

[dropcap]അ[/dropcap]ന്നു കാലത്ത് കണ്ണു തുറന്നപ്പോൾ എന്റെ കട്ടിലിന്റെ തലയ്ക്കലുള്ള വാഷ് ബേസിനിൽ അച്ഛൻ താടി ഷേവു ചെയ്തുകൊണ്ടു നില്ക്കുന്നതാണ് ഞാൻ കണ്ടത്; കുറേക്കാലം കൂടിയിട്ടാണ് അച്ഛൻ താടി ഷേവു ചെയ്യുന്നതു ഞാൻ കാണുന്നത്. ജനാലയിലൂടെ ഒരിളംകാറ്റ് കയറിവന്നു; അച്ഛന്റെ മുഖത്ത് നീലയും പച്ചയുമായ നിഴലുകൾ വീഴ്ത്തിയ തെളിഞ്ഞ പുലർവെയിലിൽ ജനാലക്കർട്ടനിളകി. പുറത്ത് കുഞ്ഞിക്കിളികൾ ചിലയ്ക്കുന്നതു കേട്ടിരുന്നു.
“എത്ര നല്ല ദിവസമാണല്ലേ, അച്ഛാ,” ഞാൻ അച്ഛനോടു പറഞ്ഞു.
“നല്ല ദിവസം! കിടന്നതു മതി, എഴുന്നേല്ക്ക്. ഞാനിന്നു നിന്നെ തുറമുഖം കാണിക്കാൻ കൊണ്ടുപോവുകയാണ്,” ഒടുവിലത്തെ കുറ്റിരോമവും ശ്രദ്ധയോടെ വടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.
“സത്യമായിട്ടും!” സന്തോഷം സഹിക്കാതെ ഞാൻ പറഞ്ഞു. “അല്ലച്ഛാ, എന്തിനാണു ഷേവു ചെയ്യുന്നത്?”
“താടിയുണ്ടെങ്കിൽ ഞാൻ നിന്റെ അച്ഛനെപ്പോലിരിക്കും. ശരിയല്ലേ?” എന്നെ തിരിഞ്ഞുനോക്കി നാക്കു നീട്ടിക്കാണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.
“അച്ഛൻ പറയുന്നതെനിക്കു മനസ്സിലാവുന്നില്ല.”
“അതായത്, ഷേവു ചെയ്താൽ ഞാൻ ഒരച്ഛനാണെന്ന് അത്ര തോന്നില്ല എന്ന്…ഞാനിന്ന് നിന്നെ തുറമുഖത്തു കൊണ്ടുപോയിട്ട് അവിടെ വിട്ടുപോരാൻ ആലോചിക്കുകയാണ്. വളരെ നല്ല ഒരാലോചനയല്ലേയത്, എന്താ?” ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.
“അച്ഛൻ നുണ പറയുന്നു!” കട്ടിലിൽ നിന്നെഴുന്നേറ്റുകൊണ്ട് ഞാൻ വിളിച്ചുപറഞ്ഞു.
അച്ഛൻ എന്നെ തിടുക്കത്തിൽ ഏതോ പുത്തൻ ഫ്ലാനൽ ഉടുപ്പിടീച്ചു. അച്ഛൻ പുതിയ, പറഞ്ഞുണ്ടാക്കിച്ച, നല്ല മണമുള്ള ഒരു സ്ട്രാ ഹാറ്റും (ഞാനത് മുമ്പു കണ്ടിട്ടില്ല) ഒരു ചുവന്ന ടൈയും ധരിച്ചു. എന്നിട്ടു ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. അരുണവർണ്ണത്തിൽ പുലരി പൊട്ടിവിടരുന്ന ആ ഗ്രീഷ്മാകാശത്തിനു ചുവട്ടിലെ വീടുകളിൽ മിക്കവരും അപ്പോഴും നല്ല ഉറക്കമായിരിക്കണം. റയിൽവേ സ്റ്റേഷനിലേക്കുള്ള ആളൊഴിഞ്ഞ മെയിൻ റോഡിലൂടെ നടക്കുമ്പോൾ അച്ഛൻ തന്റെ നീണ്ട ഊന്നുവടി മുന്നിൽ വീശിക്കൊണ്ടിരുന്നു.
“നമ്മളെ ആരും കാണാതിരുന്നാൽ മതിയായിരുന്നു,” അച്ഛൻ സ്വയം പറഞ്ഞു.
“അതെന്താ?” ഞാൻ ചോദിച്ചു. അച്ഛൻ ഉത്തരം പറയാതെ തന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു.
“ഇതൊരു വല്ലാത്ത കുട്ടി തന്നെ. പത്തു കൊല്ലം മാത്രം പ്രായവ്യത്യാസമുള്ള ഒരച്ഛനും മകനും! എനിക്കു മതിയായി!”
“അതെന്താ?” അച്ഛന്റെ മുഖത്തേക്കു പാളിനോക്കിക്കൊണ്ട് ഞാൻ പിന്നെയും ചോദിച്ചു. അച്ഛൻ ഒന്നും മിണ്ടാതെ, എന്റെ ശബ്ദം കേട്ടിട്ടു പോലുമില്ലെന്ന മട്ടിൽ, ചിരിച്ചതേയുള്ളു. എന്റെ മനസ്സ് വേവലാതിപ്പെടാൻ തുടങ്ങി. ഞാൻ അച്ഛനോടു ചേർന്നുനടക്കാൻ നോക്കി; എന്നാൽ അച്ഛൻ എന്നെ തള്ളിമാറ്റുകയാണുണ്ടായത്. പിന്നെ പതിവില്ലാത്ത സൗമ്യമായ ഒരു ശബ്ദത്തിൽ പറഞ്ഞു:
“നോക്ക്. നീ ഒപ്പം നടന്നാൽ ആളുകൾ കരുതും നമ്മൾ ചേട്ടനും അനിയനുമാണെന്ന്. അതു ശരിയല്ലല്ലോ.” ഞാൻ നീരസത്തോടെ മുഖം കൂർപ്പിച്ചുകൊണ്ട് അച്ഛന്റെ പറ്റെ വടിച്ചു മിനുസമാക്കിയ മുഖത്തേക്കും ചുവന്ന ടൈയിലേക്കും തുറിച്ചുനോക്കി. ട്രെയിൻ വന്നപ്പോൾ ഞങ്ങൾ അതിൽ കയറി. ട്രെയിൻ ടൗൺ കടക്കുമ്പോൾ ഉല്ലാസത്തോടെ ചൂളം വിളിച്ചുകൊണ്ട് അച്ഛൻ പുറത്തേക്കു നോക്കിയിരുന്നു. അച്ഛന് എന്നോടു സ്നേഹം കുറഞ്ഞുവരികയാണെന്ന് എനിക്കു തോന്നി.
