പൂമുഖം LITERATUREലോകകഥ തടിച്ച ഒരാളും മെലിഞ്ഞ ഒരാളും -ആന്റൺ ചെക്കോഫ്

തടിച്ച ഒരാളും മെലിഞ്ഞ ഒരാളും -ആന്റൺ ചെക്കോഫ്

രിക്കൽ നിക്കോളയേവ് സ്റ്റേഷനിൽ വച്ച് രണ്ടു കൂട്ടുകാർ കണ്ടുമുട്ടി; ഒരാൾ നന്നായി തടിച്ചിട്ടായിരുന്നു, മറ്റേയാൾ ശരിക്കും മെലിഞ്ഞും. തടിച്ചയാൾ സ്റ്റേഷനിൽ നിന്ന് ഡിന്നർ കഴിച്ചിറങ്ങുകയായിരുന്നു; വെണ്ണയുടെ മയം മാറാത്ത ചുണ്ടുകൾ മൂത്ത ചെറിപ്പഴങ്ങൾ പോലെ മിനുങ്ങുന്നു. മേൽത്തരം വീഞ്ഞിന്റെയും വാസനത്തൈലത്തിന്റെയും മണം അയാളെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. മെലിഞ്ഞയാൾ ട്രെയിനിൽ നിന്ന് ഇറങ്ങിയപാടെയാണ്‌. കുറേ സഞ്ചികളും കെട്ടുകളും പെട്ടികളും അയാൾ അടുക്കിപ്പിടിച്ചിരിക്കുന്നു. പന്നിയിറച്ചിയും വില കുറഞ്ഞ കാപ്പിപ്പൊടിയുമാണ്‌ അയാളെ മണക്കുന്നത്. അയാളുടെ പിന്നിൽ നിന്നെത്തിനോക്കുന്ന താടി കൂർത്ത, മെലിഞ്ഞ സ്ത്രീ അയാളുടെ ഭാര്യയാണ്‌, ഒരു കണ്ണ്‌ ചുരുക്കിപ്പിടിച്ച, ഉയരം കൂടിയ പയ്യൻ അയാളുടെ മകനുമാണ്‌.

“പോർഫിറി!” മെലിഞ്ഞയാളെ കണ്ട തടിച്ചയാൾ അത്ഭുതം കൂറി. “ഇത് താൻ തന്നെയാണോടോ? എന്റെ ചങ്ങാതീ! നമ്മൾ തമ്മിൽ കണ്ടിട്ടെത്ര കാലമായെടോ!”

“കർത്താവേ!” മെലിഞ്ഞയാൾക്കും അത്ഭുതമായി. “മിഷാ! ഇതെന്റെ കുട്ടിക്കാലത്തെ കൂട്ടുകാരൻ. താനിപ്പോൾ എവിടുന്നു പൊട്ടിവീണു?”

ചങ്ങാതിമാർ മൂന്നു തവണ കെട്ടിപ്പിടിച്ചിട്ട് നനഞ്ഞ കണ്ണുകളോടെ അന്യോന്യം നോക്കിനിന്നു.

“എന്റെ കൂട്ടുകാരാ!” കെട്ടിപ്പിടിക്കലൊക്കെ കഴിഞ്ഞ് മെലിഞ്ഞയാൾ പറഞ്ഞു. “ഞാനിത് തീരെ പ്രതീക്ഷിച്ചില്ല! എന്നെ ശരിക്കൊന്നു നോക്കിയേ. താൻ അന്നത്തെപ്പോലെ തന്നെ ഒരു സുന്ദരക്കുട്ടപ്പൻ തന്നെ ഇപ്പോഴും! എന്റെ കർത്താവേ! അതിരിക്കട്ടെ, വിശേഷങ്ങൾ പറയൂ. പണമൊക്കെ ഉണ്ടാക്കിയോ? കല്യാണം കഴിഞ്ഞോ? എന്റെ വിവാഹം കഴിഞ്ഞു. ഇതെന്റെ ഭാര്യ ലൂയിസ, മുമ്പ് വാൻസെൻബാഹ് ആയിരുന്നു, ലൂഥറൻ സഭ; ഇതെന്റെ മകൻ, നഥാനിയേൽ, മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. നഥാനിയേൽ, ഇതെന്റെ പഴയ ഒരു കൂട്ടുകാരനാണ്‌; സ്കൂളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.“

നഥാനിയേൽ ഒന്നാലോചിച്ചിട്ട് തൊപ്പിയൂരി.

