ലാൽജോസ് ഒഴിവുകാലങ്ങളുടെ കുടുംബ പ്രേക്ഷകരുടെ ഒക്കെ പ്രിയപ്പെട്ട സംവിധായകൻ ആണ്. വിജയ പരാജയങ്ങൾ ഈ ഇഷ്ടത്തെ അധികം ബാധിക്കുന്നതായി തോന്നിയിട്ടില്ല. തട്ടുമ്പുറത്ത് അച്യുതൻ എന്ന വിചിത്രമായ പേരുള്ള സിനിമയുമായാണ് അദ്ദേഹം ഈ കൊല്ലവസാനം വരുന്നത്. സമാന്തര സിനിമകളിൽ ശ്രദ്ധേയമായ പേരാണ് സുദേവന്റെ. അദ്ദേഹത്തിന്റെ തട്ടിൻപുറത്തപ്പൻ എന്ന ചെറു സിനിമയുമായി പേരിനുള്ള സാമ്യം സമൂഹ മാധ്യമങ്ങളിൽ ഒക്കെ ചർച്ചയായിരുന്നു. ആ സിനിമയുമായി എന്തെങ്കിലും സാമ്യം ഉണ്ടാവുമോ എന്ന നിലക്കുള്ള ചർച്ചകളെ ഒക്കെ അസ്ഥാനത്താക്കി കൊണ്ടാണ് സിനിമയുടെ ട്രെയിലറും മറ്റു പരസ്യങ്ങളും പുറത്തിറങ്ങിയത്. അത്ര കണ്ടു ലളിതമല്ലാത്ത തട്ടിന്പുറത്തെ മാജിക്കൽ റിയലിസം എവിടെയൊക്കെയോ സിനിമയും തിരക്കഥയും സ്വീകരിച്ചിട്ടും ഉണ്ട്. സിന്ധുരാജിന്റേതാണ് തിരക്കഥ. ലാൽജോസ് സിന്ധുരാജ് കൂട്ടുകെട്ട് പ്രേക്ഷകർ അത്ര കണ്ട ഇത് വരെ സ്വീകരിച്ചോ എന്നത് സംശയമാണ്. മുല്ല, എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങീ പൂർവകാല സിനിമകൾ പരിശോധിച്ചാൽ അത് വ്യക്തവുമാകും. തികച്ചും ഗ്രാമീണമായ ഫ്രെയിമുകളും കാഴ്ചകളും ആണ് ഇവർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ബാക്കി വെക്കുന്നഅത് ഈ സിനിമയിലും തുടർന്ന് കാണാം. സിനിമ ഇറങ്ങും മുന്നേ സമൂഹ മാധ്യമങ്ങളിൽ സിനിമയെ പറ്റി വളരെ മോശമായ ഭാഷയിൽ പറഞ്ഞ ഒരാളെ സംവിധായകൻ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പരിഹസിച്ചത് സിനിമ, ആസ്വാദനംഎന്നിവയെ സംബന്ധിച്ച് നില നിൽക്കുന്ന ചർച്ചകളുടെ ആഴം കൂട്ടി. കുഞ്ചാക്കോ ബോബൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. കൃഷ്ണ ഭക്തിയിൽ നിറഞ്ഞ പശ്ചാത്തല സംഗീതവും സംഭാഷണങ്ങളും കൊണ്ട് സമ്പന്നമായിരുന്നു സിനിമയുടെ എല്ലാ പ്രീ റിലീസ് പരസ്യങ്ങളും
