പൂമുഖം LITERATUREലോകകഥ അമ്മ – ഇറ്റാലോ സ്വെവോ

അമ്മ – ഇറ്റാലോ സ്വെവോ

 

ൃക്ഷനിബിഡമായ കുന്നുകൾ വലയം ചെയ്യുന്ന, വസന്തത്തിന്റെ വർണ്ണങ്ങൾ കൊണ്ടു പ്രസന്നമായ ഒരു താഴ്‌വരയിൽ രണ്ടു വലിയ വീടുകൾ അടുത്തടുത്തു നിന്നിരുന്നു; വെറും കല്ലും സിമന്റും കൊണ്ടു പണിത അനലംകൃതമായ കെട്ടിടങ്ങൾ. ഒരേ കൈകളാണവ പണിതെടുത്തതെന്നു തോന്നിപ്പോകും. ഓരോ വീടിന്റെയും മുന്നിൽ കുറ്റിച്ചെടികൾ കൊണ്ടു വേലി കെട്ടിത്തിരിച്ചിരുന്ന പൂന്തോട്ടങ്ങൾക്കു പോലും ഒരേ വലിപ്പവും രൂപവുമായിരുന്നു. എന്നാൽ അവയിലെ അന്തേവാസികളുടെ തലയിലെഴുത്തുകൾ വ്യത്യസ്തമായിരുന്നു.

അതിലൊന്നിൽ- ഈ സമയത്ത് നായ തുടലിൽ കിടന്നു മയങ്ങുകയായിരുന്നു, വീട്ടുകാരൻ പഴത്തോട്ടത്തിൽ എന്തോ പണിയിലായിരുന്നു- അല്പം ദൂരെ മാറിയുള്ള ഒരു മൂലയ്ക്കിരുന്ന് ചില കോഴിക്കുഞ്ഞുങ്ങൾ തങ്ങളുടെ ജീവിതാനുഭവങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു. കുറേക്കൂടി പ്രായമുള്ള ചില കോഴിക്കുഞ്ഞുങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിലും അവയ്ക്കല്ല, തങ്ങൾ പൊട്ടിപ്പുറത്തു വന്ന മുട്ടയുടെ രൂപം ഉടലിനിനിയും പോയിട്ടില്ലാത്ത കുഞ്ഞന്മാർക്കായിരുന്നു തങ്ങൾ ചെന്നുവീണ ഈ ജീവിതത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വലിയ തിടുക്കം; കാരണം, അവരതു കാണാനിരിക്കുന്നതേയുള്ളു എന്നതിനാൽ അവർക്കതത്ര പരിചയമായിട്ടില്ല. ജീവിതത്തിന്റെ സുഖദുഃഖങ്ങൾ അവർ ഇതിനകം അറിഞ്ഞുകഴിഞ്ഞിരുന്നു; ഏതാനും ദിവസം പ്രായമായവർക്കാണല്ലോ, വർഷങ്ങൾ ജീവിതത്തിലൂടെ കടന്നുപോയവരെക്കാൾ അത് ദീർഘമായി തോന്നുന്നത്. മുട്ടകൾക്കുള്ളിൽ കഴിയുമ്പോഴത്തെ വലിയ അനുഭവങ്ങളിൽ നിന്നു ചിലതൊക്കെ കൂടെക്കൊണ്ടുവന്നിരുന്നതിനാൽ അവർ അറിവുള്ളവരുമായിരുന്നു. വാസ്തവം പറഞ്ഞാൽ, വിരിഞ്ഞിറങ്ങേണ്ട താമസം, അവർ പഠിച്ചിരുന്നു, വസ്തുക്കളെ ആദ്യം ഒരു കണ്ണു കൊണ്ടും പിന്നെ മറ്റേക്കണ്ണു കൊണ്ടും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന്, എന്നാലേ അവ തിന്നാൻ കൊള്ളുന്നതാണോ അതോ അപകടം പിടിച്ചതാണോ എന്നറിയാൻ കഴിയൂയെന്ന്.

