പൂമുഖം LITERATUREലോകകഥ ഇസാക് ബാബേൽ – ഗയ് ദെ മോപ്പസാങ്ങ്

ഇസാക് ബാബേൽ – ഗയ് ദെ മോപ്പസാങ്ങ്

 
1916ലെ മഞ്ഞുകാലത്ത് ഒരു കോപ്പെക്കു പോലും കൈയിലില്ലാതെ, ഒരു കള്ളപ്പാസ്പോർട്ടുമായി ഞാൻ സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിപ്പെട്ടു. റഷ്യൻ സാഹിത്യം പഠിപ്പിക്കുന്ന അലെക്സി കസാന്ത്സേവ് എനിക്കഭയം തന്നു.
 
പെസ്കിയിലെ* തണുത്തുകോച്ചുന്ന, മഞ്ഞിച്ച, നാറുന്ന ഒരു തെരുവിലാണ്‌ അയാൾ താമസിച്ചിരുന്നത്. അല്പശമ്പളക്കാരനായ അയാൾ അധികവരുമാനത്തിനു വേണ്ടി സ്പാനിഷിൽ നിന്ന് പരിഭാഷകൾ ചെയ്തിരുന്നു; ബ്ലാസ്ക്കോ ഇബാനെഥിന്റെ* പേര്‌ പൊങ്ങിവരുന്ന സമയമായിരുന്നു അത്.
 
കസാന്ത്സേവ് ഇന്നേവരെ സ്പെയിനിൽ പോയിട്ടില്ലെന്നു മാത്രമല്ല, അതുവഴി യാത്ര ചെയ്തിട്ടുകൂടിയില്ല; എന്നാൽ അയാളുടെ ഓരോ അണുവിലും ആ രാജ്യത്തോടുള്ള സ്നേഹം നിറഞ്ഞുനിന്നിരുന്നു- അയാൾക്കറിയാത്തതായി ഒരു കോട്ടയോ ഒരുദ്യാനമോ ഒരു നദിയോ സ്പെയിനിലില്ല. എന്നെക്കൂടാതെ ആണും പെണ്ണുമായി വലിയൊരു സംഘം അയാളോടു പറ്റിക്കൂടിയിരുന്നു- നിയതജീവിതത്തിന്റെ പരിസരങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർ. ഞങ്ങൾക്ക് ദാരിദ്ര്യത്തിന്റെ ഒരു കുറവുമുണ്ടായില്ല. സമകാലികസംഭവങ്ങളെക്കുറിച്ചു ഞങ്ങൾ എഴുതുന്ന കുറിപ്പുകൾ ഇടയ്ക്കൊക്കെ മഞ്ഞപ്പത്രങ്ങൾ തീരെച്ചെറിയ ടൈപ്പിൽ അച്ചടിച്ചിരുന്നു.
 
പകൽസമയത്ത് ഞാൻ പോലീസ് സ്റ്റേഷനുകളുടെയും മോർച്ചറികളുടെയും പരിസരങ്ങളിൽ കറങ്ങിനടക്കും.
 
എന്നാൽ ഞങ്ങളേക്കാളൊക്കെ സന്തോഷവാൻ കസാന്ത്സേവ് ആയിരുന്നു. സ്പെയിൻ എന്നൊരു മാതൃദേശം അയാൾക്കുണ്ടായിരുന്നല്ലോ.
 
നവംബറിൽ എനിക്ക് ഒബുഖോവ്* ഫാക്ടറിയിൽ ക്ലർക്കായി ജോലിക്കു ചേരാൻ ഒരവസരം കിട്ടി; തരക്കേടില്ലാത്ത ജോലിയാണ്‌, സൈനികസേവനത്തിൽ നിന്ന് ഒഴിവു കിട്ടുകയും ചെയ്യും.
 
ഞാൻ ക്ലർക്കാകുന്നില്ലെന്നു തീരുമാനിച്ചു
 
അക്കാലത്തു പോലും- എനിക്കന്ന് ഇരുപതു വയസ്സാണ്‌- ഞാൻ സ്വയം പറഞ്ഞത് ഇതാണ്‌: പട്ടിണി കിടക്കാം, ജയിലിൽ പോകാം, തെണ്ടിനടക്കാം, എന്നാലും ദിവസം പത്തു മണിക്കൂർ ഒരോഫീസ് ഡസ്ക്കിന്റെ പിന്നിലിരിക്കാൻ വയ്യ. അങ്ങനെയൊരു പ്രതിജ്ഞയെടുക്കുന്നതിൽ വിശേഷിച്ചെന്തെങ്കിലും കേമത്തം ഉണ്ടെന്നു പറയാനില്ല; എന്നാൽ ആ പ്രതിജ്ഞ ഞാൻ ഇന്നേവരെ തെറ്റിച്ചിട്ടില്ല, ഇനിയൊട്ടു തെറ്റിക്കുകയുമില്ല. എന്റെ പൂർവ്വപിതാക്കന്മാർ എന്റെ തലയ്ക്കുള്ളിൽ വരഞ്ഞിട്ടിരുന്ന ഒരു വേദവാക്യമുണ്ടായിരുന്നു: നാം ഇവിടെ ജനിച്ചിരിക്കുന്നത് പ്രവൃത്തിയിലും പ്രണയത്തിലും പോരാട്ടങ്ങളിലും നിന്ന് ആനന്ദം കണ്ടെത്താനാണ്‌. അതിനു വേണ്ടി മാത്രമാണ്‌, മറ്റൊന്നിനും വേണ്ടിയല്ല നാം ജനിച്ചത്.
 
ഉച്ചിയിലെ മഞ്ഞിച്ച മുടിയിൽ തിരുപ്പിടിച്ചുകൊണ്ട് കസാന്ത്സേവ് എന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്നു. അയാളുടെ നോട്ടത്തിൽ നിഴലിച്ച ഭീതി ഇടയ്ക്കിടെ ആരാധനയ്ക്ക് വഴിമാറുന്നുണ്ടായിരുന്നു.
 
ക്രിസ്തുമസ് സമയത്ത് ഞങ്ങളെ ഭാഗ്യദേവത കടാക്ഷിച്ചു. ‘ഹാൽസിയെൻ പബ്ലിഷിംഗ് ഹൗസി’ന്റെ ഉടമസ്ഥനായ ബൻഡെർസ്ക്കി എന്ന വക്കീൽ മോപ്പസാങ്ങ് കൃതികളുടെ ഒരു പുതിയ പതിപ്പിറക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. വക്കീലിന്റെ ഭാര്യ റെയ്സയാണ്‌ വിവർത്തനത്തിന്റെ ചുമതലയേറ്റിരുന്നത്. എന്നാൽ ആ ബൃഹത്തായ സംരംഭത്തിന്‌ ഇന്നേവരെ അനക്കം വച്ചിട്ടില്ല.
 
റെയ്സ മിഖായ്‌ലോവ്നയെ സഹായിക്കാൻ ആരെയെങ്കിലും കിട്ടുമോയെന്ന ചോദ്യം സ്പാനിഷ വിവർത്തകനായ കസാന്ത്സേവിലെത്തിയപ്പോൾ അയാൾ എന്റെ പേര്‌ നിർദ്ദേശിച്ചു.
 
അടുത്ത ദിവസം മറ്റാരുടെയോ ജാക്കറ്റുമെടുത്തിട്ട് ബൻഡെർസ്ക്കി ദമ്പതിമാരെ കാണാനായി ഞാൻ പുറപ്പെട്ടു. മോയ്ക്ക നദിയുടെ* കരയിൽ നെവ്സ്ക്കി പ്രോസ്പെക്റ്റിന്റെ* മൂലയ്ക്കാണ്‌ അവർ താമസിക്കുന്നത്; ഫിന്നിഷ് കരിങ്കല്ലിൽ പണിത വീട് ഇളംചുവപ്പുതൂണുകളും കോട്ടകളുടേതുപോലത്തെ വാതായനങ്ങളും കല്ലിൽ കൊത്തിയ കുലചിഹ്നങ്ങളും കൊണ്ടലങ്കരിച്ചിരിക്കുന്നു. കുടുംബപ്പേരോ വംശമഹിമയോ അവകാശപ്പെടാനില്ലാത്ത ബാങ്കർമാർ-പട്ടാളത്തിനു വേണ്ട സാധനങ്ങൾ കച്ചവടം ചെയ്തു പണമുണ്ടാക്കിയ പരിവർത്തിതക്രിസ്ത്യാനികൾ- അവർ ഇത്തരം പ്രാകൃതവും കപടപ്രൗഢി എടുത്തണിഞ്ഞതുമായ കുറേ കൂറ്റൻ മാളികകൾ യുദ്ധകാലത്തിനു മുമ്പ് പീറ്റേഴ്സ്ബർഗ്ഗിൽ പണിതിട്ടിരുന്നു.
 
