ഉത്തരാർദ്ധം
വാർത്ത, സെപ്റ്റംബർ 30, 2024 : ‘മഹാരാഷ്ട്രയിലെ ഖൈർലഞ്ജി കൂട്ടക്കുരുതിക്ക് വിധേയരായ ഭായിലാൽ ബോട്ട്മാംഗെ കുടുംബത്തിന്റെ കുടിൽ ദളിത് നീതിയുടെ സ്മാരകം ആക്കി നിലനിർത്തണം,’ വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡണ്ട് ഡോ പ്രകാശ് അംബേദ്ക്കർ. ഭരണഘടനാശിൽപ്പിയായ ഡോ ഭീം റാവു അംബേദ്ക്കറുടെ ചെറുമകൻ.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീചമായ ജാതി അരുംകൊലകളിൽ ഒന്നായിരുന്നു മഹാരാഷ്ട്രയിലെ നാസിക്കിന് അടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഖൈർലഞ്ജിയിൽ 2006 സെപ്റ്റംബർ 29 നു നടന്നത്.
പൂർവ്വാർദ്ധം
ഖൈർലഞ്ജി കൂട്ടക്കുരുതി കഥാരൂപത്തിൽ പറയാനൊരു ശ്രമം
ഖൈർലഞ്ജി ഗ്രാമത്തിലെ ഒരേയൊരു ‘മെഹർ’ കുടുംബമായിരുന്നു അവരുടേത്. അവർ എന്നാൽ ചിമൻലാൽ, സുചേത, രാകേഷ്, സനേഷ്, പ്രിയ എന്നീ അഞ്ചു പേർ.
മറാത്തി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാഭ്യാസമേ ചിമൻ ലാലിന് ഉണ്ടായിരുന്നുള്ളു. പക്ഷേ ഭാര്യ സുചേത കൂടുതൽ പഠിച്ചിരുന്നു. സ്വാഭാവികമായും അവരായിരുന്നു കുടുംബത്തിനു വേണ്ടി തീരുമാനങ്ങൾ എടുത്തിരുന്നത്. സുചേത ഡോ അംബേദ്ക്കറിന്റെ അനുയായി ആയിരുന്നു, അദ്ദേഹവും മെഹർ ജാതിക്കാരൻ ആയിരുന്നല്ലോ. അദ്ദേഹത്തെ പോലെ തന്നെ ആ കുടുംബവും ജാതിവേർതിരിവിന്റെ രൂക്ഷതയിൽ നിന്നു രക്ഷപ്പെടാൻ ബുദ്ധമതം സ്വീകരിച്ചിരുന്നു.
അന്നൊരുനാൾ കോളേജിൽ നിന്ന് മടങ്ങിവന്ന പ്രിയ, അമ്മേ എന്നൊരു നിലവിളിയോടെ സുചേതയെ കെട്ടിപ്പിടിച്ചുു.
കൃഷിയിടത്തിൽ വച്ചു ബീഡി തെറുക്കുകയായിരുന്നു സുചേത. കരച്ചിൽ കേട്ട് അവിടെ പണി ചെയ്തുകൊണ്ടിരുന്ന ചിമൻലാലും മകൻ രതീഷും കൂടി ഓടിയെത്തി.
‘എനിക്കിനി പഠിക്കണ്ട, മതിയായി.’ അവൾ കെഞ്ചി.
റോഡിൽ വച്ച് കുറേപ്പേർ അവളുടെ പിന്നാലെ വന്നു, അമ്മയെ ചീത്ത വിളിച്ചു. ഈ ഗ്രാമം വിട്ടു പൊയ്ക്കോണം, ഇവിടെ മെഹർജാതിക്കാർ വേണ്ട, എന്നു പിടിച്ചു നിർത്തി താക്കീതു ചെയ്തു. ദിവസവും ഇങ്ങനെ എന്തെങ്കിലും ഒന്നുണ്ടാകും.
‘ഇല്ല, നീ ഇനിയും പഠിക്കാൻ പോകും, നമ്മൾ ഇവിടം വിട്ടു പോവുകയുമില്ല, ‘ സുചേത ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിച്ചു.
‘ബേട്ടി, ഈ അഞ്ചേക്കർ പാടമാണ് നമ്മുടെ ജീവിതമാർഗ്ഗം. ഞാൻ ജനിക്കുംമുമ്പേ നിങ്ങളുടെ ദാദായും ദാദിയും ഇവിടെ താമസമാക്കിയതാണ്. അന്ന് ധാരാളം മെഹറുകൾ ഇവിടെ ഉണ്ടായിരുന്നു. സവർണ്ണർ എല്ലാവരേയും വിരട്ടി ഒഴിപ്പിച്ച് അവരുടെ ഭൂമി സ്വന്തമാക്കിയതാണ്. അങ്ങനെയാണ് ഇപ്പോൾ ഇവിടെ നമ്മൾ മാത്രം ബാക്കിയായത്.’
