പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 10 – ബിദവികൾ

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 10 – ബിദവികൾ

മരുക്കാറ്റ് ഒരു പൂച്ചയെ പോലെയാണ് ഇരയെ തട്ടിക്കളിച്ചിരുന്നത്. അകലേക്ക് വലിച്ചെറിയും. പിന്നെ ഒരു പൂച്ചസന്യാസിയെപ്പോലെ നിശ്ചലനാകും. അപ്പോൾ ഇര ആശ്വസിക്കും. രക്ഷപ്പെടാനായി ചുറ്റും പരതും. ആ നിമിഷം കാറ്റിന്റെ കണ്ണുതുറക്കും. വാലിന് ഒരനക്കം വെക്കും. അത് വായുവിൽ വിജ്രുംഭിതമാകും. ഒരിക്കൽ കൂടി മണൽക്കാറ്റ് ആകാശത്തേക്ക് ഉയർന്നു. ഇരയെ തട്ടിക്കളിക്കാൻ കാറ്റ് വന്നു. എതിർക്കുന്ന ഇര കാറ്റിനെ ആവേശം പിടിപ്പിച്ചിരുന്നു. പക്ഷേ ശലമോൻ ചെറുത്തില്ല. വിധിക്ക് കീഴടങ്ങിയതു പോലെ കണ്ണുകളടച്ചിരുന്നു. മരുക്കാറ്റിന്റെ ആവേശം കെട്ടടങ്ങി. വരിയുടച്ച കഴുതയെ പോലെ അലറികൊണ്ട് അതു വടക്കോട്ട് പോയി.

മണൽ അരിച്ചിറങ്ങുന്നതിൻ്റെ ശബ്ദം നിലച്ചു. ശലമോൻ കണ്ണു തുറന്നു നോക്കി. മരുഭൂമി ശാന്തമാണ്. അയാൾക്ക് ഒരു പ്രതീക്ഷ തോന്നി. മരുഭൂമിയിൽ എല്ലാം അനിശ്ചിതമാണ്. ആപത്തും!

അങ്ങനെയെങ്കിൽ അടുത്ത് തന്നെ ബിദവികളുടെ താവളമുണ്ട്. ശലമോൻ വേച്ചുവേച്ച് നടന്നു. അയാൾക്ക് മീതെ ഒരു കഴുകൻ വട്ടമിട്ടു പറന്നിരുന്നു. ചുട്ടുപഴുത്ത ആകാശത്തിൽ ഭ്രമണം ചെയ്ത് വലിയ വൃത്താകൃതിയിലാണ് അവൻ പറന്നിരുന്നത്. ശലമോൻ അവശനായി..

അതോടെ ആ വൃത്തം ചെറുതാകാൻ തുടങ്ങി. മരണത്തിൻ്റെ ചിറകുകൾ നിശ്ചലമായി. ഉരുകുന്ന വെയിലിൽ അയാൾ തളർന്ന് വീണു. മണലിൽ ചേതനയറ്റ് കിടന്നു. കഴുകന്റെ നിഴൽ മരുഭൂമിയിൽ പതിഞ്ഞു. ഒരിക്കൽ കൂടി അയാൾ കണ്ണുകൾ അടച്ചു. മരണം കാത്തു. പക്ഷേ ഭയം തോന്നിയില്ല. പൊടുന്നനെ ഒരു തണുത്ത സ്പർശം മുഖത്ത് പതിഞ്ഞു. മരണത്തിന്റ തണുത്ത സ്പർശം.. മരണത്തെ കാണാൻ ശലമോന് ഒരു കൗതുകം തോന്നി. അയാൾ കണ്ണു തുറന്നു നോക്കി. ഒരു ഒട്ടകം മുഖത്ത് നക്കുന്നു. പാൽനുരചുരത്തുന്നു. അയാൾനൊട്ടിനുണഞ്ഞു. ചെറുപ്പത്തിൽ അമ്മിഞ്ഞ പകർന്ന ആയയെ ശലമോന് ഓർമ്മവന്നു. അവളുടെ നെഞ്ചിലെ സ്നേഹം മറന്നില്ല.

ഒട്ടകത്തിന്റെ കഴുത്തിൽ പിടിച്ച് ശലമോൻ എഴുന്നേൽക്കാൻ ശമിച്ചു. പക്ഷേ അതിൽ പരാജിതനായി പിൻവാങ്ങി. മരുസാഗരത്തിൽ അകപ്പെട്ട ആ മനുഷ്യനെ ഉപേക്ഷിക്കാൻ ഒട്ടകത്തിന് മനസ്സുവന്നില്ല. ഉടുപ്പിൽ കടിച്ചുപിടിച്ച് പൊക്കിനിർത്തി. പക്ഷേ പിടി ഒന്നയച്ചപ്പോൾ അയാൾ വീഴാൻ ഭാവിച്ചു. കാലുകളുടെ ബലം അമ്പേ ചോർന്നിരുന്നു. ഒട്ടകം ആ മനുഷ്യനെ താങ്ങി നിർത്തി. പിന്നെ നടന്നു. ഒട്ടകത്തെ പിടിച്ചുകൊണ്ട് ശലമോനും നടന്നു.

ചുട്ടുപഴുത്ത മണലിൽ നടക്കുമ്പോൾ മരുഭൂമിയിലെ മാലാഖയെ കണ്ടെന്ന് അയാൾക്ക് തോന്നി. ജിന്നിൻ്റെ കെണിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്ന മാലാഖയെക്കുറിച്ച് കേട്ടിരുന്നു..

രണ്ടു നാഴിക നടന്നപ്പോൾ ശലമോൻ ദൂരെ ഒരു കറുപ്പു കണ്ടു. അയാൾക്ക് ഉത്സാഹം തോന്നി.

പ്രതീക്ഷിച്ചതു പോലെ ആ കറുപ്പിന് നിറം വെച്ചു.ഒരു പച്ചപ്പായി. ഗാഫ് മരത്തിന്റെ പച്ചക്കുട കണ്ടപ്പോൾ ശലമോൻ മരുഭൂമിയിലെ കഷ്ടപ്പാടുകൾ എല്ലാം മറന്നു. അയാൾ പ്രാർത്ഥിച്ചു.

