നേരം വെളുത്തത് കണ്ട് എഴുന്നേറ്റു സമയം നോക്കി. അഞ്ച് മണി. അപ്പോഴാണോർത്തത് ഇത് അസമിലെ ഗോഹട്ടിയാണെന്ന്. അയൽസംസ്ഥാനമായ അരുണാചലിൽ ജൂലൈ മാസത്തിൽ നാലരക്കു മുമ്പു തന്നെ സൂര്യന്‍റെ ആദ്യകിരണങ്ങൾ എത്തിനോക്കുമല്ലോ. കിഴക്കെ അറ്റത്തുള്ള ഡോങ് ഗ്രാമത്തിൽ ആ കാഴ്ച കാണാൻ എത്രയെത്ര സഞ്ചാരികളും ഫോട്ടോഗ്രാഫർമാരുമാണ് എത്താറുള്ളത്! അവർക്ക് ഡോങ് ഒരു പറുദീസ തന്നെ. ഞങ്ങളേതായാലും അസമിലെ സൂര്യോദയവും കാഴ്ചകളും സൗഹൃദവുമെല്ലാം സ്വർഗതുല്യമാക്കി ഒപ്പം പഠനവും പൂർത്തിയാക്കി തിരിച്ചു പോകാനാഗ്രഹിച്ചു പുറപ്പെട്ടവരാണ്..
എന്തോ വീണ്ടുമൊന്നു മയങ്ങാൻ മനസ്സ് അനുവദിക്കുന്നില്ല. ഇനിയുമൊത്തിരി ദൂരം താണ്ടാനുള്ളതുകൊണ്ടാവാം. പിന്നെ തുടർന്നുള്ള യാത്രയെക്കുറിച്ചായി രണ്ടുപേരുടെയും ചർച്ച. ഇറങ്ങാൻ തയ്യാറായപ്പോഴേക്കും റൂംബോയ് ചായയുമായെത്തിയിരുന്നു. റെയിൽവെ സ്റ്റേഷനിൽ നിന്നും ഞങ്ങളെ അവിടെയെത്തിച്ച സുഹൃത്തിനെ നേരിൽ കണ്ട് നന്ദി പറയാൻ കഴിഞ്ഞില്ലെങ്കിലും കടയിലുള്ള അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനെ വിവരമറിയിച്ചാണ് ഞങ്ങൾ യാത്ര തുടർന്നത്. ഇനിയുള്ള യാത്ര ബസ് മാർഗമാണ്. ദരാംഗ് ജില്ലയിലെ മംഗൽദായിയിലേക്ക് രണ്ടു മണിക്കൂറോളം വേണം. എ. എസ്. ടി.സി. സ്റ്റാൻഡിൽ എത്തി അന്വേഷിച്ചപ്പോൾ മറുപടി അസ്സാമീസ് ഭാഷയിൽ മാത്രം. ബസ്സിന്‍റെ ബോർഡുകളും തഥൈവ…
ഇനീപ്പെന്താ ഒരു മാർഗം ? ഒരു വഴി തെളിയാതിരിക്കില്ല. പെട്ടെന്ന് ഇംഗ്ലീഷ് പത്രം വായിക്കുന്ന ഒരാൾ ഞങ്ങളുടെ ദൃഷ്ടിയിൽ പെട്ടു. “വാ… അവിടെ പോയൊന്നു മുട്ടി നോക്കാം” എന്ന് പവിത്രൻ ഭായ്… അത് വിജയിച്ചു. അദ്ദേഹം എൻക്വയറി കൗണ്ടറിൽ നിന്നും ലഭിച്ച വിവരം ഞങ്ങൾക്കു കൈമാറി. വൈകാതെ മംഗൽ ദായ് വഴി തേസ്പൂരിന് പോകുന്ന ബസ് എത്തി. നല്ല കുഷ്യൻ സീറ്റുകളെല്ലാമുള്ള ട്രാൻസ്പോർട്ട് ബസ്. കേരളത്തിൽ അന്ന് ടൂറിസ്റ്റ് ബസുകൾ മാത്രമേ അത്ര ഭംഗിയുള്ളതായി കണ്ടിട്ടുള്ളു. NH 27 ലൂടെയാണ് യാത്ര. അങ്ങ് പോർബന്തറിൽ നിന്നാരംഭിച്ച് അസമിലെ സിൽചാർ വരെ 3500 ലേറെ കി.മീ. നീണ്ടു കിടക്കുന്ന ദേശീയപാതയാണത്രെ ഇത്. ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.
