പൂമുഖം LITERATUREലോകകഥ ബോര്‍ഹസ് – എല്ലാമായി , എന്നാലൊന്നുമല്ലാതായി

ബോര്‍ഹസ് – എല്ലാമായി , എന്നാലൊന്നുമല്ലാതായി

 

അയാളിൽ ആരുമുണ്ടായിരുന്നില്ല; അയാളുടെ മുഖത്തിനും (അക്കാലത്തെ ഏറ്റവും മോശമായ ചിത്രങ്ങളിൽ പോലും അത് മറ്റാരുടേതു പോലെയുമായിരുന്നില്ല) സമൃദ്ധവും ഭാവനാപൂരിതവും അതിവൈകാരികവുമായ അയാളുടെ വാക്കുകൾക്കും പിന്നിൽ ഒന്നുമുണ്ടായിരുന്നില്ല, ഒരു തണുപ്പിന്റെ ലാഞ്ഛനയും മറ്റാരും കാണാത്ത ഒരു സ്വപ്നവുമല്ലാതെ. ആദ്യമൊക്കെ അയാൾ കരുതിയത് എല്ലാവരും തന്നെപ്പോലെയാണെന്നായിരുന്നു; എന്നാൽ ആ ശൂന്യതയെക്കുറിച്ച് ഒരു സ്നേഹിതനോടു ചെറുതായൊന്നു പരാമർശിച്ചപ്പോൾ അയാളുടെ മുഖത്തു കണ്ട അമ്പരപ്പ് അയാളുടെ തെറ്റിദ്ധാരണ തീർക്കാൻ മതിയാകുന്നതായിരുന്നു; വ്യക്തി ഒരിക്കലും തന്റെ വർഗ്ഗത്തിൽ നിന്നു വിഭിന്നനാകരുതെന്നും അതോടെ അയാൾക്കു ബോദ്ധ്യമായി. തന്റെ രോഗത്തിനുള്ള ഔഷധം പുസ്തകങ്ങളിൽ കണ്ടേക്കാമെന്ന് ഒരിക്കലയാൾക്കു തോന്നി; അങ്ങനെ, ഒരു സമകാലികൻ പിന്നീടു സൂചിപ്പിച്ച “അല്പം ലാറ്റിനും അല്പം ഗ്രീക്കും” അയാൾ വശത്താക്കി. പിന്നീടയാൾക്ക് ആലോചന പോയി, താൻ തേടി നടക്കുന്നത് മനുഷ്യരാശിയുടെ ഒരു പ്രാചീനാനുഷ്ഠാനത്തിലുണ്ടായേക്കാമെന്ന്; അങ്ങനെയാണയാൾ ഒരു ജൂൺ മാസത്തിലെ സുദീർഘമായൊരപരാഹ്നത്തിൽ ആൻ ഹാഥവേയ്ക്കു ശിഷ്യപ്പെടുന്നത്. ഇരുപതു കഴിഞ്ഞപ്പോൾ അയാൾ ലണ്ടനിലേക്കു പോയി. താൻ ആരുമല്ലെന്ന് ആരും കണ്ടുപിടിക്കരുതെന്നതിനായി താൻ ആരോ ആണെന്നു നടിക്കുന്നതിൽ ജന്മവാസന കൊണ്ടുതന്നെ അയാൾ ഇതിനകം നൈപുണ്യം നേടിക്കഴിഞ്ഞിരുന്നു. ലണ്ടനിൽ വച്ചാണ്‌ അയാൾ തന്റെ തലയിലെഴുതിയിരിക്കുന്ന തൊഴിൽ കണ്ടെത്തുന്നത്: ഒരരങ്ങിൽ കയറി നിന്നിട്ട് ഒരു കൂട്ടം ആൾക്കാർക്കു മുന്നിൽ താൻ മറ്റാരോ ആണെന്നു ഭാവിക്കുക (അയാളെ മറ്റേയാളായിട്ടാണു