‘മെഹർ അല്ലെങ്കിലും ഇവിടെ വന്ന് എപ്പോഴും വഴക്കുണ്ടാക്കുന്ന അപ്പുറത്തെ മാമൻമാർ കുനാബി, കുലാർ ജാതിക്കാരല്ലേ? അതിന്റേം അപ്പുറത്തെ മാമൻ ഗോണ്ട് അല്ലേ? അവരെല്ലാം നമ്മളെ പോലെ അവർണ്ണർ തന്നെയല്ലേ? ‘ അതുവരെ എല്ലാം കേട്ടുകൊണ്ടിരുന്ന ഡ്രിഗ്രി ആദ്യ വർഷക്കാരൻ രതീഷാണ് അതു ചോദിച്ചത്.
‘മെഹറുകളെ ഓടിക്കാനായി മാത്രം സവർണ്ണർ അവരെ പറഞ്ഞു തിരിച്ചു ഒപ്പം കൂട്ടിയിരിക്കയാണ്. പാവങ്ങളാണ്, ചിന്തിക്കില്ല, മെഹറുകളുടെ ഊഴം കഴിഞ്ഞാൽ ഇവർ തങ്ങൾക്കു നേരേ തിരിയും എന്നു ബോധം വേണ്ടേ? ‘ സുചേത പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
‘ബാബ ഇന്നാൾ സ്ഥലം അളപ്പിച്ചതല്ലേ, അതും പോരാതെ 10 അടി വഴിയും കൊടുത്തില്ലേ, എന്നിട്ടും പ്രശ്നങ്ങൾ തീരുന്നില്ലല്ലോ,’ പ്രിയ വിലപിച്ചു.
‘ഭൂമി നമ്മുടേതാണെങ്കിൽ രേഖകളും ഉണ്ടാകും എന്ന് രമ പറഞ്ഞല്ലോ, അവളുടെ ബാബാ പറഞ്ഞതാണ്. നമുക്കു രേഖകൾ ഉണ്ടോ?’ പ്രിയ വീണ്ടും ചോദിച്ചു.
ചിമൻലാലും സുചേതയും മുഖത്തോടു മുഖം നോക്കി.
‘ഇല്ല, മകളേ, പഞ്ചായത്ത് രേഖകളിൽ നിന്ന് അവർ എന്നോ നമ്മുടേത് നീക്കം ചെയ്തു. വർഷാവർഷം കരം അടയ്ക്കാൻ പോകും, അവർ വാങ്ങിക്കില്ല. അന്ന് അളപ്പിച്ച് ഇട്ട സർവ്വേക്കല്ലുകൾ അപ്പുറത്തെ മാമൻമാർ പിഴുതു മാറ്റിയതാണ്.’ ചിമൻലാൽ ദൈന്യമായി പറഞ്ഞു.
‘നമുക്കു വേറേ എങ്ങോട്ടെങ്കിലും പോകാം മായീ, പേടിയാകുന്നു,’ സുചേതയെ കെട്ടിപ്പിടിച്ച് രണ്ടാമത്തെ മകൻ സനേഷ് കരഞ്ഞു. അവന് കാഴ്ച്ചശക്തി കുറഞ്ഞു വരുന്ന രോഗമുണ്ടായിരുന്നു.
‘നാളെ മായി പൊലീസിൽ പരാതി കൊടുക്കാം, കരയല്ലേ, ‘ സുചേത അവനെ ആശ്വസിപ്പിച്ചു.
‘മായിയെ വഴിയിൽ തടഞ്ഞു നിർത്തി സാരി വലിച്ചു കീറിയതല്ലേ, അതിനു പരാതി കൊടുത്തതല്ലേ, എന്നിട്ടോ, ‘ പ്രിയ ചോദിച്ചു.
‘നമുക്ക് ആരുമില്ല, പൊലീസും നിയമവും ഒന്നും.’ പ്രിയയുടെ നിസ്സഹായത അവരുടെ ധർമ്മസങ്കടമായി മാറി.
