പൂമുഖം LITERATUREലേഖനം

കേരളത്തിൽ…..

ഉവ്വ്. വാളയാറിൽ 2 പെൺകുട്ടികൾ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടിട്ടുണ്ട്. മുതിർന്ന സി പി എം പ്രവർത്തകനോടും സാമാജികനോടും ബന്ധുത്വമുള്ള ആരോപിതനെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നത് ഒഴിവാക്കി പിണറായി വിജയന്റെ ഇടതു സർക്കാർ ഒതുക്കിയെന്ന് ജനസംസാരമുണ്ട്.

നടിയെ നഗര മധ്യത്തിൽ പൊതു നിരത്തിൽ വെച്ചു ഉപദ്രവിച്ചു ക്യാമെറയിൽ പകർത്തി എന്നത് ഈ നാട്ടിൽ എല്ലാവര്ക്കും ബോധ്യപ്പെട്ട കാര്യമാണെങ്കിലും പ്രതിയെ സർക്കാർ ഇതുവരെയും ശിക്ഷിച്ചിട്ടില്ല. അത് ആസൂത്രണം ചെയ്തുവെന്ന് ആരോപണമുള്ള നടൻ ദിലീപിനെയും.

തന്നെ ചിരകാലമായി ഉന്നതാധികാരിയായ പുരോഹിതൻ നിർബന്ധ ലൈംഗിക വേഴ്ചക്ക് വിധേയയാക്കുന്നു എന്ന് സഹികെട്ടു നിലവിളിച്ച കന്യാസ്ത്രീയെ വത്തിക്കാന്റെ തിട്ടൂരം വാങ്ങിയാണ് മതാധികൃതർ പാഠം പഠിപ്പിച്ചത്. ആരോപിതനെ ഇപ്പോഴും ഇവിടത്തെ വിശ്വാസികൾ കൈമുത്തുന്നു.

വഴിയിലും കുടുംബത്തിലും വാഹനത്തിലും സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്നുണ്ട്

ഇതൊക്കെ ഇനിയും തുടർന്നു എന്നും വരാം .. കാരണം ഈ ലോകം ബലവാന്റേതാണ്.

പക്ഷെ ഈ സംഭവങ്ങളും മണിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നതും സമീകരിക്കുവാൻ കഴിയില്ല. FB യിലൂടെ അതിനുവേണ്ടി നടത്തുന്ന പ്രതിരോധ പ്രചാരണങ്ങൾ വിചാരശേഷി പണയപ്പെടുത്തിയ അനുചരവൃന്ദം ഷെയർ ചെയ്യുമെന്നല്ലാതെ യുക്തിയുടെ മുൻപിൽ വിലപ്പോവുകയില്ല. മുൻ പറഞ്ഞ സ്ത്രീ പീഡനങ്ങൾ. രാഷ്ട്രീയാധികാരം കയ്യാളുന്ന പുരുഷൻറെ കാമാർത്തിപൂരണം മാത്രമായിരുന്നു. നിയമം തങ്ങളെ തൊടില്ലെന്ന ഭീരുത്വം ആയിരുന്നു അവരുടെ ശക്തി. മറിച്ചു മണിപ്പൂരിൽ ആരുടെയെങ്കിലും ലൈംഗിക ദാഹമായിരുന്നില്ല പ്രേരണ. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചത് വീഡിയോയിൽ ആക്കി സൂക്ഷിച്ചതും ദിവസങ്ങൾക്കു ശേഷം പുറത്തു വിട്ടതും കേവല ലൈംഗികാക്രമണം മാത്രമായിരുന്നില്ല എന്നതിനു തെളിവാണ്. അവിടത്തെ സർവ തലങ്ങളിലും നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ഭാഗമായിരുന്നു ആ നാണം കെട്ട പ്രവൃത്തി. അന്യ കാരണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രവും.

