പൂമുഖം കളരി ‘ചില നേരങ്ങളില്‍ ചില മനിതര്‍കള്‍’– ജയകാന്തന്‍

‘ചില നേരങ്ങളില്‍ ചില മനിതര്‍കള്‍’– ജയകാന്തന്‍

 

പത്മഭൂഷൺ അവാര്‍ഡ് നേടിയ ജയകാന്തൻ എന്ന തമിഴ് എഴുത്തുകാരന്‍റെ, സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ‘ചില നേരങ്ങളിൽ ചില മനിതർകൾ’. കണക്ക് കൂട്ടലുകൾ തെറ്റിച്ച്, ചില സാഹചര്യങ്ങളിൽ ചിലരുടെ ഇടപെടലുകൾ കൊണ്ട് ഒരാളുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നാണ് നോവൽ പറയാന്‍ ശ്രമിക്കുന്നത്. വിവാഹം, ചാരിത്ര്യ ശുദ്ധി ഇവയെ കുറിച്ചുള്ള സാധാരണക്കാരുട മനോഭാവം നിഷ്കളങ്കയായ ഒരു സ്ത്രീയുടെ ഭാവിയെ എങ്ങനെ നശിപ്പിക്കുന്നു എന്നതാണ് കഥയുടെ കേന്ദ്രബിന്ദു. സമൂഹത്തെ പേടിച്ച് കഥയിലെ നായിക, തന്നെ ബലാത്സംഗം ചെയ്ത വ്യക്തിയെ തിരഞ്ഞുപിടിച്ച് അയാളുമായി സൗഹൃദത്തിലാവുകയും അയാളെ വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇന്നായിരുന്നെങ്കില്‍ ഈ കഥ പ്രസിദ്ധീകരിക്കാൻ ഒരുപക്ഷേ തടസ്സങ്ങൾ ഉണ്ടാകുമായിരുന്നു.. സ്റ്റോക്ക്ഹോം സിന്‍ഡ്രോം വിവാദ വിഷയമാകുമായിരുന്നു

ഗംഗ എന്ന കോളേജ് കുമാരി മഴയുള്ള ഒരു സന്ധ്യയിൽ ബസ് സ്റ്റോപ്പില്‍ തനിച്ചാവുന്നു. അതു വഴി വന്ന പ്രഭു എന്ന മധ്യവയസ്കൻ സഹായിക്കാനെന്ന മട്ടില്‍ അവളെ കാറിൽ കയറ്റി, വിജനമായ ഒരിടത്ത് കൊണ്ട് പോയി പ്രലോഭിപ്പിച്ച് തന്‍റെ കാമം തീർക്കുന്നു. സംഭവിച്ചതറിഞ്ഞ ഗംഗയുടെ അമ്മ കരഞ്ഞു ബഹളമുണ്ടാക്കുകയും ജ്യേഷ്ഠൻ അവളെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അമ്മാവനാണ് അവളുടെ സഹായത്തിനെത്തുന്നത്. തന്‍റെ സംരക്ഷണയില്‍ താമസിപ്പിച്ച്, പഠിപ്പിച്ച് അദ്ദേഹം അവളെ ഉദ്യോഗസ്ഥയാക്കുന്നു. ഒപ്പം, ‘ചാരിത്ര്യ ശുദ്ധി ഇല്ലാത്തവൾ’ എന്ന ‘കുറവ്’ മുതലെടുത്ത്‌ അദ്ദേഹം പ്രകടിപ്പിച്ച ലൈംഗികതാത്പര്യങ്ങള്‍ ഗംഗക്ക് സഹിക്കേണ്ടിയും വരുന്നു. സ്വന്തം ഭാവിയെ കുറിച്ച് വ്യാകുലപ്പെടുന്ന ഗംഗയെ ‘you can’t be a wife to anybody but can only be a concubine’ എന്ന് പരിഹസിക്കുകയും സാമർത്ഥ്യമുണ്ടെങ്കിൽ അവളെ നശിപ്പിച്ച ആളെ തന്നെ കണ്ടെത്തി വിവാഹം കഴിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഗംഗ പ്രഭുവിനെ തിരഞ്ഞ് കണ്ടെത്തുകതന്നെ ചെയ്യുന്നു.

വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമായ പ്രഭു അന്നത്തെ രാത്രിയെ കുറിച്ച് ഓർക്കുന്നുപോലുമില്ല. പക്ഷേ ആ സംഭവം ഗംഗയുടെ ജീവിതം തുലച്ചെന്നറിഞ്ഞ് അയാള്‍ ദുഃഖിക്കുന്നു. തന്നെ ഒരു ബലാല്‍സംഗ കുറ്റവാളിയായി കാണരുതെന്നും അനുവാദം കൂടാതെ താൻ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും, ഗംഗ അന്ന് എതിർപ്പൊന്നും പ്രകടിപ്പിച്ചിട്ടുണ്ടാവുമായിരുന്നില്ലെന്നും അത് സമ്മതമായി താൻ കണക്കാക്കിയിട്ടുണ്ടാവുമെന്നും അവളെ ബോധ്യപ്പെടുത്തുന്നു. പിന്നീട് അവർ സൗഹൃദത്തിലാവുന്നു. വിവാഹത്തിന് സാദ്ധ്യതയില്ലാത്ത ഈ ബന്ധത്തെ ഗംഗയുടെ കുടുംബം എതിർക്കുന്നു. ജ്യേഷ്ഠൻ കൊണ്ട് വന്ന വിവാഹാലോചനക്ക് ഗംഗയെ സമ്മതിപ്പിക്കാൻ പ്രഭുവിനോട് അഭ്യർത്ഥിക്കുന്നു. ഇനിയും ഗംഗയുടെ ജീവിതം നശിപ്പിച്ചാൽ അത് തന്‍റെ മോൾക്ക് ശാപമാകുമെന്ന് പ്രഭുവിന് തോന്നി. വിവാഹത്തിന് സമ്മതിച്ച് തന്നില്‍ നിന്നകലണമെന്നും ഉപദേശിച്ച് അയാള്‍ ഗംഗയെ വിട്ടകലുന്നു.
ഗംഗ തന്‍റെ ഏകാന്തതയിലേക്ക് മടങ്ങുമോ അതോ പുതിയ ജീവിതം തുടങ്ങുമോ എന്ന ചോദ്യം അവശേഷിപ്പിച്ച് കഥ അവസാനിക്കുന്നു.

ജയകാന്തൻ തന്നെ എഴുതിയ ‘അഗ്നി പരീക്ഷ’ എന്ന ചെറുകഥയെ ആസ്പദമാക്കി പിന്നീട് എഴുതിയ നോവലാണ് ‘ചില നേരങ്ങളിൽ ചില മനിതർകൾ’. ചെറുകഥക്ക് ഒരുപാട് എതിർപ്പുണ്ടായിരുന്നു. അതിൽ അറിയാതെ തെറ്റുപറ്റിയ ഗംഗയെ അമ്മ ആശ്വസിപ്പിച്ചു സ്വീകരിക്കുന്നു. ആ കഥാന്ത്യം സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്നു എന്ന് ആരോപിച്ചവർക്കുള്ള മറുപടിയാണ്, അതേ സാഹചര്യത്തിൽ അമ്മ അവിവേകം കാണിച്ചിരുന്നെങ്കിൽ മോളുടെ ഭാവി എങ്ങനെ നശിക്കുമായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്ന ഈ നോവൽ.

Comments
Print Friendly, PDF & Email

You may also like