കോണിപ്പടികളിൽ ചുവന്ന പരവതാനി വിരിച്ചിരുന്നു. കോണിത്തളങ്ങളിൽ വെൽവെറ്റുകരടികൾ പിൻകാലുകളിൽ എഴുന്നേറ്റുനില്ക്കുന്നു. അവയുടെ പിളർന്ന വായയ്ക്കുള്ളിൽ ചില്ലുഗോളങ്ങളെരിയുന്നുണ്ട്.
 
ബൻഡെർസ്ക്കി കുടുംബം താമസിക്കുന്നത് മൂന്നാമത്തെ നിലയിലാണ്‌. വെളുത്ത തൊപ്പി ധരിച്ച, നിറഞ്ഞ മാറിടമുള്ള ഒരു വേലക്കാരി വന്ന് വാതിൽ തുറന്നു. പഴയകാലത്തെ സ്ലാവിക് ശൈലിയിൽ അലങ്കരിച്ച ഒരു സ്വീകരണമുറിയിലേക്ക് അവൾ എന്നെ നയിച്ചു. റോറിക്കിന്റെ* നീല പെയിന്റിംഗുകൾ, ചരിത്രാതീതശിലകളും വികൃതസത്വങ്ങളും, ചുമരുകളിൽ തൂങ്ങിക്കിടന്നിരുന്നു. കോണുകളിലുള്ള പഴുതുകളിൽ പുരാതനമായ ഐക്കണുകൾ* നിരത്തിവച്ചിരുന്നു. അളന്നുമുറിച്ച മട്ടിൽ ചുവടു വച്ചുകൊണ്ടാണ്‌ നിറഞ്ഞ മാറിടമുള്ള ആ വേലക്കാരി മുറിക്കുള്ളിൽ നടക്കുന്നത്. ദൃഢഗാത്രയും വെള്ളെഴുത്തുകാരിയും ഗർവ്വിഷ്ഠയുമാണവൾ. അവളുടെ ചാരനിറമായ, വിടർന്ന കണ്ണുകളിൽ കാമാസക്തി ഉറഞ്ഞുകൂടിയിരുന്നു. അവളുടെ ചലനങ്ങൾ അലസമായിരുന്നു. സംഭോഗവേളയിൽ വന്യമായ ഒരാവേശത്തോടെ അവൾ കിടന്നുപിടയ്ക്കുമെന്നു ഞാനോർത്തു. വാതിലിനു മുകളിൽ തൂക്കിയിരുന്ന, പട്ടുതുണിയിൽ ചിത്രവേലകൾ ചെയ്തിരുന്ന കർട്ടൻ ഒരു വശത്തേക്കുലഞ്ഞു. ഇളംചുവപ്പുകണ്ണുകളും കറുത്ത മുടിയുമുള്ള ഒരു സ്ത്രീ മാറിടത്തിന്റെ സമൃദ്ധി പ്രദർശിപ്പിച്ചുകൊണ്ട് സ്വീകരണമുറിയിലേക്കു കടന്നുവന്നു. ചെസ്റ്റ്നട്ടുകളും അക്കേഷ്യകളും തഴച്ചുവളരുന്ന സ്റ്റെപ്പികളിലെ ഫലഭൂയിഷ്ടമായ ഒരു പട്ടണത്തിന്റെ- അതിനു കീവെന്നോ പോൾട്ടോവയെന്നോ* പേരിടാം- സന്തതിയായ മോഹിപ്പിക്കുന്ന ഒരു ജൂതത്തിയെ ഈ ബൻഡർസ്ക്കായയിൽ കണ്ടെടുക്കാൻ എനിക്കൊരു നിമിഷം വേണ്ടിവന്നില്ല. സാമർത്ഥരായ ഭർത്താക്കന്മാർ സമ്പാദിക്കുന്ന പണം ഈ സ്ത്രീകളുടെ ഉദരങ്ങളിലും പിൻകഴുത്തുകളിലും ഉരുണ്ട ചുമലുകളിലും തുടുത്ത നിറത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടി. ഗാരിസ്സൺ ഓഫീസർമാരുടെ സമനില തെറ്റിക്കുന്നതായിരുന്നു, അവരുടെയാ കളിയാക്കുന്ന മട്ടിലുള്ള മയങ്ങിയ പുഞ്ചിരി.
 
“എന്റെ ജിവിതത്തിലെ ഒരേയൊരാസക്തിയാണ്‌ മോപ്പസാങ്ങ്,” റെയ്സ എന്നോടു പറഞ്ഞു. തുളുമ്പുന്ന നിതംബത്തെ പണിപ്പെട്ടടക്കിക്കൊണ്ട് അവർ മുറിയിൽ നിന്നു പുറത്തുപോയി ‘മിസ്സ് ഹാരിയറ്റി’ന്റെ ഒരു പരിഭാഷയുമായി മടങ്ങിവന്നു. മോപ്പസാങ്ങിന്റേ ഭാഷയുടേതായി യാതൊന്നും അതിൽ ശേഷിച്ചിരുന്നില്ല; അനർഗ്ഗളവും സ്വച്ഛന്ദവും ഉല്ക്കടവികാരങ്ങൾ ദീർഘശ്വാസമെടുക്കുന്നതുമായ ആ ശൈലി അതിൽ ഞാൻ കണ്ടില്ല. കൃത്യത വരുത്താനുള്ള യത്നത്തിൽ നിർജ്ജീവവും ക്ലിഷ്ടവുമായിപ്പോയ ഭാഷയായിരുന്നു ബൻഡെർസ്ക്കായയുടേത്- ജൂതന്മാർ പണ്ടൊരുകാലത്തെഴുതിയിരുന്ന റഷ്യൻ പോലെ.
 
കൈയെഴുത്തുപ്രതി ഞാൻ കൂടെക്കൊണ്ടുപോന്നു; അവിടെ, കസാന്ത്സേവിന്റെ തട്ടുമ്പുറത്തെ മുറിയിൽ, ഉറങ്ങിക്കിടക്കുന്ന സുഹൃത്തുക്കൾക്കിടയിലിരുന്ന്, മറ്റൊരാളുടെ പരിഭാഷയിൽ ഞാൻ കടുംവെട്ടു നടത്തി. നാം വിചാരിക്കുന്നത്ര മോശം പണിയല്ല അത്. ഒരു പദപ്രയോഗം പിറക്കുമ്പോൾ അതൊരേസമയം നല്ലതും ചീത്തയുമായിരിക്കും. അതിന്റെ വിജയരഹസ്യമിരിക്കുന്നത് കണ്ണില്പെടാൻ കൂടിയില്ലാത്ത ഒരു തിരിച്ചിലിലാണ്‌. നിങ്ങളുടെ കൈയിലിരുന്ന് ചാവിക്കു ചൂടു പിടിക്കണം. പിന്നെ, ചാവി ഒരു തവണ തിരിക്കുക, ഒരേയൊരു തവണ.
 
പിറ്റേന്നു കാലത്ത് തിരുത്തിയ കൈയെഴുത്തുപ്രതിയുമായി ഞാൻ ചെന്നു. മോപ്പസാങ്ങിനോട് തനിക്കുള്ള ആസക്തിയെക്കുറിച്ചു പറയുമ്പോൾ റെയ്സ നുണ പറയുകയായിരുന്നില്ല. ഞാൻ വായിക്കുമ്പോൾ കൈകൾ കൂട്ടിപ്പിണച്ച്, അനക്കമറ്റപോലെ അവരിരുന്നു. ആ പട്ടുപോലത്തെ കൈകൾ നിലത്തേക്കുരുകിയൊഴുകി, അവരുടെ നെറ്റിത്തടം വിവർണ്ണമായി, തിങ്ങിഞ്ഞെരുങ്ങിയ മുലകൾക്കിടയിൽ ലെയ്സ് വിറകൊണ്ടു.
 
“നിങ്ങളിതെങ്ങനെ സാധിച്ചു?”
 
