പൂമുഖം LITERATUREലേഖനം വനിതാ പതിപ്പിലെ കഥകൾ…പ്രതീക്ഷകൾ

വനിതാ പതിപ്പിലെ കഥകൾ…പ്രതീക്ഷകൾ

സമകാലിക മലയാളം വാരികയുടെ വനിതാ പതിപ്പിൽ അഞ്ച് കഥകളാണുള്ളത്. ആദ്യത്തേത് ഗ്രേസിയുടെ ‘മല്ലനും മാതേവനും’. സാഹിത്യ പ്രവര്‍ത്തനത്തെ സ്പൂഫ് / സറ്റയർ / ആയി കാണുന്ന എഴുത്തുകാരി, കഥയുടെ തലക്കെട്ട്‌ വഴി സൂചിപ്പിക്കുന്നത് യഥാക്രമം ഒരു കഥാകൃത്തിനെയും നിരൂപകനെയുമാണ്. യാഥാർത്ഥ്യങ്ങളുടെ ലോകത്ത് ജീവിക്കുന്ന നിരൂപകനും, സൃഷ്ടിയുടെ മഹാരഹസ്യമായ ഭാവനയുടെ ഉള്ളിൽ ജീവിക്കുന്ന കഥാകൃത്തും, കഥാകൃത്തിന്റെ ഭയവും അപകർഷതാബോധവും, നിരൂപകന്റെ പുച്ഛവും താൻപോരിമാഭാവവും ഗ്രേസി രസകരമായി അവതരിപ്പിക്കുന്നുണ്ട്. ഭേദപ്പെട്ട രീതിയിൽ വായിച്ച് ചിരിച്ചു പോകാം.

‘വനാന്തരങ്ങൾ’ എന്ന പേരിൽ ധന്യരാജ് എഴുതിയ കഥയാണ് രണ്ടാമത്തേത്. കഥയുടെ സംഗ്രഹം ഇങ്ങനെ പറയാം. കോടീശ്വരനായ ശ്യാംകുമാറിന്റെ ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു പ്രദീപൻ. തുച്ഛമായ ശമ്പളത്തിന് അയാൾ അവിടെ കഠിനമായി ജോലി ചെയ്തു. പക്ഷേ മുതലാളിയുടെ പ്രീതി പിടിച്ചുപറ്റാൻ ആയില്ല. ആയിടക്ക് ഇതേ സ്ഥാപനത്തിന്റെ പുതിയ ഷോറൂമിലേക്ക്, ഇയാളെക്കാൾ പരിചയം കുറഞ്ഞ ഒരാളെ മാനേജർ ആയി നിയമിക്കുന്നു. ബാക്കി എഴുത്തുകാരിയുടെ വാക്കിൽ തന്നെ പറയാം.

“തീർത്തും അപ്രതീക്ഷിതമായ ഈ നീക്കത്തിൽ പ്രദീപൻ പതറി. അയാളുടെ മനസ്സിൽ അതൃപ്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി. അവയ്ക്കിടയിൽ പകയുടെ മിന്നൽ പിണറുകൾ ചിതറി.” വളരെ അമേച്വറിഷ് ആയ ഇത്തരം പ്രതിപാദനരീതി കാണുമ്പോൾ തന്നെ വായനക്കാർക്ക് മനസ്സിലാകും കഥ നമുക്ക് എന്ത് തരുമെന്ന്. കൂടുതൽ ഒന്നുമില്ല. മുതലാളിയുടെ അഞ്ചു വയസ്സുകാരനായ മകനെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ തട്ടിക്കൊണ്ടു വരുന്നു. വീട്ടിലെത്തിയപ്പോള്‍ പ്രദീപന്‍റെ ചെറിയ രണ്ട് മക്കൾ അവനോട് കൂട്ടാകുന്നു. കുറച്ച് സമയത്തിനകം തന്നെ ഇവര്‍ക്ക് മനസ്സിലാകുന്നു, പ്രതീക്ഷിച്ച മോചനദ്രവ്യം തരാനുള്ള സാമ്പത്തിക അവസ്ഥയിലല്ല മുതലാളി എന്ന്. അതോടെ തങ്ങൾ പിടിക്കപ്പെടുമോ എന്ന് സംശയമാകുന്നു ഈ സംഘത്തിലെ പലര്‍ക്കും. ഇനി എന്ത് ചെയ്യുമെന്ന് വായനക്കാർ ആലോചിച്ചിരിക്കുമ്പോൾ, പ്രദീപന്റെ പത്താം ക്ലാസിലെ മകൻ ഒരു സിംഹത്തെ പോലെ ഗർജിക്കുന്നു. എന്തിന് ഗർജിക്കുന്നു? ആ കുട്ടിയെ അവന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ. അതോടെ കഥ തീരുന്നു. നല്ലത്! വളരെ നല്ലത്.

