


[dropcap]വൃ[/dropcap]ക്ഷനിബിഡമായ കുന്നുകൾ വലയം ചെയ്യുന്ന, വസന്തത്തിന്റെ വർണ്ണങ്ങൾ കൊണ്ടു പ്രസന്നമായ ഒരു താഴ്വരയിൽ രണ്ടു വലിയ വീടുകൾ അടുത്തടുത്തു നിന്നിരുന്നു; വെറും കല്ലും സിമന്റും കൊണ്ടു പണിത അനലംകൃതമായ കെട്ടിടങ്ങൾ. ഒരേ കൈകളാണവ പണിതെടുത്തതെന്നു തോന്നിപ്പോകും. ഓരോ വീടിന്റെയും മുന്നിൽ കുറ്റിച്ചെടികൾ കൊണ്ടു വേലി കെട്ടിത്തിരിച്ചിരുന്ന പൂന്തോട്ടങ്ങൾക്കു പോലും ഒരേ വലിപ്പവും രൂപവുമായിരുന്നു. എന്നാൽ അവയിലെ അന്തേവാസികളുടെ തലയിലെഴുത്തുകൾ വ്യത്യസ്തമായിരുന്നു.
അതിലൊന്നിൽ- ഈ സമയത്ത് നായ തുടലിൽ കിടന്നു മയങ്ങുകയായിരുന്നു, വീട്ടുകാരൻ പഴത്തോട്ടത്തിൽ എന്തോ പണിയിലായിരുന്നു- അല്പം ദൂരെ മാറിയുള്ള ഒരു മൂലയ്ക്കിരുന്ന് ചില കോഴിക്കുഞ്ഞുങ്ങൾ തങ്ങളുടെ ജീവിതാനുഭവങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു. കുറേക്കൂടി പ്രായമുള്ള ചില കോഴിക്കുഞ്ഞുങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിലും അവയ്ക്കല്ല, തങ്ങൾ പൊട്ടിപ്പുറത്തു വന്ന മുട്ടയുടെ രൂപം ഉടലിനിനിയും പോയിട്ടില്ലാത്ത കുഞ്ഞന്മാർക്കായിരുന്നു തങ്ങൾ ചെന്നുവീണ ഈ ജീവിതത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വലിയ തിടുക്കം; കാരണം, അവരതു കാണാനിരിക്കുന്നതേയുള്ളു എന്നതിനാൽ അവർക്കതത്ര പരിചയമായിട്ടില്ല. ജീവിതത്തിന്റെ സുഖദുഃഖങ്ങൾ അവർ ഇതിനകം അറിഞ്ഞുകഴിഞ്ഞിരുന്നു; ഏതാനും ദിവസം പ്രായമായവർക്കാണല്ലോ, വർഷങ്ങൾ ജീവിതത്തിലൂടെ കടന്നുപോയവരെക്കാൾ അത് ദീർഘമായി തോന്നുന്നത്. മുട്ടകൾക്കുള്ളിൽ കഴിയുമ്പോഴത്തെ വലിയ അനുഭവങ്ങളിൽ നിന്നു ചിലതൊക്കെ കൂടെക്കൊണ്ടുവന്നിരുന്നതിനാൽ അവർ അറിവുള്ളവരുമായിരുന്നു. വാസ്തവം പറഞ്ഞാൽ, വിരിഞ്ഞിറങ്ങേണ്ട താമസം, അവർ പഠിച്ചിരുന്നു, വസ്തുക്കളെ ആദ്യം ഒരു കണ്ണു കൊണ്ടും പിന്നെ മറ്റേക്കണ്ണു കൊണ്ടും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന്, എന്നാലേ അവ തിന്നാൻ കൊള്ളുന്നതാണോ അതോ അപകടം പിടിച്ചതാണോ എന്നറിയാൻ കഴിയൂയെന്ന്.
മരങ്ങളും അവയ്ക്കു വേലി കെട്ടുന്ന കുറ്റിച്ചെടികളും ഉയർന്നുനില്ക്കുന്ന കൂറ്റൻ വീടും അടങ്ങിയ ഈ ലോകവും അതിന്റെ വൈപുല്യവും അവരുടെ സംസാരവിഷയമായി. ഈ കാര്യങ്ങളൊക്കെ അവർ കണ്ടുകൊണ്ടിരിക്കുന്നതു തന്നെ, എന്നാൽ അവയെക്കുറിച്ചു സംസാരിക്കുമ്പോൾ അവർക്കു കൂടുതൽ നല്ലൊരു നോട്ടം കിട്ടുന്നതുപോലെയായിരുന്നു.
അതിലൊരാൾ, ഒരു മഞ്ഞത്തൂവലുകാരൻ- വേണ്ടതിലധികം ചെലുത്തിക്കഴിഞ്ഞതിനാൽ അലസനും- കാണാവുന്ന സംഗതികളെക്കുറിച്ചു ചർച്ച ചെയ്യുന്നതുകൊണ്ടു തൃപ്തനായില്ല; വെയിലിന്റെ ഊഷ്മളതയിൽ നിന്നു കിട്ടിയ ഒരോർമ്മ അയാൾ തിടുക്കത്തിൽ ഇങ്ങനെ ആവിഷ്കരിച്ചു: “അതെ, വെയിലിന്റെ ചൂടൊക്കെയുള്ളതിനാൽ നമുക്കു സുഖമാണെന്നതു സംഗതി ശരി തന്നെ; എന്നാൽ ഈ ലോകത്ത് ഇതിനേക്കാൾ സുഖമായി ജീവിക്കാമെന്ന് ഞാൻ ഒരിക്കൽ കേട്ടു; അതു കേട്ടപ്പോൾ എനിക്കു വിഷമമായി, ആ വിഷമം നിങ്ങളും അറിയാൻ വേണ്ടിയാണു ഞാൻ പറയുന്നത്. വീട്ടുകാരന്റെ മകൾ പറയുകയാണ്, നമ്മൾ അമ്മയില്ലാത്ത കുട്ടികളാണെന്ന്, അതിനാൽ നമ്മളെ കണ്ടാൽ കഷ്ടം തോന്നുമെന്ന്. അവളതു പറയുന്ന രീതി കണ്ടപ്പോൾ എനിക്കു കരച്ചിൽ വന്നുപോയി.“
ഈയാളെക്കാൾ വെളുത്തതും ചില മണിക്കൂറുകൾ ഇളയതും അതിനാൽ താൻ ജനിച്ചുവീണ സുഖപ്രദമായ അന്തരീക്ഷം ഇനിയും ഓർമ്മയിൽ നിന്നു പോകാത്തതുമായ മറ്റൊരു കോഴിക്കുഞ്ഞ് ഇങ്ങനെ പ്രതിഷേധിച്ചു: ”നമുക്കും ഒരമ്മയുണ്ടായിരുന്നു. അത് ആ ഇൻകുബേറ്ററാണ്, എത്ര തണുപ്പായിരുന്നാലും ഇളംചൂടു മാറാത്ത, കോഴിക്കുഞ്ഞുങ്ങൾ റെഡിമെയ്ഡ് ആയി പുറത്തുവരുന്ന ആ കൊച്ചുപെട്ടി.“
വീട്ടുകാരന്റെ മകളുടെ വാക്കുകൾ ആ മഞ്ഞനിറക്കാരൻ തന്റെ തലയ്ക്കുള്ളിൽ സുവിശദമായി രേഖപ്പെടുത്തിവച്ചിട്ട് കുറേ നാളുകളായിരുന്നു;
അതിനാൽ അതിനെക്കുറിച്ചാലോചിച്ചാലോചിച്ച് ഉള്ളതിലധികം വലുതായിക്കാണാനും അവനു സമയം കിട്ടിയിരുന്നു. ആ വളപ്പു പോലെ വലുതും തീറ്റ പോലെ നല്ലതുമായ ഒരമ്മയുടെ ഭാവനാചിത്രം അവൻ സ്വപ്നത്തിൽ നിർമ്മിച്ചെടുത്തിരുന്നു. ഇടയ്ക്കു കയറിപ്പറഞ്ഞവനോടെന്നപോലെ അവൻ പറഞ്ഞ ആ അമ്മയോടുമുള്ള അവജ്ഞ പ്രകടിപ്പിച്ചുകൊണ്ട് അവൻ ഉറക്കെ ഇങ്ങനെ പറഞ്ഞു: ”ജീവനില്ലാത്ത ഒരമ്മയുടെ കാര്യമാണു പറയുന്നതെങ്കിൽ അതിപ്പോൾ ആർക്കും കിട്ടും. പക്ഷേ ഞാൻ പറയുന്ന അമ്മ ജീവനുള്ളതാണ്, നമുക്കാവുന്നതിനെക്കാൾ വേഗത്തിൽ ഓടാൻ അവർക്കു കഴിയും. കാളവണ്ടിയുടേതു പോലത്തെ ചക്രങ്ങൾ അവർക്കുണ്ടെന്നു തോന്നുന്നു. അതിനാൽ, ഈ ലോകത്തെ തണുപ്പു കൊണ്ട് നിങ്ങൾ മരവിച്ചുചാകുമെന്നാവുമ്പോൾ നിങ്ങൾ വിളിക്കാതെതന്നെ നിങ്ങൾക്കു ചൂടു തരാൻ അവർക്കോടിയെത്താൻ പറ്റും. അങ്ങനെയൊരമ്മ രാത്രിയിൽ അരികത്തുണ്ടെങ്കിൽ എന്തു രസമായിരിക്കും.“
ഈ സമയത്ത് മൂന്നാമതൊരാൾ ഇടയ്ക്കു കയറി; അതേ ഇൻകുബേറ്ററിൽ നിന്നാണു വിരിഞ്ഞതെന്നതിനാൽ മറ്റിരുവരുടെയും കൂടപ്പിറപ്പാണെങ്കിലും വീതിയേറിയ ചുണ്ടുകളും കുറിയ കാലുകളുമായി ആൾ രൂപത്തിൽ അല്പം വ്യത്യാസപ്പെട്ടിട്ടായിരുന്നു. പെരുമാറാനറിയാത്ത ഒരു കോഴിക്കുട്ടിയായിട്ടാണ് മറ്റുള്ളവർ അവനെ കണ്ടിരുന്നത്; കാരണം, തീറ്റയെടുക്കുമ്പോൾ അവന്റെ ചുണ്ടുകൾ കൂട്ടിമുട്ടി ഒരു ‘ക്ലക്ക്’ ശബ്ദമുണ്ടാക്കുന്നത് നിങ്ങൾക്കു കേൾക്കാം. വാസ്തവമെന്തെന്നാൽ, അവനൊരു താറാവിൻകുഞ്ഞായിരുന്നു, സ്വന്തം നാട്ടിൽ അവൻ ഒന്നാന്തരമൊരു മാന്യനുമായേനെ. അവന്റെ മുന്നിൽ വച്ചും ആ പെൺകുട്ടി ഒരമ്മയുടെ കാര്യം സംസാരിച്ചിരുന്നു. ഒരു കോഴിക്കുഞ്ഞ് തണുപ്പു താങ്ങാനാവാതെ പുല്പരപ്പിൽ ചടഞ്ഞുവീണു ചത്ത ദിവസമാണ് ആ സംസാരമുണ്ടായത്. മറ്റു കോഴിക്കുഞ്ഞുങ്ങൾ അതിന്റെ ചുറ്റും കൂടിനിന്നതല്ലാതെ അതിനെ സഹായിക്കാൻ ഒന്നും ചെയ്തില്ല; കാരണം, മറ്റൊരാൾക്കനുഭവപ്പെടുന്ന തണുപ്പ് അവർക്കനുഭവപ്പെട്ടിരുന്നില്ലല്ലോ. കൊച്ചുമുഖത്ത് വലിയ ചുണ്ടുകൾ നല്കിയ പാവത്തവുമായി ആ താറാക്കുട്ടി ഇങ്ങനെ പ്രഖ്യാപിച്ചു: അമ്മമാർ അരികത്തുണ്ടെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ അങ്ങനെയങ്ങു ചാകില്ലെന്ന്.