അപ്പോൾ ഞാൻ ശൈലിയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി; വാക്കുകളുടെ സൈന്യത്തെക്കുറിച്ച്, എല്ലാ
ആയുധങ്ങളുമെടുത്തു പോരാടുന്ന സൈന്യത്തെക്കുറിച്ച്. യഥാസ്ഥാനത്തിട്ട ഒരു പൂർണ്ണവിരാമത്തെപ്പോലെ മനുഷ്യഹൃദയത്തിലേക്കു തറച്ചിറങ്ങാൻ ഒരു കത്തിമുനയ്ക്കുമാവില്ല. തലയൊന്നു ചരിച്ച്, ചായം തേച്ച ചുണ്ടുകൾ പാതി വിടർത്തി അവർ കേട്ടുകൊണ്ടിരുന്നു. രണ്ടായി പകുത്ത്, പിന്നിലേക്കു വടിച്ചുകോതിവച്ച എണ്ണമയമുള്ള മുടി കറുത്തുമിനുങ്ങി. തിളങ്ങുന്ന സ്റ്റോക്കിംഗ്സിട്ട ബലത്തതും മൃദുലവുമായ കാൽവണ്ണകൾ അകറ്റി പരവതാനിയിൽ വച്ചിരുന്നു.
 
വേലക്കാരി തൃഷ്ണകളുറഞ്ഞുകിടക്കുന്ന ആ കണ്ണുകൾ കൊണ്ടു ഞങ്ങളെ നോക്കാതെ ഒരു തളികയിൽ പ്രഭാതഭക്ഷണം കൊണ്ടുവന്നു.
 
പീറ്റേഴ്സ്ബർഗ്ഗിലെ സ്ഫടികസൂര്യൻ നിറം മങ്ങിയതും ഒരേ നിരപ്പല്ലാത്തതുമായ പരവതാനിയിൽ വീണുകിടന്നിരുന്നു. മോപ്പസാങ്ങിന്റെ ഇരുപതു പുസ്തകങ്ങൾ മേശയ്ക്കു മുകളിലെ ചെറിയ അലമാരയിൽ നിരന്നിരുപ്പുണ്ട്. സൂര്യന്റെ ഉരുകുന്ന വിരലുകൾ അവയുടെ മൊറോക്കോത്തുകലു കൊണ്ടുള്ള ചട്ടകളെ സ്പർശിച്ചു- മനുഷ്യഹൃദയത്തിന്റെ ഉജ്ജ്വലമായ ആ ശവകുടീരത്തെ.
 
ചെറിയ നീലക്കപ്പുകളിൽ കാപ്പി പകർന്നുകൊണ്ട് ഞങ്ങൾ ‘ഐഡിൽ’ വിവർത്തനം ചെയ്യാൻ തുടങ്ങി. വിശന്നുപൊരിയുന്ന ചെറുപ്പക്കാരനായ ഒരു മരപ്പണിക്കാരൻ തടിച്ചുകൊഴുത്ത ഒരു വെറ്റ് നേഴ്സിന്റെ കവിഞ്ഞൊഴുകുന്ന മുലപ്പാൽ കുടിക്കുന്ന ആ കഥ എല്ലാവർക്കും ഓർമ്മയുണ്ടാവും. നീസിൽ നിന്ന് മാഴ്സേയിലേക്കു പോകുന്ന ട്രെയിനിൽ വച്ചാണതു നടക്കുന്നത്; പുകച്ചിലെടുക്കുന്ന ഒരുച്ചനേരം, പനിനീർപ്പൂക്കളുടെ നാട്ടിൽ വച്ച്, പനിനീർപ്പൂക്കളുടെ ജന്മദേശമായ അവിടെ, പൂപ്പാടങ്ങൾ കടലോരത്തേക്കിറങ്ങിയെത്തുന്ന അവിടെ…
 
ഇരുപത്തഞ്ചു റൂബിൾ അഡ്വാൻസുമായി ഞാൻ ബൻഡെർസ്ക്കിയുടെ വീട്ടിൽ നിന്നിറങ്ങി. അന്നു രാത്രിയിൽ പെസ്ക്കിയിൽ കൂട്ടം കൂടിയത് മത്തു പിടിച്ച ഒരു വാത്തുപറ്റമായിരുന്നു. ഏറ്റവും മുന്തിയ കാവിയർ* സ്പൂണുകളിൽ കോരി ഞങ്ങൾ അകത്താക്കി; പിന്നാലെ കരളിന്റെ സോസേജും. മദ്യപിച്ചു ലക്കു കെട്ടപ്പോൾ ഞാൻ ടോൾസ്റ്റോയിയെ ഭത്സിക്കാൻ തുടങ്ങി.
 
“അയാൾക്കു പേടിയായിരുന്നെന്നേ, നിങ്ങളുടെയാ പ്രഭുവിന്‌…അയാളൊരു പേടിത്തൊണ്ടനായിരുന്നു…പേടി കാരണമാണയാൾ മതത്തിലേക്കു തിരിഞ്ഞത്. തണുപ്പും വാർദ്ധക്യവും മരണവും വന്നു ഭീഷണിപ്പെടുത്തിയപ്പോൾ വിശ്വാസത്തിൽ നിന്നയാൾ ഒരു രോമക്കുപ്പായം നെയ്തെടുത്തു…“
 
”എന്നിട്ട്?“ തന്റെ പക്ഷിത്തല ആട്ടിക്കൊണ്ട് കസാന്ത്സേവ് ചോദിച്ചുകൊണ്ടിരുന്നു.
 
കിടക്കകൾക്കരികിൽ വെറും നിലത്തു കിടന്ന് ഞങ്ങൾ ഉറങ്ങി. ഞങ്ങൾക്കു തൊട്ടു താഴത്തെ നിലയിൽ താമസിക്കുന്ന അലക്കുകാരി കാത്ത്യയെ ഞാൻ സ്വപ്നം കണ്ടു. കാലത്ത് ഞങ്ങൾക്കു ചൂടുവെള്ളം തന്നിരുന്നത് അവരായിരുന്നു. ഞാൻ ഇന്നുവരെ അവരുടെ മുഖം ശരിക്കു കണ്ടിട്ടില്ല; എന്നാൽ സ്വപ്നത്തിൽ ഞാനും കാത്ത്യയും എന്തൊക്കെ ചെയ്തുകൂട്ടിയെന്ന് ദൈവത്തിനു മാത്രമറിയാം. ചുംബനങ്ങൾ കൊണ്ടു ഞങ്ങൾ അന്യോന്യം ക്ഷീണിപ്പിച്ചു. പിറ്റേന്നു കാലത്ത് അവർ ചൂടുവെള്ളം കൊണ്ടുവരുന്നതുവരെ കാത്തിരിക്കാൻ എനിക്കു ക്ഷമയുണ്ടായില്ല. വാതിൽ തുറന്നപ്പോൾ ഞാൻ കണ്ടത് ഒരു ഷാളു കൊണ്ടു മാറു മറച്ച, ചാരനിറമായ ചുരുൾമുടി പാറിക്കിടക്കുന്ന, പണിയെടുത്തു കൈകളുണങ്ങിയ ക്ഷീണിതയായ ഒരു സ്ത്രീയെയാണ്‌.
 
അന്നു മുതൽ കാലത്തെ എന്റെ ഭക്ഷണം ബൻഡർസ്ക്കിയുടെ വീട്ടിലായി. മച്ചുമ്പുറത്തെ ഞങ്ങളുടെ മുറിയിൽ പുതിയൊരു സ്റ്റൗവും മത്തിയും ചോക്കലേറ്റുമൊക്കെ പ്രത്യക്ഷപ്പെട്ടു. റെയ്സ രണ്ടു തവണ എന്നെയും കൂട്ടി ദ്വീപിലേക്കു യാത്ര പോയി. എന്റെ ബാല്യകാലത്തെക്കുറിച്ച് ഞാനവരോടു തുറന്നു സംസാരിച്ചു. പറഞ്ഞുവന്നപ്പോൾ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതൊരു ദാരുണകഥയായി മാറി. അവരുടെ രോമത്തൊപ്പിക്കടിയിൽ നിന്ന് തിളങ്ങുന്ന, ചകിതമായ കണ്ണുകൾ എന്നെ ഉറ്റുനോക്കി. അവരുടെ കണ്ണിമകളുടെ ചെമ്പിച്ച പീലികൾ സഹതാപത്തോടെ വിറ പൂണ്ടു.
 