“അപ്പോൾ നമ്മൾ കപ്പൽ കാണാൻ പോവുകയാണല്ലേ?” ഉത്കണ്ഠ നിറഞ്ഞ ഹൃദയത്തോടെ ഞാൻ ചോദിച്ചു.
“ഊം, ഒത്താൽ അതിൽ യാത്ര ചെയ്തെന്നും വരും…” അച്ഛൻ പോക്കറ്റിൽ നിന്ന് കടുംചുവപ്പു നിറത്തിലുള്ള ഒരു കൈലേസ് വലിച്ചെടുത്ത് കണ്ണട തുടച്ചിട്ട് അത് മൂക്കത്തു വച്ചു. ആ ചില്ലിനു പിന്നിലെ കണ്ണുകളിൽ ഒരു കുറ്റബോധവും കണ്ടില്ല. കൈലേസിൽ നിന്നു വമിച്ചിരുന്ന കോട്ടി കൊളോണിന്റെ മണത്തിൽ എനിക്കു ശ്വാസം മുട്ടി.
“തുറമുഖം കാണാൻ പോകുന്നതിൽ വലിയ കാര്യമൊന്നുമില്ല,” അച്ഛൻ പറഞ്ഞു.
“അച്ഛാ, എന്തിനാ ആ കണ്ണട വച്ചിരിക്കുന്നത്?” അച്ഛനു ചേരാത്തതെന്ന് എനിക്കു തോന്നിയ ആ രൂപം കണ്ടു മനസ്സു കുഴങ്ങിയ ഞാൻ ചോദിച്ചു. അച്ഛനപ്പോൾ കോപമായി.
“അച്ഛൻ? നിനക്കു ബുദ്ധിയില്ല കുട്ടീ. ഞാൻ നിന്റെ അച്ഛനാണെന്ന് എന്തു കണ്ടിട്ടാണു നിനക്കു തോന്നിയത്? ഇനിയെന്നെ അച്ഛനെന്നു വിളിച്ചാലുണ്ടല്ലോ…പറഞ്ഞേക്കാം!”
മുഖം കടുപ്പിച്ചു നില്ക്കുന്ന ഈ മനുഷ്യൻ യഥാർത്ഥത്തിൽ എന്റെ അച്ഛനല്ലെന്ന് അപ്പോഴാണ് പെട്ടെന്നെനിക്കു തോന്നിയത്. അന്നു കാലത്ത് കണ്ണു തുറന്നപ്പോൾ ഈ മനുഷ്യനെ ഞാൻ അച്ഛനായി തെറ്റിദ്ധരിച്ചതാവാമെന്ന് ഞാൻ ഓർത്തുകൊണ്ടിരുന്നു. ഞാനും അയാളും- ഞാൻ അച്ഛനെന്നു വിളിക്കുന്ന ആ നിഗൂഢനായ മനുഷ്യനും ഞാനും തമ്മിൽ എന്തു ബന്ധമാണുള്ളത്? അയാൾക്കെന്നേക്കാൾ പത്തു വയസ്സേ പ്രായക്കൂടുതൽ കാണൂ; അപ്പോൾ ഞങ്ങൾ തമ്മിൽ ഉണ്ടെന്നു പറയുന്ന ബന്ധത്തിൽ ആർക്കും ഒരു ശരികേടു തോന്നാം. എന്റെ മനസ്സു കലങ്ങാൻ തുടങ്ങി. എനിക്കു ശരിക്കും അറിയാവുന്ന ഒരാൾ ഞാൻ മാത്രമാണ്. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി.
“എന്നെ ഇങ്ങനെ നോക്കരുത്. കരയാനാണ് ഭാവമെങ്കിൽ നിന്നെ ഞാൻ ട്രെയിനിൽ ഇരുത്തിയിട്ടു പോകും!” ഒരു മയവുമില്ലാതെ അച്ഛൻ പറഞ്ഞു; എന്നിട്ടു പെട്ടെന്ന് അടുപ്പം കാണിക്കാനും തുടങ്ങി.
“ഒരു തമാശ പറഞ്ഞതല്ലേ. ഞാൻ അങ്ങനെയെന്തെങ്കിലും ചെയ്യുമെന്ന് നിനക്കു തോന്നുന്നുണ്ടോ, ഉണ്ടോ? സത്യം പറയാമല്ലോ, എന്നെ യാത്ര അയക്കാൻ നീ വന്നത് എനിക്കു വലിയ സന്തോഷമായി,” പൊട്ടിച്ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു; തെളിഞ്ഞ ഗ്രാമീണപ്രകൃതി കണ്ണീർത്തുള്ളികളിൽ അവ്യക്തമാവുകയായിരുന്നു.
ഞങ്ങൾ ഹാർബർ സ്റ്റേഷനിൽ എത്തി. അച്ഛൻ ഒരു പോർട്ടറെ വിളിച്ചപ്പോൾ അയാൾ ചുവന്ന രണ്ട് തുകൽ സ്യൂട്ട്കേസുകൾ നിരക്കിക്കൊണ്ടു വന്നു. ഒരു കാറിൽ എന്നെയും ഒരു സ്യൂട്ട്കേസും കയറ്റി വാർഫിലേക്കു വിട്ടു; അച്ഛൻ ആ രണ്ടു പെട്ടികൾ എപ്പോൾ ഇവിടെ എത്തിച്ചു എന്നതാണ് ഞാൻ ഓർത്തുകൊണ്ടിരുന്നത്. സ്യൂട്ട്കേസിൽ പേരെഴുതിയിരുന്നില്ല. ഇടയ്ക്കിടെ അച്ഛൻ ഹാറ്റിന്റെ അരികിൽ പിടിച്ചുകൊണ്ട് കാറിനു പുറത്തേക്കു നോക്കും; ചുവന്ന ടൈ കാറ്റിൽ പറക്കുമ്പോൾ ആ കണ്ണടയ്ക്കു പിന്നിൽ കണ്ണുകൾ ചിരിക്കുന്നതു ഞാൻ കണ്ടു. ഭയാനകമായ, സൂത്രശാലിയായ, നിർവികാരമായ ആ മുഖം! നെഞ്ചു വിങ്ങിയപ്പോൾ ഞാൻ പുറത്തേക്കു നോക്കിയിരുന്നു.
എസ്. എസ്. സക്കുസോണിയ ഏഴു മണിയ്ക്കു പുറപ്പെടുമെന്ന് തുറമുഖത്തേക്കുള്ള ഗെയ്റ്റിലെ ബോർഡിൽ എഴുതിവച്ചിരുന്നു. രണ്ടു പെട്ടികളും വലിച്ചിഴച്ചുകൊണ്ട് അച്ഛൻ എസ്.എസ്. സക്കുസോണിയയുടെ നേർക്കു നടന്നു. ഞാൻ ജട്ടിയിൽ നിന്നുകൊണ്ട് കപ്പലിന്റെ തുരുമ്പെടുത്ത കറുത്ത ഇരുമ്പുപള്ളയിലേക്കു നോക്കി. അധികം വൈകാതെ ഉള്ളിൽ നിന്ന് ഒരു ചേങ്ങലയുടെ മുഴങ്ങുന്ന ശബ്ദം കേട്ടു, കൂറ്റൻ ചിമ്മിനിയിൽ നിന്ന് ഒരു ചൂളം വിളിയും.