മരങ്ങളും അവയ്ക്കു വേലി കെട്ടുന്ന കുറ്റിച്ചെടികളും ഉയർന്നുനില്ക്കുന്ന കൂറ്റൻ വീടും അടങ്ങിയ ഈ ലോകവും അതിന്റെ വൈപുല്യവും അവരുടെ സംസാരവിഷയമായി. ഈ കാര്യങ്ങളൊക്കെ അവർ കണ്ടുകൊണ്ടിരിക്കുന്നതു തന്നെ, എന്നാൽ അവയെക്കുറിച്ചു സംസാരിക്കുമ്പോൾ അവർക്കു കൂടുതൽ നല്ലൊരു നോട്ടം കിട്ടുന്നതുപോലെയായിരുന്നു.

അതിലൊരാൾ, ഒരു മഞ്ഞത്തൂവലുകാരൻ- വേണ്ടതിലധികം ചെലുത്തിക്കഴിഞ്ഞതിനാൽ അലസനും- കാണാവുന്ന സംഗതികളെക്കുറിച്ചു ചർച്ച ചെയ്യുന്നതുകൊണ്ടു തൃപ്തനായില്ല; വെയിലിന്റെ ഊഷ്മളതയിൽ നിന്നു കിട്ടിയ ഒരോർമ്മ അയാൾ തിടുക്കത്തിൽ ഇങ്ങനെ ആവിഷ്കരിച്ചു: “അതെ, വെയിലിന്റെ ചൂടൊക്കെയുള്ളതിനാൽ നമുക്കു സുഖമാണെന്നതു സംഗതി ശരി തന്നെ; എന്നാൽ ഈ ലോകത്ത് ഇതിനേക്കാൾ സുഖമായി ജീവിക്കാമെന്ന് ഞാൻ ഒരിക്കൽ കേട്ടു; അതു കേട്ടപ്പോൾ എനിക്കു വിഷമമായി, ആ വിഷമം നിങ്ങളും അറിയാൻ വേണ്ടിയാണു ഞാൻ പറയുന്നത്. വീട്ടുകാരന്റെ മകൾ പറയുകയാണ്‌, നമ്മൾ അമ്മയില്ലാത്ത കുട്ടികളാണെന്ന്, അതിനാൽ നമ്മളെ കണ്ടാൽ കഷ്ടം തോന്നുമെന്ന്. അവളതു പറയുന്ന രീതി കണ്ടപ്പോൾ എനിക്കു കരച്ചിൽ വന്നുപോയി.“

ഈയാളെക്കാൾ വെളുത്തതും ചില മണിക്കൂറുകൾ ഇളയതും അതിനാൽ താൻ ജനിച്ചുവീണ സുഖപ്രദമായ അന്തരീക്ഷം ഇനിയും ഓർമ്മയിൽ നിന്നു പോകാത്തതുമായ മറ്റൊരു കോഴിക്കുഞ്ഞ് ഇങ്ങനെ പ്രതിഷേധിച്ചു: ”നമുക്കും ഒരമ്മയുണ്ടായിരുന്നു. അത് ആ ഇൻകുബേറ്ററാണ്‌, എത്ര തണുപ്പായിരുന്നാലും ഇളംചൂടു മാറാത്ത, കോഴിക്കുഞ്ഞുങ്ങൾ റെഡിമെയ്ഡ് ആയി പുറത്തുവരുന്ന ആ കൊച്ചുപെട്ടി.“