“ഓ ദൈവമേ, അത് ബിദവികളുടെ താവളമായിരിക്കണമേ !! “

ബാനിമാലിക് ഗോത്രത്തിൻ്റെ മുറ്റത്തെ മരത്തണലിൽ ഒരു കാവൽക്കാരൻ കിടന്നിരുന്നു. മരുഭൂമിയിലെ പൊള്ളുന്ന ഉച്ചച്ചൂടിൽ അയാൾ കണ്ണടച്ചുകിടന്നു.

അയാൾ കാതോർത്തു. മരുഭൂമി അശാന്തമാണ്. ഒട്ടകങ്ങളും കാത് കൂർപ്പിച്ചു. അവർ കാറ്റിന്റെ മുരൾച്ച കേട്ടു. അതിനിടയിൽ ഒരു നിലവിളിയും കേട്ടു. ഉച്ചച്ചൂടിൽ കണ്ണടച്ച ഒട്ടകങ്ങൾ കണ്ണൂതുറന്നു. മരുഭൂമിയിൽ എവിടെയോ കാലിടറിയ ഒരു ജീവനുണ്ട്. വിശ്രമം മതിയാക്കി ഒരു ഒട്ടകം എഴുന്നേറ്റു. ആ മനുഷ്യനെ രക്ഷിക്കാതെ അവന് ഉറക്കം വരില്ല. ഒരു കഴുകനെ പോലെ മരുഭൂമിയിലേക്ക് കുതിച്ചു.

വെള്ളമൂക്കൻ കടന്നുപോകുന്നത് കാവൽക്കാരൻ കണ്ടു. അയാൾ തടഞ്ഞില്ല.

മരുഭൂമിയിൽ വഴിതെറ്റി അലയുന്നവരെ അവൻ രക്ഷിച്ചിരുന്നു. അയാൾ അകലേക്ക് നോക്കി. അടുപ്പിൽനിന്നെന്നപോലെ മണലാഴിയിൽ നിന്ന് നിരാവി ഉയരുകയാണ്. അയാൾ കണ്ണൂകൾ കൂർപ്പിച്ചു. ഒന്നും വ്യക്തമല്ല. മാനത്ത് ഒരു കഴുകൻ വട്ടമിടുന്നുണ്ട്. അവന്റെ ചിറകുകൾ നിശ്ചലമാണ്. അയാൾ നെടുവീർപ്പിട്ടു.

അൽപ്പനേരം കഴിഞ്ഞപ്പോൾ ഒരു അവ്യക്തരൂപം തെളിഞ്ഞു. മനുഷ്യനോ ദുഷ്ടരൂപിയോ?

അയാൾ ജാഗരൂകനായി. കത്തിയിൽ കരം പതിഞ്ഞു. ക്രമേണ ആ രൂപത്തിന് വലിപ്പം വർദ്ധിച്ചുകൊണ്ടിരുന്നു. കാവൽക്കാരൻ. പിറുപിറുത്തു..

ഒരു മനുഷ്യൻ!

മരുഭൂമിയിൽ ഒരു മനുഷ്യനെ കണ്ടപ്പോൾ ശലമോന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ മനുഷ്യനെ ഓടിച്ചെന്ന് ആശ്ളേഷിക്കാൻ ഒരാഗ്രഹം. വെള്ളമൂക്കനെ വിട്ട് അയാൾ വേച്ചുവേച്ചു നടന്നു. നടപ്പിന് വേഗത കൂടി. ഇപ്പോൾ ആ മനുഷ്യൻ്റെ മുഖം ഏറെക്കുറെ അടുത്തുകാണാം. ബിദവിയുടെ വേഷമാണ് ധരിച്ചിരിക്കുന്നത്. ശാലോമോൻ ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചു. കാവൽക്കാരനും.

മരുഭൂമിയിലെ അലച്ചിലിൽ മനസ്സിന്റെ താളം തെറ്റുന്നത് അയാൾക്ക്‌ പരിചിതമാണ്. ഓടി വരുന്ന അപരിചിതനെ കണ്ടപ്പോൾ അല്പം പോലും സംശയിച്ചില്ല. കരങ്ങൾ നീട്ടിയപ്പോൾ കാവൽക്കാരൻ ഭയന്നുമില്ല.

അയാളും കരം നീട്ടി. പക്ഷേ ഒരാശ്ളേഷം ബാക്കിയാക്കി ആ അപരിചിതൻ കുഴഞ്ഞു വീണു. ചാണകത്തരികൾ വീണ മണലിൽ ചലനമറ്റ് കിടന്നു. കാവൽക്കാരൻ ഓടിയെത്തി കുനിഞ്ഞ് ആ നെഞ്ചിൽ കാതുചേർത്തു നോക്കി. അത് സ്പന്ദിക്കുന്നുണ്ട്. പിന്നെ അയാൾ അമാന്തിച്ചില്ല. ഇരുവിരൽ നാവിൽ വെച്ച് അയാൾ ചൂളം കുത്തി. കൂടാരങ്ങളിൽ നിന്ന് ഒരു പറ്റം ബിദവികൾ ഇറങ്ങിവന്നു.
ബിദവികൾ ആ മനുഷ്യനെ ഒരു കൂടാരത്തിൽ കിടത്തി. ഒരാൾ വീശിത്തണുപ്പിച്ചു. അയാളുടെ ശരീരം ഇരുമ്പുകഷണം പോലെ ചുട്ടുപഴുത്തിരുന്നു. ശരീരമാകെ മണൽ പുരണ്ടിരുന്നു ഒരു ചാക്കുതുണ്ടു കൊണ്ട് ആ മണൽ തുടച്ചു മാറ്റി. താവളത്തിലെ മൂപ്പൻ ആ മുഖത്തേക്ക് ഉറ്റുനോക്കി.

അവിടെ അരൂപികളെ ജയിച്ച പ്രകാശം കാണാനുണ്ടോ?
ചിലപ്പോൾ ആത്മാവിൻ്റെ വിളി കേട്ട് മനുഷ്യർ മരുഭൂമിയിലേക്ക് പോയിരുന്നു. മരുപ്പരപ്പിലെ കൊടുംചൂടിൽ നാല്പത് രാവും പകലും അവർ തപസ്സു ചെയ്തു.അവിടെവെച്ച് ദുരാത്മാക്കൾ അവരെ പ്രലോഭിപ്പിച്ചിരുന്നു. ആ ദിവസങ്ങളിൽ അവർ ഒന്നും ഭക്ഷിച്ചിരുന്നില്ല. ഒടുവിൽ ശരീരം അതീവ ദുർബലമാകുമ്പോൾ ദുരാത്മാവ് പ്രത്യക്ഷനാകും.