“വളരെ നന്ദി! നിന്റെ ദേഹം നോക്കണേ!” ഡക്കിൽ നിന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ അച്ഛൻ വിളിച്ചുപറഞ്ഞു.
“അച്ഛനും!” ഡക്കിലേക്കു നോക്കിക്കൊണ്ട് ഞാൻ ഉറക്കെപ്പറഞ്ഞു.
കപ്പൽ ഡോക്കിൽ നിന്നകന്നു. അച്ഛൻ ആ പുതിയ ഹാറ്റ് ഉയർത്തി വീശി യാത്ര പറഞ്ഞു. ഞാനും എന്റെ തുണി കൊണ്ടുള്ള തൊപ്പി കഴിയുന്നത്ര ഉയരത്തിൽ ഉയർത്തി വീശി.
ജട്ടിയിലെ വലിയ കല്ലുകളുടെ പുറത്തു കയറി ഞാനിരുന്നു; കടൽക്കാറ്റേറ്റിരുന്ന് ഉച്ച വരെ നേരം പോയി. അവസാനം നീല ബട്ടണുള്ള നീല യൂണിഫോം ധരിച്ച ഒരു കസ്റ്റംസ് ഓഫീസർ വന്ന് എന്റെ തോളത്തു കൈ വച്ചു.
“എന്തു പറ്റി? നീ വെള്ളത്തിൽ ചാടാൻ ആലോചിക്കുകയാണെന്നൊന്നും പറയരുത്.” അയാൾ ചോദിച്ചു. പെട്ടെന്നാണ് എനിക്കു സങ്കടം വന്നത്. ഞാൻ തേങ്ങിക്കരഞ്ഞു.
“അയ്യയ്യേ, ഇതു പറ്റില്ല; ഇതുകൊണ്ടു കാര്യമില്ല. എന്താണുണ്ടായതെന്നു പറയൂ.”
“അച്ഛൻ…എന്നെ…ഉപേക്ഷിച്ചുപോ
“നിന്റെ അച്ഛൻ കാണാൻ എങ്ങനെയായിരുന്നു?” കസ്റ്റംസ് ഓഫീസർ ചോദിച്ചു.
“ഞാനൊന്നാലോചിച്ചു നോക്കട്ടെ. അതെയതെ, ഏതാണ്ടു നിങ്ങളെപ്പോലെ തന്നെയുണ്ടായിരുന്നു. താടിയില്ല, പറ്റെ വടിച്ച മുഖം. സത്യമായിട്ടും നിങ്ങളെപ്പോലെതന്നെ!” ഞാൻ ഉറക്കെപ്പറഞ്ഞു. കസ്റ്റംസ് ഓഫീസർ അമ്പരന്നപോലെ ഷേവു ചെയ്തു മിനുസമാക്കിയ തന്റെ മുഖം രണ്ടു കൈയും കൊണ്ടുഴിഞ്ഞു. എന്റെ അച്ഛൻ. താടിയില്ല. സ്ട്രാ ഹാറ്റ്. കണ്ണട (ചിലനേരത്തു വയ്ക്കാറുണ്ട്). ചുവന്ന ടൈ. ശരിക്കും ഒരു മാന്യൻ. ദയാലുവായ ആ കസ്റ്റംസ് ഓഫീസർ അങ്ങനെയൊരു വ്യക്തിചിത്രം തയാറാക്കി എസ് എസ് സക്കുസോണിയയുടെ അടുത്ത ലക്ഷ്യസ്ഥാനമായ തുറമുഖത്തേക്കു സന്ദേശമയച്ചു. ചുവന്ന ടൈ പോലെയുള്ള വിശദാംശങ്ങൾ നല്ല സൂചനകൾ തന്നെയാണെങ്കിലും ഒരാൾക്കൂട്ടത്തിൽ നിന്ന് എന്റെ അച്ഛനെ പിടിച്ചുമാറ്റാൻ മതിയായതൊന്നും ആ വർണ്ണനയിൽ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.
അങ്ങനെയാണ്, അന്നു കാലത്ത് ഞാൻ എന്റെ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടവനായത്. ഇനിയുള്ള കാലം ഞാനെന്നും ഒറ്റയ്ക്കായിരിക്കും, തീത്തും അസഹ്യമായ ഒരു ജീവിതമണെനിക്കു ബാക്കിയാവുക. അങ്ങനെയാണെങ്കിൽക്കൂടി, അച്ഛനെ തിരിച്ചറിയാൻ അത്ര പ്രയാസമാണെങ്കിൽക്കൂടി, ഞാനെന്നും അച്ഛന്റെ മുഖം മനസ്സിൽ കൊണ്ടുനടക്കണം, താടിയുള്ളതും ഇല്ലാത്തതും.
(ജാപ്പനീസ്)
വതനബെ ഓൺ (1902-1930)
[dropcap]കാ[/dropcap]ലു മുടന്തനായ ഒരാളോടു കഥ പറയുന്നത് എന്തു സുഖമുള്ള കാര്യമാണെന്നോ! ആരോഗ്യമുള്ളവർ എപ്പോഴാണു മനസ്സു മാറ്റുന്നതെന്നു പറയാൻ പറ്റില്ല; ഈ നിമിഷം ഈ കോണിലൂടെ നോക്കുന്നവർ അടുത്ത നിമിഷം അടുത്ത കോണിലൂടെ നോക്കുകയായി; വലതുവശത്തവരുമായി ഒരു മണിക്കൂർ നടന്നുകഴിയുമ്പോഴാണ് പെട്ടെന്നതാ, അവരുടെ മറുപടി ഇടതു വശത്തു നിന്നു വരുന്നത്; അതാണ് കൂടുതൽ മര്യാദയുള്ളതായി, വളർത്തുഗുണം കാണിക്കുന്നതായി അവർക്കു തോന്നിയതത്രേ! ഒരു മുടന്തനിൽ നിന്ന് നിങ്ങൾക്കതു പേടിക്കേണ്ട. ചലനസ്വാതന്ത്ര്യമില്ലാത്തത് അയാളെ ഒരചേതനവസ്തു പോലെയാക്കുന്നു (വാസ്തവത്തിൽ അവയുമായി അയാൾക്ക് പല അടുപ്പങ്ങളുമുണ്ട്); മറ്റു വസ്തുക്കളേക്കാൾ വളരെ ഉത്കൃഷ്ടമായ ഒരു വസ്തു, തന്റെ മൗനം കൊണ്ടു മാത്രമല്ല, അപൂർവ്വമായ, പതിഞ്ഞ വാക്കുകൾ കൊണ്ടും സൗമ്യവും ആദരം നിറഞ്ഞതുമായ വികാരങ്ങൾ കൊണ്ടും കാതോർക്കുന്ന ഒരു വസ്തു.