വീട്ടുകാരന്റെ മകളുടെ വാക്കുകൾ ആ മഞ്ഞനിറക്കാരൻ തന്റെ തലയ്ക്കുള്ളിൽ സുവിശദമായി രേഖപ്പെടുത്തിവച്ചിട്ട് കുറേ നാളുകളായിരുന്നു;
അതിനാൽ അതിനെക്കുറിച്ചാലോചിച്ചാലോചിച്ച് ഉള്ളതിലധികം വലുതായിക്കാണാനും അവനു സമയം കിട്ടിയിരുന്നു. ആ വളപ്പു പോലെ വലുതും തീറ്റ പോലെ നല്ലതുമായ ഒരമ്മയുടെ ഭാവനാചിത്രം അവൻ സ്വപ്നത്തിൽ നിർമ്മിച്ചെടുത്തിരുന്നു. ഇടയ്ക്കു കയറിപ്പറഞ്ഞവനോടെന്നപോലെ അവൻ പറഞ്ഞ ആ അമ്മയോടുമുള്ള അവജ്ഞ പ്രകടിപ്പിച്ചുകൊണ്ട് അവൻ ഉറക്കെ ഇങ്ങനെ പറഞ്ഞു: ”ജീവനില്ലാത്ത ഒരമ്മയുടെ കാര്യമാണു പറയുന്നതെങ്കിൽ അതിപ്പോൾ ആർക്കും കിട്ടും. പക്ഷേ ഞാൻ പറയുന്ന അമ്മ ജീവനുള്ളതാണ്‌, നമുക്കാവുന്നതിനെക്കാൾ വേഗത്തിൽ ഓടാൻ അവർക്കു കഴിയും. കാളവണ്ടിയുടേതു പോലത്തെ ചക്രങ്ങൾ അവർക്കുണ്ടെന്നു തോന്നുന്നു. അതിനാൽ, ഈ ലോകത്തെ തണുപ്പു കൊണ്ട് നിങ്ങൾ മരവിച്ചുചാകുമെന്നാവുമ്പോൾ നിങ്ങൾ വിളിക്കാതെതന്നെ നിങ്ങൾക്കു ചൂടു തരാൻ അവർക്കോടിയെത്താൻ പറ്റും. അങ്ങനെയൊരമ്മ രാത്രിയിൽ അരികത്തുണ്ടെങ്കിൽ എന്തു രസമായിരിക്കും.“

ഈ സമയത്ത് മൂന്നാമതൊരാൾ ഇടയ്ക്കു കയറി; അതേ ഇൻകുബേറ്ററിൽ നിന്നാണു വിരിഞ്ഞതെന്നതിനാൽ മറ്റിരുവരുടെയും കൂടപ്പിറപ്പാണെങ്കിലും വീതിയേറിയ ചുണ്ടുകളും കുറിയ കാലുകളുമായി ആൾ രൂപത്തിൽ അല്പം വ്യത്യാസപ്പെട്ടിട്ടായിരുന്നു. പെരുമാറാനറിയാത്ത ഒരു കോഴിക്കുട്ടിയായിട്ടാണ്‌ മറ്റുള്ളവർ അവനെ കണ്ടിരുന്നത്; കാരണം, തീറ്റയെടുക്കുമ്പോൾ അവന്റെ ചുണ്ടുകൾ കൂട്ടിമുട്ടി ഒരു ‘ക്ലക്ക്’ ശബ്ദമുണ്ടാക്കുന്നത് നിങ്ങൾക്കു കേൾക്കാം. വാസ്തവമെന്തെന്നാൽ, അവനൊരു താറാവിൻകുഞ്ഞായിരുന്നു, സ്വന്തം നാട്ടിൽ അവൻ ഒന്നാന്തരമൊരു മാന്യനുമായേനെ. അവന്റെ മുന്നിൽ വച്ചും ആ പെൺകുട്ടി ഒരമ്മയുടെ കാര്യം സംസാരിച്ചിരുന്നു. ഒരു കോഴിക്കുഞ്ഞ് തണുപ്പു താങ്ങാനാവാതെ പുല്പരപ്പിൽ ചടഞ്ഞുവീണു ചത്ത ദിവസമാണ്‌ ആ സംസാരമുണ്ടായത്. മറ്റു കോഴിക്കുഞ്ഞുങ്ങൾ അതിന്റെ ചുറ്റും കൂടിനിന്നതല്ലാതെ അതിനെ സഹായിക്കാൻ ഒന്നും ചെയ്തില്ല; കാരണം, മറ്റൊരാൾക്കനുഭവപ്പെടുന്ന തണുപ്പ് അവർക്കനുഭവപ്പെട്ടിരുന്നില്ലല്ലോ. കൊച്ചുമുഖത്ത് വലിയ ചുണ്ടുകൾ നല്കിയ പാവത്തവുമായി ആ താറാക്കുട്ടി ഇങ്ങനെ പ്രഖ്യാപിച്ചു: അമ്മമാർ അരികത്തുണ്ടെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ അങ്ങനെയങ്ങു ചാകില്ലെന്ന്.