ജിന്നിന്റെ പരീക്ഷണം.

ചിലർ അപ്പത്തിന് മുന്നിൽ വീണു. മനുഷ്യർ അപ്പം കൊണ്ടാണ് ജീവിക്കുന്നതെന്ന് ആ പാവങ്ങൾ വിചാരിച്ചിരുന്നു!

മറ്റു ചിലർ അർത്ഥത്തിൽ വീണു. ലോകവും അതിന്റെ പ്രതാപങ്ങളും ആണ് ജീവിതത്തിൽ നേടേണ്ടെതെന്ന് ആ ഭോഷൻമാർ കരുതി!

വേറേ ചിലർ സംശയത്തിൽ വീണു. ദൈവകരങ്ങൾ കുറുകിപ്പോയെന്ന് ആ സന്ദേഹികൾ വിചാരിച്ചുപോയി.
എന്നാൽ, അവയെല്ലാം ജയിച്ചവൻ ജ്ഞാനിയായി. അവന്റെ മുമ്പിൽ മരുഭൂമിയിലെ ജിന്നുകളും മണൽത്തരികളും വിറച്ചിരുന്നു.
നരച്ച താടിയുഴിഞ്ഞ് മൂപ്പൻ പറഞ്ഞു.
“കണ്ടിട്ട് ഒരു ജ്ഞാനിയാണെന്ന് തോന്നുന്നു.”
ബാനിമാലിക് താവളത്തിലെ വൈദ്യർ ഒരു സ്ത്രീ ആയിരുന്നു. ഹാലിമ. അവൾ വന്നു. പാത്രം തുറന്ന് രണ്ടിലകൾ എടുത്തു. തലമുറകൾ പകർന്ന ഒരു മരുന്നാണ്. പിതാവിൻ്റെ മരണ ശേഷം ആ ഇലകൾ തേടി അവൾ മരുഭൂമിയിൽ ഒട്ടാകെ അലഞ്ഞിരുന്നു. വിരലുകൾക്കിടയിൽ രണ്ടിലകൾ പിടഞ്ഞു. പിന്നെ അത് അപരിചിതന്റെ നാസികാഗ്രത്തിൽ ഒന്നു കാട്ടി. ശലമോൻ കണ്ണുതുറന്നു. ജലാശയത്തിൽ താഴ്ന്ന ഒരുവനെ പോലെ ഒരു കവിൾ ശ്വാസം എടുത്തു. അവളുടെ മുഖം തെളിഞ്ഞു. പിന്നെ അയാൾ മതിയാവോളം ശ്വാസം കഴിച്ചു. മൂപ്പൻ പുഞ്ചിരിയോടെ മന്ത്രിച്ചു.
“നീ മരുഭൂമിയെ ജയിച്ചിരിക്കുന്നു. “
ശലമോന് ഒന്നും മനസ്സിലായില്ല. ആ ചുണ്ടുകൾ ഒന്നനങ്ങി. പക്ഷേ ശബ്ദം നാവിനടിയിൽ കുടുങ്ങിയിരുന്നു. അയാളുടെ പുരികം ഉയർന്നു. ചുറ്റും നോക്കി. ദാഹിക്കുന്നെന്ന് അയാൾ ആംഗ്യം കാട്ടി.
മൂപ്പൻ കൂടാരത്തിലേക്കു നോക്കി വിളിച്ചു.
“വെള്ളം. “
ഒരാൾ പാത്രത്തിൽ വെള്ളം കൊണ്ടുവന്നു. ശലമോൻ ഒരു ഒട്ടകത്തെ പോലെ നാവ് നീട്ടി. ഹാലിമ ഒരു വിരൽ ജലത്തിൽ മുക്കി ആ നാവിൽ ഒരു തുള്ളി ജലം ഇറ്റിച്ചു. പൊള്ളലേറ്റതു പോലെ ശലമോൻ ഒന്നു പിടഞ്ഞു. കൂടാരം കുലുങ്ങി. ബിദവികൾ അയാളെ മണലിൽ ചേർത്തുപിടിച്ചിരുന്നു. ഒരു കവിൾ വെള്ളം കുടിക്കാൻ മൂന്ന് നാഴികയെടുത്തു. അപ്പോൾ സൂര്യൻ നിലത്ത് നിന്ന് എത്തിപ്പിടിക്കാവുന്ന ഒരു മാതളപ്പഴം പോലെ ചുവന്നിരുന്നു. മരുഭൂമിയിൽ ഇരുൾ പരന്നു.

പ്രഭാതത്തിൽ ശലമോൻ ഉണർന്നില്ല. അയാൾ ഉണരുന്നതും കാത്ത് ഹാലിമ കൂടാരത്തിൽ ഇരുന്നു. അവൾ നിശബ്ദയായിരുന്നു. രാവിലെ മരുക്കാറ്റിന്റെ ശബ്ദം കേട്ടു. കൂടാരത്തിനു മീതെ മണൽമഴപ്പെയ്ത്ത് തുടങ്ങി. ശലമോന്റെ ഉള്ളം നടുങ്ങി. അയാൾ വിറയ്ക്കാൻ തുടങ്ങി. അവൾ അയാളുടെ കരത്തിൽ അമർത്തി പിടിച്ചു. ക്രമേണ ശാന്തനായി കണ്ണുതുറന്നു. ഹാലിമ പുഞ്ചിരിച്ചു. കൂടാരത്തിൽ വെളിച്ചം പടർന്നതുപോലെ ജ്ഞാനിക്ക് തോന്നി.

