിത്തങ്ങളോ ഇല്ലാത്ത ഒരു വെറും ജീവിതം അവർ മെല്ലെ ജീവിച്ചു തുടങ്ങി.
എത്രയെത്ര ജീവികളും പ്രാണികളുമാണ് ഭൂമിയിൽ! കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത എത്രയോ ജീവികളും പ്രാണികളും. നാട്ടിൽ വെച്ച് ദുഃശ്ശകുനം പോലെ ആട്ടിയോടിച്ചിരുന്ന, അരച്ചൊടുക്കാൻ വെമ്പിയിരുന്ന പ്രാണികൾക്ക് ഇടം കൊടുക്കാൻ അവർ ശീലിച്ചു. സർവ്വവ്യാപികളായ ഉറുമ്പുകൾ തന്നെ എത്രവിധമാണ്! പുളിയുറുമ്പ്, മരയുറുമ്പ്, കുഞ്ഞനുറുമ്പ്, കട്ടുറുമ്പ്, ചോണനുറുമ്പ്, നെയ്യുറുമ്പ്, കടിയുറുമ്പ്….. എല്ലാം അവരെ തൃപ്തിയാകുവോളം കടിച്ചു. ചിലപ്പോൾ അഗാധമായ ക്ഷമയോടെ ഉറുമ്പുകളുടെ ദംശനത്തെ അവർ സ്വീകരിച്ചു. ചിലപ്പോൾ ശത്രുതയോടെ അരച്ചുകൊന്നു.
ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞപ്പോൾ അവർ ഓർമ്മകളിൽ നിന്ന് മിക്കവാറും സ്വതന്ത്രരായി. കാടിനു പുറത്തേക്കുള്ള പാതയുടെ നിർമ്മാണവേഗത കുറഞ്ഞു. അദ്ധ്വാനത്തിനു വേണ്ടിയുള്ള അദ്ധ്വാനം എന്ന നിലയിലോ വിനോദമെന്ന നിലയിലോ മാത്രമായി ആ ജോലി. തുടക്കകാലങ്ങളിൽ അടിവയറ്റിൽ പ്രകമ്പനം സൃഷ്ടിച്ചിരുന്ന കാട്ടുഭീതി മിക്കവാറും ഇല്ലാതെയായി. പലതരത്തിലുള്ള പാമ്പുകളെ കണ്ടു. ഒരുതവണ ഒരു വലിയ ആനക്കൂട്ടം തന്നെ അവരുടെ അടുത്തു കൂടി കടന്നുപോയി. പോകുന്ന പോക്കിൽ അവരുടെ പാർപ്പിടം ആനകൾ ചവിട്ടിയൊടിച്ച് നാമാവശേഷമാക്കി. അവരെയും കുറച്ചു ദൂരം ഓടിച്ചു. വലിയ ഭീതിയൊന്നും തോന്നിയില്ല. മഴ ഇരച്ചു വരുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ ഓടുന്നത് പോലെ മാത്രമേ തോന്നിയുള്ളൂ. കാടുമായി തങ്ങൾ പകുതിയിലേറെ പൊരുത്തപ്പെട്ടു കഴിഞ്ഞെന്ന് ഓരോരുത്തർക്കും തോന്നി. എങ്കിലും അനിശ്ചിതത്വത്തിന്റെ ഉണർവ് ഉള്ളിൽ നിറഞ്ഞു നിന്നു. ഭൂതകാലത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ചിന്തിക്കാൻ ആവാത്തവിധമുള്ള തീവ്ര ജാഗ്രതയിൽ അവർ ജ്വലിച്ചു.