ഒരമ്മ വേണമെന്ന തീവ്രമായ ആഗ്രഹം വൈകാതെ കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ പടർന്നുപിടിച്ചു; കൂട്ടത്തിൽ പ്രായം കൂടിയവരെയാണ് അത് കൂടുതൽ അസ്വസ്ഥരാക്കിയത്, അവരുടെ മനസ്സിലേക്കാണത് കൂടുതൽ തീക്ഷ്ണമായി ചെന്നുകേറിയത്. ബാലാരിഷ്ടകൾ പലപ്പോഴും മുതിർന്നവരെയും ബാധിക്കാറുണ്ട്, അവരിലാണത് കൂടുതൽ അപകടകരമാവുന്നതും. ചിലപ്പോഴൊക്കെ ആശയങ്ങളുടെ കാര്യത്തിലും അതു ശരിയാണ്. വസന്തകാലം ചൂടു പിടിപ്പിച്ച ആ കുഞ്ഞുതലകളിൽ രൂപപ്പെട്ട അമ്മയുടെ രൂപം അളവുകൾ ഭേദിച്ചു വികസിച്ചു; നല്ലതായി തോന്നിയതെല്ലാം- നല്ല കാലാവസ്ഥ, ഇഷ്ടം പോലെ തീറ്റ- അമ്മയായി. കോഴിക്കുഞ്ഞുങ്ങൾക്കും താറാക്കുഞ്ഞുങ്ങൾക്കും ടർക്കിക്കുഞ്ഞുങ്ങൾക്കും സുഖമില്ലാതായപ്പോൾ അവർ ശരിക്കും ഒരമ്മ പെറ്റ കുഞ്ഞുങ്ങളുമായി, കാരണം, എല്ലാവരും നെടുവീർപ്പിട്ടും കൊണ്ടാഗ്രഹിച്ചത് ഒരമ്മയെത്തന്നെയാണല്ലോ.
കൂട്ടത്തിൽ പ്രായം കൂടിയ ഒരു കോഴിക്കുഞ്ഞ് ഒരു ദിവസം പ്രഖ്യാപിച്ചു, താൻ അമ്മയെ കണ്ടുപിടിക്കാൻ പോവുകയാണെന്ന്. ഒരമ്മയില്ലാതെ തനിക്കിനി ജീവിക്കാൻ പറ്റില്ലെന്ന് അവൻ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. കൂട്ടത്തിൽ പേരുണ്ടായിരുന്നത് അവനു മാത്രമാണ്; ‘ബാബാ’ എന്നായിരുന്നു അവന്റെ പേര്; വീട്ടുകാരന്റെ മകൾ കോഴിത്തീറ്റയുമായി വന്ന് ‘ബാ, ബാ’ എന്നു വിളിക്കുമ്പോൾ ആദ്യം ഓടിച്ചെന്നിരുന്നത് അവനായിരുന്നല്ലോ. അവൻ ആളാകെ ഊർജ്ജ്വസ്വലനായ ഒരു പൂവൻകോഴി ആയിക്കഴിഞ്ഞിരുന്നു; പൊരുതിനേടാനുള്ള ഉൾക്കരുത്തും അവനിൽ നാമ്പിട്ടുകഴിഞ്ഞിരുന്നു. വാളു പോലെ നീണ്ടുമെലിഞ്ഞ ആ കോഴിപ്പൂവന് ഒരമ്മയെ വേണ്ടിയിരുന്നത് പ്രഥമവും പ്രധാനവുമായി തന്നെ പ്രശംസിക്കാനായിരുന്നു; ഏതനുഗ്രഹവും നല്കാൻ കഴിവുള്ള, തന്റെ ഉത്കർഷേച്ഛയേയും അഭിമാനത്തെയും തൃപ്തിപ്പെടുത്താൻ പ്രാപ്തയായ ഒരമ്മ.
ഒരുദിവസം ‘ബാബാ’ തന്റെ വീട്ടുവളപ്പിനു ചുറ്റും കുറ്റിച്ചെടികൾ കൊണ്ടു ബലത്തിൽ കെട്ടിയുറപ്പിച്ച വേലി ഒറ്റക്കുതിപ്പിനു ചാടിക്കടന്നു. പുറത്തെത്തിയിട്ട് കണ്ണു മഞ്ഞളിച്ചപോലെ അവൻ നിന്നുപോയി. അതിവിശാലമായ ഒരു നീലാകാശത്തിനു ചുവട്ടിൽ പരന്നുപരന്നുപോകുന്ന ഈ താഴ്വരയിൽ എവിടെയാണു താൻ തന്റെ അമ്മയെ കണ്ടുപിടിക്കുക? തന്നെപ്പോലെ ചെറുതായ ഒരാൾക്ക് ഈ വൈപുല്യത്തിൽ എന്തന്വേഷണം നടത്താനാണ്? അതിനാൽ അവൻ തന്റെ വീട്ടുവളപ്പിനടുത്തു നിന്ന്, തനിക്കറിയാവുന്ന ലോകത്തു നിന്ന് അധികം അകലെപ്പോയില്ല; ചിന്താധീനനായി അവൻ അതിനു ചുറ്റും കറങ്ങിനടന്നു. അങ്ങനെ നടന്നുനടന്ന് അവൻ മറ്റേ വീട്ടുവളപ്പിന്റെ വേലിക്കു മുന്നിൽ ചെന്നുപെട്ടു.
“എന്റെ അമ്മ അതിനുള്ളിലുണ്ടെങ്കിൽ,” അവനോർത്തു, “എനിക്കിപ്പോൾത്തന്നെ കണ്ടുപിടിക്കാവുന്നതേയുള്ളു.” അനന്തമായ സ്ഥലരാശിയുടെ ദുഷകരതകൾ കുടഞ്ഞുകളഞ്ഞിരുന്നതിനാൽ അവനു പിന്നെ അറച്ചുനില്ക്കേണ്ടിയും വന്നില്ല. മറ്റൊരു കുതിപ്പിൽ ആ വേലിയും താണ്ടി അവൻ അകത്തുകടന്നു; താൻ വിട്ടുപോന്നതു പോലത്തെ മറ്റൊരു വളപ്പിലാണ് അവൻ നില്ക്കുന്നത്.
ഇവിടെയും കുറേ കോഴിക്കുഞ്ഞുങ്ങൾ പുല്ലിനിടയിൽ തിരക്കു പിടിച്ചു നടക്കുണ്ടായിരുന്നു. എന്നാൽ ഇവിടെ മറ്റേ വളപ്പിൽ കാണാത്ത കൂറ്റനൊരു ജന്തുവിനെയും കണ്ടു. ഭീമാകാരനായ ഒരു കോഴി, ബാബായെക്കാൾ പത്തു മടങ്ങു വലിപ്പം വരും, പൂട മാത്രമുള്ള ആ കുഞ്ഞുങ്ങളെയും ഭരിച്ചുകൊണ്ടങ്ങനെ നില്ക്കുകയാണ്; അവയും തങ്ങളുടെ യജമാനനും രക്ഷകനുമായി ആ കരുത്തനും കൂറ്റനുമായ ജന്തുവിനെയാണ് കാണുന്നതെന്ന് ഒറ്റ നോട്ടത്തിൽ ബോദ്ധ്യവുമായിരുന്നു. എല്ലാവർക്കും മേൽ അതിന്റെ കണ്ണുണ്ട്. അധികം അകലേക്കു പോകുന്ന കുഞ്ഞുങ്ങളെ അത് ശാസിക്കുന്നുമുണ്ട്, അതും, മറ്റേ വളപ്പിലെ പെൺകുട്ടി തന്റെ കോഴിക്കുഞ്ഞുങ്ങളെ വിളിക്കുന്നതിൽ നിന്ന് അധികം വ്യസ്ത്യസ്തമല്ലാത്ത ഒരു ശബ്ദത്തിലും. ഇതൊന്നുമല്ല. ഇടയ്ക്കിടെ അത് കൂട്ടത്തിൽ ഏറ്റവും ക്ഷീണിച്ച ഒരു കുഞ്ഞിനു മേൽ തന്റെ ഉടൽ കൊണ്ടു മൂടി അതിനു ചൂടു കൊടുക്കുകയും ചെയ്യുന്നു.