മക്കളുടെ ഭയം അസ്ഥാനത്തല്ല എന്ന് അവർക്കറിയാം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഉപദ്രവങ്ങളും സാമൂഹ്യ ഭ്രഷ്ടും. പക്ഷേ എങ്ങോട്ട് ഒളിച്ചോടാനാണ്? അവർണ്ണരെ മനുഷ്യരായി കണക്കാക്കുന്ന ഇടം എവിടെയുണ്ട്? അവരുടെ ദുഃഖം അണപൊട്ടിയൊഴുകി.
സാമൂഹിക ഭ്രഷ്ട് ഭീകരമായിരുന്നു, കൃഷിയിടത്തിൽ ജോലി ചെയ്യാൻ ആരും വരുമായിരുന്നില്ല. ഗ്രാമക്കിണറിൽ നിന്ന് വെള്ളം കോരാൻ അനുവദിച്ചിരുന്നില്ല. കൃഷിയിടത്തേക്ക് കനാലിൽ നിന്നു വെള്ളം എടുക്കുന്നതിനു പോലും വിലക്ക് ഉണ്ടായിരുന്നു. പക്ഷേ അഭിമാനിനിയായ സുചേത തോറ്റു കൊടുക്കില്ല എന്നു തീരുമാനിച്ചു. അവർ അഞ്ചുപേരും കൂടി കൃഷി നടത്തി. ഇടസമയത്ത് ബീഡി തെറുത്തു. ചുരുക്കത്തിൽ ഒരു സ്വയം സഹായ കൂട്ടായ്മയായി ചിമൻലാൽ കുടുംബം ജീവിച്ചുവന്നു. സമൂഹം സൃഷ്ടിച്ച വിലക്കുകൾ മൂലം ഉണ്ടായ അവരുടെ നിവൃത്തികേട്.
അക്കുറി അവരുടെ പാടത്തായിരുന്നു ഗ്രാമത്തിലെ ഏറ്റവും കൂടുതൽ വിളവ്. ഗ്രാമക്കാർക്ക് അസൂയ മുഴുത്തു. അതു പോരാതെ ഇത്രയും കഷ്ടപ്പെടുത്തിയിട്ടും അതെല്ലാം അതിജീവിച്ച്, അവരുടെ ജീവിതം മുട്ടില്ലാതെ മുന്നോട്ടു പോകയും ചെയ്യുന്നു! കടം ചോദിക്കലില്ല, തങ്ങളുടെ സഹായം ചോദിക്കുന്നില്ല, കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നു. ഒരു മെഹർ കുടുംബം, തങ്ങളെ കൂസാതെ അങ്ങനെയങ്ങു സുഖിക്കാനോ? അസൂയയുടെ പെരുംവിളയാട്ടം!
ഗ്രാമത്തിൽ അവർക്കുള്ള ഭ്രഷ്ട് അറിയാവുന്നതിനാൽ ചിമൻലാലിന്റെ ബന്ധു പന്നാലാൽ അടുത്തുള്ള ദുശാല ഗ്രാമത്തിൽ നിന്ന് ഇടയ്ക്കിടെ വരുമായിരുന്നു. അന്നൊരു ദിവസം പന്നാലാൽ ഇവരെ കാണാൻ വന്നിട്ട് മടങ്ങവേ, സവർണ്ണക്കൂട്ടം അയാളെ ക്രൂരമായി ആക്രമിച്ചു, തല്ലിച്ചതച്ചു, മൃതപ്രായമാക്കി. കേസ് കോടതിയിലെത്തിയപ്പോൾ സുചേതയും മകൾ പ്രിയയും ദൃക്സാക്ഷികളായി മൊഴി കൊടുത്തു. അക്രമികൾക്കു ശിക്ഷ കിട്ടി. പക്ഷേ അധികം വൈകാതെ അവർ പുറത്തു വന്നു. ജയിലിൽ നിന്നു പുറത്തിറങ്ങിയതും അവർ ലാത്തികളുമായി പന്നാലാലിനെ അന്വേഷിച്ച് പോയി. പക്ഷേ അയാൾ അവിടെ ഉണ്ടായിരുന്നില്ല.
സർപാഞ്ചും ഉപസർപാഞ്ചും സ്ഥലം എംഎൽഎയും എംപിയും അടക്കം ഗ്രാമസഭ ചേർന്നു. ചമൻലാൽ കുടുംബത്തിനെ മര്യാദ പഠിപ്പിക്കാൻ തീരുമാനമെടുത്തു.
കാലങ്ങളായുള്ള വെറുപ്പിനും അസൂയയ്ക്കും കൈയ്യും കാലും വച്ചു. സെപ്റ്റംബർ 29 നു വൈകുന്നേരം അഞ്ചു മണി ആയപ്പോഴേയക്കും ഗ്രാമത്തിലെ ആളുകൾ മുഴുവനും ട്രാക്ടറുകളുമായി അവരുടെ പാടത്തേക്ക് ഇരച്ചെത്തി. തങ്ങളുടെ കന്നുകാലികളെ, കൊയ്യാറായി നിൽക്കുന്ന പാടത്തേക്ക് അഴിച്ചുവിട്ടു. അവരും ഇറങ്ങി.
