പൂമുഖം ലോക കവിത വിമോചനശപഥം

വിമോചനശപഥം

കവിത- മഹ്‌മൂദ് ദാർവിഷ്

മൊഴിമാറ്റം – രാമൻ മുണ്ടനാട്.

നിർഭയനായി നടക്കുകയാണു ഞാൻ
വെസ്റ്റുബാങ്കിന്റെ തെരുവിലൂടങ്ങനെ.
സാഗരചോരരെൻ ചിന്തിയ ചോരയെ
മൊത്തിമൊത്തിക്കുടിച്ചുവെന്നാകിലും
കത്തി, കഠാര, മുള്ളിനാലോ, എന്റെ
പാദങ്ങൾ കീറി നീരുവീർത്തെങ്കിലും
ധീരപദങ്ങളാൽ നമ്മൾ താണ്ടുന്നതാം
മണ്ണിൽ, വേരാഴ്ന്നതാണെന്റെ ചിത്തം.
മന്ദസമീരനായ് തോഴരെപ്പുൽകി നാം
വെടിമരുന്നായി ആ വൈരതീരങ്ങളിൽ.
നിദ്രയൊഴിച്ചുനാ,മണിയായി നീങ്ങുന്നു
കാരണം, പാലിപ്പാൻ ശപഥങ്ങളില്ലയോ.
ആകാശസീമയിൽ കാണ്മുനാം മോചനം
ധ്രുവതാരപോലവ വഴികാട്ടിയില്ലയോ.
ആകുകയില്ലിളവേല്ക്കുവാൻ നമ്മൾക്കു
നമ്മുടെ മണ്ണിന്നു മുക്തി തോറ്റും വരെ.

(മഹ്‌മൂദ് ദാർവിഷ് -(1964-2008) പാലസ്തീനിന്റെ അടിച്ചമർത്തപ്പെട്ട, കുടിയിറക്കപ്പെട്ട ജനതയുടെ ജിഹ്വയാണ് ദാർവിഷ് കവിതകൾ. എത്ര അടികളേറ്റു വീണാലും പിന്നെയുമെഴുന്നറ്റ് മുഷ്ടിചുരുട്ടി അടരാടുന്ന അടങ്ങാത്ത വിമോചനവീര്യമാണത്. അഭയാർത്ഥിക്യാംപുകളിലും കരിങ്കൽത്തടവറകളിലും സമാനതകളറ്റ ക്രൂരപീഡകൾക്കിരയായി നരകയാതനയിൽ പുളയുന്ന ഒരു ജനതയുടെ ഹൃദയത്തിൽ കെടാതെ നിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ കൈത്തിരിവെട്ടം അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.)

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like