പൂമുഖം LITERATUREലേഖനം പെണ്ണായിത്തീരുകയെന്നാൽ…

പെണ്ണായിത്തീരുകയെന്നാൽ…

 

ഒരുപാടുകാലമായി മലയാളം പത്രം നിറുത്തിയിട്ട് . 2004 ലോ മറ്റോ ആണ് മലയാളത്തിന്‍റെ ‘ മധുരവും, എരിവും ,പുളിയുമൊക്കെ വേണ്ടെന്നു വച്ചത്.  അന്ന് എട്ടു വയസ്സുള്ള എന്‍റെ മകളുടെ ഐസ്‌ക്രീം സംബന്ധിയായ നിരവധി സംശയങ്ങൾക്ക് അവളുടെ ഭാഷയില്‍  മറുപടി നല്കാനാവാതെ വന്നപ്പോൾ എളുപ്പവഴിയിൽ ചെയ്ത ക്രിയയാണ് അത്. അന്ന് തുടങ്ങിയ പീഡന വാർത്തകൾ കോളങ്ങളിൽ ഒതുങ്ങാതെ സപ്ലിമെന്‍റായും കേരളം കണികണ്ടുണരുന്ന നന്മയായി വളർന്നേക്കാം എന്ന് ഞാൻ ഭയപ്പെടുന്നു .

ഹൈജാക് ചെയ്യപ്പെടുക വഴി ചില വാക്കുകളുടെ അർത്ഥം എന്നെന്നേക്കുമായി പരിവർത്തനപ്പെടുന്നു. അവ തിരിച്ചുവരവില്ലാതെ ജ്ഞാനസ്നാനപ്പെടുന്നു. അവയി ലൊന്നാണ് പീഡനം .യേശു ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങൾക്കു ഇനിമേൽ ഏതു വാക്കുപയോഗിക്കും ?
ചില ഉൽപ്പന്നങ്ങളുടെ പേരുമായി ചേർന്ന് അർത്ഥഭേദം വന്നുപെട്ട ഒരു ഇംഗ്ലീഷ് വാക്കാണ് കെയർ ഫ്രീ. അതി മനോഹരമായ ഒരു മാനസികാവസ്ഥയെ സൂചിപ്പിക്കാൻ ഇത്ര സുന്ദരമായ മറ്റൊരു പദം  ഉണ്ടായിരുന്നില്ല എന്ന്‍ പറയാം .

വാക്കുകൾ വന്ന വഴിയോ പോയ വഴിയോ എറ്റിമോളജിയോ അല്ല ഇന്നത്തെ ചിന്താവിഷയം, എല്ലാ മാധ്യമങ്ങളും കൊണ്ടാടുന്ന ഹിംസയാണ് -രതി വൈകൃതങ്ങൾ ആണ്. ദൈവത്തിന്‍റെ സ്വന്തം നാട് നൂറു ശതമാനം സാക്ഷരത കൈവരിച്ചിട്ട് പതിറ്റാണ്ടുകൾ മൂന്നു തികയുന്നു .
ഉയർന്ന വിദ്യാഭ്യാസം- ഉയർന്ന സെക്സ് റേഷ്യോ- കുറയുന്ന ജനപ്പെരുപ്പനിരക്ക്- കുറഞ്ഞ  ശിശുമരണ നിരക്ക്- ഉയർന്ന ആരോഗ്യ സംരക്ഷണനിലവാരം- കൂടിയ ആയുർ ദൈർഘ്യം- വികസിതരാജ്യങ്ങളിലെ ജീവിത നിലവാരം- കേരളം ദൈവത്തിന്‍റെ അഥവാ ദൈവങ്ങളുടെ സ്വന്തം നാട് തന്നെ .

 എന്ന് മുതൽക്കാണ് ഇതേ നാട് ഒരുപാട് സ്ത്രീകൾക്കും കുട്ടികൾക്കും നരകമായി മാറിത്തുടങ്ങിയത്?

