പൂമുഖം LITERATUREകവിത രണ്ട് കവിതകൾ: പതിവായി

രണ്ട് കവിതകൾ: പതിവായി

1
പതിവായി
ഞാനെന്നെ
തെറ്റായി വരയ്ക്കുന്നു

അരുത്
അരുത്
എന്നാരോ പറഞ്ഞിട്ടും
എന്നുമെന്നും അതേ വരകളിൽ
തെറ്റ് കുത്തുന്നു

വരയ്ക്കുന്തോറും
ഞാനെന്നെ മറന്നുകളയുന്നു

ഞാൻ
നേർത്തവര പോലെ
തെറ്റിനുള്ളിൽ അലിഞ്ഞുപോകുന്നു

പുതിയ എന്നെ
എല്ലാവർക്കും ഇഷ്ടമായിരിക്കുന്നു
യഥാർത്ഥ എന്നെ
ഇനി ആര് വരച്ചെടുക്കും.

2
പതിവായി
എൻ്റെ വീട്
ആകാശത്തെ ചുമക്കാൻ
പാടുപെടുന്നു

കടൽത്തിരയെ ഉയർത്താൻ
ശ്രമപ്പെടുന്നു

വീടിനുള്ളിൽ
ആകാശവും കടലും
കാടുമുണ്ടെന്ന്
കുട്ടികളോട് ഞാൻ കള്ളം പറയുന്നു

വീടത് കേൾക്കുന്നുണ്ട്
കഴിയുംവിധം എനിക്കൊപ്പം നിൽക്കുന്നുണ്ട്

ഓരോ വീടും
എന്തെന്ത് കള്ളങ്ങൾക്കൊപ്പം
പാടുപെടുന്നുണ്ടാവും.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.