തികഞ്ഞ ആസൂത്രണത്തോടെ മാസങ്ങളും കൊല്ലങ്ങളും ആയി പരിശീലിപ്പിച്ചു സന്നദ്ധരാക്കിയ ഭീകര സംഘങ്ങൾ മേത്തരം ആയുധങ്ങൾ – റിപോർട്ടുകൾ അനുസരിച്ചു ഔദ്യോഗിക സേനയുടെ ശേഖരത്തിൽ നിന്ന് കൈപ്പറ്റിയവ – ഉപയോഗിച്ച് ക്ഷിപ്ര പ്രതികരണപ്രകൃതികളായ അതിർത്തി ജനതയെ പരസ്പരം ശത്രുക്കളാക്കി വഞ്ചിച്ചു ,വലിയ രണ്ട് രാഷ്ട്രീയ ലക്‌ഷ്യങ്ങൾ നേടുകയായിരുന്നു മണിപ്പൂരിൽ.

അതിന്റെ കൃത്യമായ കണക്കു കിട്ടണമെങ്കിൽ ഇതുവരെയുള്ള കലാപത്തിന്റെ ബാലൻസ് ഷീറ്റ് നോക്കിയാൽ മതി. കഴിഞ്ഞ ഫെബ്രുവരി മുതൽ അനധികൃത കുടിയേറ്റം ആരോപിച്ചു വനവാസികളെ കുടിയിറക്കുകയും അവരുടെ വീടുകളും ആരാധനാലയങ്ങളും നശിപ്പിക്കുകയും ചെയ്തു തുടങ്ങിയിരുന്നു. ഒരു കലാപത്തിനുള്ള ഇന്ധനം നിറക്കൽ ആയിരുന്നു അത്. കലാപാന്തരീക്ഷം ഉരുണ്ടുകൂടുന്നുവെന്നു ഉറച്ച സൂചനകൾ ലഭിച്ചപ്പോൾ അതിനു നടുവിലേക്ക് മുഖ്യമന്ത്രി ബീരേൻസിങ് ഒരു നിയമസഭാ ഇടപെടലിലൂടെ ഒരു തീപ്പന്തം എറിഞ്ഞു കൊടുത്തു. തുടർന്നുണ്ടായ കലാപങ്ങൾ വ്യാപകമായ കുടിയൊഴിയലിനും പാലായനത്തിനും വഴി വെച്ചു. അത് കേന്ദ്രം നിഷ്‌ക്രിയത്വത്തിലൂടെ ശരിവെക്കുകയായിരുന്നു. ക്രിസ്ത്യൻ വാസസ്ഥലങ്ങളും പള്ളികളും നശിപ്പിക്കുകവഴി ഭീകരമായ ന്യുനപക്ഷ ധ്വംസനത്തിലൂടെ ഹിന്ദുത്വ അജണ്ടയിൽ അങ്ങനെ നിർണായകമായ ഒരു ഇന്നിംഗ്‌സ് നേടുകയായിരുന്നു പ്രധാനമന്ത്രിയും ബി ജെ പി യും. ഗുജറാത്ത്‌ കലാപത്തിലൂടെ കേന്ദ്രത്തിലേക്കു കുതിച്ച അനുഭവം മോദിയെ വീണ്ടും അതെ നയം പിന്തുടരാൻ ധൈര്യപ്പെടുത്തി. മുൻ സർക്കാരുകൾ പാടെ അവഗണിച്ച അതിർത്തി സംസ്ഥാന ഗോത്രജനതകളിൽ സേവനപ്രവർത്തനങ്ങളുടെ തുടർച്ചയായി മതപരിവർത്തനം സാധിച്ച മിഷനറി പ്രവർത്തനത്തോടുള്ള ആർ എസ് എസ് തിരിച്ചടി. ഖണ്ഡമാലിന്റെ തുടർച്ച.