ഒരമ്മ വേണമെന്ന തീവ്രമായ ആഗ്രഹം വൈകാതെ കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ പടർന്നുപിടിച്ചു; കൂട്ടത്തിൽ പ്രായം കൂടിയവരെയാണ്‌ അത് കൂടുതൽ അസ്വസ്ഥരാക്കിയത്, അവരുടെ മനസ്സിലേക്കാണത് കൂടുതൽ തീക്ഷ്ണമായി ചെന്നുകേറിയത്. ബാലാരിഷ്ടകൾ പലപ്പോഴും മുതിർന്നവരെയും ബാധിക്കാറുണ്ട്, അവരിലാണത് കൂടുതൽ അപകടകരമാവുന്നതും. ചിലപ്പോഴൊക്കെ ആശയങ്ങളുടെ കാര്യത്തിലും അതു ശരിയാണ്‌. വസന്തകാലം ചൂടു പിടിപ്പിച്ച ആ കുഞ്ഞുതലകളിൽ രൂപപ്പെട്ട അമ്മയുടെ രൂപം അളവുകൾ ഭേദിച്ചു വികസിച്ചു; നല്ലതായി തോന്നിയതെല്ലാം- നല്ല കാലാവസ്ഥ, ഇഷ്ടം പോലെ തീറ്റ- അമ്മയായി. കോഴിക്കുഞ്ഞുങ്ങൾക്കും താറാക്കുഞ്ഞുങ്ങൾക്കും ടർക്കിക്കുഞ്ഞുങ്ങൾക്കും സുഖമില്ലാതായപ്പോൾ അവർ ശരിക്കും ഒരമ്മ പെറ്റ കുഞ്ഞുങ്ങളുമായി, കാരണം, എല്ലാവരും നെടുവീർപ്പിട്ടും കൊണ്ടാഗ്രഹിച്ചത് ഒരമ്മയെത്തന്നെയാണല്ലോ.

കൂട്ടത്തിൽ പ്രായം കൂടിയ ഒരു കോഴിക്കുഞ്ഞ് ഒരു ദിവസം പ്രഖ്യാപിച്ചു, താൻ അമ്മയെ കണ്ടുപിടിക്കാൻ പോവുകയാണെന്ന്. ഒരമ്മയില്ലാതെ തനിക്കിനി ജീവിക്കാൻ പറ്റില്ലെന്ന് അവൻ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. കൂട്ടത്തിൽ പേരുണ്ടായിരുന്നത് അവനു മാത്രമാണ്‌; ‘ബാബാ’ എന്നായിരുന്നു അവന്റെ പേര്‌; വീട്ടുകാരന്റെ മകൾ കോഴിത്തീറ്റയുമായി വന്ന് ‘ബാ, ബാ’ എന്നു വിളിക്കുമ്പോൾ ആദ്യം ഓടിച്ചെന്നിരുന്നത് അവനായിരുന്നല്ലോ. അവൻ ആളാകെ ഊർജ്ജ്വസ്വലനായ ഒരു പൂവൻകോഴി ആയിക്കഴിഞ്ഞിരുന്നു; പൊരുതിനേടാനുള്ള ഉൾക്കരുത്തും അവനിൽ നാമ്പിട്ടുകഴിഞ്ഞിരുന്നു. വാളു പോലെ നീണ്ടുമെലിഞ്ഞ ആ കോഴിപ്പൂവന്‌ ഒരമ്മയെ വേണ്ടിയിരുന്നത് പ്രഥമവും പ്രധാനവുമായി തന്നെ പ്രശംസിക്കാനായിരുന്നു; ഏതനുഗ്രഹവും നല്കാൻ കഴിവുള്ള, തന്റെ ഉത്കർഷേച്ഛയേയും അഭിമാനത്തെയും തൃപ്തിപ്പെടുത്താൻ പ്രാപ്തയായ ഒരമ്മ.

