”ഞങ്ങളുടെ ആല്‍ബത്തില്‍ ചന്ദ്രേട്ടന്‍റെ കാല്‍ തൊട്ട് അവസാനമായി മകന്‍ യാത്രയയയ്ക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം ഞാന്‍ നോക്കാറില്ല.” സഖാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ. കെ. രമ, താഹ മാടായിയോടിതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
”സി.പി.എം തിരുത്തണം. ആ പാര്‍ട്ടി അങ്ങനെയാവാന്‍ പാടില്ല!” എന്നു പറയുന്നത് ഒരു ആറെസ്സെസ്സുകാരിയോ കോണ്‍ഗ്രസ്സുകാരിയോ അല്ല. അത് പറയാന്‍ ഏറ്റവും അവകാശമുള്ള ഒരു പാരമ്പര്യത്തിനുടമയായ രമയാണ്. ആ കുടുംബത്തില്‍ നിന്ന് ഇങ്ങനെയൊരാള്‍ പറയുമ്പോള്‍ ”നീയാരാ അതു പറയാന്‍?” എന്നുള്ള മറുചോദ്യം കൊണ്ടല്ല അതിനെ നേരിടേണ്ടത്. ‘ശവം വിറ്റു ജീവിക്കുന്നവള്‍’ എന്ന് രമയെ വിളിക്കാന്‍ നെഞ്ചില്‍ ഏതെങ്കിലുമൊരു കലാപത്തിന്‍റെയെങ്കിലും മിടിപ്പ് ബാക്കിയുള്ള സഖാക്കള്‍ക്കാവില്ല. പാര്‍ട്ടിയോഗങ്ങളുടെ ദൂരഭാഷിണികളിലൂടെ ‘കുലംകുത്തി’ കളായി വിശേഷിപ്പിക്കപ്പെടേണ്ടവരല്ല, അവര്‍. അതിനൊക്കെ എത്രയോ അപ്പുറം അല്പം കൂടി ബഹുമാനമര്‍ഹിക്കുന്ന ഒരു കമ്യൂണിസ്റ്റ്കുടുംബത്തിലെ അംഗമാണവര്‍.
മറ്റൊരു പാര്‍ട്ടിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയുന്നതിനുമെത്രയോ മുമ്പ് സി.പി.എം എന്ന പാര്‍ട്ടിയെ വരിച്ച്, അത് മാത്രമാണ് ശരിയെന്ന് ചുറ്റുപാടുകള്‍ പറഞ്ഞുകൊടുത്തുപഠിപ്പിച്ച ഒരു ബാല്യത്തിന്‍റെ ഉടമയാണവര്‍. അത്തരം ഒരുപാടുപേര്‍ കണ്ണൂരിലുണ്ട്. ജന്മനാ കമ്യൂണിസ്റ്റായവര്‍. രാഷ്ട്രീയത്തിന്‍റെ നീതിശാസ്ത്രങ്ങളില്‍ അവര്‍ക്കു മാത്രമായെങ്കിലും കിട്ടേണ്ട, അവര്‍ അര്‍ഹിക്കുന്ന ചില ഇളവുകളുണ്ട്.
സൈബറിടങ്ങളിലെ, അവര്‍ക്കെതിരേയുള്ള തെറിയെഴുത്തുകളെങ്കിലും ആ ഇളവുകളില്‍ പ്പെടുത്തി ഒഴിവാക്കിക്കൂടേ?
