പൂമുഖം LITERATUREലേഖനം കണ്ടുപിടുത്തങ്ങളുടെ കൈപ്പുണ്യം: ഒരു ഗൽഗോട്ടിയാസ് നാണക്കേട്

കണ്ടുപിടുത്തങ്ങളുടെ കൈപ്പുണ്യം: ഒരു ഗൽഗോട്ടിയാസ് നാണക്കേട്

ഈയിടെ ഇന്ത്യൻ വിദ്യാഭ്യാസമേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾ. ലോകത്താകമാനം പരിഹാസച്ചുവയിൽ ഇവിടുത്തെ കണ്ടുപിടുത്തങ്ങളുടെ കൈപ്പുണ്യത്തെ കുറിച്ചുള്ള നൂറുകണക്കിന് ട്രോളുകൾ ഇതിനകം വന്നു കഴിഞ്ഞു. മുമ്പ് ഇതേ യൂണിവേഴ്‌സിറ്റിയിൽ നിന്നും വന്ന ഡ്രൈവറില്ലാബസ്സും, ഇപ്പോൾ AI ഇംപാക്ട് സമ്മിറ്റിൽഅവതരിപ്പിച്ച ‘കുരയ്ക്കുന്ന റോബോട്ടിക് നായ ഒരു ഗൽഗോട്ടിയാസ് മാജിക്കും’ തുടങ്ങി കോവിഡ് കാലത്ത് വൈറസിനെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ പാത്രം കൊട്ടിച്ച സംഭവും അടക്കം വിചിത്രമായ ‘ശാസ്ത്രീയ’ അവകാശവാദങ്ങളും ചേർത്തുവായിക്കുമ്പോൾ മനസിലാകുന്നത് അശാസ്ത്രീയത ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് മാത്രമല്ല രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഒരു യൂണിവേഴ്‌സിറ്റി എങ്ങനെയാണ് കുടപിടിക്കുന്നത് എന്നതുകൂടിയാണ്. 2026-ലെ ‘AI ഇംപാക്ട് സമ്മിറ്റ്’ തുടങ്ങി പിറകോട്ട് സഞ്ചരിക്കുമ്പോൾ 2020 വരെ നീളുന്ന മുൻകാല സംഭവവികാസങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും ശാസ്ത്രബോധത്തെയും ചോദ്യം ചെയ്യുന്നതാണ്. യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത് ഉത്തർപ്രദേശിലായതുകൊണ്ട് (Greater Noida), സംസ്ഥാനത്തെ പല മന്ത്രിമാരും എംപിമാരും എംഎൽഎമാരും സർവ്വകലാശാലയുടെ ഭരണസമിതിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. നിലവിലെ കേന്ദ്ര മന്ത്രിമാരും മുൻ മന്ത്രിമാരും എന്നും ഈ സർവകലാശാലയുടെ ഒപ്പം സഞ്ചരിച്ചവരാണ്.പ്രധാനമത്രി രാജ്യത്തെ മികച്ച സർവ്വകലാശാലകളിലൊന്നായി വിശേഷിപ്പിച്ച ഇവിടെ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ച പ്രമുഖരിൽ നിധിൻ ഗഡ്‌കരി അടക്കം ധാരാളം പേരുണ്ട്.