ഒരുദിവസം ‘ബാബാ’ തന്റെ വീട്ടുവളപ്പിനു ചുറ്റും കുറ്റിച്ചെടികൾ കൊണ്ടു ബലത്തിൽ കെട്ടിയുറപ്പിച്ച വേലി ഒറ്റക്കുതിപ്പിനു ചാടിക്കടന്നു. പുറത്തെത്തിയിട്ട് കണ്ണു മഞ്ഞളിച്ചപോലെ അവൻ നിന്നുപോയി. അതിവിശാലമായ ഒരു നീലാകാശത്തിനു ചുവട്ടിൽ പരന്നുപരന്നുപോകുന്ന ഈ താഴ്‌വരയിൽ എവിടെയാണു താൻ തന്റെ അമ്മയെ കണ്ടുപിടിക്കുക? തന്നെപ്പോലെ ചെറുതായ ഒരാൾക്ക് ഈ വൈപുല്യത്തിൽ എന്തന്വേഷണം നടത്താനാണ്‌? അതിനാൽ അവൻ തന്റെ വീട്ടുവളപ്പിനടുത്തു നിന്ന്, തനിക്കറിയാവുന്ന ലോകത്തു നിന്ന് അധികം അകലെപ്പോയില്ല; ചിന്താധീനനായി അവൻ അതിനു ചുറ്റും കറങ്ങിനടന്നു. അങ്ങനെ നടന്നുനടന്ന് അവൻ മറ്റേ വീട്ടുവളപ്പിന്റെ വേലിക്കു മുന്നിൽ ചെന്നുപെട്ടു.

“എന്റെ അമ്മ അതിനുള്ളിലുണ്ടെങ്കിൽ,” അവനോർത്തു, “എനിക്കിപ്പോൾത്തന്നെ കണ്ടുപിടിക്കാവുന്നതേയുള്ളു.” അനന്തമായ സ്ഥലരാശിയുടെ ദുഷകരതകൾ കുടഞ്ഞുകളഞ്ഞിരുന്നതിനാൽ അവനു പിന്നെ അറച്ചുനില്ക്കേണ്ടിയും വന്നില്ല. മറ്റൊരു കുതിപ്പിൽ ആ വേലിയും താണ്ടി അവൻ അകത്തുകടന്നു; താൻ വിട്ടുപോന്നതു പോലത്തെ മറ്റൊരു വളപ്പിലാണ്‌ അവൻ നില്ക്കുന്നത്.

