പൂമുഖം LITERATUREലേഖനം സീതാറാമിന്റെ മരണം ഒരു കാലഘട്ടത്തിന്റെ അവസാനം

സീതാറാമിന്റെ മരണം ഒരു കാലഘട്ടത്തിന്റെ അവസാനം

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി ജെ പിയെ തറ പറ്റിച്ചു. വിജയഭേരി മുഴക്കി കോൺഗ്രസ് ദേശീയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചു. സി പി എമ്മിന്റെ ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയെ ആണ് കോൺഗ്രസ് സത്യപ്രതിജ്ഞയിലേക്കു ക്ഷണിച്ചത്. ” കേരള സഖാക്കൾ എന്ത് പറയും”, എന്നായി യെച്ചൂരി . അന്ന് സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രൂസ്റ്റിൽ (സഹ്മത് ) അദ്ദേഹം ലഞ്ച് കഴിക്കുവാൻ വന്നിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാവരും പറഞ്ഞു”സിപിമ്മിന്റെ ദേശീയ ലക്‌ഷ്യം ബി ജെ പി യെ തോൽപ്പിക്കുക എന്നതാണ്. അത് കർണാടകയിൽ കോൺഗ്രസ് ഭംഗിയായി ചെയ്തിരിക്കുന്നു. അതിന്റെ സന്തോഷം പങ്കിടുവാൻ താങ്കൾ തീർച്ചയായും പോകണം” ശരിയാണ്, പക്ഷെ കോൺഗ്രസ്സുമായി കടുത്ത രാഷ്‌ടീയ എതിർപ്പ് പ്രകടിപ്പിക്കുന്ന കേരള സഖാക്കൾക്ക് എന്തു തോന്നും, ഞാൻ പോയാൽ” എന്നായി സീതാറാം. അത് അതിന്റെ വഴിയിലൂടെ നടക്കട്ടെ, എന്നായി സഹ്മതുകാർ. അവിടെ ഞാൻ മാത്രമായിരുന്നു ഒരു മലയാളി. സീതാറാം തന്റെ ഫോൺ എടുത്തു, സി പി ഐ യുടെ ജനറൽ സെക്രട്ടറി ഡി രാജയെ വിളിച്ചു. “ഓകെ താങ്കൾ പോകുന്നു, എങ്കിൽ ഞാനും വരുന്നു ” എന്നായി സീതാറാം. ഞാൻ സാക്ഷിയായ ഈ സംഭവം, കഴിഞ്ഞ ആഴ്ച നമ്മോടു വിടപറഞ്ഞ സീതാറാം യെച്ചൂരി തന്റെ രാഷ്‌ടീയത്തെ, തന്റെ ദേശീയ രാഷ്‌ടീയ നിലപാടുകളെ എങ്ങനെ തന്റെ പാർട്ടിയുടെ സംസ്ഥാന യൂണിറ്റുകളുടെ വ്യതിരിക്ത നിലപാടുകളുമായി സമരസപ്പെടുത്തിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

