MEDICAL

വാക്സിന് എത്ര വേവ് വേണം?കോവിഡ് 19 പ്രതിരോധത്തിന്‍റെ ഒരു വർഷത്തേയ്ക്ക് ലോകം ഓടിത്തളർന്ന് എത്തുമ്പോഴേയ്ക്ക് ധാരാളം മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായി. നല്ലതും ചീത്തയുമായ മാറ്റങ്ങൾക്കിടയിലൂടെ നാം കടന്നു പോയിക്കൊണ്ടിരുന്നു. അനേകലക്ഷം ജീവനെടുത്ത കോവിഡ് മാരി, ഇപ്പോഴും മനുഷ്യരുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്നു. ഇതിൽ മനുഷ്യന്‍റെ, ശാസ്ത്രത്തിന്‍റെ വിജയം വലുതാണ്. ആ വിജയം തന്നെയാണ്, സാധാരണക്കാരന് സംശയം ഉണ്ടാക്കുന്നത്. അതൊരു വിജയമാണോ, അതോ പറ്റിക്കപ്പെടലാണോ എന്നാണ് സാധാരണ മനുഷ്യർ ചിന്തിക്കുന്നത്. അത്തരം ചിന്തകൾക്ക് ആഴം കൊടുക്കാൻ വികലമായ, പക്ഷപാതപരമായ വാർത്തയുമായി സോഷ്യൽ മീഡിയയും മാധ്യമങ്ങളും രംഗത്തുണ്ട്.

അവർ ചോദിക്കുന്നത്, പണ്ട് കാലത്ത് വർഷങ്ങൾ നീണ്ട ഗവേഷണങ്ങള്‍ കൊണ്ടുമാത്രം സാധിച്ചിരുന്ന ഒരു കാര്യം എങ്ങിനെ ഒരു വര്‍ഷം കൊണ്ട് ഫലം കണ്ടു എന്നതാണ്. വാക്സിൻ വെന്തില്ല, വെന്തില്ല ഇനിയും വേവാനുണ്ട് എന്നാണ് ഒരു കൂട്ടർ പറയുന്നത്. പറയുന്നവർ, വേവ് നോക്കാൻ അറിയുന്നവരോ, രസക്കൂട്ടുകളുടെ പ്രവർത്തനങ്ങള്‍ പരിചയമുള്ളവരോ അല്ല എന്നതാണ് വസ്തുത.

ഒരു വാക്സിൻ വേവാൻ പത്തു വര്‍ഷം വേണമോ? അങ്ങനെ പാകം ചെയ്തെടുത്ത വാക്സിൻ ഏതാണ്? എന്തുകൊണ്ടാണ് ഇത്രയേറെ സമയം ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാൻ ആവശ്യമായി വരുന്നത്? ഇതിനുത്തരം തേടാൻ, വാക്സിൻ നിർമ്മാണത്തിന്‍റെ പിന്നാമ്പുറ വിശേഷങ്ങൾ നോക്കണം. അതിനും മുന്നേ, ആധുനിക വൈദ്യശാസ്ത്രത്തിൽ ഉണ്ടായ മാറ്റങ്ങൾ അറിയണം.

ഇന്ന് കോവിഡ് പിടിപെട്ടാൽ അത് കൊറോണ വൈറസ് തന്നെയാണ് എന്നുറപ്പിക്കാൻ മണിക്കൂറുകൾ മതി. അത്തരമൊരു സാധ്യത നൂറു വര്‍ഷങ്ങള്‍ക്ക് മുൻപ്- അമ്പതു വര്‍ഷങ്ങള്‍ക്ക് മുൻപ്- ഉണ്ടായിരുന്നില്ല. 1950 നു ശേഷം മാത്രമാണ്, DNA യുടെ രൂപം എന്തെന്നും റൈബോസോം പ്രോട്ടീൻ ഉണ്ടാക്കുമെന്നും, അതിനു ആവശ്യമായ പല RNA കൾ ഉണ്ടെന്നും മനുഷ്യൻ അറിഞ്ഞത്. കോവിഡ് 19 പ്രതിരോധത്തിൽ നിർണ്ണായകമായ PCR ടെസ്റ്റ് ചെയ്യാനുള്ള മെഷീന്‍റെ പ്രോട്ടോടൈപ്പ് രൂപം പോലും വരാൻ 1986 വരെ കാത്ത് നിൽക്കേണ്ടി വന്നു. ചുരുക്കിപ്പറഞ്ഞാൽ, വളരെ കാലത്തെ ശാസ്ത്ര ലോകത്തിന്‍റെ പരിശ്രമത്തിനു ശേഷമാണ് ഇന്ന് കാണുന്ന രീതിയിലുള്ള സാങ്കേതിക വിദ്യകൾ നമുക്ക് ലഭിച്ചത്. ഏറ്റവും മികച്ച രീതിയിലുള്ള വിദ്യകൾക്ക് തുടർശ്രമം നടന്നു കൊണ്ടേയിരിക്കുന്നു.