പന്ത്രണ്ട്
അരുവിയിൽ മുങ്ങിക്കുളിക്കാൻ പോകുമ്പോൾ ഹേമ സ്റ്റെല്ലയോട് പറഞ്ഞു: നമ്മുടെ ഭാഗ്യദോഷത്തിൻറെ ആഴം വളരെയേറെയാണ്, സ്റ്റെല്ല. വെറുതേ കാട് കാണാൻ കയറിയതാ. ഈ അവസ്ഥയിൽ എത്തി. എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല. സത്യത്തിൽ പുറപ്പെട്ടയിടത്തു നിന്നും അധികം ദൂരമില്ല. പക്ഷേ നമുക്ക് തിരിച്ചു കയറി രക്ഷപ്പെടാൻ കഴിയുന്നില്ല. നമ്മെ രക്ഷപ്പെടുത്താൻ ആരും വരുന്നില്ല, അഥവാ വരുന്നെങ്കിലും അവർക്ക് അതിനു കഴിയുന്നില്ല. നാളെത്രയായി! എന്തൊരു അവിശ്വസനീയമായ വിധി!
സ്റ്റെല്ല പറഞ്ഞു:
‘ഭാഗ്യമുണ്ടെങ്കിൽ ഏതു നിമിഷവും നമ്മൾ കാടിന് പുറത്തെത്താം. എനിക്ക് ആ പ്രതീക്ഷയുണ്ട്. ഭാഗ്യമില്ലെങ്കിൽ ഒരിക്കലും രക്ഷപ്പെടാതെയുമിരിക്കാം. അങ്ങനെയെങ്കിൽ നമ്മുടെ ബാക്കിയുള്ള ജീവിതം ഈ കാട്ടിൽ തന്നെയാവും. ഏതാനും ദിവസങ്ങളോ ആഴ്ചകളോ അല്ലെങ്കിൽ പരമാവധി കുറച്ചു വർഷങ്ങളോ. എങ്കിലും ഒരു കാര്യം എന്താണെന്നു വെച്ചാൽ എനിക്കു പ്രതീക്ഷ കുറഞ്ഞു വരികയാണ്. അതേസമയം മരണഭയവും കുറയുകയാണ്.’
‘എനിക്കും.’ ഹേമ പറഞ്ഞു.
‘കാട്ടിൽ പെട്ടു കഴിഞ്ഞു എന്ന് ഉറപ്പായപ്പോൾ ഉള്ള ഭയം എങ്ങോ മറഞ്ഞു പോയി.’
‘ഗിരി ഒപ്പം ഉള്ളതുകൊണ്ട് കൂടിയല്ലേ അത്?’
സ്റ്റെല്ല ആരാഞ്ഞു.
ഹേമ അല്പം ആലോചിച്ചു.
‘അങ്ങനെ തോന്നുന്നില്ല. ഗിരി അടുത്തുള്ളത് ഒരു സന്തോഷം തന്നെയാ. പക്ഷേ ഭയം കുറയുന്നത്…… ആഗ്രഹിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട്….നമ്മള് ഭൂമിയിലെ വെറും ജീവികളാണെന്ന ഒരു തോന്നലാണിപ്പോൾ. പിന്നെ രാജൻ ഒപ്പമുള്ളതിന്റെ ഒരു ധൈര്യോം ഉണ്ട്.’
മുങ്ങിക്കുളി കഴിഞ്ഞ് ഇരുവരും ദേഹമുണക്കാൻ പാറകളിൽ ഇരുന്നു. തങ്ങളുടെ നഗ്നത കാടിന്റെ ആദിമവും പരിശുദ്ധവുമായ നഗ്നതയുടെ ഭാഗമാവുന്നതു പോലെ അവർക്കു തോന്നി.
ഏതെന്നു നിശ്ചയമില്ലാത്ത ഒരു ചെറു മരം. അതിൻ്റെ മെലിഞ്ഞതെങ്കിലും ദൃഢതയാർന്ന ശിഖരങ്ങൾ. അവയിൽ നിറയെ കുരുവിക്കൂടുകൾ. ഹേമയും സ്റ്റെല്ലയും നോക്കിയിരിക്കെ അവയിലൊന്നിലേക്ക് ഒരമ്മക്കുരുവി വ്യാകുലതയോടെ പറന്നുവന്നു. പിന്നെ കൂടിന് ഉലച്ചിലുണ്ടാക്കാതെ അകത്തേക്കു കയറിപ്പോയി. ആഹ്ളാദത്തിന്റെ തിമിർപ്പു ശബ്ദങ്ങൾ കൂടിനുള്ളിൽ നിന്നു കേട്ടു.