എനിക്കു കഥ പറയാൻ ഏറ്റവും ഇഷ്ടം എന്റെ സ്നേഹിതൻ ഇവാൾഡിനോടാണ്. “എനിക്കൊരു കാര്യം ചോദിക്കാനുണ്ട്,” പതിവായി പ്രത്യക്ഷപ്പെടാറുള്ള ജനാലയിൽ നിന്ന് അയാൾ എന്നെ വിളിച്ചപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി.
ഞാൻ പെട്ടെന്ന് ജനാലയ്ക്കടുത്തേക്കു ചെന്നു.
“കഴിഞ്ഞ തവണ പറഞ്ഞ ആ കഥ എവിടുന്നു കിട്ടി?” അയാൾ ചോദിച്ചു. “പുസ്തകത്തിൽ നിന്ന്?”
“അതെ,” വിഷാദത്തോടെ ഞാൻ പറഞ്ഞു; “മരിച്ചതിനു ശേഷം ചരിത്രകാരന്മാർ അതിനെ അവിടെ കുഴിച്ചിട്ടിരിക്കുകയായിരുന്നു; അത് അത്ര പണ്ടൊന്നുമായിരുന്നുമില്ല. ഒരു നൂറു കൊല്ലം മുമ്പു വരെ എത്രയോ ചുണ്ടുകളിൽ അതു ജീവിച്ചിരുന്നു (താന്തോന്നിയായി, എന്നതു ശരിതന്നെ). പക്ഷേ ആളുകൾ ഇന്നുപയോഗിക്കുന്ന വാക്കുകൾ, പാടാൻ പറ്റാത്ത വിധം ഭാരം തൂങ്ങുന്ന വാക്കുകൾ, അതിന്റെ ശത്രുക്കളായിരുന്നു; അവ അതിനെ ഒരു ചുണ്ടിൽ നിന്നു മറ്റൊന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി; ഒടുവിൽ, വരണ്ടുണങ്ങിയ ഒരു ജോഡി ചുണ്ടുകളിൽ പട്ടിണിയും ഒറ്റപ്പെടലുമായി, ഒരു വിധവയെപ്പോലെ അത് അരിഷ്ടിച്ചുജീവിച്ചു. അവിടെക്കിടന്ന്, അവകാശികളില്ലാതെ അതു മരിക്കുകയും ചെയ്തു. ഞാൻ നേരത്തേ പറഞ്ഞപോലെ, അതിന്റെ കുടുംബത്തിലെ മറ്റു പലരേയും അടക്കിയിരിക്കുന്ന അതേ പുസ്തകത്തിൽ എല്ലാ ബഹുമതികളോടും കൂടെ അതിനെ അടക്കം ചെയ്തിരിക്കുന്നു.”
“മരിക്കുമ്പോൾ അതിനു നല്ല പ്രായമുണ്ടായിരുന്നോ?” ആ നാടകത്തിൽ പങ്കു ചേർന്നുകൊണ്ട് എന്റെ സ്നേഹിതൻ ചോദിച്ചു.
“നാനൂറോ അഞ്ഞൂറോ കൊല്ലം,” സത്യസന്ധമായി ഞാൻ പറഞ്ഞു; “അതിന്റെ ചില ബന്ധുക്കൾക്കാണെങ്കിൽ അതിലും പ്രായമുണ്ടായിരുന്നു.”
“അതെങ്ങനെ, ഒരു പുസ്തകത്തിലും അന്ത്യവിശ്രമം കിട്ടാതെയോ?” ഇവാൾഡ് വിശ്വാസമാകാത്തപോലെ ചോദിച്ചു.
ഞാൻ വിശദീകരിച്ചു കൊടുത്തു: “എനിക്കു കിട്ടിയ അറിവു വച്ച് അവ ഒരു നാവിൽ നിന്ന് മറ്റൊരു നാവിലേക്ക് നിരന്തരസഞ്ചാരമായിരുന്നു.“
”അവ ഉറങ്ങാറുമില്ലായിരുന്നോ?“
”ങ്ഹാ, ഒരു ഗായകന്റെ ചുണ്ടുകളിൽ നിന്നു മറ്റൊരാളുടെ ചുണ്ടുകളിലേക്കു പറക്കുന്നതിനിടെ ചൂടും ഇരുട്ടുമുള്ള ഏതെങ്കിലും ഹൃദയത്തിൽ വല്ലപ്പോഴും തങ്ങിയെന്നു വരാം.“
”ഹൃദയത്തിൽ പാട്ടുകളുറങ്ങാൻ ആളുകൾ അത്ര ഒച്ചയനക്കമില്ലാത്തവരായിരുന്നോ?
”ആയിരിക്കണമല്ലോ. പറഞ്ഞുകേൾക്കുന്നത് ആളുകൾ അന്നൊക്കെ ഇത്ര സാംസാരിച്ചിരുന്നില്ല എന്നാണ്; സാവധാനം മുറുകിവരുന്ന താളത്തിലായിരുന്നു അവർ നൃത്തം വച്ചിരുന്നത്; ഇതെല്ലാം പോകട്ടെ, അവർ ഉറക്കെ ചിരിച്ചിരുന്നുമില്ല; സംസ്കാരം അഭിവൃദ്ധി പ്രാപിച്ചുവെന്നു പറയുന്ന ഇക്കാലത്ത് അട്ടഹസിച്ചുള്ള ചിരി അപൂർവ്വവുമല്ലല്ലോ.“
ഇവാൾഡ് മറ്റെന്തോ ചോദിക്കാനാഞ്ഞതായിരുന്നു; അതമർത്തിയിട്ട് അയാളൊന്നു മന്ദഹസിച്ചു: ”ഞാനിങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കുകയാണല്ലോ
”കഥയോ? കഥയാണോയെന്നൊന്നും എനിക്കറിയില്ല. ആ ഗാനങ്ങൾ ചില കുടുംബങ്ങളുടെ പൈതൃകമായിരുന്നു എന്നു പറയാനാണു ഞാൻ വന്നത്. ഒരാൾ ഏറ്റെടുത്ത് അടുത്തയാൾക്കു കൈമാറുന്നു; അതിൽ തന്റെ വിരൽ പതിയാതെയല്ല, നിത്യോപയോഗത്തിന്റെ പാടുകൾ വീഴാതെയല്ല, എന്നാൽ ഒരു കേടും വരാതെ, അച്ഛനിൽ നിന്നു മകനിലേക്കു പോകുന്ന ഒരു പഴയ വേദപുസ്തകം പോലെ. ആ പൈതൃകം നിഷേധിക്കപ്പെട്ട ഒരാൾ അതിനവകാശികളായ തന്റെ സഹോദരന്മാരിൽ നിന്നു വ്യത്യസ്തനാകുന്നത് അയാൾക്കു പാടാനറിയില്ല എന്നതുകൊണ്ടാണ്, അല്ലെങ്കിൽ തന്റെ അച്ഛനും മുത്തശ്ശനുമറിയാവുന്നതിൽ ചെറിയൊരു ഭാഗമേ അയാൾക്കറിയൂ എന്നതുകൊണ്ടാണ്, തനിക്കു നഷ്ടപ്പെട്ട ആ പാട്ടുകൾക്കൊപ്പം ബൈലിനകളും സ്കസ്കകളും ആളുകൾക്കെന്താണോ അർത്ഥമാക്കുന്നത്, അതും അയാൾക്കു നഷ്ടമാകുന്നു എന്നതുകൊണ്ടാണ്.