റിസർച് ലാബുകളിൽ ഉണ്ടാക്കിയെടുക്കുന്ന വാക്സിൻ അല്ലെങ്കിൽ മരുന്നുകൾ ഏറെ ദൂരം താണ്ടിയാണ് അതിന്‍റെ ആവശ്യക്കാരിലേയ്ക്ക് എത്തുന്നത്. അതിനു വളരെ കണിശമായ രീതികളുണ്ട്. ആ രീതികൾ ഇന്നത്തെ രീതിയിലേക്ക് വികസിച്ചത് ഒരുപാട് വർഷങ്ങൾ എടുത്താണ്. അതുകൊണ്ടു തന്നെ അത്തരം പഴയ രീതികളെയും, ക്ലിനിക്കൽ ട്രയലുകളെയും, അമ്പതു വര്‍ഷം മുന്നുള്ള, അത്രയധികം അറിവ് ഇല്ലാതിരുന്ന മറ്റൊരു രീതിയോട് താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്. വാക്സിൻ നിർമ്മാണത്തിന്‍റെ ഘട്ടങ്ങൾ ഇങ്ങനെയാണ്: ആദ്യത്തെ ഘട്ടം എന്ന നിലയിൽ ലാബുകളിൽ രൂപപ്പെടുത്തുന്നത് ഒരു മരുന്ന് മാത്രമായിരിക്കയില്ല. ഒരേ തരത്തിലുള്ള പല തരം candidates പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. അടുത്ത ഘട്ടത്തിൽ കോശങ്ങളിലും മൃഗങ്ങളിലും പരീക്ഷിച്ചറിയുന്നു. അത്തരം പരീക്ഷണങ്ങളുടെ സേഫ്റ്റി ഉറപ്പു വരുത്താതെ അത് മനുഷ്യരിലേയ്ക്ക്, അതായത് ക്ലിനിക്കൽ ട്രയൽ എന്ന പരീക്ഷണങ്ങളിലേയ്ക്ക് എത്തിച്ചേരില്ല. ക്ലിനിക്കൽ ട്രയലിനു മുൻപുള്ള ഘട്ടങ്ങളാണ് വിഷമമേറിയവ. പിന്നീട് മൂന്നു ഘട്ടങ്ങളിലായി (phase 1 -3 ) മനുഷ്യരിൽ നടത്തുന്ന വലിയ തോതിലുള്ള പഠനപരീക്ഷണങ്ങളിലൂടെയാണ് മരുന്നിന്‍റെയോ വാക്സിന്‍റെയോ കരുത്ത് പ്രഖ്യാപിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരിൽ, രോഗമുള്ളവരിലും ഇല്ലാത്തവരിലും, പല ദേശങ്ങളിലും, ഈ പരീക്ഷണം നടത്തുന്നു. ഓരോ ഘട്ടത്തിലും റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി വങ്ങേണ്ടതുണ്ട്. FDA യ്ക്ക് സമർപ്പിക്കപ്പെടുന്ന അത്തരം ഒരു റിപ്പോർട്ടിന് ആയിരമോ പതിനായിരമോ പേജുകൾ ഉണ്ടാകും. Covid19 ന്‍റെ കാര്യത്തിൽ മറ്റെല്ലാ റിപ്പോർട്ടുകളും മാറ്റി വെയ്ക്കുകയാണ് എല്ലാ രാജ്യങ്ങളും ചെയ്തിരിക്കുന്നത്. ഊഴം കാത്ത് മാസമോ ഒരു വർഷമോ എടുക്കുന്ന അനുമതികൾ ഒരാഴ്ച കൊണ്ടാണ് കമ്പനികൾ നേടിയെടുത്തത്. ഏറെ സമയം പിടിക്കാവുന്ന, ക്ലിനിക്കൽ ട്രയലിനു വേണ്ട ‘patient recruitment’ പെട്ടെന്ന് നടന്നു എന്നതും എടുത്തു പറയേണ്ടതാണ്.