കൂടാരത്തിന്റെ വാതിൽ ആരോ തുറന്നു. ശലമോൻ കണ്ണുകൾ ഉയർത്തി. ഹാലിമയുടെ പുത്രനാണ്. അവന് പിതാവില്ല, സഹോദരങ്ങളും ഇല്ല. അമ്മയാണ് കൂട്ട്. പക്ഷേ രാത്രിയിൽ പുത്രനെ തനിച്ചാക്കിയിട്ട് അവൾ പേറ്റുകൂടാരത്തിൽ പോകും. നേരം വെളുപ്പിനെയാണ് വരിക. ഹാഫീശ് പരിഭവിക്കും. അമ്മ ബാലനെ തലോടും . അവൻ പിണക്കം മറക്കും.
ഹാലിമ വിളിച്ചു.
” മോനേ
“ഉം “
ജ്ഞാനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവരുക. “
അവൻ പുറത്തുപോയി വെള്ളം കൊണ്ടുവന്നു. പക്ഷേ വെള്ളം കണ്ടപ്പോൾ ശലമോൻ മടിച്ചു. അവൾ ധൈര്യപ്പെടുത്തി.
“പേടിക്കേണ്ടാ…. “
അയാൾ വെള്ളം വാങ്ങി കുടിച്ചു. അയാളുടെ മുഖത്ത്‌ ചിരി വിരിഞ്ഞു ബാലനും പുഞ്ചിരിച്ചു.
മൂന്ന് രാവും പകലും ശലമോൻ കിടന്നുറങ്ങി. രാത്രിയിലെ മരവിപ്പിക്കുന്ന തണുപ്പോ പകലിലെ പൊള്ളിക്കുന്ന ചൂടോ അയാൾ അറിഞ്ഞില്ല. മരിച്ചതു പോലെ ഉറങ്ങി. എന്നാൽ രണ്ടു നേരം ഹാഫീശ് വിളിച്ചുണർത്തിയിരുന്നു. മൂപ്പൻ കൊടുത്തയച്ച കഞ്ഞി കോരിക്കൊടുക്കും. കുടിക്കാൻ വെളളവും കൊടുക്കും. സന്ധ്യ മയങ്ങുമ്പോൾ, തണുപ്പു അരിച്ചിറങ്ങുമ്പോൾ കരിമ്പടം പുതപ്പിക്കും
അയാൾ ഉറങ്ങിക്കൊണ്ടേയിരുന്നു. പക്ഷേ പ്രഭാതത്തിൽ ശലമോനെ ഭയപ്പെടുത്താനായി കുട്ടികൾ മണൽ വാരി കൂടാരത്തിനു മീതെ എറിഞ്ഞു. അയാൾ വിറച്ചു.ഹാലിമ കുട്ടികളെ ഓടിച്ചു.

സായാഹ്നത്തിൽ ശലമോൻ കണ്ണു തുറന്നു നോക്കി. താവളത്തിൽ എത്തിയിട്ട് നാലഞ്ച് ദിനങ്ങൾ കഴിഞ്ഞിരുന്നു. അയാൾ എഴുന്നേറ്റ് നടന്നു. കൂടാരത്തിന് പുറത്ത് ഒരു അഗ്നി കുണ്ഡം എരിഞ്ഞിരുന്നു. മരുഭൂമിയിൽ വഴിതെറ്റി അലയുന്നവർക്ക് അത് ഒരു ദീപസ്തംഭമാണ്. അപ്പവും ചൂടും അടുത്തുണ്ട്. അഗ്നികുണ്ഡത്തിന് ചുറ്റും നാലഞ്ചുപുരുഷൻമാർ ഇരുന്നിരുന്നു. ജ്ഞാനിയെ കണ്ടപ്പോൾ നാട്ടുവർത്തമാനം നിർത്തി. അവർ ചിരിച്ചു. തീ കായാൻ ക്ഷണിച്ചു. ശലമോൻ പൂഴിയിലിരുന്നു.

ഇരുൾ പരന്നതോടെ പെണ്ണുങ്ങൾ പകലിൻ്റെ തട്ടം അഴിച്ചുമാറ്റി. അവർ തൊള്ളയിട്ടു. പകലിലെ നിശ്ശബ്ദതക്ക് പകരം തീർത്തു. താവളം ശബ്ദമുഖരിതമായി. മാവ് കുഴയ്ക്കുമ്പോൾ അവരുടെ വിയർപ്പിന്റെ ഉപ്പ് കോതമ്പ് പൊടിയിൽ വീണിരുന്നു. അപ്പക്കല്ലുകൾ ചുട്ടു പഴുക്കുമ്പോൾ ആ കണ്ണിൽ തീയാളിയിരുന്നു. ഒരു നെയ് ത്തുണ്ട് കല്ലിൽ വീണപ്പോൾ കൂടാരത്തിനു ചുറ്റും ഒളിച്ചുകളിച്ചിരുന്ന കുട്ടികൾ ഓട്ടം നിർത്തി. അവരുടെ നാസികകൾ വിടർന്നു. അപ്പത്തിന്റെ എരിപൊരിക്കായി അവർ പൂഴിയിൽ കാത്തിരുന്നു.

അകലെ മൂപ്പന്റെ കൂടാരത്തിന്റെ മുന്നിൽ എട്ടുപത്ത് ബാലന്മാർ ഇരുന്നിരുന്നു. അവർ മരുപ്പച്ചക്കാരായിരുന്നു. മരുഭൂമിയിലെ ആചാരങ്ങൾ ശീലിക്കാൻ,ശുദ്ധമായ ഭാഷ പഠിക്കാൻ നാടും വീടും വിട്ടുവന്ന കുട്ടികൾ. പ്രഭാതത്തിലും സായാഹ്നത്തിലും മൂപ്പൻ അവർക്ക് വിദ്യ പകർന്നു. മരുത്തണുപ്പിൽ കുട്ടികൾ വിറച്ചു.മൂപ്പൻ താടിതടവി.

“ഓരോ ആടും പെറ്റു കൂട്ടുന്നു. അതുപോലെ ഓരോ സ്ത്രീയും പെറ്റുകൂട്ടുന്നു. അവർ സപത്നിയോട് മത്സരിച്ച് കുഞ്ഞുങ്ങളെ പ്രസവിച്ചുകൂട്ടുന്നതിന് പിന്നിൽ ഒരു ബോധ്യമുണ്ട്. അവൾ ഒരു ജനതയുടെ മാതാവാണ്.”

