പൂമുഖം LITERATUREലേഖനം നഷ്ടത്തിലാകുന്ന, ചുവന്ന മുളക് കൃഷി.

നഷ്ടത്തിലാകുന്ന, ചുവന്ന മുളക് കൃഷി.

്രിപുര തിരഞ്ഞെടുപ്പ് ഫലം അതിവേഗം മാറി മറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു യാത്രയിലായിരുന്നു ഞാൻ . മഹാരാഷ്ട്രയിലെ പുരാതന നഗരങ്ങളിലൊന്നായ ഔറംഗബാദ് ൽ നിന്ന് മുംബെയിലേക്കുള്ള യാത്രയിൽ. ട്രെയിനിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്നത് ഏതാണ്ട് പതിനെട്ടു വയസ്സ് വരുന്ന ഒരു വിദ്യാർത്ഥിനി. മുംബൈയിലെ പ്രശസ്തമായ കോളേജിൽ ഒന്നാം വർഷ എം ബി ബി എസ്സിന് പഠിക്കുന്നു അവൾ.
ഹോളി അവധി കഴിഞ്ഞു മടങ്ങുകയാണ്. എനിക്കും മുൻപേ, അകലെ ധർമ്മാബാദ് എന്ന ഗ്രാമത്തിൽ നിന്നും യാത്ര തുടങ്ങിയതാണവൾ

ഇടയ്ക്കിടെ മൊബൈൽ ഫോണിൽ ത്രിപുരയിലെ റിസൾട് പരതുന്നതിനിടെ ഞാൻ സംഭാഷണമാരംഭിച്ചതു ഇംഗ്ളീഷിലായിരുന്നു. ഹിന്ദിയിൽ സംസാരിക്കാമോ, എന്‍റെ ഇംഗ്ലീഷ് വളരെ മോശമാണ് എന്നായിരുന്നു ആദ്യ പ്രതികരണം. പിന്നെയവൾ വാചാലയായി. തന്‍റെ ഗ്രാമത്തെ കുറിച്ചും ഗ്രാമത്തിൽ നിന്ന് ഇത്രയധികം ദൂരെ വലിയൊരു നഗരത്തിൽ വലിയൊരു കോളേജിൽ വന്നു പഠിക്കാൻ കഴിയുന്ന ഭാഗ്യത്തെ കുറിച്ചും ഒക്കെ അവൾ ഗ്രാമീണ നിഷ്കളങ്കതയോടെ സംസാരിച്ചു കൊണ്ടിരുന്നു.

ഒറ്റ മുറിയും രണ്ടു മുറികളുമുള്ള ചെറു വീടുകൾ അതിവേഗം ജനാലയിലൂടെ ഞങ്ങളെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിലൊന്ന് ചൂണ്ടിക്കാട്ടി അവൾ എന്നോട് പറഞ്ഞു എന്‍റെ വീട് ഇതിലും ചെറുതാണ്, ഞങ്ങളുടേത് ഒരു കർഷക ഗ്രാമമാണ്

ഞാൻ വീണ്ടും മൊബൈലിൽ ത്രിപുര റിസൾട് പരതി തുടങ്ങി. ഇപ്പോൾ ട്രെൻഡ് നേരെ തിരിഞ്ഞിരിക്കുന്നു