2020 മാർച്ച് 22-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് കോവിഡ് വൈറസിനെ തുരത്താൻ ‘ജനതാ കർഫ്യൂ’വിന്റെ ഭാഗമായി പാത്രംകൊട്ടി ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെട്ടത്, മഹാമാരി താണ്ഡവം ആടി ലോകം എന്തുചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന സമയത്താണ് ഈ ആഹ്വാനം വരുന്നത്.രാജ്യത്തെ തെരുവോരങ്ങളിൽ, നഗരപ്രാന്ത പ്രദേശങ്ങളിൽ, ഗ്രാമങ്ങളിൽ എല്ലാം സന്ധ്യനേരം പാത്രങ്ങൾ കൂട്ടിമുട്ടുന്ന കലപില ശബ്ദം മുഴങ്ങി. അശാസ്ത്രീയമായ ഈ നീക്കത്തെ ശാസ്ത്രീയമായി ന്യായീകരിക്കാൻ വേണ്ടി തയ്യാറാക്കിയ പ്രബന്ധത്തിനു ഡോക്ടറേറ്റ് ലഭിച്ചത് ഈ സർവകലാശാലയിൽ നിന്നാണ് . ‘തളികയോ മണിയോ (Thali or Ghanti) മുഴക്കുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങളിലൂടെ കൊറോണ വൈറസ് നശിക്കുന്നു -സാധ്യതയുള്ള അനുമാനം ‘ എന്നായിരുന്നു പ്രബന്ധത്തിന്റെ വിഷയം. 2020ൽ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസിയിലെ റിസർച്ച് സ്കോളർ, ധർമ്മേന്ദ്ര കുമാർ അവതരിപ്പിച്ച (“Corona Virus Killed by Sound Vibrations Produced by Thali or Ghanti”) പ്രബന്ധത്തിലാണ് ഇത് സമർത്ഥിക്കുന്നത്. ആ തിസീസിന്റെ സംഗ്രഹം ഇങ്ങനെയാണ് “കൊറോണ വൈറസുകൾ ഗോളാകൃതിയിലുള്ളതോ പല രൂപത്തിൽ കാണപ്പെടുന്നതോ ആയ, ഒറ്റ ഇഴയുള്ള (single stranded), പുറംകവചമുള്ള ആർ.എൻ.എ (RNA) വൈറസുകളാണ്. ഇവയ്ക്ക് ഗ്ലൈക്കോപ്രോട്ടീൻ കൊണ്ടുള്ള മുനകളുണ്ട്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളാണ് കൊറോണ വൈറസിനുള്ളത്. ഇതിനായി പ്രത്യേക വാക്സിനുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിൽ ആരോഗ്യ പ്രവർത്തകർ പിന്തുടരുന്ന ചികിത്സാരീതി സപ്പോർട്ടീവ് തെറാപ്പി മാത്രമാണ്. ഇതിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകൾ, ശരീരത്തിലെ ജലാംശം നിലനിർത്തൽ, കൃത്രിമ ശ്വസനസംവിധാനങ്ങൾ (Ventilation) എന്നിവ ഉൾപ്പെടുന്നു. അതിനാൽ, ശബ്ദതരംഗങ്ങളിലൂടെ വൈറസിനെ നശിപ്പിക്കാമെന്ന് പ്രത്യാശയുണ്ട്. ഇതിന് മുൻകാല ശാസ്ത്രീയ തെളിവുകളുണ്ട്. കൂടാതെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മാർച്ച് 22-ന് അഞ്ച് മിനിറ്റ് നേരം ശബ്ദതരംഗങ്ങൾ ഉണ്ടാക്കാൻ രാജ്യത്തെ പ്രോത്സാഹിപ്പിച്ചത് ഒരു നല്ല തുടക്കമാണ്.” ഇക്കാര്യത്തെ സാധൂകരിക്കുന്ന മറ്റു ഒട്ടേറെ നിഗമനങ്ങളും തെളിവുകളും നിറച്ച ഈ പ്രബന്ധമവതരിപ്പിച്ച് ഡോക്ടറേറ്റ് ലഭിച്ച അതെ യൂണിവേഴ്‌സിറ്റിയാണ് 2026ലെത്തുമ്പോൾ കുരയ്ക്കുന്ന നായയുടെ പേരിൽ ലോകത്തിനു മുന്നിൽ നാണക്കേടിന്റെ പ്രതീകമായി ആദ്യം കുരച്ചും പിന്നെ കിതച്ചും നിന്നത്,

പാത്രം കൊട്ടി ശബ്ദമുണ്ടാക്കിയാൽ വൈറസ് ചാകുമെന്നത് ന്യായീകരിക്കാൻ തിസീസിൽ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞൻ ഓനോ സാങ്കെയുടെ അഭിപ്രായവും ചേർത്തുവെച്ചു. യാന്ത്രിക പ്രകമ്പനങ്ങളിലൂടെ (Mechanical Vibrations) വൈറസുകളെ നിർജ്ജീവമാക്കാൻ സാധിക്കും എന്നതാണത്. എന്നാൽ ഈ വിദേശ പഠനങ്ങളെ, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പഠനങ്ങൾ അടക്കം, തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും, ഹൈ-ഫ്രീക്വൻസി ലേസർ അല്ലെങ്കിൽ അൾട്രാ സൗണ്ട് ഉപയോഗിച്ച് വൈറസുകളെ നശിപ്പിക്കുന്ന സാങ്കേതികവിദ്യയും, പാത്രം കൊട്ടുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ശാസ്ത്രലോകം ഇതിനകം പറഞ്ഞു കഴിഞ്ഞു.