ധാതുസമ്പന്നമായ കുന്നുകളും കാടുകളും ചങ്ങാത്ത മുതലാളികൾക്ക് കൈമാറലാണ് മോദി സർക്കാരിന്റെ രണ്ടാമത്തെ ലക്‌ഷ്യം. എണ്ണപ്പനകൃഷിയോട് ബന്ധപ്പെടുത്തിയും വടക്കു കിഴക്കൻ കുന്നുകളുടെ പേർ കേൾക്കാൻ തുടങ്ങിയിട്ടുണ്ട് അഞ്ചു കൊല്ലത്തെ അവധി കഴിയാറായി. തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വെളിപ്പെടുത്തേണ്ടാത്ത, സിഎജി ഓഡിറ്റിംഗിനു വിധേയമല്ലാത്ത sources നോട് നിരന്തരമായി ബാധ്യതപ്പെട്ടിരിക്കുന്നു ഈ രാജ്യത്തെ ഭരണകൂടവും ജനാധിപത്യവും. അതിന്റെ സിംഹഭാഗവും കൈപ്പറ്റിയ ബി ജെ പി ക്കും അവരുടെ സർക്കാരിനും ഭൂമിയാണാവശ്യം. കാശ്മീരിലും ഭൂമിയുടെ ഉടമസ്ഥത മത സ്പർദ്ധപോലെ തന്നെ പ്രധാനമായിരുന്നു. ആർട്ടിക്കിൾ 370 റദ്ദു ചെയ്യലിനു പിന്നിൽ എന്ന് പിന്നീടുള്ള കുടിയേറ്റ ശ്രമങ്ങളും സർക്കാർ പ്രോത്സാഹനങ്ങളും വ്യവസായ വാഗ്ദാനങ്ങളും പരിശോധിച്ചാൽ വ്യക്തമാവും.

പറഞ്ഞു വന്നത് മണിപ്പൂർ രണ്ടോ അതിലധികമോ സ്ത്രീകളുടെ വസ്ത്രാക്ഷേപമോ ബലാത്സംഗക്കൊലപാതകമോ മാത്രമല്ല. അത് രാജ്യത്തെ നിരവധിയായ സ്ത്രീ പീഡനങ്ങളിൽ ഒന്നല്ല. അങ്ങനെ മുഖം രക്ഷിക്കാൻ കേരളത്തിലെ ചില കേസുകൾ എണ്ണി പറഞ്ഞു കൊണ്ടുള്ള കൂലിയെഴുത്തുകൊണ്ട് സാധ്യമാവില്ല. പ്രതിപക്ഷങ്ങൾ പാർലമെൻറിൽ ബഹളമുണ്ടാക്കി പഴയ തിരക്കഥ വെച്ചു നാ ടകം കളിക്കുകയല്ല വേണ്ടത്. പാര്ലമെന്റ് സ്തംഭിപ്പിക്കുക ജനാധിപത്യ ധ്വംസനമാണ്. ഇനിയും അതിനു ഒത്താശ ചെയ്യരുത്.

പ്രതിഷേധം ഒറ്റക്കെട്ടായി അവതരിപ്പിച്ചു സംസ്ഥാനത്തെ ഭരണമാറ്റം ഉന്നയിക്കണം അതോടൊപ്പം പാര്ലമെന്റ് തടസ്സം കൂടാതെ നടത്തുവാൻ ജാഗ്രത പുലർത്തേണ്ടതും പ്രധാനമാണ്. മണിപ്പൂർ സംസ്ഥാന -കേന്ദ്ര തലങ്ങളിൽ പുറത്തു സമാന്തരമായി കൈകാര്യം ചെയ്തു പരിഹാരം കാണേണ്ട വിഷയമാണ്. പാര്ലമെന്റ് സമ്മേളനത്തിന് ശേഷവും തുടരേണ്ടതും ആണത്.

വന സംരക്ഷണ ഭേദഗതി നിയമം വിവരാവകാശ ഭേദഗതി നിയമം, യൂണിഫോം സിവിൽ കോഡ്, ഡാറ്റ സംരക്ഷണം എന്നിവയും മറ്റു നിയമങ്ങളും ഈ സമ്മേളനത്തിൽ പരിഗണിക്കുമെന്ന് കേൾക്കുന്നു. ഇവ ചർച്ച ചെയ്യണം, പൊതുജനത്തിനു മുൻപിൽ വെക്കണം.ഭേദഗതികൾ ഏകപക്ഷീയമായി പാസ്സാക്കി എടുക്കുവാൻ അവസരമൊരുക്കാതെ ജാഗ്രത പുലർത്തണം. INDIA ഒരു പ്രത്യാശയും ഭാവിക്കുള്ള വാഗ്ദാനവും ആണെന്ന് ഈ രാജ്യത്തെ സ്നേഹിക്കുന്നവരെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ പാര്ലമെന്റ് സമ്മേളനം.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like