പൂമുഖം ചലച്ചിത്രം സർവ്വാധികാര രാഷ്ട്രീയത്തിൻ്റെ ഭയാനകമായ ഭ്രമയുഗം

സർവ്വാധികാര രാഷ്ട്രീയത്തിൻ്റെ ഭയാനകമായ ഭ്രമയുഗം

അഴിക്കുന്തോറും കുരുക്കുകൾ ഒന്നൊന്നായി മുറുകുന്ന, ചുവടുവെക്കുന്തോറും ചവിട്ടു പിഴക്കുന്ന,
അധികാരത്തിൻ്റെ രാവണൻ കോട്ടയിൽ അകപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ നിലവിളിയാണ് ഭ്രമയുഗം എന്ന സിനിമയുടെ പ്രമേയം.

പുരാതനമായ മനയുടെ ഇരുണ്ട ഇടനാഴികളിൽ അട്ടഹാസം പോലെ മുഴങ്ങുന്ന അധികാരച്ചിരിയുടെ അല, അടുത്ത നിമിഷം കാലൻ കോഴിയുടെ കൂവലായി, മരണത്തിൻ്റെ പ്രതീകമായി മാറുന്നു. മനയിൽ അകപ്പെട്ടു പോയ അന്തേവാസികളുടെ ഭയവും അതിനു മേലെ സർവ്വശക്തനായ അധികാരിയുടെ ഉന്മാദം നിറഞ്ഞ ചേഷ്ടകളും, നിഗൂഢത വേവിച്ചെടുക്കുന്ന പാചകപ്പുരയും, പ്രാകൃതവും മലീമസവുമായ പൗരാണികത്വവും, പരിസരങ്ങളിലെ ഒരിക്കലും പൂക്കാത്ത മരങ്ങളും, പൊട്ടിപ്പൊളിഞ്ഞ പടിപ്പുരയും കാടുപിടിച്ച ഒതുക്കുകല്ലുകളും പ്രേക്ഷകന് അധികാരലോകത്തിൻ്റെ ഭയാനകമായ അകത്തളങ്ങൾ കാട്ടിക്കൊടുക്കാൻ പര്യാപ്തമാണ്.

പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനം, അധിനിവേശത്തിൻ്റെയും ഏറ്റുമുട്ടലുക ളുടെയും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ദക്ഷിണ മലബാറിലെവിടെയോ വെച്ച് കാട്ടിലേക്ക് രക്ഷപ്പെട്ട് വഴിതെറ്റിയ പാണൻ്റെയും സഹചരൻ്റെയും യാത്രയിൽ സംഭവിക്കുന്ന വിഭ്രാമകമായ മുഹൂർത്തങ്ങളിലൂടെയാണ് സിനിമ, പ്രേക്ഷകനെ ഭ്രമയുഗത്തിലെത്തിക്കുന്നത്.

പാണൻ അധികാരത്തെ പാടിപ്പുകഴ്ത്തുന്ന പാട്ടുകാരൻ മാത്രമല്ല, പാട്ടിൽ തൻ്റെ സങ്കടങ്ങളും കണ്ണീരും ചിലപ്പോഴെങ്കിലും അയാൾ ചാലിച്ചു ചേർക്കുന്നുണ്ട്. ചെന്ന് ഏറെക്കഴിയുന്നതിന് മുൻപ് പാണന് താൻ പെട്ടു പോയ ലോകത്തെ തിരിച്ചറിയാൻ കഴിയുന്നു! കന്നിക്കൊയ്തു കഴിഞ്ഞ് തുലാമാസത്തിലാണ് അയാൾ കാട്ടിലകപ്പെടുന്നത്. അധികാരത്തിൻ്റെ തടവറയും അതിൻ്റെ മടുപ്പും ഓർമ്മകൾക്കുമേൽ ക്രമേണ മറവിയുടെ കരിമ്പടം വിരിച്ചിടുന്നതിന് മുൻപ്, തൻ്റെ സുന്ദരവും ചെറുതുമായ ജീവിതത്തെ ഒന്നൊന്നായി അവനോർത്തെടുക്കാൻ കഴിയുമായിരുന്നു. അരികിലൂടെ ചെറിയ അരുവി ഒഴുകിപ്പോകുന്ന വയൽക്കരയിലെ കൊച്ചു വീടും, പാറു എന്നു പേരായ തന്നെ കാത്തിരിക്കുന്ന അമ്മയും അവിടെ പൂത്തു നില്ക്കാറുള്ള കൊന്നയും ആദ്യനാളുകളിൽ അവൻ്റെ ഓർമ്മയിൽ വന്നു നിറയുന്നതായി പ്രേക്ഷകന് മനസിലാക്കാം. കൊയ്തെടുക്കുന്ന നെല്ലുകൊണ്ട് കൊല്ലത്തോടു കൊല്ലം കഴിയാമെന്ന് അടുക്കളക്കാരനോട് പാണൻ പറയുന്നുണ്ട്. സുന്ദരമായ ഒരു ചെറിയ ജീവിതം അയാൾക്കുമുണ്ടായിരുന്നു. എങ്ങനെയാണ്, ദുഷിച്ചു പോകുന്ന അധികാരം സാധാരണ മനുഷ്യരുടെ ജീവിതത്തിൻ്റെ സൗന്ദര്യം കെടുത്തിക്കളയുന്നത് എന്ന് ഭ്രമയുഗം ഭയാനകമായി ഓർമ്മപ്പെടുത്തുന്നു.
പാണൻ്റെ ഓർമ്മകൾ ഒന്നൊന്നായി മങ്ങിത്തുടങ്ങുകയാണ്. മറവിയുടെ മേൽ ഓർമ്മയുടെ സമരമാണ് ചരിത്രം.