”ഞങ്ങൾ സ്കൂളിൽ ഒരുമിച്ചായിരുന്നു.“ മെലിഞ്ഞയാൾ തുടർന്നു. ”അവർ തന്നെ കളിയാക്കാറുള്ളത് താൻ ഓർക്കുന്നുണ്ടോ? പാഠപുസ്തകം എരിയുന്ന സിഗററ്റ് വച്ചു കരിച്ചതിന്‌ ഹെറോസ്ട്രാറ്റസ് എന്നായിരുന്നു തനിക്കിട്ടിരുന്ന ഇരട്ടപ്പേര്‌; കെട്ടുകഥകൾ പറഞ്ഞുനടക്കുന്നതിനാൽ ഞാൻ എഫിയാല്റ്റസ്സുമായി! അന്നൊക്കെ ഞങ്ങൾ ആരായിരുന്നു! നാണിക്കേണ്ട, നഥാനിയേൽ, അടുത്തു ചെന്നോ; ഇതെന്റെ ഭാര്യ, മുമ്പ് വാൻസെൻബാഹ് ആയിരുന്നു, ലൂഥറൻ സഭയിൽ.“

നഥാനിയേൽ ആലോചിച്ചുനിന്നിട്ട് അച്ഛന്റെ പിന്നിൽ അഭയം തേടി.

”അതിരിക്കട്ടെ, തന്റെ കാര്യമൊക്കെ എങ്ങനെ?“ തടിച്ചയാൾ സന്തോഷത്തോടെ കൂട്ടുകാരനെ നോക്കിക്കൊണ്ട് ചോദിച്ചു. ”താൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടോ അതോ പിരിഞ്ഞോ?“

”ഇപ്പോഴും ജോലിയിൽത്തന്നെയാണ്‌ ചങ്ങാതീ. രണ്ടു കൊല്ലമായി കോടതിയിൽ അസ്സെസ്സർ ആണ്‌; ഒരു സ്റ്റാനിസ്ലാവും കിട്ടിയിട്ടുണ്ട്. ശമ്പളമൊക്കെ കുറവാണ്‌, അതു കാര്യമാക്കേണ്ട. ഭാര്യ പാട്ടു പഠിപ്പിക്കുന്നുണ്ട്, ഞാൻ സ്വകാര്യമായി തടി കൊണ്ട് സിഗററ്റ് കൂടും ഉണ്ടാക്കുന്നു; നല്ല ഒന്നാന്തരം കൂടുകൾ! ഒന്നിന്‌ ഒരു റൂബിൾ വച്ചു വില്ക്കും. പത്തിൽ കൂടുതലെടുത്താൽ കിഴിവുമുണ്ട്, കേട്ടോ. അങ്ങനെയൊക്കെ തട്ടിമുട്ടി പോകുന്നു. മുമ്പ് ഞാൻ ക്ലാർക്ക് ആയിരുന്നു, ഇപ്പോൾ ഇങ്ങോട്ട് ഹെഡ് ക്ലാർക്ക് ആയി സ്ഥലം മാറ്റം കിട്ടിയിരിക്കുകയാണ്‌. തന്റെ കാര്യമൊക്കെ എങ്ങനെ? ഇപ്പോഴൊരു കൗൺസിലർ ആയിട്ടുണ്ടാവും, അല്ലേ?“

”അല്ലെടോ, അതിനും മുകളിലാണ്‌,“ തടിച്ചയാൾ പറഞ്ഞു. ”ഞാനിപ്പോൾ പ്രിവി കൗൺസിലറാണ്‌…“

മെലിഞ്ഞയാൾ പെട്ടെന്ന് വിളറിയ പോലെയായി; വേരിറങ്ങിയപോലെ അയാൾ നിന്നു. വലിച്ചുനീട്ടിയ ഒരു പുഞ്ചിരി കൊണ്ട് അയാളുടെ മുഖം വക്രിച്ചു; അതിന്റെ സ്ഫുരണങ്ങൾ അയാളുടെ മുഖത്തും കണ്ണുകളിലും നിന്നു ചിതറുന്നപോലെ തോന്നി. അയാൾ വളഞ്ഞുകൂടി, ഒടിഞ്ഞുമടങ്ങി, ചുരുണ്ടുകൂടി. അയാളുടെ കൈയിലെ പെട്ടികളും കെട്ടുകളും സഞ്ചികളും അതേപോലെ ചുരുണ്ടുകൂടിയെന്നു തോന്നി. അയാളുടെ ഭാര്യയുടെ കൂർത്ത താടി ഒന്നുക്ടി കൂർത്തു. നഥാനിയേൽ അറ്റൻഷനായി നീണ്ടുനിവർന്നു നിന്നിട്ട് യൂണിഫോമിന്റെ ബട്ടണുകളെല്ലാം പിടിച്ചിട്ടു.