ഇവിടെയും കുറേ കോഴിക്കുഞ്ഞുങ്ങൾ പുല്ലിനിടയിൽ തിരക്കു പിടിച്ചു നടക്കുണ്ടായിരുന്നു. എന്നാൽ ഇവിടെ മറ്റേ വളപ്പിൽ കാണാത്ത കൂറ്റനൊരു ജന്തുവിനെയും കണ്ടു. ഭീമാകാരനായ ഒരു കോഴി, ബാബായെക്കാൾ പത്തു മടങ്ങു വലിപ്പം വരും, പൂട മാത്രമുള്ള ആ കുഞ്ഞുങ്ങളെയും ഭരിച്ചുകൊണ്ടങ്ങനെ നില്ക്കുകയാണ്‌; അവയും തങ്ങളുടെ യജമാനനും രക്ഷകനുമായി ആ കരുത്തനും കൂറ്റനുമായ ജന്തുവിനെയാണ്‌ കാണുന്നതെന്ന് ഒറ്റ നോട്ടത്തിൽ ബോദ്ധ്യവുമായിരുന്നു. എല്ലാവർക്കും മേൽ അതിന്റെ കണ്ണുണ്ട്. അധികം അകലേക്കു പോകുന്ന കുഞ്ഞുങ്ങളെ അത് ശാസിക്കുന്നുമുണ്ട്, അതും, മറ്റേ വളപ്പിലെ പെൺകുട്ടി തന്റെ കോഴിക്കുഞ്ഞുങ്ങളെ വിളിക്കുന്നതിൽ നിന്ന് അധികം വ്യസ്ത്യസ്തമല്ലാത്ത ഒരു ശബ്ദത്തിലും. ഇതൊന്നുമല്ല. ഇടയ്ക്കിടെ അത് കൂട്ടത്തിൽ ഏറ്റവും ക്ഷീണിച്ച ഒരു കുഞ്ഞിനു മേൽ തന്റെ ഉടൽ കൊണ്ടു മൂടി അതിനു ചൂടു കൊടുക്കുകയും ചെയ്യുന്നു.

“ഇതു തന്നെയാണ്‌ അമ്മ,” ബാബാ ആഹ്ലാദത്തോടെ മനസ്സിൽ പറഞ്ഞു. “അമ്മയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു, ഇനി ഞാൻ അമ്മയെ വിട്ടുപോവുകയുമില്ല. അമ്മയ്ക്കെന്നെ എന്തു സ്നേഹമായിരിക്കും! ഇവരിലാരെക്കാളും കരുത്തനും സുന്ദരനുമല്ലേ ഞാൻ! എനിക്കവരെ ഇഷ്ടമാണെന്നതിനാൽ അവർ പറയുന്നതനുസരിക്കാനും എനിക്കിഷ്ടമാണ്‌. എന്തു തറവാടിത്തവും സൗന്ദര്യവുമാണവർക്കെന്നു നോക്കിയേ! ഈ മണ്ടന്മാരെയൊക്കെ നോക്കിരക്ഷിക്കാൻ ഞാനവരെ സഹായിക്കുകയും ചെയ്യും.“

അവനെ നോക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ വിളിച്ചു. തന്നെയാണു വിളിക്കുന്നതെന്ന ധാരണയിൽ ബാബാ അടുത്തേക്കു ചെന്നു. അവൻ നോക്കുമ്പോൾ തള്ളക്കോഴി തന്റെ മുരത്ത നഖങ്ങൾ കൊണ്ട് മണ്ണിൽ തകൃതിയായി ചികയുകയാണ്‌. കൗതുകത്തോടെ അതും നോക്കി അവൻ അവൻ നിശ്ചേഷ്ടനായി നിന്നു; കാരണം, ഇങ്ങനെയൊരു പ്രവൃത്തി അവൻ ആദ്യമായി കാണുകയാണ്‌. അവൾ ചികയൽ നിർത്തിയപ്പോൾ മുന്നിൽ പുല്ലൊഴിഞ്ഞ സ്ഥലത്ത് ഒരു മണ്ണിര കിടന്നു പുളയുന്നുണ്ടായിരുന്നു. തള്ളക്കോഴി കൊക്കിവിളിച്ചു; എന്നാൽ കുഞ്ഞുങ്ങൾക്ക് കാര്യം മനസ്സിലായില്ല; അവർ സന്തോഷത്തള്ളിച്ചയോടെ ചുറ്റും കൂടി നിന്നു.

