പൂമുഖം CINEMAഓർമ്മ തണുപ്പിന്റെ മണം

തണുപ്പിന്റെ മണം

എന്റെ കുട്ടിക്കാലത്തു അച്ഛനമ്മമാരുടെ കൂടെ ഊട്ടിയിൽ പോയപ്പോഴാണ് ഞാൻ ആദ്യമായി തണുപ്പിന്റെ മണം അറിഞ്ഞത്. നീലഗിരി കുന്നുകൾ കയറുമ്പോൾ കാറ്റിൽ അലയടിച്ചെത്തിയ യുകാലിപ്റ്റസിന്റെയും പൈനിന്റെയും ഗന്ധം തണുപ്പിന്റെ ഗന്ധമാണെന്ന് ഞാൻ കരുതി. പിന്നെ ഊട്ടിയിൽ എത്തിയപ്പോൾ വഴിയരികിലെ കടകളിൽ നിന്ന് നിലക്കടല വറുക്കുന്നതിന്റെയും, ചോളം ചുടുന്നതിന്റെയും, വട, ബജ്ജി മുതലായ ഭക്ഷണസാധനങ്ങളുടെയും വാസന മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു, “അച്ഛാ, നാട്ടിലൊന്നും ഭക്ഷണത്തിന്റെ വാസന ഇങ്ങനെ മൂക്കിൽ കയറാറില്ലല്ലോ, ഇവിടെ എന്താണിത്ര പ്രത്യേകത?”
അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു “മോളെ, കുന്നിൻമുകളിൽ വായുവിന് സാന്ദ്രത കൂടുതലാണ്, അതാണ് നമുക്ക് വാസന രൂക്ഷമായി തോന്നുന്നത് “. ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പിറ്റേ ദിവസം രാവിലെ അച്ഛന്റെ കൂടെ വഴിയോരങ്ങളിലൂടെ നടന്നപ്പോൾ ഉണങ്ങിയ യുക്കാലിപ്റ്റസ് ഇലകൾ കത്തിക്കുന്നതിന്റെയും, തേയിലചെടികളുടെയും, എസ്റ്റേറ്റ് പണിക്കാരുടെ വീടുകളിൽ ഭക്ഷണം ഉണ്ടാക്കുന്നതിന്റെയും, റോഡിലൂടെ പോകുന്ന വണ്ടികളിൽ നിന്ന് വരുന്ന പുകയുടെയും എല്ലാം കൂടിക്കലർന്ന ഒരു മണം വന്നു, അതു എനിക്ക് തീരെ ഇഷ്ടമായില്ല. പിന്നെ അച്ഛൻ എന്നെ കാട്ടിനുള്ളിലേക്ക് നടക്കാൻ കൊണ്ടു പോയി. രാത്രി പെയ്ത മഞ്ഞിൽ തണുത്തുവിറച്ചു നിൽക്കുന്ന മരങ്ങളും കുറ്റിച്ചെടികളും എന്നോട് പരാതി പറഞ്ഞു, ” ഞങ്ങൾക്കിടാൻ രോമക്കുപ്പായങ്ങളില്ല, വേരോളം തണുക്കുന്നു” ആ മരങ്ങളിൽ നിന്ന് ഒരു പ്രത്യേക ഗന്ധം വമിച്ചിരുന്നു, തണുപ്പിന്റെ മണം. ആ മണം എന്നെ ഒന്നടങ്കം വന്നു മൂടി, അന്ന് മുതൽ ഞാൻ തണുപ്പിനെ സ്നേഹിച്ചു തുടങ്ങി. നാട്ടിൽ ഒരിക്കലും ഇങ്ങനെ ഒരു മണം ഞാൻ അനുഭവിച്ചിട്ടില്ല. മഴക്കാലത്തെ മണം ഇതല്ല, അതു മണ്ണിന്റെയും, ഭൂമിക്ക് അടിയിലുള്ള പരസഹസ്രം ജീവജാലങ്ങളുടെയും മണമാണ്. ആ അളിഞ്ഞ മണം എനിക്ക് ഇഷ്ടമല്ല.