ഞാൻ റെയ്സയുടെ ഭർത്താവിനെ പരിചയപ്പെട്ടു- കഷണ്ടിത്തലയനായ, മഞ്ഞമുഖമുള്ള ഒരു ജൂതൻ. മുന്നോട്ടു ചാഞ്ഞ ബലത്ത ശരീരം ഏതുസമയവും വായുവിലേക്കുയരാൻ സന്നദ്ധമാണെന്നപോലെ കാണപ്പെട്ടു. അയാൾ റാസ്പുട്ടിന്റെ അടുത്തയാളാണെന്ന് പറഞ്ഞുകേട്ടിരുന്നു. യുദ്ധകാലത്ത് പട്ടാളവുമായി നടത്തിയ ബിസിനസ്സിൽ നിന്നുണ്ടാക്കിയ ലാഭം അയാളെ ഒരു ഭ്രാന്തനെപ്പോലെയാക്കിയിരുന്നു. അയാളുടെ കണ്ണുകൾ എങ്ങും തങ്ങിനല്ക്കാതെ അലഞ്ഞുനടന്നു; ഇഴ പറിഞ്ഞതായിരുന്നു അയാളുടെ ജീവിതം. പുതിയ ആളുകൾക്ക് ഭർത്താവിനെ പരിചയപ്പെടുത്തുമ്പോൾ റെയ്സ വല്ലാതെ കുഴങ്ങിയിരുന്നു. എന്റെ ചെറുപ്പം കാരണം എനിക്കതു ബോദ്ധ്യമാകാൻ ഒരാഴ്ച കൂടുതലെടുത്തു.
 
പുതുവർഷത്തിന്റെ പിറ്റേ ദിവസം കീവിൽ നിന്ന് റെയ്സയുടെ രണ്ടു സഹോദരിമാർ വിരുന്നു വന്നു. ഒരു ദിവസം ഞാൻ ‘കുമ്പസാര’ത്തിന്റെ കൈയെഴുത്തുപ്രതിയുമായി ചെന്നപ്പോൾ റെയ്സ വീട്ടിലുണ്ടായിരുന്നില്ല; അതിനാൽ രണ്ടാമതും ഞാൻ രാത്രിയിൽ അവിടെ ചെന്നു. അവർ ഡിന്നറിനിരിക്കുകയായിരുന്നു. വെള്ളി കിലുങ്ങുന്ന ചിനയ്ക്കലുകളും പുരുഷന്മാരുടെ അമിതോത്തേജനത്തിന്റെ ഒച്ചകളും ഞാൻ കേട്ടു. പുത്തൻപണക്കാരുടെ വീടുകളിൽ ഡിന്നറുകൾ ഒച്ചപ്പാടിന്റെ നേരമായിരിക്കും. ഇടിമുഴക്കം പോലുരുണ്ടുകൂടി സംഗീതാത്മകമായി അവസാനിക്കുന്ന ആ ഒച്ചപ്പാടിന്‌ ഒരു ജൂതസ്വഭാവമുണ്ടായിരുന്നു. പിൻഭാഗം തുറന്ന ഒരു ഡാൻസ് ഗൗണുമിട്ട് റെയ്സ പുറത്തേക്കു വന്നു. തിളങ്ങുന്ന സ്ലിപ്പറുകളിൽ അവർക്കു കാലുറച്ചിരുന്നില്ല.
 
“ഹൗ, ഞാൻ കണ്ടമാനം കുടിച്ചു!” പ്ലാറ്റിനം വളകളും മരതകമോതിരങ്ങളും കൊണ്ടു കനം തൂങ്ങിയ കൈകൾ അവർ എനിക്കു നേരെ നീട്ടി. സംഗീതത്തിന്റെ താളത്തിൽ മച്ചിലേക്കുയരുന്ന സർപ്പത്തെപ്പോലെ അവരുടെ ഉടലിളകി. ചുരുണ്ട മുടി പിന്നിലേക്കെറിഞ്ഞിട്ട് കൈവളകളുടെ കിലുക്കത്തോടെ പെട്ടെന്നവർ പുരാതനറഷ്യൻ കൊത്തുപണികൾ ചെയ്ത ഒരു ചാരുകസേരയിലേക്കു വീണു. അവരുടെ പൗഡർ പൂശിയ പിൻഭാഗത്ത് വടുക്കൾ തിളങ്ങി.
 
അടുത്ത മുറിയിൽ നിന്ന് ഒരു സ്ഫോടനം പോലെ പെണ്ണുങ്ങളുടെ പൊട്ടിച്ചിരി പിന്നെയും ഉയർന്നു. റെയ്സയുടെ സഹോദരിമാർ പുറത്തേക്കു വന്നു; റെയ്സപ്പോലെ നല്ല പൊക്കവും മുഴുത്ത മാറിടവും അവർക്കുമുണ്ടായിരുന്നു; അവരുടെ ചുണ്ടുകൾക്കു മേൽ നനുത്ത മീശരോമങ്ങൾ പൊടിച്ചിരുന്നു. അവരുടെ നിറഞ്ഞ മുലകൾ മുന്നിലേക്കുന്തിനിന്നിരുന്നു, അവരുടെ കറുത്ത മുടി അഴിഞ്ഞുലഞ്ഞു കിടന്നിരുന്നു. തങ്ങളുടെ വക ബൻഡെർസ്ക്കിമാരെയാണ്‌ ഇരുവരും വിവാഹം കഴിച്ചിരുന്നത്. മുറിക്കുള്ളിൽ സ്ത്രൈണോല്ലാസം നിറഞ്ഞുനിന്നു- പ്രൗഢകളായ സ്ത്രീകളുടെ ആഹ്ലാദം. ഭർത്താക്കന്മാർ അവരെ സീൽസ്കിൻ കോട്ടുകളും ഓറെൻബർഗ് ഷാളുകളും കൊണ്ടു വാരിപ്പുതച്ചിരുന്നു, അവരുടെ കാലുകളിൽ കറുത്ത ബൂട്ടുകൾ ഇട്ടുകൊടുത്തിരുന്നു. അവരുടെ ഷാളുകളുടെ മഞ്ഞു പോലത്തെ വിളുമ്പുകളിൽ നിന്നു പുറത്തുകണ്ടിരുന്നത് റൂഷ് തേച്ച പൊള്ളുന്ന കവിളുകളും വെണ്ണക്കൽ നാസികകളും വെള്ളെഴുത്തു പിടിച്ച പോലത്തെ കണ്ണുകളുടെ സെമിറ്റിക് തിളക്കവും മാത്രമായിരുന്നു. കുറച്ചുനേരത്തെകൂടി ബഹളം കൂട്ടലിനു ശേഷം അവർ ഷലിയാപ്പിന്റെ* ‘ജൂഡിത്ത്’* കാണാൻ തിയേറ്ററിലേക്കു പോയി.
 
“നമുക്കു പണി തുടങ്ങിയാലോ?” നഗ്നമായ കൈകൾ നീട്ടിക്കൊണ്ട് റെയ്സ കൊഞ്ചി. “ഒരാഴ്ച നമ്മൾ വെറുതേ കളഞ്ഞു.”
 
തീന്മുറിയിൽ നിന്ന് അവർ ഒരു കുപ്പിയും രണ്ടു വൈൻ ഗ്ലാസ്സുകളും കൊണ്ടുവന്നു. അവരുടെ അയഞ്ഞ സില്ക്ക്ഗൗണിനുള്ളിൽ മുലകൾ സ്വതന്ത്രമായിരുന്നു, വിലങ്ങിനിന്ന പട്ടിനുള്ളിൽ മുലക്കണ്ണുകൾ വിജൃംഭിച്ചു.
 
