
അടുത്ത പ്രദേശങ്ങളില്‍ എവിടെ മീറ്റിംഗ് ഉണ്ടെങ്കിലും ഞങ്ങള്‍ ആവളയില്‍ നിന്ന് പോകാറുണ്ട്. അങ്ങനെ 1956 ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. പിന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളായി. (നവംബര്‍ 1) നേതാക്കള്‍ പലരും വന്ന് മീറ്റിംഗ് തന്നെ. തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടമായ മാര്‍ച്ച് 2 നാണ് പേരാമ്പ്രയിലും മറ്റു ചില നിയോജകമണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഞാന്‍ അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്. S.S.L.C പതിനൊന്നാം ക്ലാസിലാണ്. കെ ആര്‍ ഗൌരിയമ്മ ആവളയില്‍ പ്രസംഗിക്കുമെന്ന് മെഗാഫോണില്‍ അടുത്ത പ്രദേശങ്ങളിലും വിളിച്ചു വിവരമറിയിച്ചു. ഗൌരിയമ്മ ആദ്യമായി വരികയാണ്. പേരാമ്പ്ര സ്ഥാനാര്‍ഥി എം. കുമാരന്‍ മാസ്റ്റര്‍ ആണ്. അന്ന് വോട്ട് ചെയ്യുന്നത് പെട്ടികളിലാണ്. ഓരോ സ്ഥാനാര്‍ഥിയുടെയും ചിഹ്നം പെട്ടിക്ക് മുകളില്‍ ഒട്ടിച്ചിരിക്കും. റിട്ടേണിംഗ് ഓഫീസര്‍ തരുന്ന തരുന്ന പേപ്പര്‍ മടക്കി പെട്ടിയില്‍ ഇടണം. കമ്മ്യൂണിസ്റ്റുകാരുടെ ചിഹ്നം അരിവാളും കതിരുമാണ്. കുമാരന്‍ മാസ്റ്റര്‍ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സിപിഐ യില്‍ തന്നെ തുടര്‍ന്നു. പാര്‍ട്ടി സമ്മേളനമുള്ള സ്ഥലത്ത് അതിന്‍റെ ചിലവിനായി പാട്ടപ്പിരിവ് നടത്തും. മിക്ക ആളുകളും ഒരു മുക്കാല്‍ തരും. ഇത് നടത്തിക്കുന്നത് എന്നെക്കൊണ്ടായിരിക്കും. ചെറിയ കുട്ടി അല്ലെ എന്നും കരുതി എല്ലാവരും തന്നിരിക്കും. ഞാന്‍ സ്കൂളില്‍ നിന്ന് ഡാന്‍സിനു വാങ്ങിയ ഒരു പൈജാമയും ബ്ലൌസുമാണ് ധരിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഒരു രൂപ പാട്ടയില്‍ ഇട്ടു. ഞാന്‍ പറഞ്ഞു ചില്ലറ തരാന്‍ ബാക്കി ആയിട്ടില്ലല്ലോ എന്ന്. ഉടനെ അയാള്‍ പറഞ്ഞു ബാക്കി തരണ്ട എന്ന്. ഞാന്‍ ഒന്നു മുഖത്ത് നോക്കി. അതിന് മുൻപ് ഒരു ദിവസം അയാൾ വീട്ടിൽ വന്നിരുന്നു എന്നെ കാണാനാണ് വന്നത് എന്ന് ഞാനറിഞ്ഞിരുന്നില്ല. പോയശേഷമാണ് ഞാൻ കാര്യം മനസ്സിലാക്കിയത്. ഞാൻ മുഖത്ത് നോക്കിയപ്പോൾ അയാൾ ഒന്നു ചിരിച്ചു. ഞാനും. പിന്നെ നാലു കൊല്ലം കഴിഞ്ഞ് 1960 ൽ ആണ് ഉണ്ണി മാഷും ഞാനും വിവാഹിതരായത്. ഉണ്ണിമാഷ് അന്ന് ഏകാധ്യാപകനായി നീറോത്ത് പോകുന്ന കാലമാണ്. ശമ്പളം 25 ക യിൽ കുറവാണ്.