കാട് പെട്ടെന്ന് വലുതായി ഇളകി. പലതരത്തിലുള്ള ഒച്ചകൾ ഉയർന്നു. രണ്ടു കുരങ്ങന്മാർ മരങ്ങളിൽ നിന്ന് പ്രാണരക്ഷാർത്ഥം താഴേക്കു ചാടി ഓടി. മിന്നൽ വേഗത്തിൽ പുറകെ എത്തിയ ഒരു വലിയ ജീവി – പുലി തന്നെ- രണ്ടിനെയും അടിച്ചു വീഴ്ത്തി. ഓടാൻ തുടങ്ങിയ ഹേമയെ സ്റ്റെല്ല പിടിച്ചു നിർത്തി ‘മെല്ലെപ്പോകാം’ എന്ന് അടക്കം പറഞ്ഞു.

തിരികെ നടക്കുമ്പോൾ കാലുകളിൽ നിന്ന് ഊർജ്ജം ചോർന്നു പോയതായി ഇരുവർക്കും തോന്നി. ദേഹമാസകലം വിറക്കുന്നു. തലയിൽ ഭീതി ഇരമ്പിയാർക്കുന്നു. അല്പം മുമ്പാണ് മരണഭയം ഇല്ല എന്നൊക്കെ പറഞ്ഞത്. ഇപ്പോൾ അത് മാത്രമാണ് ശരീരത്തിലും മനസ്സിലും. നഗ്നതയെ പറ്റി തീരെ വ്യാകുലതയില്ലാതെ ഇരുവരും തിരികെയെത്തി. പിറന്നപടി അവർ വരുന്നത് ഗിരിയും രാജനും നോക്കി നിന്നു. വലിയൊരു സൗന്ദര്യം പൊടുന്നനെ സൃഷ്ടിക്കപ്പെട്ടതു പോലെ അവർക്ക് തോന്നി.
യുവതികൾ മരവുരികൾ അണിഞ്ഞ് പുറത്തുവന്നു. ദേഹത്തുനിന്ന് വിറ മാറുന്നില്ല. രാജനും ഗിരിയും അങ്ങനെ തന്നെ നിൽക്കുകയായിരുന്നു. അവർക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
അല്പം കഴിഞ്ഞ് സ്റ്റെല്ല പറഞ്ഞു:
‘ഞങ്ങൾ രണ്ടാളും തീരേണ്ടതായിരുന്നു. ഒരു പുലി….’
‘അയ്യോ!’ ഗിരി ഭയന്നു ചാടി എഴുന്നേറ്റു.
കാട് അങ്ങനെയൊക്കെയല്ലേ എന്ന ഭാവത്തിൽ രാജൻ നിശ്ശബ്ദനായി നിന്നു. പിന്നെ വെട്ടുകത്തിയുമെടുത്ത് യുവതികൾ വന്ന വഴിയെ നടക്കാൻ തുടങ്ങി. ആരും അവനെ തടയാൻ മുതിർന്നില്ല. ഗിരി ചാക്കിൽ നിന്ന് ഒരു വലിയ കമ്പി എടുത്ത് വായുവിൽ തലങ്ങും വിലങ്ങും കുത്താൻ തുടങ്ങി. അവന്റെ പ്രവൃത്തി യുവതികൾ നോക്കി നിന്നു. രാജനൊപ്പം ഒരാൾ കൂടി സംരക്ഷണത്തിനുണ്ടാവുന്നത് നല്ലതാണെന്ന് അവർക്ക് തോന്നി.
അതിനു മറുപടി എന്നോണം ഗിരി പറഞ്ഞു :
‘അവനെപ്പോലെ നമുക്കൊക്കില്ല. അവൻ കാട്ടിൽ ജനിച്ചു വളർന്നതാ. അതിന്റെ രീതികളറിയാം.മരണഭയം ഇല്ല. നമുക്കിതെല്ലാം ഒന്നേന്ന് പഠിച്ചു തുടങ്ങണം.വേറെ വഴിയില്ല.’
‘ചെയ്യണം ഗിരി,’ സ്റ്റെല്ല പറഞ്ഞു.