“ഉദാഹരണത്തിന് യിഗോർ തിമോഫിയേവിച്ച് തന്റെ അച്ഛൻ, കിഴവൻ തിമോഫിയുടെ ആഗ്രഹത്തിനു വിരുദ്ധമായി സുന്ദരിയായ ഒരു ചെറുപ്പക്കാരിയെ വിവാഹം കഴിച്ച് ഓർത്തൊഡോക്സ് സഭയുടെ ഏറ്റവും സമ്പൂജ്യരായ രക്തസാക്ഷികളുടെ ശവകുടീരങ്ങൾക്കരികിലുള്ള കീവ് എന്ന പുണ്യനഗരത്തിലേക്കു താമസം മാറ്റി. അച്ഛൻ തിമോഫി, പത്തുനാൾ ദൂരത്തെ ഏറ്റവും നല്ല പാട്ടുകാരൻ എന്നു കേൾവി കൊണ്ടയാൾ, മകനെ ശപിച്ചുതള്ളി; അങ്ങനെയൊരു മകൻ തനിക്കില്ലെന്നു പലപ്പോഴും തനിക്കു തോന്നിയിരുന്നതായി അയാൾ അയല്ക്കാരോടു പറഞ്ഞു. എന്നിട്ടുകൂടി ദുഃഖവും കുറ്റബോധവും കൊണ്ട് അയാളുടെ നാവിറങ്ങി. പൊടിയടിഞ്ഞൊരു വയലിനിലെന്നപോലെ ആ വൃദ്ധന്റെയുള്ളിൽ അടച്ചുപൂട്ടിവച്ചിരിക്കുന്ന എണ്ണമറ്റ ഗാനങ്ങൾക്കവകാശികളാകാമെന്ന പ്രത്യാശയോടെ തന്റെ കുടിലിനു മുന്നിൽ തടിച്ചുകൂടിയ എല്ലാ ചെറുപ്പക്കാരെയും അയാൾ പറഞ്ഞയച്ചു. ‘അമ്മാവാ, പൊന്നമ്മാവാ, ഇന്നതെന്നില്ല, ഏതെങ്കിലും ഒരു പാട്ടു പറഞ്ഞുതന്നാൽ മതി. ഞങ്ങളത് ഗ്രാമങ്ങളിലേക്കു കൊണ്ടുപോകാം; സന്ധ്യയായി, കാലികൾ തൊഴുത്തിലണഞ്ഞുകഴിഞ്ഞാൽ ഓരോ കളപ്പുരമുറ്റത്തു നിന്നും അങ്ങയ്ക്കതു കേൾക്കാം.‘
“ ആ വൃദ്ധൻ കട്ടിലിൽ നിന്നിറങ്ങാതെ പകലും മുഴുവനും തല കുലുക്കിക്കൊണ്ടിരുന്നു. അയാൾക്കു ചെകിടു കേൾക്കാതായിക്കഴിഞ്ഞിരുന്നു; വീടിനു സമീപത്തായി ചുറ്റിപ്പറ്റിനില്ക്കുന്ന ചെറുപ്പക്കാരിലാരോ തന്നോടു പാട്ടു പാടാൻ പറഞ്ഞുവോയെന്ന സംശയം കൊണ്ട് വെളുത്തുനരച്ച തല കുലുക്കിക്കൊണ്ട് അയാൾ ആംഗ്യം കാണിക്കും: ഇല്ല, ഇല്ല, ഇല്ല; ഒടുവിൽ ആൾ ഉറക്കമാവും; ഉറക്കത്തിലും അല്പനേരം ആ ഇല്ല, ഇല്ല, ഇല്ല തുടരുന്നുണ്ടാവും. ആ കുട്ടികൾ ആവശ്യപ്പെടുന്നത് അയാൾ സന്തോഷത്തോടെ ചെയ്തുകൊടുക്കുമായിരുന്നു; ആ പാട്ടുകൾക്കു മേൽ തന്റെ മൂകമായ, മരിച്ച പൊടി വീണു മൂടാൻ പോവുകയാണെന്നത്, ഒരുപക്ഷേ അധികം വൈകാതെതന്നെ, അയാളെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ അവരിലൊരാളെ എന്തെങ്കിലും പഠിപ്പിക്കാമെന്നു വച്ചാൽ അയാൾക്കപ്പോൾ തന്റെ മകൻ യിഗോറുഷ്കയെ ഓർമ്മ വരുമെന്നതു തീർച്ചയായിരുന്നു; പിന്നെന്താണുണ്ടാവുകയെന്ന് ആരു കണ്ടു? അയാൾ ഒരിക്കലും സംസാരിച്ചിരുന്നില്ലെന്നതു കൊണ്ടാണ് അയാൾ കരയുന്നത് ആരും കാണാതിരുന്നത്. ഓരോ വാക്കിനു പിന്നിലും അവ, ആ തേങ്ങലുകൾ, തയാറെടുത്തു നില്പ്പുണ്ടായിരുന്നു; അവ പുറത്തുവരാതിരിക്കാനായി അയാൾ പെട്ടെന്ന്, ശ്രദ്ധയോടെ വായടച്ചുകളയുകയായിരുന്നു.