വീടുനോക്കാനോ, മക്കളെ നോക്കാനോ നേരമില്ലാതെ, മുഴുനീളപാര്‍ട്ടിപ്രവര്‍ത്തകനായിരുന്ന സഖാവ് കെ.കെ. മാധവന്‍റെ മകള്‍ എന്നപേരിലെങ്കിലും രമ അല്പം കൂടി മാന്യത യര്‍ഹിക്കുന്നില്ലേ? പ്രയാസങ്ങള്‍ക്കും കണ്ണീര്‍പ്രശ്നങ്ങള്‍ക്കുമിടയില്‍, കമ്യൂണിസ്റ്റ് പീഡനകാലത്ത് രാത്രി ഏതെങ്കിലുമൊരു നേരത്ത് കയറിവരുന്ന ഭര്‍ത്താവിനും സഖാക്കള്‍ക്കും ഒരു പരാതിയു മില്ലാതെ പല പ്രാവശ്യം ഭക്ഷണമൊരുക്കിക്കൊടുത്തിട്ടുള്ള ഒരമ്മയുടെ മകളാണവര്‍. നടുവണ്ണൂരിലേയും കാവുന്തറയിലേയും മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാടു പേര്‍ക്ക് വിലയിടാന്‍ പറ്റാത്ത ആ ത്യഗത്തിന്‍റെ കഥകളറിയാം. അന്ന് ഇതൊന്നും മാധ്യമങ്ങള്‍ക്ക് പഥ്യമല്ലായിരുന്നു. അതൊക്കെ എഴുതുന്നതു തന്നെ രാജ്യദ്രോഹമായിരുന്ന കാലം. ആ കുടുംബത്തിലെ ഒരു പെണ്‍തരിയെ നമുക്ക് വെരുതെ വിടുകയെങ്കിലും ചെയ്യാമായിരുന്നു. പകരം, അവര്‍ ധരിച്ച നിറമുള്ള വസ്ത്രങ്ങളെക്കുറിച്ചു പറഞ്ഞാക്ഷേപിച്ചു. അവര്‍ ആരുടേയോ കൂടെ ബൈക്കില്‍ പോയതിന് ആക്ഷേപിച്ചു. ടി.പി.ചന്ദ്രശേഖരന്‍ വെറുമൊരു ശവമല്ല, രാഷ്ട്രീയ വിപണിയില്‍ വില്‍ക്കാന്‍ എന്നു കരുതാനുള്ള സാമാന്യ കമ്യൂണിസ്റ്റ് ബോധം പോലുമില്ലാതെ സി.പി.എം. അവരെ നേരിട്ടു. മുകളില്‍നിന്നുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ താഴെ നില്‍ക്കുന്നവര്‍ അര്‍ത്ഥമറിയാതെ മുദ്രാവാക്യങ്ങള്‍ പോലെ ഏറ്റുചൊല്ലി.
ഇനി, വെറുതെ ഇതിനൊരു മറുവശം സങ്കല്പിക്കുക. സഖാവ് ചന്ദ്രശേഖരന്‍റെ കൊലയ്ക്കു ശേഷം വെള്ളപുതച്ച്, വീട്ടില്‍ നിന്നിറങ്ങാതെ, ചോദ്യങ്ങളില്ലാതെ, പാര്‍ട്ടിയെ കുറ്റപ്പെടുത്താതെ ഒതുങ്ങിപ്പോകുന്ന ഒരു ഭാര്യയായി രമയെ കാണുക. ആ ചോര കുടിച്ചും പാര്‍ട്ടിക്ക് പുതിയ ഇലകളും ശിഖരങ്ങളുമുണ്ടാക്കാന്‍ സഹകരിച്ചിരുന്നെങ്കില്‍ രമ പാര്‍ട്ടിക്ക് പ്രിയങ്കരി യാകുമായിരുന്നു. ജീവിക്കാനായി എന്തെങ്കിലുമൊക്കെ പാര്‍ട്ടി അവര്‍ക്കായി എറിഞ്ഞു കൊടുക്കുമായിരുന്നു എന്നുള്ളതില്‍ സംശയമില്ല. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ പില്‍ക്കാലത്ത് എം.വി.രാഘവനെന്നപോലെ ടി.പി.ചന്ദ്രശേഖരനും പാര്‍ട്ടിക്ക് പ്രിയങ്കര നാവുമായിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരു ഭാര്യ എന്ന നിലയില്‍ രമയുടെ നിലനില്പ്പ് എന്താവുമായിരുന്നു? ഒരു അമ്മ എന്ന നിലയില്‍ എന്താവുമായിരുന്നു? ആദര്‍ശത്തിനു വേണ്ടി ബലിയാടായ ഒരു ഭര്‍ത്താവില്‍ നിന്നുയരുന്ന അശരീരികള്‍ക്ക് ഉത്തരം കൊടുക്കാന്‍ ആ ഭാര്യയ്ക്ക് കഴിയുമായിരുന്നോ? അനീതിയെ ചോദ്യം ചെയ്യാനും അതിനെതിരേ കലാപക്കൊടി ഉയര്‍ത്താനും പഠിച്ച ഒരു കമ്യൂണിസ്റ്റായി തുടരാന്‍ അവര്‍ക്കു കഴിയുമായിരുന്നോ? ആ അടിമജീവിതമല്ലല്ലോ കമ്യൂണിസത്തിലൂടെ അവര്‍ പഠിച്ചെടുത്തത്.