‘കാട് അപകടം നിറഞ്ഞതാണ്. നമ്മളെല്ലാം പോരാടാൻ പഠിക്കണം. എങ്കിലേ നമുക്ക് ആയുസ്സുള്ളൂ . ഇന്നത്തെ ഞങ്ങളുടെ അവസ്ഥ ഒന്ന് ചിന്തിച്ചേ. കുളികഴിഞ്ഞ് സന്തോഷമായി കാടിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കുകയായിരുന്നു. എവിടെ നിന്ന് എന്നറിയാതെ മരണം പെട്ടെന്ന് മുന്നിൽ വന്നു.’
‘പുലിക്കും കടുവയ്ക്കും നമ്മുടെ ഭാഷ അറിയത്തില്ലല്ലോ.’ ഹേമ പറഞ്ഞു . ‘അവർക്ക് നമ്മൾ വെറും ഭക്ഷണം മാത്രമാ. നമ്മൾ സ്കൂളിൽ പഠിച്ച അഹിംസയും മറ്റും വെറുതെ. കീഴടക്കുക, ജീവൻ എടുക്കുക അല്ലെങ്കിൽ രക്ഷപ്പെടുക ഇതൊക്കെ മാത്രമാ കാട്ടിലെ സമ്പ്രദായം. ഞാനൊരു കാര്യം പറയാം. നമ്മുടെ എട്ടു കണ്ണുകളിൽ രണ്ടെണ്ണമെങ്കിലും സദാ തുറന്നിരിക്കണം. അത്രക്ക് അപകടമാ ചുറ്റിനും.’
‘ശരിയാ പറഞ്ഞത്.’ ഗിരി അനുകൂലിച്ചു.
‘സ്റ്റെല്ല, നിനക്ക് പ്രാർത്ഥിക്കുകയൊന്നും വേണ്ടേ? അതോ ദൈവത്തെ മറന്നോ?’ ഗിരി വരണ്ട ചിരിയോടെ ചോദിച്ചു.
സ്റ്റെല്ല ദയനീയമായി അവനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അവളുടെ മനസ്സിലും അതേ ചിന്തയുണ്ടായിരുന്നു. പ്രാർത്ഥിക്കാൻ തോന്നുന്നില്ല. കാട്ടിൽ കുടുങ്ങിയ സമയത്ത് ഇടതടവില്ലാതെ പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ എന്തോ പരിവർത്തനം മനസ്സിന് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മനസ്സ് ഇപ്പോൾ നിയന്ത്രണത്തിൽ അല്ല. ഒന്നും ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും തോന്നുന്നില്ല. എങ്കിലും മറന്നുപോയ ഒരു ആചാരം ഓർത്തെടുക്കുന്ന മട്ടിൽ അവൾ കുരിശു വരച്ചു. പിന്നെ വെറുതെ കണ്ണടച്ചിരുന്നു.
‘രാജൻ എന്തിനാണ് ഇപ്പോൾ അങ്ങോട്ടു പോയത്?,’ ഹേമ ചോദിച്ചു. ‘ചിലപ്പോൾ തോന്നും ഈ കാട്ടിനുള്ളിൽ അവൻ ആവശ്യമില്ലാത്ത ആത്മവിശ്വാസമാണ് പലപ്പോഴും കാണിക്കുന്നതെന്ന്.’
ഹേമ പറഞ്ഞു തീരുന്നതിനു മുമ്പേഅകലെ എന്തോ ഒച്ച കേട്ടു. തുടർന്ന് രാജന്റെ അലർച്ചയും. മൂന്നുപേരും ചാടി എഴുന്നേറ്റ് ഒച്ച കേട്ട ദിക്കിലേക്ക് നോക്കി നിന്നു. രാജൻ ഓടി വരുന്നുണ്ടായിരുന്നു. പിന്നാലെ കുരങ്ങന്മാരുടെ ഒരു വലിയ കൂട്ടവും.
