പൂമുഖം LITERATUREകവിത വീഴ്ച്ചയുടെ ചരിത്രം

വീഴ്ച്ചയുടെ ചരിത്രം

കണ്ടുകണ്ടിരിക്കെ
അത്രയും നേരം നിവര്‍ന്നു നിന്നിരുന്ന
ഒരു മരം കടപുഴകി വീഴും.

കണ്ടു കണ്ടിരിക്കെ
അത്രയും ഔദ്ധത്യം പുലര്‍ത്തിയിരുന്ന
ഒരു കുന്ന് മണ്ണിടിഞ്ഞു വീഴും.

കണ്ടു കണ്ടിരിക്കെ
അത്രയും കണ്ണുചിമ്മിക്കാണിച്ചിരുന്ന
ഒരു നക്ഷത്രം ഇരുട്ടിലെങ്ങോ വീഴും.

കണ്ടു കണ്ടിരിക്കെ
അത്രയും വേഗത്തിലോടിയിരുന്ന
ഒരു ബസ് തലകുത്തിവീഴും.

കണ്ടു കണ്ടിരിക്കെ
നിരത്ത് മുറിച്ചു കടന്നിരുന്ന
ഒരു യുവാവ് കുഴഞ്ഞു വീഴും.

കണ്ടു കണ്ടിരിക്കെ
ചിറകടിച്ചു പറന്നിരുന്ന
ഒരു കാക്ക വൈദ്യുതിക്കമ്പിയില്‍ത്തൊട്ടു വീഴും.

കണ്ടു കണ്ടിരിക്കെ
ആകാശത്തു വട്ടം കറങ്ങിയിരുന്ന
ഒരു വിമാനം ചിറകു കുഴഞ്ഞു വീഴും.

കണ്ടു കണ്ടിരിക്കെ
ആകാശമൊലിച്ചു മഴ വീഴും.
വെയിലും നിലാവും മഞ്ഞും വീഴും.
കുപ്പിച്ചില്ലും ബോംബും വീഴും.

കാണെക്കാണെ
നമ്മളിലും ആരൊക്കെയോ വീഴും.
എന്തൊക്കെയോ വീഴും.
എങ്ങനെയൊക്കെയോ വീഴും.

യാദൃച്ഛികമായ വീഴ്ച്ചകളാണ്
ജീവിതമെന്നു
വീണു വീണു പഠിക്കുകയാവുമെന്ന്
തിരിച്ചറിവെത്തുമ്പോഴേക്കും

കളിയിലോ അരങ്ങിലോ
കിടപ്പിലോ നടപ്പിലോ
ഇരിപ്പിലോ ഇരിപ്പില്ലായ്മയിലോ
സ്വപ്നങ്ങളിലോ ഇച്ഛകളിലോ
ഓരോന്നോരോന്നായി
കണ്ടും കാണാതെയും വീഴും.

വീഴ്ച്ചയാണ് സ്വാഭാവികം.
വീഴ്ച്ചയാണ് ലൗകികം.

നരനായാലും
നരിയായാലും
വീഴ്ച്ചയോളം പുരാതനമായ
ഒരു വീഴ്ച്ചയും
ചരിത്രത്തിലില്ല.
ചരിത്രമല്ലാതെയുമില്ല.

വീഴ്ച്ചയാണ്,
അല്ലെങ്കില്‍ എല്ലാ ചരിത്രവും.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.