മുഖ്യധാരാ ഇടതുപക്ഷരാഷ്ട്രീയത്തിന് പുറത്ത് പലപ്പോഴും അതിൻ്റെ സൂപ്പർ സെറ്റായി തുടരുന്ന ഒരു ഇടതുപക്ഷ സാംസ്‌കാരിക അന്തരീക്ഷം കേരളത്തിൽ എല്ലാ കാലത്തും ശക്തമായിരുന്നു എന്നു കാണാം. ഈ സാംസ്കാരിക ഇടതു പക്ഷത്തിൻ്റെ സാന്നിദ്ധ്യവും അധീശത്വവുമാണ് നാം മിക്കപ്പോഴും കേരളത്തിൻ്റെ വ്യതിരിക്തിതയായി പറഞ്ഞു പോന്നിരുന്ന പലതിൻ്റെയും അടിസ്ഥാനം. ഇന്ന്, വിരോധാഭാസം എന്നു പറയട്ടെ, ഈ സാംസ്കാരിക ഇടതു പക്ഷം പല തരത്തിൽ വെല്ലുവിളി നേരിടുന്നതായി തോന്നുന്നു.
കേരളത്തിൽ രാഷ്ട്രീയ വലത്, ശക്തമായി നിലനിൽക്കുമ്പോഴും സാംസ്കാരിക ഇടതു പക്ഷത്തിൻ്റെ നൈതികമായ ഉന്നതിയെ ചോദ്യം ചെയ്യാൻ അതിനു കഴിഞ്ഞിരുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്‌തമായി സാംസ്കാരിക വലതു പക്ഷത്തിൻ്റെ സാന്നിദ്ധ്യം തന്നെ വളരെ നേർത്തതായിരുന്നു എന്നതാണ് സത്യം. സാംസ്കാരിക ഇടതിലെ തന്നെ വിഭിന്ന ധാരകൾ തമ്മിലുള്ള കലഹങ്ങളായിരുന്നു ഇവിടത്തെ ശബ്ദായമാനങ്ങളായ സാഹിത്യ കലാ സാംസ്കാരിക വൈരുദ്ധ്യങ്ങളായി ദൃശ്യപ്പെട്ടത്. ഇത് വലതു പക്ഷ രാഷ്ട്രീയത്തെത്തന്നെ ഒരു അധമ ഗണത്തിൽ പെടുത്തുകയും അതിൻ്റെ പ്രയോക്താക്കൾ പോലും അങ്ങിനെ വിശ്വസിച്ചു പോരുകയും ചെയ്യുന്ന ഒരു അന്തരീക്ഷം നിലനിർത്തിപ്പോന്നു. മറ്റൊരർത്ഥത്തിൽ , തീവ്ര വലതു പക്ഷത്തിനെ പൂർണമായും തിരസ്കരിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമായി ഇത് പരുവപ്പെട്ടു. പതിനാറാം നൂറ്റാണ്ടിൽ ഭക്തി പ്രസ്ഥാനത്തോടെ തുടങ്ങി 19-ാം നൂറ്റാണ്ടോടെ ശക്തിപ്പെടുന്ന കേരള നവോത്ഥാനത്തെ ഏറ്റെടുത്ത സാംസ്‌കാരിക ഇടതിൻ്റെ ഈ ഇടപെടലുകൾക്ക് ഇന്ന് എന്താണ് സംഭവിക്കുന്നത്?
പ്രധാനമായി ഈ സാംസ്‌കാരിക ഇടതിൽ ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളോട്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികളോട് നിരന്തരമായി കലഹിച്ചിരുന്നവരും പെട്ടിരുന്നു എന്ന വസ്തുത അംഗീകരിക്കുകയാണ് പ്രധാനം.