യാത്രയാരംഭിച്ച് ഏകദേശം അര മണിക്കൂറായിക്കാണും ബസ് ഒരു പാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നറിഞ്ഞപ്പോൾ ദൂരേക്ക് കണ്ണോടിച്ചു. ഏറെ വീതിയുള്ള ഒരു നദിക്ക് കുറുകെയാണ് യാത്ര. തുറന്നിട്ട ചില്ലു പഴുതിലൂടെ അങ്ങകലെ പച്ചപ്പാർന്ന പ്രകൃതി ദൃശ്യങ്ങൾ… ഇതായിരിക്കുമോ ബ്രഹ്മപുത്ര? ആരോട് ചോദിക്കാൻ ? ഏതായാലും ഒരു ഒന്നൊന്നര കി.മീ. എങ്കിലുമുണ്ടാകും പാലത്തിന്‍റെ നീളം. ഇത് സരായ്ഘട്ട് പാലമാണെന്നും അടിയിലൂടെ റെയിൽപാളവുമുണ്ടെന്നുള്ള കാര്യമെല്ലാം പിന്നീടാണ് മനസ്സിലായത്. ബ്രഹ്മപുത്രയ്ക്കു കുറുകെ ആദ്യമായി നിർമ്മിച്ച ഈ പാലം 1962 ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതത്രേ.
സരായ്ഘട്ട് ഒരു യുദ്ധഭൂമി കൂടിയാണ്. 1671 ൽ ഉദയാദിത്യ സിംഘയെന്ന അഹോം രാജാവിന്‍റെ സൈന്യം മുഗളൻമാരുടെ നാവികപ്പടയെ തന്ത്രപൂർവ്വം തോൽപിച്ച് ഗോഹട്ടി തിരിച്ചു പിടിച്ചുവെന്നാണ് ചരിത്രം. ഈ ബ്രഹ്മപുത്രയും ബരാക് നദിയും അവയുടെ അമ്പതിലേറെ പോഷകനദികളും ചേർന്നാണ് ഓരോ വർഷവും മൺസൂൺ കാലത്ത് അസമിൽ പ്രളയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതെന്ന് കേട്ടിട്ടുണ്ട്. അസമിന്‍റെ സമഗ്ര വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം ഇടയ്ക്കിടെ ഉണ്ടാവുന്ന പ്രകൃതിദുരന്തങ്ങൾ തന്നെയാണ്.
കുറച്ചങ്ങെത്തിയപ്പോൾ NH 15 ലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. തിരക്കുള്ള ഒരു നാൽക്കവലയായ ബൈഹറ്റ ചര്യാലിൽ നിന്നാണ് പുതിയ വഴിയിലേക്ക് കയറിയത്. തേസ് പൂർ വഴി കിഴക്കൻ അസമിലെ ടിൻസുക്യയിലൂടെ അരുണാചൽ പ്രദേശിൽ എത്തിച്ചേരുന്ന ദേശീയ പാതയാണിത്. കൺമയക്കം ഇടയ്ക്ക് പുറംകാഴ്ചകളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഉണർന്നിരിക്കാതെ നിവൃത്തിയില്ലല്ലോ. അങ്ങനെ അവസാനം കണ്ടക്ടറുടെ “മൊംഗൽ ദോയ്… മൊംഗൽ ദോയ് “വിളി കേട്ടപ്പോൾ ഊഹിച്ചെടുത്തു ഇതു തന്നെ നമ്മുടെ മംഗൽദായ്. അസംകാർ പല വാക്കുകളിലെയും ‘അ’ കാരം ‘ഒ’ കാരമായാണ് ഉച്ചരിക്കുന്നത്.
മംഗൽദായിയിൽ ഇറങ്ങിയതോടെ ആദ്യമന്വേഷിച്ചത് ഒരു ഹോട്ടലായിരുന്നു. രാവിലെ കാര്യമായൊന്നും ഉള്ളിലെത്തിയിട്ടില്ല. ഒരു ചായയെങ്കിലും കഴിക്കാതെ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് രണ്ടുപേരും. അടുത്തുകണ്ട ചായക്കടയിൽ തന്നെ കയറി. കുഞ്ഞുഗ്ലാസിൽ ചായയെത്തി. ഭരണിയിൽ ദിവസങ്ങളായി പഞ്ചസാരപ്പാവിൽ മയങ്ങി കിടക്കുന്ന ചെറിയ ഉണ്ടകൾ കാണുന്നുണ്ട്. മറ്റൊന്നുമില്ല. രസഗുളയാണത് എന്ന് കടക്കാരൻ പറഞ്ഞപ്പോൾ മനസ്സിലായി. ഓർഡർ ചെയ്തു. അങ്ങനെ ആദ്യമായി രസഗുളയുടെ രുചിയറിഞ്ഞു. ബംഗാൾ, അസം എന്നിവിടങ്ങളിലെ ഒരു പ്രധാന പലഹാരം തന്നെയാണിത്. ഇനി മംഗൽദായിയിലെ ബഗാമുഖിൽ എത്തണം. അന്വേഷിച്ചപ്പോൾ കുറച്ച് ദൂരമുണ്ടെന്നിറഞ്ഞു. സൈക്കിൾ റിക്ഷ തന്നെ ആശ്രയം. ദരാംഗ് ജില്ലയുടെ ആസ്ഥാനമായ മംഗൽദായ് അത്യാവശ്യം വലിയൊരു ടൗൺ തന്നെയാണ്. കുറച്ചങ്ങെത്തിയപ്പോൾ ഞങ്ങൾ നൽകിയ അഡ്രസുമായി റിക്ഷക്കാരൻ വഴിയിൽ കണ്ട ഒരു ട്രാഫിക് പോലീസുകാരനെ സമീപിച്ചു. അയാൾ കൈയിലിട്ട് തിരുമ്മികൊണ്ടിരുന്ന എന്തോ നുള്ളിയെടുത്ത് ചുണ്ടിനിടയിൽ വച്ച് കൈയിൽ ബാക്കിവന്ന പൊടി തട്ടി കൊണ്ട് അസാമീസിൽ എന്തൊക്കെയോ മൊഴിഞ്ഞു. റിക്ഷക്കാരൻ സ്ഥലം കൃത്യമായി മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവസാനം അല്പം വളഞ്ഞു ചുറ്റിയാണ് ഞങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. അത്യാവശ്യം വലിയൊരു തറവാടിന്റെ മുറ്റത്തേക്കാണ് ഞങ്ങൾ റിക്ഷയിറങ്ങി കയറിച്ചെന്നത്. അതിന്റെ ഒരു വശത്തെ മുറിയിലുണ്ട് ഞങ്ങൾക്ക് മാർഗദർശിയാകേണ്ട രാജനും കൂട്ടുകാരനായ തലശ്ശേരിക്കാരൻ പ്രേമനും.
