ഗ്രാൻഡ് ബസാറും സെറഫിയ സിസ്റ്റെർണും
ലോകത്തിലെ ഏറ്റവും പഴയ മാൾ എന്ന് പേര് കേട്ട ‘ഗ്രാൻഡ് ബസാർ’ ഇതിന് സമീപത്ത് തന്നെയാണ്. ബൈസാൻ്റൈൻ കാലം മുതൽ നിലനിന്ന ഈ കച്ചവട കേന്ദ്രം ഓട്ടോമൻമാരുടെ കാലത്ത് കുറെക്കൂടി വിസ്തൃതമാക്കപ്പെട്ടു. ഇവരുടെ കാലത്താണ് ഈ കച്ചവടകേന്ദ്രം ഒരു മേൽക്കൂരയ്ക്ക് കീഴിലാക്കപ്പെട്ടത്. ഇതിൻറെ പ്രസിദ്ധിയുടെ പരമകാഷ്ഠയിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രമായിരുന്നു ഇത്. നൂറുകണക്കിന് പട്ടാളക്കാരെ ചുറ്റും വിന്യസിച്ചു കൊണ്ട് അവർ ഇതിന്റെ സംരക്ഷണം ഉറപ്പാക്കി. സ്വർണാഭരണങ്ങൾ മുതൽ സിൽക്ക് വരെയും ചെമ്പു പാത്രങ്ങൾ മുതൽ വിലകൂടിയ വിദേശ ഡിന്നർ സെറ്റുകൾ വരെയും വിൽക്കപ്പെടുന്ന ഇവിടെ ഏകദേശം 4,000 കടകൾ ഉണ്ടെന്നാണ് കണക്ക്. പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധം തിരക്കാണ് ഇതിനകത്ത് ! മുൻപിൽ പോകുന്ന വ്യക്തിയെ സ്പർശിക്കാതിരിക്കണമെങ്കിൽ പ്രത്യേക ശ്രദ്ധ വേണം. അങ്ങനെ പതുക്കെ ഒഴുക്കിനോടൊപ്പം ഞങ്ങൾ മുന്നോട്ടു നീങ്ങി. എല്ലാവരും മാന്യതയോടെ പെരുമാറി എന്ന് പ്രത്യേകം പറയേണ്ടതാണ്.
പ്രധാന തെരുവിൽ നിന്ന് വഴി തിരിഞ്ഞു പോകുന്ന ചെറുതെരുവുകൾ കൂടി ഉൾപ്പെട്ട ഈ ബസാർ വളരെ ആകർഷകമാണ്. കരകൗശല തൊഴിലാളികളുടെയും മറ്റു പല തരം കൈത്തൊഴിലുകാരുടെയും നിർമ്മിതികൾ ഇവിടെകാണാം. അനൗദ്യോകികമായി ഒരു സ്റ്റോക്എക്സ്ചേഞ്ച് ഇവിടെപ്രവർത്തിക്കുന്നുണ്ട്. എല്ലാതരം കറൻസികളും, സ്വർണ്ണം, വെള്ളി മുതലായവയും ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഷൂ പൊളിഷ് ചെയ്യുന്നവരെയും അവിടവിടെ കണ്ടു. പാരമ്പര്യരീതീയിൽ അവർ ജോലി ചെയ്യുന്നത് മറ്റൊരു സുന്ദരമായകാഴ്ച്ച!.
‘പ്രഷർ സെയിൽസ്’ എങ്ങിനെയൊക്കെ നടത്താമെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇവിടുത്തെ കച്ചവടക്കാർ. ഇവരിൽ നിന്ന് രക്ഷപ്പെടാൻ വലിയ പ്രയാസമാണ്. ഇതിനുവേണ്ടി പ്രത്യേകം ഏർപ്പെടുത്തിയിരിക്കുന്ന ആളുകൾ എല്ലാ പ്രധാനപ്പെട്ട കടകളുടെയും മുന്നിലുണ്ടാകും. അവർ എന്തെങ്കിലും ഒക്കെ പറഞ്ഞു മുന്നിലുള്ള റോഡിലൂടെ പോകുന്നവരെ കടയിലേക്ക് എങ്ങനെയെങ്കിലും കയറ്റും. അവരോട് സംസാരിക്കാൻ നില്കാതെ ‘eye contact’ ഒഴിവാക്കിക്കൊണ്ട് നടന്നു നീങ്ങുക മാത്രമാണ് ഏക പോംവഴി. ചിലയിടങ്ങളിൽ എങ്കിലും ഇത് അരോചകമാണ്.