പതിമൂന്ന്
ദേഹമാസകലം മുറിവുകളുമായി രാജൻ അവശനായിപ്പോയി. ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ മുറിവുകൾ പഴുക്കാൻ തുടങ്ങി. മുറിവിൽ വെച്ചു കെട്ടാൻ ഉള്ള പച്ചിലകൾ രാജൻ തന്നെ ഏന്തി വലിഞ്ഞ് ശേഖരിച്ചു. മറ്റു മൂന്നു പേരും രാജന്റെ പരിചരണത്തിൽ തന്നെ ശ്രദ്ധിച്ചു. മുറിവുകൾ പഴുക്കുന്നത് അപകട സൂചനയായി അവർ കരുതി. കുരങ്ങന്മാരിൽ നിന്ന് പേവിഷം ഏറ്റിട്ടുണ്ടെങ്കിൽ രാജന് അത്യാഹിതം സംഭവിക്കാം എന്നവർ മാറിനിന്ന് പറഞ്ഞു.
രാജന്റെ അവസ്ഥ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം വലിയ ഒരാഘാതം ആയിരുന്നു. കാട്ടിൽ രാജൻ അജയ്യനാണെന്ന് അവർ കരുതിയിരുന്നു . ഇപ്പോൾ അങ്ങനെയല്ലെന്ന് വന്നിരിക്കുന്നു.
‘He is vulnerable too.’
സ്റ്റെല്ല ഹേമയോട് പറഞ്ഞു.
‘What if he succumbs….’ ഹേമ ആശങ്കപ്പെട്ടു .
‘Then it would be curtains down for us too.’സ്റ്റെല്ല പറഞ്ഞു .
ഇംഗ്ലീഷിൽ അല്പനേരം സംസാരിച്ചപ്പോൾ അവർക്ക് വിചിത്രമായ ഒരു ഉണർവ്വ് തോന്നി. നാഗരികത തങ്ങളിലേക്ക് തിരികെ വന്നതു പോലെ. ഗിരി അവരുടെ അടുത്തേക്ക് ചെന്നു.
‘അവൻ തേച്ചു പുരട്ടുന്ന പച്ചിലകൾ എന്തൊക്കെയാണോ എന്തോ!’ ഗിരി സന്ദേഹം പ്രകടിപ്പിച്ചു.
‘വേറെ എന്താ ചെയ്യുക ഗിരി!’
ഹേമ ദുഃഖത്തോടെ പറഞ്ഞു.
‘അവൻ കാട്ടിൽ ജനിച്ചു വളർന്നതല്ലേ. കുറച്ചു കാര്യങ്ങൾ അവന് അറിയാമായിരിക്കും. നമുക്ക് പ്രതീക്ഷയോടെ നിൽക്കാം.’
രാജന്റെ അലർച്ച തുടർച്ചയായി കേട്ടു. മൂന്നുപേരും അങ്ങോട്ടോടി. എത്തിയപ്പോൾ കണ്ടത് ഒരു ജന്തു – ചെന്നായ ആകണം- രാജനെ ചുറ്റിപ്പറ്റി നിൽക്കുന്നു. ഗിരി ഒരു കല്ല് എടുത്ത് അതിനെ എറിഞ്ഞു. നിലവിളിച്ചുകൊണ്ട് അതോടിപ്പോയി.
‘കണ്ണു തെറ്റിയാൽ ആപത്ത് ആണല്ലോ!’ സ്റ്റെല്ല നിരാശ മുറ്റി നിൽക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
‘ജാഗ്രത മാത്രമാണ് രക്ഷ.’ ഹേമ പറഞ്ഞു.
രാജന്റെ രോഗാവസ്ഥ മറ്റു മൂന്നു പേരെയും ശക്തിപ്പെടുത്തി. പഴങ്ങൾ ശേഖരിക്കാനും ചെറുമൃഗങ്ങളെ വേട്ടയാടി പിടിക്കാനും വരെ മൂന്നുപേരും ദിവസങ്ങൾക്കുള്ളിൽ സമർത്ഥരായി. ഇടയ്ക്ക് കനത്ത മഴ പെയ്തപ്പോൾ ഗിരി രാജനെ പൊക്കിയെടുത്ത് പാറക്കെട്ടിന്റെ സംരക്ഷണയിൽ വെച്ചു കാവൽ നിന്നു. ഇടതടവില്ലാതെ കാട് നൽകിക്കൊണ്ടിരുന്ന ശല്യങ്ങളെ പ്രതിരോധിക്കാൻ മൂന്നുപേരും രാജന്റെ രോഗക്കാലത്ത് നല്ലവണ്ണം പഠിച്ചു.