അതുപോലെ തന്നെ ആയിരുന്നു കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ കേരള, ബംഗാൾ പാർട്ടികളുടെ രാഷ്‌ടീയ ബാന്ധവങ്ങളുടെ നിർണയത്തിൽ നടന്നത്. കേരളത്തിൽ നഖശിഖാന്തം എതിർക്കുന്ന കോൺഗ്രസ്സിനെ ബംഗാൾ പാർട്ടിയുടെ സഖ്യകക്ഷിയാക്കുവാൻ സീതാറാമിനെ പോലെ അടവ് രാഷ്‌ടീയ നയങ്ങളിൽ പ്രാവീണ്യമുള്ള ഒരാൾക്കേ കഴിയൂ. അതായിരിക്കണം, സി പി എമ്മിന്റെ നാലു ലോകസഭാസീറ്റുകളിൽ മൂന്നെണ്ണം തമിഴ് നാട്ടിലെയും രാജസ്ഥാനിലേയും സഖ്യ കക്ഷികളിലൂടെ സീതാറാമിന്റെ സംഭാവന ആണ് എന്ന ഒരു സംസാരം കേട്ടത്. ആ പാർട്ടിയിൽ, ഇന്ത്യയിൽ ആരെയും ഏതു സമയത്തും ഫോൺ ചെയ്യാവുന്ന ഒരു നേതാവ് ഇനി ഇല്ല എന്ന് കേൾക്കുന്നതും. കഴിഞ്ഞ ഒൻപതു മാസമായി വീടിനു വെളിയിൽ തന്റെ ആരോഗ്യ കാരണങ്ങളാൽ യാത്ര ചെയ്യാതിരുന്ന സോണിയ ഗാന്ധിയെ സീതാറാമിന്റെ മൃതശരീരത്തിന്റെ പൊതു ദർശന വേദിയിൽ എത്തിച്ചതും മറ്റൊന്നുമല്ല. യു പി എ ഒന്നാം സർക്കാരിലെ പങ്കാളികൾ ആയിരുന്ന ഇടതു പക്ഷത്തിലെ സീതാറാം, അവരുടെയും മകൻ രാഹുൽ ഗാന്ധിയുടെയും ഒരു പ്രധാന രാഷ്‌ടീയ ഉപദേശകൻ ആയി മാറിയിരുന്നു.

ഇന്ത്യമഹാരാജ്യത്തിലെ ഇടതു പക്ഷത്തിനു ലോകസഭയിൽ അറുപതു സീറ്റിൽ ( 2004 ) കൂടുതൽ കിട്ടിയില്ലായിരിക്കാം, പക്ഷെ അവരുടെ രാഷ്‌ടീയ സ്വാധീനം കോൺഗ്രസ്സിനോടൊപ്പം ആയിരുന്നു ഈ കാലഘട്ടത്തിലൊക്കെ എന്ന് ഡൽഹിയിൽ ഒരു പഴമൊഴിയുണ്ട്. അത് മറ്റാരും വിശ്വസിച്ചില്ലെങ്കിലും ഇന്ന് ഭരിക്കുന്ന ബി ജെ പി -ആർ എസ് എസ് കൂട്ടക്കാർ വിശ്വസിക്കുന്നുണ്ട്. അതാണല്ലോ അവർ ഇടതുപക്ഷ സ്വാധീന മേഖലകൾ ഒന്നൊന്നായി തകർത്തു കൊണ്ടിരിക്കുന്നത്. ഇത് ജെ എൻ യു മുതൽ സ്കൂൾ വിദ്യാഭാസമേഖല വരെ അങ്ങനെ നീണ്ടു പോകുന്നു. ഈ ഇടതു സ്വാധീനത്തിന്റെ ആകെ തുകയായിരുന്നു മണ്മറഞ്ഞ സീതാറാം യെച്ചൂരി എന്ന് നാം കണ്ടേണ്ടി വരും, അദ്ദേഹത്തിന്റെ മരണത്തോട് ഇന്ത്യൻ രാഷ്‌ടീയ രംഗം പ്രതികരിച്ച രീതി നോക്കുമ്പോൾ.

സീതാറാം തന്നെ പലപ്പോഴും പറഞ്ഞിരിക്കുന്നു, പാർട്ടിയുടെ അംഗ സംഖ്യയിൽ അല്ല, വിചാരധാരയുടെ ശക്തിയിലാണ് ഇടതു പക്ഷത്തിന്റെ ശക്തി എന്ന്. ഈ ശക്തി, സ്വയം സോഷ്യലിസ്റ്റ് ആയി പ്രഖ്യാപിച്ചിരുന്ന ആദ്യ പ്രധാനമന്ത്രി നെഹ്‌റു ഇടതുപക്ഷത്തിനു നൽകിയിരുന്ന ഒരു പഴയ സ്ഥാനമാണ്. അത് മനസിലാക്കിയാണല്ലോ നെഹ്രുവിന്റെ മകൾ ഇന്ദിരാ ഗാന്ധി തന്റെ പിതാവിന്റെ പേരിലുള്ള സർവ്വകലാശാലയെ ഇടതു കോട്ടയാക്കുവാൻ അനുവദിച്ചതും. സീതാറാം ആ സർവ്വകലാശാലയുടെ അന്തസ്സത്ത നിർമ്മിച്ച ഒരു ഇടതു നേതാവാണ് എന്ന് പറയാം.