”എനിക്ക്…യുവർ എക്സലൻസി…വളരെ സന്തോഷമായി! കുട്ടിക്കാലത്തെ ഒരു കൂട്ടുകാരൻ, അങ്ങനെ പറയാമോ എന്തോ, പെട്ടെന്ന് വലിയൊരാളാവുക! ഹി, ഹി!“

”മതി, മതി!“ തടിച്ചയാൾ നീരസത്തോടെ നെറ്റി ചുളിച്ചുകൊണ്ടു പറഞ്ഞു. ”എന്തിനാ ഇങ്ങനെയൊരു ഭാവമാറ്റം? നമ്മൾ പണ്ടു മുതലേ കൂട്ടുകാരല്ലേ? പദവിയോടുള്ള ഈ ബഹുമാനമൊന്നും ആവശ്യമില്ല.“

”അയ്യയ്യോ! യുവർ എക്സലൻസി എന്താണീ പറയുന്നത്?“ ഒന്നുകൂടി ചെറുതായിക്കൊണ്ട് അയാൾ അമർത്തിച്ചിരിച്ചു. ”അങ്ങയുടെ ദാക്ഷിണ്യപൂർവ്വമായ ശ്രദ്ധ മന്നാ പോലെയാണ്‌…ഇത്, യുവർ എക്സലൻസി, എന്റെ മകൻ നഥാനിയേലാണ്‌…ഇതെന്റെ ഭാര്യ, ലൂയിസ, ഒരു തരത്തിൽ പറഞ്ഞാൽ ഒരു ലൂഥറൻ…“

തടിച്ചയാൾ എന്തോ തിരിച്ചുപറയാൻ ഒരുങ്ങിയതാണ്‌; പക്ഷേ മെലിഞ്ഞയാളിന്റെ മുഖത്തെ ആ അമിതബഹുമാനം, ആ കീടഭാവം, ആ ഒലിപ്പിക്കൽ കണ്ടപ്പോൾ കൗൺസിലർക്കു മനം പുരട്ടി. അയാൾ അവിടെ നിന്നു മാറിപ്പോയി; പോകുന്ന വഴിക്ക് അയാൾ മറ്റേയാളുടെ നേർക്ക് ഒന്നു കൈ നീട്ടുകയും ചെയ്തു.

മെലിഞ്ഞയാൾ അതിൽ മൂന്നു വിരലുകളിൽ ഒന്നു തൊട്ടിട്ട് തന്റെ ശരീരമെല്ലാമെടുത്ത് താണുവണങ്ങി; എന്നിട്ട് ഒരു ചൈനാക്കാരനെപ്പോലെ അമർത്തിച്ചിരിച്ചു: ”ഹി-ഹി-ഹി!“

അയാളുടെ ഭാര്യ ഒന്നു പുഞ്ചിരിച്ചു. നഥാനിയേൽ കാലടി കൊണ്ട് നിലത്തൊന്നു വരച്ചിട്ട് തൊപ്പി താഴെയിട്ടു. മൂന്നു പേരും ആവോളം വികാരാധീനരുമായിരുന്നു.
————————————————————————————-

*ഹെറോസ്ട്രാറ്റസ് – പ്രാചീനലോകത്തെ ഏഴു മഹാത്ഭുതങ്ങളിൽ ഒന്നായ ആർട്ടിമീസിന്റെ ക്ഷേത്രം തീ വച്ചു നശിപ്പിച്ച ഗ്രീക്കുകാരൻ. ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. പേരെടുക്കാൻ വേണ്ടിയാണ്‌ താനത് ചെയ്തതെന്ന് അയാൾ കുറ്റസമ്മതം നടത്തുന്നുണ്ട്. ഏതു വിധേനയും പ്രശസ്തനാവാൻ നോക്കുന്നവർക്കുള്ള പര്യായമായിട്ടുണ്ട് അയാളുടെ പേര്‌.

*എഫിയാല്റ്റസ് – ഒരു ഗ്രീക്ക് രാഷ്ട്രതന്ത്രജ്ഞൻ

*അസ്സെസ്സർ – ജഡ്ജിയുടെയോ മജിസ്ട്രേറ്റിന്റെയോ സഹായി

*സ്റ്റാനിസ്ലാവ്- ഓർഡർ ഒഫ് സെയിന്റ് സ്റ്റാനിസ്ലാവ് – റഷ്യയിലെ റൊമാനോവ് രാജവംശം ഏർപ്പെടുത്തിയ ഒരു മെഡൽ

*പ്രിവി കൗൺസിലർ- സാറിസ്റ്റ് റഷ്യയിൽ ലെഫ്. ജനറലിനു തുല്യമായ സിവിൽ പദവി

anton

Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like