“ഇതു തന്നെയാണ് അമ്മ,” ബാബാ ആഹ്ലാദത്തോടെ മനസ്സിൽ പറഞ്ഞു. “അമ്മയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു, ഇനി ഞാൻ അമ്മയെ വിട്ടുപോവുകയുമില്ല. അമ്മയ്ക്കെന്നെ എന്തു സ്നേഹമായിരിക്കും! ഇവരിലാരെക്കാളും കരുത്തനും സുന്ദരനുമല്ലേ ഞാൻ! എനിക്കവരെ ഇഷ്ടമാണെന്നതിനാൽ അവർ പറയുന്നതനുസരിക്കാനും എനിക്കിഷ്ടമാണ്. എന്തു തറവാടിത്തവും സൗന്ദര്യവുമാണവർക്കെന്നു നോക്കിയേ! ഈ മണ്ടന്മാരെയൊക്കെ നോക്കിരക്ഷിക്കാൻ ഞാനവരെ സഹായിക്കുകയും ചെയ്യും.“
അവനെ നോക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ വിളിച്ചു. തന്നെയാണു വിളിക്കുന്നതെന്ന ധാരണയിൽ ബാബാ അടുത്തേക്കു ചെന്നു. അവൻ നോക്കുമ്പോൾ തള്ളക്കോഴി തന്റെ മുരത്ത നഖങ്ങൾ കൊണ്ട് മണ്ണിൽ തകൃതിയായി ചികയുകയാണ്. കൗതുകത്തോടെ അതും നോക്കി അവൻ അവൻ നിശ്ചേഷ്ടനായി നിന്നു; കാരണം, ഇങ്ങനെയൊരു പ്രവൃത്തി അവൻ ആദ്യമായി കാണുകയാണ്. അവൾ ചികയൽ നിർത്തിയപ്പോൾ മുന്നിൽ പുല്ലൊഴിഞ്ഞ സ്ഥലത്ത് ഒരു മണ്ണിര കിടന്നു പുളയുന്നുണ്ടായിരുന്നു. തള്ളക്കോഴി കൊക്കിവിളിച്ചു; എന്നാൽ കുഞ്ഞുങ്ങൾക്ക് കാര്യം മനസ്സിലായില്ല; അവർ സന്തോഷത്തള്ളിച്ചയോടെ ചുറ്റും കൂടി നിന്നു.
”കഴുതകൾ!“ ബാബാ മനസ്സിൽ പറഞ്ഞു. ”ആ മണ്ണിരയെ കൊത്തിത്തിന്നാനാണു പറയുന്നതെന്നുപോലും ഇവറ്റകൾക്കു മനസ്സിലാകുന്നില്ല.“ അനുസരണ കാണിക്കാനുള്ള വ്യഗ്രതയാൽ പ്രചോദിതനായി അവൻ ചാടിവീണ് ആ മണ്ണിരയെ കൊത്തിവിഴുങ്ങി.
അപ്പോഴല്ലേ-പാവം ബാബാ- തള്ളക്കോഴി രോഷത്തോടെ അവന്റെ മേൽ ചാടിവീഴുന്നു! പെട്ടെന്ന് അവനൊന്നും മനസ്സിലായില്ല; കണ്ടപാടെ അവൾ വന്ന് തന്നെ സ്നേഹത്തോടെ കെട്ടിവരിഞ്ഞു ശ്വാസം മുട്ടിക്കുകയാണെന്നാണ് അവൻ കരുതിയത്. അവളുടെ ലാളനകളെല്ലാം അവൻ നന്ദിയോടെ കൈക്കൊണ്ടേനെ. പക്ഷേ ആ കൂർത്ത കൊക്കുകളിൽ നിന്ന് അവന്റെ മേൽ പതിച്ച പ്രഹരങ്ങൾ ഉമ്മകളായിരുന്നില്ല. ഇനി ഒരു സംശയത്തിനും അവകാശമില്ല. അവൻ ഓടിരക്ഷപ്പെടാൻ നോക്കി; എന്നാൽ ആ കൂറ്റൻ ജന്തു അവനെ തള്ളിമറിച്ചിട്ടിട്ട് അവന്റെ മേൽ കയറിയിരുന്ന് തന്റെ നഖങ്ങൾ അവന്റെ വയറ്റിൽ കുത്തിയിറക്കി.
വല്ല വിധേനയും ചാടിയെഴുന്നേറ്റ് അവൻ വേലിക്കലേക്കോടി. ജീവനും കൊണ്ടുള്ള ആ പാച്ചിലിൽ കുറേ കോഴിക്കുഞ്ഞുങ്ങളെ അവൻ തട്ടിത്താഴെയിട്ടു; അവ കാലും പൊക്കിക്കിടന്ന് കൊക്കിക്കരഞ്ഞു. തന്റെ ശത്രു അവയ്ക്കു മുന്നിൽ ഒരു നിമിഷം നിന്നുപോയെന്നതിനാൽ മാത്രം അവനു തന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. വേലിക്കലെത്തിയപ്പോൾ വള്ളികളും പടർപ്പുകളൊന്നും കണക്കാക്കാതെ ഒറ്റച്ചാട്ടത്തിന് അവൻ പുറത്തെ തുറസ്സിലെത്തി.
തള്ളക്കോഴി പക്ഷേ, ഒരിലപ്പടർപ്പിൽ കുടുങ്ങിപ്പോയി. അവിടെ നിന്നുകൊണ്ട് ഒരു ജനാലയിലൂടെന്നപോലെ അവൾ ആ വലിഞ്ഞുകയറിവന്നവനെ നോക്കി; അവനും തളർന്ന് ഓട്ടം നിർത്തി അവളെ നോക്കുകയായിരുന്നു. കോപം കൊണ്ടു ചുവന്ന ഉണ്ടക്കണ്ണുകളുരുട്ടി അവൾ ചോദിച്ചു: “ഞാൻ കഷ്ടപ്പെട്ടു മണ്ണിൽ നിന്നു കുഴിച്ചെടുത്ത തീറ്റ തട്ടിയെടുക്കാൻ ധൈര്യം കാണിച്ച നീ ആരാണ്?”
“ഞാൻ ബാബായാണ്,” കോഴിക്കുഞ്ഞ് താഴ്മയോടെ പരഞ്ഞു. “നിങ്ങളാരാ? നിങ്ങളെന്തിനാണെന്നെ ഇത്രയും ദ്രോഹിച്ചത്?”
രണ്ടു ചോദ്യങ്ങൾക്കും കൂടി അവൾ ഒരുത്തരമേ പറഞ്ഞുള്ളു. “ഞാൻ അമ്മയാണ്,” എന്നിട്ട് അവജ്ഞയോടെ പുറം തിരിഞ്ഞ് അവൾ നടന്നുപോവുകയും ചെയ്തു.
കുറേക്കാലം കഴിഞ്ഞ്, അപ്പോഴേക്കും അതിസുന്ദരനായ ഒരു കോഴിപ്പൂവനായി മാറിയ ബാബാ മറ്റൊരു കൃഷിക്കളത്തിൽ ചെന്നുപെട്ടു. തന്റെ പുത്തൻ സഖാക്കൾ സ്നേഹത്തോടെയും ഖേദത്തോടെയും തങ്ങളുടെ അമ്മയെക്കുറിച്ചു സംസാരിക്കുന്നത് ഒരുദിവസം അവൻ കേട്ടു.
തന്റെ ദാരുണമായ വിധിയെക്കുറിച്ച് ആശ്ചര്യത്തോടെ ഓർത്തുകൊണ്ട് വിഷാദത്തോടെ അവൻ പറഞ്ഞു: ‘നേരേ മറിച്ച് എന്റെ അമ്മ ഒരു ഭീകരജീവിയായിരുന്നു; അവരെ കാണാനിട വന്നിരുന്നില്ലെങ്കിൽ എത്ര നന്നായേനേ എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.“

ഇറ്റാലോ സ്വെവൊ Italo Svevo (1861-1928) ഒരു ജർമ്മൻ-ഇറ്റാലിയൻ ജൂതകുടുംബത്തിൽ ജനിച്ചു. ബാങ്ക് ഉദ്യോഗത്തിനിടയിൽ കിട്ടുന്ന സമയത്ത് എഴുതാൻ തുടങ്ങി. സ്വയം അച്ചടിച്ചു പ്രസിദ്ധീകരിച്ച ആദ്യത്തെ രണ്ടു പുസ്തകങ്ങൾ കൊണ്ട് ധനനഷ്ടം മാത്രമേ ഉണ്ടായുള്ളു എന്നതിനാൽ ഇരുപതു കൊല്ലത്തേക്ക് എഴുത്തു തന്നെ നിർത്തി. എന്നാൽ 1907ൽ ജയിംസ് ജോയ്സിനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിൽ വഴിത്തിരിവായി. സ്വെവോയുടെ ഏറ്റവും പ്രധാനപ്പെട്ട നോവലായ The Confessions of Zeno (1923) ഫ്രഞ്ച് അവാങ്ങ് ഗാർദെ വൃത്തങ്ങളിൽ പരിചയപ്പെടുത്തുന്നത് ജോയ്സ് ആണ്. സ്വന്തം നാട്ടിലും വിദേശത്തും പ്രശസ്തി കിട്ടിത്തുടങ്ങുമ്പോഴാണ് 1928ൽ ഒരു കാറപകടത്തിൽ അദ്ദേഹം മരിക്കുന്നത്. തള്ളിക്കയറി മുന്നിൽ നില്ക്കാനുള്ള മിടുക്കില്ലാത്ത, അവഗണിക്കപ്പെട്ട എഴുത്തുകാരെ കുറിക്കുന്നതിന് ’Svevianni’ എന്നൊരു വാക്കു തന്നെ ഇറ്റാലിയനിലുണ്ട്.
