പൂമുഖം ചലച്ചിത്ര നിരീക്ഷണം ചുരുളിയിലെ കൂരായണകൾ

ചുരുളിയിലെ കൂരായണകൾ

‘ചുരുളി ‘ സിനിമയുടെ തുടക്കം അതൊരു ‘വെസ്‌റ്റേണ്‍’ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണോ എന്ന സംശയം ഉയര്‍ത്തുകയുണ്ടായി. അമേരിക്കയുടെ പശ്ചിമ ഭാഗത്തെ, ഒരു കാലത്ത്, നിയമം അധികം കടന്നു ചെന്നിട്ടില്ലാത്ത പ്രദേശത്തെ കന്നുകാലിച്ചെറുക്കന്മാരും( cow boys), കുറ്റവാളികളും നിയമം നടത്താന്‍ ഉദ്യുക്തരായ ഷെരീഫുമാരും, കൊള്ളക്കാരും, തോക്കുകാരും ഉള്‍പ്പെടെയുള്ള ഒരു സംഘം വരണ്ട മരുപ്രദേശത്ത് നടത്തുന്ന ജീവിത സമരങ്ങളില്‍ സദാ അക്രമത്തിന്റെ സാന്നിധ്യമുണ്ട്. അവിടെ വെടിയൊച്ച സദാ മുഴങ്ങിക്കേള്‍ക്കുന്നു. കുതിരയുടെ ചിനക്കല്‍ കേള്‍ക്കുന്നു. എങ്കില്‍ സസ്യ സമൃദ്ധമായി വിലസുന്ന കേരളത്തിലെ കിഴക്കന്‍ മലമ്പ്രദേശത്തേക്ക് , ഒരു കുറ്റവാളിയെ പിടിക്കാന്‍ രണ്ടു പോലീസുകാര്‍ വേഷം മാറി നടത്തുന്ന യാത്ര ആ ഗണത്തിൽ പെട്ട ഒരു ‘ ഈസ്‌റ്റേണ്‍ ‘ ആയി കലാശിച്ചുകൂടെ എന്ന വിചാരമുണ്ടായി. എന്നാല്‍ അതല്ല സിനിമയുടെ കാതല്‍ എന്ന് വൈകാതെ ബോധ്യപ്പെട്ടു.

കെ എസ് ആര്‍ ടി സി ബസ് പോകുന്ന ആ വഴിയില്‍ നിന്ന് കഠിനമായ മലമ്പാതയിലൂടെ ലിജൊ ജോസ് പെല്ലിശ്ശേരി ഒരു ജീപ്പില്‍ വഴി മാറി സഞ്ചരിക്കുന്നു. നിയമത്തിന്റെയൊ ഭാഷയുടെയോ മര്യാദകള്‍ പാലിക്കാത്ത ഒരു പ്രദേശമാണ്, യഥാര്‍ത്ഥത്തിലും ആലങ്കാരികമായും, ചുരുളി.

ജീപ്പിനെ വാലു പിടിച്ച് തിരിച്ചും ചാട്ട കൊണ്ടടിച്ചും ഒരു തടിപ്പാലം കടത്തുന്നതോടെ പാലത്തിനിപ്പുറമുള്ള എല്ലാ ‘നാരായണ’കളും, ‘കൂരായണ’ കളാകുന്നു. ഭാഷാമര്യാദകള്‍ അവിടെ പാലിക്കുന്നില്ല. നിയമത്തെ ലംഘിച്ചു കൊണ്ട് ജീവിക്കുന്ന ഏതാനും മനുഷ്യരും അവിടെയുണ്ട്. ജീപ്പിന്റെ പാലം കടക്കല്‍ ഒരു പക്ഷെ ഹെന്റി ക്ലൂസോയുടെ പ്രശസ്തമായ ” വെയ്ജസ് ഓഫ് ഫിയറി ” നെ ഓര്‍മയില്‍ കൊണ്ടുവന്നേക്കും. അപകടകരമായ രാസവസ്തുക്കള്‍ കയറ്റിയ ഒരു വാഹനം മലഞ്ചെരിവുകളിലെ ചളിപ്പാതകളിലൂടെ സാഹസികമായി ഓടിച്ചു കൊണ്ടു പോകാനുള്ള പരിശ്രമമാണ് പ്രാഥമികമായി അതിലെ വിഷയം. തെന്നി വീഴാവുന്ന വിളുമ്പുകളിലൂടെ, ജീവിതം അതില്‍ ആപത്കരമായി സഞ്ചരിക്കുന്നതു കാണാം. അങ്ങനെ അതിന് മുമ്പുള്ള ചിലതിലേക്കും നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ രചനയുടെ കാഴ്ചയുടെ പരിധി വര്‍ധിപ്പിക്കുകയാണ് ചെയ്യുക.