ബാനിമാലിക് ഗോത്രത്തിലെ വയസ്സറിയിച്ച പെൺകുട്ടികൾ മിക്കവാറും പാലൂട്ടുന്നവരോ ശിശുവിനെ ഉദരത്തിൽ വഹിക്കുന്നവരോ ആയിരുന്നു. മൂപ്പന് അഞ്ച് ഭാര്യമാരും ഒരു പിടി കുട്ടികളും ഉണ്ടായിരുന്നു. ആകൃതിയിലും നിറത്തിലും അവർ വേറിട്ടിരുന്നു. ദാസിയിൽ ജനിച്ച പുത്രനാണ് മൂപ്പന്റെ കരബലം ലഭിച്ചത്. അവൻ ഒരു ആട്ടിടയനായി. ബുദ്ധി ലഭിച്ചത് മുറപ്പെണ്ണിൻ്റെ പുത്രനാണ്. അവൻ ഒട്ടക നോട്ടക്കാരനായി…
മൂപ്പൻ ജ്ഞാനിയെ ക്ഷണിച്ചു. അയാൾ കൂടാരമുറ്റത്ത് ഇരുന്നു. കുട്ടികൾക്ക് കൗതുകം അടക്കാനായില്ല. മൂപ്പൻ പറഞ്ഞു.
“അല്ലയോ ജ്ഞാനി , ഓരോ കിണറും ഒരു ജനതയുടെ ദാഹം ശമിപ്പിക്കുന്നു. മരുഭൂമിയെക്കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളത്?”
ജ്ഞാനിയുടെ കണ്ണുകൾ തിളങ്ങി.
“ഒരു അഹങ്കാരിയെ മരുഭൂമിയിലേക്ക് അയക്കുക. അവൻ എളിയവനായി മടങ്ങി വരും.”
മൂപ്പൻ പുഞ്ചിരിച്ചു.
ജ്ഞാനി കുട്ടികളുടെ നേരേ തിരിഞ്ഞു..
“മരുപ്പരപ്പിൽ ധാരാളം ചെന്നായ്ക്കൾ ഉണ്ട്. അവയുടെ മുന്നിൽ ചെന്നുപെട്ടാൽ നമുക്ക് ജീവനോടെ രക്ഷപ്പെടുക സാധ്യമല്ല. പക്ഷേ ഒരു ആത്മബലിക്ക് കഴിയും. മനുഷ്യനെ രക്ഷിക്കാനായി കഴുത സ്വയം ഭക്ഷണമാകുന്നത് എന്റെ കണ്ണുകൾ കൊണ്ട് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഒരു കഴുതയെ രക്ഷിക്കാൻ ഒരു മനുഷ്യനെങ്കിലും ബലിയായത് നിങ്ങൾ കേട്ടിട്ടുണ്ടോ?”
അവർ ഇല്ലെന്ന് തലയാട്ടി.
ജ്ഞാനി തുടർന്നു. .
“മക്കളേ,നമ്മുടെ ജീവിതം മറ്റൊരാളുടെ ദാനമാണ്. അത് തിരിച്ചറിഞ്ഞാൽ പിന്നെ നമ്മൾ ഒരിക്കലും അഹങ്കാരികളാവില്ല “
മൂപ്പൻ ശരിവെച്ചു .

അത്താഴം കഴിക്കുന്നതിനു മുമ്പായി ബിദവികൾ ആകാശദേവനെ വാഴ്ത്തിയിരുന്നു. ഇരുളിനെ തുരത്തുന്ന ചന്ദ്രനെ മൂപ്പൻ വാഴ്ത്തി. പിന്നെ അപ്പം എടുത്ത് ഭക്ഷിച്ചു. കുട്ടികളും പുരുഷന്മാരും അപ്രകാരം തന്നെ ചെയ്തു. അവർ ഭക്ഷിച്ച ശേഷമാണ് സ്ത്രീകൾ കഴിച്ചിരുന്നത്. അത്താഴത്തിനു ശേഷം ഒരു യുവാവ് തന്ത്രിവാദ്യം മീട്ടി. ഒന്നോ രണ്ടോ കമ്പികളുള്ള വാദ്യമാണ്. ആ താളത്തിന് കുട്ടികൾ ചുവടുവെച്ചു ശലമോന് സ്ഫടികമണ്ഡപത്തിലെ രാത്രികൾ ഓർമ്മവന്നു.

ബിദവികൾ ഒരിക്കലും മരുഭൂമിയിലെ മണലിനെ ശപിച്ചില്ല. ഭക്ഷണശേഷം മൂപ്പൻ ഒരുപിടി മണലെടുത്തു കരങ്ങൾ തിരുമ്മി കഴുകുന്നത് കണ്ട് ശലമോൻ അത്ഭുതപ്പെട്ടു. അഗ്നിയെ അണയ്ക്കാനും വിയർപ്പ് ഒപ്പാനും അവർ പൂഴിമണലിനെയാണ് ആശ്രയിച്ചിരുന്നത്. പാത്രം കഴുകാൻ തരി മണൽ ഉപയോഗിച്ചിരുന്നു. മൂപ്പന്റെ ഭാര്യമാരും കുട്ടികളും കൂടാരത്തിലേക്ക് മടങ്ങി. പക്ഷേ കൗമാരക്കാർ കാത്തുനിന്നു. പിതാവിനെ ചുംബിച്ച ശേഷമാണ് അവർ മടങ്ങിയത്.

രാത്രിയിൽ ശലമോൻ ശാന്തമായി ഉറങ്ങി. പക്ഷേ പകലിൽ മരുഭൂമിയുടെ കാഠിന്യം അമ്പെ തളർത്തി. പകൽ ബിദവികളെയും ക്ഷീണിപ്പിച്ചിരുന്നു. പക്ഷേ ഉന്മേഷം വീണ്ടെടുക്കാൻ അവർ ഒട്ടകപ്പാൽ കുടിച്ചു. രാവും പകലും. ജ്ഞാനിയുടെ മുഖം വരണ്ടത് മൂപ്പന്റെ ഭാര്യ കണ്ടു. അത്താഴത്തിന് അവർ പാൽ വിളമ്പി.ഒട്ടകപ്പാലിൻ്റെ ഉപ്പും ചവർപ്പും ആദ്യമായി അറിഞ്ഞപ്പോൾ ശലമോൻ്റെ മുഖം ചുളിഞ്ഞു.മൂപ്പന്റെ ഭാര്യ ചെറുചിരിയോടെ പ്രോത്സാഹിപ്പിച്ചു.

