അനുനിമിഷം ഓരോന്ന് നമുക്കിടയിൽ നിന്ന് കാണാതെപോകുന്നുണ്ട്. ജീവിതാവേഗത്തിനിടയിൽ നാമതറിയുന്നില്ലെന്നുമാത്രം. ചില പക്ഷികൾ, ചില മൃഗങ്ങൾ, ചില പെരുമാറ്റങ്ങൾ, പ്രകൃതിയുടെ ചില നേർമ്മകൾ, ചില കവനരീതികൾ, സ്പർശനശാസ്ത്രത്തിലെ അതിഗൂഢമായ ചുരുക്കെഴുത്തുകൾ, പ്രണയം നിറച്ചുവച്ച സമുദ്രത്തോളം പോന്ന ഭരണികൾ, കൈപ്പടകൾ, വിളിപ്പേരുകൾ, കാത്തുനിൽപ്പിടങ്ങൾ, നരകത്തീയോളം ഉരുക്കമുള്ള പ്രതീക്ഷകൾ, ചിലരുചികൾ, കൊഞ്ചലുകൾ, വല്ലപ്പോഴും മാത്രം പൂവിടുമായിരുന്ന ചില ഇല്ലാവള്ളികൾ, മഞ്ഞയുടെ ഉദ്യാനത്തിൽ മുറിഞ്ഞുവീണ വിൻസൻ്റിൻ്റെ ഇടത്തേച്ചെവി,ഓടാമ്പലിടാത്ത പ്രലോഭനങ്ങളുടെ മുറികൾ, ചില ചിറകടികൾ,
സ്നേഹമെന്നു നാം പേരിട്ട ചില ദ്വീപുകൾ ഒക്കെ ഒരു തെളിവും ശേഷിപ്പിക്കാതെ ഇല്ലാതാകുന്നുണ്ട്. ഒരിക്കൽ ഞാനും നിങ്ങളും അപ്രത്യക്ഷരാകും. ഒരു തൂവൽപോലും ശേഷിക്കാതെ. ഒരു തെളിവും ശേഷിപ്പിക്കാതെ. വായനാശേഷം ഒരു സെൻകഥ മാഞ്ഞുപോകും പോലെ അത്ര സാധാരണമായി!
പ്രാചീനകാലത്ത് ഒറ്റക്കൊമ്പുള്ള കുതിരകളുണ്ടായിരുന്നു. നോഹയുടെ പ്രളയപെട്ടകത്തിൽ കയറാൻ ഓടിയെത്തിയ ഒറ്റക്കൊമ്പൻ കുതിര (Unicorn) യുടെ ഒരാണും പെണ്ണും ഇത്തിരിവൈകിപ്പോയി.
പക്ഷെ അപ്പോഴേക്കും മഴകൊണ്ട് നിൽക്കക്കള്ളിയില്ലാതെ നോഹ പെട്ടകത്തിൻ്റെ വാതിലടച്ചുപൂട്ടി യാത്രതുടങ്ങിയിരുന്നു.
The Ark started movin’, it drifted with the tide,
Them Unicorns looked up from the rock and they cried,
And the waters came down and sorta floated them away,
That’s why you’ll never see a Unicorn, to this very day.