ചുരുളിയിലെ ‘ തെറി ‘ ( ഇനിയങ്ങോട്ട് ഉദ്ധരണി ചിഹ്നമില്ല) ചര്‍ച്ചാവിഷയമെന്ന നിലയല്‍ ( അങ്ങനെ മാത്രം ) ഒരു പ്രശ്‌നം തന്നെയാണ്, സംശയമില്ല.എന്നാല്‍ അത് സിനിമയുടെ അന്തരീക്ഷവുമായി ചേര്‍ന്നും ലയിച്ചും നില്‍ക്കുന്നു. മലയാള സിനിമയിലെ കീഴ് വഴക്കം അതല്ല എന്നാണെങ്കില്‍ കീഴ്‌വഴക്കങ്ങള്‍ ക്രമേണ ലംഘിക്കപ്പെടുന്നുണ്ട് എന്നു കാണാം. ഒരു കാലത്ത് ബലാല്‍സംഗമെന്നത് മലയാള സിനിമയിലെ ഫോര്‍മുല ചേരുവകളില്‍ ഒന്നായിരുന്നു. ആര് ആരെയാണ് ബലാല്‍സംഗം ചെയ്യുക എന്നത് സിനിമ തുടങ്ങി പത്തു മിനിറ്റു കഴിയുമ്പോള്‍ തന്നെ പരിചയ സമ്പന്നനായ ഏതു കാണിക്കും മനസ്സിലാകും. ആളുകള്‍ ആ സിനിമകള്‍ ഒന്നിച്ചിരുന്നു കണ്ടിരുന്നു. കുടുംബ സമേതം ‘ചുരുളി’ കാണുവാന്‍ കഴിയുമോ എന്നു ചോദിച്ചാല്‍ അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് എന്നേ പറയാനാവൂ. എല്ലാ സിനിമയും കുടുംബ സമേതം കാണേണ്ടതാണ് എന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ല. സിനിമയെ ആത്മീയമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുന്ന മഹാനായ ചലച്ചിത്രകാരന്‍ ആന്ദ്രേ തര്‍ക്കോവിസ്‌ക്കിയുടെ സിനിമകള്‍ കുടുംബസമേതം കാണണം എന്ന നിര്‍ബന്ധബുദ്ധി ആരുടെയെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കുക വിഷമമാണ്. രതിയൊ തെറിയൊ അല്ലല്ലോ അവിടെ വിഷയം. ഉളളാലെയുള്ള തയ്യാറെടുപ്പും ആ രചന സ്വീകരിക്കാനുള്ള സന്നദ്ധതയുമാണ്.

യാഥാര്‍ത്ഥ്യം ചിത്രീകരിക്കുവാന്‍ തെറി തന്നെ പറയണമോ എന്ന ചോദ്യം അത്ര കണ്ട് ശരിയല്ല.ഒട്ടു മിക്ക പേരും ഇവിടെ തെറി പറയുന്നു എന്നതു കൊണ്ടാണ് സിനിമ അസാധാരണമാവുന്നത്. കുറച്ചു പേര്‍ മാത്രമേ അത് ചെയ്യുന്നുള്ളൂ എങ്കില്‍ ഇത് സാധാരണമായ ” ഈസ്റ്റേണ്‍ ” ആവുമായിരുന്നു. ചലച്ചിത്രകാരന്റെ ഉന്നം അതല്ലെന്ന് വ്യക്തം. ഇവിടെ എല്ലാ രചയിതാക്കളും നടത്തുന്നതു പോലെ ചലച്ചിത്രകാരന്‍ സ്വതന്ത്രമായി ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. സംഭാഷണത്തില്‍ മാത്രമല്ല, ദൃശ്യങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ഓരോ ഘട്ടത്തിലും, ഏത് ഉള്‍ക്കൊള്ളിക്കണം ഏത് വിട്ടുകളയണം എന്ന ഒരു തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. അത് കൃത്യമാകുമ്പോഴാണല്ലോ ആസ്വാദനം, അത് കഥയാകട്ടെ സിനിമയാകട്ടെ, പൂര്‍ണമാവുക. അങ്ങനെയൊരു ഗുണം ” ചുരുളി” യെ ആവേശിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