2026 ഫെബ്രുവരിയിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘AI Impact Summit’-ൽ ‘Orion’ എന്ന റോബോട്ടിക് ഡോഗ് ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുടെ മഹത്തായ കണ്ടെത്തൽ എന്ന അവകാശ വാദത്തോടെയാണ് അവിടത്തെ അധ്യാപകർ പ്രദർശിപ്പിച്ചത്.ദേശീയ മാധ്യമങ്ങളും . എന്നാൽ സോഷ്യൽ മീഡിയയിലെ സാങ്കേതിക വിദഗ്ധർ ഇത് ചൈനീസ് കമ്പനിയായ Unitree Robotics-ന്റെ Unitree Go2 എന്ന റോബോട്ടാണെന്ന് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തിയതോടെ കള്ളം പൊളിഞ്ഞു. അത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് വലിയ നാണക്കേടുണ്ടാക്കി. പിന്നീടുവന്ന ട്രോൾ മഴയിൽ ഇന്ത്യൻ ശാസ്ത്രമേന്മ ലോകമെമ്പാടും പരിഹാസത്തിൽ മുങ്ങി. ഈ സംഭവങ്ങളും വിരൽ ചൂണ്ടുന്നത് ഉന്നതവിദ്യാഭ്യാസരംഗത്തെ ചില ഗുരുതരമായ പ്രവണതകളിലേക്കാണ് . രാഷ്ട്രീയ നേതാക്കളുടെ ആഹ്വാനങ്ങൾക്ക് ശാസ്ത്രീയ പരിവേഷം നൽകാൻ സർവ്വകലാശാലകൾ ശ്രമിക്കുന്നതോടെ ലോകത്തിനു മുന്നിൽ ഇന്ത്യൻ ശാസ്ത്രത്തിന്റെ വിശ്വാസ്യത തകരും.അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടാത്ത അല്ലെങ്കിൽ ശരിയായ പരിശോധനകൾ (Peer review) നടക്കാത്ത ജേണലുകളിൽ ഇത്തരം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ത്യയുടെ ഗവേഷണമികവിനെ ഇല്ലാതാക്കി നാണക്കേടുണ്ടാക്കും. സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന് പകരം മറ്റുള്ളവരുടേത് വാങ്ങി സ്വന്തമെന്ന് അവകാശപ്പെടുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഓണററി ഡോക്റ്ററേറ്റ് സ്വീകരിച്ചുകൊണ്ട് നടത്തിയ “ഇന്ന് ലോകപ്രശസ്തമായ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ബിരുദം സ്വീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്” എന്ന പ്രസ്താവന ടൈംസ് ഓഫ് ഇന്ത്യയിൽ (2023 മാർച്ച് 22) വന്നത് സംഭവത്തോടെ ട്രോളർമാർക്ക് ക്രിയേറ്റിവിറ്റിക്കുള്ള വഴി ഒരുക്കി. 2023-ൽ “ലോകപ്രശസ്തം” എന്ന് വിശേഷിപ്പിച്ച സർവ്വകലാശാല വെറും മൂന്ന് വർഷത്തിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിനു നാണക്കേടുണ്ടാക്കി. വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ധ്രുവ് ഗൽഗോട്ടിയ നൽകിയ പത്രക്കുറിപ്പിൽ അവകാശപ്പെട്ടത് യൂണിവേഴ്‌സിറ്റി 350 കോടി രൂപ AI മേഖലയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്. “ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്ര വലിയ തോതിൽ നിക്ഷേപം നടത്തുമ്പോൾ, AI രംഗത്തെ ഇന്ത്യയുടെ ആഗോള നേതൃത്വം കേവലം ഒരു ആഗ്രഹമല്ല, മറിച്ച് അത് അനിവാര്യമായി മാറും.” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും വലിയ നിക്ഷേപം ഉണ്ടെന്ന് അവകാശപ്പെട്ട സ്റ്റാളിലെ പ്രധാന ആകർഷണം വെറും 2.5 ലക്ഷം രൂപയ്ക്ക് ആമസോണിൽ കിട്ടുന്ന ചൈനീസ് പട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നത്. കണ്ടുപിടുത്തങ്ങളുടെ കൈപ്പുണ്യം എന്ന് വിശേഷിപ്പിച്ചത് ഇന്ന് ഒരു ഗൽഗോട്ടിയാസ് നാണക്കേടായി മാറി.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.