വളരെ യാദൃച്ഛികമെന്നോണമായിരുന്നു നഷ്ടപ്പെട്ട മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ മാര്‍ച്ച് 4 ലെ ലക്കം രണ്ടു മാസത്തിനു ശേഷം, എനിക്ക് കൈയില്‍ കിട്ടുന്നത്. കിട്ടിയപാടെ ആ അഭിമുഖം വായിച്ചു.’ പകരാഷ്ട്രീയം സി.പി.എമ്മിന്‍റെ മാത്രം പ്രത്യേകതയാണ്’ – താഹ മാടായി, കെ.കെ.രമയുമായുള്ള അഭിമുഖം. വായിച്ചുകഴിഞ്ഞപ്പോളാണ് അന്ന് മെയ് 4 ആണല്ലോ എന്ന യാദൃച്ഛികത കൂടി അതിനോടു ചേര്‍ന്നത്. സഖാവ് ടി.പി.യുടെ ഓര്‍മ്മദിവസം. നക്ഷത്രമില്ലെങ്കിലും ഒരു ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിച്ചുമുന്നേറുന്ന രമയുടെ ഒരു ചിത്രമുണ്ടതില്‍. കെ.കെ,സന്തോഷ് എടുത്ത ചിത്രം. അടി മുതല്‍ മുടി വരെ വര്‍ഗ്ഗീയവാദികളും കളങ്കിതരും അഴിമതിക്കാരുമായ കേരള കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കും എന്നു പറയുന്ന ചെങ്കൊടി വാഹികളെക്കാളും, ആറെസ്സെസ്സിന്‍റെ വോട്ടു ഞങ്ങള്‍ക്ക് അപ്രിയമല്ല എന്നു പറയുന്ന ചെങ്കൊടിവാഹികളെക്കാളും ആത്മാഭിമാനത്തോടെ ചെങ്കൊടി വഹിക്കാനുള്ള അര്‍ഹത ഈ ഏകാന്തപഥികയ്ക്കുണ്ടെന്നതില്‍ സംശയമില്ല.
പാര്‍ട്ടിയുടെ ദുഷ്‌ചെയ്തികളുടെ പെട്ടി ആരു തുറന്നാലും അവര്‍ പാര്‍ട്ടിക്ക് അസ്‌പൃശ്യരാകും. സ്നേഹപൂര്‍വ്വമായ ചൂണ്ടിക്കാട്ടലുകള്‍ പോലും ഭയപ്പെടുന്ന നേതൃത്വമാണ് പാര്‍ട്ടിയിലിന്നുള്ളത്. അഴിമതി – സ്ത്രീപീഡന – ലിംഗസമത്വ വിഷയങ്ങളിലൊക്കെ പാര്‍ട്ടിയിലെ മഹിളാവിഭാഗവും സൗമ്യരും ജനപ്രിയരുമായ ആണ്‍നേതാക്കളും പ്രതികരിക്കാന്‍ നില്‍ക്കാതെ ഒളിവില്‍ പോകും. പണ്ട്, നിലനില്പിനായി ഒളിവില്‍ പോയ കാലത്തെ ഓര്‍മ്മിച്ചെടുക്കാന്‍ അക്കൂട്ടര്‍ക്കിതേ വഴിയുള്ളു എന്നു പോലും ആയിട്ടുണ്ട്.