വൈകുന്നേരത്തെ ഭക്ഷണത്തിനുള്ള സമയമായതു കാരണം ഞങ്ങൾ റോഡ് അരികിൽ നിന്നും ഡോണർ കബാബും ഹാഫിസ് മുസ്തഫയിൽ നിന്നും മാതളനാരങ്ങയുടെയും ആപ്പിളിന്റെയും ചായയും ബാക്ളാവയും കഴിച്ചു. 5 ലീറ വിലയുള്ള കട്ടൻ ചായയാണ് ഇവിടെയുള്ളതിൽ വച്ച് ഏറ്റവും വിലകുറഞ്ഞ പാനീയം; ചിലയിടങ്ങളിൽ നിന്ന് സൗജന്യമായും ലഭിച്ചു.ഭൂമിക്കടിയിൽ വെള്ളം ശേഖരിക്കുന്നതിന് വേണ്ടി നിർമ്മിക്കപ്പെട്ട ഇടങ്ങളാണ് സിസ്റ്റേണുകൾ. ഏകദേശം 1600 വർഷം മുൻപ് റോമൻ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടവയാണ് ഇവ. പലയിടങ്ങളിലും അറിയപ്പെടാതെ കിടന്ന ഇവ പിന്നീട് പല കാലങ്ങളിലായി കണ്ടെടുക്കപ്പെട്ടു. ഇവയിൽ ഒന്നാണ് സെറഫിയ സിസ്റ്റെൺ.
ഇസ്താംബൂളിലെ ജലശേഖരണത്തിൻ്റെയും വിതരണത്തിന്റെയും ചരിത്രം പറയുന്ന ഒരു ലേസർ ഷോ ഇവിടെയുണ്ട്. ഞങ്ങൾ ടിക്കറ്റ് എടുത്ത് അകത്തു കയറി അരമണിക്കൂർ കാത്തിരുന്നപ്പോൾ ഷോ തുടങ്ങാനായി എന്ന് അറിയിപ്പ് വന്നു. ലിഫ്റ്റിലോ പടികളിറങ്ങിയോ താഴേക്ക് പോകാം. വളരെ അപൂർവമായ കാഴ്ചകളാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്.
ഭൂമിയുടെ അടിയിലുള്ള ഒരു ചെറിയ തടാകത്തിൽ അവിടെവിടെയായി ഭീമകാരമായ തൂണുകൾ ഉറപ്പിച്ചിരിക്കുന്നു. പഴയ തൂണുകൾക്ക് ചുറ്റും ഇരുമ്പു വാറുകൾ പിടിപ്പിച്ച് സംരക്ഷിച്ചിട്ടുണ്ട്. ഇവയുടെ ഇടയിലൂടെ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. അകത്ത് പ്രകാശം കുറവാണെങ്കിലും കാഴ്ചകൾ എല്ലാം വ്യക്തമായി കാണാം 1600 വർഷങ്ങൾക്കു മുമ്പ് ഇത്തരം ഒരു സംവിധാനം ഒരുക്കിയവരുടെ ദൂരക്കാഴ്ചയും അക്കാലത്തെ ടെക്നോളജിയുടെ മഹത്വവും ഓർത്ത് അവരെ മനസ്സുകൊണ്ട് നമിയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല. അല്പസമയം കഴിഞ്ഞപ്പോൾ ലേസർ ഷോ തുടങ്ങി. റോമൻ കാലം മുതലുള്ള സിസ്റ്റേണുകളുടെ ചരിത്രം പറയുന്ന ഇത് നല്ലൊരു ദൃശ്യാനുഭവമായിരുന്നു. ലേസർഷോ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും സന്ധ്യയായി തുടങ്ങിയിരുന്നു.
അടുത്ത് തന്നെ ഒറ്റയ്ക്ക് നിൽക്കുന്ന വളരെ വലിയ തൂണ് കാണാം. ‘കോൺസ്റ്റന്റൈൻ കോളം’ ആണിത്. എഡി 330ൽ റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കോൺസ്റ്റാൻ്റിനോപ്പിൾ തീരുമാനിക്കപ്പെട്ടപ്പോൾ കോൺസ്റ്റന്റൈനെ ആദരിക്കുന്നതിനായി അദ്ദേഹം തന്നെ സ്ഥാപിച്ചതാണിത്. ഇത് യഥാർത്ഥത്തിൽ ഇന്ന് കാണുന്നതിനേക്കാൾ ഉയരമുള്ളതായിരുന്നു. അതിനു മുകളിൽ സൂര്യദേവന്റെ വേഷം ധരിച്ച കോൺസ്റ്റന്റൈന്റെ ഒരു പ്രതിമയും ഉണ്ടായിരുന്നു. സ്തംഭത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച പോർഫൈറി എന്ന കല്ല് കാലപ്പഴക്കവും തീപ്പിടുത്തവും കൊണ്ട് പൊട്ടിയത് ഇരുമ്പ് വാറുകൾ ഉപയോഗിച്ച് ഉറപ്പിച്ചതായാണ് കാണപ്പെടുന്നത്. സ്തംഭത്തിന് താഴെയുള്ള ഒരു ചെറിയ അറയിൽ ആദ്യകാല ക്രിസ്തുമതത്തിന്റെ വിശുദ്ധ അവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ അടുത്ത് കാണുന്ന ചത്വരവും തെരുവും കോൺസ്റ്റന്റൈന്റെ കാലം മുതൽ മാറിയിട്ടില്ല. 1985 മുതൽ, ഇസ്താംബൂളിലെ ഉപദ്വീപിലെ ചരിത്രപരമായ സ്‌മാരകങ്ങൾ, ഈ സ്തംഭം ഉൾപ്പെടെ, ലോക പൈതൃകസ്ഥാനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന് സമീപം തന്നെയാണ് ന്യൂറോസ്മാനിയ സോഷ്യൽ കോംപ്ലക്സ്. പതിനെട്ടാം നൂറ്റാണ്ടിൽ ബറോക്ക് ശൈലിയിൽ പണി കഴിപ്പിച്ച പള്ളിക്ക്മ പുറമെ, മദ്രസ, ലൈബ്രറി, സൂപ്പ്കിച്ചൻ, ശവകുടീരം, ഫൗണ്ടൻ എന്നിവ ഇവിടെയുണ്ട്. പ്രസിദ്ധ ശില്പി സിനാന്റെ ശിഷ്യനായ സിമിയോൻ കൽഫ ആണ് ഇതിൻറെ നിർമ്മാണത്തിന്റെ ചുമതല വഹിച്ചത്.