നിലവിൽ കൊടുക്കുന്ന മിക്ക വാക്സിനുകളും, Pfizer-BioNTech, Moderna എന്നിവയെല്ലാം തന്നെ Phase 3 ട്രയൽ കഴിഞ്ഞവയാണ്. എല്ലാ പഠനങ്ങളും കഴിഞ്ഞ് FDA യുടെ അനുമതി കാത്ത് നിൽക്കുന്നു. FDA ആണ് അടുത്ത വേവ് എന്നർത്ഥം.

ഇത്ര പെട്ടെന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘game changer’ ആയ mRNA വാക്സിൻ. സാധാരണ നിലയിൽ നാം കണ്ടിട്ടുള്ള വാക്സിനുകൾ എല്ലാം തന്നെ പത്തോ പതിനഞ്ചോ വർഷങ്ങൾ എടുത്തു പ്രയോഗത്തില്‍ വരാന്‍. അതിനുള്ള പ്രധാന കാരണം, അത്തരം ‘ക്‌ളാസിക്കൽ’ വാക്സിനിൽ ഉപയോഗിക്കുന്ന ശക്തി കുറഞ്ഞ അണു ശകലങ്ങൾ/ പ്രോട്ടീനുകൾ (weakened version of the pathogen) നിർമ്മിക്കാൻ സമയം ഏറെ എടുക്കുന്നു എന്നതും കൂടിയാണ്. അവ കോശങ്ങളിലും ഭ്രുണങ്ങളിലും വളർത്തി എടുക്കേണ്ടതുണ്ട്. നേരെ മറിച്ച്, പുതിയ രീതിയിലുള്ള വാക്സിനിൽ അടങ്ങിയ mRNA (മെസ്സഞ്ചർ RNA) ലബോറട്ടറികളിൽ ഉണ്ടാക്കിയെടുക്കുന്നതു മൂലം മാസങ്ങളോ വർഷങ്ങളോ ലാഭിക്കാം.സാധാരണ ഗതിയിൽ റെഗുലേറ്ററി അതോറിറ്റികളായ FDA, EMA എന്നിവയുടെ അനുമതിക്ക് ശേഷമാണ് വലിയ തോതിലുള്ള വാക്സിൻ നിർമ്മാണം ആരംഭിക്കുന്നത്. പക്ഷെ ഇവിടെ, കമ്പനികൾ റിസ്ക് എടുത്ത് നേരത്തെ ഇവയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. അല്ലെങ്കിൽ ഒരിക്കലും ഇപ്പൊൾ കാണുന്ന പോലെ phase ട്രയലുകൾ കഴിഞ്ഞ ഉടനെ തന്നെ മനുഷ്യരിൽ കുത്തിവയ്ക്കാനുള്ള വാക്സിൻ തയ്യാറാകുമായിരുന്നില്ല.

മറ്റെന്തു കാര്യങ്ങളെക്കുറിച്ചും മാധ്യമങ്ങൾക്ക് കോൺസ്പിരസി തിയറികൾ ഉണ്ടാക്കാം. എന്നാൽ അത്യന്തം ശ്രദ്ധാപൂർവം ചെയ്യുന്ന, സേഫ്റ്റി എന്ന വാക്കിന് ഏറ്റവും ശ്രദ്ധ കൊടുക്കുന്ന ഇടമാണ് വാക്സിൻ നിർമ്മാണം. നിലവിലുള്ള mRNA വാക്സിൻ ഫലപ്രദമാണ് എന്ന് പറയുമ്പോൾ തന്നെ ചെറിയ ‘side effect ‘വാർത്തകൾ ലോകമെമ്പാടുമുള്ള ചില മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നുണ്ട്. ഇതുവരെ ടെസ്റ്റ് ചെയ്ത് അപ്രൂവൽ കിട്ടിയ, മറ്റു അസുഖങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ, എല്ലാ ‘ക്‌ളാസിക്കൽ’ വാക്സിനുകൾക്കും ഉള്ളതുപോലെ തന്നെ Covid19 വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ട്. ഏതു വാക്സിനും മരുന്നിനും ഇത്തരം നിസ്സാരമായ പാർശ്വഫലങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്.