അതിനുശേഷം ഞാൻ തണുപ്പിന്റെ മണം അറിഞ്ഞത് വിവാഹശേഷം ഉത്തരേന്ത്യയിൽ എത്തിയപ്പോഴാണ്. അവിടത്തെ ചൂട് അസഹനീയമായി തോന്നിയ എനിക്ക് മഞ്ഞുകാലം വളരെയധികം ആനന്ദപ്രദമായിരുന്നു.കനലിൽ മൊരിയുന്ന ചോളറോട്ടിയുടെയും, കടുകെണ്ണയുടെയും, പുതുപുത്തൻ ആയ പച്ചക്കറികളുടെയും, ഇലക്കറികളുടെയും, പഴവർഗങ്ങളുടെയും മണം. മഞ്ഞുകാലത്തു മാത്രം വിരിയുന്ന പൂക്കളുടെ മണം, അതിൽ നിന്ന് വേറിട്ട്, മഞ്ഞുതുള്ളികളുടെ മണം, വിടരാൻ മടിക്കുന്ന പൂമൊട്ടിന്റെ മണം, മനുഷ്യരുടെയും, പക്ഷിമൃഗാദികളുടെയും ചുടുനിശ്വാസത്തിന്റെ മണം. അതായിരുന്നു അവിടുത്തെ തണുപ്പിന്റെ മണം.

പിന്നീട് കശ്മീരിൽ എത്തിയപ്പോഴാണ് ഞാൻ ശരിക്കുള്ള തണുപ്പ് എന്താണെന്ന് അറിഞ്ഞത്. ശ്രീനഗറിലെ മിലിറ്ററി ക്യാമ്പിലേക്ക് ഡിസംബർ മാസത്തിൽ കൊണ്ടുപോകണമെന്ന് വാശി പിടിച്ചപ്പോൾ ഭർത്താവ് പറഞ്ഞു “അവിടത്തെ തണുപ്പ് നിനക്ക് താങ്ങാൻ പറ്റില്ല. മാർച്ച്‌ മാസത്തിൽ പോവാം.” അങ്ങനെ സ്കൂൾ അവധിക്കാലത്തു ശ്രീനഗറിൽ എത്തിയ ഞാൻ, രാവിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾതന്നെ കിടുകിടാ വിറക്കാൻ തുടങ്ങി. ചൂളം അടിച്ചെത്തുന്ന ശീതകാറ്റ്, എല്ല് തുളച്ചു കയറുന്ന തണുപ്പ്. ചില ദിവസങ്ങളിൽ അവിചാരിതമായി പെയ്യുന്ന മഴ, പിന്നത്തെ കഥ പറയണ്ട, ചൂട് ചായയും സൂപ്പും കുടിച്ചു പുതപ്പിനുള്ളിൽ തന്നെ ഇരിക്കാം. വെറുങ്ങലിക്കുന്ന ഈ കാലാവസ്ഥയിലും അതിരാവിലെ എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോവുന്ന പട്ടാളക്കാരെ ഞാൻ മനസാ നമിച്ചു. വെയിൽ ഉദിച്ചാൽ പിന്നെ നല്ല സുഖമാണ്, വീടിന്റെ വരാന്തയിൽ നിന്ന് നോക്കിയാൽ ദൂരെ മഞ്ഞുമൂടി കിടക്കുന്ന ഹിമവാനെ കാണാം. ഉച്ചവെയിലിൽ മഞ്ഞു ഉരുകുമ്പോൾ ആ തലയെടുപ്പ് കാണേണ്ട കാഴ്ചയാണ്. രാവിലെ കുട്ടികൾ എണിക്കുന്നതിനു മുമ്പു ഞാൻ നടക്കാൻ ഇറങ്ങും. മഞ്ഞിൽ കുതിർന്നു നിൽക്കുന്ന മരങ്ങളും, ചെടികളും സൂര്യ ദേവനെ കാത്തിരിക്കും , ഉടലിൽ ഒട്ടിയ തൂവലുകൾ കോതി മിനുക്കി പക്ഷികൾ പതുക്കെ കൂട്ടിൽ നിന്ന് പുറത്തേക്ക് തലനീട്ടും. പ്രഭാതസുര്യന്റെ രശ്മികൾ ഏൽക്കുമ്പോൾ മഞ്ഞുതുള്ളികളിൽ മഴവില്ലിന്റെ ഏഴ് നിറങ്ങളും തെളിഞ്ഞു കാണാം. അപ്പോൾ മണ്ണിൽ നിന്ന് ഒരു പ്രത്യേക മണം ഉയരും. ജീവന്റെ മണം, അതു നമ്മുടെ ആത്മാവിന്റെ ആഴങ്ങളിൽ സ്പർശിക്കും.