“മുന്തിയ ഇനമാണ്‌,” വൈൻ പകരുമ്പോൾ റെയ്സ പറഞ്ഞു, “മുസ്ക്കഡെറ്റ് ‘83, കെട്ടിയവൻ കണ്ടാൽ കൊന്നുകളയും…”
 
മുസ്ക്കഡെറ്റ് ’83മായി ഇതിനുമുമ്പ് ഇടപാടൊന്നും ഉണ്ടായിട്ടില്ലെന്നതിനാൽ ഒന്നൊന്നായി മൂന്നു ഗ്ലാസ്സുകൾ കാലിയാക്കുന്നതിൽ എനിക്കു വിസ്സമ്മതമേതും ഉണ്ടായിരുന്നില്ല. ഓറഞ്ച് നാളങ്ങളിളകുന്നതും സംഗീതമൊഴുകിനടക്കുന്നതുമായ ഗലികളിലേക്ക് അവയെന്നെ വൈകാതെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
 
“ഹൗ, ഞാൻ കണ്ടമാനം കുടിച്ചു…നമ്മളിന്നെന്താ ചെയ്യാൻ പോകുന്നേ?…”
 
ഇന്ന് ‘ലെഅവ്യു’, അതായത് ‘കുമ്പസാരം.’ സൂര്യനാണ്‌ ഈ കഥയിലെ നായകൻ, ലെ സൊഡെയ് ദെ ഫ്രാൻസ്*. സൂര്യൻ ഉരുകിയൊലിക്കുന്ന തുള്ളികൾ ചുവന്ന മുടിയുള്ള സെലേസ്ത്തെയുടെ മേൽ പുള്ളികൾ വീഴ്ത്തി. സൂര്യനതിന്റെ ലംബരശ്മികളും വൈനും ആപ്പിൾ വാറ്റിയ ചാരായവും കൊണ്ട് വണ്ടിക്കാരൻ പോളിത്തേയുടെ മുഖം കരുവാളിപ്പിച്ചു. ആഴ്ചയിൽ രണ്ടു തവണ സെലേസ്ത്തെ പാല്പാടയും മുട്ടയും കോഴികളുമായി പട്ടണത്തിലെ ചന്തയ്ക്കു പോകും. പത്തു സൂ തന്റെയും നാലു സൂ കൂടകളുടെയും കൂലിയായി അവൾ നല്കിയിരുന്നു. ഓരോ യാത്രയിലും പോളിത്തേ കണ്ണിറുക്കിക്കൊണ്ട് ചുവന്ന മുടിയുള്ള സെലേസ്ത്തേയോടു ചോദിക്കും: ‘നമുക്കൊരു നേരമ്പോക്കൊക്കെ വേണ്ടേ, മാ ബെൽ?’
 
‘എന്നുപറഞ്ഞാലെന്താ, മൊസ്യു പോളിത്തേ?’
 
വണ്ടിക്കാരന്റെ സീറ്റിലിരുന്ന് പൊങ്ങിത്താണുകൊണ്ട് പോളിത്തേ വിശദീകരിച്ചു: ‘നേരമ്പോക്കെന്നു പറഞ്ഞാൽ നേരമ്പോക്കെന്നുതന്നെ…ഒരു പെണ്ണുമൊരു ചെക്കനും- സംഗീതം വേണമെന്നുമില്ല…’
 
‘ഇങ്ങനത്തെ തമാശകൾ എനിക്കിഷ്ടമല്ല, മൊസ്യു പോളിത്തേ,’ ചുവന്ന സ്റ്റോക്കിംഗ്സിട്ട ദൃഢമായ കാൽവണ്ണകൾക്കു മേൽ വീണുകിടന്ന പാവാട ഒതുക്കിക്കൊണ്ട് അവൾ ചെറുപ്പക്കാരനായ വണ്ടിക്കാരനിൽ നിന്ന് അകന്നിരുന്നു.
 
ആ ചെകുത്താൻ പോളിത്തേ എന്നാൽ ചുമച്ചും കൊണ്ടാർത്തുചിരിക്കുകയായിരുന്നു- ‘ഒരു ദിവസം നമുക്കൊരു നേരമ്പോക്കാവാം, മാ ബെൽ,’- ചിരിച്ചുചിരിച്ച് അയാളുടെ കവിളിലൂടെ കണ്ണീരൊഴുകി; ചെങ്കൽ നിറത്തിൽ ചോരയുടെയും വൈനിന്റെയും നിറമായിരുന്നു അതിന്‌.
 
പാവനമായ മുസ്ക്കഡെറ്റ് ഒരു ഗ്ലാസ് കൂടി ഞാൻ അകത്താക്കി. റെയ്സ തന്റെ ഗ്ലാസ് എന്റെ ഗ്ലാസ്സിൽ മുട്ടിച്ചു.
 
കല്ലിച്ച നോട്ടമുള്ള ആ വേലക്കാരി മുറിക്കുള്ളിലൂടെ നടന്ന് അപ്രത്യക്ഷയായി.
 
സെ ഡ്യാബ്ൾ ദെ പോളിത്തേ*…രണ്ടു കൊല്ലം കൊണ്ട് സെലേസ്ത്തെ അയാൾക്ക് നാല്പത്തെട്ടു ഫ്രാങ്ക് കൊടുത്തുകഴിഞ്ഞിരുന്നു. അമ്പതിന്‌ രണ്ടു ഫ്രാങ്ക് കുറവ്. രണ്ടാമത്തെ കൊല്ലം അവസാനിക്കാറാവുമ്പോൾ ഒരു ദിവസം വണ്ടിയിൽ അവർ രണ്ടുപേരും മാത്രമായിരുന്നു; യാത്ര തുടങ്ങുന്നതിനു മുമ്പ് കുറേ ചാരായം അകത്താക്കിക്കഴിഞ്ഞ് പോളിത്തേ പതിവു ചോദ്യം ചോദിച്ചു: ‘ഇന്നൊരു നേരമ്പോക്കാവാമല്ലേ, മാദമോയ്സെൽ സെലേസ്ത്തെ?’- കണ്ണുകൾ താഴ്ത്തിക്കൊണ്ട് അവൾ പറഞ്ഞു, ‘നിങ്ങളുടെ ഇഷ്ടം പോലെ, മൊസ്യു പോളിത്തേ…’
 
റെയ്സ അലറിച്ചിരിച്ചുകൊണ്ട് മേശപ്പുറത്തേക്കു വീണു. സെ ഡ്യാബ്ൾ ദെ പോളിത്തേ…
 
വണ്ടി വലിക്കുന്നത് ഒരു വെളുത്ത മട്ടക്കുതിരയാണ്‌. പ്രായം കൊണ്ട് ചുണ്ടുകൾക്കു പാണ്ടു വീണ വെളുത്ത മട്ടക്കുതിര ആടിയാടി മുന്നോട്ടുനീങ്ങി. തുരുമ്പിച്ച തട്ടി കൊണ്ട് ലോകത്തെ മറച്ച ആ വലിയ വണ്ടിയെ ഫ്രാൻസിന്റെ പ്രസരിപ്പുറ്റ സൂര്യൻ വലയം ചെയ്തു. ഒരു ചെക്കനുമൊരു പെണ്ണും- സംഗീതം വേണമെന്നുമില്ല…
 
റെയ്സ ഒരു ഗ്ലാസ്സെടുത്തു നീട്ടി. അതെന്റെ അഞ്ചാമത്തേതായിരുന്നു.
 
“മോൺ വ്യു*, മോപ്പസാങ്ങിന്‌…”
 
“ഇന്നു നമുക്കൊരു നേരമ്പോക്കാവാമല്ലേ, മാ ബെൽ…” ഞാൻ എത്തിവലിഞ്ഞ് അവരുടെ ചുണ്ടുകളിൽ ചുംബിച്ചു. ആ തടിച്ച ചുണ്ടുകൾ വിറ പൂണ്ടുവീർത്തു.
 
“നീയൊരു രസികനാണ്‌,” പല്ലുകൾക്കിടയിലൂടെ മന്ത്രിച്ചുകൊണ്ട് റെയ്സ പെട്ടെന്നു പിന്നിലേക്കു മാറി. നഗ്നമായ കൈകൾ ഇരുവശത്തേക്കും വിടർത്തിവച്ചുകൊണ്ട് അവർ ചുമരിൽ അമർന്നുചാരിനിന്നു. അവരുടെ കൈകളിലും ചുമലുകളിലും പുള്ളികൾ തിളങ്ങാൻ തുടങ്ങി. കുരിശ്ശിൽ തറയ്ക്കപ്പെട്ട ദൈവങ്ങളിൽ വച്ചേറ്റവും വിലോഭനീയ ഈയൊന്നായിരുന്നു.
 
“ഇരുന്നാലും, മൊസ്യു പോളിത്തേ.”
 
സ്ലാവിക് ശൈലിയിൽ പണിത നീലനിറത്തിലുള്ള ഒരു ചാരുകസേര അവർ ചൂണ്ടിക്കാണിച്ചു. അതിന്റെ തലഭാഗം വാലുകൾ പിണച്ചുവച്ചപോലെ തടിയിൽ കൊത്തിയെടുത്തതായിരുന്നു. തട്ടിത്തടഞ്ഞുകൊണ്ട് ഞാൻ അതിനു നേർക്കു നടന്നു.
 