അതോടെ ഒറ്റക്കൊമ്പൻകുതിരകളുടെ വംശം ലോകത്തില്ലാതായി. എന്നാലും നാടോടിക്കഥകളുടെയും കവിതകളുടെയും അനുസ്യൂതമായ ഊർജ്ജപ്രവാഹത്തിൽ അവർ ഇടയ്ക്കിടെ നമുക്കിടയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
“എൻ്റെ മോഹങ്ങളും ആസക്തികളും
ഉന്മാദങ്ങളുമൊക്കെ ഒറ്റക്കൊമ്പൻ കുതിരേ നിൻ്റെ മേലിരുന്ന് അശ്വമേധത്തിനിറങ്ങുന്നു”
(ലോപമുദ്ര )
ഇനി നമുക്കിടയിൽ നിന്ന് കാണാതായ കഴുകന്മാരെപ്പറ്റി കേൾക്കുക. മലയാളിക്ക് അത്രകണ്ട് പരിചിതമാകാനിടയില്ലാത്ത പക്ഷിവർഗ്ഗമാണത്. പ്രകൃതിയുടെ ശുചീകരണപ്പക്ഷികളാണവർ. ജയമോഹൻ നൂറുസിംഹാസനത്തിൽ വിവരിച്ച നായാടിജീവിതം പോലെ, പക്ഷിപ്പറക്കലിൻ്റെ മുഖ്യആകാശങ്ങളിൽ നിന്നും വെട്ടത്തിൽ നിന്നും വെട്ടിമാറ്റിനിർത്തപ്പെട്ട പറവവർഗ്ഗം. ബഹിഷ്ക്കരിക്കപ്പെട്ടവൻ്റെ ഇടങ്ങളായ വെളിമ്പറമ്പുകളിലെ മരങ്ങളിലാണ് അവ ചേക്കയൊരുക്കുന്നത്. കഴുകുകൾ പക്ഷിവർഗവരേണ്യരായ ഗരുഡൻ്റെ ചാർച്ചക്കാരാണ്. “ഈ തറവാടിത്ത ഘോഷണം പോൽ വൃത്തികെട്ടതൊന്നുമില്ല പാരിൽ” എന്ന് ഇടശ്ശേരി പാടുന്നതിന് എത്രയോ ജന്മദൂരങ്ങൾക്കകലെത്തന്നെ കഴുകുകൾ ആ നേര് തിരിച്ചറിഞ്ഞിരിക്കുന്നു. ഗ്രാമത്തിലെ വെളിമ്പറമ്പുകളിലും എത്താക്കാടുകളിലും ശവഭോജനം നടത്തിയും അലസം ചെറിയൊരുയരത്തിൽ പറന്നുതാണും സൂചിമുഖമുള്ള ഒരു ശബ്ദത്തിൽ ഒച്ചയിട്ടും അവർ ഈ ബഹിഷ്കൃതജീവിതം ആഘോഷിച്ചു.
പക്ഷേ മായന്മാരുടെയും ചില ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരുടെയും കഥകളിൽ അവയ്ക്ക് ഇഹപരലോകങ്ങൾക്കിടയിലെ വാതിൽസൂക്ഷിപ്പുകാരൻ എന്ന പദവി കൊടുത്തിട്ടുണ്ട്. പാഴ്സികൾ പണ്ടൊക്കെ മരിച്ചവരുടെ ശരീരങ്ങൾ ജനപഥങ്ങളിൽ നിന്ന് വിദൂരസ്ഥമായ പർവ്വതപ്രദേശങ്ങളിൽ മറവുചെയ്യാതെ ഉപേക്ഷിച്ചിരുന്നു. മരണാനന്തരകർമ്മങ്ങൾ ചെയ്യുന്ന പുരോഹിതന്മാരെപ്പോലെ അന്നേരം കഴുകുകൾ പറന്നിറങ്ങും! മനുഷ്യന് അശ്രാവ്യമായ പക്ഷിമന്ത്രങ്ങൾ കൊണ്ട് പരേതനെ പരലോകത്തിൻ്റെ പാലം കടത്തിവിടുന്നത് അവരാണ്.
ഞാനവയെ അടുത്തു നിരീക്ഷിച്ചിട്ടുണ്ട്. അതൊരു യാദൃച്ഛികതയിൽ നിന്ന് തുടങ്ങിയതാണ്. വണ്ടി കേടായി വഴിയിലകപ്പെട്ട ഞങ്ങൾ തെല്ലകലെ കഴുകുകളുടെ ഒരു വലിയ സമ്മേളനസ്ഥലം കണ്ടു. തദ്ദേശീയർ ചത്തുപോയ മൃഗങ്ങളെ ഉപേക്ഷിക്കുന്ന ഇടം അതിനടുത്തെവിടെയോ ആയിരുന്നു. വേനൽക്കാലമായതിനാൽ ചോരൽ നദി മിക്കവാറും വറ്റിവരണ്ടു കിടന്നിരുന്നു. നദിയുടെ ഉരുളൻകല്ലുകൾ നിറഞ്ഞ ഇരുകരകളിലും നിഗൂഢമായ വനങ്ങളാണ്. വേനലിൻ്റെ ചിറ്റംകൊണ്ട് ഇലപൊഴിഞ്ഞ മരങ്ങളുടെ ചില്ലകളിൽ ഒരു ദാലിച്ചിത്രം പോലെ നൂറുകണക്കിന് കഴുകുകൾ കാണപ്പെട്ടു. എനിക്ക് വല്ലാതെ പേടി വന്നു. ഡ്രൈവറായ ലഖൻലാൽ എന്നെയാശ്വസിപ്പിച്ചു.