[dropcap]ഒ[/dropcap]രു കെമിസ്റ്റിന്റെ മകൻ വിദേശത്തു പഠിക്കുകയായിരുന്നു. അച്ഛന്റെ മരണശേഷം അയാൾ നാട്ടിൽ മടങ്ങിയെത്തി ഡിസ്പെൻസറിയുടെ ചുമതല ഏറ്റെടുത്തു; അങ്ങനെ അയാൾ മാന്റുവാ പ്രവിശ്യയിലെ വിയാഡാനയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ കെമിസ്റ്റ് ആയി.
അയാളുടെ പഠിപ്പിനെക്കുറിച്ച് നാടു മുഴുവൻ ശ്രുതി പരന്നിരുന്നു; അയാളുടെ കൂറ്റൻ പുസ്തകശേഖരത്തെക്കുറിച്ചും ചെവിവേദനയ്ക്ക് അതിഫലപ്രദമായ അയാളുടെ മരുന്നിനെക്കുറിച്ചും പാടം നനയ്ക്കുന്നതിന് അയാൾ ഉപയോഗിച്ചിരുന്ന അത്യന്താധുനികമായ രീതിയെക്കുറിച്ചും പന്ത്രണ്ടു ഭാഷകളിലുള്ള പ്രാവീണ്യത്തെക്കുറിച്ചും ആളുകൾ പറഞ്ഞുനടന്നു; അയാളിപ്പോൾ ഡിവൈൻ കോമഡി ജർമ്മനിലേക്കു വിവർത്തനം ചെയ്യുകയാണെന്ന സംസാരം വേറെയും.
പ്രദേശത്തെ ഒരു ചീസ് ഫാക്ടറിയുടെ മുതലാളി അപ്പോഴേക്കും മദ്ധ്യവയസ്സെത്തിക്കഴിഞ്ഞ പണ്ഡിതന് ഒരു സ്റ്റൈപ്പന്റ് നല്കാൻ തീരുമാനിച്ചു; പകരം അയാൾ മുതലാളിയുടെ മകളെ ഹൈസ്കൂൾ സ്കൂൾ പഠനത്തിൽ സഹായിക്കണം. സ്പോർട്ട്സിൽ കൂടുതൽ താല്പര്യക്കാരിയായിരുന്ന പെൺകുട്ടി പഠിപ്പിൽ ഉഴപ്പായിരുന്നു; പുസ്തകങ്ങളും ലാറ്റിനും ഒന്നാന്തരം ഇറ്റാലിയൻ ഗദ്യവും അവൾക്കു വെറുപ്പുമായിരുന്നു. കെമിസ്റ്റ് ആ ഉദ്യമം ഏറ്റെടുത്തു- സാമ്പത്തികലാഭം കണ്ടിട്ടല്ല, പഠിത്തത്തിനോടുള്ള സ്നേഹം കൊണ്ട്; ആ വേനല്ക്കാലത്ത് എല്ലാ ദിവസവും അയാൾ ആ സ്പോർട്ട്സ്കാരി പെൺകുട്ടിക്ക് ക്ലാസ്സെടുക്കാൻ പോയി.
അങ്ങനെയിരിക്കെ സംഭവിച്ചതെന്തെന്നാൽ ആ പെൺകുട്ടിക്ക് അയാളോടു പ്രേമമായി; അവൾ സ്പോർട്ട്സൊക്കെ വിട്ടിട്ട് കവിതകളും ലാറ്റിൻ പദ്യവും, പിന്നെ പറയേണ്ടല്ലോ, നീണ്ട കത്തുകളും എഴുതാൻ തുടങ്ങി എന്നു പറഞ്ഞാൽ അതെത്രത്തോളമെത്തി എന്നൂഹിക്കാം.
രണ്ടു പേരും ചേർന്നുള്ള ദീർഘയാത്രകളെക്കുറിച്ചും അതിനു വേണ്ടി കെമിസ്റ്റ് വാങ്ങിയ കാറിനെക്കുറിച്ചും ഒരു കളപ്പുരയിലെ അവരുടെ നിശാസംഗമങ്ങളെക്കുറിച്ചുപോലും ചിലർ ഇപ്പോഴും പറയാറുണ്ട്.
അതെന്തായാലും വേനലറുതിയിലെ അവരുടെ ആ ഇടപാടിന്റെ തെളിവുകൾ പുറത്തു വരുന്നത് അടുത്ത മഞ്ഞുകാലത്ത് പെൺകുട്ടി പഠിച്ചിരുന്ന കോൺവെന്റിലെ കന്യാസ്ത്രീകൾ ഒരു കെട്ടു കത്തുകൾ പിടിച്ചെടുക്കുമ്പോഴാണ്; അവർ അത് നേരേ അവളുടെ അച്ഛനമ്മമാർക്കു കാണിച്ചുകൊടുത്തു. കത്തുകളുടെ ഉള്ളടക്കം ചീസ് ഫാക്ടറി മുതലാളിയുടെ കണ്ണുകൾക്കു തീരെ ദഹിക്കുന്നതായിരുന്നില്ല. അയാൾ കെമിസ്റ്റിനെ തകർക്കാനും അയാളെ നാട്ടിൽ നിന്നോടിക്കാനും തീരുമാനിച്ചു.
അക്കാലത്ത് ഫാസിസ്റ്റുകളായിരുന്ന പെൺകുട്ടിയുടെ സഹോദരന്മാർ കവലയിലെ അയാളുടെ ഡിസ്പെൻസറി പലതവണ അടിച്ചുതകർക്കുകയും ഒരിക്കൽ അയാളെ കാര്യമായി ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.
ഇതൊന്നും പക്ഷേ, കെമിസ്റ്റിനെ വല്ലാതെ വേവലാതിപ്പെടുത്തിയതായി കണ്ടില്ല. കുറച്ചു നാളത്തേക്കു കൂടി അയാൾ തന്റെ തകർന്ന ഫാർമസിയിൽ, പൊട്ടിയ ജനാലച്ചില്ലുകൾക്കും വെട്ടിപ്പൊളിച്ച അലമാരകൾക്കും അടിച്ചുടച്ച ഭരണികൾക്കും നടുവിലിരുന്ന് രോഗികളെ കണ്ടിരുന്നു. പിന്നെ പെട്ടെന്നൊരു ദിവസം അയാൾ കടയടച്ച് തന്റെ പുസ്തകങ്ങൾക്കിടയിലേക്കു പിൻവാങ്ങി; അയാളെ പിന്നെ വളരെ അപൂർവ്വമായേ പുറത്തേക്കു കണ്ടിട്ടുള്ളു.
അയാൾ പഠനത്തിൽ ആണ്ടുമുഴുകിയിരിക്കുകയാണെന്ന് നാട്ടുകാർക്കെല്ലാം അറിയാമായിരുന്നു; വല്ലപ്പോഴുമൊക്കെ മുഖത്തൊരു പുഞ്ചിരിയുമായി അയാൾ കവല കടന്ന് പോസ്റ്റോഫീസിലേക്കു പോകുന്നത് അവർ കണ്ടിരുന്നു; പോസ്റ്റിൽ വരുന്ന പുതിയ പുസ്തകങ്ങൾ വാങ്ങാൻ പോവുകയാണ്.
കുറച്ചു കാലം കഴിഞ്ഞ് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നെ ഒരു സാനിറ്റോറിയത്തിലേക്കു മാറ്റുകയും ചെയ്തു. കുറച്ചു കൊല്ലം അയാൾ സാനിറ്റോറിയത്തിൽ തന്നെയായിരുന്നു; അതിനു ശേഷം അയാളെക്കുറിച്ച് ആരും കേട്ടിട്ടുമില്ല.
സാനിറ്റോറിയത്തിൽ നിന്നു തിരിച്ചുവരുമ്പോൾ വൃദ്ധനായിക്കഴിഞ്ഞ പണ്ഡിതൻ വല്ലാതെ ശോഷിച്ചുപോയിരുന്നു. അയാളെ നോക്കാനായി തിരിച്ചുചെന്ന പ്രായമായ വേലക്കാരി എല്ലാവരോടും പരാതി പറഞ്ഞത് അയാൾക്ക് ആഹാരം കഴിക്കുന്നതിൽ തീരെ താല്പര്യമില്ലെന്നാണ്: തനിക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല എന്നു പറഞ്ഞിട്ട് അയാൾ ദിവസം മുഴുവൻ പുസ്തകങ്ങളിൽ മുഴുകി.
ദിവസം ചെല്ലുന്തോറും ചടച്ചുവരികയായിരുന്ന ആ മനുഷ്യൻ പുറത്തു പോകുന്നത് അപൂർവ്വമായി; ഗ്രാമത്തിലെ ആരെയും അയാൾക്കു കണ്ടിട്ടു മനസ്സിലാകാതെയുമായി; അവരിൽ കവലയിൽ വച്ച് വല്ലപ്പോഴും കണ്ടിരുന്ന ചീസ് ഫാകടറി മുതലാളിയുടെ (അയാൾ മരിച്ചുകഴിഞ്ഞിരുന്നു) മകളും ഉണ്ടായിരുന്നു. എന്നാലും അയാൾ ആരെന്നു നോക്കാതെ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിക്കും; നായ്ക്കളെ കാണുമ്പോൾ അയാൾ തൊപ്പി ഉയർത്തി സലാം പറഞ്ഞിരുന്നുവെന്നുകൂടി ആളുകൾ പറയുന്നുണ്ട്.