ഇപ്പോഴത്തെ നിലയില്‍ ഒട്ടും സാധ്യതയില്ലാത്ത മറ്റൊരു ദിശയിലേയ്ക്ക് പോകാം. ടി.പി. യുടെ കൊലപാതകത്തെ അപലപിച്ചും, പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു ഘടകത്തിനു അതില്‍ പങ്കുണ്ടെന്ന് തെളിയുന്നപക്ഷം അവരുടെമേല്‍ ശക്തമായ നടപടികളെടുത്തും രമയോടൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു നേതൃത്വമുണ്ടായിരുന്നെങ്കില്‍? തെറ്റുകളും കുറ്റങ്ങളുമേറ്റ് അവരെ കൂട്ടിപ്പിടിച്ച് നിറുത്താന്‍ കഴിയുമായിരുന്നെങ്കില്‍ പാര്‍ട്ടിക്കും അത് ഗുണകരമാകുമായിരുന്നു. കേരളമൊട്ടാകെയുള്ള ജനങ്ങള്‍ അത് മനസ്സിലാക്കി പാര്‍ട്ടിക്ക് പിന്തുണ കൊടുക്കുമായിരുന്നു. അതിനുപകരം ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ‘തെറ്റാവരം’ സിദ്ധിച്ച ഒരു പാര്‍ട്ടിയാണിതെന്നു സ്ഥാപിക്കാന്‍ ധാര്‍ഷ്ട്യത്തിന്‍റെ നിലപാടു കളുമായി തെറ്റിനെ തെറ്റുകൊണ്ടു മറയ്ക്കാന്‍ പാടുപെട്ട് ഇളിഭ്യരാകുന്ന നേതാക്കന്മാര്‍. മനസ്സാക്ഷിക്കു നിരക്കാത്ത വിശദീകരണങ്ങള്‍ കൊടുത്ത് നേതൃത്വം വിയര്‍ത്തുകുളിക്കുന്നു.
ജാതിയെക്കുറിച്ചുള്ള പൗരാണികസങ്കല്പങ്ങളിലേയ്ക്ക് മടങ്ങിപ്പോകാനും മനുസ്മൃതിയുടെ ജീവിതക്രമങ്ങള്‍ പുന:സ്ഥാപിക്കാനുമുള്ള ശക്തമായ നീക്കങ്ങള്‍ ഒരുവശത്തു നടക്കുമ്പോള്‍, അതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാനല്ല നാം നോക്കുന്നത്. ചില ഏകാധിപത്യാധികാരത്തിനു റാന്‍ മൂളാനും അതിലൂടെ സ്വകാര്യനേട്ടങ്ങളുണ്ടാക്കാനുമാണ് മറുവശം ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളുടെ നിഷ്ക്കളങ്കതയ്ക്കു മേല്‍ ആണയിട്ടാണ് ഇരുഭാഗവും മുമ്പോട്ടു നീങ്ങുന്നത് എന്ന ഒരു തമാശ കൂടിയുണ്ട് ഇതില്‍. അതിനിടെ, വിമോചന സങ്കല്പങ്ങള്‍ക്കും സൗഹൃദനന്മകള്‍ക്കും അനീതിക്കെതിരേയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കും ഇടം കിട്ടാതെ പോകുന്നു.
പാര്‍ട്ടി മറ്റൊരു വിഗ്രഹം മാത്രമാകുമ്പോഴും അതിനെ പൂജിക്കേണ്ടി വരുമ്പോഴുമാണ് പ്രശ്നങ്ങളുണ്ടാവുന്നത്. പാര്‍ട്ടി ജനനന്മകള്‍ ലക്ഷ്യമിട്ടുള്ള വഴി മാത്രമാകണം. അവിടെ ദൈവങ്ങള്‍ വേണ്ട. ദൈവങ്ങളുണ്ടായാല്‍ അവര്‍ക്കിഷ്ടപ്പെടാത്ത ചില എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ അണികളോടു കല്പിക്കും.
സഖ്യ (Camaraderie) ത്തില്‍ നിന്നാണ് സഖാവ് (Comrade) ഉണ്ടായത്. അത് പറയുന്നത് കൂടെ നില്‍ക്കാനും കൂട്ടിച്ചേര്‍ത്തുപിടിച്ചു നില്‍ക്കാനുമാണ്. ആ ആഗോളനന്മയുടെ ഡി.എന്‍.എ കേരളത്തിലെ സഖ്യത്തിന് ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.