തങ്ങൾ കാണുന്നതെന്ന് അവരും ഭാവിക്കുന്നുണ്ട്). നാടകാഭിനയം അപൂർവ്വമായ ഒരാനന്ദം അയാൾക്കു നല്കി; ആദ്യമായിട്ടാണ്‌ അങ്ങനെയൊന്ന് അയാളറിയുന്നതെന്നും വരാം. പക്ഷേ അവസാനത്തെ വരിക്കുള്ള കരഘോഷവും നിലച്ചുകഴിഞ്ഞാൽ, അവസാനത്തെ ജഡവും അരങ്ങിൽ നിന്നു മാറ്റിക്കഴിഞ്ഞാൽ അയഥാർത്ഥതയുടെ ഹീനമായ നിഴൽ വീണ്ടും അയാൾക്കു മേൽ വീഴുകയായി: അയാളിപ്പോൾ ഫെറെക്സോ ടാംബർലെയ്നോ അല്ല, പണ്ടേപ്പോലെ ആരുമല്ലാത്ത ഒരാൾ. ഞെരുക്കം താങ്ങാൻ പറ്റില്ലെന്നായപ്പോൾ അയാൾ മറ്റു വീരനായകന്മാരെ ഭാവന ചെയ്യാൻ തുടങ്ങി, മറ്റു ദുരന്തകഥകൾ സങ്കല്പിച്ചെടുക്കാൻ തുടങ്ങി. അങ്ങനെ, ലണ്ടനിലെ വേശ്യാലയങ്ങളിലും മദ്യശാലകളിലും അയാളുടെ ഉടൽ അതിന്റെ വിധി നിറവേറ്റുകയായിരുന്നപ്പോൾ അതിൽ കുടികൊണ്ടിരുന്ന ആത്മാവ് ദൈവജ്ഞന്റെ താക്കീതുകളെ മാനിക്കാത്ത സീസറിന്റേതായിരുന്നു, വാനമ്പാടികളെ വെറുക്കുന്ന ജൂലിയറ്റിന്റേതായിരുന്നു, വിധിയുടെ ദേവതകൾ കൂടിയായ ദുർമ്മന്ത്രവാദിനികളോട് ചതുപ്പിൽ വച്ചു സംഭാഷണത്തിലേർപ്പെടുന്ന മാക്ബത്തിന്റേതായിരുന്നു. ഈയാളെപ്പോലെ മറ്റാരും ഇത്രപേരായിട്ടുണ്ടാവില്ല: ഈജിപ്തുകാരൻ പ്രോട്ടിയസിനെപ്പോലെ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികളുടെ രൂപങ്ങളും അയാൾ എടുത്തുപയോഗിച്ചു. ഇടയ്ക്കൊക്കെ തന്റെ കൃതിയുടെ ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ അയാൾ ഒരു കുറ്റസമ്മതം തിരുകിവച്ചിരുന്നു; ആരുമതു കാണാൻ പോകുന്നില്ലെന്ന് അയാൾക്കു തീർച്ചയായിരുന്നു. റിച്ചാർഡ് ഒരിടത്തു പ്രസ്താവിക്കുന്നുണ്ട്, താൻ പല ഭാഗങ്ങളെടുക്കുന്നുവെന്ന്; ഇയാഗോയുടെ വിചിത്രമായ ഒരു വരി ഇങ്ങനെയാണ്‌: “ഞാൻ ഞാനല്ല.” ജീവിതവും സ്വപ്നവും അഭിനയവും അടിസ്ഥാനപരമായി ഒന്നാണെന്ന ബോദ്ധ്യം പ്രശസ്തമായ പല വരികളും അയാളെക്കൊണ്ടെഴുതിച്ചു.
 