വൃദ്ധയായ വേലക്കാരി മരിച്ചതോടെ അയാൾ ഒന്നും തന്നെ കഴിക്കാതായി എന്നതു വ്യക്തമായിരുന്നു; ആഴ്ചകൾ തുടർച്ചയായി അയാൾ ഉപവാസമെടുക്കുകയും ചെയ്തു. അതൊക്കെക്കാരണം പഠനമുറിയിൽ വച്ച് മരിച്ചുകിടക്കുന്നതായി അയാളെ കാണുമ്പോൾ (ഒരു പ്ലംബറാണ് ആദ്യം കാണുന്നത്) പേരുണ്ടെന്നതൊഴിച്ച് അയാൾ വെറുമൊരു അസ്ഥികൂടമായിരുന്നു; എല്ലുകളിൽ പറ്റിപ്പിടിച്ച ചുളുങ്ങിയ തൊലി മാത്രമാണ് അയാളുടേതായി ശേഷിച്ചത്.
ഒരു പുസ്തകത്തിന്റെ അവസാനത്തെ പേജിലേക്ക് കുനിഞ്ഞിരിക്കുകയായിരുന്നു അയാൾ; ഒരു കടലാസ്സുതുണ്ട് അവിടെ ഒട്ടിച്ചുവയ്ക്കാൻ നോക്കുന്നപോലെയായിരുന്നു.
വർഷങ്ങൾക്കു ശേഷം അയാളുടെ വലിയ പുസ്തകശേഖരം ഒരനന്തരവൾക്ക് അവകാശമായി കിട്ടി. പുസ്തകങ്ങൾക്കിടയിലൂടെ മറിച്ചുപോകുമ്പോൾ ആ പണ്ഡിതൻ തന്റെ ശിഷ്ടകാലം ജീവിച്ചതെങ്ങനെയാണെന്ന കാര്യത്തിൽ തനിക്കൊരു വെളിച്ചം കിട്ടിയതായി അവൾക്കു തോന്നി.
ഏതു കഥയും നോവലും ഇതിഹാസവും ശുഭമായി പര്യവസാനിക്കണമെന്നായിരുന്നു ആ മനുഷ്യന്റെ ആഗ്രഹം. ശോകാന്ത്യങ്ങളോ ദുഃഖത്തിലോ വിഷാദച്ഛായയിലോ ഒരു കഥ തീരുന്നതോ അയാൾക്കു താങ്ങാൻ പറ്റിയിരുന്നില്ല. അതിനാൽ വർഷങ്ങളായി അയാൾ സ്വയം സമർപ്പിച്ചത് താനറിയുന്ന എല്ലാ ഭാഷകളിലുമുള്ള നൂറിലധികം പുസ്തകങ്ങളുടെ അന്ത്യം മാറ്റിയെഴുതുന്നതിനാണ്. മാറ്റിയെഴുതേണ്ട ഭാഗത്തിനു മേൽ കടലാസ്സുതുണ്ടുകളോ ഷീറ്റുകളോ ഒട്ടിച്ചുവച്ച് കഥകളുടെ പരിണതി അയാൾ പാടേ മാറ്റിക്കളഞ്ഞു, ഒരു ശുഭാന്ത്യത്തിലേക്ക് അയാൾ അവയെ കൊണ്ടെത്തിച്ചു.
തന്റെ ജീവിതാന്ത്യത്തിലെ കുറേയധികം ദിവസങ്ങൾ അയാൾ ചിലവഴിച്ചത് എമ്മ മരിക്കുന്ന, മദാം ബോവറിയുടെ മൂന്നാം ഭാഗത്തെ എട്ടാം അദ്ധ്യായം മാറ്റിയെഴുതുന്നതിനായിരിക്കണം. പുതിയ പാഠത്തിൽ എമ്മ സുഖം പ്രാപിക്കുകയും ഭർത്താവുമായി പിന്നെയും ഒരുമിക്കുകയുമാണ്.
അയാളുടെ അവസാനത്തെ രചന പക്ഷേ, അയാൾ തന്റെ കൈയിൽ പിടിച്ചിരുന്ന ആ കടലാസ്സുതുണ്ടായിരുന്നു; വിശന്നു മരിക്കാറായ ആ ഘട്ടത്തിൽ ഒരു റഷ്യൻ നോവലിന്റെ ഫ്രഞ്ചു വിവർത്തനത്തിലെ അവസാനത്തെ വരിയിൽ ഒട്ടിച്ചുവയ്ക്കാൻ നോക്കുകയായിരുന്നു അയാളത്. അയാളുടെ മാസ്റ്റര്പീസ് എന്നു പറയാവുന്നത് അതായിരിക്കണം; വെറും മൂന്നു വാക്കുകൾ പകരം വച്ച് ഒരു ദുരന്തകഥയെ ജീവിതപ്രശ്നങ്ങൾക്കുള്ള തൃപ്തികരമായ പരിഹാരമാക്കി അയാൾ മാറ്റിയെഴുതി.

ഗിയാന്നി ചെലാത്തി Gianni Celati ഇറ്റാലിയൻ എഴുത്തുകാരനും വിവർത്തകനും ഡോക്യുമെന്ററി സംവിധായകനും. 1937ൽ ഇറ്റലിയിലെ സോൻഡ്രിയോയൊൽ ജനിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിൽ താമസം. Adventures in Africa എന്ന യാത്രാവിവരണവും Appearances എന്ന നോവെല്ലകളുടെ സമാഹാരവും പ്രധാനപ്പെട്ട കൃതികൾ. ഈ കഥ Voices from the Plains എന്ന സമാഹാരത്തിൽ നിന്നാണ്.
[dropcap]ഒ[/dropcap]രിക്കൽ നിക്കോളയേവ് സ്റ്റേഷനിൽ വച്ച് രണ്ടു കൂട്ടുകാർ കണ്ടുമുട്ടി; ഒരാൾ നന്നായി തടിച്ചിട്ടായിരുന്നു, മറ്റേയാൾ ശരിക്കും മെലിഞ്ഞും. തടിച്ചയാൾ സ്റ്റേഷനിൽ നിന്ന് ഡിന്നർ കഴിച്ചിറങ്ങുകയായിരുന്നു; വെണ്ണയുടെ മയം മാറാത്ത ചുണ്ടുകൾ മൂത്ത ചെറിപ്പഴങ്ങൾ പോലെ മിനുങ്ങുന്നു. മേൽത്തരം വീഞ്ഞിന്റെയും വാസനത്തൈലത്തിന്റെയും മണം അയാളെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. മെലിഞ്ഞയാൾ ട്രെയിനിൽ നിന്ന് ഇറങ്ങിയപാടെയാണ്. കുറേ സഞ്ചികളും കെട്ടുകളും പെട്ടികളും അയാൾ അടുക്കിപ്പിടിച്ചിരിക്കുന്നു. പന്നിയിറച്ചിയും വില കുറഞ്ഞ കാപ്പിപ്പൊടിയുമാണ് അയാളെ മണക്കുന്നത്. അയാളുടെ പിന്നിൽ നിന്നെത്തിനോക്കുന്ന താടി കൂർത്ത, മെലിഞ്ഞ സ്ത്രീ അയാളുടെ ഭാര്യയാണ്, ഒരു കണ്ണ് ചുരുക്കിപ്പിടിച്ച, ഉയരം കൂടിയ പയ്യൻ അയാളുടെ മകനുമാണ്.
“പോർഫിറി!” മെലിഞ്ഞയാളെ കണ്ട തടിച്ചയാൾ അത്ഭുതം കൂറി. “ഇത് താൻ തന്നെയാണോടോ? എന്റെ ചങ്ങാതീ! നമ്മൾ തമ്മിൽ കണ്ടിട്ടെത്ര കാലമായെടോ!”
“കർത്താവേ!” മെലിഞ്ഞയാൾക്കും അത്ഭുതമായി. “മിഷാ! ഇതെന്റെ കുട്ടിക്കാലത്തെ കൂട്ടുകാരൻ. താനിപ്പോൾ എവിടുന്നു പൊട്ടിവീണു?”
ചങ്ങാതിമാർ മൂന്നു തവണ കെട്ടിപ്പിടിച്ചിട്ട് നനഞ്ഞ കണ്ണുകളോടെ അന്യോന്യം നോക്കിനിന്നു.
“എന്റെ കൂട്ടുകാരാ!” കെട്ടിപ്പിടിക്കലൊക്കെ കഴിഞ്ഞ് മെലിഞ്ഞയാൾ പറഞ്ഞു. “ഞാനിത് തീരെ പ്രതീക്ഷിച്ചില്ല! എന്നെ ശരിക്കൊന്നു നോക്കിയേ. താൻ അന്നത്തെപ്പോലെ തന്നെ ഒരു സുന്ദരക്കുട്ടപ്പൻ തന്നെ ഇപ്പോഴും! എന്റെ കർത്താവേ! അതിരിക്കട്ടെ, വിശേഷങ്ങൾ പറയൂ. പണമൊക്കെ ഉണ്ടാക്കിയോ? കല്യാണം കഴിഞ്ഞോ? എന്റെ വിവാഹം കഴിഞ്ഞു. ഇതെന്റെ ഭാര്യ ലൂയിസ, മുമ്പ് വാൻസെൻബാഹ് ആയിരുന്നു, ലൂഥറൻ സഭ; ഇതെന്റെ മകൻ, നഥാനിയേൽ, മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. നഥാനിയേൽ, ഇതെന്റെ പഴയ ഒരു കൂട്ടുകാരനാണ്; സ്കൂളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.“
നഥാനിയേൽ ഒന്നാലോചിച്ചിട്ട് തൊപ്പിയൂരി.
