പൂമുഖം ചലച്ചിത്രം ഉന്മാദത്തിന്റെ ആസുരനടനം

ഉന്മാദത്തിന്റെ ആസുരനടനം

നൂറ്റാണ്ടുകളെത്ര കഴിഞ്ഞാലും സിരകളിൽ നുരഞ്ഞു പതയുന്ന അധികാരത്തിൻ്റെ വീഞ്ഞ്, വീര്യം കൂടിയ ഉന്മാദ ലഹരിയായി ഭ്രമിപ്പിക്കും എന്ന് അടിവരയിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ഭ്രമയുഗം.

ഏറ്റവും സ്പഷ്ടമായ രാഷ്ട്രീയ മാനം കറുപ്പിലും വെളുപ്പിലും ഇതൾ വിരിയുമ്പോൾ ഒരു കെട്ടുകഥ തനിക്കനുഗുണമായ രീതിയിൽ പരുവപ്പെടുത്തിയെടുത്തുകൊണ്ട് പ്രേക്ഷകനെ ഭ്രമിപ്പിക്കുവാൻ എപ്രകാരം കാമ്പുള്ള കലാകാരന് സാധിക്കും എന്ന് സംവിധായകൻ കാണിച്ചു തരുന്നു.

പതിനേഴാം നൂറ്റാണ്ടിലെ കൊടുമൺ ഇല്ലത്തിൻ്റെ കഥ പ്രേക്ഷകൻ്റെ മനസ്സിലേക്ക് മികച്ച ചിത്രകാരനെന്ന പോലെ രാഹുൽ സദാശിവൻ വരച്ചിടുന്നത് മൂന്ന് അഭിനേതാക്കളുടെ പക്വമായ അഭിനയത്തിലൂടെയാണ്. വളർന്നു പന്തലിച്ച പുല്ലുകൾ കൊണ്ട് മൂടിയ പൊളിഞ്ഞ തറവാട്, ഭിത്തീകളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട് വേരുകൾ ചിത്രം വരച്ച തറവാട്, എല്ലാ മുറികളും ഒന്നെന്ന് തോന്നുന്ന തരത്തിലുള്ള ഒരുപാട് മുറികൾ ഉള്ള തറവാട്.ഇത്തരത്തിൽ മനസ്സിൻ്റെ നിഗൂഢ അറകളെ ദ്യോതിപ്പിക്കുന്ന കൊടുമൺ പോറ്റിയുടെ ഇല്ലം മറ്റൊരു കഥാപാത്രമായി പ്രേക്ഷകന് മുന്നിൽ അനുഭവവേദ്യമാക്കാൻ സംവിധായകൻ്റെ മികച്ച അവതരണരീതികൊണ്ട് സാധിച്ചിരിക്കുന്നു. പാചകക്കാരനും പാണനും പോറ്റിയും കുട്ടിച്ചാത്തനും പോറ്റിയുടെ ഇല്ലവും ചാത്തൻ പ്രാപിക്കുന്ന യക്ഷിയും പ്രേക്ഷകനിൽ ഭയത്തിൻ്റെ ഉന്മാദത്തെ വാറ്റിയെടുക്കുന്നു. മനുഷ്യ മനസ്സിൻ്റെ നിഗൂഢസ്ഥലികൾ ദ്യോതിപ്പിക്കുന്ന ഇല്ലം അതിൻ്റെരൂപം കൊണ്ട് സാധൂകരണം നടത്തുമ്പോൾ, അടുക്കള എല്ലാത്തരം അറപ്പും നിറച്ചുകൊണ്ട് പ്രാകൃതമായ ഭക്ഷണ രീതിയുടെ ഭയാനകമായ കലവറയായി നിറഞ്ഞു നിൽക്കുന്നു. ഓരോ മനുഷ്യന്റെയും മനസ്സിൻ്റെ ആഴങ്ങളിൽ അവൻ ചങ്ങലയിട്ട് പൂട്ടിയിരിക്കുന്ന അധികാരത്തിൻ്റെ ഉന്മാദി ഉണ്ടെന്ന ബോധ്യം സിനിമ നമുക്ക് തരുന്നു.

രാഹുൽ സദാശിവൻ

വർത്തമാനകാലത്തിലെ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ നേർക്കാഴ്ചയും സീനിമയിലൂടെ വായിച്ചെടുക്കാൻ സാധിക്കുന്നത് വാഗ്വിലാസം കൊണ്ടല്ലെന്നത് ശ്രദ്ധേയം. അളന്നു തൂക്കിയ സംഭാഷണങ്ങളിലൂടെ സിനിമ അതിൻ്റെ ദൃശ്യ ഭാഷയെ മൂർച്ചപ്പെടുത്തിക്കൊണ്ട് മുന്നേറുമ്പോൾ പ്രേതകഥയുടെ മറ്റൊരു സുന്ദര പുഷ്പം വിരിയുന്നത് നാം അറിയുന്നു.

മലയാളം കണ്ട് ശീലിച്ച വാർപ്പ് സിനിമകളിൽ നിന്നും മാറി നടന്ന്‌, പേടിപ്പെടുത്തുന്ന നാടോടിക്കഥയെ മൂന്ന് കഥാപാത്രങ്ങളിൽ ഒതുക്കി നിർത്തിക്കൊണ്ട്, മാനസിക സഞ്ചാരങ്ങളുടെ ഇടനാഴികൾ,നിഗൂഢതയുടെ ഭംഗി, ഭയത്തിൻ്റെ കയറ്റിറക്കങ്ങൾ എന്നിവയെ ഏക വർണ്ണത്തിൻ്റെ മാസ്മരികതയിൽ വരച്ചെടുക്കുന്ന ആഴമുള്ള ചിത്രമാണ് ഭ്രമയുഗം.

നവരസങ്ങളുടെ ചായക്കൂട്ടുകൾ ചേർത്ത് തന്നിലെ നടന്റെ വിശ്വരൂപത്തെ പ്രത്യക്ഷപ്പെടുത്തുന്ന മാന്ത്രികനായി മമ്മൂട്ടി മാറുന്നത് അവാച്യമായ കാഴ്ചയാണ്.

“ഭ്രമയുഗം” പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ പ്രേക്ഷകന് മുന്നിൽ പുതിയ കാഴ്ചയുടെ വാതായനങ്ങൾ തുറന്നിടുന്നു.

പ്രശാന്ത് ഹരിഹരൻ

കവർ : ജ്യോതിസ് പരവൂർ

Images : Google Images

Comments
Print Friendly, PDF & Email

You may also like