അങ്ങനെ മാർച്ച് 2 തിരഞ്ഞെടുപ്പ് ദിവസം വന്നു. അന്നാണ് അമ്മാളു ഏട്ടത്തി രാധയെ പ്രസവിച്ചത്. ഞങ്ങൾ വീട്ടിനുള്ളിൽ പ്രായമായി കിടക്കുന്നവരെ എടുത്തുകൊണ്ട് പോയി വോട്ട് ചെയ്യിക്കും. എടുത്തുകൊണ്ട് പോകാൻ നാട്ടിൽ കസേരകൾ ഇല്ല. ഒരു ചണച്ചാക്ക് തുന്നഴിച്ച് ഒരു മുളവടിയിൽ കെട്ടിയാണ് അതിൽ കിടത്തി വൃദ്ധരെ കൊണ്ടുപോകുന്നത്. അതിന് മുൻപ് തന്നെ വീട്ടിലുള്ളവരോട് പറയും നാരായണിയെ പറഞ്ഞയക്കും നിങ്ങൾ നിൽക്കണമെന്ന്. അങ്ങനെ വീടുകളിൽ പോയി മുണ്ടില്ലാത്തവർക്ക് ഉടുക്കാൻ വീട്ടിലെ പഴയ മുണ്ടുകളെല്ലാം അലക്കി ഉണക്കി കൊണ്ടുപോയിരിക്കും. സന്ധ്യ വരെ പോളിംഗ് ബൂത്തിനടുത്ത് തന്നെയായിരിക്കും ഞങ്ങൾ. അവിടത്ത്കാർക്ക് മഠത്തിനടുത്തുള്ള വായന കണ്ടിയിലെ G.L.P സ്കൂളിലാണ് വോട്ട്.
അങ്ങനെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി. ഏപ്രില്‍ ആദ്യം തന്നെ E.M.S മുഖ്യമന്ത്രിയായി മന്ത്രിസഭ രൂപീകരിച്ചു. E.M.S ന് പുറമെ വി ആര്‍ കൃഷ്ണയ്യരും മുണ്ടശ്ശേരിയും ടി വി തോമസ്സും കെ ആര്‍ ഗൌരിയും എല്ലാം മന്ത്രിമാരായി. ഏപ്രില്‍ നാലിന് തന്നെ ആദ്യം ഒപ്പിട്ട നിയമം കുടിയൊഴിപ്പിക്കല്‍ നിര്‍ത്തല്‍ ചെയ്തതാണ്. ഏപ്രില്‍ നാല് എന്‍റെ ഓര്‍മ്മയാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കുക. വിദ്യാഭ്യാസ ബില്‍ തുടങ്ങിയ ധാരാളം നിയമങ്ങള്‍ അക്കാലത്ത് പാസാക്കി എടുത്തു. എന്നാല്‍ ജന്മി, മുതലാളി, സ്കൂള്‍ മാനേജര്‍മാര്‍ തുടങ്ങി പലരും ഈ നിയമങ്ങളെ എല്ലാം എതിര്‍ത്തു. അങ്ങിനെ വിമോചനസമരം ഉണ്ടാക്കി. 2 വര്‍ഷവും 4 മാസവും കഴിഞ്ഞപ്പോള്‍ ആ ഗവണ്മെന്റിനെ കേന്ദ്രം പിരിച്ചുവിട്ടു. അന്ന് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയും മകള്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടുമാണ്. ‘അച്ഛനും മകളും ഒന്നായി ജനാധിപത്യം പുല്ലായി’ എന്നാണ് ഞങ്ങളന്ന് മുദ്രാവാക്യം വിളിച്ചത്. 