കൗതുകം ഉണ്ടാക്കുന്ന ഒരു കഥാഗതി സിനിമക്കുണ്ട്. കുഞ്ഞുട്ടൻ (ആദിഷ് പ്രവീൺ) എന്ന ചെറിയ കുട്ടിയുടെ സ്വപ്നത്തിലൂടെ ആണ് കഥ തുടങ്ങുന്നത്. എന്നും വിചിത്രമായ സ്വപ്നങ്ങൾ കാണുന്ന ആളാണ് കുഞ്ഞൂട്ടൻ. അവയിൽ പലതും ഫലിക്കാറും ഉണ്ട്. അങ്ങനെ അത്ര ശുഭ പര്യവസായി അല്ലാത്ത ഒരു സ്വപ്നം കണ്ടു കുഞ്ഞൂട്ടൻ എണീക്കുന്നു. പിന്നീട യാദൃശ്ചികമായി ആ സ്വപ്നത്തിലെ നായകനെ അവൻ നേരിൽ കാണുന്നു.നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ടവനായി അച്യുതൻ ആയിരുന്നു അത്. അവന്റെ സ്വപ്ന൦ ഫലിക്കുന്നതോടെ അവർ തമ്മിൽ ഒരു ഇഴയടുപ്പം ഉണ്ടാകുന്നു. പിന്നീടു പലപ്പോഴും കുഞ്ഞൂട്ടൻ അച്യുതന്റെ പ്രവാചകൻ ആകുന്നു. ജീവിതത്തിലെ അത്ര സുഖകരമല്ലാത്ത അനുഭവങ്ങളിലൂടെ അയാൾ കടന്നു പോകുന്നു. ആ സമയത്താണ് വലിയൊരു ആശങ്കയിൽ പെട്ട് പോയ ഒരു പെൺകുട്ടിയുടെ ‘അമ്മ അച്യുതൻ പണിയെടുക്കുന്ന ചേലപ്പുറം കൃഷ്ണന്റെ അമ്പലത്തിലെ ഭഗവാന് കത്തെഴുതുന്നത്. ആ പറഞ്ഞ അമ്മയും മകളും ആരെന്നറിയാതെ അച്യുതൻ ആ കാത്തു സൂക്ഷിക്കുന്നു. യാദൃശ്ചികമായി അച്യുതൻ ആ പെൺകുട്ടിയുടെ വീടിന്റെ തട്ടിൻപുറത്ത് എത്തുന്നു. അങ്ങനെ ആ ആപത്തിൽ നിന്ന് അവരെ രക്ഷിക്കാൻ അച്യുതൻ തീരുമാനിക്കുന്നു. തുടർന്ന് അച്യുതന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് സിനിമ. പാട്ടുകളും നിറങ്ങളും കൊണ്ട് സമൃദ്ധമാണ് പിന്നീടുള്ള ഓരോ നിമിഷവും.
കഴിഞ്ഞു പോയ പ്രളയത്തെ കുറിച്ച് ഇത്രയും സമഗ്രമായി ആദ്യമായി ആവും ഒരു പോപ്പുലർ മലയാളം സിനിമ സംസാരിക്കുന്നത്. പ്രളയത്തിന്റെ യഥാർത്ഥ ഫൂട്ടേജുകൾ വരെ ടൈറ്റിൽ കാർഡുകൾക്കിടയിൽ ഉപയോഗിക്കുന്നുണ്ട്. പ്രളയം, രക്ഷാ പ്രവർത്തനങ്ങൾ ഒക്കെ ഒരു നാടിനെ എങ്ങനെ മാറ്റി എന്നൊക്കെ സംസാരിക്കുന്നുണ്ട് സിനിമയുടെ തുടക്കത്തിൽ. വളരെ വലിയ ഒരു ക്യാൻവാസിൽ അല്ലെങ്കിലും, കേരളത്തിലെ ഒരു സാങ്കല്പിക നാടിനെ ‘പ്രളയനാന്തരം ‘ എന്ന് പറയുന്നത് ശ്രദ്ധേയമാണ്. രക്ഷാപ്രവർത്തനം, മരണം ഒക്കെ സാന്ദർഭികമായി കടന്നു വരുന്നുണ്ട്. അതിനു ശേഷം സിനിമ മലയാള സിനിമ ഏതാണ്ട് മൂന്ന് ദശാബ്ദക്കാലം