“കിഴവൻ തിമോഫി തന്റെ ഏകമകനായ യിഗോറിനെ വളരെ ചെറുപ്പത്തിലേ ചില പാട്ടുകളൊക്കെ പഠിപ്പിച്ചിരുന്നു; പതിനഞ്ചായപ്പോഴേക്കും ആ ഗ്രാമത്തിലെയും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലെയും മുതിർന്ന ചെറുപ്പക്കാരെക്കാൾ കൂടുതൽ പാട്ടുകൾ കൂടുതൽ നന്നായി പാടാൻ അവനു കഴിയുമെന്നായി. എന്നാല്ക്കൂടി ചില ഒഴിവുദിവസങ്ങളിൽ (അന്നയാൾ അല്പമൊന്നു മിനുങ്ങിയിട്ടുണ്ടാവും) വൃദ്ധൻ മകനോടു പറയും: ‘യിഗോറുഷ്കാ, എന്റെ കുഞ്ഞുമാടപ്രാവേ, നിനക്കു ഞാൻ കുറേയധികം പാട്ടുകൾ പഠിപ്പിച്ചു തന്നുകഴിഞ്ഞു; പല ബൈലിനകളും നാളിനൊന്നു വച്ച് വിശുദ്ധന്മാരുടെ അത്ഭുതപ്രവൃത്തികളും. നിനക്കറിയാമല്ലോ, ഈ പ്രവിശ്യയിലെ ഏറ്റവും നല്ല പാട്ടുകാരനാണു ഞാൻ; എന്റെ അച്ഛന് റഷ്യയിലെ സകല പാട്ടുകളും താർത്താർ കഥകളും വശമായിരുന്നു. നിനക്കിപ്പോഴും തീരെ ചെറുപ്പമാണ്; അതിനാൽ ബൈലിനകളിൽ വച്ചേറ്റവും മനോഹരമായത് നിനക്കു ഞാൻ പറഞ്ഞുതന്നിട്ടില്ല; പൂജാവിഗ്രഹങ്ങൾക്കു തുല്യമായ അതിലെ വാക്കുകൾ നിത്യജീവിതത്തിലെ വാക്കുകൾ പോലെ കാണരുത്; കണ്ണീരൊഴുക്കിക്കൊണ്ടല്ലാതെ ആർക്കും, കൊസാക്കോ ഗ്രാമീണനോ ആരുമാകട്ടെ, കേട്ടുകൊണ്ടു നില്ക്കാൻ പാടില്ലാത്ത ആ ഈണങ്ങൾ നീയിനിയും പഠിച്ചിട്ടില്ല.’
”എല്ലാ ഞായറാഴ്ചയും റഷ്യൻ കലണ്ടർ പ്രകാരമുള്ള മറ്റൊഴിവുദിവസങ്ങളിലും -എന്നു പറഞ്ഞാൽ, മിക്കപ്പോഴുമെല്ലാ ദിവസവും- തിമോഫി ഇക്കാര്യം മകനോട് ഉരുവിട്ടുകൊണ്ടിരിക്കും. ഒടുവിൽ അച്ഛനുമായി ഉഗ്രമായി വഴക്കടിച്ച ഒരു ദിവസം യിഗോർ ഒരു പാവം കൃഷിക്കാരന്റെ സുന്ദരിയായ മകൾ ഉസ്തിയൊങ്കയുമായി നാട്ടിൽ നിന്നപ്രത്യക്ഷനായി.
“ഇതു കഴിഞ്ഞു മൂന്നാം കൊല്ലം തിമോഫി കിടപ്പിലായി; സാമ്രാജ്യത്തിന്റെ ഓരോ കോണിൽ നിന്നും കീവിലേക്കുള്ള തീർത്ഥാടകർ യാത്ര തുടങ്ങാൻ പോകുന്ന കാലമായിരുന്നു അത്. അയല്ക്കാരൻ ഓസ്സിപ് രോഗിയെ കാണാൻ ചെന്നു: ‘ഞാനും തീർത്ഥാടനത്തിനു പോവുകയാണ്, തിമോഫി ഇവാനിച്ച്; പോകുന്നതിനു മുമ്പ് നിങ്ങളെ ഒന്നു കെട്ടിപ്പിടിക്കാൻ അനുവദിക്കണേ.’ ഓസ്സിപ് വൃദ്ധന്റെ സുഹൃത്തൊന്നുമായിരുന്നില്ല; എന്നാലും ഈ ദീർഘയാത്രക്കിറങ്ങുന്നതിനു മുമ്പ് ഒരച്ഛനോടെന്നപോലെ അയാളോടു യാത്ര ചോദിക്കേണ്ടതാണെന്ന് അയാൾ കരുതി. ‘ചിലപ്പോഴൊക്കെ ഞാൻ നിങ്ങളുടെ മനസ്സിനെ മുറിപ്പെടുത്തിയിട്ടുണ്ട്,’ അയാൾ വിതുമ്പി, ‘അതൊക്കെ പൊറുക്കണേ, കുടിച്ചു ബോധമില്ലാതായപ്പോൾ ചെയ്തുപോയതാണ്; ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടി ഒരു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്നു. പോയി വരാം, ദൈവേച്ഛ അതാണെങ്കിൽ നിങ്ങൾ സുഖപ്പെട്ടുവെന്നു വരാം; അപ്പോൾ നിങ്ങൾ ഞങ്ങൾക്കു വേണ്ടി പിന്നെയും പാട്ടുകൾ പാടും. ഹൊ, എത്ര കാലമായിരിക്കുന്നു, നിങ്ങളൊന്നു പാടിയിട്ട്! ആ പാട്ടുകളോ! ദിയൂക്ക് സ്റ്റെപ്പാനോവിച്ചിനെക്കുറിച്ചു
“വൃദ്ധൻ ഒരു ഞരക്കത്തോടെ കട്ടിലിൽ ഒന്നു തിരിഞ്ഞുകിടന്നിട്ട് എന്തോ പറയാനെന്നപോലെ ഒരു ചേഷ്ട കാണിച്ചു. യിഗോറിന്റെ പേരു പോലെയാണ് അത്ര വ്യക്തമല്ലാതെ കേട്ടത്. യിഗോറിനു കൊടുക്കാൻ എന്തോ സന്ദേശമോ മറ്റോ ആവാം അയാൾ ഉദ്ദേശിച്ചത്. എന്നാൽ ഓസ്സിപ് വാതില്ക്കൽ നിന്നുകൊണ്ട് ’എന്തെങ്കിലും പറഞ്ഞോ, തിമോഫി ഇവാനിച്ച്?‘ എന്നു ചോദിച്ചപ്പോൾ അയാൾ പിന്നെയും അനക്കമില്ലാതെ കിടന്നുകൊണ്ട് നരച്ചുവെളുത്ത തല പതുക്കെ ഒന്നിളക്കുകയേ ചെയ്തുള്ളു. അതെന്തായാലും, എന്തു നടന്നുവെന്നു ദൈവത്തിനേ അറിയൂ, ഓസ്സിപ് പോയി ഒരു കൊല്ലം കഴിഞ്ഞില്ല, തീരെ അപ്രതീക്ഷിതമായി യിഗോർ തിരിച്ചുവന്നു. വൃദ്ധന് അത്ര പെട്ടെന്ന് അയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല; കുടിലിനുള്ളിൽ ഇരുട്ടായിരുന്നു, ഒരു പുതിയ, അപരിചിതമായ രൂപത്തെ അത്ര പെട്ടെന്നു സ്വീകരിക്കാൻ ആ വൃദ്ധനേത്രങ്ങൾ സന്നദ്ധവുമായിരുന്നില്ല. എന്നാൽ ആഗതന്റെ ശബ്ദം കേട്ടപ്പോൾ തിമോഫി ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നു ചാടിയിറങ്ങി ബലം കെട്ട കാലുകളിൽ എഴുന്നേറ്റുനിന്നു. യിഗോർ അച്ഛനെ വീഴാതെ തടഞ്ഞു; ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു. തിമോഫി തേങ്ങിക്കരഞ്ഞു. ചെറുപ്പക്കാരൻ എടുത്തെടുത്തു ചോദിക്കുകയായിരുന്നു: ‘സുഖമില്ലാതായിട്ടു കുറേക്കാലമായോ, അച്ഛാ?’ ഒരുവിധം ഒന്നു സമാധാനമായപ്പോൾ വൃദ്ധൻ പിന്നെയും കട്ടിലിൽ കയറിക്കിടന്നിട്ട് നിശിതമായ ഒരു സ്വരത്തിൽ ചോദിച്ചു: ‘നിന്റെ ഭാര്യ?’
