പൂമുഖം MEDICAL ON a snowy wintry morning, 16/01/2021

ON a snowy wintry morning, 16/01/2021

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

” Never in his life had he been conscious of so sharp a wish to see and touch his fellow-creatures “

(1886 ൽ പ്രസിദ്ധീകരിച്ച ഡോക്ടർ ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡ് എന്ന റോബർട്ട്‌ ലൂയീസ് സ്റ്റീവ്ൺസന്‍റെ പുസ്തകത്തിൽ നിന്ന്)

ഇന്ന്, കൃത്യം നൂറ്റിമുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം, രണ്ടായിരത്തി ഇരുപത്തിഒന്നിലെ, മഞ്ഞു പെയ്യുന്ന ജനുവരി മാസത്തിൽ ബ്രിട്ടൻ കോവിഡ് രണ്ടാം പക്കത്തിന്‍റെ പാരമ്യത്തിൽ എത്തി നിൽക്കുബോൾ തോന്നുന്നത് ഇതേ വികാരമാണ്.

സുഹൃത്തുക്കളെയും കുടുംബക്കാരെയും നാട്ടുകാരെയും കാണാനും തൊടാനും ഇത്രയും ആഗ്രഹം തോന്നിയ നാളുകൾ മുമ്പുണ്ടായിട്ടില്ല..

സൂപ്പർ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ പോകുമ്പോഴാണ് കുറച്ചെങ്കിലും ജനങ്ങളെ കാണാൻ കഴിയുന്നത്.
ഷോപ്പിംഗ് കഴിഞ്ഞ ശേഷം ഞാൻ കൌണ്ടറിന്‍റെ ഓരത്തുള്ള കസേരയിൽ കുറച്ചു നേരം ഇരിക്കും, വെറുതെ- ആള്‍ക്കാരെ കാണാൻ, അവരുടെ ശബ്ദം കേൾക്കാൻ.
ഒരല്‍പനേരം ഇരിക്കുമ്പോഴേയ്ക്കും സെക്യൂരിറ്റി വന്നു ചോദിക്കും
” ആർ യൂ ഓക്കെ ?” എന്ന്.

“പൊതുസ്ഥലങ്ങളിൽ ഇങ്ങനെ ഇരിക്കാൻ പാടില്ല എന്നറിയില്ലേ?” എന്നാണു വ്യംഗ്യം.അത് മനസ്സിലാക്കി സഞ്ചിയും കൊട്ടയും ഒക്കെ എടുത്ത് ഞാൻ മെല്ലെ പുറത്തേക്കു നടക്കും ,..

സെപ്റ്റംബറിൽ തുറന്ന സ്കൂളുകൾ വീണ്ടും അടച്ചു.
ഭക്ഷണശാലകളും, മറ്റു കടകളും പാർക്കുകളും … മനുഷ്യസമ്പർക്കം നടക്കുന്ന എല്ലാ സ്ഥലങ്ങളും വീണ്ടും ഷട്ടർ ഇട്ടു.

ടൌൺസെന്‍ററില്‍ എങ്ങും ശ്മശാനമൂകതയാണ്
രാജ്യത്ത് ദിവസേന ആയിരക്കണക്കിന് ആൾക്കാർ മരിച്ചു കൊണ്ടരിക്കുന്നു .
ആശുപത്രിയിൽ എല്ലാ ഡോക്ടർമാർക്കും കോവിഡ് ബാധിച്ചു കഴിഞ്ഞു.
കൂടെ ജോലി ചെയ്തിരുന്ന ഒരു ഡോക്ടർ കഴിഞ്ഞ ആഴ്ച മരിച്ചു.

അക്ബർ കക്കട്ടിലിന്‍റെ അങ്ങാടി നിലവാരം എന്ന കഥയിൽ ഒരു സ്കൂൾ അധ്യാപകൻ മരിച്ച് രണ്ട് മണിക്കൂർ തികയുന്നതിനു മുമ്പ് അഭ്യസ്തവിദ്യനും തൊഴിൽ രഹിതനുമായ ഒരു യുവാവ് ആ ജോലി സ്വന്തമാക്കാൻ പ്രിൻസിപ്പലിനെ കാണാൻ പോകുന്ന ഒരു രംഗമുണ്ട്.