തെറി ഒരു പരിഹാസമായി തരം താഴാനുള്ള സാധ്യത ധാരാളമുണ്ട്. മലയാള സിനിമയില്‍ ഒരു കഥാപാത്രം സാധാരണ തെറി പറയുക മറ്റൊരാളുടെ ചെവിയിലാണ്. കേള്‍വിക്കാരന്റെ മുഖ ഭാവത്തില്‍ നിന്ന് എന്താണ് പറയുന്നതെന്ന് പ്രേക്ഷകര്‍ താന്താങ്ങളുടെ നിഘണ്ടുവിനനുസരിച്ച് ഊഹിക്കുകയും രണ്ടാമത്തെ കഥാപാത്രത്തിന്റെ ഗതികേടോര്‍ത്ത് ചിരിക്കുകയും ചെയ്യും. ” ചുരുളി ‘ ആ വിപര്യയത്തില്‍ നിന്ന് വലിയ അളവോളം മോചിതമായിട്ടുണ്ട്. വാസ്തവത്തില്‍ ഇതില്‍ ഏറ്റവും ആഘാതമേല്‍പ്പിച്ചുകൊണ്ട് ഒരു തവണ മാത്രം തെറി പറയുന്നത് ഒരു സ്ത്രീയാണ്. അതും ലളിതവും നിസ്സാരവുമായ ഒന്ന്. കഥയിലെ ‘യൂ ടേണ്‍’ എന്നു പറയാവുന്ന ആ സന്ദര്‍ഭത്തില്‍ ഈ സ്ത്രീയുടെ പറച്ചില്‍, സിനിമയില്‍ മൊത്തത്തില്‍ എന്തു കൊണ്ടാണ് തെറിവാക്കുകള്‍ ഉപയോഗിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കിത്തരുന്നു. സാധാരണത്വത്തോടുള്ള ഒരു വെല്ലുവിളി അതില്‍ ഉണ്ട്. മാന്യത, മര്യാദ തുടങ്ങിയവയുടെ ഉള്ളിലേക്ക് നോക്കാന്‍ അത് പ്രേരിപ്പിക്കുകയും ചെയ്യും. മാത്രമല്ല, നാം കാണുന്നതു തന്നെയാണോ യാഥാര്‍ത്ഥ്യത്തിന്റെ സ്വരൂപം എന്നത് മനുഷ്യമനസ്സിനെ എന്നും അലട്ടിയിട്ടുള്ളതാണ്. സമീപദൃശ്യങ്ങളുടെ നിത്യപരിചയത്തിനപ്പുറം വിദൂരമായ അല്ലെങ്കില്‍ അഗാധമായ മറ്റൊരു യാഥാര്‍ത്ഥ്യം ഉണ്ടായിക്കൂടെ എന്ന സംശയം സിനിമ ഉന്നയിക്കുന്നുണ്ട്. ഒരു ആള്‍നൂഴിയിലൂടെയൊ നൂല്‍പാലത്തിലൂടെയൊ ക്ലേശിച്ച് സഞ്ചരിച്ച് സാധാരണ ലോകനിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്ന മറ്റൊരു ലോകത്ത് എത്തിപ്പെടുന്നത് വിഭാവനം ചെയ്യുക രചനയിലെ മൂശകളില്‍ ഒന്നാണ്. ജനപ്രിയ സാഹിത്യത്തിലും ശാസ്ത്ര കഥകളിലും കാര്‍ടൂണ്‍ ചിത്രകഥയില്‍ പോലും അതു കാണാം. മാന്ത്രികനായ മാന്‍ഡ്രേക്കിന്റെ ഒരു കഥയില്‍ മാന്‍ഡ്രേക്കും കൂട്ടരും കണ്ണാടിയില്‍ ഒരു ദ്രാവകം ചീറ്റിയ ശേഷം എല്ലാം തലതിരിഞ്ഞ് നടക്കുന്ന കണ്ണാടി ലോകത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. അവിടെ മറ്റൊരു മാന്‍ഡ്രേക്കുണ്ട്, നര്‍ദയും ലോതറും ഉണ്ട്! ചുരുളി അത്തരമൊരു അതീത യാഥാര്‍ത്ഥ്യത്തെ അന്വേഷിക്കുന്നു എന്നതിന് സൂചനകള്‍ ധാരാളമുണ്ട്. സിനിമയുടെ അര്‍ത്ഥം ഒരു പക്ഷെ ഇതുതന്നെയാവണമെന്നില്ല. ചലച്ചിത്രകാരനോട് ചോദിച്ചറിയേണ്ട കാര്യവുമല്ല അത്. അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമാവാന്‍ സാധ്യതയുമില്ല.അദ്ദേഹം ഇതിനെക്കുറിച്ചൊക്കെ പരിജ്ഞാനം ഇല്ലാത്ത ആളായതു കൊണ്ടല്ല. അദ്ദേഹത്തിന്റെ തീസിസ് അഥവാ സിദ്ധാന്തം നമുക്ക് സ്വീകരിക്കുകയോ തള്ളിക്കളയുകയൊ ചെയ്യാം. എന്നാല്‍ സിനിമ ഒരു ഗവേഷണ പ്രവര്‍ത്തനമല്ലാത്തതിനാല്‍ ഒരു തത്വത്തിന് പകരം നില്‍ക്കുന്നവരല്ല ഈ മനുഷ്യര്‍. ഈ പ്രദേശവും അതിലെ മനുഷ്യരും യഥാര്‍ത്ഥത്തിലുള്ള സമൂഹജീവികള്‍ തന്നെയാണ്. തത്വവും അതിന്റെ കഥാരൂപവും തമ്മില്‍ ഒന്നിനൊന്ന് പൊരുത്തം അന്വേഷിക്കുന്നത് തികച്ചും വ്യര്‍ത്ഥം. അങ്ങനെയെങ്കില്‍ വേറൊരു തരത്തില്‍ സിനിമ കാണാനോ പുസ്തകം വായിക്കാനോ ഉള്ള സാധ്യതകള്‍ അടഞ്ഞുപോവുകയാണ് ചെയ്യുക.