“ഒരു നിമിഷത്തെ മൗനം. യിഗോറിന്റെ വായിൽ നിന്ന് ഇങ്ങനെ പുറത്തുവന്നു: ‘ ഞാനവളെ കുട്ടിയുമായി ഇറക്കിവിട്ടു.’ പിന്നെയും അയാൾ മിണ്ടാതിരുന്നു. ‘ഒരു ദിവസം ഓസ്സിപ് എന്നെ കാണാൻ വന്നു. ”ഓസ്സിപ് നിക്കോഫൊറോവിച്ച്?“ ഞാൻ ചോദിച്ചു. ”അതെ,“ അയാൾ പറഞ്ഞു, ”അതു ഞാൻ തന്നെ. തന്റെ അച്ഛനു സുഖമില്ല, യിഗോർ. അങ്ങേർക്കിപ്പോൾ പാടാൻ പറ്റുന്നില്ല. നാടിപ്പോൾ ആകെ മൂകമാണ്; നമ്മുടെ നാടിനിപ്പോൾ ഒരാത്മാവില്ലാത്ത പോലെയായി. ആരും മുട്ടുന്നില്ല, ഒന്നും അനങ്ങുന്നില്ല, ആരുമിപ്പോൾ കരയുന്നില്ല, ചിരിക്കാനും ശരിക്കൊരു കാരണമില്ലെന്ന മട്ടായി.“ ഞാനത് മനസ്സിലിട്ടു നടന്നു. എന്താ ചെയ്യേണ്ടത്? ഞാൻ ഭാര്യയെ വിളിച്ചു പറഞ്ഞു: ”ഉസ്തിയോങ്കാ-“ ഞാൻ പറഞ്ഞു, ”എനിക്കു നാട്ടിലേക്കു പോകാതെ പറ്റില്ല. അവിടെയിപ്പോൾ ആരും പാടാനില്ല; എന്റെ ഊഴമാണിനി. അച്ഛനു സുഖമില്ല.“ ”ആയിക്കോട്ടെ,“ ഉസ്തിയോങ്ക പറഞ്ഞു. ”പക്ഷേ എനിക്കു നിന്നെ കൊണ്ടുപോകാൻ പറ്റില്ല,“ ഞാൻ കാര്യം പറഞ്ഞു. ”അച്ഛന്, നിനക്കറിയാമല്ലോ, നിന്നെ കണ്ടുകൂടാ. അവിടെച്ചെന്ന് പാടാൻ തുടങ്ങിയാൽ ഞാൻ പിന്നെ തിരിച്ചുവരുന്നതും സംശയമായിരിക്കും.“ ഉസ്തിയോങ്കയ്ക്ക് ഞാൻ പറഞ്ഞതു മനസ്സിലായി. “ആവട്ടെ, ദൈവം ഒപ്പമുണ്ടാവട്ടെ. ഇവിടെയിപ്പോൾ ധാരാളം തീർത്ഥാടകർ വരുന്നുണ്ട്; അവർ ഭിക്ഷ തരും. ദൈവം സഹായിക്കട്ടെ, യിഗോർ.” അങ്ങനെ ഞാൻ അവിടെ നിന്നു പോന്നു. ഇനി അച്ഛാ, എല്ലാ പാട്ടുകളും എനിക്കു പറഞ്ഞുതന്നാട്ടെ.‘
“യിഗോർ തിരിച്ചുവന്നുവെന്നും കിഴവൻ തിമോഫി പിന്നെയും പാടാൻ തുടങ്ങിയെന്നും നാടാകെ വാർത്ത പരന്നു. പക്ഷേ ആ ശരല്ക്കാലത്ത് ഗ്രാമത്തിൽ വീശിയ കാറ്റിന്റെ ഉഗ്രത കുറച്ചൊന്നുമല്ലായിരുന്നു; അതിനാൽ തിമോഫിയുടെ വീട്ടിനുള്ളിൽ നിന്നു പാട്ടു കേട്ടിരുന്നോയെന്ന് തീർച്ചയായി പറയാൻ ആ വഴി പോയവർക്കാർക്കും കഴിഞ്ഞില്ല. മുട്ടിയ ഒരാൾക്കുമായി ആ വാതിൽ തുറന്നതുമില്ല. രണ്ടു പേർക്കും ആരുടെയും ശല്യമില്ലാതെ സ്വൈരമായിട്ടിരുന്നാൽ മതിയായിരുന്നു. യിഗോർ കട്ടിലിന്റെ വക്കത്തിരുന്നിട്ട് ഇടയ്ക്കിടെ അച്ഛന്റെ ചുണ്ടിനടുത്തേക്ക് കാതടുപ്പിക്കും; കാരണം അദ്ദേഹം പാടുക തന്നെയാണ്. മുതുകു കുനിഞ്ഞ, വിറ കൊള്ളുന്ന ആ വൃദ്ധശബ്ദം തനിക്കറിയുന്ന മനോഹരമായ പാട്ടുകളെല്ലാം യിഗോറിനു കൊണ്ടുകൊടുക്കുകയാണ്; താൻ അതെല്ലാം പാടുകയാണെന്നപോലെ യിഗോർ ചിലപ്പോൾ തലയാട്ടും, അല്ലെങ്കിൽ തൂക്കിയിട്ടിരിക്കുന്ന കാലുകളാട്ടും. ഈ രീതിയിൽ കുറേ ദിവസങ്ങൾ കടന്നുപോയി. തിമോഫി തന്റെ ഓർമ്മയിൽ നിന്ന് പുതിയ പുതിയ പാട്ടുകൾ കണ്ടെത്തിക്കൊണ്ടിരുന്നു; ഓരോന്നും തൊട്ടു മുമ്പുള്ളതിനേക്കാൾ മനോഹരവുമായിരുന്നു. പലപ്പോഴും രാത്രിയിൽ അയാൾ മകനെ തട്ടിയുണർത്തിയുണർത്തും; എന്നിട്ട് ചുക്കിച്ചുളിഞ്ഞ ആ കൈകൾ കൊണ്ട് അസ്പഷ്ടമായ എന്തൊക്കെയോ ചേഷ്ടകൾ കാണിച്ചുകൊണ്ട് ഒരു ഗാനശകലം പാടിക്കേൾപ്പിക്കും; അതു കഴിഞ്ഞാൽ വേറൊന്ന്, പിന്നെ മറ്റൊന്ന്…പ്രഭാതം മടി പിടിച്ചെഴുന്നേറ്റു വരുന്നതു വരെ ഇതിങ്ങനെ തുടരും. ഗാനങ്ങളിൽ വച്ചേറ്റവും സുന്ദരമായതു പാടിത്തീർത്തതും, അയാൾ മരിച്ചു. എത്ര വലിയൊരു ഗാനശേഖരമാണ് തന്റെയുള്ളിലുള്ളതെന്നും അതൊക്കെ മകനു പകർന്നു