ശലമോന് ഉറക്കം വന്നില്ല. അയാൾ കൺമിഴിച്ച് മണൽപ്പരപ്പിൽ കിടന്നു. ആകാശത്ത് നക്ഷത്രങ്ങൾ കണ്ണുചിമ്മി. അവ കണ്ടപ്പോൾ ശലമോന് തോജിലെ ചാളത്തെരുവ് ഓർമ്മ വന്നു. തെരുവിലൂടെ അലസഗമനം ചെയ്യുന്ന ആളുകളെ നോക്കി പുഞ്ചിരി പൊഴിക്കുന്ന വേശ്യകളെ പോലെ താരകങ്ങൾ.
മണൽപ്പരപ്പിലെ ഇരുളിൽ നാലഞ്ച് കാമുകീകാമുകൻമാർ ശയിച്ചിരുന്നു. ഒരു കാമുകൻ ആകാശത്തേക്ക് നോക്കിപറഞ്ഞു.
“ഇതാ ഒരു നക്ഷത്രം മണൽപ്പരപ്പിൽ പതിച്ചിരിക്കുന്നു.”
ഒരുവൾ ചിരിച്ചു..
അകലെ എവിടെയോ കാട്ടുമൃഗങ്ങൾ ഓരിയിട്ടു. ശലമോന് ഭയം തോന്നി.
അയാൾ എഴുന്നേറ്റ് കൂടാരത്തിലേക്ക് നടന്നു.
കൂടാരത്തിൽ ശലമോൻ തനിച്ചായിരുന്നു കിടന്നത്. പക്ഷേ അയാൾക്ക് ഏകാന്തത തോന്നിയില്ല. കൂട്ടിനായി ഹാലിമ മകനെ അയച്ചിരുന്നു. കിടന്നപാടെ ബാലൻ ഉറങ്ങി. പകലിൽ ശരീരം പുഴുങ്ങുന്ന ചൂടാണ്.
രാത്രിയിൽ കുളിരുന്ന തണുപ്പും. ആ തണുപ്പിൽ എല്ലാം മറന്ന് ഉറങ്ങുകയാണവൻ. അയാൾക്ക് ഉറക്കം വന്നില്ല. തിരശ്ശീലക്കിടയിലൂടെ കണ്ണുചിമ്മുന്ന താരകത്തെ നോക്കി കിടന്നു. വെളിച്ചത്തിന്റെ വേരുകൾ കൂടാരത്തിൽ താണിറങ്ങി.

പാതിരാവു കഴിഞ്ഞപ്പോൾ ശലമോൻ മയക്കത്തിൽ നിന്നുണർന്നു. അടിവയറ്റിൽ വല്ലാത്തൊരു വേദന.ഒരു മരുക്കാറ്റു മൂളുന്നു. അയാൾ കമിഴ്ന്നു കിടന്നു നോക്കി. പക്ഷേ വേദനക്ക് കുറവുണ്ടായില്ല. മണലാഴി ഉരുണ്ടു മറിയുകയാണ്. കൂടാരത്തിൽ കിടന്ന ഹാഫീശ് മൃദുവായി ശ്വാസം കഴിക്കുന്നത് കേൾക്കാം. രാത്രിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അറിയിക്കണമെന്ന് ഹാലിമ പറഞ്ഞിരുന്നു. അയാൾ ബാലന്റെ ഉറക്കത്തെ ശല്യപ്പെടുത്താൻ മടിച്ചു.
പക്ഷേ വേദന അസഹ്യമായപ്പോൾ അയാൾ എഴുന്നേറ്റ് പുറത്തേക്ക് ഓടി.
താവളത്തിലെ രാത്രികാവൽക്കാരൻ ഉറക്കത്തിലാണ്. ജ്ഞാനി മരുഭൂമിയിലേക്ക് ഓടുന്നത് അയാൾ അറിഞ്ഞില്ല. പക്ഷേ വെള്ളമൂക്കൻ അറിഞ്ഞു.അയാളുടെ മണം പിടിച്ച്‌ ഒന്ന് മുരണ്ടു. അതു കേട്ട്
കാവൽക്കാരൻ ഉണർന്നു ഇരുട്ടിൽ കണ്ണുകൾ കൂർപ്പിച്ചു. മരുഭൂമിയിലെ വിജനതയിൽ ആരോ ഒരാൾ ഇരിക്കുന്നത് കണ്ടു.
മനുഷ്യനാണോ അരൂപിയാണോ?
അയാൾ കാത്തു.
മേഘത്തിനിടയിൽനിന്ന് ചന്ദ്രിക മുഖം കാട്ടിയപ്പോൾ ആ മുഖം കണ്ടു. ജ്ഞാനി! അയാൾ കൗതുകപ്പെട്ടു.
ശലമോൻ ഉണർന്നപ്പോൾ കൂടാരത്തിനു മീതെ വെയിൽ പരന്നിരുന്നു. അയാൾ തനിച്ചായിരുന്നു. രാവിലെ തന്നെ ഹാഫീശ് പുറത്തേക്ക് പോയിരുന്നു . കുട്ടികളുടെ കലപില വർത്തമാനങ്ങൾ കേട്ടുകൊണ്ട് അയാൾ കുറെ നേരം കിടന്നു.