“സാഹിബ്, ഇവർ പാവങ്ങളാണ് പക്ഷികൾക്കിടയിലെ തോട്ടിപ്പണിക്കാരാണിവർ. ഗ്രാമീണരുപേക്ഷിക്കുന്ന മൃഗശവങ്ങളാണ് ഇവരുടെയാഹാരം ! പക്ഷേ ഇവർക്ക് ചെറുപ്പമാകാനുള്ള വഴിയറിയാം!” ഞാൻ കാതു കൂർപ്പിച്ചു.
“ചെറുപ്പമാകാനുള്ള വഴിയോ ?” ഞാൻ വീണ്ടും ചോദിച്ചു.
“അതേ സാഹിബ്, സ്വയം ചെറുപ്പമാകാനുള്ള വിദ്യ ഇവർക്ക് ദൈവം പറഞ്ഞുകൊടുത്തിട്ടുണ്ട്.
പ്രായമാകുന്ന കഴുകന്മാർ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെന്നിരുന്ന് തൻ്റെ പഴകിപ്പൂതലിച്ച തൂവലുകളും ചുണ്ടും നഖവുമൊക്കെ ഉപേക്ഷിച്ചു കളയും. പിന്നെ നവയൗവനത്തിൻ്റെ പൊതിച്ചിലുമായി തിരിച്ചുവരും. ഇവർക്ക് മനുഷ്യനെക്കാൾ ആയുർദൈർഘ്യമുണ്ട്.” ഞാൻ നടുങ്ങിപ്പോയി.
പുത്രനോട് യൗവനം ഇരന്നുവാങ്ങിയ ഭോഗാസക്തനായ യയാതിയെ ഞാനോർത്തു. ഒപ്പം പണ്ടെന്നോ വായിച്ച വേദപുസ്തകഭാഗവും !
“നിൻ്റെ യൗവനം കഴുകൻ്റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിൻ്റെ ജീവിതകാലമത്രയുംനിന്നെ സംതൃപ്‌തനാക്കുന്നു.” (സങ്കീർത്തനം 103:5)
രാമായണത്തിലാകട്ടെ സീതാന്വേഷണത്തിൻ്റെ ഗതിയെത്തന്നെ നിയന്ത്രിക്കുന്നത് രണ്ടു കഴുകന്മാരാണ്.
അങ്ങനെ വേദപുരാണങ്ങളിൽ അടയാളം കൊണ്ട, യൗവ്വനത്തിൻ്റെ ജനിതകസൂത്രമറിയാവുന്ന ആ പക്ഷികളോട് എനിക്ക് കടുത്തആരാധന തോന്നി. ഞാനവയെ നോക്കിനിന്നു.
മനുഷ്യമനസ്സിൻ്റെ ദുർഗ്രഹതയെപ്പറ്റി കഴുകുകൾ കേട്ടറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു, എനിക്കു വെട്ടപ്പെടാതെ കൂട്ടത്തോടെ അവർ പറന്നുപൊങ്ങിയകന്നു !
ഇത് തൊണ്ണൂറുകളുടെ മദ്ധ്യത്തിലെ കാര്യമാണ്. അന്ന് എട്ടുകോടിയോളമായിരുന്നു ഇന്ത്യയിലെ കഴുകുകളുടെ എണ്ണം. പെട്ടെന്ന് അവരെ കൂട്ടത്തോടെ കാണാതായി. അനേകർ നിറഞ്ഞാടിയ ഒരിടത്തെ രംഗശൂന്യതപോലെ അതെന്നെ വല്ലാതെ അമ്പരപ്പിക്കുന്നു.
ഇന്നത്തെ കണക്കനുസരിച്ച് അയ്യായിരത്തിനു മേൽ മാത്രമാണ് അവരുടെ എണ്ണം. അതും ഉൾവനങ്ങളിലെവിടെയൊക്കെയോ ആണ്. ഈ കൂട്ടമരണത്തിൻ്റെ കാരണം കൂടി കേൾക്കണ്ടേ ? കന്നുകാലികളുടെ പനിയ്ക്ക് അവയുടെ ഉടമസ്ഥർ കൊടുക്കുന്ന മരുന്നുകൾ! അവ ജഡഭോജികളായ കഴുകുകളുടെ ചാവുനിലമായിത്തീരുന്നു. ഒരു കൂട്ടർക്കുള്ള മരുന്ന് മറ്റൊരു കൂട്ടർക്ക് വിഷമായി മാറുന്ന പ്രകൃതിനിയമത്തിൻ്റെ നേരമ്പോക്ക് …
നമ്മുടെ ചുറ്റുവട്ടത്തിലെ ചില വർത്തമാനങ്ങളൊഴിച്ച് മറ്റൊന്നും നാമറിയുന്നതേയില്ല. കൂട്ടുകാരും പരിചിതരുമൊക്കെ നഷ്ടപ്പെട്ടു പോയശേഷം അപരിചിതമായ ജനലഴികൾ പിടിച്ചു പുറംലോകം നോക്കുന്നയാളിൻ്റെ ഏകാന്തതയെപ്പറ്റി എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? അയാളറിയുന്ന അകശൂന്യതയിൽ എപ്പോഴെങ്കിലും ഇറങ്ങാൻ ശ്രമിച്ചിട്ടുണ്ടോ? മുന്നൂറു കോടിയുണ്ടായിരുന്ന സഞ്ചാരികപോതങ്ങളിലെ, മാർത്തയെന്ന അവസാനത്തെ പക്ഷി സിൻസിനാറ്റിയിലെ സൂക്ഷിപ്പുശാലയിൽ മരണവും കാത്തിരുന്നപ്പോൾ അതിൻ്റെ മനസ്സിലുണ്ടായ ദാരുണ ഗതാഗതം എന്തായിരുന്നിരിക്കണം!