രാത്രി എന്റെ ക്ഷുത്പീഡിതമായ യൗവനത്തിനു കീഴിൽ വച്ചുതന്നത് മുസ്ക്കഡെറ്റ് ‘83 ഒരു കുപ്പിയും ഇരുപത്തൊമ്പതു പുസ്തകങ്ങളുമായിരുന്നു, അനുകമ്പയും പ്രതിഭയും വികാരവും കുത്തിനിറച്ച ഇരുപത്തൊമ്പതു കതിനകൾ. ഞാൻ ചാടിയെഴുന്നേറ്റു; കസേര തട്ടിമറിച്ചിട്ട് ഞാൻ ചെന്നു ഷെല്ഫിലിടിച്ചു. ഇരുപത്തൊമ്പതു പുസ്തകങ്ങളും പരവതാനിയിലേക്കുരുണ്ടുവീണു; ചട്ടകൾ തുറന്ന്, പേജുകൾ വിടർന്ന് അവ കിടന്നു…എന്റെ വിധി ഒരു വെളുത്ത മട്ടക്കുതിരയായി സാവധാനം മുന്നോട്ടു നീങ്ങി.
 
“രസമാണ്‌ നിന്റെ കാര്യം,” റെയ്സ മുരണ്ടു. റെയ്സയുടെ സഹോദരിമാരും ഭർത്താവും നാടകം കഴിഞ്ഞു വരുന്നതിനു മുമ്പ് പാതിരാത്രിയോടെ ഞാൻ മോയ്ക്കയിലെ ആ കരിങ്കൽഭവനത്തിൽ നിന്നിറങ്ങി. എന്റെ ലഹരി ഇറങ്ങിയിരുന്നു, എനിക്കു വേണമെങ്കിൽ ഒരൊറ്റപ്പലകയിലൂടെ നടക്കുകയും ചെയ്യാം; എന്നാലും കാലുറയ്ക്കാതെ നടക്കുന്നത് ഒരു രസമായിത്തോന്നിയതിനാൽ അപ്പോൾ കണ്ടുപിടിച്ച ഒരു ഭാഷയിൽ ഉറക്കെപ്പാടിക്കൊണ്ട് ഇരുവശത്തേക്കും ആടിയാടി ഞാൻ നടന്നു. തെരുവുവിളക്കുകൾ അണി നിരന്നുനിന്ന തുരങ്കങ്ങൾക്കുള്ളിലൂടെ മൂടല്മഞ്ഞിന്റെ അലകൾ ഉരുണ്ടുകയറി. ഇരമ്പുന്ന ഭിത്തികൾക്കു പിന്നിൽ ഭീകരസത്വങ്ങൾ ഗർജ്ജിച്ചു. തടി പാകിയ നടപ്പാതകൾ അവയിലൂടെ നടക്കുന്നവരുടെ കാലുകൾ ഛേദിച്ചുകളഞ്ഞു.
 
താമസസ്ഥലത്തെത്തിയപ്പോൾ കസാന്ത്സേവ് ഉറക്കമായിരുന്നു. രോമം കൊണ്ടുള്ള ബൂട്ടുകളിട്ട തേമ്പിയ കാലുകൾ നീട്ടിവച്ച് ഇരുന്നുറങ്ങുകയായിരുന്നു അയാൾ. കാനറിപ്പക്ഷിയുടെ പൂട പോലെ മഞ്ഞമുടി അയാളുടെ തലയിൽ പൊന്തിനിന്നിരുന്നു. സ്റ്റൗവ്വിനരികിൽ ഡോൺ ക്വിഹോത്തേയുടെ 1624ൽ പ്രസിദ്ധീകരിച്ച പതിപ്പിനു മേൽ കുനിഞ്ഞിരുന്നുകൊണ്ടാണ്‌ അയാൾ ഉറങ്ങുന്നത്. ആ പുസ്തകത്തിന്റെ ടൈറ്റിൽ പേജിൽ ബ്രോഗ്ലിയോയിലെ ഡ്യൂക്കിനുള്ള ഒരു സമർപ്പണവും ഉണ്ടായിരുന്നു. കസാന്ത്സേവിനെ ഉണർത്താതിരിക്കാൻ ശബ്ദമുണ്ടാക്കാതെ ഞാൻ ചെന്നുകിടന്നു; വിളക്ക് അരികിലേക്കു നീക്കിവച്ചിട്ട് എഡ്വാർഡ് ദെ മെയ്നിയേയുടെ ഒരു പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി- ഗയ് ദെ മോപ്പസാങ്ങിന്റെ ജീവിതവും കൃതികളും.
 
കസാന്ത്സേവിന്റെ ചുണ്ടുകൾ അനങ്ങുന്നുണ്ടായിരുന്നു, അയാളുടെ തല ഇടയ്ക്കിടയ്ക്ക് കുനിഞ്ഞുവീണുകൊണ്ടിരുന്നു.
 
അന്നു രാത്രിയിൽ എഡ്വാർദ് ദെ മെയ്നേയിൽ നിന്നു ഞാൻ മനസ്സിലാക്കി, 1850ൽ നോർമ്മൻഡിയിലെ ഒരു പ്രഭുകുടുംബാംഗത്തിന്റെയും ഫ്ലാബേറിന്റെ അമ്മാവന്റെ മകളായ ലോറെ ലെപോയ്റ്റേവിന്റെയും മകനായിട്ടാണ്‌ മോപ്പസാങ്ങ് ജനിച്ചതെന്ന്. പാരമ്പര്യജന്യമായ സിഫിലിസ്സിന്റെ ആദ്യത്തെ ആക്രമണം ഉണ്ടാവുമ്പോൾ അദ്ദേഹത്തിന്‌ ഇരുപത്തഞ്ചു വയസ്സായിരുന്നു. തനിക്കുള്ള ഓജസ്സും ജീവിതാസക്തിയുമെല്ലാമെടുത്ത് അദ്ദേഹം രോഗത്തിനെതിരെ പൊരുതിനോക്കി. ആദ്യമൊക്കെ തലവേദനയും മിഥ്യാരോഗഭീതിയും അദ്ദേഹത്തെ അലട്ടിയിരുന്നു. പിന്നെയാണ്‌ അന്ധത എന്ന ദുർഭൂതം അദ്ദേഹത്തെ പേടിപ്പെടുത്താൻ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ കാഴ്ചശക്തി ക്ഷയിച്ചുവന്നു. അദ്ദേഹം എല്ലാവരെയും സംശയിച്ചു, ആരുമായും ഇടപഴകാതായി, വഴക്കാളിയായി. വിഷമങ്ങളോടദ്ദേഹം ഊറ്റത്തോടെ പൊരുതിനിന്നു; ഒരു പായവഞ്ചിയിൽ അദ്ദേഹം മെഡിറ്ററേനിയൻ കടലിലലഞ്ഞു, പിന്നെ ട്യൂണിസിലേക്ക്, മൊറോക്കോയിലേക്ക്, മദ്ധ്യാഫ്രിക്കയിലേക്കോടിപ്പോയി- ഇടതടവില്ലാതെ എഴുതി. പ്രശസ്തനായതിനു ശേഷം, നാല്പതാമത്തെ വയസ്സിൽ തൊണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു; കണ്ടമാനം ചോര പോയെങ്കിലും ജീവൻ പോയില്ല. പിന്നെ അദ്ദേഹത്തെ ഒരു ഭ്രാന്താശുപത്രിയിൽ അടച്ചിട്ടു. അവിടെ അദ്ദേഹം നാലുകാലിൽ ഇഴഞ്ഞുനടക്കുകയും സ്വന്തം മലം വാരിത്തിന്നുകയും ചെയ്തു. അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിലെ അവസാനത്തെ വരി ഇങ്ങനെയാണ്‌: ‘മൊസ്യു ദെ മോപ്പസാങ്ങ് വ സാനെമൽ.’ നാല്പത്തിരണ്ടാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചു. അമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു.
 