പിന്തുടർന്ന ഗ്രാമ നൻമ കാഴ്ചകളിലേക്കാണ് നീങ്ങുന്നത്. മലയാള സിനിമയിലെ എല്ലാ ഗ്രാമങ്ങൾക്കും കാല വ്യത്യാസമില്ലാതെ ഒരേ വഴികളും മനുഷ്യരും നിറഞ്ഞ മുഖമാന്നെന്നു തോന്നുന്നു. സിനിമയിലെ പൂജാരിയും ചായക്കട നടത്തുന്നവരും പോലീസുകാരും രാഷ്ട്രീയക്കാരും നാട്ടു പ്രമാണിമാരും ഒക്കെ സംസാരിക്കുന്നത് ഒരേ ഭാഷയിലും ഈണത്തിലും ആണ്. തട്ടിൻപുറത്ത് അച്യുതൻ അതിൽ നിന്നും ഒരിഞ്ചു പോലും മാറി നടക്കാൻ ശ്രമിച്ചിട്ടില്ല. ലാൽജോസ് സിനിമകളിൽ പലപ്പോഴായി കൃഷ്ണ വിഷ്ണു മൂർത്തിയുടെ സാന്നിധ്യം ഉപയോഗിക്കുന്നതായി കാണാം. അദ്ദേഹത്തിൻറെ രണ്ടാമത്തെ സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കിൽ കൃഷ്ണ രാധ മിത്ത് നിറഞ്ഞ നിന്നിരുന്നു. മുകുന്ദന്റെയും രാധയുടെയും പ്രണയവും പ്രണയ നഷ്ടവും അമ്പാടി പയ്യുകൾ എന്ന പാട്ടും ഓടകുഴലിന്റെ സാനിധ്യവും ഒക്കെ ആണ് ആ സിനിമയെ മുന്നോട്ട് നയിച്ചത്. മീശമാധവനിലും ഇതേ രീതിയിൽ മാധവനും രുഗ്മിണിയും തമ്മിലുള്ള പ്രണയം ആണ് പ്രധാന കഥാതന്തു. ചേക്കിലെ വിഗ്രഹം ഇവിടെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അമ്പലവും സമീപ പ്രദേശങ്ങളും ആണ് മീശമാധവനിലെ ഒരു പ്രധാന ലൊക്കേഷൻ. ഈ രണ്ടു സിനിമകളും മലയാളി പ്രേക്ഷകർ വളരെ നല്ല രീതിയിൽ സ്വീകരിച്ചവ ആണ്. ലാൽ ജോസ് എന്ന സംവിധായകനെ ഇത്രയും ജനപ്രിയമാക്കുന്നതിൽ രണ്ടു കാലങ്ങളിൽ ആയി പങ്കു വഹിച്ച സിനിമകൾ ആണ് ഇത് രണ്ടും. തട്ടിൻപുറത്ത് അച്യുതൻ ഒരർത്ഥത്തിൽ ഇവയുടെ തുടർച്ചയാണ്. അച്യുതൻ കടുത്ത കൃഷ്ണ ഭക്തൻ ആണ്. കഴുത്തിൽ ഇട്ട കൃഷ്ണന്റെ മുഖമുള്ള ലോകറ്റ് ആണ് അയാളുടെ ഏറ്റവും വലിയ ശക്തി. അമ്പലത്തിലെ ജോലികൾ ചെയ്യാറുള്ള, അമ്പലത്തിനു ചുറ്റും കറങ്ങി നടക്കുന്ന ആളാണ് അയാൾ. നായികാ ഇവിടെ ജയലക്ഷ്മി ആണ്. കൃഷ്ണൻ ആണ് അയാളെ നയിക്കുന്നത്. തിരുവാതിരയിൽ പോലും പതിവിനു വിരുദ്ധമായി കൃഷ്ണന്റെ വാഴ്ത്തുപാട്ടുകൾ നിറയുന്ന ഒരിടത്തേക്കാണ് അയാൾ എത്തുന്നത്.