ചെറിയ കുട്ടികൾ പൊള്ളി നടന്ന പീഡന പർവങ്ങളെകുറിച്ച് എത്രെയെത്ര കഥകളാണ് ഈയിടെയായി കേള്‍ക്കുന്നത്.  ഭാവി ഇല്ലാതായ, ജീവിതം കൈമോശം വന്ന, പേരില്ലാത്ത , ഊരിന്‍റെ പേരിലറിയപ്പെടാൻ വിധിക്കപ്പെട്ട നിസ്സഹായർ. സൂര്യനെല്ലി, വിതുര, തോപ്പുംപടി , പന്തളം , കവിയൂർ, കിളിരൂർ,  പറവൂർ….. ഊരുകളുടെ നാമങ്ങൾ കൂടിവരുന്നു .
എന്നുമുതൽക്കാണ്  നമ്മുടെ തായ് കുല പെരുമ അറ്റുപോയത് ?
സത്യത്തിൽ നമ്മൾ അഹങ്കരിക്കുന്ന അങ്ങനെ ഒന്ന് നമുക്കുണ്ടായിരുന്നോ?
ഇല്ല. മാട്രിയാർക്കൽ സൊസൈറ്റിയും മാട്രിലീനിയൽ സൊസൈറ്റിയും രണ്ടാണ് . വിദ്യാഭ്യാസ കാര്യത്തിലും, ജോലിക്കാര്യത്തിലും എല്ലാം  പുറത്തേക്കു ആധുനികരാണെന്ന്‍ എത്ര തോന്നിച്ചാലും യഥാർത്ഥത്തിൽ നമ്മളിന്നും നൂറ്റാണ്ടുകൾ പിറകിൽ തന്നെയാണ്. ഒരു പെൺകുട്ടിയെ സംബന്ധിക്കുന്ന സാമൂഹികമായ സകല കാര്യങ്ങളിലും പ്രത്യേകിച്ച് ജോലി, വിവാഹം എന്നിവയെ സംബന്ധിച്ച്, അവസാന വാക്ക് ഒരു പുരുഷന്‍റെ ആയിരിക്കും. അത് അമ്മാവന്‍റെയാകാം,അച്ഛന്‍റെയാകാം,സഹോദരന്‍റെയാകാം,വിവാഹശേഷം ഭർത്താവിന്‍റേതും    ആകാം. ഇന്നും നമ്മൾ പെണ്ണിന്‍റെ തൂക്കം പൊന്നിൽ കുറിക്കുന്നു .
ജീവിതത്തിന്‍റെ  ആത്യന്തിക ലക്‌ഷ്യം വിവാഹമാണെന്നു മക്കളെ പാടി പഠിപ്പിക്കുന്നു. പൂമുഖ വാതിൽക്കൽ സ്‌നേഹം വിതയ്ക്കുന്ന പൂന്തിങ്കളാകാനായി പരിശീലിപ്പിക്കുന്നു . ബേബി മെഷീൻ ആകാൻ പ്രോത്സാഹിപ്പിക്കുന്നു .  ‘ചത്ത് ചീഞ്ഞു പോകുന്ന ഈ ശരീര൦ മാത്ര മാണ് നീ’യെന്നു ആയിരം ഉരു ആവർത്തിക്കുന്നു. ‘നീ എന്നും കീഴ്വഴങ്ങി ജീവിക്കേണ്ടവളാ’ണെന്നു ഓർമ്മിപ്പിക്കുന്നു. സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ ഗുണങ്ങളെയെല്ലാം മത്സരബുദ്ധ്യാ അടിച്ചൊതുക്കുന്നു .

സമൂഹത്തോടോ കുടുംബത്തോടോ തന്നോട് തന്നെയോ കലഹിക്കാത്ത ഒരു സ്വത്വമാണ് മലയാളി സ്ത്രീക്ക് പതിച്ചുകിട്ടിയിട്ടുള്ളത് അഥവാ അവളിൽ അടിച്ചേല്പ്പിക്കപ്പെട്ടിട്ടുള്ളത് . അതുകൊണ്ടുതന്നെയാണ് സ്വയം കലഹിച്ചുകൊണ്ടിരുന്ന മാധവിക്കുട്ടി ജീവിച്ചിരിക്കു മ്പോൾ തന്നെ ലെജൻഡ് ആയത് .

പൊതു ഇടങ്ങളിൽ സ്ത്രീക്ക് സ്പേസ് ഇന്നും ഇല്ല . അവളുടെ പരിധികൾ നിശ്ചയിക്കുന്നത് ശ്രീരാം സേനയായാലും, താലിബാനായാലും ഫലം ഒന്ന് തന്നെ. ക്രിസ്ത്യൻ മതവും സ്ത്രീ വിരുദ്ധതയിൽ വിഭിന്നമല്ല . മേരി റോയ് ആണ് ഇന്നാട്ടിലെ കുടുംബങ്ങളിൽ വിള്ളൽ ഉണ്ടാക്കിയതെന്ന് വിശ്വസിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട് .