ചിരപരിചിതമല്ലെങ്കിലും, ഏറെ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള സന്ദർശനം പോലെയായിരുന്നു, സമകാലിക മലയാളം വാരികയിൽ സോണിയറഫീഖ് എഴുതിയ “ഉംവെൽറ്റ്” എന്ന കഥ എനിക്ക്. സമീപത്ത് കുറേയേറെ റിപ്പോട്ടാഷുകളെയും(reportage) അകലെ ഒരേയൊരു മേതിലിനെയും ഓർമ്മിപ്പിക്കുന്നു എന്നതുകൊണ്ടല്ല ഇത്. ചിലപ്പോൾ, നമ്മളറിയാത്ത പ്രാപഞ്ചിക സത്യങ്ങളെ, ഏറ്റവും അനായാസമെന്ന പോലെ, തികച്ചും സ്വാഭാവികമായി ഫിക്ഷനിലേക്ക് ചേർത്തുവയ്ക്കുന്ന വൈദഗ്ധ്യം കാരണമാകാമിത്.

പ്രമേയത്തിലെ വ്യത്യസ്തതകളോ, ഭാഷയോ, വൈകാരികത കൊണ്ട് കീഴ്പ്പെടുത്താൻ പറ്റുന്ന അവതരണ രീതിയോ സമീപകാല കഥകളിൽ കൗതുകമുണ്ടാക്കാറുണ്ട്.എങ്കിലും, ഭാഷയിലും സാഹിത്യത്തിലും കലയും ആ കലയിൽ നൂതനത്വവും കൊണ്ടുവരാൻ ശ്രമിക്കുന്നവർ, തന്റെ തന്നെ തുടക്കത്തിലേക്ക് മടങ്ങിപ്പോകുന്ന കാഴ്ചയും വിരളമല്ല. കഥയുടെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, ആവാസവ്യവസ്ഥയിലെ ജീവജാലങ്ങൾ അവയുടെ ജൈവ പരിസരങ്ങളോടു പുലർത്തുന്ന സംവേദന ക്ഷമത, ഒരു കൗമാരക്കാരന്റെയും, അവന്റെ വഴി പിരിഞ്ഞു പോകുന്ന മാതാപിതാക്കളുടെയും ജീവിതത്തിലേക്ക് അന്വയിപ്പിക്കുകയാണ് കഥാകൃത്ത്. മനുഷ്യ സ്വഭാവത്തിന്റെ, മനുഷ്യാവസ്ഥകളുടെ സങ്കീർണ്ണത കാണിച്ചുതരുന്നതാകട്ടെ, ചരിത്രവും ജീവശാസ്ത്രവും പരിസ്ഥിതി ശാസ്ത്രവും, ഫിക്ഷന്റെ അതിരുകളിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തുകൊണ്ടും. മനോഹരമാണ് ഈ കഥ.

സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്നവരുടെ കഥയാണ് ജിൻഷാഗംഗ എഴുതിയ ‘തേറ്റ’. പട്ടണത്തിൽ താമസിച്ചു പഠിക്കുന്ന മകളെ ഒരു ദിവസം പെട്ടെന്ന് നാട്ടിലേക്ക് വിളിച്ചു വരുത്തുന്ന അമ്മ. വളരെ പ്രധാനപ്പെട്ട എന്തോ രഹസ്യം മകളോട് വെളിപ്പെടുത്താനാണ് അമ്മ വിളിച്ചുവരുത്തിയത് എന്ന് കഥയിൽ കൂടി നാം അറിയുന്നു. അഞ്ച് ഭാഗങ്ങളുണ്ട് കഥയ്ക്ക്. ആദ്യത്തെ ഭാഗത്ത് കഥാനായികയും അമ്മയും പെണ്‍കുട്ടിയുടെ ആത്മഹത്യ കൂട്ടുകാരിയുമുണ്ട്. കഥാപരിസരം അന്തരീക്ഷം തുടങ്ങിയവ ഭേദപ്പെട്ട രീതിയിൽ എഴുത്തുകാരി കാണിച്ചു തരുന്നുണ്ട്. രണ്ടാമത്തെ ഭാഗത്ത് കഥാനായികയുടെ പ്രണയത്തെയും തുടർന്ന് പ്രണയി ജീവിതപങ്കാളിയാകുന്നതിനെയും കുറിച്ച്‌ പറയുന്നു. മൂന്നാം ഭാഗത്ത് അപ്പനെ കുറിച്ചാണ് വിവരണം. പെൺകുട്ടിക്ക് മൂന്നു വയസ്സുള്ളപ്പോൾ ഒരു കാട്ടുപന്നി തേറ്റ കൊണ്ട് കുത്തിക്കൊന്നു കളഞ്ഞു അപ്പനെ. ഇടയ്ക്കിടെ ആ രംഗം ഈ പെൺകുട്ടി സ്വപ്നത്തിൽ കാണുന്നു. ഇക്കാര്യം കഥയിൽ അമ്മ ഒന്നു കൂടി ചോദിക്കുന്നു. മകൾക്ക് വളരെ ഇഷ്ടമാണ് അപ്പനെ എന്നറിയുമ്പോൾ, അപ്പനെ കൊന്ന പന്നിയോട് മകൾക്ക് ദേഷ്യമാണെന്ന് മനസ്സിലാക്കുമ്പോൾ, “അങ്ങോട്ട് കാണിക്കാത്ത ദയ ഒരു പന്നിയും തിരിച്ചു കാണിക്കൂല പെണ്ണേ” എന്ന പറച്ചിൽ വഴി കഥാന്ത്യത്തിലേക്ക് വ്യക്തമായ സൂചന തരുന്നുണ്ട് അമ്മ. ഒരര്‍ത്ഥത്തില്‍ കഥ ഏറെക്കുറെ വെളിവാക്കപ്പെട്ടു കഴിഞ്ഞു ഇവിടെ. എങ്കിലും, വിവരണങ്ങള്‍ പരമാവധി കുറച്ച്, ഒതുക്കിപ്പറയുന്നുണ്ട് കഥാകാരി.

ആ കോളനിയിൽ ഇന്നും പറഞ്ഞു കേൾക്കുന്ന പഴയകാല ദുരന്ത കഥയിലെ നായിക ഉറു വാടിയാണ് അടുത്ത ഭാഗത്ത്. അമ്മി കൊത്തുന്ന ശക്തിവേൽ കല്യാണം കഴിച്ചു കൊണ്ടു വന്ന ഈ യുവതി ജന്മം നൽകിയ കുഞ്ഞിന് മുറിച്ചുണ്ടായിരുന്നു. ഇടയ്ക്കിടെ ആ വീട്ടിൽ വന്നു പോയിരുന്ന ശക്തിവേലിന്റെ സുഹൃത്തിനും മുറിച്ചുണ്ടായിരുന്നുവത്രേ. അതിനാൽ സ്വാഭാവികമായും ഉറുവാടി പിഴച്ചവൾ ആണെന്ന് മുദ്രകുത്തപ്പെടുന്നു. പ്രസവിച്ചു കിടക്കുന്ന ഭാര്യയെ ശക്തിവേല്‍ നാഭിക്ക് തൊഴിക്കുന്നു. കുഞ്ഞിന്റെ പിതൃത്വം കൂട്ടുകാരനാണെന്ന് സമ്മതിച്ച് അവൾ തീ കൊളുത്തി മരിക്കുന്നു. സ്വാഭാവികമായി, ഒരു കഥയ്ക്ക് ചേരുന്ന മട്ടില്‍ തുടര്‍ന്നിരുന്ന കഥ എത്ര പെട്ടെന്നാണ് ചെറുകഥയ്ക്ക് അനുയോജ്യമല്ലാത്ത വിവരണത്തിന്റെ സ്വഭാവത്തിലേക്ക് വീണു പോയത്‌! ഈ ഭാഗത്ത്‌ പറയുന്ന കാര്യങ്ങള്‍ സ്റ്റേറ്റ്മെന്റുകള്‍ മാത്രമാണ്. സാമാന്യഭൂതകാലത്തിലെ വെറും വാക്യങ്ങള്‍. വസ്തുസ്ഥിതികഥനം കഥയാകുന്നില്ലല്ലോ. അവസാനഭാഗം യാത്ര എന്ന പേരിലാണ്. ഉറുവാടിത്തറയിലേക്ക് മകളെ കൊണ്ടു പോകുന്നു അമ്മ. ഉറുവാടി നല്ലവളാണെന്നും, ശക്തിവേൽ സംശയം മൂത്ത് മൂത്ത് അവളെ കൊല്ലാക്കൊല ചെയ്യുകയായിരുന്നെന്നും, അത് സഹിക്കാനാവാതെ അവൾ ആത്മഹത്യ ചെയ്തതാണെന്നും വെളിപ്പെടുത്തുന്നു. അവളുടെ അപ്പനെ ആ കാട്ടുപന്നി കുത്തിക്കൊന്നില്ലായിരുന്നുവെങ്കിൽ, അമ്മയും ഉറുവാടിയെപ്പോലെ തീർന്നേനെ എന്നും അതിനാൽ മകൾ ആ പന്നിയെ വെറുക്കല്ലേ എന്നും പറയുന്നു അവർ. ഞെട്ടിക്കുന്ന ഈ സത്യം കൂടാതെ കഥാന്ത്യത്തിൽ വേറൊരു ട്വിസ്റ്റും കൂടിയുണ്ട്. അമ്മയുടെ തലയണക്കീഴിലെ കത്തിക്ക് ഒരു പന്നിത്തേറ്റയുടെ ആകൃതിയായിരുന്നു എന്നതാണത്.