മരുഭൂമിയിൽ നിന്ന് ഒരു പൂഴിക്കാറ്റ് വീശി. താവളത്തിൽ മണൽമഴ പെയ്തുതുടങ്ങി. അയാൾക്ക് പേടി തോന്നിയില്ല. കൂടാരത്തിൽ മണൽത്തരികൾ വീഴുന്ന ശബ്ദം കേട്ടു കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഹാലിമ വന്നു.
“എങ്ങിനെയുണ്ട്?”
അയാൾ ഞരങ്ങി. വയറ്റിൽ ഒന്നമർത്തിയിട്ട് പറഞ്ഞു.
“പേടിക്കേണ്ടാ. ഒട്ടകച്ചൊരുക്കാണ്. ആദ്യമായിട്ട് ഒട്ടകപ്പാൽ കുടിക്കുന്നവർക്ക് ഇതെല്ലാം പതിവാണ്.”
വെയിലാറിയപ്പോൾ അയാൾ എണിറ്റു. വയറുവേദന നിശ്ശേഷം മാറിയിരുന്നില്ല. പക്ഷേ വിവരം കേട്ട് കാണാൻ വന്നവരെക്കൊണ്ട് പൊറുതി മുട്ടി. ലജ്ജിതനായി കണ്ണടച്ചു. അല്പനേരത്തിനു ശേഷം കൂടാരത്തിൽ നിന്നിറങ്ങി നടന്നു.
പടിഞ്ഞാറെ ചക്രവാളത്തിൽ ആരോ അഗ്നികുണ്ഡം തീർത്തിരുന്നു. മാനത്ത് ശോണപ്രഭ കാണാം. അതു നോക്കി അൽപ്പനേരം നിന്നു. ചക്രവാളത്തിൽ മണലിൽ നിന്ന് എത്തിപ്പിടിക്കാവുന്ന ദൂരത്ത് ഒരു ഏകാന്ത താരകം കണ്ണുചിമ്മി. ആ നക്ഷത്രത്തെ കണ്ടപ്പോൾ ശലമോന് തമാറിനെ ഓർമ്മവന്നു. പകൽ മാഞ്ഞതോടെ മരുക്കാറ്റ് തണുത്തിരുന്നു. അതിൽ ഒരു സ്വരം കേട്ടു .
“പ്രിയപ്പെട്ട യൂദാ……”
അയാൾ വേദന മറന്നു.

മരുഭൂമിയിലെ ജീവിതം വിരസമാണ്. വിരസതയകറ്റാൻ ബിദവികൾ ഒട്ടകയോട്ടം നടത്തിയിരുന്നു. സായാഹ്നത്തിൽ ശലമോൻ മണൽപ്പരപ്പിലേക്ക് നടന്നു. അവിടെ കുറെ കുട്ടികളും മുതിർന്നവരും ഇരുന്നിരുന്നു. അവരുടെ ഇടയിൽ ഹാഫിശും ഇരുന്നിരുന്നു. അവൻ കരം വീശി.
മണലിൽ ഒട്ടകങ്ങൾ അണിനിരന്നു
മൂപ്പൻ്റെ ആക്രോശം ഉയർന്നപ്പോൾ അവ ഓടിത്തുടങ്ങി. ബിദവികൾ അലറിക്കൂവി. അവർക്കിടയിൽ ഒരു മരുക്കാറ്റുയർന്നു! വെള്ളമൂക്കനെ തോൽപ്പിക്കാൻ മറ്റ് ഒട്ടകങ്ങൾക്ക് കഴിഞ്ഞില്ല. മൂപ്പൻ അവന് ഈത്തപ്പഴങ്ങൾ നൽകി. ശലമോൻ വെള്ളമൂക്കനെ തലോടി. മണൽച്ചൊരുക്കിൽ നിന്ന് രക്ഷിച്ചവനാണ്. അവൻ മുരണ്ടു.
രാവും പകലും വെള്ളമൂക്കനെ കെട്ടിയിരുന്നില്ല. ശലമോൻ അത്ഭുതപ്പെട്ടു
മൂപ്പൻ വിവരിച്ചു
“അത് ഒരു മരുക്കഥയാണ്. …. “
പണ്ട് മൂക്കിൽ പാണ്ടുളള ഒരു ഒട്ടകം ജനിച്ചു. താവളത്തിലെ ഓമനയായി അവൻ വളർന്നു. മേയാൻ പോയിത്തുടങ്ങി. ഒന്നു ഇല കടിച്ചു പറിച്ച ശേഷം അമ്മയെ നോക്കും. പിന്നെയും കടിക്കും. ഒരിക്കൽ ഒട്ടകങ്ങൾ മേയുമ്പോൾ വടക്കൻകാറ്റ് വീശിയടിച്ചു. ഒട്ടകക്കുട്ടിക്ക് ഭയം തോന്നി. അവൻ ഓടി. ആ ഓട്ടത്തിനിടയിൽ എങ്ങനെയോ കൂട്ടം തെറ്റിപ്പോയി. ഏതോ താഴ്‌ വരയിൽ എത്തിച്ചേർന്നു. താവളത്തിലേക്ക് മടങ്ങിവരാനുള്ള വഴി അറിയാതെ അവൻ അലഞ്ഞുനടന്നു.നാലഞ്ച് ബിദവികൾ മരുഭൂമി അരിച്ചു പെറുക്കിയിരുന്നു. പക്ഷേ അവന്റെ കാൽപ്പാടുകൾ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. മകനെ കാണാഞ്ഞ് അമ്മഒട്ടകം ദുഃഖിതയായി. വെളളം കുടിക്കുമ്പോൾ മരുഭൂമിയിൽ അകപ്പെട്ട കുട്ടിയെ ഓർത്ത് അവൾ തലയുയർത്തി ചുറ്റും നോക്കും .
മരുപ്പരപ്പിൽ അലഞ്ഞു നടന്ന വെള്ളമൂക്കനെ ഒരു ജ്ഞാനി കണ്ടു. അയാൾ അവനെ ശാന്തനാക്കി. അവൻ അയാളുടെ പിന്നാലെ നടന്നു. നാലഞ്ചു വർഷങ്ങൾ കടന്നുപോയി ഒരിക്കൽ യാത്രക്കിടയിൽ ഒരു ഒട്ടകപ്പറ്റം മേയുന്നത് അവൻ കണ്ടു.അവൻ മുരണ്ടു.
അമ്മഒട്ടകം തല ഉയർത്തി നോക്കി. അവൻ മുൻകാലിന് മണൽ മാന്തി. അവൾക്ക് ഒരു സംശയം തോന്നി. അടുത്തുചെന്ന് മണത്ത് നോക്കി. അവൻ കഴുത്തിൽ ഉരുമ്മി.
അമ്മ കരഞ്ഞു. വെള്ള മൂക്കൻ അമ്മയുടെ പിന്നാലെ നടന്ന് താവളത്തിൽ എത്തി. ഒട്ടകനോട്ടക്കാരൻ കയർ വീശി. കുടുക്കിടുന്നതിനെ അവൻ എതിർത്തില്ല. അയാൾ അവനെ താവളത്തിൽ കെട്ടിയിട്ടു. പക്ഷേ , മരുഭൂമിയുടെ വിളി കേൾക്കുമ്പോൾ വെള്ളമൂക്കൻ വിറളിയെടുക്കും. കയർ പൊട്ടിച്ച് മരുഭൂമിയിലേക്ക് പായും. പിന്നെ മടങ്ങി വരും.
ഒട്ടക നോട്ടക്കാരന് മടുത്തു.
മൂപ്പൻ പറഞ്ഞു.
“അവനെ ബന്ധിക്കേണ്ടാ. “
കാറ്റിന് ചിലപ്പോൾ കലിയിളകിയിരുന്നു. താവളത്തിന് ചുറ്റുമുള്ള മണൽക്കൂനകൾ ഓരോ പകലിലും മാറിമറിഞ്ഞു കൊണ്ടിരുന്നു രാവും പകലും വിശ്രമമില്ലാതെ വീശിക്കൊണ്ടിരുന്ന കാറ്റ് അരിശം തീർത്തിരുന്നത് മണൽക്കൂനയിലാണ്. ശലമോൻ മടുത്തു. മരുപ്പച്ചയിലേക്കുള്ള വഴി തേടി.
മൂപ്പൻ പറഞ്ഞു.
“ഈ പൊടിക്കാറ്റിനെ ഒട്ടകത്തിന് പോലും ഭയമാണ്…”
പൊടിക്കാറ്റ് അടങ്ങാൻ ഒന്നുരണ്ട് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ഓർത്തപ്പോൾ ശലമോനു നിരാശ അടക്കാനായില്ല.
സന്ധ്യക്ക് ആകാശം ശൂന്യമായിരുന്നു. വരണ്ട മാനത്തെ നോക്കി മൂപ്പൻ താടി തടവി. മഴത്തുള്ളികൾ വീണിട്ട് നാലു വർഷങ്ങൾ കഴിഞ്ഞിരുന്നു. മണലിൽ ഉറങ്ങുന്ന മരത്തിൻ്റെ വിത്തുകൾ മരിച്ചിരിക്കുമോ? ഒരു തുള്ളി ജലം പതിച്ചാൽ അവ കണ്ണു തുറക്കും. ഈ ചൂടിന്റെ കാഠിന്യത്തിൽ വിത്തിൻ്റെ ഗർഭം തന്നെ കരിഞ്ഞിരിക്കുമോ?