”ഞങ്ങൾ സ്കൂളിൽ ഒരുമിച്ചായിരുന്നു.“ മെലിഞ്ഞയാൾ തുടർന്നു. ”അവർ തന്നെ കളിയാക്കാറുള്ളത് താൻ ഓർക്കുന്നുണ്ടോ? പാഠപുസ്തകം എരിയുന്ന സിഗററ്റ് വച്ചു കരിച്ചതിന് ഹെറോസ്ട്രാറ്റസ് എന്നായിരുന്നു തനിക്കിട്ടിരുന്ന ഇരട്ടപ്പേര്; കെട്ടുകഥകൾ പറഞ്ഞുനടക്കുന്നതിനാൽ ഞാൻ എഫിയാല്റ്റസ്സുമായി! അന്നൊക്കെ ഞങ്ങൾ ആരായിരുന്നു! നാണിക്കേണ്ട, നഥാനിയേൽ, അടുത്തു ചെന്നോ; ഇതെന്റെ ഭാര്യ, മുമ്പ് വാൻസെൻബാഹ് ആയിരുന്നു, ലൂഥറൻ സഭയിൽ.“
നഥാനിയേൽ ആലോചിച്ചുനിന്നിട്ട് അച്ഛന്റെ പിന്നിൽ അഭയം തേടി.
”അതിരിക്കട്ടെ, തന്റെ കാര്യമൊക്കെ എങ്ങനെ?“ തടിച്ചയാൾ സന്തോഷത്തോടെ കൂട്ടുകാരനെ നോക്കിക്കൊണ്ട് ചോദിച്ചു. ”താൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടോ അതോ പിരിഞ്ഞോ?“
”ഇപ്പോഴും ജോലിയിൽത്തന്നെയാണ് ചങ്ങാതീ. രണ്ടു കൊല്ലമായി കോടതിയിൽ അസ്സെസ്സർ ആണ്; ഒരു സ്റ്റാനിസ്ലാവും കിട്ടിയിട്ടുണ്ട്. ശമ്പളമൊക്കെ കുറവാണ്, അതു കാര്യമാക്കേണ്ട. ഭാര്യ പാട്ടു പഠിപ്പിക്കുന്നുണ്ട്, ഞാൻ സ്വകാര്യമായി തടി കൊണ്ട് സിഗററ്റ് കൂടും ഉണ്ടാക്കുന്നു; നല്ല ഒന്നാന്തരം കൂടുകൾ! ഒന്നിന് ഒരു റൂബിൾ വച്ചു വില്ക്കും. പത്തിൽ കൂടുതലെടുത്താൽ കിഴിവുമുണ്ട്, കേട്ടോ. അങ്ങനെയൊക്കെ തട്ടിമുട്ടി പോകുന്നു. മുമ്പ് ഞാൻ ക്ലാർക്ക് ആയിരുന്നു, ഇപ്പോൾ ഇങ്ങോട്ട് ഹെഡ് ക്ലാർക്ക് ആയി സ്ഥലം മാറ്റം കിട്ടിയിരിക്കുകയാണ്. തന്റെ കാര്യമൊക്കെ എങ്ങനെ? ഇപ്പോഴൊരു കൗൺസിലർ ആയിട്ടുണ്ടാവും, അല്ലേ?“
”അല്ലെടോ, അതിനും മുകളിലാണ്,“ തടിച്ചയാൾ പറഞ്ഞു. ”ഞാനിപ്പോൾ പ്രിവി കൗൺസിലറാണ്…“
മെലിഞ്ഞയാൾ പെട്ടെന്ന് വിളറിയ പോലെയായി; വേരിറങ്ങിയപോലെ അയാൾ നിന്നു. വലിച്ചുനീട്ടിയ ഒരു പുഞ്ചിരി കൊണ്ട് അയാളുടെ മുഖം വക്രിച്ചു; അതിന്റെ സ്ഫുരണങ്ങൾ അയാളുടെ മുഖത്തും കണ്ണുകളിലും നിന്നു ചിതറുന്നപോലെ തോന്നി. അയാൾ വളഞ്ഞുകൂടി, ഒടിഞ്ഞുമടങ്ങി, ചുരുണ്ടുകൂടി. അയാളുടെ കൈയിലെ പെട്ടികളും കെട്ടുകളും സഞ്ചികളും അതേപോലെ ചുരുണ്ടുകൂടിയെന്നു തോന്നി. അയാളുടെ ഭാര്യയുടെ കൂർത്ത താടി ഒന്നുക്ടി കൂർത്തു. നഥാനിയേൽ അറ്റൻഷനായി നീണ്ടുനിവർന്നു നിന്നിട്ട് യൂണിഫോമിന്റെ ബട്ടണുകളെല്ലാം പിടിച്ചിട്ടു.
”എനിക്ക്…യുവർ എക്സലൻസി…വളരെ സന്തോഷമായി! കുട്ടിക്കാലത്തെ ഒരു കൂട്ടുകാരൻ, അങ്ങനെ പറയാമോ എന്തോ, പെട്ടെന്ന് വലിയൊരാളാവുക! ഹി, ഹി!“
”മതി, മതി!“ തടിച്ചയാൾ നീരസത്തോടെ നെറ്റി ചുളിച്ചുകൊണ്ടു പറഞ്ഞു. ”എന്തിനാ ഇങ്ങനെയൊരു ഭാവമാറ്റം? നമ്മൾ പണ്ടു മുതലേ കൂട്ടുകാരല്ലേ? പദവിയോടുള്ള ഈ ബഹുമാനമൊന്നും ആവശ്യമില്ല.“
”അയ്യയ്യോ! യുവർ എക്സലൻസി എന്താണീ പറയുന്നത്?“ ഒന്നുകൂടി ചെറുതായിക്കൊണ്ട് അയാൾ അമർത്തിച്ചിരിച്ചു. ”അങ്ങയുടെ ദാക്ഷിണ്യപൂർവ്വമായ ശ്രദ്ധ മന്നാ പോലെയാണ്…ഇത്, യുവർ എക്സലൻസി, എന്റെ മകൻ നഥാനിയേലാണ്…ഇതെന്റെ ഭാര്യ, ലൂയിസ, ഒരു തരത്തിൽ പറഞ്ഞാൽ ഒരു ലൂഥറൻ…“
തടിച്ചയാൾ എന്തോ തിരിച്ചുപറയാൻ ഒരുങ്ങിയതാണ്; പക്ഷേ മെലിഞ്ഞയാളിന്റെ മുഖത്തെ ആ അമിതബഹുമാനം, ആ കീടഭാവം, ആ ഒലിപ്പിക്കൽ കണ്ടപ്പോൾ കൗൺസിലർക്കു മനം പുരട്ടി. അയാൾ അവിടെ നിന്നു മാറിപ്പോയി; പോകുന്ന വഴിക്ക് അയാൾ മറ്റേയാളുടെ നേർക്ക് ഒന്നു കൈ നീട്ടുകയും ചെയ്തു.
മെലിഞ്ഞയാൾ അതിൽ മൂന്നു വിരലുകളിൽ ഒന്നു തൊട്ടിട്ട് തന്റെ ശരീരമെല്ലാമെടുത്ത് താണുവണങ്ങി; എന്നിട്ട് ഒരു ചൈനാക്കാരനെപ്പോലെ അമർത്തിച്ചിരിച്ചു: ”ഹി-ഹി-ഹി!“
അയാളുടെ ഭാര്യ ഒന്നു പുഞ്ചിരിച്ചു. നഥാനിയേൽ കാലടി കൊണ്ട് നിലത്തൊന്നു വരച്ചിട്ട് തൊപ്പി താഴെയിട്ടു. മൂന്നു പേരും ആവോളം വികാരാധീനരുമായിരുന്നു.
————————————————————————————-
*ഹെറോസ്ട്രാറ്റസ് – പ്രാചീനലോകത്തെ ഏഴു മഹാത്ഭുതങ്ങളിൽ ഒന്നായ ആർട്ടിമീസിന്റെ ക്ഷേത്രം തീ വച്ചു നശിപ്പിച്ച ഗ്രീക്കുകാരൻ. ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. പേരെടുക്കാൻ വേണ്ടിയാണ് താനത് ചെയ്തതെന്ന് അയാൾ കുറ്റസമ്മതം നടത്തുന്നുണ്ട്. ഏതു വിധേനയും പ്രശസ്തനാവാൻ നോക്കുന്നവർക്കുള്ള പര്യായമായിട്ടുണ്ട് അയാളുടെ പേര്.
*എഫിയാല്റ്റസ് – ഒരു ഗ്രീക്ക് രാഷ്ട്രതന്ത്രജ്ഞൻ
*അസ്സെസ്സർ – ജഡ്ജിയുടെയോ മജിസ്ട്രേറ്റിന്റെയോ സഹായി
*സ്റ്റാനിസ്ലാവ്- ഓർഡർ ഒഫ് സെയിന്റ് സ്റ്റാനിസ്ലാവ് – റഷ്യയിലെ റൊമാനോവ് രാജവംശം ഏർപ്പെടുത്തിയ ഒരു മെഡൽ
*പ്രിവി കൗൺസിലർ- സാറിസ്റ്റ് റഷ്യയിൽ ലെഫ്. ജനറലിനു തുല്യമായ സിവിൽ പദവി

സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയാണ്. ആളുകൾ ചേക്കയേറാൻ വീടുകളിലേക്കു പായുന്ന നേരമാണ്; പക്ഷേ എനിക്കു ചേക്കയേറാൻ ഒരിടവുമില്ല. വീടുകൾക്കിടയിലെ ഇടുങ്ങിയ വിടവിലൂടെ ഞാൻ സാവധാനം നടത്തം തുടരുകയാണ്. തെരുവുകൾക്കിരുപുറവുമായി എത്രയോ വീടുകൾ നിരന്നു നില്പുണ്ടെങ്കിലും എനിക്കായി ഒരു വീടില്ലാത്തതെന്തുകൊണ്ടാണ്? ഒരു നൂറാമത്തെ തവണ ആ ചോദ്യം ഞാൻ മനസ്സിൽ ആവർത്തിച്ചു.