നിലവിലുള്ള ശക്തിയേറിയ വാക്സിൻ mRNA വാക്സിൻ ആണെന്ന് നാം കണ്ടു. മനുഷ്യരിൽ ജനിതക വ്യത്യാസം നടത്താൻ പറ്റിയ സാധനങ്ങളാണ് ഇത്തരം വാക്സിനിൽ ഉള്ളത് എന്നാണ് മറ്റൊരു വാദം. എന്താണ് mRNA ചെയ്യുന്നത്? എങ്ങനെയാണ് അവ Corona വൈറസിനെതിരെ പ്രവർത്തിക്കുന്നത്? വൈറസിന്‍റെ പുറത്തുള്ള സ്പൈക്ക് പ്രോട്ടീൻ നിർമ്മിക്കാൻ ആവശ്യമായ ‘കോഡ് ‘ ആണ് mRNA വാക്സിൻ കൊടുക്കുന്നത്. ഈ പ്രോട്ടീൻ ഉണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊണ്ട ചെറിയ ജനതകമാണ് വാക്സിനിൽ ഉള്ളത്. അത് ശരീരത്തിൽ എത്തുന്നതോടെ, കോശങ്ങൾ വൈറസിന്‍റെ പുറത്തുള്ള ഈ സ്പൈക്ക് പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു. ശരീരത്തിന് യോജിക്കാത്ത, അറിയാത്ത ഈ പ്രോട്ടീനെതിരെ പ്രവർത്തിക്കാൻ ശരീരം തയ്യാറെടുക്കുന്നു. ഉണ്ടായ പുതിയ പ്രോട്ടീനെ നശിപ്പിക്കാൻ ആവശ്യമായ പ്രതിരോധ കോശങ്ങൾ (immune cells) ശരീരം സ്വയം ഉല്പാദിപ്പിക്കയും ആ ഓർമ്മ നിലനിർത്തുകയും ചെയ്യുന്നു. അതുമൂലം, പിന്നീടെപ്പോഴെങ്കിലും വൈറസ് കടന്നു വന്നാല്‍, അതിന്‍റെ സ്പൈക്ക് പ്രോട്ടീൻ തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ അവയെ തുരത്തി ഓടിക്കാൻ സാധിക്കുന്നു.

ഒരു പക്ഷെ ലോക ചരിത്രത്തിൽ രാഷ്ട്രീയമായി ഇത്രയേറെ പ്രാധാന്യമുള്ള മറ്റൊരു പേമാരി ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. പടിഞ്ഞാറെന്നോ കിഴക്കെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയവും അണുനാശനം ചെയ്തു കൊണ്ടിരിക്കയാണ്. നിലവിലുള്ള mRNA വാക്സിൻ 40 ലധികം രാജ്യങ്ങൾ ഉപയോഗിക്കാൻ സന്നദ്ധത കാട്ടുകയും, നിലവിൽ എട്ടു ലക്ഷത്തോളം ആളുകൾക്കു കുത്തി വയ്ക്കുകയും ചെയ്തു എന്നു കേൾക്കുമ്പോൾ അതിൽ നിന്ന് എന്താണ് അനുമാനിക്കേണ്ടത്? വികസിത രാജ്യങ്ങൾ അടക്കമുള്ള നാല്‍പ്പതോളം വിഡ്ഢി രാജ്യങ്ങൾ കണ്ണും പൂട്ടി അനുമതി നൽകി എന്നാണോ?

Comments
Print Friendly, PDF & Email

About the author

ഹേമ ഹേമാംബിക

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.