പുസ്തകം വായിച്ചുതീർത്ത് ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റു. പ്രപഞ്ചത്തെ മറച്ചുകൊണ്ട് മൂടല്മഞ്ഞ് ജനാലക്കൽ വരെ എത്തിയിരുന്നു. ഹൃദയം ഞെരുങ്ങുന്ന പോലെനിക്കു തോന്നി. സത്യത്തെക്കുറിച്ചുള്ള ഒരു മുന്നറിവ് എന്നെ ഉരുമ്മിക്കടന്നുപോയി.
***
 
* Peski- സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിന്റെ ഒരു പ്രാന്തപ്രദേശം
* Vicente Blasco Ibáñez (1867-1928)- റഷ്യയിൽ വളരെ ജനപ്രീതി നേടിയ ഒരു സ്പാനിഷ് നോവലിസ്റ്റ്
* Obukhov Steelworks- 1863ൽ സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിൽ സ്ഥാപിതമായ ആർട്ടിലറി ഫാക്ടറി
* Moyka- സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിന്റെ നഗരകേന്ദ്രത്തെ ചുറ്റിയൊഴുകുന്ന ചെറിയ നദി
* Nesky Prospekt- സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിലെ ഏറ്റവും പ്രധാനപ്പെട്ട തെരുവ്
* Nicholas Roerich (1874-1947)- റഷ്യൻ ചിത്രകാരനും എഴുത്തുകാരനും പുരാവസ്തുഗവേഷകനും തിയോസഫിസ്റ്റും.
* Orenburg shawl- മൃദുവായ ആട്ടിൻരോമത്തിൽ നിന്നു നെയ്തെടുക്കുന്ന റഷ്യൻ നിറ്റ്‌വെയർ; റഷ്യൻ കരകൗശലത്തിന്റെ ക്ലാസ്സിക് സിംബലുകളിൽ ഒന്ന്
* Feodor Chaliapin (1873-1938)- പ്രശസ്തനായ റഷ്യൻ ഓപ്പെറ ഗായകൻ
* Judith- അലക്സാൻഡർ സെറോവിന്റെ ഓപ്പെറ
* Muscadet – ഫ്രാൻസിലെ Loire താഴ്വരയിൽ Muscadet എന്ന പ്രദേശത്തുല്പാദിപ്പിക്കുന്ന വെള്ളവൈൻ
* L’aveu- മോപ്പസാങ്ങിന്റെ ‘കുമ്പസാരം’ എന്ന കഥ
* le soleil de France- ഫ്രാൻസിലെ സൂര്യൻ
* ma belle- എന്റെ സുന്ദരീ
* Ce diable de Polyte- പോളിത്തേ എന്ന ആ ചെകുത്താൻ
* Mon vieux- എന്റെ കിഴവൻ
* Édouard Maynial- La vie et l’oeuvre de Guy de Maupassant – 1907ൽ പാരീസിൽ പ്രസിദ്ധീകരിച്ച മോപ്പസാങ്ങിന്റെ ജീവചരിത്രം
* Monsieur de Maupassant va s’animaliser- മൊസ്യു മോപ്പസാങ്ങ് ഒരു മൃഗമായി മാറിയിരിക്കുന്നു.
Isaac_Babel
 
ഇസാക് ബാബേൽ Isaak Emmanuilovoch Babel യുക്രെയിനിലെ കടൽത്തീരനഗരമായ ഒഡേസ്സയിൽ 1894 ജൂലൈ 13ന്‌ ഒരു മദ്ധ്യവർഗ്ഗജൂതകുടുംബത്തിൽ ജനിച്ചു. മകന്‌ ഏറ്റവും നല്ല വിദ്യാഭ്യാസം നല്കണമെന്ന അച്ഛന്റെ ആഗ്രഹം കാരണം ബാബേൽ ചെറുപ്പത്തിൽത്തന്നെ ഫ്രഞ്ച്, ജർമ്മൻ ഉൾപ്പെടെയുള്ള ഭാഷകളും പ്രചീനഹീബ്രുവും സംഗീതവും (അതിനോട് അദ്ദേഹത്തിന്‌ അത്ര മമതയില്ലായിരുന്നുവെങ്കിലും) വീട്ടിലിരുന്നുതന്നെ പഠിച്ചു. ജൂതവിദ്യാർത്ഥികൾക്കുള്ള ക്വോട്ട കഴിഞ്ഞുപോയതിനാൽ ബാബേലിന്‌ ഒഡേസ്സ യൂണിവേഴ്സിറ്റിയിൽ പ്രവേശനം കിട്ടിയില്ല. തുടർന്നദ്ദേഹം സാമ്പത്തികശാസ്ത്രവും സൈക്കോന്യൂറോളജിയും പഠിച്ചു. 1915ൽ ‘ബാല്യം. മുത്തശ്ശിയുടെ വീട്ടിൽ’ എന്ന കഥയെഴുതി. ആത്മകഥാപരമായ കഥകളിൽ ആദ്യത്തേതായിരുന്നു ഇത്. പിന്നീടദ്ദേഹം പട്ടാളക്കാരനായി റുമേനിയൻ യുദ്ധമുന്നണിയിൽ ആയിരുന്നു (അതിനാൽ ബോൾഷെവിക് വിപ്ലവസമയത്ത് അദ്ദേഹം റഷ്യയിൽ ഉണ്ടായിരുന്നതുമില്ല.) ഇക്കാലത്തെഴുതിയ ‘ഇല്യ ഇസ്സാക്കോവിച്ചും മാർഗരീറ്റ പ്രൊക്കോഫ്യോവ്നയും’ എന്ന കഥ മാക്സിം ഗോർക്കി തന്റെ ‘ക്രോണിക്കിൾ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
 
മലമ്പനി കാരണം പട്ടാളത്തിൽ നിന്നു പീറ്റേഴ്സ്ബർഗ്ഗിലേക്കു തിരിച്ചെത്തിയ ബാബേൽ Cheka എന്ന കുപ്രസിദ്ധമായ രഹസ്യപ്പോലീസ് വിഭാഗത്തിൽ പരിഭാഷകനായി ജോലി ചെയ്തിട്ടാണ്‌ പട്ടിണിയിൽ നിന്നു രക്ഷപ്പെട്ടത്. ഗോർക്കിയുടെ സഹായങ്ങളും ഉണ്ടായിരുന്നു. വേശ്യകളേയും ജൂതധോലോകത്തെയും കുറിച്ചുള്ള ചില കഥകൾ ഇക്കാലത്തെഴുതി. 1919ൽ അച്ഛന്റെ ബിസിനസ്സ് പങ്കാളിയുടെ മകളും കലാകാരിയുമായ യവ്ജെനിയ ബോറിസോവ്ന ഗ്രോൻഫെയ്നെ വിവാഹം ചെയ്തു. 1920ൽ സോവിയറ്റ്-പോളിഷ് യുദ്ധം നടക്കുന്ന സമയത്ത് Budyonnyയുടെ കുതിരപ്പടയിൽ സോവിയറ്റ് വാർത്താ ഏജൻസിയായ R O S T Aയുടെ യുദ്ധകാര്യ ലേഖനായി ചേർന്നു. ഈ അനുഭവത്തിൽ നിന്ന് അദ്ദേഹം ഒഡേസ്സയിലേക്കു തിരിച്ചെത്തിയത് കടുത്ത ആസ്ത്‌മയുമായിട്ടാണ്‌. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഭാര്യയുമൊത്ത് അദ്ദേഹം കാക്കസസ്സിലേക്കു താമസം മാറ്റി. 1921 മുതൽ Red Cavalry കഥകൾ എഴുതിത്തുടങ്ങി. 1924ൽ അദ്ദേഹം മോസ്ക്കോവിലേക്കു പോയി. എന്നാൽ ഈ കഥകൾ ബുദ്യോന്നി സംശയത്തോടെയാണ്‌ വീക്ഷിച്ചത്; തന്റെ സൈനികരെ താറടിച്ചുകാണിക്കുന്നതാണ്‌ അവയെന്ന് അദ്ദേഹം ആരോപിച്ചു. 1925ൽ ലെനിന്റെ മരണത്തോടെ രാഷ്ട്രീയകാലാവസ്ഥ കൂടുതൽ കലുഷമാവുകയും വിദേശത്തേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ പാരീസിൽ താമസമാക്കി. അമ്മയും സഹോദരിയും ബ്രസ്സൽസിലും.
 