വസ്ത്രധാരണമാണ് പ്രലോഭനം എന്നൊരു വാദം പല പ്രാവശ്യം കേട്ടു. അങ്ങിനെ യാണെകിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥനും വേറൊരു പ്രലോഭനത്തിന്‍റെ ഇര ആണെന്ന് പറയേണ്ടി വരില്ലേ ? അതുകൊണ്ട് അയാൾ കുറ്റക്കാരനല്ലതാകുമോ ? ആഫ്രിക്കയിൽ ഇൻഫന്‍റ്  റേപ്പിനു ഒരു കാരണമായി പറയുന്നത് കുഞ്ഞുങ്ങൾ AIDS നു മറുമരുന്നാണെന്നുള്ള വിശ്വാസമാണ് .വിർജിൻ ക്ലെൻസിംഗ് മിത്ത് !!!
ഇന്ന് കേരളവും ഇങ്ങനെയൊക്കെത്തന്നെ ആണ് ചിന്തിക്കുന്നത് എന്ന് പല എഫ് ബി ചർച്ചകളും കണ്ടപ്പോൾ തോന്നി

കാലങ്ങൾ എത്രയായാലും നാട് എവിടെയായാലും സമൂഹമനസ്സിനു മാറ്റം ഉണ്ടാകുന്നില്ല എന്നതാണ്  ദുഃഖകരം .പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ കൊഴുത്തിട്ടും മെഴുത്തിട്ടും കാര്യമില്ല. പ്രശ്നങ്ങൾ പിന്നെയും  ബാക്കിയാവുന്നു. മറ്റെല്ലാം ജലരേഖകളായി അവസാനിക്കുന്നു  .
വീണ്ടും ഒരു വനിതാദിനം കൂടി ….
അമ്പതു ശതമാനം സംവരണം ഇന്നും നമ്മുടെ പാർലമെന്‍റില്‍  അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് വരെ നാട് ഭരിച്ചിരുന്ന പാർട്ടിയുടെ ഏറ്റവും ഉയർന്ന നേതാവ് വനിതയായിരുന്നിട്ടും!
പൊതു ഇടങ്ങളിൽ വനിതകൾ വന്നേ തീരൂ, ഉയർന്ന പദവികളിൽ, താക്കോൽ സ്ഥാനങ്ങളിൽ, രാജ്യ ഭരണത്തിൽ …
വെറും തുല്യതയല്ല വേണ്ടത്, കൂടുതൽ തുല്യത !
.
നമ്മുടെ കുഞ്ഞുങ്ങൾക്കു സുരക്ഷിതരായി ഈ ലോകത്തു ജീവിക്കണം

സീത, സാവിത്രി ശീലാവതിമാരല്ല കണ്ണകിമാരാണ് കാലഘട്ടത്തിന്‍റെ ആവശ്യം –

കരുത്തു നേടുക ,പ്രതിബന്ധങ്ങളെ ,ചൂഷണങ്ങളെ ചുട്ടെരിക്കാൻ ……
പുസ്തകം കയ്യിലുള്ള പെൺകുട്ടിയെയാണ് തീവ്രവാദികൾക്ക് ഭയമെന്നു ചിരിയോടെ പറഞ്ഞ മലാല യൂസഫ്
നല്ല പെരുമാറ്റമുള്ള സ്ത്രീകളൊന്നും ചരിത്രം രചിച്ചിട്ടില്ലെന്നു പറഞ്ഞ എലീനോർ റൂസ്‌വെൽറ്റ്!

ശരി ചെയ്യുന്നതിൽ നിന്നും നിങ്ങളെ തടുക്കാൻ നിങ്ങളുടെ ഭയത്തിനു ഇടകൊടുക്കരുതെന്നു പറഞ്ഞ ഓങ് സാൻ സു കി !

ശരിയാണ്
ആരും സ്ത്രീയായി ജനിക്കുന്നില്ല ,ആവുകയാണ്
ബി കോൺഫിഡന്‍റ്     .

Comments
Print Friendly, PDF & Email

You may also like