”ജെല്ലിക്കട്ടി” ല്‍ മനുഷ്യർ ഇരുകാലി മൃഗങ്ങളാണ് എന്ന ഒരു സിദ്ധാന്തം പെല്ലിശ്ശേരി വലിയ ശബ്ദഘോഷങ്ങളോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി എന്നു തോന്നിയിരുന്നു. ആ സിനിമയോടുള്ള വിയോജിപ്പിന് പ്രധാന കാരണം അതായിരുന്നു. ആദിമ മനുഷ്യന്റെ പരസ്പര സഹകരണം തന്നെയാണ് നായാട്ടില്‍ മാത്രമല്ല, സാമൂഹിക ജീവിതം കെട്ടിപ്പടുക്കുന്നതിലും അവനെ തുണച്ചിട്ടുണ്ടാവുക. സംസ്‌കാരത്തിന്റെ അടിത്തറ തന്നെ അതാണ്. എന്നു മാത്രമല്ല ജനാധിപത്യത്തിന്റെ ജീനുകള്‍ പോലും അവിടെ നിന്ന് ലഭിച്ചതാവാനാണിട.

ചുരുളിയിലെ വിളുമ്പുകളില്‍ കഴിയുന്ന ഈ ജീവിതങ്ങള്‍ , ആത്മീയതയെ , പോകട്ടെ , ഭൗതികത്തിന് അപ്പുറമുള്ള എന്തെങ്കിലും ഒന്നിനെ സ്പര്‍ശിക്കാന്‍ കെല്പില്ലാത്ത വിധം അധഃപതിച്ചു പോയിട്ടുള്ളവരാണ് എന്നു തോന്നുന്നില്ല. ഈയിടെ കര്‍ണാടകയില്‍ നടന്ന ഒരു യാചകന്റെ മരണം ഓര്‍ക്കാവുന്നതാണ്.ബസവ എന്നു പേരായ ഈ യാചകന്‍ മരിച്ചപ്പോള്‍ ധാരാളം ആളുകള്‍ ദുഃഖിക്കുകയും അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. മനസ്സിന് ചെറിയ അസുഖമുള്ള ആളായിരുന്നു. എത്ര പണം കൊടുത്താലും അതില്‍ നിന്ന് ഒരു രൂപ മാത്രമെടുത്ത് ബാക്കി തിരിച്ചു കൊടുക്കുക എന്നതായിരുന്നുവത്രെ അദ്ദേഹത്തിന്റെ രീതി. ഒരു ശൈവ സിദ്ധനായി ആളുകള്‍ ഇദ്ദേഹത്തെ കണ്ടിരുന്നുവോ എന്നറിയില്ല. ശൈവ സിദ്ധന്മാരില്‍ യാചകര്‍, ഭരണാധികള്‍ എന്തിന് അക്രമികള്‍ വരെയുണ്ടായിരുന്നു എന്നു പറയുന്നു. ചുരുളിയിലെ മനുഷ്യരിലും ആത്മീയമായ നീരുറവകള്‍ ഉണ്ടാവണം.