1925ൽ അദ്ദേഹം ബാല്യകാലത്തെക്കുറിച്ചുള്ള കഥകളിലേക്കു തിരിഞ്ഞു. സാമ്പത്തികഭദ്രതയ്ക്കു വേണ്ടി ഇക്കാലത്ത് ചില തിരക്കഥകളും എഴുതിയിരുന്നു. ഒരു പുതിയ സമാഹാരത്തിനു വേണ്ട കഥകൾ 1930കളോടെ എഴുതിക്കഴിഞ്ഞുവെങ്കിലും പ്രതികൂലമായ രാഷ്ട്രീയസാഹചര്യങ്ങൾ കാരണം പ്രസിദ്ധീകരണം സാദ്ധ്യമായില്ല. കുടുംബത്തോടൊപ്പം വിദേശത്തു താമസിക്കാം എന്നുണ്ടായിരുന്നിട്ടും ബാബേൽ സോവ്യറ്റ് യൂണിയനിൽത്തന്നെ നിന്നതെന്തിന്‌ എന്നത് ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. ദേശസ്നേഹവും തന്റെ രാജ്യം അതിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ താനതിനെ കൈവിടാൻ പാടില്ല എന്ന ചുമതലാബോധവുമാണതിനു കാരണമെന്ന് അദ്ദേഹത്തിന്റെ മകളായ നഥാലി എഴുതുന്നുണ്ട്.
 
എന്തായാലും നിലവിലുള്ള അധികാരവ്യവസ്ഥയോടു ചേർന്നുപോകാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. 1930 ജൂണിൽ മോസ്ക്കോയ്ക്കടുത്തുള്ള മൊലോഡ്യോനോവോ എന്ന ഗ്രാമത്തിൽ അദ്ദേഹം താമസമാക്കി; അവിടത്തെ സോവ്യറ്റിന്റെ സെക്രട്ടറിയുമായി. 1932ൽ അദ്ദേഹത്തിന്‌ മോസ്ക്കോയിൽ ഒരു അപ്പാർട്ട്മെന്റ് അനുവദിച്ചുകിട്ടി; പാർട്ടി അനുഭാവികൾക്കും രാഷ്ട്രീയ-സാംസ്കാരികരംഗത്തെ വരേണ്യർക്കും മാത്രം ലഭിച്ചിരുന്ന ഒരു പ്രത്യേകാവകാശമായിരുന്നു അത്. 1933 ഏപ്രിൽ, മേയ് മാസങ്ങളിൽ അദ്ദേഹം ഗോർക്കിയുടെ വീട്ടിൽ അതിഥിയായിരുന്നു. ഇക്കാലമത്രയും എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം നിശ്ശബ്ദനുമായിരുന്നു. എന്നാൽ ആ നിശ്ശബ്ദതയും നിഷേധമായിട്ടാണ്‌ ഭരണകൂടം കണ്ടത്. നിലവിലുള്ള വ്യവസ്ഥയേയും സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനേയും കുറിച്ച് പുതിയ രചനകൾ എന്തുകൊണ്ടു നടത്തുന്നില്ല എന്ന് വിശദീകരിക്കാൻ എഴുത്തുകാരനെ പലപ്പോഴും അധികാരികൾ വിളിപ്പിച്ചിരുന്നു. ബാബേലിന്റെ മറുപടികൾ അവ്യക്തമായിരുന്നു. ഉയർന്ന അധികാരികളുമായുള്ള അടുപ്പമാണ്‌ അദ്ദേഹത്തെ രക്ഷിച്ചുനിർത്തിയത്. 1935ൽ അദ്ദേഹത്തിന്റെ മരിയ എന്ന നാടകം പാർട്ടിയുടെ നിശിതവിമർശനത്തിനു വിധേയമായി. റിഹേഴ്സൽ തുടങ്ങിയ മോസ്ക്കോ തിയേറ്റർ അത് നിർത്തിവയ്ക്കുകയും ചെയ്തു.
 
മോസ്ക്കൊ മെട്രോ നിർമ്മാണത്തിൽ ജോലി ചെയ്തിരുന്ന അന്റോണിന നിക്കോലയേവ്ന പിറോഷ്ക്കോവയോടൊപ്പമാണ്‌ 1932 മുതൽ അദ്ദേഹത്തിന്റെ ജീവിതം. ലിഡിയ എന്നു പേരുള്ള ഒരു മകൾ ഈ ബന്ധത്തിലുണ്ടായി. സെർജി ഐസെൻസ്റ്റീനിനു വേണ്ടി തുർഗനേവിന്റെ ബഷിൻ മെഡോ എന്ന കഥയുടെ തിരക്കഥാരൂപം തയാറാക്കിയെങ്കിലും ഭരണകൂടത്തിന്റെ അപ്രീതി കാരണം സംവിധായകന്‌ അതു പിൻവലിക്കേണ്ടിവന്നു.
 
1936ൽ ഗോർക്കി മരിച്ചതോടെ ഏതു നിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ബാബേലിനു ബോദ്ധ്യമായി. 1939ൽ ഒരു സോവ്യറ്റ് പ്രസിദ്ധീകരണസ്ഥാപനത്തിനു വേണ്ടി തന്റെ പുതിയ കഥകൾ സമാഹരിക്കുകയായിരുന്നു അദേഹം. ഒരു മുന്നറിയിപ്പുമില്ലാതെ മേയ് 15ന്‌ പെരെഡെല്ക്കിനോയിൽ വച്ച് അദ്ദേഹം അറസ്റ്റിലായി. അദ്ദേഹത്തിന്റെ മോസ്ക്കോയിലെ അപ്പാർട്ട്മെന്റിൽ നിന്ന് കൈയെഴുത്തുപ്രതികളെല്ലാം രഹസ്യപ്പോലീസ് എടുത്തുകൊണ്ടുപോയി. അവയൊന്നും പിന്നീടു വെളിച്ചം കണ്ടിട്ടില്ല. ബാബേലിനെ മോസ്ക്കോയിലെ ലുബ്യാങ്ക ജയിലിലേക്കു കൊണ്ടുപോയി. അദ്ദേഹം അവസാനമായി പറഞ്ഞത് ഇതായിരുന്നുവത്രെ: “അതൊന്നു പൂർത്തിയാക്കാൻ അവരെന്നെ സമ്മതിച്ചില്ല.”
 
ട്രോട്സ്കിയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും വിദേശചാരനായിരുന്നുവെന്നും അദ്ദേഹത്തിനു മേൽ കുറ്റം ചുമത്തപ്പെട്ടു. 1940 ജനുവരി 26ന്‌ ഇരുപതു മിനുട്ടു നേരത്തെ വിചാരണ നടത്തി പിറ്റേ ദിവസം അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയും ചെയ്തു.
 
ബാബേലിന്റെ മരണത്തിനു ശേഷം സോവ്യറ്റ് യൂണിയനിൽ അദ്ദേഹത്തിന്റെ കൃതികൾ വിസ്മൃതിയില്പെട്ടു. 1940-50 കാലത്തെ സ്റ്റാലിനിസ്റ്റ് റഷ്യയിൽ അദ്ദേഹത്തിന്റെ തരം വ്യക്തിവാദത്തിന്‌ ഇടമുണ്ടായിരുന്നില്ല. അമ്പതുകളുടെ അവസാനവും അറുപതുകൾ ആയപ്പോഴുമാണ്‌ അദ്ദേഹത്തിന്റെ രചനകൾ സെൻസർ ചെയ്ത രൂപത്തിലെങ്കിലും പിന്നെയും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഒടുവിൽ 1979ൽ ഇസ്രയേലിലെ അലിയ ലൈബ്രറി സീരിസിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കഥകളുടെ പൂർണ്ണമായ റഷ്യൻ പതിപ്പ് പുറത്തുവന്നു.
 
***
 
“ഗയ് ദെ മോപ്പസാങ്ങ്”
 
ബാബേലിന്റെ ഏറ്റവും പ്രധാനപ്പെട്ട കഥകളിൽ ഒന്നാണിത്. 1920-1922 കാലത്ത് എഴുതി എന്നാണ്‌ കൈയെഴുത്തുപ്രതിയിൽ കാണുന്നതെങ്കിലും 1932ലാണ്‌ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.
 
തന്നെ ഏറ്റവുമധികം സ്വാധീനിച്ച ഒരെഴുത്തുകാരനെക്കുറിച്ചുള്ള ആത്മകഥാപരമായ ഈ കഥ ഒരു കലാകാരന്റെ യഥാർത്ഥജീവിതവും കലയും തമ്മിലും മൂലകൃതിയും അതിന്റെ പരിഭാഷയും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ചുള്ള കഥയുമാണ്‌.
Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like