”കഴുതകൾ!“ ബാബാ മനസ്സിൽ പറഞ്ഞു. ”ആ മണ്ണിരയെ കൊത്തിത്തിന്നാനാണു പറയുന്നതെന്നുപോലും ഇവറ്റകൾക്കു മനസ്സിലാകുന്നില്ല.“ അനുസരണ കാണിക്കാനുള്ള വ്യഗ്രതയാൽ പ്രചോദിതനായി അവൻ ചാടിവീണ്‌ ആ മണ്ണിരയെ കൊത്തിവിഴുങ്ങി.

അപ്പോഴല്ലേ-പാവം ബാബാ- തള്ളക്കോഴി രോഷത്തോടെ അവന്റെ മേൽ ചാടിവീഴുന്നു! പെട്ടെന്ന് അവനൊന്നും മനസ്സിലായില്ല; കണ്ടപാടെ അവൾ വന്ന് തന്നെ സ്നേഹത്തോടെ കെട്ടിവരിഞ്ഞു ശ്വാസം മുട്ടിക്കുകയാണെന്നാണ്‌ അവൻ കരുതിയത്. അവളുടെ ലാളനകളെല്ലാം അവൻ നന്ദിയോടെ കൈക്കൊണ്ടേനെ. പക്ഷേ ആ കൂർത്ത കൊക്കുകളിൽ നിന്ന് അവന്റെ മേൽ പതിച്ച പ്രഹരങ്ങൾ ഉമ്മകളായിരുന്നില്ല. ഇനി ഒരു സംശയത്തിനും അവകാശമില്ല. അവൻ ഓടിരക്ഷപ്പെടാൻ നോക്കി; എന്നാൽ ആ കൂറ്റൻ ജന്തു അവനെ തള്ളിമറിച്ചിട്ടിട്ട് അവന്റെ മേൽ കയറിയിരുന്ന് തന്റെ നഖങ്ങൾ അവന്റെ വയറ്റിൽ കുത്തിയിറക്കി.

വല്ല വിധേനയും ചാടിയെഴുന്നേറ്റ് അവൻ വേലിക്കലേക്കോടി. ജീവനും കൊണ്ടുള്ള ആ പാച്ചിലിൽ കുറേ കോഴിക്കുഞ്ഞുങ്ങളെ അവൻ തട്ടിത്താഴെയിട്ടു; അവ കാലും പൊക്കിക്കിടന്ന് കൊക്കിക്കരഞ്ഞു. തന്റെ ശത്രു അവയ്ക്കു മുന്നിൽ ഒരു നിമിഷം നിന്നുപോയെന്നതിനാൽ മാത്രം അവനു തന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. വേലിക്കലെത്തിയപ്പോൾ വള്ളികളും പടർപ്പുകളൊന്നും കണക്കാക്കാതെ ഒറ്റച്ചാട്ടത്തിന്‌ അവൻ പുറത്തെ തുറസ്സിലെത്തി.

തള്ളക്കോഴി പക്ഷേ, ഒരിലപ്പടർപ്പിൽ കുടുങ്ങിപ്പോയി. അവിടെ നിന്നുകൊണ്ട് ഒരു ജനാലയിലൂടെന്നപോലെ അവൾ ആ വലിഞ്ഞുകയറിവന്നവനെ നോക്കി; അവനും തളർന്ന് ഓട്ടം നിർത്തി അവളെ നോക്കുകയായിരുന്നു. കോപം കൊണ്ടു ചുവന്ന ഉണ്ടക്കണ്ണുകളുരുട്ടി അവൾ ചോദിച്ചു: “ഞാൻ കഷ്ടപ്പെട്ടു മണ്ണിൽ നിന്നു കുഴിച്ചെടുത്ത തീറ്റ തട്ടിയെടുക്കാൻ ധൈര്യം കാണിച്ച നീ ആരാണ്‌?”