പ്രിൻസിപ്പളും വിചാരിക്കുന്നു, ഇത്ര നേരത്തെ ഇയാള്‍ വന്നത് നന്നായി, പരസ്യത്തിന്‍റെ കാശ് ലാഭിച്ചല്ലോ?
അതുപോലെ ഞാൻ മരണപ്പെട്ടാലും ഇവർ ഉടനടി പരസ്യം കൊടുത്തു അടുത്ത നിയമനത്തിലേക്കു പോകും, ‘ദി ഷോ മസ്റ്റ് ഗോ ഓൺ’ എന്ന ഉത്തമ ബോധം എനിക്കുണ്ട്.

എങ്കിലും നാടെങ്ങും നടക്കുന്ന വാക്‌സിൻ ഉത്സവം പ്രതീക്ഷ നൽകുന്നുണ്ട്.
ജനിതകവ്യതിയാനം സംഭവിച്ച വൈറസിനു കൂടുതൽ പകരാനുള്ള ശേഷി ഉണ്ടെങ്കിലും വാക്‌സിൻ ഫലപ്രദം ആണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇനിയും വ്യതിയാനം സംഭവിച്ചാൽ നിലവിൽ ഉള്ള വാക്‌സിൻ ഫലപ്രദമാവില്ലെന്നും പുതിയത് ഉണ്ടാക്കേണ്ടി വരുമെന്നും ആശങ്കകൾ ഉണ്ട്.

ആശങ്കകളും പ്രതീക്ഷകളും കോർത്തു കോർത്ത് ഒരുപാട് നാളുകൾ കഴിഞ്ഞു. പ്രതീക്ഷകളെ മിനുക്കിയും ആശങ്കകളെ കണ്ടില്ല എന്ന് നടിച്ചും ഇനിയും ഒരുപാട് നാളുകൾ മുന്നിലേയ്ക്ക് പോകണം.
പ്രശസ്ത സംവിധായകൻ ഡേവിഡ് ഫിൻചേറിന്‍റെ fight ക്ലബ്‌ എന്ന സിനിമയിൽ ഉറക്കം നഷ്ടപ്പെട്ട നായകൻ പറയുന്നത്
“ഒരുപാട് കാലം ഉറക്കം നഷ്ടപ്പെട്ടവർക്ക് ചുറ്റുമുള്ളതെല്ലാം വളരെ ദൂരെ ആയി തോന്നും. കോപ്പിയുടെ കോപ്പിയുടെ കോപ്പി “
മുമ്പ് ജീവിച്ചിരുന്ന ജീവിതവും ചുറ്റും നിശ്ചലമായികൊണ്ടിരിക്കുന്ന ജീവിതവും കണ്ടിട്ട് എനിക്കും എല്ലാം വളരെ ദൂരെ ആയി തോന്നിത്തുടങ്ങിയിട്ടുണ്ട്.

ഇതെല്ലാം സുഹൃത്തുക്കളെ അറിയിക്കുമ്പോൾ അവർ പറയും നിനക്ക് നാട്ടിലേക്ക് വന്നൂടെ, ഇവിടെ ഇപ്പോ അത്ര പ്രശ്നം ഒന്നുമില്ലെന്ന്.

എനിക്കെങ്ങനെ വരാൻ കഴിയും?
പുതിയ വൈറസ് വന്നില്ലേ ബ്രിട്ടനിൽ ?
പുതുപുത്തൻ വ്യതിയാനത്തോടെ?

ഇനി ഞാൻ നാട്ടിൽ വന്നാൽ ചാനലുകാർ എന്‍റെ റൂട്ട് മാപ്പ് ഉണ്ടാക്കി പ്രസിദ്ധീകരിക്കും, എന്‍റെ വരവു മൂലം കേരള ജനതയ്ക്ക് ഉണ്ടായ ദുരിതങ്ങൾ ദിവസേന ചർച്ച ചെയ്യും, ഞാനൊരു പൊതുശത്രു ആയിമാറും.

മഹാമാരി ഒന്ന് നിയന്ത്രണത്തിൽ വരുന്നത് വരെ ഞാൻ നാട്ടിലേക്കില്ല, അതുവരെ
I shall remain
Yours faithfully
Digitally ever after

എന്ന്

വളരെ അകലെ, ഒരുപാട് അക്കരെ നിന്ന് ഒരു എഴുത്തുകാരി

Comments
Print Friendly, PDF & Email

സ്വദേശം കോഴിക്കോട്.
ഇപ്പോൾ ലണ്ടൻ നാഷണൽ ഹെൽത്ത്‌ സർവീസിൽ ഹെഡ് ആൻഡ് നെക്ക് കൺസൾറ്റന്റ്.

You may also like