1959 ല്‍ വീണ്ടും തിരഞ്ഞെടുപ്പ്. നമ്മുടെ സ്ഥാനാര്‍ഥി കുമാരന്‍ മാസ്റ്റര്‍ തന്നെ. എതിര്‍ സ്ഥാനാര്‍ഥി P K നാരായണന്‍ നമ്പ്യാര്‍. അദ്ദേഹം കൂത്താളി മൂപ്പില്‍ നായര്‍ ചെറുവട്ടാട്ട് അപ്പുക്കുട്ടി നമ്പ്യാരുടെ മകളുടെ മകനാണ്. അന്ന് താമസം ചെറുവട്ടാട്ട് ആണ്. ആ ദിവസം മേപ്പയൂര്‍ മീറ്റിംഗിന് ആവള നിന്നും പ്രകടനം പോകുമ്പോള്‍ എതിര്‍ഭാഗത്ത് നിന്ന് അദ്ദേഹവും കൂട്ടാളികളും വോട്ട് പിടിക്കാന്‍ വരുന്നുണ്ടായിരുന്നു അടുത്തെത്തിയപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു ‘പി കെ നമ്പ്യാര്‍ തുള്ളണ്ട… ഇക്കുറി തട്ടാന്‍ നോക്കണ്ട’, ഉളുപ്പുണ്ടെങ്കില്‍ നമ്പ്യാരെ… ഒരിക്കല്‍ തോറ്റാല്‍ പഠിക്കണ്ടേ’ എന്ന് ! എല്ലാവരും ഇത് വിളിച്ച് കൂകിക്കൊണ്ടാണ് പിന്നത്തെ നടത്തം. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയപ്പോള്‍ നമ്പ്യാര്‍ ജയിച്ചു കുമാരന്‍ മാസ്റ്റര്‍ തോറ്റു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം.
പിന്നെ ഞാന്‍ 1964 ല്‍ വടക്കുമ്പാട് സ്കൂളില്‍ ടീച്ചറായി ചേര്‍ന്നപ്പോള്‍ കൂത്താളി അമ്മാളു ഏട്ടത്തിയുടെ വീട്ടിലാണ് താമസം. പി കെ നമ്പ്യാര്‍ക്ക് ധാരാളം പറമ്പും വയലും നമ്മുടെ വീട്ടിനടുത്തുണ്ട്. കൂത്താളി വരുമ്പോള്‍ ഏട്ടനെ കാണാന്‍ വരും. വീട്ടില്‍ നിന്ന് ചായയും ഒക്കെ കുടിച്ചിട്ടാണ് മടങ്ങുന്നത്. ഒരു ദിവസം എന്നെ കണ്ടപ്പോള്‍ പറഞ്ഞു അന്ന് വിളിച്ച മുദ്രാവാക്യം എനിക്ക് ഇപ്പഴും ഓര്‍മ്മയുണ്ടെന്ന്. ഉടനെ ഞാന്‍ പറഞ്ഞു വിളിച്ചുകൂവിയിട്ട് എന്ത് കാര്യം നമ്പ്യാരല്ലെ ജയിച്ചത് എന്ന്. നമ്പ്യാര്‍ ചിരിച്ചു.
അച്ഛന്റെ ഒരു സ്തൂപം ആവള മാനവയുടെ അടുത്ത് റോഡ് വക്കില്‍ പിന്നെ CPI ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അച്ഛന്‍ പാര്‍ട്ടി പിളരുന്നതിനു മുന്‍പെ തന്നെ മരിച്ചിരുന്നു 1962 ല്‍. അപ്പുക്കുട്ടി ഏട്ടന്‍ 2006 ഡിസംബര്‍ 18 നും ഗോപാലേട്ടന്‍ 2016 ജനുവരി 30 നും അമ്മ 1996 നവംബര്‍ 14 നും അമ്മാളു ഏടത്തി 2012 മെയ് 25 നും ജാനു ഏടത്തി 1989 ലും മരിച്ചു. ഞാന്‍ മാത്രമേ ഇന്നുള്ളൂ. അച്ഛന്‍റെ മരണശേഷം ഞങ്ങള്‍ ആവള വിട്ടു.
കവർ: വിൽസൺ ശാരദ ആനന്ദ്