ചിലപ്പോൾ ഒരു ടെലിഫോൺ തൂണിനു മുന്നിൽ നിന്നു മൂത്രമൊഴിക്കുമ്പോൾ തൂണിൽ നിന്ന് ഒരു കയർ കഷണം തൂങ്ങിക്കിടക്കുന്നത് കാണാറുണ്ട്; അതിൽ കെട്ടിത്തൂങ്ങാൻ അപ്പോൾ തോന്നിപ്പോകും. കയർ ഏറുകണ്ണിട്ട് എന്റെ കഴുത്തിലേക്കു നോക്കി പറയുകയാണ്: “നമുക്കു വിശ്രമിക്കാം, സഹോദരാ.” അതെ, എനിക്കും വിശ്രമിക്കണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല. ഞാൻ ആ കയറിന്റെ സഹോദരനല്ല, എന്നു മാത്രമല്ല, എനിക്കു വീടില്ലാത്തതിന് അതൊരു പരിഹാരമാവുകയുമില്ല.
എല്ലാ ദിവസവും രാത്രിയെത്തും. രാത്രിയായാൽ വിശ്രമിക്കുകയും വേണം. വീടുകൾ കയറിക്കിടന്ന് വിശ്രമിക്കാനുള്ളതാണ്. അങ്ങനെയാണെങ്കിൽ എന്റെ പേരിലും ഒരു വീടുണ്ടാവണമല്ലോ, അല്ലേ?
പെട്ടെന്ന് എനിക്കൊരു വെളിപാടുണ്ടായി. ഇങ്ങനെയല്ല ഞാൻ ചിന്തിക്കേണ്ടത്. എനിക്കു വീടില്ല എന്നല്ല, എന്റെ വീട് ഞാൻ മറന്നുപോയി എന്നാവാം. അതെ, അതാണു ശരിയെന്നു വരാം. ഉദാഹരണത്തിന് ഒരു വീടിനു മുന്നിലൂടെ കടന്നുപോകുമ്പോൾ എനിക്കു തോന്നുകയാണ്: ഇതു തന്നെയാവില്ലേ, എന്റെ വീട്? മറ്റു വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ അങ്ങനെയൊരു സാദ്ധ്യത സൂചിപ്പിക്കുന്നതായി ഒന്നും കാണാനില്ലെന്നതു സത്യം തന്നെ; അതുപിന്നെ എല്ലാ വീടിന്റെ കാര്യത്തിലും അങ്ങനെയാണല്ലോ. ഇതെന്റ വീടാണ് എന്ന സാദ്ധ്യതയെ നിരാകരിക്കുന്ന ഒരു തെളിവെന്ന് അതിനെ പറയാനില്ല. എനിക്കു ധൈര്യം വരികയാണ്. ശരി, വാതിലിൽ മുട്ടുക തന്നെ.
എനിക്കു ഭാഗ്യമുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന ഒരു സ്ത്രീമുഖം പാതി തുറന്ന ജനാലയിലൂടെ പുറത്തേക്കു നോക്കുന്നു. കണ്ടിട്ട് മനുഷ്യപ്പറ്റുള്ളതാണെന്നു തോന്നുന്നുണ്ട്. എന്റെ ഹൃദയത്തിനരികിലൂടെ പ്രതീക്ഷയുടെ ഒരു കാറ്റ് വീശിപ്പോയി. എന്റെ ഹൃദയം ഒരു കൊടിക്കൂറയായി ചുരുളഴിഞ്ഞു പാറുകയായി. അതീവമാന്യതയോടെ ഞാൻ ചോദിച്ചു:
“ഇതെന്റെ വീടല്ലെന്നുണ്ടോ?”
സ്ത്രീയുടെ മുഖം പെട്ടെന്നു കല്ലിച്ചു. “എന്ത്? നിങ്ങളാരാ?”
വിശദീകരിക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് എനിക്കതിനു കഴിയാതായി. എന്താണു വിശദീകരിക്കേണ്ടതെന്ന് എനിക്കറിയുന്നില്ല. ഞാൻ ആരെന്നുള്ളതല്ല ഇവിടെ വിഷയമെന്ന് എങ്ങനെയാണ് ഞാനവരെ പറഞ്ഞുമനസ്സിലാക്കുക? ആശ കെട്ടവന്റെ ഒരു സാഹസികതയോടെ ഞാൻ പറഞ്ഞു:
“ആയിക്കോട്ടെ, ഇതെന്റെ വീടല്ല എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ ദയവു ചെയ്ത് അതൊന്നു തെളിയിച്ചാൽ നന്നായിരുന്നു.”
“എന്റെ ദൈവമേ…”സ്ത്രീയുടെ മുഖം പരിഭ്രാന്തമാവുകയാണ്. അതു കണ്ടിട്ട് എനിക്കു ദേഷ്യം വന്നു.
“നിങ്ങളുടെ കൈയിൽ തെളിവൊന്നും ഇല്ലെന്നാണെങ്കിൽ ഇതെന്റേതാണെന്നു പറയാൻ എനിക്കവകാശമുണ്ട്.”
“പക്ഷേ ഇതെന്റെ വീടാണ്.”
“അതുകൊണ്ടെന്തു കാര്യം? ഇത് നിങ്ങളുടേതാണെന്നു നിങ്ങൾ പറയുന്നതുകൊണ്ടു മാത്രം ഇതെന്റേതല്ല എന്നു വരുന്നില്ല.”
അതിനു മറുപടി പറയുന്നതിനു പകരം സ്ത്രീ തന്റെ മുഖമൊരു ചുമരാക്കുകയും ജനാല കൊട്ടിയടക്കുകയുമാണ്. അതാണൊരു സ്ത്രീയുടെ ചിരിക്കുന്ന മുഖത്തിന്റെ യഥാർത്ഥരൂപം. എന്തെങ്കിലുമൊന്ന് ഏതെങ്കിലുമൊരാളുടേതാണെങ്കിൽ അതു പിന്നെ എന്റേതല്ല എന്നതിനു പിന്നിലെ എനിക്കു പിടികിട്ടാത്ത യുക്തി എനിക്കെന്നും വെളിപ്പെടുത്തിത്തന്നിട്ടുള്ളത് ഈ രൂപമാറ്റങ്ങളാണ്.
പക്ഷേ, സർവ്വതും മറ്റാരുടേതെങ്കിലുമാവുന്നതും എനിക്കായിട്ടൊന്നുമില്ലെന്നും വരുന്നതുമെങ്ങനെ? ഇനി, എന്റേതല്ലെങ്കിൽത്തന്നെ ആരുടേതുമല്ലാത്തതായി എന്തെങ്കിലുമൊന്നുണ്ടാവേണ്ടതല്ലേ
ചിലനേരത്ത് എനിക്കു മതിഭ്രമങ്ങൾ ഉണ്ടാകുന്നു. കെട്ടിടനിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ വലിയ കോൺക്രീറ്റ് പൈപ്പുകൾ കാണുമ്പോൾ എനിക്കവ സ്വന്തം വീടാണെന്നു തോന്നുകയാണ്. പക്ഷേ അവയും മറ്റാരുടെയോ സ്വന്തമായിക്കഴിഞ്ഞു. അവ മറ്റാരുടെയോ ആണെന്നതിനാൽ എന്റെ ആഗ്രഹങ്ങളോ എന്റെ താല്പര്യങ്ങളോ പരിഗണിക്കാതെ അവ കണ്ണിൽ നിന്നു മറയുന്നു. അല്ലെങ്കിൽ എന്റെ വീടല്ലാത്ത മറ്റെന്തോ ആകുന്നു.
എങ്കില്പിന്നെ പാർക്ക് ബഞ്ചുകളെക്കുറിച്ചെന്തു പറയുന്നു? അതു നല്ല കാര്യമായേനേ, അവ ശരിക്കും എന്റെ വീടായിരുന്നെങ്കിൽ, അയാൾ ലാത്തിയും കൊണ്ടുവന്ന് എന്നെ അടിച്ചോടിച്ചില്ലായിരുന്നുവെങ്കി
“ഹേയ്, എഴുന്നേല്ക്കവിടുന്ന്. ഈ ബഞ്ച് എല്ലാവർക്കും അവകാശപ്പെട്ടതാണ്, ഒരാൾക്കു മാത്രമുള്ളതല്ല, എന്തായാലും തനിക്കുള്ളതല്ല. എഴുന്നേല്ക്ക്, എന്നിട്ട് നടന്നോ. അതിഷ്ടമില്ലെങ്കിൽ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ രാത്രി കഴിക്കാം. അവിടെയല്ലാതെ എവിടെയെങ്കിലും നടത്തം നിർത്തിയാൽ താൻ നിയമം ലംഘിക്കുകയാവും, മനസ്സിലായല്ലോ?”
അലയുന്ന ജൂതൻ- ഞാൻ അതാണോ?
സൂര്യൻ അസ്തമിക്കുകയാണ്. ഞാൻ നടക്കുകയാണ്.
ഒരു വീട്…അപ്രത്യക്ഷമാവാത്ത, മറ്റൊന്നായി മാറാത്ത, മണ്ണിൽ ഉറച്ചുനില്ക്കുന്ന, ഇളകാത്ത വീടുകൾ. അവയ്ക്കിടയിൽ മാറിക്കൊണ്ടിരിക്കുന്ന, എന്നും ഒരേ മുഖമല്ലാത്ത ഒരു വിടവ്…തെരുവ്. മഴദിവസങ്ങളിൽ ചായത്തിൽ മുക്കിയ ബ്രഷ് പോലെയാണത്, മഞ്ഞുള്ളപ്പോൾ ഒരു ടയറിന്റെ ചാലിനത്ര വീതി മാത്രം, കാറ്റു വീശുമ്പോൾ ഒരു കൺവേയർ ബല്റ്റ് പോലെ ഒഴുകുകയാണത്. ഞാൻ നടത്തം തുടരുകയാണ്. എനിക്കൊരു വീടില്ലാത്തതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല, അതു കാരണം എനിക്കു കെട്ടിത്തൂങ്ങിച്ചാവാനും പറ്റുന്നില്ല.