എല്ലാം കാണുന്ന മുകളിലുള്ള ആളായി, ദൈവം തന്നെ നിയോഗിച്ച ദൗത്യം ഏറ്റെടുക്കുന്നത് മുതൽ ആണ് അച്യുതൻ പൂർണമായി തട്ടിൻപുറത്ത് അച്യുതൻ ആവുന്നത്. അയാളുടെ ജീവിതത്തിൽ അതിനു മുന്നേയും ചില നിർണായക സന്ദർഭങ്ങൾ ”മുകളിലിരുന്നു കാണുന്ന ” അവസ്ഥയിൽ ആണുണ്ടായത്. അച്യുതൻ പലപ്പോഴും മുകളിലാണ് ഇരുന്നു കാണുന്നവൻ ആകുന്നു. പക്ഷെ പിന്നീട് തിരക്കഥക്കൊ സിനിമയ്ക്കോ ഒന്നും പറയാൻ ഉണ്ടായില്ല എന്നതാണ് സിനിമയുടെ പരാജയം. നിറങ്ങളും ആഘോഷങ്ങളും പ്രേക്ഷകർക്ക് താങ്ങാൻ കഴിയുന്നതിലും അധികം പാട്ടുകളും ആയി സിനിമ ഇഴഞ്ഞു നീങ്ങുന്നു. ഇന്റെർവെലിന് തൊട്ടു മുന്നെയും അത് കഴിഞ്ഞു സിനിമ തുടങ്ങുന്ന ഉടനെയും പാട്ടുകൾ ആണ്. കടുത്ത നിസഹായത അനാഥത്വം ഒക്കെ പറയുന്ന നായികയുടെ വീട്ടിൽ ആണെങ്കിൽ മുഴുവൻ സമയവും വൻ ആഘോഷ പരിപാടികൾ ആണ്. കുഞ്ഞുട്ടൻ സ്വപ്നം കാണും മുന്നേ പ്രേക്ഷകർക്ക് മനസിലാവും പോലെയാണ് പിന്നെ സിനിമയുടെ സഞ്ചാരം. അച്യുതൻ തട്ടിൻപുറത്ത് വച്ച് ചെയ്യാൻ പോകുന്ന ഓരോ കാര്യങ്ങളും പ്രേക്ഷകർക്ക് വളരെ എളുപ്പം ഊഹിക്കാം. മയിൽപീലി, കൃഷ്ണ പ്രണയ കവിത തുടങ്ങീ നന്ദനത്തിൽ പറയുന്ന ഭ്രമകല്പന യുടെ വരെ പറഞ്ഞു പറഞ്ഞു മടുത്ത ആവർത്തങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. ഏറ്റവും നന്നായി ഹാസ്യം കൈകാര്യം ചെയ്യുന്ന സംവിധായകരിൽ ഒരാൾ ആണ് ലാൽ ജോസ്. പക്ഷെ തട്ടിൻപുറത്ത് അച്യുതനിൽ അങ്ങനെ ഓർത്തിരിക്കാൻ പറ്റിയ ഒറ്റ ഹാസ്യ രംഗം പോലുമില്ല. മലയാള സിനിമ ഏറ്റവും കൂടുതൽ പേടിക്കുന്നത് ‘മി ടൂ മൂവേമെന്റിനെ ആണെന്ന് തോന്നുന്നു. അവധിക്കാല റിലീസുകളിൽ തട്ടിൻപുറത്ത് അച്ചുതാനിലും പ്രേതത്തിലും ഉള്ള പ്രധാന തമാശകളിൽ ഒന്ന് മി റ്റൂ മൂവ്മെന്റ് തനിക്കെതിരെ വരുമോ എന്ന ആശങ്ക ആണ്.
മലയാള കുടുംബ നന്മ സിനിമകൾ എന്തൊക്കെ ചെയ്യുന്നോ അതിന്റെയൊക്കെ യാതൊരു തരത്തിലും മാറ്റങ്ങൾ വരുത്താത്ത ആവർത്തങ്ങളിൽ ഒന്നാണ് തട്ടിൻപുറത്ത് അച്യുതൻ എന്ന് ചുരുക്കാം.