രാജന്റെ പച്ചില പ്രയോഗം കുറേശ്ശെ ഏറ്റു തുടങ്ങി. കിടപ്പിലായി മൂന്നാഴ്ച കഴിഞ്ഞപ്പോൾ അവൻ എഴുന്നേറ്റു നടന്നു. അവൻ എല്ലും തൊലിയുമായിക്കഴിഞ്ഞു എന്ന് മറ്റുള്ളവർ കണ്ടു.
‘അവനു മറ്റുള്ളവരുടെ സഹായം സ്വീകരിക്കാൻ വലിയ മടിയാ.’ സ്റ്റെല്ല പറഞ്ഞു.
‘എന്തെങ്കിലും ആവട്ടെ, ജീവൻ തിരിച്ചു കിട്ടിയല്ലോ!’ ഹേമ ആശ്വസിച്ചു. മറ്റുള്ളവർ യോജിച്ചു.
പതിനാല്
ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ രാജന് നല്ല ദേഹസുഖം തോന്നി. കുരങ്ങന്മാരുടെ ആക്രമണത്തെപ്പറ്റി അവൻ കൂടെക്കൂടെ ആലോചിച്ചു. കാടിനെ പറ്റിയുള്ള ആത്മവിശ്വാസം നല്ലവണ്ണം ഇടിച്ചു കളഞ്ഞ സംഭവമായി പോയി അത്. അവറ്റകളുടെ കൂട്ടത്തിലെ മൂന്നെണ്ണത്തിനെയാണ് പുലി തീർത്തു കളഞ്ഞത്. അതിന്റെ അമ്പരപ്പിൽ അവർ കൂടിനിൽക്കുമ്പോഴാണ് താൻ കടന്നുചെന്നത്. ഒരു പ്രകോപനവും ഇല്ലാതെ മുന്നിൽ നിന്ന കിഴവൻ കുരങ്ങ് തനിക്കു നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞു വന്നു. പിന്നാലെ മറ്റുള്ളവയും. പിന്തിരിഞ്ഞോടി ശീലമില്ലാത്തതുകൊണ്ട് അവിടെത്തന്നെ നിന്നു. മുന്നിൽ വന്ന കുരങ്ങിനെ വെട്ടുകത്തി കൊണ്ട് ഒന്നു കുത്തി. അതോടെ മറ്റുള്ളവ ദേഹത്തേക്ക് ചാടി വീണു. മരണം ഉറപ്പിച്ചു പോയി. കണ്ണ് കാണാൻ ഒക്കുന്നില്ല. ദേഹം ആകെ അവ മാന്തിപ്പൊളിക്കുന്നു. ഒരുവിധം എഴുന്നേറ്റു ശരം പോലെ പാഞ്ഞു. ഒപ്പം എത്തിയ രണ്ടെണ്ണത്തിനെ തീർത്തു. രാജന് വലിയ ദുഃഖം തോന്നി. കുറച്ചു ജീവികളെ കാട്ടിൽ കൊല്ലേണ്ടി വന്നിട്ടുണ്ട്. അത് ഭക്ഷണത്തിനാണ്. ആത്മരക്ഷാർത്ഥവും കൊന്നു, ഇനിയാണെങ്കിലും കൊല്ലും. പക്ഷേ അതിൽ കുരങ്ങ് ഉൾപ്പെടുന്നത് രാജന് നൊമ്പരം ഉണ്ടാക്കി. എന്നും സ്നേഹം തോന്നിയിട്ടുള്ള ജീവിയാണ് കുരങ്ങൻ.
രാജൻ കുറേശ്ശെ ജോലി ചെയ്തു തുടങ്ങി. കൂട്ടുകാരുടെ സംസാരത്തിന് ചെവി കൊടുക്കുകയും മറുപടി പറയുകയും ചെയ്തു തുടങ്ങി. ഒരുതവണ രാജൻ അവരെ ഓർമിപ്പിച്ചു.’ ഇനി വീണ്ടും പുറത്തേക്കുള്ള വഴിവെട്ട് തുടങ്ങണം. നമുക്ക് എത്രനാൾ ഇവിടെ പിടിച്ചുനിൽക്കാനാവും എന്നു പറയാൻ കഴിയില്ല.’