പാറക്കെട്ടിനപ്പുറം മലനിരകളാണ്. ആ മലനിരകളിൽ എന്നാണ് ഒരു പച്ചനാമ്പു കിളിർത്തു പൊന്തുക ? ആടുകളുടെ ഒട്ടിയ വയർ കണ്ടപ്പോൾ മൂപ്പൻ്റെ കണ്ണുകളിൽ വിഷാദം നിറഞ്ഞു. ആടുകൾക്ക് തീറ്റയായി മരുപ്പരപ്പിൽ ഇനി യാതൊന്നും അവശേഷിക്കുന്നില്ല. കരിഞ്ഞുണങ്ങിയ കുറ്റിച്ചെടിയുടെ ചില്ലകൾ മാത്രം. രാവിലത്തെ തണുപ്പിൽ നനവാർന്ന ഉണക്കയില തേടി എത്രയോ നാഴികയാണ് ഒട്ടകങ്ങൾ നടക്കുന്നത്..
എത്ര നാൾ ഈ ആടുകളെയും കഴുതകളെയും തനിക്ക് പോറ്റാനാകും ? ഒട്ടകങ്ങളുടെ മണവും ആടിൻ്റെ ശബ്ദവും, കഴുതയുടെ കണ്ണുകളും കാണാതെ അയാൾക്ക് ഉറക്കം വരികയില്ല.
പ്രഭാതത്തിൽ ഒട്ടകങ്ങളെ മേയ്ക്കാൻ ശലമോൻ പോയിത്തുടങ്ങി. ഒട്ടകങ്ങളെ മേയ്ക്കുന്ന ശലമോനെ തുത് മോസ കണ്ടു. അവൾക്ക് അയാളോട് പുച്ഛം തോന്നി. അവൾ പരിഹസിച്ചു.
“ഇടയന്റെ മകൻ ഇടയനായി..”
പട്ടുമെത്തയിൽ കിടന്നിരുന്ന ശലമോൻ്റെ സ്ഥിതിയോർത്ത് അസ് മോദേവൂസ് ഊറിച്ചിരിച്ചു. അയാൾ പറഞ്ഞു.
“ഒരു മനുഷ്യന്റെ കാര്യം ഇത്രേയേയുള്ളു. “
സായാഹ്ന സവാരിക്കിടയിൽ പ്രേയസി രാജാവിന് മുന്നറിയിപ്പ് കൊടുത്തു.
“ബെത് ശേബയുടെ പുത്രനെ അവിടുന്ന് സൂക്ഷിക്കണം.”
അസ് മോദേവൂസ് ചിരിച്ചു.
“‘അധികാരത്തിൽ തുടരാൻ ശലമോനെ കൊല്ലേണ്ടതില്ല. പകരം പുരോഹിതരെ പ്രീതിപ്പെടുത്തിയാൽ മതി “
അവൾ അത്ഭുതപ്പെട്ടു.
രാജാവ് ഒലിവ് മലയിലെ ദഹനബലികൾ നിരോധിച്ചു. തുത് മോസ പരിഭവിച്ചു. അയാൾ അത് കാര്യമാക്കിയില്ല. ആകാശത്ത് കരിമേഘങ്ങൾ മാഞ്ഞു. ദൈവാലയത്തിനുമേൽ വാനം തെളിഞ്ഞു. സൂര്യബിംബം പ്രത്യക്ഷമായി. ഇളം വെയിൽ കൊള്ളാനായി ശിഖരങ്ങൾ ഇലകൾ വിടർത്തി. ദൈവാലയ ഗോപുരത്തിൽ പാർത്തിരുന്ന ഇണപ്രാവുകൾ ചിറകുകൾ വിടർത്തി… വെളിച്ചത്തിൻ്റെ കണങ്ങൾ വിശുദ്ധ സ്ഥലത്തിന് മുന്നിൽ ഒരു ചിത്രം വരച്ചു. മഹാപുരോഹിതൻ അതീവ സന്തുഷ്ടനായി.
രാജാവിനെ അനുഗ്രഹിച്ചു.

“ഇവൻ ദാവീദിൻ്റെ പ്രിയ പുത്രൻ. ഇവനിൽ ദൈവം സംപ്രീതനായിരിക്കുന്നു!.”

(തുടരും)

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like