“… കൃഷ്ണമേഘസഞ്ചയം പോലെ
നിറവാനത്തിൻ നെഞ്ചിൽ സഞ്ചരിച്ചവർ ഞങ്ങൾ
കുറ്റിയറ്റല്ലോ ദയാഹീനരേ നിങ്ങൾക്കായി
അപ്പവും കിടക്കയും തീർക്കുവാനൊരു വംശം…”
(വിജയലക്ഷ്മി)
ഓഷ്വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പിൽ ആയിരക്കണക്കിന് ചെരിപ്പുകളും കുടിവെള്ളപ്പാത്രങ്ങളും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ചിലയാത്രികരുടെ യാനബാക്കിയാണത്. ഒരിടത്തു നിന്ന് അവർ മറ്റെങ്ങോട്ടോ യാത്രതിരിച്ചതാണ്. പക്ഷേ എങ്ങും എത്താനവർക്ക് കഴിഞ്ഞതേയില്ല. അവരെ ആ സ്റ്റേഷനിൽ ഇറക്കിവിട്ട ഹിറ്റ്ലറുടെ തീവണ്ടി ചരിത്രഗഹ്വരത്തിലൂടെ ചിന്നംവിളിച്ചോടുന്നത് ഞാൻ ഭീതിയോടെ കേട്ടുനിന്നു. അവിടെ സൂക്ഷിച്ചിരുന്ന മൃതരുടെ പാദരക്ഷകളിൽ ഒരെണ്ണം നാലഞ്ചുവയസ്സുണ്ടായിരുന്ന ഒരു കുഞ്ഞിൻ്റേതായിരുന്നു. മറ്റുള്ള ചെരിപ്പുകൾ ചലനംനിർത്തിക്കഴിഞ്ഞിട്ടും അവൻ്റേതുമാത്രം ആ കണ്ണാടിക്കൂട്ടിൽ ഓടിക്കളിക്കുന്നതുപോലെ തോന്നിച്ചു.
അവിടം വിട്ടിറങ്ങിയിട്ടും അവനെന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. മനുഷ്യചരിത്രത്തിൻ്റെ ദുരൂഹമായ ഇടങ്ങൾ കാണുമ്പോൾ ഇതെന്താണിതെന്താണെന്ന് കൗതുകം പൂണ്ടവൻ ചോദിക്കുന്നു. മനുഷ്യൻ ജീവിയ്ക്കാനനുവദിക്കാതിരുന്നൊരു മനുഷ്യക്കുഞ്ഞിൻ്റെ കൗതുകങ്ങളാണവ.
എനിക്കതിന് കൃത്യമായൊരുത്തരം കൊടുക്കാൻ കഴിയുന്നില്ല. കാരണം ഞാനും ഏതോകാലത്ത് കാണാതെ പൊയ്പോയ ഒരാളാണല്ലോ !!
“നാം തന്നെയും മറ്റേതോ കാലത്ത്
കാണാതായിപ്പോയവരല്ലെന്ന് എന്താണുറപ്പ്?
-അതാ, കാണാതായവരുടെ അറിയിപ്പ്:
അത് എൻ്റെ ചിത്രം തന്നെ.
എനിക്ക് എന്നോ എന്നെ നഷ്ടപ്പെട്ടിരിക്കുന്നു,
എൻ്റെ പ്രിയതമേ, നിനക്കുപോലും.”
(സച്ചിദാനന്ദൻ)
കവർ: ജ്യോതിസ് പരവൂർ