ത്രിപുരയിലെ 50 ശതമാനത്തിലധികം ജനങ്ങളും കാർഷിക വൃത്തി കൊണ്ട് ജീവിക്കുന്നവരാണ്. വ്യവസായവൽക്കരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. കൈത്തറിയും ചുടുകട്ട നിർമ്മാണവുമൊക്കെയാണ് പ്രധാന വ്യവസായങ്ങൾ. ഏഷ്യയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ ബംഗ്ളാദേശുമായി അടുത്ത ബിസിനസ്സ് ബന്ധം പുലർത്തുന്നു ത്രിപുര അത് പക്ഷെ കയറ്റുമതിയുടേതല്ല, ഇറക്കുമതിയുടേതാണെന്നു മാത്രം
അവൾ സംസാരിച്ചു കൊണ്ടേയിരുന്നു, ഗ്രാമത്തിലെ അസൗകര്യങ്ങളെ കുറിച്ച്, യാത്രാ സൗകര്യങ്ങളുടെ അഭാവത്തെ കുറിച്ച് , ഇന്‍റർനെറ്റ് കണക്ഷൻ വളരെ സ്ലോ ആയിരിക്കുന്നതിനെ കുറിച്ച്. ത്രിപുരയിലെ മോഡി ആൻഡ് കമ്പനിയുടെ പ്രധാന ഓഫറുകളിലൊന്ന് കൂടുതൽ വൈഫൈ കണക്ഷൻ ആയിരുന്നുവല്ലോ എന്ന് ഞാനോർത്തു. പാർട്ടി ഗ്രാമങ്ങൾ എന്ത് കൊണ്ട് എല്ലാക്കാലത്തും പാർട്ടി ഗ്രാമങ്ങളായി തന്നെയിരിക്കിന്നുവെന്നും എന്തുകൊണ്ടാണ് പാർട്ടി നഗരങ്ങൾ ഉണ്ടാവാത്തതെന്നും ഞാൻ അത്ഭുതപ്പെട്ടു
പുതിയ തലമുറ നാടും നഗരവും വിട്ടു പുറത്തേക്കു യാത്ര ചെയ്യുന്നവരാണ്. ലോകത്തെ കണ്ണ് തുറന്നു കാണുന്നവർ. അവർക്കു വേണ്ടതെന്തെന്നു അവർക്കു കൃത്യമായി അറിയാം. കൂടുതൽ തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ. ഇതൊക്കെ അവർക്കു മുന്നിൽ വെക്കുന്നത് ഏതു സ്വപ്നവ്യാപാരിയാണെന്നത്, ആ സ്വപ്നവ്യാപാരിയുടെ രാഷ്ട്രീയമെന്തെന്നത്. അവരുടെ വിഷയമേയല്ല കാരണം അവർക്കില്ലാത്ത എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ അവബോധമാണ്
ഒരു അരാഷ്ട്രീയ പോപ്പുലിസ്റ് സമൂഹം അതിൽ എനിക്കെന്തു കിട്ടും എന്ന് മാത്രമാണ് ചോദിക്കുക. സ്വപ്ന വ്യാപാരികൾ സംവദിക്കുന്നതും അത്തരത്തിലെ ഒരു മധ്യവർഗ്ഗ സമൂഹത്തോട് മാത്രമാണ്. അല്ലെങ്കിൽ തന്നെ എന്ത് വ്യത്യസ്ത രാഷ്ട്രീയമാണ് മുഖ്യധാരാ കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് പുതിയ തലമുറയ്ക്ക് മുന്നിൽ വെക്കാനുള്ളത്. വലത്, കൂടുതൽ വലത്, തീവ്ര വലത് എന്നിങ്ങനെയല്ലാതെ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയത്തെ സത്യസന്ധമായി ആർക്കെങ്കിലും വിഭജിക്കാൻ കഴിയുമോ. തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് തടഞ്ഞു നിർത്താം എന്നല്ലേ അവെയ്ലബിൾ പോളിറ്റ് ബ്യുറോ ലൈൻ. നിങ്ങൾ ഒരു ഇടതുബദൽ ആണെന്ന് നിങ്ങൾ തന്നെ വെറുതെ പറഞ്ഞു കൊണ്ടിരുന്നാൽ അതങ്ങിനെയാകുകയില്ല, ഒപ്പമുള്ള സഖ്യകക്ഷികൾ പോലും അത് സമ്മതിച്ചു തരികയുമില്ല. കേഡർ പാർട്ടിയാണെന്നതും ലെനിനിസ്റ്റ് രഹസ്യാത്മക സംഘടനാ രീതി നിങ്ങളെ വ്യത്യസ്തമാക്കുന്നുവെന്നുമാണെങ്കിൽ നിങ്ങളെക്കാൾ വലിയ കേഡർ സംഘടനയാണ് ആർ എസ് എസ് എന്ന് മറക്കരുത്, രഹസ്യാത്മകതയും ഒരു പണത്തൂക്കം കൂടും. പിന്നെയൊരാശ്വാസമുള്ളതു അവർ ക്ലാസ്സിക്കൽ ഫാസിസ്റ്റല്ലെന്നുള്ളതാണ്
സത്യത്തിൽ ഇടതു രാഷ്ട്രീയത്തിനുള്ള സ്പേസ് ഇന്ത്യയിൽ ചുരുങ്ങുകയല്ല അതിവേഗം വികസിക്കുക തന്നെയാണ് നഗരങ്ങൾ അതിവേഗം വികസിക്കുകയും മധ്യവർഗം വലിയ വലിയ സ്വപ്‌നങ്ങൾ കാണുകയും ചെയ്യുമ്പോൾ ഗ്രാമങ്ങളിലെ കർഷകരും തൊഴിലാളികളും കൂടുതലായി അവഗണിക്കപ്പെടുകയാണ്. ഇടതു പാർട്ടികൾ എന്ന് അവകാശപ്പെടുന്നവർ ഈ സ്പേസ് ഉപയോഗപ്പെടുത്താൻ കഴിയാത്ത വിധം, കർഷകരുടെയും തൊഴിലാളികളുടെയും ജീവൽ സമരങ്ങൾ ഏറ്റെടുക്കാൻ കഴിയാത്ത വിധം നയപരമായ ആശയക്കുഴപ്പത്തിലാണെന്നതാണ് നമ്മുടെ പ്രശ്നം. രാജ്യം വലിയ വെല്ലുവിളികളെ നേരിടുമ്പോൾ അതേറ്റെടുക്കാൻ കഴിയാത്ത വിധം നേതൃപരമായ ക്ഷീണത്തിലാണവർ

ഓ അത് മറന്നു. ആ കുട്ടിയുടെ പേര് സാക്ഷി റാത്തോഡ്. അവളുടെ ഗ്രാമത്തിലെ മുഖ്യ കൃഷി ചുവന്ന മുളകാണ്. കൃഷി ഇപ്പോൾ നഷ്ടത്തിലാണെന്നും കൃഷിക്കാർ ചുവന്ന മുളകിനെ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അവൾ പറഞ്ഞു.

cpm-flags1-1502358553

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like