പ്രവാസ ജീവിതത്തിലെ ആദ്യ സന്ധ്യാനേരം… പഴയപുസ്തകത്താളുകൾ മറിക്കുമ്പോൾ കാണുന്ന ഇരട്ടവാലൻ പുഴുക്കളെ പോലെ നാട്ടോർമ്മകൾ മനസ്സിൽ ഓടിക്കളിക്കാൻ തുടങ്ങി. വീട്ടിൽ നിന്നകന്നിരക്കുമ്പോൾ ഇത് പതിവാണ്. ചിന്തകൾക്ക് കൊടുങ്കാറ്റിനേക്കാൾ വേഗതയാണല്ലോ. നിമിഷനേരം കൊണ്ട് ഉള്ളിൽ നനുത്ത ഓർമ്മകളും സംഘർഷങ്ങളും തീർത്തു കൊണ്ടത് ചുറ്റിക്കറങ്ങും. ഞാൻ ഇടയ്ക്ക് പവിത്രന്‍റെ മുഖത്തേക്ക് നോക്കും. ആരുടെയും മനസ് നമുക്ക് കൃത്യമായങ്ങ് വായിക്കാനാവില്ലല്ലോ. എങ്കിലും പങ്കുവയ്ക്കാനുള്ള എന്തോ അവിടെ ഉഴറി നടക്കുന്നുണ്ടെന്നെനിക്കറിയാം. അത് ചിലപ്പോൾ രസകരമായ അനുഭവങ്ങളാകും.
ആദ്യദിവസം തന്നെ അങ്ങനെയൊരു കഥ പങ്കുവയ്ക്കുന്നതിനിടയിലാണ് ‘ഹോ രാജൻ… ഖാന ഖായാ?’ പുറത്ത് നിന്നായിരുന്നു ആ ശബ്ദം . ആരാണീ രാത്രിയിൽ ? രാജന്‍റെ സഹപാഠികൾ ആരെങ്കിലുമാകുമെന്നു കരുതി. പക്ഷെ അയൽവാസിയാണ്. റൂമിന്‍റെ മുറ്റത്ത് തൊട്ടടുത്തായി കാണുന്ന പുല്ലുമേഞ്ഞ ചെറിയ ഷെഡിൽ താമസിക്കുന്ന വെറ്റെറിനറി ഡോക്ടർ മണ്ഡൽ. മിക്ക ദിവസങ്ങളിലും ഈ സമയത്താണത്രെ വരവ്. അന്നത്തെ സംഭാഷണത്തിനിടയിൽ രാജൻ അതിഥികളായ ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടു ത്തുകയും ചെയ്തു. അധികം വൈകാതെ തന്നെ മണ്ഡലിന്‍റെ അടുക്കളയിൽ നിന്ന് ശ്ശീ… എന്ന ശബ്ദത്തിനൊപ്പം എണ്ണ ചൂടായ വല്ലാത്ത ഒരു ഗന്ധവും ! “അതാണ് കടുകെണ്ണ. ഇവിടെ പ്രധാനമായും പാചകത്തിനുപയോഗിക്കുന്നതിതാണ്.” രാജൻ പറഞ്ഞു. ഏതായാലും ഞങ്ങളുടെ അന്നത്തെ ഊണ് അപ്പോഴേക്കും കഴിഞ്ഞിരുന്നു. ഹോ രാജൻ… എന്ന് വിളിച്ചും കടുകെണ്ണ മണം പ്രസരിപ്പിച്ചുമെല്ലാം മിക്ക ദിവസങ്ങളിലും രാത്രിയിൽ മണ്ഡൽ തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇടയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും ചേർത്ത് ഞങ്ങളും മണ്ഡലുമായി കൂട്ടുകൂടി.
കവര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