കൊടുക്കാനുള്ള നേരം ഇനി തനിക്കില്ലെന്നും അവസാനദിവസങ്ങളിൽ അയാൾ പലപ്പോഴും വിലപിച്ചിരുന്നു. ഓർമ്മിച്ചെടുക്കാനുള്ള തീവ്രവും വ്യഗ്രവുമായ ശ്രമത്തിൽ നെറ്റിത്തടത്തിൽ ചാലുകൾ വീഴുമ്പോൾ പ്രതീക്ഷ കൊണ്ട് അയാളുടെ ചുണ്ടുകൾ വിറ കൊണ്ടിരുന്നു. ഇടയ്ക്കയാൾ എഴുന്നേറ്റിരിക്കും, കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും തലയിട്ടുരുട്ടും, ചുണ്ടുകൾ ചലിപ്പിക്കും- ഒടുവിൽ അവ്യക്തമായ ഒരു ഗാനശകലം പുറത്തേക്കു വരും. ഇപ്പോഴയാൾ മിക്കപ്പോഴും തനിക്കേറ്റവും ഇഷ്ടപ്പെട്ട ഡ്യൂക്ക് സ്റ്റെപ്പാനോവിച്ചിനെക്കുറിച്ചു
“തിമോഫി ഇവാനിച്ച് മരിച്ച് കുറേക്കാലത്തോളം ആ വീട് അടഞ്ഞുകിടന്നു; അയാളുടെ മകൻ ഒറ്റയ്ക്കാണ് അതിൽ താമസിച്ചിരുന്നു. അടുത്ത വസന്തകാലം വന്നപ്പോൾ യിഗോർ തിമോഫിയേവിച്ച് (അയാൾക്കിതിനകം നീണ്ടൊരു താടിയും വളർന്നുകഴിഞ്ഞിരുന്നു)വീടിനു പുറത്തേക്കു കാലെടുത്തുവച്ചു; പാട്ടുകൾ പാടിക്കൊണ്ട് അയാൾ ഗ്രാമത്തിൽ ചുറ്റിനടക്കാൻ തുടങ്ങി. പിന്നയാൾ അടുത്തുള്ള ഗ്രാമങ്ങളിലും പോയി; യിഗോർ അച്ഛൻ തിമോഫിയെപ്പോലെ മിടുക്കനായ ഒരു പാട്ടുകാരനാണെന്ന് ഗ്രാമീണർ പറഞ്ഞുതുടങ്ങിയിരുന്നു; എത്ര ദൈവസ്തുതികളും വീരഗാഥകളുമാണ് അയാൾക്കറിയാവുന്നത്! പിന്നെ, കണ്ണീരൊഴുക്കിക്കൊണ്ടല്ലാതെ ആർക്കും , കൊസാക്കോ ഗ്രാമീണനോ ആകട്ടെ, കേട്ടുനില്ക്കാനാവാത്ത ഗാനങ്ങളും. തന്നെയുമല്ല, മറ്റൊരു പാട്ടുകാരനിൽ നിന്നും ഇതേ വരെ കേൾക്കാത്ത സൗമ്യവും ശോകസാന്ദ്രവുമായ ഒരു സ്വരമാണ് അയാളുടെ ശബ്ദത്തിനുള്ളതെന്നും ആളുകൾ പറഞ്ഞു. പല്ലവി പാടുമ്പോൾ, തീരെ അപ്രതീക്ഷിതമായിട്ടാണ് അതു പ്രത്യക്ഷപ്പെടുന്നതെന്നതിനാൽ വല്ലാതതു മനസ്സിനെ സ്പർശിക്കുന്നുവത്രെ. പറഞ്ഞുകേട്ടത് എന്തായാലും അങ്ങനെയാണ്.“
”അപ്പോൾ, ആ സ്വരം അയാൾ അച്ഛനിൽ നിന്നു പഠിച്ചതല്ലെന്നോ?“ അല്പനേരത്തിനു ശേഷം എന്റെ സ്നേഹിതൻ ഇവാൾഡ് ചോദിച്ചു.
”അല്ല,“ ഞാൻ പറഞ്ഞു, ”അയാൾക്കതെങ്ങനെ കിട്ടിയെന്ന് ആർക്കുമറിയില്ല.“
ഞാൻ ജനാലയ്ക്കൽ നിന്ന് പിന്നോട്ട് ഒരു ചുവടു വച്ചുകഴിഞ്ഞിരുന്നു; അപ്പോഴേക്കും അയാൾ പിന്നാലെ വിളിച്ചു:
”അയാൾ ഭാര്യയേയും കുട്ടിയേയും കുറിച്ചോർക്കുന്നതു കൊണ്ടാവും. അച്ഛൻ മരിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക് അയാൾ അവരെ വിളിച്ചുകൊണ്ടുവരാൻ നോക്കിയില്ലേ?“
”ഇല്ല, ഇല്ലെന്നാണെന്റെ വിശ്വാസം. എന്തായാലും മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു.“
——————————
ബൈലിന – കിഴക്കൻ സ്ലാവ് ദേശങ്ങളിലെ വീരഗാഥ.
സ്കസ്ക – റഷ്യൻ യക്ഷിക്കഥ
ഹെർണാണ്ടോ റ്റെല്ലെസ് Hernando Tellez (1908-1966)- കൊളംബിയയിലെ ബൊഗോട്ടോയിൽ ജനിച്ചു. കഥാകൃത്തും ലേഖകനും പത്രപ്രവർത്തകനും കലാ,സാഹിത്യവിമർശകനുമായിരുന്നു. 1950ൽ ഇറങ്ങിയ Cenizas al viento (കാറ്റിൽ പറന്ന ചാരം)എന്ന കഥാസമാഹാരമാണ് പ്രധാനകൃതി.
ഗെർ (1904-1991)- പോളണ്ടിലെ വാഴ്സയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ യിദ്ദിഷ് സംസാരിക്കുന്ന ഒരു ജൂതകുടുംബത്തിൽ ജനിച്ചു. നാസികൾ ശക്തി പ്രാപിച്ചു വന്നതോടെ 1935ൽ യു.എസ്സിലേക്കു കുടിയേറി. 1978ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.