കണ്ടു സഹിയാതെ ഇറങ്ങിപ്പോകൂ എന്ന് അലറിക്കൊണ്ട് സുചേത അവർക്കു കുറുകെ നിന്നു.
ആഹാ, മെഹറുകൾക്ക് ഇത്ര അഹങ്കാരമോ എന്ന് അലറിക്കൊണ്ട് ആൾക്കൂട്ടം സുചേതയെ പിടിച്ചു കെട്ടി, അവരുടെ വസ്ത്രം ഉരിഞ്ഞു, സ്ത്രീകൾ അവളുടെ മുഖത്തു തുപ്പി. ചീത്ത വാക്കുകൾ വിളിച്ചു. രതീഷിനോടും സനേഷിനോടും അവരുടെ അമ്മയേയും അനുജത്തിയേയും റേപ്പു ചെയ്യാൻ പുരുഷക്കൂട്ടം ആജ്ഞാപിച്ചു. കൂട്ടാക്കാത്തപ്പോൾ അവരുടെ ലൈംഗികാവയവങ്ങള് ഛേദിച്ചു. അവരുടെ ഹൃദയഭേദകമായ നിലവിളി അവിടെയെങ്ങും മാറ്റൊലിക്കൊണ്ടു. പക്ഷേ ചെവിയില്ലാത്ത ആൾക്കൂട്ടത്തിനുണ്ടോ അലിവ്! അരുതേ അരുതേ എന്ന സുചേതയുടെ ദൈന്യമായ നിലവിളി ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. കണ്ണും മൂക്കുമില്ലാത്ത ആൾക്കൂട്ടത്തിൽ നിന്ന് എവിടെ അവൻ എന്ന അലർച്ച കേട്ടതും ചിമൻലാൽ പൊന്തക്കാട്ടിനുള്ളിൽ പതുങ്ങിയിരുന്നു. ഇല്ലെങ്കിൽ അയാളോട് മകളെ റേപ്പ് ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു.
പൊലീസുകാർ ഇതൊന്നും അറിയാത്തതല്ല, ഓ വെറും മെഹറുകൾക്കു വേണ്ടി സമയം കളയുന്നതെന്തിന്? അവർ മുറുക്കിയും തുപ്പിയും പറഞ്ഞു രസിച്ചും കണ്ടു രസിച്ചും അവിടവിടെ നിലകൊണ്ടു.
ശത്രുവിനെ മുട്ടുകുത്തിച്ചെന്ന മട്ടിലുള്ള വിജയഭേരിയോടെ നഗ്നരാക്കിയ സുചേതയേയും കുട്ടികളേയും തെരുവിലൂടെ വലിച്ചിഴച്ചു കവലയില് കൊണ്ടുപോയി. ഗ്രാമം മുഴുവൻ സാക്ഷികളായിരുന്നു. തിരികെ കൊണ്ടുവന്ന് സുചേതയേയും മകളേയും കൂട്ട ബലാൽസംഗം ചെയ്തു. പിന്നെ തല്ലിച്ചതച്ച് കൊന്നു കളഞ്ഞു. സുചേതയുടെ തല പൊട്ടി തലയോടു പുറത്തു വന്നു. എന്നിട്ട് മൃതദേഹങ്ങൾ അടുത്തുള്ള കായലിൽ മുക്കിത്താഴ്ത്തി.
സംഭവം പുറത്തറിഞ്ഞു, ദളിത് സംഘടനകൾ രംഗത്തെത്തി. അവർക്കു വേണ്ടി വാദിക്കാൻ, ഖൈർലഞ്ജി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച, അഡ്വക്കേറ്റ് മുകുന്ദ് ഹാജരായി. ആദ്യം കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചു. പന്നാലാലും സുചേതയും ആയുള്ള അവിഹിതബന്ധത്തിനെതിരെ ഗ്രാമക്കാരുടെ എതിർപ്പായിരുന്നു അത്, ജാതിക്കൊല ആയിരുന്നില്ല എന്നു ഭാഷ്യമുണ്ടാക്കി. വിലപ്പോയില്ല. ചിമൻലാൽ, സ്ത്രീകളടക്കം 70-80 പേരുടെ പേരു പറഞ്ഞിരുന്നു. നിവൃത്തികെട്ട് കേസെടുത്തു. കേസ് ഇന്നും ഒന്നുമായിട്ടില്ലെന്നു മാത്രം!
