പൂമുഖം LITERATUREകവിത ഫോസ്ഫറസ്

ഫോസ്ഫറസ്

ഗ്രാമത്തിൽ
കറണ്ടില്ലാതിരുന്ന കാലത്ത്
ഓലച്ചൂട്ടുകളുടെ വരത്തു പോക്കുണ്ടായിരുന്നു.
കുരുമുളക് പടർത്തിയ
ആഴാന്ത മരങ്ങൾക്കിടയിലൂടെ
വീശിവീശിപ്പോകും
വാളിന് വെട്ടേറ്റതു പോലെ
ഇരുട്ട് തുണ്ടം തുണ്ടമാകും.

പോകുന്ന പോക്കിൽ
കുരക്കുന്ന പട്ടിയോടോ
തിരികെടാത്ത വീടുകളോടോ
ഇത് ഞാനാടാ കൂവേന്ന്
ലോഹ്യം പറയും
പാമ്പും പഴുതാരേം കാണും
സൂക്ഷിച്ച് പോണേന്നൊരു കരുതൽ
തിരിച്ചു വരും.

ഗ്രാമത്തിൽ
കറണ്ടില്ലാതിരുന്ന കാലത്ത്
പ്രേത ഭൂത പിശാചുക്കളുടെ
വരത്തുപോക്കുണ്ടായിരുന്നു.
പാലമരച്ചോട്ടിൽ നിന്നും
കാട്ടുപനകൾക്കിടയിൽക്കൂടി
തീപിടിച്ചൊരപ്പൂപ്പൻതാടി
പറന്ന് പോകും.

വരത്തുപോക്കാ പിള്ളേരേ
കണ്ണുപൊത്തിക്കോന്ന്
പെണ്ണുങ്ങൾ പറയും
പേടിക്കണ്ട ഫോസ്ഫ്രസാന്ന്
പഴയ ഇടമറുക് വാദികൾ തിരുത്തും.

ഗ്രാമത്തിൽ
കറണ്ടില്ലാതിരുന്ന കാലത്ത്
മരിച്ചമനുഷ്യരുടെ ഫോസ്ഫറസ്
മണ്ണെണ്ണ വിളക്കിലോ
മെഴുകുതിരിയിലോ വന്നിരുന്ന്
വിളമ്പിവെച്ച റേഷനരി കഞ്ഞിയിലേക്ക്
ഒരായിരം സ്വർണ്ണമീനുകളെ കുടഞ്ഞിടും.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.