‘ധൈര്യമായിരിക്ക് രാജാ. നിന്റെ ധൈര്യമാ ഞങ്ങളുടെ ശക്തി. നീ വീക്ക് ആയാൽ നമ്മൾ എല്ലാം തകർന്നു പോകും.’ ഹേമ പറഞ്ഞു.
രാജന് അത് കേട്ട് സന്തോഷം തോന്നി. സത്യസന്ധമായ പറച്ചിലാണ് അത്. തന്നോട് ആളുകൾ കടപ്പാട് രേഖപ്പെടുത്തുന്നു. തന്നെ അംഗീകരിക്കുന്നു. തന്നെ തുല്യനായി കരുതുന്നു. രാജന് വലിയ ഊർജ്ജം തോന്നി . ഒരിക്കലുമില്ലാതിരുന്ന ഒരു വികാരം കൂടി തോന്നി- ഹേമയോട് പൊടുന്നനെ ഒരു പ്രണയം. ഹേമ അലിവുള്ളവളാണ്. ആളുകളെ മനസ്സിലാക്കി അംഗീകരിക്കുന്നവളാണ്. അവളെ ഇണയാക്കാൻ കഴിഞ്ഞെങ്കിൽ!
ദിവസങ്ങളോളം രാജൻ ആ ദിവാസ്വപ്നത്തിൽ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി മനസ്സിൽ ആകെ നിർവൃതി നിറഞ്ഞുനിൽക്കുന്ന അനുഭവം. ഇടയ്ക്കിടെ ഒളികണ്ണിട്ട് ഹേമയെ നോക്കിക്കൊണ്ടിരുന്നു. ഒരു കാര്യവുമില്ലാതെ കൂടെക്കൂടെ സമീപത്ത് ചെന്നു നിന്നു. ജോലികളിൽ പതിവില്ലാതെ അവൾക്കൊപ്പം കൂടി. ഗിരി അതിൽ അസ്വസ്ഥനാകുന്നത് രാജൻ ശ്രദ്ധിച്ചു. അസ്വസ്ഥനാകട്ടെ! ഇതൊരു പോരാട്ടമാണ്. ഇണക്ക് വേണ്ടിയുള്ള കരുത്തിന്റെ പോരാട്ടം.
ഗിരി ഹേമയെ മാറ്റിനിർത്തി ഗൗരവമായി എന്തോ സംസാരിക്കുന്നത് കണ്ടു. ഹേമ തൻ്റെ നേരെ ഇടയ്ക്കിടക്ക് നോക്കുന്നതും.
പതിനഞ്ച്
‘ഇവന് എന്താ പെട്ടെന്ന് ഇങ്ങനെ തോന്നാൻ! ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. പ്രത്യേകിച്ച് ഞാനും ഗിരിയും തമ്മിലുള്ള കാര്യം എല്ലാവർക്കും….’
പഴം ശേഖരിക്കാൻ പോകുമ്പോൾ ഹേമ സ്റ്റെല്ലയോട് പറഞ്ഞു.
‘ആകപ്പാടെ എത്ര ദിവസം ആയുസ്സുണ്ട് എന്നറിയാതെ നിൽക്കുമ്പോഴാണ്!’
സ്റ്റെല്ലയും അതിശയം പ്രകടിപ്പിച്ചു.
‘ഇനി എന്തായിത്തീരും? എല്ലാവരും ഒരുമിച്ച് നിന്നാ ഓരോ ദിവസവും ആയുസ്സ് നീട്ടിക്കിട്ടും. എന്റെ പേരിൽ ഇവര് തമ്മിൽ പ്രശ്നമായാ നമ്മൾ മൊത്തത്തിൽ … നിനക്ക് രാജനോട് ഒന്നു സംസാരിച്ചു കൂടെ?’