എങ്കിലും ഏറ്റുമുട്ടലുകളുടെയും ചെറുത്തു നില്പുകളുടെയും ചാക്രിക സഞ്ചാരങ്ങൾക്കിടയിൽ കൈമാറിവരുന്ന അധികാരത്തിൻ്റെ അവകാശം ചരിത്രത്തിലെ നിരവധിയായ അധീശത്വങ്ങളെ ഓർമ്മപ്പെടുത്തും. ഒരർത്ഥത്തിൽ സർവ്വാധികാര രാഷ്ട്രീയത്തിൻ്റെ ഉടമ തന്നെ അധികാരോന്മാദത്തിൻ്റെ അടിമയായിത്തീരുന്ന ദയനീയമായ ചിത്രവും ഭ്രമയുഗം നമുക്ക് കാട്ടിത്തരും. ചരിത്രത്തിൻ്റെ ഇരുണ്ട ഇടനാഴികളിലെ പകിടപ്പലകയിൽ ‘വിധി’ തട്ടിയിട്ട കരുക്കൾ ഉരുട്ടിക്കളിക്കുന്ന ഉടമയും അടിമയും പരസ്പരം മാറി വരുന്ന അധികാരക്കളിയിലൂടെ പ്രേക്ഷകനെ വേട്ടയാടുന്ന ചലച്ചിത്രാനുഭവമാക്കി മാറ്റുന്നുണ്ട് രാഹുൽ സദാശിവൻ്റെ ഭ്രമ യുഗം. ഇനി ഒരു വേള, തൻ്റെ നിഴലായി പ്രതിബിംബിക്കുന്ന കൊടുമൺ പോറ്റിയെ ഉള്ളിൽ നിന്നും പാട്ടുകാരനായ പാണൻ നിർമ്മമായി കുടഞ്ഞു കളയുന്നതായി സങ്കല്പിക്കുകയും അങ്ങനെ അന്ത്യരംഗം പുതിയ ലോകത്തേക്കുറിച്ചുള്ള പ്രതീക്ഷയായി പ്രേക്ഷകന് കണക്കാക്കുകയുമാകാം?

മമ്മൂട്ടിയെന്ന നടൻ്റെ അഭിനയ വൈഭവത്തിൻ്റെ വിളംബരം കൂടിയാണ് ഭ്രമയുഗം; ഒരർത്ഥത്തിൽ മമ്മൂട്ടി ഒരിക്കലും സീനുകളിലേക്ക് കടന്നു വരുന്നില്ല, പകരം പകർന്നാടിയ കൊടിമൺ പോറ്റി മാത്രം.
സിദ്ധാർത്ഥ് ഭരതനും അർജുൻ അശോകും മികച്ച പെർഫോർമൻസ് കാഴ്ചവെച്ചു. സിനിമാട്ടോഗ്രാഫിയും മ്യൂസിക്കും സിനിമയുടെ മൂഡ് പ്രേക്ഷകനിലെത്തിക്കുന്നതിന് സഹായിച്ചു. കലാസംവിധായകൻ ജ്യോതിഷ് ശങ്കർ നമുക്ക് മുന്നിൽ ഭയത്തെ വിഷ്വലൈസ് ചെയ്യാൻ പാകത്തിൽ മനയെ പൗരാണികമായ മറ്റൊരു കാലത്തിലേക്ക് പുനർ നിർമ്മിച്ചു. കറുപ്പും വെളുപ്പും തിരഞ്ഞെടുത്തത് സിനിമയുടെ പ്രമേയത്തിനും മൂഡിനും അനുഗുണമായി. സത്യത്തിൽ സിനിമ തുടങ്ങിയതു മുതലേ black and white എന്ന നിറത്തെ പ്രേക്ഷകൻ മറന്നു പോവുകയാണുണ്ടായത്.

സ്പെഷൽ ഇഫക്ട്സും ഗ്രാഫിക്സും മികച്ചതായിരിക്കുമ്പോൾത്തന്നെ ചാത്തനും യക്ഷിയും ഹൊറർ രംഗങ്ങളും ആവിഷ്കരിക്കാൻ പരമ്പരാഗത പാറ്റേൺ തന്നെ സ്വീകരിച്ചു എന്നത് സിനിമയുടെ പരിമിതിയായി കണക്കാക്കാം. എങ്കിലും സർവ്വാധികാരത്തെയും അതുണ്ടാക്കുന്ന ഭയത്തെയും പ്രതിഫലിപ്പിക്കാൻ Folk Horror മതിയാകുമെന്ന് രാഹുൽ സദാശിവനും ടി.ഡി.രാമകൃഷ്ണനും കരുതിയിരിക്കാം. അധികാര ദുർഗ്ഗത്തിൻ്റെ രക്ഷപ്പെടാൻ കഴിയാത്ത അകത്തളങ്ങൾ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിൽ ‘ടി.ഡി.രാമകൃഷ്ണൻ മുൻപും കാണിച്ചു തന്നിരുന്നു! ദേവനായകിയുടെ മിത്തിക്കൽ പശ്ചാത്തലം ആയിരമാണ്ടുകൾക്ക് മുൻപ് താളിയോലയിൽ, പാലിയിൽ എഴുതപ്പെട്ട ‘സുസാന സുപിന’ ആയിരുന്നു എന്നാണല്ലോ നോവൽ നമ്മളോട് പറഞ്ഞു തന്നത്.

കവർ : ജ്യോതിസ് പരവൂർ

Images : Google Images

Comments
Print Friendly, PDF & Email

You may also like