മൃതദേഹങ്ങൾ ഉന്തുവണ്ടിയിൽ കയറ്റി കനാലിൽ എറിഞ്ഞ ഡ്രൈവറും സഹായിയും, സർപാഞ്ചും ഉപസർപാഞ്ചും, അടക്കം പലരും ഇന്നും നിർഭയരായി നടക്കുന്നുണ്ട്. എംഎൽഎയും എംപിയും ഗ്രാമസഭയിൽ പങ്കെടുത്തുവെന്നത് നിഷേധിച്ചു.
‘മുഴുവൻ ഗ്രാമവും ഉൾപ്പെട്ടിരുന്നു സർ, മുഴുവൻ ഗ്രാമവും,’ നവംബറിൽ ചില സംഘടനകളുടെ ആഭിമുഖ്യത്തിൽ നാഗ്പൂർ വച്ച് ചിമൻലാൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയതാണ് അത്. പല ബിജെപി നേതാക്കളുടെ പേരിനൊപ്പം അയാൾ എൻസിപി നേതാവ് നാനാ പഞ്ച്ബുധേയുടെ പേരും പറഞ്ഞിരുന്നു.
ചിമൻലാൽ, സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ ബൃന്ദാ കാരാട്ടിനെ കാണാൻ പോയി. അപകടം മണത്ത മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് അന്നു തന്നെ ചിമൻലാലിനെ കാണാനായി ഗ്രാമത്തിലെത്തി, നഷ്ടപരിഹാരത്തുകയും ജോലിയും വച്ചു നീട്ടി. പക്ഷേ ചമൻലാൽ അതു നിരസിച്ചു.
ആന്റി ക്ലൈമാക്സ്
കാലം മുന്നോട്ടു പോയി.
ബിജെപിയും എൻസിപിയും ചിമൻലാലിനെ നിരന്തരം സമീപിച്ചു കൊണ്ടിരുന്നു. അവസാനം അയാളുടെ വായടപ്പിക്കുന്നതിൽ എൻസിപി വിജയിച്ചു. പിന്നീട് എൻസിപി നേതാവ് നാനാ പഞ്ച്ബുധേയുടെ പേരു പറയുന്നത് അയാൾ നിർത്തിയെന്നു മാത്രമല്ല, അവർ നീട്ടിയ പണവും ജോലിയും സ്വീകരിക്കയും ചെയ്തു! എൻസിപിയുടെ ബ്ലോക്ക് ലെവൽ പഞ്ചായത്ത് മെമ്പർ ആയ ദിലീപ് ഉകേയ് യുടെ കൂടെ താമസവും തുടങ്ങി! അങ്ങനെ ഭാര്യയേയും മൂന്നു മക്കളേയും അപമാനിച്ചു ദാരുണമായി കൊലപ്പെടുത്തിയ കേസിൽ അയാൾ പ്രലോഭനങ്ങൾക്കു വശംവദനായി കൂറുമാറിയ സാക്ഷിയായി!
പിന്നീട് 2017 ജനുവരിയിൽ, 62 ആം വയസ്സിൽ ചിമൻലാൽ ഹൃദ്രോഗം മൂലം മരണപ്പെട്ടു. അതോടെ നാടിനെ നടുക്കിയ ഒരു കൂട്ടക്കുരുതിയുടെ കേസ് കാലഹരണപ്പെട്ടു.
അവലംബം:
1. ഡോ അംബേദ്ക്കർ എഴുതിയ Annihilation of caste എന്ന പുസ്തകത്തിന് അരുന്ധതീ റോയ് യുടെ The Dr and the Saint എന്ന ആമുഖം.
2. Navayana.org യിലെ ആനന്ദ് തെൽത്തുംബേയുടെ ബുക്കിലുള്ള ഭായിലാൽ ബോട്ട്മാംഗേയുടെ പത്രസമ്മേളനം.
കുറിപ്പ്: സുരേഖ ബോട്ട്മാംഗെ, ഭർത്താവ് ഭായിലാൽ ബോട്ട്മാംഗെ, മക്കൾ റോഷൻ, സുധീർ, പ്രിയങ്ക, ഭായിലാലിന്റെ ബന്ധു സിദ്ധാർത്ഥ്, അഡ്വ മിലിന്ദ് ഫുൽസെലെ എന്നിവരുടെ പേരുകൾ മാറ്റിയിട്ടുണ്ട്.
കവർ: ജ്യോതിസ് പരവൂർ