മരങ്ങളിൽ നിരന്നിരിക്കുന്ന വാനരന്മാരെ ആശങ്കയോടെ നോക്കിക്കൊണ്ട് ഹേമ ചോദിച്ചു.
‘ഞാൻ സംസാരിക്കാം. അതുകൊണ്ട് ഗുണം ഉണ്ടാകുമോ എന്ന് അറിയില്ല. ഇനി അവന്‍ നിന്നെ വിട്ട് എൻ്റെ കൂടെ കൂടിയാൽ അതും പ്രശ്നമാവും.’
‘അതും ശരിയാ. പിന്നെ എന്ത് ചെയ്യും!’
ഹേമ ഒരു പേരയ്ക്ക തല്ലി താഴെയിട്ടു .
‘ഹൊ! നാട്ടിലെ പേരയ്ക്കകൾക്ക് ഇതിന്റെ പാതി സ്വാദ് കാണുമോ!’ സ്റ്റെല്ല പേരക്ക കടിച്ചുകൊണ്ട് അതിശയിച്ചു.
‘അപകടം ഒന്നുമില്ലെങ്കിൽ കാട്ടിൽ കൂടുന്നത് തന്നെ നല്ലത്. പഠിക്കേണ്ട, ജോലി ചെയ്യേണ്ട, ഇതുപോലെയുള്ള പേരയ്ക്ക ഇഷ്ടംപോലെ തിന്നുകയും ചെയ്യാം.’ ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു.
പതിനാറ്
യുവതികൾ രണ്ടുപേരും സ്ഥലത്തുനിന്നു മാറിയപ്പോൾ ഗിരി രാജനെ അനുനയത്തിൽ സമീപിച്ചു.
‘രാജാ. നിനക്കറിയാമല്ലോ ഞാനും ഹേമയും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലാണ്. ഞങ്ങളുടെ വീട്ടുകാർക്കും ബന്ധത്തെ പറ്റി അറിയാം. ആർക്കും കാര്യമായ എതിർപ്പുമില്ല.’
രാജൻ മറുപടി പറയാതെ അകലേക്ക് നോക്കിയിരുന്നു. ഒരു വലിയ കാറ്റ് കാടിനെ മൊത്തത്തിൽ ഉലച്ച് കടന്നുപോയി.
‘ഈ കാട്ടിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് പുറത്തു കടന്നാൽ എനിക്ക് ആദ്യം ചെയ്യാനുള്ളത് ഹേമയുടെ വീട്ടുകാരെ ചെന്നു കണ്ട് പെണ്ണ് ചോദിക്കുക എന്നതാണ് .’
‘എന്നോട് എന്തിനാ ഇതൊക്കെ പറയുന്നെ?,’ രാജൻ ചീറി.
‘പറയുന്നതോ? കുറച്ചുദിവസമായുള്ള നിന്റെ പെരുമാറ്റം ശരിയല്ല. അതുകൊണ്ടുതന്നെ. നീ എന്തിനാ ഹേമയുടെ അടുത്ത് ആവശ്യമില്ലാതെ ചുറ്റിത്തിരിഞ്ഞു നിൽക്കുന്നത്? എനിക്കത് തീരെ ഇഷ്ടമല്ല. അവൾക്കും ഇഷ്ടമല്ല.’
രാജന് നിയന്ത്രണം വിട്ടു പോയി. അവൻ ചാടി എഴുന്നേറ്റ് ഗിരിയെ ശക്തമായി തൊഴിച്ചു. ഗിരി അകലേക്ക് തെറിച്ചു വീണു. വൈരാഗ്യത്തോടെ രാജൻ അവൻ്റെ പുറത്തു കയറി ഇരുന്ന് തുരുതുരെ മർദ്ദിച്ചു. അമ്പരപ്പിൽ നിന്നും മോചിതനായ ഗിരിയും തിരിച്ചാക്രമിച്ചു. പോരാട്ടം കണ്ടുകൊണ്ട് ഓടിവന്ന യുവതികൾ രണ്ടുപേരെയും പിടിച്ചു മാറ്റി. തുടർന്ന് ആരും ഒന്നും മിണ്ടിയില്ല.
കവർ: വിൽസൺ ശാരദ ആനന്ദ്
(തുടരും)