ഹേയ്, ആരാണെന്നെ നെരിയാണിയിൽ പിടിച്ചു നിർത്തുന്നത്? തൂങ്ങിച്ചാവാനുള്ള കയറാണെങ്കിൽ അത്രയും ആവേശം വേണ്ട, അത്ര തിടുക്കവും വേണ്ട. പക്ഷേ ഇതതല്ല. ഒട്ടുന്ന ഒരു പട്ടുനൂലാണത്. ഞാൻ അതിൽ പിടിച്ചു വലിക്കുമ്പോൾ ഷൂസിന്റെ മേല്ഭാഗത്തു നിന്ന് അത് അഴിഞ്ഞഴിഞ്ഞുവരികയാണ്. ആ ഒട്ടുന്ന നൂൽ നീണ്ടുനീണ്ടുവരുന്നു. പേടിപ്പെടുത്തുന്നതാണത്. ജിജ്ഞാസ കാരണം ഞാനതിൽ പിടിച്ചുവലിച്ചുകൊണ്ടിരുന്നു. പിന്നെയുണ്ടായത് കൂടുതൽ വിചിത്രമായതൊന്നാണ്. ഞാൻ പതുക്കെ കുനിഞ്ഞുപോവുകയാണ്. തറനിരപ്പിനു ലംബമായി നിവർന്നുനില്ക്കാൻ എനിക്കു പറ്റുന്നില്ല. ഭൂമിയുടെ അച്ചുതണ്ട് പിന്നെയും ചരിഞ്ഞോ അതോ, ഗുരുത്വാകർഷണത്തിന്റെ ദിശ തിരിഞ്ഞോ?
എന്തോ വീണ ശബ്ദം. എന്റെ ഷൂസ് ഊരി തറയിൽ വീണതാണ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നു. ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞതല്ല, എന്റെ ഒരു കാലിനു നീളം കുറഞ്ഞതാണ്. ഞാൻ ചരടിൽ പിടിച്ചു വലിക്കുമ്പോൾ എന്റെ കാലിനു നീളം കുറഞ്ഞുകുറഞ്ഞു വരികയാണ്. ഒരു ദ്രവിച്ച ജാക്കറ്റിന്റെ കൈ പിന്നലഴിഞ്ഞുവരുന്നതുപോലെ എന്റെ കാൽ അഴിഞ്ഞുവരികയാണ്. പടവലങ്ങയുടെ നാരു പോലത്തെ ആ ചരടാണ് എന്റെ ജീർണ്ണിക്കുന്ന കാല്.
ഒരടി കൂടി വയ്ക്കാൻ എനിക്കു പറ്റുന്നില്ല. എന്തു ചെയ്യണമെന്ന് എനിക്കറിയുന്നില്ല. ഞാൻ നില്ക്കുകയാണ്. പട്ടുചരടായി മാറിയ എന്റെ കാലിന് എന്റെ കൈയിനുള്ളിൽ അനക്കം വയ്ക്കുന്നു. അത് കൈയിൽ നിന്ന് സാവധാനം പുറത്തേക്കിഴഞ്ഞിറങ്ങുന്നു. അതിന്റെ തുമ്പ് എന്റെ കൈയുടെ സഹായമില്ലാതെ തന്നെ പുറത്തുവന്ന് ഒരു പാമ്പിനെപ്പോലെ എന്നെ ചുറ്റാൻ തുടങ്ങുന്നു. എന്റെ ഇടതുകാൽ അഴിഞ്ഞുതീർന്നപ്പോൾ വലതുകാൽ അഴിയുകയായി. അല്പനേരം കഴിഞ്ഞപ്പോൾ ഒരു സഞ്ചിയെന്നപോലെ അതെന്നെ ചുറ്റിക്കഴിഞ്ഞു. അതുകൊണ്ടും നിന്നില്ല; ഇടുപ്പിൽ നിന്ന് നെഞ്ചിലേക്ക്, നെഞ്ചിൽ നിന്ന് തോളുകളിലേക്ക് ഞാൻ നൂലായി അഴിയുന്നു, അഴിയുന്ന നൂൽ സഞ്ചിയുടെ ഉള്ളു നെയ്യുന്നു. ഒടുവിൽ ഞാൻ ഇല്ലാതാവുന്നു.
പിന്നെ ശേഷിച്ചത് പൊള്ളയായ ഒരു കൊക്കൂൺ.
ഹാവൂ, ഇനിയെനിക്ക് ഒന്നു വിശ്രമിക്കാമെന്നായിരിക്കുന്നു. അസ്തമയസൂര്യൻ കൊക്കൂണിൽ ചെഞ്ചായം പൂശുന്നു. ഇതെന്തായാലും എന്റെ വീടു തന്നെ, ആരുമെന്നെ ഇതിൽ നിന്നിറക്കിവിടാൻ പോകുന്നില്ല. എനിക്കൊരു വീടുണ്ടായി, പക്ഷേ അതിൽ താമസിക്കാൻ ഒരു ‘ഞാൻ’ ഇല്ല എന്നതു മാത്രമാണ് പ്രശ്നം.

ജനിച്ചത് ജപ്പാനിൽ ആണെങ്കിലും പതിനേഴു വയസ്സു വരെ വളർന്നത് മഞ്ചൂറിയയിൽ ആണ്. അവിടെ മെഡിക്കൽ കോളേജിൽ പ്രൊഫസ്സറായിരുന്നു അച്ഛൻ. പഠിക്കുമ്പോൾ ഗണിതത്തിലെന്നപോലെ കീടങ്ങളെ ശേഖരിക്കുന്നതിലും വലിയ താല്പര്യമായിരുന്നു. 1941ൽ ജപ്പാനിലേക്കു പോയി. വൈദ്യപഠനത്തിനു ചേർന്നുവെങ്കിലും പൂർത്തിയാക്കാതെ 1945ൽ മഞ്ചൂറിയയിലേക്കു മടങ്ങി. 1946ൽ ജപ്പാനിലേക്കു നാടു കടത്തപ്പെട്ടു. ഒരിക്കലും പ്രാക്റ്റീസ് ചെയ്യരുതെന്ന ഉപാധിയിൽ 1948ൽ മെഡിസിൻ ഡിഗ്രി എടുത്തു. എന്നാൽ ഇക്കാലമായപ്പോഴേക്കും അദ്ദേഹത്തിന്റെ സാഹിത്യാഭിമുഖ്യം പുറത്തുവന്നു കഴിഞ്ഞിരുന്നു. 1947ൽ Mumei Shishu (അജ്ഞാതന്റെ കവിതകൾ) സ്വന്തം ചെലവിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. അടുത്ത കൊല്ലം Owarishi michi no shirube ni (തെരുവിനറ്റത്തെ വഴിയടയാളം) എന്ന നോവലും. 1951ൽ Kabe(ഭിത്തി) എന്ന ചെറുനോവലിന് വിഖ്യാതമായ ‘അകുതഗാവ’ സമ്മാനം കിട്ടയ്തോടെ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചു.
1950 മുതൽ അദ്ദേഹം ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു. എന്നാൽ 1956ൽ നടത്തിയ ഒരു കിഴക്കൻ യൂറോപ്യൻ സന്ദർശനവും 1958ലെ റഷ്യയുടെ ഹംഗേറിയൻ അധിനിവേശവും അദ്ദേഹത്തെ നിരാശനാക്കി. പാർട്ടിയിൽ നിന്നു പുറത്തുപോരാൻ അപേക്ഷിച്ചുവെങ്കിലും അത് നിരസിക്കപ്പെട്ടു. ഒടുവിൽ 1962ൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതേ വർഷം തന്നെയാണ് അദ്ദേഹത്തിന്റെ Suna no onna ( മണല്ക്കൂനകൾക്കിടയിലെ സ്ത്രീ) എന്ന അതിപ്രശസ്തമായ നോവൽ പുറത്തുവരുന്നതും. ഈ നോവൽ 1964ൽ അതേ പേരിൽത്തന്നെ സിനിമയുമായി.
1973ൽ അദ്ദേഹം അബെ കോബോ സ്റ്റുഡിയോ എന്ന നാടകസംഘം രൂപീകരിച്ചു. വർഷം ഒന്നും രണ്ടും നാടകങ്ങൾ എഴുതുകയും അവ താൻ തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. അതിൽ ഏറ്റവും പേരു കേട്ടത് Tomodachi (കൂട്ടുകാർ) എന്ന 1967ലെ നാടകമാണ്.
ആധുനികനഗരജീവിതത്തിന്റെ കെണിയിൽ വീണവരാണ് കോബോയുടെ കഥാപാത്രങ്ങൾ. പലപ്പോഴും അവർക്കു വഴി തെറ്റുന്നു, തങ്ങളുടെ സ്വത്വം നഷ്ടപ്പെടുന്നു, തങ്ങളെ വിധിവശരാക്കിയ വിഭ്രാമകസംഭവങ്ങളെ ഇഴ പേർത്തെടുക്കാനുള്ള ശ്രമത്തിൽ അവർ പരാജിതരുമാകുന്നു. ജാപ്പനീസ് കാഫ്ക എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു കഥയിൽ കഥാപാത്രം ഒരു ചെടിയായി രൂപം മാറുന്നു. മറ്റൊരു കഥയിൽ നിത്യജീവിതത്തിൽ താൻ അനുഭവിക്കാത്ത സ്വാതന്ത്ര്യം കണ്ടെത്താനായി ഒരാൾ ഒരു പെട്ടിക്കുള്ളിലേക്ക് ജീവിതം മാറ്റുന്നു. ‘ചുവന്ന കൊക്കൂൺ’ എന്ന ഈ കഥയിൽ ഒരാൾ തന്റെ ഷൂസിൽ നിന്നു തെറിച്ചുനിന്ന ഒരു ചരടിൽ പിടിച്ചു വലിക്കുമ്പോൾ ഒരു നൂല്ക്കഴി പോലെ അയാൾ തന്നെ അഴിഞ്ഞില്ലാതാവുകയാണ്.