ഇസ്താംബൂളിലെ പൂച്ചകളെ പ്പറ്റി പറയാതെ ഈ യാത്രാവിവരണം പൂർണ്ണ മാവുകയില്ല. ഏകദേശം ഒരു മില്യൺ പൂച്ചകൾ ഇവിടെയുണ്ടത്രേ! ഈ നഗരത്തിൽ പൂച്ചകൾക്ക് പ്രവേശനം ഇല്ലാത്ത ഇടമില്ല. ബ്ലൂ മോസ്കിനകത്തും ഹയ സോഫിയയുടെ ഉള്ളിലും പൂച്ചകളെ കണ്ടു. ഒരു പൂച്ചപ്രേമിയായ ഞാൻ അവയെ തൊട്ടുതലോടുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. മിക്കവാറും കടകളുടെ വെളിയിൽ ഇവയ്ക്ക് വേണ്ട വെള്ളവും ഭക്ഷണവും ഉള്ള ഒരു പാത്രം വച്ചിട്ടുണ്ടാവും. ധാരാളം ആളുകൾ പൂച്ചയെ തലോടുന്നതും അവയോട് വർത്തമാനം പറയുന്നതും സ്നേഹം കാണിക്കുന്നതും ഒക്കെ കണ്ടു. മിക്കവാറും പൂച്ചകൾ സൗഹൃദപരമായി പെരുമാറും; അപൂർവം ചിലത് നമ്മൾ അടുത്തു ചെല്ലുമ്പോൾ തന്നെ ഓടി മറയും.
പണ്ട് ഇവിടെയുള്ള വീടുകൾ തടി കൊണ്ടുണ്ടാക്കിയവയായിരുന്നു. എലികൾ മൂലം ഈ വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാൻ പൂച്ചകൾക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ. പുസ്തകങ്ങൾ കരണ്ട് തിന്നുന്ന എലികളെ നശിപ്പിക്കുന്ന പൂച്ചകൾ ഓട്ടോമന്മാർക്ക് പ്രിയപ്പെട്ടവരായിരുന്നു. ചില ഹദീസുകളിൽ മുഹമ്മദ് നബിക്ക് പ്രിയപ്പെട്ട വളർത്ത് മൃഗമായിരുന്നു പൂച്ച എന്നും അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ സമീപത്തെത്തിയ പാമ്പിനെ ഒരു പൂച്ച ഓടിച്ചു കളഞ്ഞ് അദ്ദേഹത്തെ രക്ഷിച്ചു എന്നും കഥകൾ ഉണ്ട്. കൂടാതെ എപ്പോഴും സ്വയം നക്കി തുടച്ചു വൃത്തിയാക്കി കൊണ്ടിരിക്കുന്ന പൂച്ച ‘വൃത്തിയുള്ള മൃഗം’ എന്ന നിലയിൽ എവിടെയും പ്രവേശിപ്പിക്കാവുന്ന ഒരു ജീവിയായി കണക്കാക്കപ്പെട്ടു. ഈ കാരണങ്ങൾ കൊണ്ടാണ് ഇത്രയധികം പൂച്ചകൾ ഇവിടെ കാണപ്പെടുന്നത്. ഉടമസ്ഥർ ഇല്ലാത്ത ഈ പൂച്ചകൾ വളരെ വേഗം പെറ്റു പെരുകുന്നു.
പിന്നീട് ഞങ്ങൾ അസ്തമന സൂര്യന്റെ കിരണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഹയാ സോഫിയലേക്ക് പോയി.
കവര്‍: വിത്സണ്‍ ശാരദ ആനന്ദ്