സിപിഎമ്മിൽ ഇന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം വായിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന വാസ്തവം മനസിലാക്കിയ സ്ഥാപക നേതാക്കളായ , ഇ എം എസ് , ബസവ പുന്നയ്യ , രണദിവെ, സുർജിത് എന്നിവർ, പാർട്ടിയിലെ പ്രത്യയശാസ്ത്ര അടിത്തറ നിലനിർത്തുവാൻ ആണ് പ്രകാശ് കാരാട്ട്, സീതാറാം, എം എ ബേബി എന്നിവരെ വളരെ ചെറുപ്പത്തിൽ തന്നെ സെൻട്രൽ കമ്മിറ്റിയിലേക്കു കൊണ്ടുവന്നത്. സ്ഥാപക തലമുറ കാലാവശേഷമായപ്പോൾ, പാർട്ടിയെ നയിക്കുവാൻ കാരാട്ടും, സീതാറാമും ആയിരുന്നു എന്നത് ആ സ്ഥാപക നേതാക്കളുടെ ദീർഘ വീക്ഷണത്തിന്റെ തെളിവായി അവശേഷിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ മറ്റു പാർട്ടികളെ പോലെ ആൾക്കൂട്ടമല്ല എന്നും, അതിനു പ്രത്യയ ശാസ്ത്രപരമായ ഒരു അടിത്തറ ഉണ്ടാകണമെന്നും ഈ സ്ഥാപക നേതാക്കൾ വിശ്വസിച്ചിരുന്നു.

ആ വിശ്വാസം കൊണ്ടാണല്ലോ ഇന്നും , പ്രത്യയശാസ്ത്ര അടിത്തറ ഇല്ലാത്ത നേതാക്കൾ , തങ്ങളുടെ ജനസ്വാധീനം വഴി, അധികാരം നേടിയതിന് ശേഷം ബംഗാളിലും, തിരപുരയിലും ഇന്ന് നാമാവശേഷമായിരിക്കുന്നത്. കേരളത്തിലും അതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നു എന്ന് തന്നെ പറയാം.

ഇവിടെയാണ് അക്കാദമിക് മാർക്സിസ്റ്റുകൾ എന്ന് പറയുന്ന നേതാക്കളുടെ പ്രസക്തി. മറ്റു പാർട്ടി നേതാക്കൾ സംഘാടനത്തിനും, അധികാരത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ, അക്കാദമിക് നേതാക്കൾ, പാർട്ടിയുടെ പ്രത്യയ ശാസ്ത്രത്തെ നോക്കി നടത്തുന്നു. പ്രത്യയ ശാസ്ത്രമില്ലാത്ത കമ്മ്യൂണിസ്റ്റു പാർട്ടി കരയിലിട്ട മീനിന്റെ പോലെയാണ്‌. അതാണ് നമ്മൾ കേരളത്തിൽ ഇന്ന് കാണുന്നതും. പാർട്ടിക്ക് പ്രത്യയശാസ്ത്രനേതൃത്വം കൊടുക്കുവാനാണ് പോളിറ്റ് ബ്യൂറോയും ജനറൽ സെക്രട്ടറിയും. കൂടെ ഒരു കാലഘട്ടത്തിലെ രാഷ്‌ടീയത്തിൽ , ദേശീയമായും, സംസ്ഥാനപരയും പ്രസക്തിയുള്ളതാക്കുക എന്നതും ലക്ഷ്യമാണ്. അത് സീതാറാം ഭംഗിയായി ചെയ്തു. അദ്ദേഹത്തിന് ഇന്ത്യ സഖ്യത്തിന്റെ എല്ലാ മുതിർന്ന നേതാക്കളും ആദരാഞ്ജലി അർപ്പിക്കുന്നത് അതിന്റെ തെളിവാണ്.
കേരളത്തിലെ സി പി എമ്മിൽ വിഭാഗീയത മൂലം ഒരു പൊട്ടിത്തെറി ഒഴിവായത് സീതാറാമിന്റെ ഇടപെടൽ കൊണ്ടാണ്. വി.എസ്, ബെർലിൻ കുഞ്ഞനന്തൻ നായർ എന്നിവരുടെ ഇഷ്ട യുവനേതാവായിരുന്ന സീതാറാമിന്, അവരിൽ നിന്നും വാക്കുകളിലും, പ്രവൃത്തിയിലും മിതത്വം നേടിയെടുക്കുവാൻ കഴിഞ്ഞു. അതോടൊപ്പം പിണറായിയുടെ വിശ്വാസ്യത നേടിയെടുക്കാനും. ‘സി പി എമ്മിന്റെ ഭരണഘടന ഫെഡറൽ അധികാരത്തെ അഗീകരിക്കുന്നതിനാൽ, കേരളത്തിലെ പ്രശ്നങ്ങൾ അവിടെ തന്നെ തീർക്കണം. പാർട്ടി സെക്രട്ടറിയുടെ റോൾ അതിന്റെ മധ്യസ്ഥന്റേത് മാത്രമാണ്’ എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതായിരിക്കണം അദ്ദേഹത്തെ രണ്ടു വിഭാഗത്തിനും സ്വീകാര്യൻ ആക്കിയതും.