ഇരുപതു കൊല്ലം അയാൾ ആ നിയന്ത്രിതമതിഭ്രമത്തിൽ അള്ളിപ്പിടിച്ചുകിടന്നു. പിന്നൊരു ദിവസം പെട്ടെന്ന് വാളു കൊണ്ടു മരിക്കുന്ന ആ രാജാക്കന്മാരും ഒരുമിക്കുകയും പിരിയുകയും പാടിക്കൊണ്ടു മരിക്കുകയും ചെയ്യുന്ന ആ നിരാശാകാമുകരുമാകുന്നതിന്റെ മടുപ്പും ബീഭത്സതയും അയാൾക്കു താങ്ങാൻ പറ്റാതായി. ആ ദിവസം തന്നെ അയാൾ തന്റെ നാടകസംഘം പിരിച്ചുവിട്ടു. ഒരാഴ്ച കഴിയും മുമ്പ് അയാൾ താൻ ജനിച്ച നാട്ടിൽ തിരിച്ചെത്തി; അവിടെ തന്റെ ബാല്യത്തിലെ മരങ്ങളും പുഴയും അയാൾ വീണ്ടെടുത്തു; തന്റെ കാവ്യദേവത പുരാണസൂചനകളും ലാറ്റിൻ പദങ്ങളും ചാർത്തി പാടിപ്പുകഴ്ത്തിയ മറ്റു മരങ്ങളോടും പുഴകളോടും അയാൾ അവയെ ബന്ധപ്പെടുത്തിയില്ല. അയാൾക്ക് ആരെങ്കിലും ആകേണ്ടതുണ്ടായിരുന്നു; അങ്ങനെ അയാൾ ‘പണ്ടൊരു നാടകക്കമ്പനി നടത്തിയിരുന്നയാൾ’ ആയി, പണം വായ്പ കൊടുക്കുന്നയാളായി, വ്യവഹാരങ്ങളുമായി കോടതി കയറിയിറങ്ങുന്നയാളായി, കൊള്ളപ്പലിശക്കാരനായി. ആ കഥാപാത്രമായിക്കൊണ്ടാണ്‌, അയാൾ നാമിന്നറിയുന്ന ആ ശുഷ്കവിരസമായ ഒസ്യത്ത് എഴുതിവച്ചിരിക്കുന്നത്; ഒരു തരത്തിലുമുള്ള സാഹിത്യജാഡകളോ വൈകാരികതയോ അതിൽ കടന്നുവരാതിരിക്കാൻ അയാൾ മനഃപൂർവ്വമായിത്തന്നെ ശ്രദ്ധിച്ചിരിക്കുന്നു. ലണ്ടനിൽ നിന്ന് പഴയ സ്നേഹിതന്മാർ കാണാൻ വരുമ്പോൾ അയാൾ വീണ്ടും കവിയുടെ വേഷം എടുത്തണിയുകയും ചെയ്തിരുന്നു.
 
കഥ ഇങ്ങനെ തുടരുന്നു: മരണത്തിനു മുമ്പോ പിമ്പോ താൻ ദൈവസന്നിധിയിൽ നില്ക്കുന്നതായി അയാൾ കാണുന്നു; അയാൾ യാചിക്കുന്നു: “നിഷ്ഫലമായി എത്രയോ പേരായിരുന്ന എനിക്ക് ഇനി ഒരേയൊരാളാവണം, ഞാനാവണം.” ഒരു ചുഴലിക്കാറ്റിനുള്ളിൽ നിന്ന് ദൈവത്തിന്റെ ശബ്ദം പ്രതിവചിച്ചു: “ഞാനും ഞാനല്ല. നീ നിന്റെ നാടകങ്ങൾ സ്വപ്നം കണ്ടപോലെ ഞാൻ ഈ പ്രപഞ്ചവും സ്വപ്നം കാണുകയാണ്‌, പ്രിയപ്പെട്ട ഷേക്സ്പിയർ. എന്റെ സ്വപ്നരൂപങ്ങൾക്കിടയിൽ നീയുമുണ്ട്: എല്ലാമായി, എന്നാൽ ഒന്നുമല്ലാതായി- എന്നെപ്പോലെ.”
(1960)
borhes
Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like