ശക്തമായ മതനിരപേക്ഷത പൊതു സ്വീകാര്യത ആയിരുന്നപ്പോൾ, ജനാധിപത്യത്തെയും പൗര സ്വാതന്ത്ര്യത്തെയും പറ്റിയുള്ള ധാരണകൾ വിഭിന്ന ധാരകളെ വ്യതിരിക്തമാക്കി. എന്നാൽ ഇത്തരം അഭിപ്രായ വ്യത്യാസങ്ങളെ, വലിയ അളവിൽ സംവാദാത്മകമാക്കുന്ന ഒരു ഉയർന്ന ജനാധിപത്യ സംസ്‌കാരം ഏതാണ്ട് ശക്തമായിത്തന്നെ തുടർന്നു പോന്നിരുന്നു എന്നും കാണാം. ഇത് മുഖ്യധാരാ രാഷ്ട്രീയത്തിനും അതിൻ്റെ ശോഭ നൽകി എന്നതാണ് യാഥാർത്ഥ്യം.
സ്റ്റാലിനിസ്റ്റ് ശാഠ്യങ്ങളെ മുറുകെപ്പിടിക്കുന്നു എന്നു പ്രത്യയശാസ്ത്ര പരമായി നടിക്കുമ്പോഴും ഗാന്ധിയൻ നൈതികതയുടെ നേരവകാശികളായി രാഷ്ട്രീയ നേതൃത്വത്തിൽ വന്ന കേരളത്തിലെ കമ്യൂണിസ്റ്റുകാർ ആ കാരണത്താൽ തന്നെ, പ്രയോഗത്തിൽ വലിയ അളവിൽ പുറമേ ജനാധിപത്യവത്കരിക്കപ്പെട്ടിരുന്നു (വിവിധ ഗ്രൂപ്പുകളിൽ ഏറ്റക്കുറച്ചിലൂടെ എങ്കിലും ). ഇതും ഈ ഇടതു സാംസ്കാരികതയുമായി ആരോഗ്യകരവും സംവാദാത്മകവുമായ ഒരു ബന്ധം കാത്തു സൂക്ഷിക്കാൻ മുഖ്യധാരാ ഇടതിനെ പ്രേരിപ്പിച്ചു. മുഖ്യധാരാ ഇടതു പാർട്ടികളുമായി രാഷ്ട്രീയ രംഗത്തു തന്നെ സഹകരിക്കുന്നവരും അങ്ങനെ അല്ലാത്തവരും ഒരേ പോലെ ഇടതു ‘സുഹൃത്തു’ക്കളായി തുടർന്നത് തികച്ചും ആരോഗ്യപരമായിരുന്നു എന്നു കാണാം. ഈ ‘സുഹൃത്തു’ക്കൾ നല്ല തിരുത്തൽ ശക്തിയായി പ്രവർത്തിച്ചതിന് ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം.
എന്നാൽ അടുത്ത കാലത്തായി നൈതികമായി ഉയർന്ന നില ഉണ്ടായിരുന്ന ഈ ഇടതു സാംസ്‌കാരികതയുടെ സ്ഥാനത്ത് അതിൻ്റെ പ്രതിനിധികളായി, അധികാരത്തിൻ്റെ പാർശ്വം ചേർന്ന് അതിൻ്റെ പ്രയോജനം ഭുജിക്കുന്ന പരാന്ന ജീവികളെ പ്രതിഷ്ഠിക്കാൻ ഇടതു കക്ഷികളും അങ്ങനെയുള്ളവരാകട്ടെ സ്വയം, യജമാന സേവയാൽ വിനീത വിധേയരായി സ്വയം ഈ സ്ഥാനം ഏറ്റെടുക്കാൻ കച്ചകെട്ടി നിൽക്കുന്നവരായും പ്രത്യക്ഷപ്പെടുന്നതായി പൊതു കാഴ്ച. ഇതു കൊണ്ട് സംഭവിച്ചത് മുൻ സൂചിപ്പിച്ച ധാർമ്മികവും നൈതികവുമായ ഉപരി നില നഷ്‌ടപ്പെടുന്ന ഒന്നായി ഇടതു സാംസ്കാരികത മാറുകയും ആർക്കും അതിൻ്റെ പ്രതിനിധിയായി മാറാൻ കഴിയും എന്ന പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്തു.