വിവാഹശേഷം കേരളം വിട്ട ഞാൻ, ഒരു ഡിസംബർ മാസത്തിൽ നാട്ടിൽ വന്നപ്പോഴാണ് എന്റെ അച്ഛന്റെ മരണം. ആ കൊല്ലം മുൻപെങ്ങും ഇല്ലാത്ത വിധം ഒരു വല്ലാത്ത തണുപ്പ് ഉണ്ടായിരുന്നു. രാത്രി അത്താഴത്തിനുശേഷം നടക്കാറുള്ള അച്ഛൻ, നല്ല കുളിരുണ്ടെന്ന് പറഞ്ഞു മഫ്‌ളർ തലയിൽ ചുറ്റിയപ്പോൾ ഞാൻ കളിയാക്കി “ഇതൊക്കെ ഒരു തണുപ്പാണോ അച്ഛാ, ശ്രീനഗറിൽ പോയി നോക്കണം, ശരിക്കും തണുപ്പ് എന്താണെന്ന് അറിയാം “
അപ്പോൾ അച്ഛൻ പറഞ്ഞു ” ഒരു പ്രായം കഴിഞ്ഞാൽ തണുപ്പ്, വേദന ഇതൊന്നും സഹിക്കാൻ പറ്റില്ല “
പിറ്റേ ദിവസം രാത്രി എന്തോ ഒരു മണം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതായി എനിക്ക് തോന്നി, എന്താണെന്ന് മനസ്സിലായില്ല. അന്ന് രാത്രി അച്ഛൻ മരിച്ചു.നാലഞ്ചു കൊല്ലം കഴിഞ്ഞ് അച്ഛന്റെ അനിയനും ഒരു ഡിസംബർ മാസം ഈ ലോകം വിട്ടു പോയി.അന്ന് ഞാൻ നാട്ടിൽ ഇല്ല. പിന്നീട് അമ്മ പറഞ്ഞു, ആ കൊല്ലവും തണുപ്പ് കൂടുതലായിരുന്നു എന്ന്.

കുട്ടികൾ മുതിർന്നപ്പോൾ എന്റെ നാട്ടിലേക്കുള്ള വരവ് വല്ലപ്പോഴുമായി ചുരുങ്ങി. നാട്ടുവർത്തമാനങ്ങളും, ബന്ധുക്കളുടെയും പരിചയക്കാരുടെയും മരണവിവരങ്ങളും അമ്മ പറഞ്ഞാണ് അറിയാറ്. പ്രായമായ ആരെങ്കിലും മരിച്ച വിവരം പറയുമ്പോൾ അമ്മ എപ്പോഴും സൂചിപ്പിക്കാറുള്ള ഒരു കാര്യമുണ്ട്, “അവസാനസമയത്തു വല്ലാതെ തണുക്കുന്നു എന്ന് പറഞ്ഞു “. പൊരിഞ്ഞ ചൂടുള്ള ഒരു മെയ്മാസത്തിലാണ് എന്റെ അമ്മമ്മ മരിച്ചത്. ഞങ്ങളൊക്കെ ചൂട് സഹിക്കാൻവയ്യാതെ ഫാനിന്റെ ചോട്ടിൽനിന്ന് മാറാതിരുന്നപ്പോൾ, കാലിലുടെ തണുപ്പ് അരിച്ചു കയറുന്നു എന്ന് പറഞ്ഞു കരിമ്പടം പുതച്ചാണ് അമ്മമ്മ കിടന്നത്. കഴിഞ്ഞ ജനുവരിൽ എന്റെ ഭർത്താവിന്റെ അമ്മ മരിച്ചു. ജീവിതകാലം മുഴുവൻ ഡൽഹിയിലെ തണുപ്പിൽ ഒരു പരാതിയും കൂടാതെ കഴിഞ്ഞ അമ്മ, മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പു വല്ലാതെ തണുക്കുന്നു എന്ന് അടിക്കടി പറഞ്ഞിരുന്നു. ഒരിക്കലും കാലിൽ സോക്സ് ഇടാത്ത അമ്മ ആദ്യമായി ആക്കൊല്ലം സോക്‌സും ഗ്ലോവ്സും ഒക്കെ ധരിച്ചു. Roomheater കൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്നും, ദേഹമാകെ വെറുങ്ങലിക്കുന്നു എന്നും പരാതിപ്പെട്ടു. അങ്ങനെ തണുത്തുവിറച്ചു അമ്മ മരണത്തിനു കീഴടങ്ങി. അമ്മയുടെ മുറിയിൽ അന്ന് മരുന്നിന്റെയും എണ്ണയുടെയും മണത്തിന് മീതെ വേറേ ഒരു മണംതങ്ങിനിന്നിരുന്നു,മോഹിപ്പിക്കുന്ന,മധുരമുള്ള എന്നാൽ അതെ സമയം മടുപ്പിക്കുന്ന ഒരു മണം.തണുപ്പിന്റെ മൂടുപടമണിഞ്ഞ മരണത്തിന്റെ മണം.
ഇപ്പോൾ എനിക്ക് തണുപ്പ് ഇഷ്ടമല്ല.

വര : വർഷാ മേനോൻ

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like