സിനിമയുടെ മറ്റു കാര്യങ്ങളെക്കുറിച്ച് പറയുക ലക്ഷ്യമല്ലെങ്കിലും ജാഫര്‍ ഇടുക്കി എന്ന നടനെക്കുറിച്ച് പറയണം എന്നു തോന്നുന്നു. മാര്‍ടിന്‍ സ്‌കോര്‍സെസെയുടെ’ ദി ഐറിഷ്മാനി’ ല്‍ ജോ പെസ്‌കി എന്ന നടന്റെ ഭാവങ്ങളോട് ജാഫറുടെ പ്രകടനത്തെ ചേര്‍ത്തു വെക്കേണ്ടതാണ്. കുറ്റവാളികളെക്കുറിച്ചുള്ള സിനിമയായതിനാല്‍ ധാരാളം തെറിവാക്കുകള്‍ വാരിവിതറിയിട്ടുള്ളതാണ് ‘ദി ഐറിഷ് മാനും’. കഥാപാത്രത്തിന് യോജിച്ച വിധം ആകാരം കൊണ്ട് ചെറിയ ആളാണ് പെസ്‌കി. എന്നാല്‍ അക്രമ വാസനയും ദുഷ്ടതയും സദാ പ്രസരിപ്പിക്കുന്നുണ്ട് . ഈ കഥാപാത്രം അമ്മയോട് സംസാരിക്കുമ്പോഴും ഏതെങ്കിലും ഒരു ഘട്ടത്തില്‍ അക്രമത്തിലേക്ക് നീങ്ങാം എന്നു നമുക്ക് തോന്നിപ്പോകും. ജാഫറും വലിയ പേശികളുടെ സഹായമില്ലാതെ, അമര്‍ത്തിവെച്ചിട്ടുള്ള അക്രമ വാസനയെ എപ്പോഴും പ്രസരിപ്പിക്കുന്നതായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.

മലയാളം അറിയാത്തവര്‍ക്ക് -അറിയുന്നവര്‍ക്കും-സബ്‌ടൈറ്റിലുകള്‍ എന്തു പറയുന്നു , കൃത്യമായി പറയുന്നുണ്ടോ എന്നത് വിഷയമാണ്. തെറിവാക്കുകള്‍ എങ്ങനെ പരിഭാഷപ്പെടുത്തി എന്ന് പരിശോധിക്കുക കൗതുകകരമെങ്കിലും അതിനെ പിന്തുടരുക പ്രയാസകരമായിരുന്നു. ചിലത് തെറ്റിയിട്ടുണ്ടാവാം. തിരുമേനിയെ മങ്ക്, ( monk)സന്യാസി ആക്കിയിട്ടുള്ളത് ശരിയാണെന്ന് തോന്നുന്നില്ല. മന്ത്രവാദി (sorcerer, wizard) ഒക്കെ നന്നാവുമായിരുന്നു.

സിനിമയെക്കുറിച്ച് പറയുമ്പോള്‍ ”തെറി” പറയേണ്ടി വരുന്ന അവസ്ഥക്ക് കാരണം ‘ ചുരുളി യിലെ മുഖ്യ വിഷയം അതാണ് എന്ന ധാരണ പരന്നതു കൊണ്ടുമാത്രമാണ്.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments

You may also like