ഇങ്ങനെ ഇടതു കക്ഷികളും ഇടത് സാംസ്കാരിക പ്രവർത്തകരും ഒരു പോലെ, വലതുപക്ഷത്തിന് സാംസ്കാരിക രംഗത്തു സ്ഥാനം നേടിക്കൊടുക്കാൻ സഹായിച്ചു എന്നു പറയേണ്ടി വരും. ഫലത്തിൽ കേരളത്തിൻ്റ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇടതു പക്ഷം നൈതികമായി ഏറ്റവും വില കുറഞ്ഞ കാലമായി സ്വയം അടയാളപ്പെട്ടു. വിമർശനങ്ങൾ ഉന്നയിക്കുന്നവർ ശത്രുക്കളായി മാർക്ക് ചെയ്യപ്പെടുന്നതും വാഴ്ത്തുപാട്ടുകാർ സാംസ്കാരിക നേതാക്കളായി അവരോധിക്കപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ് .
അധികാര രാഷ്‌ട്രീയത്തിൻ്റെ നഷ്ടപ്പെടലല്ല, ഇതാണ് യഥാർത്ഥ പ്രശ്‌നം എന്ന് ഇടതു കക്ഷികളോ ഇടത് സാംസ്‌കാരികതയുടെ യഥാർത്ഥ ലീഗസി പേറുന്നവരോ മനസ്സിലാക്കുന്നു എന്നു തോന്നുന്നില്ല. 90 കളിൽ സ്വത്വ രാഷ്‌ടീയത്തിന് പിന്തുണ നൽകിയപ്പോൾ ഇടതു പക്ഷമെന്നു നടിച്ചവർ യഥാർത്ഥത്തിൽ ചെയ്തത്, മതതീവ്ര /വലതു പക്ഷത്തിൻ്റെ വാദമുഖങ്ങൾക്ക് കേരളത്തിൽ വേരോട്ടം നൽകുകയായിരുന്നു. അന്ന് ഇത് ചൂണ്ടിക്കാട്ടിയവരെ ഇടത് വിരുദ്ധരാക്കാനും ശ്രമമുണ്ടായി. ഇന്ന്, ഇടത് കക്ഷികളുടെ ജീർണതയെ എതിർക്കുന്നവരോട് അസഹിഷ്ണുത കാണിക്കുമ്പോഴും വഴി വെട്ടുന്നത്, തീവ്ര വലതു പക്ഷത്തിൻ്റെ കടന്നു വരവിനാണ് എന്ന് ഓർക്കുന്നില്ല എന്നത് ഖേദകരമാണ്.
ജനാധിപത്യ സംവിധാനത്തിൻ്റെ എല്ലാ പരിമിതിയോടെയും അതിനെ സ്വീകരിക്കുമ്പോൾ അധികാരം പോലെയോ അതിലേറെയോ പ്രധാനം ജനാധിപത്യ സംസ്‌കാരത്തിൻ്റെ തുറസ് കാത്തു സൂക്ഷിക്കുക എന്നതാണ് എന്നു തോന്നുന്നു. ഇടതു സാംസ്കാരികത കേരളത്തിൽ നിലനിർത്തിപ്പോന്നത് ഈ ജനാധിപത്യ സംസ്‌കാരമായിരുന്നു. അതിനെ കക്ഷിരാഷ്ട്രീയത്തിൻ്റെ സബ്സെറ്റായി കാണുന്നവർ സ്വയം കുഴി തോണ്ടുകയാണ് ചെയ്യുന്നത്.
കവര്‍: ജ്യോതിസ് പരവൂര്‍