സീതാറാമിന്റെ മരണം സി പി എമ്മിനെയും ഇടതു പക്ഷത്തെയും ദേശീയമായി കൂടുതൽ ഒറ്റപ്പെടുത്തുമോ എന്ന് പലരും ആശങ്കിക്കുന്നു. കാരണം, അദ്ദേഹത്തെ പോലെ, അടിയന്തരാവസ്ഥയെ എതിർത്ത്, ദേശീയ രാഷ്‌ടീയത്തെ സ്വായത്തമാക്കിയ , പല ഭാഷകൾ അനായാസേന കൈകാര്യം ചെയ്യുവാൻ അറിയുന്ന നേതാക്കൾ ഇടതു പക്ഷത്ത് വേറെ ഇല്ല എന്നതാണ് വാസ്തവം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലോകപ്രസക്തി തന്നെ കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അങ്ങനെ ഒരാളുടെ അഭാവം ദീർഘകാലപ്രശ്നങ്ങൾ ഉണ്ടാക്കാം.

മറ്റൊരു സി പി ഐ നേതാവിന്റെ മരണത്തിൽ അനുശോചനം അറിയിക്കുവാൻ അവരുടെ ദേശീയ ആസ്ഥാനത്തു പോയതിന്റെ വേദനിപ്പിക്കുന്ന അനുഭവമാണ് ഇവിടെ ഓർമ്മ വരുന്നത്. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തു നിർമ്മിക്കപ്പെട്ട, ബഹുനിലയുള്ള അജോയ് ഭവന്റെ ചരിത്രം ഉറങ്ങുന്ന ലൈബ്രറി ഒരു ഭൂതബാധിത പ്രദേശം പോലെയായിരുന്നു. വെള്ളികെട്ടിയ നേതാക്കളും , ജരാനര ബാധിച്ച കെട്ടിടവും. പാർട്ടിയും അതുപോലെ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥ. ഡൽഹിയിൽ രണ്ടു മൂന്ന് കെട്ടിടസമുച്ചയം ഉള്ള സി പി എമ്മിന്, ദേശീയ പ്രസക്തി പാർട്ടിക്ക് നൽകുവാൻ കഴിയാത്ത നേതാക്കൾ നയിക്കുന്ന ഇനിയുള്ള കാലത്ത്‌ അജോയ് ഭവന്റെ ഉടസ്ഥരായ സി പി ഐ യുടെ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ ഈ അവസരത്തിൽ ആശംസിക്കുവാൻ കഴിയൂ. കാരണം സീതാറാമിന്റെ മരണം ഒരു കാലഘത്തിന്റെ അവസാനം കൂടിയാണ്.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like