എത്രയെത്രയോ സിനിമകളിൽ, ജനപ്രിയ സാഹിത്യങ്ങളിൽ ആവിഷ്കരിക്കപ്പെട്ട, ഭർതൃസംശയത്താൽ പകവീട്ടുന്ന സ്ത്രീകളുടെ കഥ ഒന്നുകൂടി പറയുമ്പോൾ വായനക്കാര്‍ക്ക് നവ്യാനുഭൂതി ഉളവാക്കാൻ പര്യാപ്തമായ എന്താണ് പുതുതായി നൽകുന്നത് എന്ന സംശയമാണ് എനിക്ക്. എത്രയെത്ര ശക്തിവേലുകള്‍ നമ്മുടെ ജനപ്രിയ സാഹിത്യത്തില്‍ വന്നു പോയി! എങ്ങുമേതും ഓര്‍മ്മിക്കപ്പെടാതെ വിസ്മൃതിയിലാണ്ട കഥകള്‍! ഏറ്റവും പുതിയ കാലത്തെ ഏറ്റവും പുതിയ എഴുത്തുകാരി പോലും ഇത്രയ്ക്കും പഴകിയ പ്രമേയത്തെയാണ് കഥ എഴുത്തിന് ആശ്രയിക്കുന്നത് എന്നത് നിരാശാജനകമാണ്.

“കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ത്രിഫ്റ്റ് ഷോപ്പുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട്”. പ്രിയാ ജോസഫിന്റെ, ‘എന്റെ ആൻക്ലെയിൻ ജാക്കറ്റ്’ എന്ന കഥ ആരംഭിക്കുന്നത് ഈ ആത്മഗതത്തോടെയാണ്.നവ വധുവായി വന്ന് രണ്ടുവർഷത്തിലധികമായി അമേരിക്കയിൽ ഭർത്താവിനൊപ്പം ജീവിക്കുന്ന ഭാനുവാണ് കഥാനായിക. തനിക്ക് ഏറ്റവും അനുയോജ്യമാകുന്ന, ഏറ്റവും ആത്മവിശ്വാസമുള്ളവളാക്കിത്തീർക്കുന്ന, കളഞ്ഞുപോയ ആ ജാക്കറ്റ് അന്വേഷിച്ചുള്ള നടത്തത്തെക്കുറിച്ച് പറയുമ്പോഴാണ്, വിവാഹിതയായ പെൺകുട്ടിയുടെ ദാമ്പത്യ ജീവിതത്തിലെ ടോക്സി സിറ്റി വെളിവാകുന്നത്. ഒഴുക്കൻ മട്ടിൽ കഥ വായിച്ചു പോകുന്നത്, കഥ പറച്ചിലിനൊപ്പം അനുക്രമം വികസിക്കുന്ന കേന്ദ്ര കഥാപാത്രവും, ജീവിതത്തെ കുറിച്ച് സാവധാനം അവൾ തിരിച്ചറിയുന്നത് വ്യക്തമാക്കുന്നത് കൊണ്ടും കൂടിയാണ്. ഒരു പരിധിവരെ കഥാന്തരീക്ഷത്തെ, ഭാനു ശ്രദ്ധിക്കുന്ന കാഴ്ചകളെ, സ്വാഭാവികമായവിധത്തിൽ അവരുടെ ജീവിതത്തിലേക്ക് ബന്ധിപ്പിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. പക്ഷേ, കഥയ്ക്ക് തെരഞ്ഞെടുത്ത വിഷയം അതിസാധാരണവും പുതിയകാല വായനക്കാർക്ക് യാതൊരു പുതുമയും നൽകാത്തതുമാണ്. ഈ വലിയ പരിമിതിയെ മറികടക്കാൻ പ്രാപ്തമായ ആഖ്യാനമല്ല ഇതിൽ. പാട്രിയാർക്കി, ടോക്സിക് ദാമ്പത്യം, അതിനെ തിരിച്ചറിയുന്ന ഭാര്യ, ഇതാണ് കഥയുടെ പ്രതിപാദ്യ വിഷയം എന്നിരിക്കെ കഥയുടെ അവസാനത്തെ ഒറ്റ ഖണ്ഡിക മനോഹരമാവുന്നതുകൊണ്ട് കഥ മൊത്തം അസാധാരണമാകുന്നില്ല. കഥ ആരംഭിക്കുന്നത് ആത്മഗതം കൊണ്ടാണ് എന്ന് പറഞ്ഞുവല്ലോ. അതായത് ഒരു ഫ്ലാഷ് ബാക്ക് പോലെ. ഓർമ്മയിൽ നിന്നോ ഭൂതകാലത്തിൽ നിന്നോ കഥയുടെ വർത്തമാനകാലത്തിലേക്ക് വരുന്ന സന്ദർഭത്തെ വ്യക്തമായി വിവേചിച്ചറിയുന്നതിന് പ്രയാസമുണ്ട് കഥയിൽ.

മേൽപ്പറഞ്ഞ കഥകളെ കുറിച്ച് ബെന്യാമിൻ പറഞ്ഞത്, “എന്നുമെന്നും ഒരേ വിഷയം, ഒരേ ഭാഷയിൽ മാത്രം തിരിച്ചും മറിച്ചും പറഞ്ഞ് നമ്മെ ചെടിപ്പിച്ചുകൊണ്ടിരിക്കുന്ന ചിലർക്കിടയിൽ ഇങ്ങനെയും കഥാകാരികൾ ഉണ്ട് എന്നതാണ് വായനക്കാരുടെ ഭാഗ്യം. വ്യത്യസ്ത ഭൂമികകളിൽ നിന്നുകൊണ്ട് തീർത്തും വ്യത്യസ്തമായ രീതിയിൽ കഥ കണ്ടെത്തി ഞങ്ങൾക്ക് നൽകി” എന്നാണ്. ഈ രണ്ടു കഥകളിൽ ബെന്യാമിൻ കണ്ടെത്തിയ വ്യത്യസ്തത എന്താണെന്ന് അറിഞ്ഞുകൂടാ. പ്രമേയത്തിൽ? ഭാഷയിൽ? കഥ പറച്ചിലിന്റെ രീതിയിൽ? വായനക്ക് ശേഷവും കഥയെ വായനക്കാരിൽ കുരുക്കിയിടുന്ന ഊഹങ്ങളിൽ? ഇല്ലെന്ന് എനിക്ക് തോന്നുന്നു. അതിനാൽ കഴിഞ്ഞ ആഴ്ച ഇറങ്ങിയ മലയാളം വാരികയിലെ ഇസ്തിഗ്ഫാർ എന്ന ഫർസാനയുടെ കഥ ഞാൻ ബെന്യാമിന് സജസ്റ്റ് ചെയ്യുന്നു. ഇങ്ങനെയും ചില കഥാകാരികളുണ്ട് എന്ന് അന്നേരം പറയാമായിരുന്നു.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like