“ഞാൻ ബാബായാണ്‌,” കോഴിക്കുഞ്ഞ് താഴ്മയോടെ പരഞ്ഞു. “നിങ്ങളാരാ? നിങ്ങളെന്തിനാണെന്നെ ഇത്രയും ദ്രോഹിച്ചത്?”

രണ്ടു ചോദ്യങ്ങൾക്കും കൂടി അവൾ ഒരുത്തരമേ പറഞ്ഞുള്ളു. “ഞാൻ അമ്മയാണ്‌,” എന്നിട്ട് അവജ്ഞയോടെ പുറം തിരിഞ്ഞ് അവൾ നടന്നുപോവുകയും ചെയ്തു.

കുറേക്കാലം കഴിഞ്ഞ്, അപ്പോഴേക്കും അതിസുന്ദരനായ ഒരു കോഴിപ്പൂവനായി മാറിയ ബാബാ മറ്റൊരു കൃഷിക്കളത്തിൽ ചെന്നുപെട്ടു. തന്റെ പുത്തൻ സഖാക്കൾ സ്നേഹത്തോടെയും ഖേദത്തോടെയും തങ്ങളുടെ അമ്മയെക്കുറിച്ചു സംസാരിക്കുന്നത് ഒരുദിവസം അവൻ കേട്ടു.

തന്റെ ദാരുണമായ വിധിയെക്കുറിച്ച് ആശ്ചര്യത്തോടെ ഓർത്തുകൊണ്ട് വിഷാദത്തോടെ അവൻ പറഞ്ഞു: ‘നേരേ മറിച്ച് എന്റെ അമ്മ ഒരു ഭീകരജീവിയായിരുന്നു; അവരെ കാണാനിട വന്നിരുന്നില്ലെങ്കിൽ എത്ര നന്നായേനേ എന്നാണ്‌ എനിക്കിപ്പോൾ തോന്നുന്നത്.“

  ita

ഇറ്റാലോ സ്വെവൊ Italo Svevo (1861-1928) ഒരു ജർമ്മൻ-ഇറ്റാലിയൻ ജൂതകുടുംബത്തിൽ ജനിച്ചു. ബാങ്ക് ഉദ്യോഗത്തിനിടയിൽ കിട്ടുന്ന സമയത്ത് എഴുതാൻ തുടങ്ങി. സ്വയം അച്ചടിച്ചു പ്രസിദ്ധീകരിച്ച ആദ്യത്തെ രണ്ടു പുസ്തകങ്ങൾ കൊണ്ട് ധനനഷ്ടം മാത്രമേ ഉണ്ടായുള്ളു എന്നതിനാൽ ഇരുപതു കൊല്ലത്തേക്ക് എഴുത്തു തന്നെ നിർത്തി. എന്നാൽ 1907ൽ ജയിംസ് ജോയ്സിനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിൽ വഴിത്തിരിവായി. സ്വെവോയുടെ ഏറ്റവും പ്രധാനപ്പെട്ട നോവലായ The Confessions of Zeno (1923) ഫ്രഞ്ച് അവാങ്ങ് ഗാർദെ വൃത്തങ്ങളിൽ പരിചയപ്പെടുത്തുന്നത് ജോയ്സ് ആണ്‌. സ്വന്തം നാട്ടിലും വിദേശത്തും പ്രശസ്തി കിട്ടിത്തുടങ്ങുമ്പോഴാണ്‌ 1928ൽ ഒരു കാറപകടത്തിൽ അദ്ദേഹം മരിക്കുന്നത്. തള്ളിക്കയറി മുന്നിൽ നില്ക്കാനുള്ള മിടുക്കില്ലാത്ത, അവഗണിക്കപ്പെട്ട എഴുത്തുകാരെ കുറിക്കുന്നതിന്‌ ’Svevianni’ എന്നൊരു വാക്കു തന്നെ ഇറ്റാലിയനിലുണ്ട്.

Comments

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like